കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്ട്ടിംഗ് വിഭാഗത്തില് 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്ഹമായിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ സ്ഥിരം കാണുന്നത് പോലെയുള്ള ഒരു മരുഭൂമി-സംഘട്ടനരംഗമാണ്. മണൽക്കൂനകളുടെയും ചുഴികളുടെയും ഇടയിൽ കുറച്ചു കുറ്റിച്ചെടികൾ നിറഞ്ഞ പശ്ചാത്തലത്തിൽ, ഒരു തരിശുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണ്ണിൽനിന്നും ഉയിർത്തെഴുന്നേറ്റ നായകൻ എതിരാളികളെ മർദ്ദിച്ചവശരാക്കി. പ്രകൃതിയിലുള്ള ചൂടും പൊടിയും വർദ്ധിപ്പിച്ച് അയാൾ ആ സിനിമയെ ഒരു ശുഭ സമാപ്തിയിലെത്തിച്ചു (വില്ലന്മാരെ ഒഴിച്ചുനിറുത്തിയാൽ). അനവധി ഇന്ത്യൻ ചലച്ചിത്രങ്ങളിലെ ഇത്തരം രംഗങ്ങൾ രാജസ്ഥാനിലെ ചില വിജനമായ മരുപ്രദേശങ്ങളിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ചിലപ്പോൾ മധ്യപ്രദേശിലെ ചമ്പൽ താഴ്വരയിലെ മലയിടുക്കുകളിലും.
എന്നാൽ, ഈ വരണ്ട മരുഭൂമിരംഗം ചിത്രീകരിച്ചത് രാജസ്ഥാനിലെയോ ചമ്പലിലെയോ സ്ഥലങ്ങളിൽ അല്ല. ഇത് തെക്കൻ ഉപദ്വീപിൽ, ആന്ധ്രപ്രദേശിലെ രായലസീമ പ്രദേശത്താണ് ചിത്രീകരിച്ചത്. അനന്തപുർ ജില്ലയിൽ ഒരു കാലത്ത് ചെറുധാന്യങ്ങളുടെ കൃഷി നിറഞ്ഞിരുന്ന 1,000 ഏക്കർ വരുന്ന ഈ വിശിഷ്ട നിലം ദശാബ്ദങ്ങൾ പിന്നിട്ടപ്പോൾ മരുഭൂമിക്കു സമാനമായിരിക്കുകയാണ്. മിക്കപ്പോഴും വിരോധാഭാസപരമായ കാരണങ്ങൾ ഇതിലേക്ക് നയിക്കുകയും പിന്നെ സിനിമാ സംവിധായകർ തേടുന്ന സ്ഥലംപോലെ ആക്കുകയും ചെയ്തു.
ഈ സ്ഥലത്തെ പ്രധാന ഭൂവുടമകൾ വസിക്കുന്ന ദർഗാ ഹൊ ന്നൂർ ഗ്രാമത്തിൽ, ഞങ്ങൾ ലൊക്കേഷൻ തേടിവന്ന ചലച്ചിത്രപ്രവർത്തകരല്ല എന്ന് ആൾക്കാരെ വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടേണ്ടിവന്നു. "ഇത് ഏതു ചലച്ചിത്രത്തിനു വേണ്ടിയാണ്? എന്നാണ് അത് പുറത്തിറങ്ങുന്നത്?" എന്ന് നേരിട്ട് ചോദിക്കുകയും, ചിലർ അത്തരത്തിൽ മനസ്സിൽ വിചാരിക്കുകയുമായിരുന്നു. ഞങ്ങൾ പത്രപ്രവർത്തകർ ആണെന്ന് അറിഞ്ഞപ്പോൾ ചിലരുടെ പെട്ടന്നുള്ള താല്പര്യക്കുറവ് വ്യക്തമായിരുന്നു.
ഈ സ്ഥലത്തെ പ്രസിദ്ധമാക്കിയ ‘ജയം മനദേറാ’ (വിജയം നമ്മുടേതാണ് ) എന്ന ചിത്രത്തിൻറെ സംഘട്ടന രംഗങ്ങൾ 1998-നും 2000-നും ഇടയിലാണ് ഇവിടെ ചിത്രീകരിച്ചത്. ഏതൊരു ശ്രദ്ധയുള്ള കച്ചവട സിനിമാ സംവിധായകരെപോലെ, അവരും മരുഭൂമിയുടെ പ്രതീതി വർദ്ധിപ്പിക്കാൻ സ്വന്തം 'സെറ്റിൽ' ചെറിയ മാറ്റങ്ങൾ വരുത്തി. "ഞങ്ങൾക്ക് സ്വന്തം കൃഷി പിഴുതെടുക്കേണ്ടി വന്നു (അവർ അതിനു നഷ്ടപരിഹാരം തന്നു)," 45-വയസ്സുള്ള പൂജാരി ലിംഗണ്ണ പറഞ്ഞു. ആ സംഘട്ടനം ചിത്രീകരിച്ച സ്ഥലത്ത് അദ്ദേഹത്തിൻറെ കുടുംബത്തിന് 34 ഏക്കർ സ്വന്തമായിട്ടുണ്ട്. "കൂടുതൽ യഥാർത്ഥമായി തോന്നാൻ വേണ്ടി ഞങ്ങൾ കുറച്ചു സസ്യജാലങ്ങളെയും ചെറിയ മരങ്ങളെയും മാറ്റി." ബാക്കിയെല്ലാം വിദഗ്ധമായ ഛായാഗ്രഹണത്തിലൂടെയും ഫിൽട്ടറുകളുടെ കൃത്യമായ ഉപയോഗത്താലും ശരിയാക്കി.
‘ജയം മനദേറാ’ എന്ന ചിത്രത്തിൻറെ അണിയറപ്രവർത്തകർ 20 വർഷങ്ങൾക്കു ശേഷമുള്ള ഒരു അനുബന്ധ സിനിമ ഇന്ന് നിർമ്മിക്കുകയാണെങ്കിൽ, അവർക്ക് ഇത്രയൊന്നും ചെയ്യേണ്ടിവരില്ല. കാലവും ഹിംസിക്കപെട്ട പ്രകൃതിയും പിന്നെ നിർദ്ദയമായ മനുഷ്യ ഇടപെടലുകളും അവർ ആഗ്രഹിക്കുന്ന മരുഭൂമിപോലെയുള്ള പരിതസ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്.
ഈ വരണ്ട മരുഭൂമി രംഗം ചിത്രീകരിച്ചത് രാജസ്ഥാനിലെയോ ചമ്പലിലെയോ സ്ഥലങ്ങളിൽ അല്ല. ഇത് തെക്കൻ ഉപദ്വീപിൽ, ആന്ധ്രയിലെ രായലസീമ പ്രദേശത്താണ് ചിത്രീകരിച്ചത്
എന്നാൽ ഇത് ഒരു കൗതുകകരമായ തരിശുനിലമാണ്. ഉപരിതലത്തോടു ചേർന്ന് ഭൂഗർഭജലം ഉള്ളതിനാൽ ഇവിടെ ഇപ്പോഴും കൃഷിയുണ്ട്. "ഈ തുണ്ടുഭൂമിയിൽ വെറും 15 അടി താഴ്ചയിൽ വെള്ളം കണ്ടു," ലിംഗണ്ണയുടെ മകൻ പി. ഹൊന്നുറെഡ്ഡി പറഞ്ഞു. അനന്തപുരിൽ മിക്കയിടങ്ങളിലും 500-600 അടി താഴ്ച എത്താതെ കുഴൽക്കിണറുകളിൽ വെള്ളം കാണാറില്ല. ജില്ലയുടെ ചില ഭാഗങ്ങളിൽ അത് 1000 അടിയും കടന്നിട്ടുണ്ട്. എന്നാൽ ഇവിടെ ഞങ്ങൾ സംസാരിച്ച് ഇരിക്കുമ്പോൾ തന്നെ ഒരു നാല് ഇഞ്ച് കുഴൽക്കിണറിൽ നിന്ന് ജലം പ്രവഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ചൂടേറിയതും മണൽ നിറഞ്ഞതുമായ ഭൂമിയിൽ അത്രയും അധികം വെള്ളം, അതും ഉപരിതലത്തിനടുത്തു നിന്നു തന്നെ?
"ആ സ്ഥലം മുഴുവനും സ്ഥിതിചെയ്യുന്നത് വ്യാപിച്ചു കിടക്കുന്ന ഒരു നദീതടത്തിലാണ്," അടുത്തുള്ള ഒരു ഗ്രാമത്തിലെ കർഷകനായ പൽത്തുരു മുക്കണ്ണ പറഞ്ഞു. എന്ത് നദി? ഞങ്ങളക്കൊന്നും കാണാൻ കഴിഞ്ഞില്ല. "[ഏകദേശം അഞ്ച് ] ദശാബ്ദങ്ങൾക്കു മുൻപ്, ഇതിലെ ഒഴുകിയിരുന്ന വേദാവതി നദിയിൽ, ഹൊന്നൂരിൽ നിന്ന് 25 -30 കിലോമീറ്റർ അകലെ അവർ ഒരു ഡാം പണിതു. അപ്പോൾ ഈ സ്ഥലത്തെക്ക് നീണ്ടു കിടന്നിരുന്ന വേദാവതിയുടെ [തുങ്കഭദ്രയുടെ ഒരു കൈവഴി - അഗരി എന്നും അറിയപ്പെടുന്നു ] ഭാഗം വറ്റി പോയി."
"അതു തന്നെയാണ് സംഭവിച്ചത്," അനന്തപുർ ഗ്രാമ വികസന ട്രസ്റ്റിൻറെ പരിസ്ഥിതിവിജ്ഞാന കേന്ദ്രത്തിലെ മല്ല റെഡ്ഡി പറഞ്ഞു - ഈ പ്രദേശത്തെക്കുറിച്ച് അദ്ദേഹത്തോളം അറിവ് വളരെ കുറച്ചു പേർക്കേ കാണുകയുള്ളു. "നദി മരിച്ചിരിക്കാം, എന്നാൽ നൂറ്റാണ്ടുകളായി അത് ഒരു ഭൂഗർഭജല സംഭരണി സൃഷ്ടിക്കാൻ സഹായിച്ചു. അതാണ് ഇപ്പോൾ തുടർച്ചയായി കുഴിച്ച് ഊറ്റിയെടുക്കുന്നത്. അത്തരം പ്രവർത്തനങ്ങളുടെ തോത് വരാനിരിക്കുന്ന ദുരന്തത്തിൻറെ സൂചനയാണ്."
ആ ദുരന്തം സംഭവിക്കാൻ താമസമുണ്ടാകില്ല. "20 വർഷം മുൻപ് ഇവിടെ ഒരു കുഴൽക്കിണർ പോലും ഉണ്ടായിരുന്നില്ല," 46 -വയസ്സുള്ള വി. എൽ. ഹിമാചൽ പറഞ്ഞു. അദ്ദേഹത്തിന് ഈ മരുപ്രദേശത്തു 12.5 ഏക്കർ ഉണ്ട്. "ഇതെല്ലാം മഴയെ ആശ്രയിച്ചുള്ള കൃഷിയായിരുന്നു. ഇന്ന് ഏകദേശം 1000 ഏക്കറിൽ 300-400 കുഴൽക്കിണറുകളുണ്ട്. മാത്രമല്ല, ഞങ്ങൾ 30-35 അടി താഴ്ചയിൽ വെള്ളം കാണും, ചിലപ്പോൾ അതിനു മുകളിലും." അതായത് ഓരോ മൂന്ന്ഏക്കറിലും, അല്ലെങ്കിൽ അതിൽ താഴെയും, ഒരു കുഴൽക്കിണറുണ്ട്.
അത് അനന്തപുരിനുപോലും ഉയർന്ന സാന്ദ്രതയാണ്. "70,000 കുഴൽക്കിണറുകളെ താങ്ങാൻ ശേഷിയുള്ള ജില്ലയിൽ ഉള്ളത് 270,000 എണ്ണമാണ്. മാത്രമല്ല, ഇത്രയധികം ഉള്ളതിൽ പകുതിയോളം ഈ വർഷം വറ്റിയിരിക്കുകയാണ്," മല്ല റെഡ്ഡി ചൂണ്ടിക്കാട്ടി.
അപ്പോൾ ഈ തരിശുഭൂമിയിലെ കുഴൽകിണറുകൾ എന്തിനാണ്? എന്താണ് ഇവിടെ കൃഷിചെയ്യുന്നത്? ഞങ്ങൾ നിരീക്ഷിച്ച തുണ്ടുഭൂമിയിൽ മുളച്ചു നിന്നിരുന്നത് ഈ ജില്ലയിൽ വ്യാപകമായ നിലക്കടല വിള പോലുമല്ല, മറിച്ചു ബജ്രയാണ്. ആ ചെറുധാന്യം ഇവിടെ കൃഷിചെയ്യുന്നത് വിത്ത് വർദ്ധിപ്പിക്കുന്നതിനാണ്. അത് ആഹാരത്തിനോ വിപണിയിലേക്കോ അല്ല. ഈ കർഷകർക്ക് ഈ തൊഴിലിൽ ഏർപ്പെടാൻ കരാർ കൊടുത്തിരിക്കുന്ന വിത്ത് കമ്പനികൾക്കാണ്. ആൺ-പെൺ സസ്യങ്ങളെ അടുത്തടുത്ത നിരകളിലായി വൃത്തിയായി നട്ടിരിക്കുന്നതു കാണാം. ബജ്രയുടെ രണ്ടു വ്യത്യസ്ഥ ഇനങ്ങളിൽ നിന്നും ഒരു സങ്കരവിത്ത് നിർമ്മിക്കാനാണു കമ്പനികൾ ശ്രമിക്കുന്നത്. ഈ പ്രവൃത്തി ധാരാളം ജലം ഉപയോഗിക്കും. വിത്തെടുത്തതിനു ശേഷം ബാക്കിയാവുന്ന സസ്യം കാലിത്തീറ്റക്കു മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
"ഈ വിത്തുവർദ്ധിപ്പിക്കൽ ജോലിക്കു ഞങ്ങൾക്ക് ഒരു ക്വിൻറലിന് 3,800 രൂപ കിട്ടും," പൂജാരി ലിംഗണ്ണ പറഞ്ഞു. ഇതിലുൾപ്പെട്ട അധ്വാനവും പരിചരണവും - പിന്നെ കമ്പനികൾ ഇതേ വിത്തുകൾ ഇത്തരത്തിലുള്ള കർഷകർക്ക് വലിയ വിലയ്ക്കാണു വിൽക്കുന്നത് എന്ന വസ്തുത പരിഗണിച്ചാലും, അത് കുറവാണ്. സ്വന്തം കുടുംബത്തിന് ഒരു ക്വിൻറലിന് 3,700 രൂപയാണ് കിട്ടുന്നതെന്ന്, ഈ തുണ്ടുഭൂമിയിലെ മറ്റൊരു കർഷകയായ വൈ. എസ്. ശാന്തമ്മ പറഞ്ഞു.
ഇവിടെ കൃഷിചെയ്യാൻ തടസ്സം വെള്ളമല്ല എന്ന് ശാന്തമ്മയും മകളായ വന്ദാക്ഷിയും പറഞ്ഞു. "വീട്ടിൽ പൈപ്പ് കണക്ഷൻ ഇല്ലെങ്കിൽകൂടി ഞങ്ങൾക്ക് ഗ്രാമത്തിലും വെള്ളം ലഭിക്കുന്നുണ്ട്." നിലവിൽ വലിയതോതിൽ ഉള്ളതും, പെട്ടെന്ന് അടിഞ്ഞു കൂടാവുന്നതുമായ മണലാണ് അവർക്കു തലവേദന. അനേകം അടി കനത്തിലുള്ള മണലിൽ ചെറിയ ദൂരങ്ങൾ പോലും നടക്കുന്നത് വളരെ ആയാസകരമാണ്.
"നമ്മുടെ അധ്വാനത്തെ അതിന് എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയും," അമ്മയും മകളും പറഞ്ഞു. ഒരു മണൽക്കൂനയുടെ അടിവാരം കാണിച്ചുകൊണ്ട്, പി. ഹൊന്നുറെഡ്ഡി അതിനോടു യോജിച്ചു. നാല് ദിവസം മുൻപ് അയാൾ അവിടെ ബുദ്ധിമുട്ടി വരികളിലായി ചെടികൾ നട്ടതായിരുന്നു. ഇപ്പോൾ അതെല്ലാം മണൽമൂടിയ ചാലുകൾ മാത്രമായി. ഗ്രാമത്തിൽ ശക്തമായ കാറ്റടിക്കുന്ന, കൂടുതൽ വരണ്ടുകൊണ്ടിരിക്കുന്ന ഒരു തരിശുഭൂമിയുടെ ഭാഗമായ ഈ പ്രദേശത്തു മണൽക്കാറ്റുകൾ ഉണ്ട്.
"വർഷത്തിൽ മൂന്ന് മാസം - ഈ ഗ്രാമത്തിൽ മണൽ പെയ്യുന്നു," മറ്റൊരു മരുപ്രദേശ കർഷകനായ എം. ബാഷ പറഞ്ഞു. "അത് ഞങ്ങളുടെ വീടുകളിൽ എത്തും ഞങ്ങളുടെ ഭക്ഷണത്തിൽ വീഴും." മണൽക്കൂനകൾക്ക് അരികിലല്ലാത്ത വീടുകളിലേക്കു പോലും കാറ്റ് മണൽ പറപ്പിക്കും. വലകളോ അധിക വാതിലുകളോ എപ്പോഴും ഫലപ്രദമാവണമെന്നില്ല. "ഇസക വർഷം [മണൽ മഴ] ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൻറെ ഒരു ഭാഗമാണ്, ഞങ്ങൾ അതിനൊപ്പം ജീവിക്കുന്നു."
ദർഗാ ഹൊന്നൂർ ഗ്രാമത്തിന് മണലുകൾ അപരിചിതർ അല്ല. "എന്നാൽ, അവയുടെ തീവ്രത വർദ്ധിച്ചിട്ടുണ്ട്," ഹിമാചൽ പറഞ്ഞു. കാറ്റിനെ കാര്യമായി പ്രതിരോധിച്ചിരുന്ന ധാരാളം കുറ്റിച്ചെടികളും ചെറിയ മരങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ആഗോളവൽക്കരണത്തിൻറെയും വിപണിയുടെ സാമ്പത്തികശാസ്ത്രത്തിൻറെയും പ്രഭാവത്തെക്കുറിച്ചു ഹിമാചൽ അറിവോടെ സംസാരിച്ചു. "ഇപ്പോൾ ഞങ്ങൾ എല്ലാം പണത്തിലാണ് കണക്കാക്കുന്നത്. കുറ്റിച്ചെടികളും മരങ്ങളും പിന്നെ സസ്യജാലങ്ങളും പോയത്, സ്ഥലത്തിൻറെ ഓരോ ഇഞ്ചും വാണിജ്യ കൃഷിക്ക് ഉപയോഗിക്കാനുള്ള ജനങ്ങളുടെ ആഗ്രഹം മൂലമാണ്. മാത്രമല്ല "വിത്തുകൾ മുളയ്ക്കുമ്പോഴോ തളിർക്കുമ്പോഴോ ആണ് മണൽ വീഴുന്നത് എങ്കിൽ നഷ്ടം പൂർണമാകും," 55 വയസ്സുള്ള എം. തിപ്പയ്യ എന്ന കർഷകൻ പറഞ്ഞു. ജലം ലഭ്യമായിട്ടുകൂടി വിളവ് കുറവാണ്. "ഞങ്ങൾക്ക് ഒരു ഏക്കറിന് മൂന്ന്, ഏറ്റവും മികച്ചത് നാല്, ക്വിൻറൽ നിലക്കടല ലഭിക്കും," 32 വയസ്സുള്ള കെ. സി . ഹൊന്നൂർ സ്വാമി എന്ന കർഷകൻ പറഞ്ഞു. ജില്ലയുടെ ശരാശരി വിളവ് ഏകദേശം അഞ്ച് ക്വിൻറൽ ആണ്.
കാറ്റിനെതിരെയുള്ള പ്രകൃതിദത്തമായ പ്രതിരോധങ്ങൾക്ക് അവർ വില കൽപിക്കുന്നില്ലേ? "വാണിജ്യമൂല്യമുള്ള മരങ്ങളിൽ മാത്രമേ അവർക്കു താൽപര്യമുള്ളൂ," ഹിമാചൽ പറഞ്ഞു. ഇവിടുത്തെ അവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത അവ ചിലപ്പോൾ ഇവിടെ വളരുക തന്നെ ഇല്ല. "ഏതായാലും, മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഞങ്ങളെ സഹായിക്കാം എന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും, അത് ഇതു വരെ സംഭവിച്ചിട്ടില്ല."
"കുറച്ചു കൊല്ലം മുൻപ്, കുറെ സർക്കാർ ഉദ്യോഗസ്ഥർ മണൽ ക്കൂനകൾ പരിശോധിക്കാൻ അവിടെ പോയി," പൽത്തുരു മുക്കണ്ണ പറഞ്ഞു. "അവരുടെ മരുഭൂമി യാത്ര മോശമായാണ് അവസാനിച്ചത്. മാത്രമല്ല, മണൽ മൂടിയ അവരുടെ എസ് യു വി, ഗ്രാമവാസികൾക്ക് ഒരു ട്രാക്ടർ ഉപയോഗിച്ചു വലിച്ചെടുക്കേണ്ടി വന്നു. "അതിനുശേഷം ഞങ്ങൾ അവരെ കണ്ടിട്ടില്ല," മുക്കണ്ണ കൂട്ടിച്ചേർത്തു. "ബസ്സിന് ഗ്രാമത്തിൻറെ ആ ഭാഗത്തെക്ക് സഞ്ചരിക്കാൻ സാധിക്കാത്ത സമയങ്ങളുമുണ്ട്," കർഷകനായ മോഖ രാകേഷ് പറഞ്ഞു.
കുറ്റിച്ചെടികളും വനവും നഷ്ടമാകുന്നതു രായലസീമ മേഖലയിലുടനീളം ഒരു പ്രശ്നമാണ്. അനന്തപുർ ജില്ലയിൽ മാത്രം, പ്രദേശത്തിൻറെ 11 ശതമാനം 'വനം' ആയി തരംതിരിച്ചിട്ടുണ്ട്. യഥാർത്ഥ വനവിസ്തൃതി രണ്ടു ശതമാനത്തിൽ താഴെയായി ചുരുങ്ങിയിരിക്കുന്നു. അത് മണ്ണ്, വായു, ജലം, താപനില എന്നിവയിൽ അനിവാര്യമായ ആഘാതം ഏല്പിച്ചിട്ടുണ്ട്. അനന്തപുരിൽ കാണാൻ കഴിയുന്ന ഒരേയൊരു വലിയ വനം കാറ്റാടിയന്ത്രങ്ങളുടെ ഒരു കാടാണ്. ആയിരക്കണക്കിനുള്ള അവ ആ ഭൂപ്രകൃതിയുടെ മിക്കയിടത്തുമുണ്ട്, അവിടെയുള്ള ചെറുമരുഭൂമിയുടെ അരികിൽക്കൂടിയും. കാറ്റാടിയന്ത്ര കമ്പനികൾ വാങ്ങിയതോ അതോ അവർ ദീർഘകാലത്തെക്കു പാട്ടത്തിനെടുത്തതോ ആയ ഭൂമിയിലാണ് അവ ഉയർന്നുവന്നിരിക്കുന്നത്.
ആ മരുപ്രദേശത്തു കൃഷിചെയ്യുന്ന ദർഗാ ഹൊന്നൂരിലെ ഒരു കൂട്ടം കൃഷിക്കാർ കാര്യങ്ങൾ എപ്പോഴും ഇപ്രകാരമായിരുന്നു എന്ന് ഞങ്ങളോട് തറപ്പിച്ചു പറഞ്ഞു. എന്നാൽ, അതിനുശേഷം അവർ അതിന് വിപരീതമായ വ്യക്തമായ തെളിവുകൾ നിരത്തി. മണൽ എപ്പോഴും അവിടെയുണ്ടായിരുന്നു, ശരിയാണ്. എന്നാൽ അവയുടെ ശക്തി വർദ്ധിച്ചു, മണൽക്കാറ്റുകൾ ഉണ്ടാക്കുന്നു. മുൻപ് ഇതിലധികം കുറ്റിച്ചെടികളും മരങ്ങളും ഉണ്ടായിരുന്നു. ഇപ്പോളവ വളരെ കുറവാണ്. എപ്പോഴും ജലമുണ്ടായിരുന്നു, എന്നാൽ നദി മരിച്ചു എന്ന് പിന്നീട് ഞങ്ങൾ മനസ്സിലാക്കി. രണ്ടു ദശാബ്ദങ്ങൾക്കു മുൻപ് വളരെ കുറച്ചു കുഴൽക്കിണറുകളെ ഉണ്ടായിരുന്നുള്ളു, എന്നാലിപ്പോൾ നൂറുകണക്കിനുണ്ട്. ഈ രണ്ടു പതിറ്റാണ്ടുകളിലായി കാലാവസ്ഥ കടുത്ത സംഭവങ്ങളുടെ എണ്ണം വർദ്ധിച്ചതായി ഓരോരുത്തരും ഓർമ്മിക്കുന്നു.
മഴയുടെ രീതികൾ മാറി. "ഞങ്ങൾക്ക് മഴ ആവശ്യമുള്ള കാലങ്ങളിൽ, അത് ഇപ്പോൾ 60 ശതമാനം കുറവാണ് എന്ന് ഞാൻ പറയും," ഹിമാചൽ പറഞ്ഞു. "കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഉഗാദി [തെലുഗ് പുതുവത്സരദിനം, സാധാരണയായി ഏപ്രിലിൽ] അടുത്ത് മഴ കുറവാണ്." തെക്കുപടിഞ്ഞാറൻ കാലവർഷവും വടക്കുകിഴക്കൻ കാലവർഷവും അനന്തപുരിനെ തലോടുമെങ്കിലും ആ പ്രദേശത്തിനു രണ്ടിൽനിന്നും മുഴുവൻ ആനുകൂല്യവും ലഭിക്കാറില്ല.
ജില്ലയുടെ വാർഷിക ശരാശരിയായ 535 മില്ലിമീറ്റർ മഴ ലഭിക്കുന്ന വർഷങ്ങളിൽ പോലും - അതിൻറെ സമയം, വ്യാപ്തി, വിതരണം എല്ലാം വളരെ അസ്ഥിരമാണ്. ചില വർഷങ്ങളിൽ മഴ കൃഷിക്കാലങ്ങളിൽ നിന്ന് കൃഷിയില്ലാത്ത കാലങ്ങളിലേക്കു മാറിയിട്ടുണ്ട്. ചിലപ്പോൾ, ആദ്യത്തെ 24-48 മണിക്കൂറുകളിൽ ശക്തമായി പെയ്യുകയും അതിനുശേഷം വളരെക്കാലം പെയ്യാതിരിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം, ചില മണ്ഡലുകളിൽ [താലൂക്ക്] 75 ദിവസങ്ങളോളം കൃഷിക്കാലത്ത് (ജൂൺ - ഒക്ടോബർ) മഴ പെയ്തില്ല. ഗ്രാമീണ ജനതയുടെ 75 ശതമാനവും, മുഴുവൻ തൊഴിലാളികളിൽ 80 ശതമാനവും കൃഷിയിൽ (കർഷകരായോ അല്ലെങ്കിൽ തൊഴിലാളികളായോ) ഏർപ്പെട്ടിരിക്കുന്ന അനന്തപുരിൽ അത് വിനാശകരമായി ഭവിക്കും.
"കഴിഞ്ഞ രണ്ടു ദശകങ്ങളിൽ ഓരോന്നിലും വെറും രണ്ടു 'സാധാരണ' വർഷങ്ങളെ അനന്തപുരിൽ ഉണ്ടായിട്ടുള്ളൂ," പരിസ്ഥിതിവിജ്ഞാന കേന്ദ്രത്തിലെ മല്ല റെഡ്ഡി പറഞ്ഞു. "ബാക്കി 16 വർഷങ്ങളിൽ ഓരോന്നിലും, ജില്ലയുടെ മൂന്നിൽ രണ്ടു തൊട്ട് നാലിൽ മൂന്നു ഭാഗം വരെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചു. അതിനു മുൻപുള്ള 20 വർഷങ്ങളിൽ, ഓരോ പതിറ്റാണ്ടിലും മൂന്ന് വരൾച്ചകളുണ്ടായി. 1980-കളുടെ അവസാനത്തിൽ ആരംഭിച്ച മാറ്റങ്ങൾക്ക് എല്ലാ വർഷവും വേഗമേറി."
ഒരു കാലത്ത് അനവധി തരം ചെറുധാന്യങ്ങളുടെ ഇടമായിരുന്ന ഈ ജില്ല, നിലക്കടല പോലെയുള്ള വാണിജ്യവിളകളിലേക്കു മാറി. അതിനോടനുബന്ധിച്ചു തന്നെ വളരെ അധികം കുഴൽക്കിണറുകളും ഇറക്കി. (ദേശീയ മഴവൃഷ്ടി പ്രദേശ അതോറിറ്റിയുടെ ഒരു റിപ്പോർട്ട് പ്രകാരം "ഭൂഗർഭജല ചൂഷണം 100 ശതമാനത്തിൽ അധികമുള്ള ഇടങ്ങൾ" ഇപ്പോൾ ഉണ്ട്.)
"നാൽപ്പതു വർഷങ്ങൾക്കു മുൻപ്, ഞങ്ങൾക്ക് വ്യക്തമായ ഒരു രീതിയുണ്ടായിരുന്നു - 10 വർഷങ്ങൾക്കുള്ളിൽ മൂന്ന് വരൾച്ചകൾ - കൃഷിക്കാർക്ക് എന്തു വിളയാണ് നടേണ്ടത് എന്നറിയാമായിരുന്നു. അപ്പോൾ 9 മുതൽ 12 വരെ വിവിധ വിളകളുണ്ടായിരുന്നു, മാത്രമല്ല ഒരു സുസ്ഥിരമായ കൃഷി ചക്രവും ഉണ്ടായിരുന്നു," സി. കെ. ഗാംഗുലി പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ പാവപ്പെട്ട ഗ്രാമീണരുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവർത്തിക്കുന്ന തിംബക്തു കളക്റ്റീവ് എന്ന എൻ ജി ഓ [സന്നദ്ധ സംഘടന] അദ്ദേഹം നയിക്കുന്നു. നാലു പതിറ്റാണ്ടുകളായി സ്വയം ഇവിടെ നടത്തിയ ഇടപഴകൽ അദ്ദേഹത്തിന് ഈ പ്രദേശത്തെ കൃഷിയെക്കുറിച്ച് ബൃഹത്തായ ഉൾക്കാഴ്ച നൽകിയിട്ടുണ്ട്.
"നിലക്കടല [അനന്തപുരിലെ കൃഷിസ്ഥലത്തിൻറെ 69 ശതമാനം ഉൾകൊള്ളുന്നു] ആഫ്രിക്കയിലെ സഹേലിനോട് ചെയ്തത് ഞങ്ങളോടും ചെയ്തു. ഞങ്ങൾ കൂപ്പുകുത്തിയ ഏകവിള കൃഷി ജലത്തിൻറെ അവസ്ഥയെ മാത്രമല്ല മാറ്റിയത്. നിലക്കടലക്ക് തണൽ അസഹ്യമായതു കൊണ്ട് ആൾക്കാർ മരങ്ങളെ മാറ്റി. അനന്തപുരിൻറെ മണ്ണ് നശിച്ചു . ചെറുധാന്യങ്ങൾ സമ്പൂർണമായി നശിച്ചു. ഈർപ്പം നഷ്ടപ്പെട്ടതിനാൽ, മഴക്കാല കൃഷിയിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടാണ്." കൃഷിയിൽ സ്ത്രീകളുടെ പങ്കിനെയും വിള മാറ്റങ്ങൾ ഇല്ലാതാക്കി. പരമ്പരാഗതമായി, സ്ത്രീകളാണ് ഇവിടെ വളർത്തിയിരുന്ന വിവിധ മഴക്കാല കാർഷിക വിളകളുടെ വിത്തുകൾ സൂക്ഷിച്ചിരുന്നത്. കൃഷിക്കാർ വിപണിയിൽ നിന്ന്, അനന്തപുരിൽ മുഴുവൻ നിറഞ്ഞിരിക്കുന്ന [നിലക്കടല പോലെ] വാണിജ്യവിള സങ്കരങ്ങളുടെ വിത്ത് വാങ്ങാൻ തുടങ്ങിയപ്പോൾ, സ്ത്രീകളുടെ പങ്കു വെറും തൊഴിലാളികളുടേതായി ചുരുങ്ങി. കൂടാതെ, ഒരേ പാടശേഖരങ്ങളിൽ വ്യത്യസ്ത വിളകൾ പലതവണ കൃഷിചെയ്യുക എന്ന സങ്കീർണ്ണ കാർഷികകലയിലുള്ള കഴിവുകൾ, രണ്ടു തലമുറകളായി, അനേകം കർഷകർക്കു നഷ്ടമായി.
ലിംഗണ്ണയുടെ ചെറുമകൻ ഹൊന്നുർ സ്വാമിയും (മുകളിലെ നിര, ഇടത്) നാഗരാജുവും (വലത്) ഇപ്പോൾ മരുഭൂമിയിലെ കർഷകരാണ്. അവരുടെ ട്രാക്ടറുകളും കാളവണ്ടികളും മണലിൽ ആഴത്തിലുള്ള ചാലുകൾ കീറുന്നു. (ഫോട്ടോ: മുകളിൽ ഇടതും താഴെ ഇടതും: രാഹുൽ എം. മുകളിൽ വലതും താഴെ വലതും: പി. സായ്നാഥ്)
കാലിത്തീറ്റ വിളകൾ ഇപ്പോൾ കൃഷിസ്ഥലത്തിൻറെ മൂന്നു ശതമാനത്തിൽ താഴെയാണ്. "ഒരു കാലത്ത്, രാജ്യത്തു ചെറുകന്നുകാലികൾ ഏറ്റവും അധികമുള്ള പ്രദേശങ്ങളിൽ ഒന്നായിരുന്നു അനന്തപുർ," ഗാംഗുലി പറഞ്ഞു. "കുറുബരെ പോലുള്ള പരമ്പരാഗത ഇടയന്മാരുടെ പുരാതന സമുദായങ്ങളുടെ ഏറ്റവും മികച്ച സ്വത്തായിരുന്നു - ജംഗമസ്വത്ത് - ചെറു കന്നുകാലികൾ. പരമ്പരാഗത കൃഷി ചക്രം അനുസരിച്ച് ഇടയന്മാരുടെ മൃഗങ്ങൾ കർഷകരുടെ പാടങ്ങൾക്ക് വിളവെടുപ്പിനു ശേഷം ആവശ്യമായ വളം ചാണകത്തിൻറെയും മൂത്രത്തിൻറെയും രൂപത്തിൽ നൽകുമായിരുന്നു. മാറുന്ന വിള രീതികളും രാസപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള കൃഷിയും അതിനെ തടസ്സപ്പെടുത്തി. ഈ പ്രദേശത്തിനായുള്ള ആസൂത്രണം പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് എതിരായിട്ടാണ് ഭവിച്ചത്."
തനിക്കു ചുറ്റുമുള്ള കാർഷിക ജൈവവൈവിധ്യം കുറയുന്നതും അതിൻറെ അനന്തരഫലങ്ങളും ഹൊന്നൂരിലെ ഹിമാചൽ തിരിച്ചറിയുന്നു. "ഒരിക്കൽ, ഇതേ ഗ്രാമത്തിൽ, ഞങ്ങൾക്ക് കമ്പം, പയർ, തുവരപ്പയർ, റാഗി, തിന, ചെറുപയർ, അമരപ്പയർ.....ഉണ്ടായിരുന്നു," അദ്ദേഹം ഒരു പട്ടിക നിരത്തി. "എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതാണെങ്കിലും മഴക്കാല കൃഷി ഞങ്ങൾക്ക് പണം നേടി തരില്ല." നിലക്കടല കുറച്ചുനാൾ തന്നു.
നിലക്കടല വിളക്കാലം ഏകദേശം 110 ദിവസമാണ്. അതിൽ, 60 - 70 ദിവസം അത് മണ്ണിനെ മൂടും, ഒലിച്ചു പോകാതെ സംരക്ഷിക്കും. ഒൻപതു ചെറുധാന്യങ്ങളും പയറുവർഗങ്ങളും കൃഷിചെയ്തിരുന്ന കാലഘട്ടത്തിൽ, അവ ജൂൺ മുതൽ ഫെബ്രുവരി വരെ മേൽമണ്ണിനു തണലേകുന്ന സംരക്ഷണം നൽകിയിരുന്നു. എപ്പോഴും ഒരു വിളയോ അല്ലെങ്കിൽ മറ്റൊന്നോ ഭൂമിയിലുണ്ടാകും.
ഹൊന്നൂരിൽ ഹിമാചൽ ആലോചിക്കുകയാണ്. കുഴൽക്കിണറുകളും നാണ്യവിളകളും കർഷകർക്ക് ധാരാളം ഗുണംചെയ്തു എന്ന് അദ്ദേഹത്തിനറിയാം. എന്നാൽ അത് കുറയുന്ന പ്രവണതയും അദ്ദേഹം നിരീക്ഷിക്കുന്നു - ഉപജീവനമാർഗങ്ങൾ കുറയുംതോറും വർദ്ധിക്കുന്ന അന്യദേശത്തെക്കുള്ള കുടിയേറ്റങ്ങളും. "എപ്പോഴും 200 കുടുംബങ്ങളിലധികം പുറത്ത് ജോലി തേടുകയാണ്," ഹിമാചൽ പറഞ്ഞു. 2011-ലെ സെൻസസ് പ്രകാരം അത് അനന്തപുരിലെ ബൊമ്മനഹൾ മണ്ഡലിലുള്ള ഈ ഗ്രാമത്തിലെ 1,227 കുടുംബങ്ങളുടെ ആറിലൊന്നു ഭാഗം വരും. "ഏകദേശം 70-80 ശതമാനം കുടുംബങ്ങളും കടത്തിലാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു പതിറ്റാണ്ടുകളായി അനന്തപുരിലുടനീളം കാർഷിക ദുരിതം രൂക്ഷമാണ് - ആന്ധ്രപ്രദേശിൽ കർഷക ആത്മഹത്യകൾ ഏറ്റവും അധികമുണ്ടായ ജില്ലയും ഇതാണ്.
"കുഴൽക്കിണറുകളുടെ പെട്ടെന്നുള്ള വളർച്ച ഇല്ലാതെയായി," മല്ല റെഡ്ഡി പറഞ്ഞു. "അതുപോലെ തന്നെ നാണ്യവിളകളുടെയും ഏകവിള കൃഷികളുടെയും." എന്നിരുന്നാലും ഉപഭോഗത്തിനു വേണ്ടിയുള്ള ഉൽപ്പാദനത്തിൽ നിന്ന് "അജ്ഞാത വിപണികൾക്കു വേണ്ടി ഉൽപന്നങ്ങൾ സൃഷ്ടിക്കുന്നതിലേക്ക്" ഉണ്ടായ അടിസ്ഥാനപരമായ മാറ്റത്താൽ, ഈ മൂന്നും ഇപ്പോഴും വ്യാപകമാണ്.
കാലാവസ്ഥാ വ്യതിയാനം പ്രകൃതി അതിൻറെ പുനഃക്രമീകരണത്തിനുള്ള ബട്ടൺ അമർത്തുന്നതു മാത്രമാണെങ്കിൽ, ഞങ്ങൾ ഹൊന്നൂരും അനന്തപുരിലും കണ്ടത് എന്താണ്? ശാസ്ത്രജ്ഞർ പറയുന്നത് പോലെ, കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ വിശാലമായ പ്രദേശങ്ങളിലും മേഖലകളിലും ഉണ്ടാവുന്നതാണ് - ഹൊന്നൂരും അനന്തപുരും വെറും ഭരണപ്രദേശങ്ങളാണ്, കാലാവസ്ഥാ വ്യതിയാനം ഉണ്ടാകാൻ തീരെ ചെറുതും. വിശാലമായ പ്രദേശങ്ങളിൽ സംഭവിക്കുന്ന വലിയ മാറ്റങ്ങൾ അതിലുൾപ്പെടുന്ന ഉപമേഖലകളിൽ നിലവിലുള്ള വിചിത്ര സവിശേഷതകളെ വഷളാക്കുന്നതാണോ?
ഇവിടെയുണ്ടായ മാറ്റത്തിൻറെ മിക്കവാറും എല്ലാ ഘടകങ്ങളും മനുഷ്യ ഇടപെടൽ മൂലമുണ്ടായതാണ്. 'കുഴൽക്കിണർ പകർച്ചവ്യാധി', വാണിജ്യവിളകളിലേക്കും ഏകവിള കൃഷിയിലേക്കും വ്യാപകമായ മാറ്റം; അനന്തപുരിനു കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഉത്തമമായ ജൈവവൈവിധ്യത്തിൻറെ നഷ്ടം; തുടർന്നുകൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളുടെ ചൂഷണം; ഈ പാതി വരണ്ട പ്രദേശത്ത് ഉണ്ടായിരുന്ന അൽപം വനത്തിൻറെ നശീകരണം; പുൽമേടുകളുടെ പരിസ്ഥിതിയെ ദ്രോഹിക്കുന്നതും, മണ്ണിൻറെ ഗുരുതരമായ തകർച്ചയും; വ്യവസായപ്രേരണയാൽ തീവ്രതയേറിയ രാസപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള കൃഷി; തോട്ടവും കാടും ഇടയന്മാരും കൃഷിക്കാരും തമ്മിലുള്ള സഹവാസത്തിൻറെ തകർച്ച - മാത്രമല്ല, ഉപജീവനമാർഗ്ഗങ്ങളുടെ നഷ്ടം; നദികളുടെ മരണം. ഇതെല്ലാം താപനിലയെയും കാലാവസ്ഥയെയും പരിസ്ഥിതിയെയും വ്യക്തമായി ബാധിച്ചിട്ടുണ്ട്. ഇതൊക്കെ ഈ പ്രക്രിയകളെ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
ഇപ്പോഴുള്ള മാറ്റങ്ങളുടെ മുഖ്യ കാരണം സാമ്പത്തിക ശാസ്ത്രത്തിൻറെയും വികസനത്തിൻറെയും ഒരു ഭ്രാന്തമായ മാതൃക പിന്തുടർന്ന മനുഷ്യസമൂഹം ആണെങ്കിൽ നമുക്ക് ഈ പ്രദേശവും ഇതുപോലെയുള്ള മറ്റിടങ്ങളിൽ നിന്നും ധാരാളം പഠിക്കാനുണ്ട്.
"ഒരു പക്ഷെ, ഞങ്ങൾ കുഴൽക്കിണറുകൾ മൂടി, മഴയെ ആശ്രയിച്ചുള്ള കൃഷിയിലേക്കു തിരിച്ചുവരണമായിരിക്കും," ഹിമാചൽ പറഞ്ഞു. "അത് വളരെ ബുദ്ധിമുട്ടാണ്."
കവർ ഫോട്ടോ: രാഹുൽ എം. / PARI
PARI-യുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ റിപ്പോർട്ടിങ് പ്രൊജക്റ്റ് ആ പ്രതിഭാസത്തെ സാധാരണക്കാരുടെ മൊഴികളിലൂടെയും അവരുടെ ജീവിതാനുഭവങ്ങളിലൂടെയും ചിത്രീകരിക്കാനുള്ള യൂഎൻഡിപി-പിന്തുണയുള്ള ഒരു സംരംഭത്തിൻറെ ഭാഗമാണ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണോ? ദയവായി [email protected], ഒരു കോപ്പി [email protected], എന്ന അഡ്രസ്സിലേക്കു മെയിൽ അയക്കുക.
പരിഭാഷ: ജ്യോത്സ്ന വി.