"ഞങ്ങളുടെ ജീവിതം ഒരു ചൂതുകളിയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങൾ ഞങ്ങൾ എങ്ങനെയാണ് കഴിഞ്ഞു കൂടിയെന്നത് ദൈവത്തിനു മാത്രമെ അറിയൂ”, വി. ധർമ്മ പറഞ്ഞു. "എന്‍റെ 47 വർഷത്തെ നാടൻ കലാ ജീവിതത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാത്രമാണ് ഭക്ഷണം കഴിക്കാൻ പോലും ഞങ്ങൾക്ക് ഒരു മാർഗ്ഗവും ഇല്ലാതിരുന്നത്.”
തമിഴ്‌നാട്ടിലെ മധുര നഗരത്തിൽ ജീവിക്കുന്ന ഭിന്നലിംഗ സ്ത്രീയായ 60-കാരി ധർമ്മ അമ്മ ഒരു നാടൻ കലാകാരിയാണ്. "ഞങ്ങൾക്ക് നിശ്ചിത ശമ്പളമില്ല”, അവർ കൂട്ടിച്ചേർത്തു. "ഈ കൊറോണയോടുകൂടി [മഹാമരി] ഞങ്ങൾക്ക് ജീവിക്കാനുണ്ടായിരുന്ന കുറച്ചവസരങ്ങൾ കൂടി ഇല്ലാതായി.”
ഒരു വർഷത്തെ ആദ്യ ആറ് മാസം ഭിന്നലിംഗ നാടൻ കാലാകാരെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ്. ഈ സമയത്ത് ഗ്രാമങ്ങൾ പ്രാദേശിക ഉത്സവങ്ങളും ക്ഷേത്രങ്ങൾ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. പക്ഷെ ലോക്ക്ഡൗൺ സമയത്ത് വലിയ കൂട്ടങ്ങൾ കൂടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് സംസ്ഥാനത്തെ ഭിന്നലിംഗ കലാകാരുടെമേൽ ഉണ്ടാക്കിയ ആഘാതം കടുത്തതാണ്. 60-കാരിയായ ധർമ്മ അമ്മയുടെ (അവരെ അങ്ങനെയാണ് വിളിക്കുന്നത്) കണക്കനുസരിച്ച് അവർ ഏകദേശം 500 പേരുണ്ട്. സ്റ്റേറ്റ് ഓർഗനൈസേഷൻ ഫോർ ട്രാൻസ് വിമൻ ഇൻ ഡ്രാമ ആൻഡ് ഫോൾക് ആർട്ട് എന്ന സംഘടനയുടെ സെക്രട്ടറിയാണവർ.
ധർമ്മ അമ്മ മധുര റെയിൽവേ സ്റ്റേഷനടുത്ത് ഒരു വാടകമുറിയിൽ ഒരു ബന്ധുവിനോടും അയാളുടെ രണ്ട് കുട്ടികളോടുമൊപ്പമാണ് താമസിക്കുന്നത്. ബന്ധു പൂക്കച്ചവടക്കാരനാണ്. മധുര നഗരത്തിൽ വളർന്ന അവര്‍ മറ്റ് ഭിന്നലിംഗ വ്യക്തികൾ ക്ഷേത്രങ്ങളിലും അടുത്തുള്ള ഗ്രാമങ്ങളിലും പരിപാടികൾ നടത്തുന്നത് കാണുമായിരുന്നു. മധുര നഗരത്തിൽ ദിവസ വേതന തൊഴിലാളികളായിരുന്നു അവരുടെ മാതാപിതാക്കൾ.
14-ാം വയസ്സിൽ അവർ പാട്ടുപാടാൻ തുടങ്ങിയതാണ്. "സമ്പന്നർ അവരുടെ കുടുംബങ്ങളിലെ ശവസംസ്കാര ചടങ്ങുകളിൽ പാടാൻ ഞങ്ങളെ ക്ഷണിക്കുമായിരുന്നു”, ധർമ്മ അമ്മ പറഞ്ഞു. (തന്‍റെ വിഭാഗത്തെപ്പറ്റി പറഞ്ഞപ്പോൾ തിരു നങ്കൈ എന്ന തമിഴ് വാക്കാണ് ഭിന്നലിംഗ വ്യക്തികൾക്കായി അവർ ഉപയോഗിച്ചത്). " ഒപ്പാരി [വിലാപഗാനം] പാടുന്നതിനും മാറടി പാട്ടിനും [നെഞ്ചത്തടി] ഞങ്ങൾക്ക് പണം കിട്ടുമായിരുന്നു. അങ്ങനെയാണ് ഞാൻ നാടൻ കലയിലേക്ക് തിരിഞ്ഞത്.”
ആ സമയങ്ങളിൽ 4 പേരുടെ സംഘമായ ഭിന്നലിംഗ കലാകാർക്ക് 101 രൂപ ലഭിക്കുമായിരുന്നു. 2020 മാർച്ചിൽ ലോക്ക്ഡൗൺ തുടങ്ങുന്നതുവരെ ഈ ജോലി ചെയ്യുന്നത് തുടർന്നു. ആ സമയം ആയപ്പോഴേക്കും ആൾക്ക് 600 രൂപവീതം ലഭിക്കുമായിരുന്നു.
1970’കളിൽ മുതിർന്ന കലാകാരിൽ നിന്നും അവർ താലാട്ടും [താരാട്ട്] നാട്ടുപുര പാട്ടും [നാടൻ പാട്ടുകൾ] പഠിച്ചു. കാലങ്ങൾ കൊണ്ട് പരിപാടികൾ വീക്ഷിച്ച് രാജാറാണി ആട്ടത്തിൽ അവർ റാണിയുടെ വേഷം കെട്ടാനും തുടങ്ങി. തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിൽ ഉത്സവ സമയങ്ങളിൽ കളിക്കുന്ന ഒരു പരമ്പരാഗത നൃത്ത-നാടകമാണത്.
"1970’കളിൽ മധുരയിൽ രാജാവും റാണിമാരും വിദൂഷകനുമായി വേഷംകെട്ടി [ഈ നൃത്ത-നാടകത്തിലെ] നാല് കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നത് ആണുങ്ങൾ തന്നെയായിരുന്നു”, ധർമ്മ അമ്മ ഓർമ്മിച്ചെടുത്തു. മറ്റു മൂന്നുപേരുമായി ചേർന്ന് ഒരു സംഘമുണ്ടാക്കി ഭിന്നലിംഗ സ്ത്രീകളുടേതായ ആദ്യത്തെ രാജാറാണി ആട്ടം ഒരു ഗ്രാമത്തിൽ തങ്ങള്‍ നടത്തിയെന്ന് അവർ പറഞ്ഞു.
പ്രാദേശിക തലത്തിലുള്ള അദ്ധ്യാപകരുടെ സഹായത്തോടെ അവർ കരഗാട്ടവും പഠിച്ചു. കുടം തലയിൽ വച്ച് തുലനം പാലിച്ച് കളിക്കുന്ന ഒരു നൃത്തമാണ് ഇത്. "സാംസ്കാരിക പരിപാടികളിൽ, സർക്കാർ സംഘടിപ്പിച്ച പരിപാടികളിൽ പോലും, പ്രകടനം നടത്താൻ ഇതെനിക്ക് അവസരം നൽകി”, അവർ പറഞ്ഞു.
പിന്നീടവർ തന്‍റെ കഴിവ് മാട് ആട്ടം (പശുവിനെപ്പോലെ വേഷംകെട്ടി നാടന്‍പാട്ടുകൾക്ക് ചുവട് വയ്ക്കുന്നു), മയിലാട്ടം (മയിലിനെപ്പോലെ വേഷംകെട്ടി ചെയ്യുന്നത്), പൊയ്ക്കാൽ കുതിരൈ ആട്ടം (കൃതിമക്കാലുകളുളള കുതിരയുടെ നൃത്തം) എന്നിങ്ങനെയുള്ള മറ്റ് കലാരൂപങ്ങളിലേക്കും വികസിപ്പിച്ചു. തമിഴ്‌നാട്ടിലുടനീളം നിരവധി ഗ്രാമങ്ങളിൽ ഇവ അവതരിപ്പിച്ചു. “മുഖത്ത് [ടാൽക്കം] പൗഡർ പൂശി രാത്രി 10 മണിക്ക് ഞങ്ങൾ തുടങ്ങുന്ന പരിപാടി അടുത്ത ദിവസം രാവിലെ 4 അല്ലെങ്കിൽ 5 മണിയാകാതെ ഞാൻ നിർത്തില്ല”, ധർമ്മ അമ്മ പറഞ്ഞു.
ഏറ്റവും തിരക്കേറിയ ജനുവരി മുതൽ ജൂൺ-ജൂലൈ വരെയുള്ള സമയത്ത് പല ക്ഷണങ്ങളിൽ നിന്നുമായി പല സ്ഥലങ്ങളിൽവച്ച് മാസം 8,000 മുതൽ 10,000 രൂപവരെ അവർക്ക് ലഭിക്കുമായിരുന്നു. വർഷത്തിൽ അവശേഷിക്കുന്ന സമയത്ത് പ്രതിമാസം 3,000 രൂപവരെ ഉണ്ടാക്കാൻ ധർമ്മ അമ്മയ്ക്ക് പറ്റുമായിരുന്നു.
മഹാമാരി മൂലമുള്ള ലോക്ക്ഡൗൺ അതെല്ലാം മാറ്റിമറിച്ചു. "തമിഴ്‌നാട് ഇയൽ ഇശൈ നാടക മൺറത്തിൽ അംഗമായിരുന്നതുപോലും ഒരുകാര്യത്തിലും പ്രയോജനപ്പെട്ടില്ല”, അവർ പറഞ്ഞു. ഇത് (തമിഴ്‌നാട് സെന്‍റർ ഫോർ മ്യൂസിക്, ഡാൻസ്, ഡ്രാമ, ആൻഡ് ലിറ്ററേച്ചർ) സംസ്ഥാനത്തിന്‍റെ ഡയറക്ടറേറ്റ് ഓഫ് ആർട്ട് ആൻഡ് കർച്ചറിന്‍റെ ഒരു ഘടകമാണ്. "സ്ത്രീ-പുരുഷ നാടൻ കാലാകാർക്ക് എളുപ്പത്തിൽ പെൻഷന് അപേക്ഷിക്കാൻ പറ്റുമ്പോൾ ഭിന്നലിംഗത്തിൽപ്പെട്ട വ്യക്തികൾക്ക് ഇത് വളരെ ബുദ്ധിമുട്ടാണ്. എന്‍റെ അപേക്ഷകൾ നിരവധി തവണ തള്ളിക്കളഞ്ഞു. ഉദ്യോഗസ്ഥർ എന്നോട് ശുപാർശകൾ കൊണ്ടുവരാൻ പറഞ്ഞു. അത് ആരുടെ അടുത്തു നിന്നും വേണമെന്ന് എനിക്കറിയില്ല. എന്തെങ്കിലും ആനുകൂല്യം ലഭിച്ചിരുന്നെങ്കിൽ ബുദ്ധിമുട്ടേറിയ സമയങ്ങളിൽ എനിക്ക് സഹായകരമാകുമായിരുന്നു. റേഷൻ അരിയാണ് ഞങ്ങൾ പാചകത്തിന് ഉപയോഗിക്കുന്നത്. പച്ചക്കറികൾ വാങ്ങാൻ പോലും പണമില്ല.”
*****
മധുര നഗരത്തിൽ നിന്നും 10 കിലോമീറ്ററിൽ താഴെ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന വിളാങ്കുടി പട്ടണത്തിലുള്ള മാഗിയും സമാനമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കുന്നു. കഴിഞ്ഞവർഷം വരെ മധുര ജില്ലയിലും മറ്റു ജില്ലകളിലും വരുമാനത്തിനായി കുമ്മിപ്പാട്ട് പാടി സഞ്ചരിക്കുമായിരുന്നു. വിതച്ചതിനുശേഷം വിത്ത് മുളയ്ക്കുന്നതുമായി ബന്ധപ്പെട്ട ഈ പരമ്പരാഗത ഗാനങ്ങൾ പാടുന്ന, ജില്ലയിൽ നിന്നുള്ള, കുറച്ച് ഭിന്നലിംഗ സ്ത്രീകളിലൊരാളാണ് അവർ.
"ഭിന്നലിംഗത്തിൽപ്പെട്ട സ്ത്രീ ആയതിനാൽ എനിക്ക് വീട്ടിൽനിന്നും പോരേണ്ടി വന്നു. മധുര പട്ടണത്തിൽ ആണ് അവരുടെ വീട് (മാതാപിതാക്കൾ അടുത്ത ഗ്രാമങ്ങളിൽ കർഷക തൊഴിലാളികളായിരുന്നു).” 30 -കാരിയായ മാഗി (അവർ ഉപയോഗിക്കുന്ന പേര്) പറഞ്ഞു. "ആ സമയത്ത് എനിക്ക് 22 വയസ്സായിരുന്നു. ഒരു സുഹൃത്ത് എന്നെ മുലൈപാറി ഉത്സവത്തിന് കൊണ്ടുവന്നു. അവിടെവച്ചാണ് ഞാൻ കുമ്മിപ്പാട്ട് പഠിക്കാൻ തുടങ്ങിയത്.”
മാഗി പറഞ്ഞത് തന്‍റെ വിഭാഗത്തിലുള്ള ഏകദേശം 25 പേരോടൊപ്പം താമസിക്കുന്ന വിളാങ്കുടി തെരുവിൽ രണ്ടുപേർ മാത്രമെ കുമ്മിപ്പാട്ട് പാടുകയുള്ളൂ എന്നാണ്. തമിഴ്‌നാട്ടിൽ എല്ലാ വർഷവും ജൂലൈ മാസത്തിൽ ആഘോഷിക്കുന്ന ദശദിന മുലൈപാറി ഉത്സവത്തിലെ ഒരു പ്രാർത്ഥനയാണ് ഈ പാട്ട് – മഴയ്ക്കും മണ്ണിന്‍റെ ഫലപുഷ്ടിക്കും നല്ല വിളവിനും വേണ്ടി ഗ്രാമത്തിലെ ദേവതമാർക്കുള്ള വഴിപാട്. "ഉത്സവത്തിൽ നിന്നും ഞങ്ങൾക്ക് കുറഞ്ഞത് 4,000-5,000 രൂപ ലഭിക്കുന്നു”, മാഗി പറഞ്ഞു. "ക്ഷേത്രങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാനായി ഞങ്ങൾക്ക് മറ്റു ചില അവസരങ്ങളും ലഭിക്കാറുണ്ട്. പക്ഷെ അത് ഉറപ്പുള്ളതല്ല.”
പക്ഷെ ഉത്സവം 2020 ജൂലൈയിലും നടന്നില്ല, ഈ മാസവും നടന്നില്ല. കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ മാഗി മറ്റു പരിപാടികൾക്കായി വളരെ കുറച്ചെ യാത്ര ചെയ്തിട്ടുള്ളൂ. "ഈ വർഷം ലോക്ക്ഡൗണിന് തൊട്ടുമുൻപ് മധുരയിലെ ഒരു ക്ഷേത്രത്തിൽ മൂന്നുദിവസം [മാർച്ച് മദ്ധ്യത്തിൽ] പരിപാടി അവതരിപ്പിക്കാൻ ഞങ്ങൾക്കൊരവസരം ലഭിച്ചു”, അവർ പറഞ്ഞു.
ജൂലൈയിൽ ക്ഷണങ്ങളും പരിപാടികളുമൊക്കെ അസാനിക്കുമ്പോൾ ആ വർഷത്തെ ബാക്കി സമയത്ത് മാഗിക്കും സഹപ്രവർത്തകർക്കും കുറഞ്ഞ തൊഴിലവസരമാണ് ലഭിക്കുക.
കഴിഞ്ഞവർഷം ലോക്ക്ഡൗൺ തുടങ്ങിയതിൽപ്പിന്നെ സന്നദ്ധ പ്രവർത്തകർ ഭിന്നലിംഗ കലാകാർക്ക് കുറച്ചുതവണ റേഷൻ നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. മാഗിയും ഡയറക്ടറേറ്റ് ഓഫ് ആർട്ട് ആൻഡ് കൾച്ചറിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുകാണ്ട് ഈ വർഷം മെയ്മാസം അവർക്ക് സർക്കാരിൽനിന്നും 2,000 രൂപ ലഭിച്ചു. " മറ്റ് നിരവധിപേർക്ക് അത് കിട്ടിയില്ല എന്നത് നിർഭാഗ്യകരമാണ്”, അവർ പറഞ്ഞു.
തിരക്ക് കൂടുതലുള്ള മാസങ്ങൾ ആയിരുന്നിട്ടും ലോക്ക്ഡൗണുകൾക്ക് മുൻപ് ക്ഷണം കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്ന് മാഗി പറഞ്ഞു. “കൂടുതൽ പുരുഷന്മാരും സ്ത്രീകളും കുമ്മി പാട്ടുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. അമ്പലത്തിലെ പരിപാടികളില്‍ അവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നു. നിരവധി സ്ഥലങ്ങളിൽ ഭിന്നലിംഗക്കാർ എന്ന നിലയിൽ ഞങ്ങൾ വിവേചനം നേരിട്ടിട്ടുണ്ട്. നേരത്തെ ഇത് നാടൻ കലാകാരിലേക്ക് ഒതുങ്ങിയിരുന്നു. ഭിന്നലിംഗ സ്ത്രീകളും ഈ രംഗത്തുണ്ടായിരുന്നു. പക്ഷെ അത് കൂടുതൽ ജനകീയമാകാന്‍ തുടങ്ങിയതോടെ ഞങ്ങളുടെ അവസരങ്ങൾ കുറയാൻ തുടങ്ങി.
*****
മധുര ജില്ലയിൽ നിന്നും 100 കിലോമീറ്റർ മാറി പുതുക്കോട്ടൈ ജില്ലയിലെ വിരാളിമലൈ പട്ടണത്തിലുള്ള വർഷയും 15-ലധികം മാസങ്ങളായി ബുദ്ധിമുട്ട് നേരിടുകയാണ്. അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻപോലും പണമില്ലാത്തതിനാൽ അവർ ഇളയ സഹോദരനെ ആശ്രയിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയുള്ള സഹോദരൻ പ്രദേശത്തെ ഒരു കമ്പനിയിൽ ജോലി നോക്കുന്നു.
മധുരൈ കാമരാജ് സർവ്വകലാശാലയിൽ നാടൻ കലയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന 29-കാരിയായ വർഷ മഹാമാരിക്ക് മുൻപ് ഉത്സവങ്ങളിലും ക്ഷേത്രങ്ങളിലും നാടോടി നൃത്തം ചെയ്ത് വരുമാനം നേടുമായിരുന്നു. പകൽ പഠനവും രാത്രി നൃത്തവും ചെയ്തിരുന്ന അവർ ഒരുദിവസം 2-3 മണിക്കൂറായിരുന്നു വിശ്രമിക്കുന്നത്.
അവർ പറഞ്ഞത് അവരാണ് കട്ടക്കൽ ആട്ടം നടത്തുന്ന ആദ്യ ഭിന്നലിംഗ സ്ത്രീ എന്നാണ് (പ്രാദേശിക പത്രങ്ങളിൽ ഇക്കാര്യം പറയുന്ന ലേഖനങ്ങൾ അവർ എനിക്കയച്ചു തന്നു). നീളമുള്ള രണ്ട് തടിക്കാലുകൾ പിടിപ്പിച്ചിട്ട് സംഗീതത്തിനനുസരിച്ച് അവർ ഈ നൃത്തം ചെയ്യുന്നു. ഈ നൃത്തത്തിൽ ശാരീരിക തുലനം പാലിക്കുന്നതിന് വളരെയധികം പരിചയവും വൈദഗ്ദ്യവും ആവശ്യമുണ്ട്.
വർഷയുടെ കഴിവ് തപ്പാട്ടം പോലെയുള്ള മറ്റു നൃത്ത രൂപങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. പ്രധാനമായും ദളിതർ കൊട്ടുന്ന പരമ്പരാഗത വാദ്യമായ തപ്പിന്‍റെ താളത്തിനനുസരിച്ച് നർത്തകർ ചെയ്യുന്ന നൃത്തമാണിത്. പക്ഷെ ദൈവിക നടനമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അവർ പറയുന്നു. തമിഴ് നാട്ടിലെ അറിയപ്പെടുന്ന നാടോടി കലാകാരിയാണവർ. പ്രമുഖ തമിഴ് ടെലിവിഷൻ ചാനലുകളിൽ അവരുടെ പരിപാടികൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. പ്രദേശിക സംഘടനകളാൽ അവർ ആദരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പരിപാടികൾ അവതരിപ്പിക്കാനായി ബെംഗളുരു, ചെന്നൈ, ഡൽഹി എന്നിവ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ യാത്രചെയ്തിട്ടുണ്ട്.
ഭിന്നലിംഗ കാലാകാരികളുടെ സംഘമെന്ന നിലയില്‍ 2018-ൽ രൂപീകരിച്ച അർദ്ധനാരി കലൈ കുഴുവിന്‍റെ സ്ഥാപകാംഗമാണ് വർഷ (ആ പേര്‍ ഉപയോഗിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്). മധുര ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായി അതിന്‍റെ 7 അംഗങ്ങൾ താമസിക്കുന്നു. ഒന്നും രണ്ടും കോവിഡ് തരംഗങ്ങൾക്കു മുൻപ്, ജനുവരി മുതൽ ജൂൺ വരെയുള്ള സമയങ്ങളിൽ, കുറഞ്ഞത് 15 പരിപാടികൾക്കു വേണ്ടിയെങ്കിലും അവരെ വിളിക്കുമായിരുന്നു. "ഞങ്ങൾക്ക് മാസം 10,000 രൂപ [ഓരോരുത്തർക്കും] ഉണ്ടാക്കാൻ പറ്റുമായിരുന്നു”, വർഷ പറഞ്ഞു.
"എന്‍റെ കലയാണ് എന്‍റെ ജീവിതം”, അവർ കൂട്ടിച്ചേർത്തു. "പരിപാടികൾ അവതരിപ്പിക്കുമ്പോൾ മാത്രമെ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ കിട്ടൂ. ആദ്യത്തെ 6 മാസം കൊണ്ട് ഞങ്ങൾ ഉണ്ടാക്കുന്ന പണംകൊണ്ട് വേണം അടുത്ത 6 മാസം ഞങ്ങൾക്ക് കഴിഞ്ഞുകൂടാന്‍.” ലഭിക്കുന്ന പണംകൊണ്ട് ഇവർക്കും മറ്റ് ഭിന്നലിംഗ സ്ത്രീകൾക്കും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമെ സാധിക്കൂ. "പണം ഒരിക്കലും സമ്പാദിച്ചു വയ്ക്കാൻ പറ്റില്ല", അവർ പറഞ്ഞു. "സമ്പാദിക്കാൻ ബുദ്ധിമുട്ടാണ്, എന്തുകൊണ്ടെന്നാൽ ചമയങ്ങൾ, യാത്ര, ഭക്ഷണം എന്നിവയ്ക്കെല്ലാം ഞങ്ങൾ പണം കണ്ടെത്തണം. വായ്പകൾക്കായി പഞ്ചായത്ത് ഓഫീസുകളെ സമീപിക്കുമ്പോൾ ഞങ്ങളുടെ അപേക്ഷകൾ നിരസിക്കുന്നു. ഒരു ബാങ്കിൽ നിന്നും ഞങ്ങൾക്ക് വായ്പകൾ ലഭ്യമാകില്ല [ആവശ്യമായ രേഖകൾ ഇല്ലാതെ]. 100 രൂപയ്ക്ക് പോലും പരിപാടികൾ അവതരിപ്പിക്കേണ്ട അവസ്ഥയിലാണ് ഞങ്ങൾ.”
വർഷ അവരുടെ ഭിന്നലിംഗ സ്വത്വത്തെക്കുറിച്ച് ബോധവതിയായത് 10 വയസ്സുള്ളപ്പോൾ 5-ാം ക്ലാസ്സിൽ വച്ചാണ്. ആദ്യമായി വേദിയിൽ നാടോടിനൃത്തം ചെയ്തത് 12-ാം വയസ്സിലും - പ്രാദേശിക ഉത്സവങ്ങളുടെ സമയത്ത് പരിപാടികൾ കണ്ടാണ് പഠിച്ചത്. ഔപചാരികമായ പരിശീലനം അവർക്ക് ലഭിച്ചത് നാടൻകലകൾ പഠിക്കാനായി സർവ്വകലാശാലയിൽ ചേർന്നപ്പോഴാണ്.
“എന്‍റെ കുടുംബം എന്നെ സ്വീകരിക്കാൻ വിസമ്മതിച്ചു, 17-ാം വയസ്സിൽ എനിക്ക് വീട് വിടേണ്ടിവന്നു. നാടൻ കലയോടുള്ള എന്‍റെ അതിയായ താത്പര്യം മാത്രമാണ് കുടുംബത്തിന് എന്നെ [ക്രമേണ] സ്വീകാര്യയാക്കിയത്.” വർഷ അവരുടെ അമ്മയോടും (നേരത്തെ കർഷക തൊഴിലാളി ആയിരുന്നു) ഇളയ സഹോദരനോടുമൊപ്പം വിരാളിമലൈ ഗ്രാമത്തിലാണ് ജീവിക്കുന്നത്.
"കഴിഞ്ഞ രണ്ടുവർഷമായി ഞാൻ വീട്ടിലിരിക്കുന്നു [2020 മാർച്ചിൽ ലോക്ക്ഡൗൺ തുടങ്ങിയതുമുതൽ]. ആരുടെയടുത്തുനിന്നും [സുഹൃത്തുക്കൾ ഒഴികെ] ഒരു സഹായവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. സഹായംതേടി ഞാൻ എൻ.ജി.ഓ.കളെയും വ്യക്തികളെയും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഞങ്ങളെ സഹായിക്കാൻ പറ്റിയവർക്കുപോലും ഈ വർഷം അതിനു കഴിഞ്ഞില്ല”, അവർ പറഞ്ഞു. "സർക്കാരിൽനിന്നും ഭിന്നലിംഗ സ്ത്രീ കലാകാരികൾക്ക് ഇതുവരെ ഒരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തേതു പോലെ ഈ വർഷവും ഒരു ഒരു ജോലിയുമില്ലാതെ ഞങ്ങളുടെ കാര്യം ഞങ്ങൾതന്നെ നോക്കണം. ഞങ്ങൾ അദൃശ്യരായി അവശേഷിക്കുന്നു.”
ഈ ലേഖനത്തിനുവേണ്ട വിവരങ്ങൾ ശേഖരിച്ചത് ഫോൺ സംസാരത്തിലൂടെയാണ്.
പരിഭാഷ: റെന്നിമോന്‍ കെ. സി.