"പുഴയിൽ കൃഷി ചെയ്യുന്നതാണ് കൂടുതൽ സൗകര്യം - വിളവെടുപ്പ് കഴിയുമ്പോൾ വൈക്കോൽ ഉണ്ടാകില്ലെന്ന് മാത്രമല്ല ഇവിടെ കള വളരുകയുമില്ല."

റായ്പൂർ ജില്ലയിലെ നാഗ്രി പട്ടണത്തിന് സമീപമുള്ള ഫർസിയ ഗ്രാമത്തിൽനിന്ന് ഒഴുകിയെത്തുന്ന മഹാനദിയുടെ തടത്തിൽ കൃഷിചെയ്യുന്ന 50, 60 കർഷകരിൽ ഒരാളാണ് മഹാസമുന്ദ് ജില്ലയിലെ ഖോദാരി ഗ്രാമത്തിൽനിന്നുള്ള കുന്തി പാനെ. "പത്തുവർഷമായി ഞാൻ ഇത് ചെയ്യുന്നുണ്ട്. ഞാനും ഭർത്താവും ചേർന്ന് വെണ്ട, ബീൻസ്, തയ്ക്കുമ്പളം എന്നിവയാണ് ഇവിടെ വളർത്തുന്നത്," ആ 57 വയസ്സുകാരി പറയുന്നു.

പുല്ലുകൊണ്ട് നിർമ്മിച്ച താത്കാലിക കുടിലിലിരുന്നാണ് അവർ സംസാരിക്കുന്നത്; ഒരാൾക്ക് ഇരിക്കാനുള്ള വലിപ്പമുള്ളതും ചാറ്റൽമഴയെ പ്രതിരോധിക്കാൻ ബലമുള്ളതുമാണ് ആ കുടിൽ. അതിലുപരി, കൃഷിയിടത്തിൽ മേയാനെത്തുന്ന പശുക്കളിൽനിന്നും മറ്റ് മൃഗങ്ങളിൽനിന്നുമെല്ലാം വിളകളെ സംരക്ഷിക്കാനായി രാത്രികാലങ്ങളിൽ ഇവർ കാവൽ കിടക്കുന്നതും ഈ കുടിലിലാണ്.

മഹാനദിയ്ക്ക് കുറുകെയുള്ള പാലം റായ്പൂർ ജില്ലയിലെ പാരാഗാവ് ഗ്രാമത്തെയും മഹാസമുന്ദ് ജില്ലയിലെ ഖോദാരി ഗ്രാമത്തെയും ബന്ധിപ്പിക്കുന്നു. പാലത്തിൽനിന്ന് നോക്കിയാൽ പച്ചപ്പൊട്ടുകൾപോലെ തോന്നിക്കുന്നതെന്തോ പാലത്തിനടിയിലൂടെ ഒഴുകിനീങ്ങുന്ന കാഴ്ച കാണാം. ഇരുഗ്രാമങ്ങളിലെയും കർഷകർ നദീതീരത്തെ മൺതിട്ടകൾ പകുത്തെടുത്ത്, ഡിസംബർമുതൽ മേയ് അവസാനം മഴ എത്തുന്നതുവരെ അവിടെ കൃഷി ചെയ്തുപോരുന്നു.

Left : Farmers bathing in the river by their fields.
PHOTO • Prajjwal Thakur
Right: Kunti Pane sitting in front of her farm
PHOTO • Prajjwal Thakur

ഇടത്: കർഷകർ തങ്ങളുടെ കൃഷിയിടങ്ങൾക്ക് സമീപത്തുള്ള പുഴയിൽ കുളിക്കുന്നു. വലത്: കുന്തി പാനെ തന്റെ കൃഷിയിടത്തിന് മുൻപിൽ ഇരിക്കുന്നു

Watermelons (left) and cucumbers (right) grown here on the bed of the Mahanadi
PHOTO • Prajjwal Thakur
Watermelons (left) and cucumbers (right) grown here on the bed of the Mahanadi
PHOTO • Prajjwal Thakur

മഹാനദിയുടെ തടത്തിൽ വളർത്തുന്ന തണ്ണിമത്തനും (ഇടത്) കുമ്പളവും (വലത്)

"ഞങ്ങൾക്ക് ഗ്രാമത്തിൽ സ്വന്തമായി ഒരേക്കർ ഭൂമിയുണ്ട്," അവർ പറയുന്നു. എന്നാൽ ഇവിടെ കൃഷി ചെയ്യാനാണ് അവർ താത്പര്യപ്പെടുന്നത്.

"ഞങ്ങളുടെ ഒരു പാടത്തേക്ക് ആവശ്യമായ വളം, വിത്ത്, കൂലി, യാത്രാച്ചിലവ് എന്നിവയ്‌ക്കെല്ലാമായി 30,000 - 40,000 രൂപ ചിലവാകും. ഈ ചിലവെല്ലാം കഴിഞ്ഞ് കഷ്ടി 50,000 രൂപയാണ് ഞങ്ങളുടെ പക്കൽ ബാക്കിയുണ്ടാകുക," കുന്തി പറയുന്നു.

കുംഹാർ സമുദായാംഗമായ (ചത്തീസ്ഗഡിൽ ഒ.ബി.സി വിഭാഗമായി പരിഗണിക്കപ്പെടുന്നു) കുന്തി, തങ്ങളുടെ സമുദായത്തിന്റെ കുലത്തൊഴിൽ മൺപാത്ര നിർമ്മാണവും ശില്പകലയുമാണെന്ന് പറയുന്നു. ദീവാലി, പോല തുടങ്ങിയ വിശേഷാവസരങ്ങളിൽ കുന്തി മൺകലങ്ങൾ നിർമ്മിക്കാറുണ്ട്. "എനിക്ക് മൺപാത്ര നിർമ്മാണത്തിലാണ് കൂടുതൽ താത്പര്യമെങ്കിലും അത് വർഷം മുഴുവൻ ചെയ്യാനാകില്ല," അവർ കൂട്ടിച്ചേർക്കുന്നു. മഹാരാഷ്ട്രയിലെയും ചത്തീസ്ഗഢിലെയും കർഷകർ കൊണ്ടാടുന്ന ഉത്സവമാണ് പോല. കാളകൾക്കും പശുക്കൾക്കും ഏറെ പ്രാമുഖ്യം ലഭിക്കുന്ന ഈ ഉത്സവം കാർഷികവൃത്തിയിൽ അവയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നു. ഓഗസ്റ്റ് മാസത്തിലാണ് പോല ആഘോഷിക്കപ്പെടുന്നത്.

*****

ജഗദീഷ് ചക്രധാരി എന്ന 29 വയസ്സുകാരനായ ബിരുദധാരി റായ്പൂർ ജില്ലയിലെ ചുറ ബ്ലോക്കിൽ ഉൾപ്പെടുന്ന പാരാഗാവ് ഗ്രാമത്തിലുള്ള കരിങ്കൽ ക്വാറിയിൽ ജോലി ചെയ്യുകയാണ്. നാലുവർഷം മുൻപ് തന്റെ വരുമാനം വർധിപ്പിക്കാനായി അദ്ദേഹം നദീതടത്തിൽ കുടുംബത്തിന് സ്വന്തമായുള്ള ഭൂമിയിൽ ജോലി ചെയ്യാൻ തുടങ്ങി. വിദ്യാർത്ഥിയായിരുന്ന കാലംതൊട്ടേ കുടുംബത്തെ സഹായിക്കാനായി 250 രൂപ ദിവസക്കൂലിക്ക് അദ്ദേഹം ക്വാറിയിൽ പണിക്ക് പോകുന്നുണ്ട്.

Left: Jagdish Chakradhari sitting in his hut beside his farm.
PHOTO • Prajjwal Thakur
Right: Indraman Chakradhari in front of his farm
PHOTO • Prajjwal Thakur

ഇടത്: ജഗദീഷ് ചക്രധാരി തന്റെ കൃഷിയിടത്തിന് സമീപത്തുള്ള കുടിലിൽ ഇരിക്കുന്നു. വലത്: ഇന്ദ്രമാൻ ചക്രധാരി തന്റെ കൃഷിയിടത്തിന് മുൻപിൽ

Left: Indraman Chakradhari and Rameshwari Chakradhari standing on their field.
PHOTO • Prajjwal Thakur
Right: Muskmelon grown on the fields of Mahanadi river
PHOTO • Prajjwal Thakur

ഇടത്: ഇന്ദ്രമാൻ ചക്രധാരിയും രാമേശ്വരി ചക്രധാരിയും തങ്ങളുടെ കൃഷിയിടത്തിൽ നിൽക്കുന്നു. വലത്: മഹാനദിയിലെ കൃഷിയിടങ്ങളിൽ വളർത്തുന്ന തയ്ക്കുമ്പളം

അദ്ദേഹത്തിന്റെ അച്ഛൻ 55 വയസ്സുകാരനായ ശത്രുഘൻ ചക്രധാരി, അമ്മ 50 വയസ്സുകാരിയായ ദുലാരിഭായി ചക്രധാരി, സഹോദരി 18 വയസ്സുകാരിയായ തേജശ്വരി എന്നിവരും മഹാനദിയിലെ കൃഷിയിടങ്ങളിൽ ജോലിചെയ്യുകയാണ്. ചക്രധാരി കുടുംബവും കുംഹാർ സമുദായക്കാരാണെങ്കിലും അവർ മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെടാറില്ല. "അതിൽനിന്ന് എനിക്ക് കാര്യമായ വരുമാനം ലഭിക്കില്ല," ജഗദീഷ് പറയുന്നു.

കുംഹാർ സമുദായത്തിൽനിന്നുതന്നെയുള്ള ഇന്ദ്രമാൻ ചക്രധാരിയും പാരാഗാവ് സ്വദേശിയാണ്. ഉത്സവകാലങ്ങളിൽ ദുർഗാ ദേവിയുടെയും ഗണപതി ഭഗവാന്റെയും വിഗ്രഹങ്ങൾ കൊത്തിയെടുക്കുന്ന അദ്ദേഹം, ഈ ജോലിയിൽനിന്ന് തനിക്ക് ഒരുവർഷം ഒരു ലക്ഷം രൂപ സമ്പാദിക്കാനാകുമെന്ന് പറയുന്നു.

"എന്റെ മകനും എന്നെപ്പോലെ കർഷകനാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും ജോലിയിൽ പ്രവേശിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ അങ്ങനെ എന്തുവേണമെങ്കിലും അവനാകാം. പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ അവൻ കമ്പ്യൂട്ടർ പരിശീലിക്കുകയും ചെയ്യുന്നുണ്ട്. അവൻ എന്നെ കൃഷിയിടത്തിൽ സഹായിക്കുന്നുണ്ടെങ്കിലും ഇവിടത്തെ കൃഷിയിൽനിന്ന് കഷ്ടി ഒരാളുടെ വിശപ്പടക്കാനുള്ള വരുമാനമേ ലഭിക്കുകയുള്ളൂ," ഇന്ദ്രമാൻ പറയുന്നു.

അദ്ദേഹത്തിന്റെ ഭാര്യ രാമേശ്വരി ചക്രധാരി പാടത്ത് പണിയെടുക്കുന്നതിനൊപ്പം മൺപാത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹങ്ങൾ കൊത്തുകയും ചെയ്യുന്നുണ്ട്. "എന്റെ കല്യാണത്തിനുശേഷം, ഞാൻ ദിവസക്കൂലിയ്ക്ക് ജോലി ചെയ്തുവരികയായിരുന്നു. മറ്റൊരാൾക്കുവേണ്ടി ജോലി ചെയ്യുന്നതിന് പകരം സ്വന്തം താത്പര്യത്തിനനുസരിച്ച് ജോലി ചെയ്യാമെന്നതുകൊണ്ടുതന്നെ ഇവിടെ ജോലി ചെയ്യാനാണ് എനിക്ക് കൂടുതൽ ഇഷ്ടം."

Left: Indraman Chakradhari carrying the beans he has harvested from his field to his hut to store.
PHOTO • Prajjwal Thakur
Right: Rameshwari Chakradhari working in her field
PHOTO • Prajjwal Thakur

ഇടത്: ഇന്ദ്രമാൻ ചക്രധാരി തൻ വിളവെടുത്ത ബീൻസ് തന്റെ കുടിലിലേയ്ക്ക് സൂക്ഷിക്കാൻ കൊണ്ടുപോകുന്നു. വലത്: രാമേശ്വരി ചക്രധാരി അവരുടെ പാടത്ത് ജോലി ചെയ്യുന്നു


Left: Shatrughan Nishad in front of his farm.
PHOTO • Prajjwal Thakur
Right: Roadside shops selling fruits from the farms in Mahanadi river
PHOTO • Prajjwal Thakur

ഇടത്: ശത്രുഘൻ നിഷാദ് തന്റെ കൃഷിയിടത്തിന് മുന്നിൽ. വലത്: മഹാനദിയിലെ കൃഷിയിടങ്ങളിൽനിന്നുള്ള പഴങ്ങൾ വിൽക്കുന്ന വഴിയോരക്കടകൾ

മഹാസമുന്ദ് ജില്ലയിലെ ഖോദാരി ഗ്രാമത്തിൽനിന്നുള്ള ശത്രുഘൻ നിഷാദിന്റെ കുടുംബം മൂന്ന് തലമുറകളായി ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 50 വയസ്സുകാരനായ ആ കർഷകന് നദിയിൽ ഒരു ചെറിയ പ്രദേശം സ്വന്തമായുണ്ട്. "നേരത്തെ ഒരു മഹാരാഷ്ട്ര സ്വദേശി ഇവിടെ തണ്ണിമത്തനും തയ്ക്കുമ്പളവും കൃഷി  ചെയ്തിരുന്ന സമയത്ത് ഞങ്ങൾ അയാളുടെ പാടത്ത് ജോലി ചെയ്തിരുന്നു. പിന്നീട് ഞങ്ങൾ സ്വന്തമായി ചെയ്യാൻ തുടങ്ങി," അദ്ദേഹം പറയുന്നു.

"ഡിസംബറിൽ മണ്ണിൽ വളം ചേർത്ത് വിത്തിട്ടതിനു ശേഷം, ഫെബ്രുവരിയിൽ ഞങ്ങൾ വിളവെടുപ്പ് തുടങ്ങും," നാലുമാസം ഇവിടെ കാർഷികജോലികളിൽ വ്യാപൃതനാകുന്ന ശത്രുഘൻ പറയുന്നു.

സംസ്ഥാന തലസ്ഥാനമായ റായ്പൂരിലെ പച്ചക്കറി മൊത്തവിപണി-മണ്ഡി- 42 കിലോമീറ്റർ അകലെയാണ്. ബ്ലോക്ക് ആസ്ഥാനമായ അരാങ് കേവലം നാല് കിലോമീറ്റർ ദൂരത്താണെന്നതിനാൽ അവിടത്തെ അങ്ങാടിയിലേക്ക് പോകാനാണ് കർഷകർ താത്പര്യപ്പെടുന്നത്. ഈ പ്രദേശങ്ങളിലേക്ക് വിളവുകൾ കൊണ്ടുപോകുന്ന കർഷകർ അതിനാവശ്യമായ തട്ടുകളുടെ എണ്ണത്തിനനുസരിച്ചാണ് പണം നൽകുന്നത് - റായ്പൂരിലേയ്ക്ക് വിളകൾ കൊണ്ടുപോകുന്നതിന് തട്ടൊന്നിന്ന് 30 രൂപയാണ് നിരക്ക്.

മഹാനദിയിലെ പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ, ഇതുപോലെയുള്ള നിരവധി നദീതട കർഷകർ ടാർപ്പോളിനും മരത്തടിയുംകൊണ്ട് നിർമ്മിച്ച താത്കാലിക കടകളിൽ പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന കാഴ്ച നിങ്ങൾക്ക് കാണാം.

പരിഭാഷ: പ്രതിഭ ആർ.കെ .

Student Reporter : Prajjwal Thakur

پرجّول ٹھاکر، عظیم پریم جی یونیورسٹی میں انڈر گریجویٹ طالب علم ہیں۔

کے ذریعہ دیگر اسٹوریز Prajjwal Thakur
Editor : Riya Behl

ریا بہل، پیپلز آرکائیو آف رورل انڈیا (پاری) کی سینئر اسسٹنٹ ایڈیٹر ہیں۔ ملٹی میڈیا جرنلسٹ کا رول نبھاتے ہوئے، وہ صنف اور تعلیم کے موضوع پر لکھتی ہیں۔ ساتھ ہی، وہ پاری کی اسٹوریز کو اسکولی نصاب کا حصہ بنانے کے لیے، پاری کے لیے لکھنے والے طلباء اور اساتذہ کے ساتھ کام کرتی ہیں۔

کے ذریعہ دیگر اسٹوریز Riya Behl
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

کے ذریعہ دیگر اسٹوریز Prathibha R. K.