"ഞങ്ങളുടെ ദ്വീപ് ഒരു വലിയ പവിഴപ്പുറ്റിലാണ് നിലകൊള്ളുന്നത് എന്നാണ് കുട്ടിക്കാലത്ത് എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്. പവിഴം മുഴുവൻ അടിയിലാണ്, അവയാണ് ഈ ദ്വീപിനെ താങ്ങി നിർത്തുന്നത്. ചുറ്റുമുള്ള കായലാണ് ഞങ്ങളെ സമുദ്രത്തിൽ നിന്നും സംരക്ഷിക്കുന്നത്," ബിത്ര ദ്വീപിൽ വസിക്കുന്ന അറുപതുകാരനായ മത്സ്യത്തൊഴിലാളി ബി. ഹൈദർ പറഞ്ഞു.
"എന്‍റെ ചെറുപ്പത്തിൽ, വേലിയേറ്റം കുറഞ്ഞിരിക്കുന്ന സമയത്തു ഞങ്ങൾക്ക് പവിഴപുറ്റുകൾ കാണാമായിരുന്നു," ബിത്രയിലെ മറ്റൊരു അറുപതുകാരനായ മത്സ്യബന്ധന തൊഴിലാളി അബ്ദുൽ ഖാദർ പറഞ്ഞു. "വളരെ മനോഹരമായിരുന്നു അവ. ഇപ്പോൾ അവ ഏതാണ്ട് നാമാവശേഷമായിരിക്കുന്നു. എന്നാൽ വമ്പൻ തിരമാലകളെ ചെറുക്കാൻ ഞങ്ങൾക്ക് ആ പവിഴങ്ങൾ ആവശ്യമുണ്ട്."
ലക്ഷദ്വീപ് ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്ന ദ്വീപുകളിലെ കഥകൾ, ചിന്തകൾ, ജീവിതങ്ങൾ, ഉപജീവനം, ആവാസവ്യവസ്ഥ ഇവയെല്ലാം ഈ പവിഴങ്ങളിൽ കേന്ദ്രീകൃതമാണ്. അവയാണ് ഇപ്പോൾ പതുക്കെ നശിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്‍റെ ഒപ്പം മറ്റു പല വ്യതിയാനങ്ങളും കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
"കാര്യം ലളിതമാണ്. പ്രകൃതിയിൽ മാറ്റം വന്നിരിക്കുന്നു," കെ. കെ. മുനിയാമിൻ വിശദീകരിച്ചു. അഗത്തി ദ്വീപ് നിവാസിയായ 61 വയസ്സുള്ള അദ്ദേഹം തനിക്കു 22 വയസ്സുള്ളപ്പോൾ മീൻപിടുത്തം തുടങ്ങിയതാണ്. "അക്കാലത്തു കാലവർഷം കൃത്യസമയത്ത് എത്തുമായിരുന്നു [ജൂണിൽ]. എന്നാൽ ഇന്ന് അത് എപ്പോ വരുമെന്ന് നമുക്കു പറയാൻ പറ്റുകയില്ല. ഇപ്പോൾ മീനുകളും കുറവാണ്. പണ്ട് മീൻപിടിക്കാൻ ഇത്രയും ദൂരെ യാത്ര ചെയ്യേണ്ടി വരാറില്ല. ചാകരയെല്ലാം അടുത്തുതന്നെ ഉണ്ടായിരുന്നു. ഇപ്പോൾ ആളുകൾ മീനുകളെ തിരഞ്ഞ് ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകളോളം കടലിൽ പോകുകയാണ്."
അഗത്തിയും ബിത്രയും തമ്മിൽ ഏഴുമണിക്കൂർ ബോട്ടിൽ യാത്ര ചെയ്യാനുള്ള അകലമുണ്ട്. കേരളത്തിന്‍റെ തീരത്തുനിന്ന് അകലെ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ വളരെ പ്രഗത്ഭരായ ചില മീൻപിടുത്തക്കാർ ഈ രണ്ടു ദ്വീപുകളിലാണ് വസിക്കുന്നത്. മലയാളത്തിലും സംസ്‌കൃതത്തിലും 'ലക്ഷദ്വീപ്' എന്ന പേരിന്‍റെ അർഥം നൂറായിരം ദ്വീപുകൾ എന്നാണ്. വാസ്തവത്തിൽ 32 കിലോമീറ്ററിൽ ഒരുമിച്ചു ഉൾകൊള്ളാവുന്ന വെറും 36 ദ്വീപുകളെ ഇന്നുള്ളു. സമുദ്രജീവജാലങ്ങളാലും വിഭവങ്ങളാലും സമ്പന്നമായ ഈ ദ്വീപസമൂഹത്തിലെ ജലസമ്പത്ത് 400,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നു.
ഒരു ജില്ല മാത്രമുള്ള ഈ കേന്ദ്രഭരണപ്രദേശത്ത് ഏഴുപേരിൽ ഒരാൾ മത്സ്യബന്ധന തൊഴിലാളിയാണ് . 2011-ലെ സെൻസസ്സ് പ്രകാരം വെറും 64,500 ജനസംഖ്യയിൽ 9,000 പേർ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു.
ദ്വീപുകളിലെ മുതിർന്നവർ പറയുന്നത് ഒരു കാലത്തു കാലവർഷത്തിന്‍റെ വരവിനനുസരിച്ച് അവർക്കു കാര്യങ്ങൾ തീരുമാനിക്കാമായിരുന്നു. എന്നാൽ "ഇപ്പോൾ കടൽ എപ്പോൾ വേണമെങ്കിലും അശാന്തമാകാം - പണ്ട് അങ്ങനെയായിരുന്നില്ല," നാലു ദശകങ്ങളായി ഇവിടെ മീൻപിടുത്തം ചെയ്തു പരിചയമുള്ള എഴുപതുവയസ്സുകാരനായ യു. പി. കോയ പറഞ്ഞു. "ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു മിനിക്കോയ് ദ്വീപിൽ [ഏകദേശം 300 കിലോമീറ്റർ അകലെ] നിന്നും ചിലർ വന്നു ഞങ്ങളെ ചൂണ്ടയിട്ട് മീൻപിടിക്കാൻ പഠിപ്പിച്ചത്. അന്ന് മുതൽ ലക്ഷദ്വീപിൽ ഞങ്ങൾ ആ രീതിയിലെ മീൻ പിടിക്കാറുള്ളു - ഞങ്ങൾ വലകൾ ഉപയോഗിക്കാറില്ല എന്തെന്നാൽ അവ പവിഴപ്പുറ്റുകളിൽ കൊളുത്തിപ്പിടിച്ച് അതു പൊട്ടിക്കും. പക്ഷികളുടെയും വടക്കുനോക്കിയന്ത്രങ്ങളുടെയും സഹായത്താൽ ഞങ്ങൾക്ക് മീനുകളെ കണ്ടെത്താൻ കഴിയും."
ചൂണ്ടയിടുമ്പോൾ മീൻപിടുത്തക്കാർ അവരുടെ ബോട്ടുകളുടെ അഴികൾക്കരികിലോ അല്ലെങ്കിൽ പ്രത്യേക തട്ടുകളിലോ നിലയുറപ്പിക്കും. അറ്റത്തു ശക്തമായ ഒരു കൊളുത്തു ഘടിപ്പിച്ച ബലമുള്ളതും നീളംകുറഞ്ഞതുമായ ഒരു ചരട് ഒരു വടിയിൽ പിടിപ്പിക്കും. ഇത്തരം വടികൾ മിക്കവാറും ഫൈബർഗ്ലാസ്സിനാൽ നിർമ്മിതമായിരിക്കും. മീൻപിടുത്തത്തിന്‍റെ കൂടുതൽ സ്ഥായിയായ ഒരു മാർഗ്ഗമാണ് ഇത്. കടലിന്‍റെ ഉപരിതലങ്ങളിൽ ജീവിക്കുന്ന ചൂരയിനത്തിൽ പെടുന്ന മത്സ്യകൂട്ടങ്ങളെ പിടിക്കാനാണ് ഈ മാർഗ്ഗം ഉപയോഗിക്കുന്നത്. അഗത്തിയിലും ലക്ഷദ്വീപിലെ മറ്റു ദ്വീപുകളിലും നാളികേരവും മീനും - അത് മിക്കവാറും ചൂര - ഭക്ഷണത്തിൽ പ്രധാനമാണ്.
ഈ ദ്വീപസമൂഹത്തിലെ ജനവാസമുള്ള 12 ദ്വീപുകളിൽ ഏറ്റവും ചെറുതും ഒറ്റപെട്ടതുമായ ദ്വീപാണ് ബിത്ര. ഈ ദ്വീപിന്‍റെ വിസ്‌തൃതി വെറും 0.105 ചതുരശ്ര കിലോമീറ്റർ അല്ലെങ്കിൽ പത്തു ഹെക്ടർ മാത്രമാണ്. ബിത്ര ദ്വീപിൽ നനുത്ത വെള്ളമണൽ കടൽത്തീരങ്ങളും തെങ്ങുകളുമുണ്ട്. ആകാശനീല, ഹരിതനീല, സമുദ്രനീല, കടൽപച്ച എന്നിങ്ങനെ നാലു നിറഭേദങ്ങളിലുള്ള ജലത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു ബിത്ര. ഇവിടെ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല. കാൽനട മാത്രമാണ് ദ്വീപിൽ ആകെയുള്ള സഞ്ചാരമാർഗ്ഗം. കാറുകളോ മോട്ടോർബൈക്കുകളോ ഇല്ല. സൈക്കിളുകൾ തന്നെ വിരളമാണ്. 2011-ലെ സെൻസസ് പ്രകാരം ബിത്രയിൽ ആകെ 271 നിവാസികളേയൂള്ളൂ.
എന്നിരുന്നാലും, ഈ കേന്ദ്രഭരണ പ്രദേശത്തെ ഏറ്റവും വലിയ കായൽ ബിത്രയിലാണ്. അതിന്‍റെ വിസ്തൃതി ഏകദേശം 47 ചതുരശ്ര കിലോമീറ്റർ ആണ്. മാത്രമല്ല ബിത്രയും ലക്ഷദ്വീപിലെ ബാക്കിയുള്ള ദ്വീപുകളുമാണ് ഇന്ത്യയിൽ ആകെയുള്ള പവിഴദ്വീപുകൾ. ഇവിടെ ജനവാസമുള്ള പ്രദേശം മിക്കവാറും പവിഴദ്വീപുകളാണ്. ഇവിടുത്തെ മണ്ണ് പവിഴങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതാണ്.
പുറ്റുകളുണ്ടാക്കുന്ന ജീവജാലങ്ങളാണ് പവിഴങ്ങൾ. അവ സമുദ്രത്തിലെ മറ്റു ജീവജാലങ്ങൾക്കു, പ്രത്യേകിച്ചു മത്സ്യങ്ങൾക്ക്, വളരാനുള്ള ആവാസവ്യവസ്ഥ ഒരുക്കുന്നു. പവിഴങ്ങളുടെ തിട്ടുകൾ കടൽ പെരുക്കത്തിനെതിരെ ഒരു സ്വാഭാവിക പ്രതിരോധം തീർക്കുകയും ഇവിടെ വിരളമായ ശുദ്ധജല ശ്രോതസ്സുകളിൽ ഉപ്പുവെള്ളം കയറുന്നത് തടയുകയും ചെയ്യുന്നു.
തരംതിരിവ് ഇല്ലാതെയുള്ള മീൻപിടുത്തം, പ്രത്യേകിച്ചും വലിയ യന്ത്രവൽകൃത യാനങ്ങൾ അടിത്തട്ടിൽ വലയിട്ടു മീൻപിടിക്കുന്നത്, ചെറിയ ഇരമത്സ്യങ്ങളെ ഇല്ലാതാക്കുകയും പവിഴപ്പുറ്റുകളെയും അവയോടനുബന്ധിച്ച ജൈവവൈവിധ്യത്തെയും നശിപ്പിക്കുകയുമാണ്
ചൂര മത്സ്യങ്ങളെ ആകർഷിക്കുന്ന ചെറിയ ഇരമത്സ്യങ്ങൾക്കും മറ്റനേകം കായൽമത്സ്യങ്ങൾക്കും പുറ്റുകൾ വീടൊരുക്കുന്നു. യുഎൻഡിപിയുടെ 2012 ലക്ഷദ്വീപ് കാലാവസ്ഥാവ്യതിയാന കർമ്മപദ്ധതി പ്രകാരം ഇന്ത്യയിൽ പിടിക്കുന്ന മീനുകളുടെ 25 ശതമാനം ഈ സമ്പന്നമായ കടലും പുറ്റുകളും നൽകുന്നവയാണ്. മാത്രമല്ല ഇരമത്സ്യ സമൂഹങ്ങൾ ചൂര കേന്ദ്രികരിച്ചുള്ള മത്സ്യബന്ധനത്തിൽ മുഖ്യമാണ്.
"ഇരമത്സ്യങ്ങൾ മുട്ടയിടൽ പൂർത്തിയാക്കിയതിനു ശേഷമേ ഞങ്ങൾ അവയെ പിടിക്കാറുള്ളു.എന്നാൽ ഇപ്പോൾ ആൾക്കാർ തോന്നുമ്പോഴൊക്കെ അവയെ പിടിക്കുന്നു," 53 വയസുള്ള അബ്ദുൽ റഹ്മാൻ പറഞ്ഞു. മുപ്പതു വർഷങ്ങളായി അദ്ദേഹം ബിത്രയിൽ നിന്ന് 122 കിലോമീറ്റർ അകലെയുള്ള ജില്ലാ ആസ്ഥാനമായ കവരത്തിയിൽ മീൻപിടുത്തക്കാരനാണ്. "യാനങ്ങളുടെ എണ്ണം വർധിച്ചിരിക്കുന്നു, എന്നാൽ പിടിക്കുന്ന മത്സ്യങ്ങൾ കുറഞ്ഞു." തരംതിരിവ് ഇല്ലാതെയുള്ള മീൻപിടുത്തം, പ്രത്യേകിച്ചും വലിയ യന്ത്രവൽകൃത യാനങ്ങൾ അടിത്തട്ടിൽ വലയിട്ടു മീൻപിടിക്കുന്നത്, ചെറിയ ഇരമത്സ്യങ്ങളെ ഇല്ലാതാക്കുകയും പവിഴപ്പുറ്റുകളെയും അവയോടനുബന്ധിച്ച ജൈവവൈവിധ്യത്തെയും നശിപ്പിക്കുകയുമാണ്.
അത് പ്രശ്നത്തിന്‍റെ ഒരു ഭാഗം മാത്രമാണ്.
എൽ നിനോ പോലെയുള്ള തീവ്ര കാലാവസ്ഥാപ്രതിഭാസങ്ങൾ കടൽപ്പരപ്പിലെ ചൂട് വർദ്ധിപ്പിക്കുകയാണ്. ഇത് വലിയതോതിൽ പവിഴങ്ങളുടെ നിറവും ജീവനും നഷ്ടമാകുന്ന 'കോറൽ ബ്ലീച്ചിങ്' എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. തദ്ഫലമായി ദ്വീപുകളെ സംരക്ഷിക്കുന്നതിനുള്ള പവിഴങ്ങളുടെ കഴിവ് കുറയുന്നു. 1998, 2010, 2016 എന്നീ മൂന്ന് വർഷങ്ങളിൽ ലക്ഷദ്വീപ് വമ്പിച്ച കോറൽ ബ്ലീച്ചിങ് സംഭവങ്ങൾക്കു സാക്ഷിയായി. വന്യജീവി സംരക്ഷണം, ഗവേഷണം എന്ന മേഖലകളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മൈസൂരിലെ നേച്ചർ കൺസേർവഷൻ ഫൗണ്ടേഷൻ (എൻസിഎഫ് ) എന്ന സംഘടനയുടെ 2018-ലെ പഠനം കാണിക്കുന്നത് പവിഴപുറ്റുകൾ അപകടത്തിലാണെന്നാണ്. ലക്ഷദ്വീപ് ദ്വീപുകളിലെ പവിഴപുറ്റുകളുടെ പരിപൂർണമായ ആവരണം വെറും ഇരുപതു വർഷങ്ങൾക്കിടയിൽ കുത്തനെ ഇടിഞ്ഞു എന്നാണ് ആ പഠനം കണ്ടെത്തിയത് - 1998-ൽ 51.6 ശതമാനത്തിൽ നിന്ന് 2017-ൽ 11.0 ശതമാനമായി.
"നാലോ അഞ്ചോ വയസുള്ളപ്പോൾ മുതൽ ഞങ്ങൾക്ക് പവിഴം തിരിച്ചറിയാം. കടലിൽ ഇറങ്ങുന്നതിനുമുമ്പ് തന്നെ ഞങ്ങൾ അവ കടൽത്തീരത്ത് അടിയുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളുടെ വീടുകൾ പണിയാൻ അവ ഉപയോഗിച്ചിട്ടുണ്ട്," ബിത്രയിലെ മീൻപിടുത്തകാരനായ 37 വയസുള്ള അബ്ദുൽ കോയ പറഞ്ഞു.
"കടല്പരപ്പിലെ ഉയർന്ന ചൂടും പവിഴപ്പുറ്റുകളും തമ്മിൽ പരസ്പരബന്ധമുണ്ട്," കവരത്തിയിലെ ഡിപ്പാർട്മെന്‍റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. കെ. കെ. ഇദ്രീസ് ബാബു പവിഴം കുറഞ്ഞുവരുന്നതിനെ വിശദീകരിച്ച് പറഞ്ഞു. "2016-ൽ 31 ഡിഗ്രി സെൽഷ്യസിലധികം സമുദ്രതാപം രേഖപ്പെടുത്തി!" 2005-ൽ പവിഴപ്പുറ്റുകളുള്ള ഭാഗങ്ങളിൽ 28.92 സി താപം ഉണ്ടായിയെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. 1985-ൽ അത് 28.5 സി ആയിരുന്നു. കടൽനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം ഒന്നോ രണ്ടോ മീറ്റർ മാത്രമുള്ള ദ്വീപുകളിൽ കടലിന്‍റെ ചൂടുകൂടുന്നതും ജലനിരപ്പ് ഉയരുന്നതും ഉത്‌കണ്‌ഠയുണ്ടാക്കുന്നു.
കവരത്തിയിലെ ഏറ്റവും വലിയ യാനം 53 അടി നീളമുള്ളതാണ്. അതിന്‍റെ ഉടമയായ കെ. നിജാമുദ്ദീനും കാലാവസ്ഥയിലെ ഈ മാറ്റങ്ങൾ അറിയുന്നുണ്ട്. പരമ്പരാഗത അറിവിന്‍റെ നഷ്ടം ഈ പ്രശ്നങ്ങളെ വഷളാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "മീൻപിടുത്തക്കാരനായ എന്‍റെ അച്ഛനു മീനുകൾ എവിടെക്കാണുമെന്നു നിശ്ചയമുണ്ടായിരുന്നു. അവരുടെ തലമുറക്ക് ആ അറിവുണ്ടായിരുന്നു. അത് നഷ്ടമായ ഞങ്ങൾ മിക്കപ്പോഴും മീനുകളെ സമാഹരിക്കുന്ന ഉപകരണങ്ങളെ (എഫ്. എ. ഡി. - ഫിഷ് അഗ്ഗ്രിഗേറ്റിംഗ് ഡിവൈസെസ്) ആശ്രയിക്കുന്നു. ചൂര മീനുകളെ കിട്ടാത്തപ്പോൾ ഞങ്ങൾ കായൽ മത്സ്യങ്ങൾക്കുപുറകേ പോകും," നിജാമുദ്ദീൻ പറഞ്ഞു. സാങ്കേതികത നിറഞ്ഞ പേരുകളുണ്ടെങ്കിലും ഈ ഉപകരണങ്ങൾ മിക്കവാറും മീനുകളെ കൂട്ടത്തോടെ ആകർഷിക്കുന്ന ഒരു ചങ്ങാടമോ പൊങ്ങുതടിയോ മാത്രമായിരിക്കും.
"തൽക്കാലം എന്‍റെ മുഖ്യ ആശങ്ക പുറ്റുകളിലെ ജൈവവൈവിധ്യത്തെ കുറിച്ചല്ല, മറിച്ച് അവയുടെ പ്രാവർത്തികമായ ലക്ഷ്യത്തെക്കുറിച്ചാണ്," ലക്ഷദ്വീപിൽ ഇരുപതുവർഷം പ്രവർത്തിച്ച മറൈൻ ബൈയോളോജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. റോഹൻ ആർതർ പറഞ്ഞു. "ഇവിടുത്തെ ജനങ്ങളുടെ നിലനിൽപ്പ് പുറ്റുകളെ ആശ്രയിച്ചിരിക്കുന്നു. ഈ ഭിത്തി അവർക്കു പവിഴം മാത്രമല്ല, അവരുടെ പൂർണമായ ആവാസവ്യവസ്ഥയാണ്. വെള്ളത്തിനടിയിലെ ഒരു വനമെന്നു കരുതാം - ഒരു വനത്തിൽ മരങ്ങൾ മാത്രമല്ല ഉള്ളത്."
"ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ മാറ്റങ്ങളെ ഉൾകൊള്ളുന്നതായി സൂചനകൾ നൽകുന്നുണ്ടെങ്കിലും അവയുടെ ഇപ്പോഴത്തെ വീണ്ടെടുപ്പിന്‍റെ തോത് കാലാവസ്ഥാവ്യതിയാനങ്ങളുടെ നിരക്കിന്‍റെ ഒപ്പമെത്തുന്നില്ല," മഹാസമുദ്രങ്ങളും തീരങ്ങളും ഉൾപ്പെടുന്ന എൻ. സി. എഫിന്‍റെ പദ്ധതിയുടെ തലവൻകൂടിയായ ഡോ. ആർതർ കവരത്തിയിൽ പറഞ്ഞു. "അമിതമായ മീൻപിടുത്തം പോലെയുള്ള മനുഷ്യപ്രവൃത്തികളാൽ ഉണ്ടാകുന്ന മറ്റു ഞെരുക്കങ്ങൾ കണക്കാക്കാതെയാണ് ഇത്."
കാലാവസ്ഥയോട് അനുബന്ധിച്ച സംഭവങ്ങൾക്കും പ്രക്രിയകൾക്കും ബ്ലീച്ചിങ് കൂടാതെ മറ്റു പ്രഭാവങ്ങളുണ്ട്. 2015-ലെ മേഘ് ചുഴലിക്കാറ്റും 2017-ലെ ഓഖി ചുഴലിക്കാറ്റും ലക്ഷദ്വീപിനെ അടിച്ചുതകർത്തു. മാത്രമല്ല ഫിഷറീസ് വിഭാഗം നൽകുന്ന വിവരങ്ങൾ പ്രകാരം മത്സ്യലഭ്യതയിൽ വൻ വ്യതിയാനങ്ങളുണ്ടായി. 2016-ൽ ചൂരയുടെ എല്ലാ വകഭേദങ്ങളും കൂടി 24,000 ടൺ മത്സ്യം ലഭിച്ചപ്പോൾ 2017-ൽ അത് 14,000 ടൺ എന്ന നിലയായി - 40 ശതമാനം കുറവ്. 2019-ൽ, അതിനു മുൻപിലത്തെ വർഷത്തിൽ 24,000 ടണ്ണിലധികം ഉണ്ടായിരുന്നത് 19500 ടണ്ണിൽ താഴെയായി. വളരെ മികച്ച വർഷങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷെ സമഗ്രമായ ഈ പ്രക്രിയ അസ്ഥിരവും പ്രവചനാതീതവുമായിരിക്കുന്നു എന്നാണ് മീൻപിടുത്തക്കാർ പറയുന്നത്.
കഴിഞ്ഞ പതിറ്റാണ്ടിൽ പവിഴപുറ്റുകളോട് ചേർന്ന് വസിക്കുന്ന മത്സ്യങ്ങൾക്കുള്ള ആവശ്യം ലോകത്തെമ്പാടും ഏറിവന്നതിനാൽ വലിയ ഇരപിടിയൻ മത്സ്യങ്ങളായ, നാടൻ ഭാഷയിൽ ചമ്മം എന്നറിയപ്പെടുന്ന, കലവയെ തേടുന്നത് മീൻപിടുത്തക്കാർ വർദ്ധിപ്പിച്ചിരിക്കുകയാണ്.
പതിനഞ്ചു വർഷങ്ങളായി ഒരു മീൻപിടുത്തക്കാരനും യാനനിർമ്മാതാവുമായ അഗത്തി ദ്വീപിലെ 39 വയസ്സുകാരനായ ഉമ്മർ എസ്. എന്തിനാണ് താൻ കലവ മത്സ്യങ്ങളെ പിടിക്കുന്നതെന്ന് വിശദീകരിച്ചു. "കായലിനരികെ ധാരാളം ചൂര മത്സ്യങ്ങൾ ഉണ്ടാകുമായിരുന്നു. എന്നാൽ ഇന്ന് അവയെ പിടിക്കണമെങ്കിൽ ഞങ്ങൾ 40-45 മൈൽ അകലെ പോകണം. മറ്റു ദ്വീപുകളിലേക്കു പോകേണ്ടി വന്നാൽ രണ്ടാഴ്ചയോളം എടുക്കും. അതിനാൽ ആ സമയത്തു ഞാൻ ചമ്മം മത്സ്യങ്ങളെ പിടിക്കും. അവയ്‌ക്കൊരു വിപണിയുണ്ട്. എന്നാൽ അവയെ പിടിക്കുന്നത് ബുദ്ധിമുട്ടാണ്. ഒരെണ്ണത്തിനെ പിടിക്കാൻ തന്നെ ചിലപ്പോൾ ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വരും."
"വർഷങ്ങളായി പവിഴപുറ്റിന്‍റെ ആരോഗ്യം കുറയുന്നതനുസരിച്ച് കലവ മത്സ്യങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്," ബിത്രയിൽ ഈ മേഖലയിലെ സംഭവങ്ങളെ പഠിക്കുന്ന ശാസ്ത്രജ്ഞയായ രുച കർക്കറെ ഞങ്ങളോട് പറഞ്ഞു. "അനിശ്ചിതാവസ്ഥയോടും കാലാവസ്ഥാ വ്യതിയാനത്തോടും മീൻപിടുത്തക്കാർ പ്രതികരിക്കുന്നത് ചൂര മത്സ്യങ്ങളെ ലഭിക്കാത്തപ്പോൾ കലവ പോലെയുള്ള പുറ്റു മത്സ്യങ്ങളെ കൂടുതൽ പിടിക്കാൻ ശ്രമിച്ചാണ്. തദ്ഫലമായി അവയുടെ എണ്ണം പിന്നെയും കുറയുകയാണ്. മീനുകൾ മുട്ടയിടുന്ന മാസത്തിലെ അഞ്ചു ദിവസങ്ങളിൽ മീൻപിടുത്തം വേണ്ട എന്നാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്."
ബിത്രയിലെ മീൻപിടുത്തക്കാർ ആ ദിവസങ്ങളിൽ ജോലി നിർത്താൻ ശ്രമിച്ചു. എന്നാൽ മറ്റുള്ളവർ അത് വിസമ്മതിച്ചു.
"കിൽത്താൻ ദ്വീപിലെ പയ്യന്മാർ ഇവിടെ രാത്രി മീൻപിടിക്കാറുണ്ട്," തന്‍റെ ഉണക്കമത്സ്യങ്ങളെ തരംതിരിക്കുന്നതിനിടയിൽ അബ്ദുൾ കോയ പറഞ്ഞു. "ഇത് അനുവദിക്കാൻ പാടില്ല...കൂടെകൂടെ ഇത് സംഭവിക്കുന്നതിനാൽ ഇരമത്സ്യങ്ങൾ, കലവ, ചൂര എന്നിവയുടെ എണ്ണത്തിൽ ഇടിവുണ്ടാകുകയാണ്."
"വൻകരയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുപോലും വമ്പൻ വലകളുള്ള വലിയ യാനങ്ങൾ ധാരാളം വരുന്നുണ്ട്," ബിത്ര പഞ്ചായത്ത് അധ്യക്ഷനായ ബി. ഹൈദർ പറഞ്ഞു. "ചെറിയ യാനങ്ങളിൽ ഞങ്ങൾക്ക് അവയോടു മത്സരിക്കാനാകില്ല."
അതിനിടയിൽ കാലവസ്ഥാപ്രക്രിയകൾ കൂടുതൽ അസ്ഥിരമാകുകയാണ്. "നാൽപ്പതു വയസ്സാകുന്നതുവരെ എന്‍റെ ഓർമ്മയിൽ രണ്ടു ചുഴലിക്കാറ്റുകളെ ഉണ്ടായുള്ളൂ," ഹൈദർ പറഞ്ഞു. "എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ അവ അടിക്കടി ഉണ്ടായി. അത് പുറ്റുകളെ തകർത്തു."
ചുഴലിക്കാറ്റിന്‍റെ ആഘാതത്തെകുറിച്ചു കവരത്തിയിൽ അബ്ദുൽ റഹ്മാൻ ഇങ്ങനെ പറഞ്ഞു "മുൻപ് പവിഴപുറ്റുകൾക്ക് സമീപം ചൂര മത്സ്യങ്ങളെ കാണാമായിരുന്നു. എന്നാൽ ഓഖിക്കു ശേഷം അതെല്ലാം മാറി. തൊണ്ണൂറുകളിൽ ഞങ്ങൾ 3-4 മണിക്കൂറുകളെ കടലിൽ ചെലവഴിക്കുമായിരുന്നുള്ളു. യന്ത്രവൽകൃത ഉപകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും മത്സ്യങ്ങൾ ധാരാളം ഉണ്ടായിരുന്നതിനാൽ ജോലി വേഗം തീരുമായിരുന്നു. ഇന്ന് ഞങ്ങൾ ഒരു ദിവസം പൂർണമായോ അല്ലെങ്കിൽ അതിൽ അധികമോ സമയം കടലിൽ ചെലവിടേണ്ടിവരുന്നു. പുറ്റ് മത്സ്യങ്ങളെ പിടിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. എന്നാൽ ചൂര ലഭ്യമില്ലാത്തപ്പോൾ ഞങ്ങൾ പുറ്റ് മീനുകൾക്ക് പുറകെ പോകും."
"മാത്രമല്ല, യാനങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. വളരെ വലിയവയുമുണ്ട് ഇപ്പോൾ," റഹ്മാൻ പറഞ്ഞു. "എന്നാൽ മത്സ്യലഭ്യത കുറയുകയും ഞങ്ങളുടെ പ്രാവർത്തിക ചെലവ് കൂടുകയും ചെയ്തു."
മീൻപിടുത്തക്കാരുടെ വരുമാനം എളുപ്പത്തിൽ കണക്കാക്കാനാകില്ല, മാസംതോറും അത് മാറിക്കൊണ്ടിരിക്കും, ഡോ. ആർതർ പറഞ്ഞു. "അവരിൽ കുറേയാളുകൾ മറ്റു ജോലികളും ചെയ്യുന്നതിനാൽ മീൻപിടുത്തതിൽ നിന്ന് മാത്രമുള്ള വരുമാനം വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്." എന്നിരുന്നാലും "കഴിഞ്ഞ ദശകത്തിൽ അവരുടെ വരുമാനത്തിൽ വലിയ വ്യതിയാനങ്ങളുണ്ടായി എന്നത് വ്യക്തമാണ്."
ലക്ഷദ്വീപ് രണ്ടു വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്, അദ്ദേഹം പറഞ്ഞു. "കാലാവസ്ഥാവ്യതിയാനം പവിഴപുറ്റുകൾക്ക് കോട്ടംവരുത്തുകയും മത്സ്യലഭ്യതയിൽ ഇടിവുണ്ടാക്കുകയും ചെയ്യുന്നു. അത് മീൻപിടുത്തക്കാരെയും അവരുടെ ഉപജീവനത്തെയും ബാധിക്കുന്നു. എന്നാൽ ലക്ഷദ്വീപിൽ പ്രതീക്ഷ അസ്തമിച്ചിട്ടില്ല എന്നു പറയാം. സമുദ്രജീവികളുടെ ആവാസവ്യവസ്ഥയെ സംരക്ഷിച്ചുകൊണ്ട് പവിഴപുറ്റുകളെ വീണ്ടെടുക്കുവാൻ കഴിയുമെങ്കിൽ, അവയെ കുറെയധികം കാലം നിലനിർത്താൻ നമുക്ക് സാധിച്ചേക്കും."
കവരത്തിയിൽ നിജാമുദീൻ മുറുമുറുത്തു,"ഇരുപതു വർഷങ്ങൾക്കു മുൻപ് ധാരാളം മത്സ്യങ്ങളുണ്ടായിരുന്നതിനാൽ ഞങ്ങൾ നാലോ അഞ്ചോ മണിക്കൂർ ജോലി ചെയ്‌താൽ മതിയായിരുന്നു. എന്നാലിപ്പോൾ ബോട്ട് നിറയാൻ ദിവസങ്ങളെടുക്കും. കാലവർഷത്തിൽ മാറ്റം വന്നതിനാൽ എപ്പോൾ മഴപെയ്യുമെന്നു ഞങ്ങൾക്ക് കണക്കുകൂട്ടാൻ സാധിക്കുന്നില്ല. മത്സ്യബന്ധനത്തിനുള്ള കാലങ്ങളിലും ഇപ്പൊൾ കടൽ പ്രക്ഷുബ്ദമാണ്. ജൂണിൽ കാലവർഷം വരുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ യാനങ്ങൾ മുഴുവനായും കരയിൽ അടുപ്പിക്കാറുണ്ട്. ആ ജോലി കഠിനമാണ്. എന്നാൽ കാലവർഷം ഒരു മാസംകൂടി കഴിഞ്ഞേ വരുള്ളൂ. യാനങ്ങളെ നീക്കണോ അതോ ഇനിയും കാത്തിരിക്കണോ എന്ന് ഞങ്ങൾക്കറിയാത്തതിനാൽ അവ കരയിൽത്തന്നെ കിടക്കും. ഞങ്ങളും."
PARI- യുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ റിപ്പോർട്ടിങ് പ്രൊജക്റ്റ് ആ പ്രതിഭാസത്തെ സാധാരണക്കാരുടെ മൊഴികളിലൂടെയും അവരുടെ ജീവിതാനുഭവങ്ങളിലൂടെയും ചിത്രീകരിക്കാനുള്ള യുഎൻഡിപി-പിന്തുണയുള്ള ഒരു സംരംഭത്തിന്‍റെ ഭാഗമാണ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണോ ? ദയവായി [email protected] ഒരു കോപ്പി [email protected] എന്ന അഡ്രസിലേക്കു മെയിൽ അയക്കുക.
പരിഭാഷ: ജ്യോത്സ്ന വി.