“എന്താണ് അവസാനം അവളുടെ മരണത്തിന് കാരണമായതെന്ന് എനിക്കറിയില്ല, പക്ഷെ അര്‍ഹിച്ച ശ്രദ്ധ അവള്‍ക്ക് കിട്ടിയില്ല എന്നറിയാം”, തന്റെ സഹോദരിയുടെ മരണത്തെക്കുറിച്ച് സുഭാഷ് കബാഡെ പറഞ്ഞു.
മഹാരാഷ്ട്രയിലെ ബീഡ് നഗരത്തിലെ സിവില്‍ ആശുപത്രിയില്‍ വച്ച് തന്റെ സഹോദരി ലത സുര്വാസേ മരിക്കുന്നതിന് മുമ്പുള്ള രാത്രി അത്യാവശ്യമുള്ള രണ്ട് കുത്തിവയ്പ്പുകള്‍ ഡോക്ടര്‍ അവര്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു. അതേത്തുടര്‍ന്ന് സുഭാഷ് പുറത്തെ മെഡിക്കല്‍ സ്റ്റോറിലേക്ക് ഓടുകയും മിനിറ്റുകള്‍ക്കകം കുത്തിവയ്പ്പിനുള്ള മരുന്നുകളുമായി തിരിച്ചെത്തുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും ഡോക്ടര്‍ പോയിരുന്നു.
“ഒരുപാട് രോഗികളെ നോക്കാനുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം അടുത്ത വാര്‍ഡിലേക്ക് പോയി”, 25-കാരനായ സുഭാഷ് പറഞ്ഞു. “സഹോദരിക്ക് കുത്തിവയ്പ്പ് നല്കാന് നഴ്സിനോട് ഞാന്‍ പറഞ്ഞു. പക്ഷെ ലതയുടെ ഫയല്‍ നോക്കിയിട്ട് അവയെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് അവര്‍ പറഞ്ഞു. കുറച്ചു മിനിറ്റുകള്‍ക്ക് മുന്‍പ് മാത്രമാണ് അവ നിര്‍ദ്ദേശിച്ചതെന്നും അതുകൊണ്ട് അവ ഫയലില്‍ കാണില്ലെന്നും അവരോട് പറയാന്‍ ഞാന്‍ ശ്രമിച്ചു.
പക്ഷെ ആദ്ദേഹം പറഞ്ഞത് നഴ്സ് ശ്രദ്ധിച്ചില്ല. കുത്തിവയ്പ് നല്‍കണമെന്ന് ഭ്രാന്തമായി യാചിച്ചപ്പോള്‍ “വാര്‍ഡിന്റെ ചുമതലയുള്ളയാള്‍ സുരക്ഷാ ജീവനക്കാരെ വിളിക്കുമെന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി”, സുഭാഷ് പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഏതാണ്ട് ഒരു മണിക്കൂര്‍ രോഗിക്ക് കുത്തിവയ്പുകള്‍ നല്കുന്നതിനു മുന്‍പ് നഷ്ടപ്പെട്ടു.
ലത അടുത്ത ദിവസം രാവിലെ മെയ് 14-ന് മരിച്ചു. ഏപ്രില്‍ 23-ന് കോവിഡ്-19 പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ തെളിഞ്ഞ അന്നുമുതല്‍ അവര്‍ ആശുപത്രിയില്‍ ആയിരുന്നു. “രോഗമുക്തിയുടെ ലക്ഷണങ്ങള്‍ അവര്‍ പലപ്പോഴും കാണിച്ചിരുന്നു”, ബീഡ് നഗരത്തില്‍ വക്കീലായ സുഭാഷ് പറഞ്ഞു. കുത്തിവയ്പ്പുകള്‍ സമയത്തുതന്നെ എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ അവരുടെ ജീവന് രക്ഷിക്കാന്‍ പറ്റുമായിരുന്നു എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഉറപ്പൊന്നുമില്ല. പക്ഷെ, ആശുപത്രിയില്‍ ജീവനക്കാര്‍ വളരെ കുറവാണെന്ന കാര്യത്തില്‍ അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. “അത് രോഗികളെ ബാധിക്കുന്നു”, അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ചില്‍ തുടങ്ങിയ കോവിഡ്-19 രണ്ടാം തരംഗത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം ഗ്രാമീണ ഇന്ത്യയിലെ അമിതഭാരം വഹിക്കുന്ന പൊതുആരോഗ്യ സംവിധാനങ്ങളെ വ്യക്തമായി കാണിച്ചുതരുന്നുണ്ട്. ജീവനക്കാര്‍ കുറഞ്ഞ ആശുപത്രികള്‍, ജോലി ചെയ്തുതളര്‍ന്ന ജീവനക്കാര്‍, മികച്ച ചികിത്സ ലഭിക്കാത്ത രോഗികള്‍ എന്നിവ ഗ്രാമപ്രദേശളില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിക്കുന്ന വൈദ്യ പരിചരണത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നു.
മറാത്ത്വാഡയിലുള്ള ബീഡില്‍ രണ്ടാം തരംഗത്തിന്റെ ആഘാതം വളരെ കടുത്തതായിരുന്നു. കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, കാര്‍ഷിക പ്രതിസന്ധി എന്നിവമൂലം നേരത്തെതന്നെ വലയുന്ന ഒരു പ്രദേശമാണ് മറാത്ത്വാഡ. ജൂണ്‍ 25 വരെയുള്ള കാലയളവില്‍ 92,400 പോസിറ്റീവ് കേസുകളും 2,500-നടുത്ത് മരണങ്ങളും ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം തരംഗം അതിന്റെ പാരമ്യത്തില്‍ എത്തിയപ്പോഴാണ് കേസുകളുടെ എണ്ണം വളരെവേഗം ഉയരാന്‍ തുടങ്ങിയത് - ഏപ്രില്‍ 1-ന് 26,400 കേസുകള്‍ രേഖപ്പെടുത്തിയ സ്ഥാനത്ത് മെയ് 31 ആയപ്പോള്‍ 87,400-ലധികം കേസുകള്‍ രേഖപ്പെടുത്തി. കേസുകളുടെ ആധിക്യം കാരണം ബീഡിലെ ആരോഗ്യരക്ഷാ സംവിധാനം തകര്‍ന്നു.
സൗജന്യ ആരോഗ്യ പരിചരണം ലഭിക്കും എന്നതുകൊണ്ട് ബീഡിലെ മിക്ക ആളുകളും പൊതു ആരോഗ്യ സംവിധാനങ്ങളെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. സുദീര്‍ഘമായ കാര്‍ഷിക പ്രതിസന്ധി ഈ ജില്ലയെ ദാരിദ്ര്യത്തിലും ദുരിതത്തിലുമാക്കി എന്നതാണ് ഇതിന്റെ പ്രത്യേകിച്ചുള്ള കാരണം. 26 ലക്ഷത്തിലധികം ജനങ്ങളുള്ള ഈ ജില്ല പ്രധാനമായും കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്നു.
ജില്ലയില്‍ ആകെയുള്ള 81 കോവിഡ് പരിചരണ കേന്ദ്രങ്ങളില്‍ മൂന്നെണ്ണം ഒഴിച്ച് ബാക്കിയെല്ലാം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതാണ്. ചെറിയ ലക്ഷണങ്ങളുള്ള രോഗികളെ ആദ്യം അയയ്ക്കുന്നത് ഇവിടേക്കാണ്. അവിടെ സുഖം പ്രാപിക്കാത്ത രോഗികളെ സമര്‍പ്പിത കോവിഡ് ആരോഗ്യ കേന്ദ്രത്തിലേക്ക് (Dedicated Covid Health Centre) അഥവാ ഡി.സി.എച്.സി. (DCHC) യിലേക്ക് മാറ്റുന്നു. ജില്ലയില്‍ 45 ഡി.സി.എച്.സി.കള്‍ ഉണ്ട്. പക്ഷെ അവയില്‍ 10 എണ്ണം മാത്രമാണ് സംസ്ഥാനം നടത്തുന്നത്. ഗുരുതരമായ കേസുകളില്‍ പെട്ടവരെ ചികിത്സിക്കുന്ന 48 സമര്‍പ്പിത കോവിഡ് ആശുപത്രികളില്‍ (Dedicated Covid Hospitals) 5 എണ്ണം ഭരണകൂടം കൈകാര്യം ചെയ്യുന്നതാണ്.
എന്നിരിക്കിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ജീവനക്കാര്‍ തീര്‍ത്തും കുറവാണ്.
കോവിഡ് രണ്ടാം തരംഗത്തിന്റെ പാരമ്യത്തില്‍ പോലും സര്‍ക്കാര്‍ നടത്തുന്ന ബീഡിലെ കോവിഡ് കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ആരോഗ്യ സുരക്ഷാ ജീവനക്കാര്‍ ഇല്ലായിരുന്നു. ജില്ലാ ഭരണകൂടം താത്കാലിക ജീവനക്കാരുടെ നിയമനത്തെ അംഗീകരിച്ചിരുന്നു. പക്ഷെ നിരവധി ഒഴിവുകളും നികത്തപ്പെട്ടിരുന്നില്ല.
ജില്ലാ ആരോഗ്യ ഓഫീസറായ രാധാകൃഷ്ണ പവാര്‍ പറഞ്ഞത് അംഗീകാരം നല്കിയ 33 ഡോക്ടര്‍മാരുടെ തസ്തികകളില്‍ 9 എണ്ണത്തില്‍ മാത്രമാണ് നിയമനം നടത്തിയത് എന്നാണ്. അനസ്തേറ്റിസ്റ്റുകളുടെ 21 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. 1,322 സ്റ്റാഫ് നഴ്സുമാരുടെയും 1,004 ‘വാര്‍ഡ് ബോയ്’കളുടെയും (വാര്‍ഡ് അസിസ്റ്റന്റുമാര്‍) പോസ്റ്റുകളില്‍ യഥാക്രമം 448-ഉം 301-ഉം എണ്ണംവീതം നികത്തപ്പെട്ടിട്ടില്ല.
16 വിഭാഗങ്ങളിലായി ആകെ അംഗീകരിക്കപ്പെട്ട 3,194 സ്ഥാനങ്ങളില്‍ 34 ശതമാനം - 1,085 പോസ്റ്റുകള്‍ - ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് നിലവിലുള്ള ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു.
രണ്ടാം തരംഗം അതിന്റെ പാരമ്യത്തില്‍ എത്തിയപ്പോഴാണ് കേസുകളുടെ എണ്ണം വളരെവേഗം ഉയരാന്‍ തുടങ്ങിയത് - ഏപ്രില്‍ 1-ന് 26,400 കേസുകള്‍ രേഖപ്പെടുത്തിയ സ്ഥാനത്ത് മെയ് 31 ആയപ്പോള്‍ 87,400-ലധികം കേസുകള്‍ രേഖപ്പെടുത്തി. കേസുകളുടെ ആധിക്യം കാരണം ബീഡിലെ ആരോഗ്യരക്ഷാ സംവിധാനം തകര്‍ന്നു.
അങ്ങനെ 38-കാരനായ ബാബാസാഹേബ് കദമിന് ബീഡ് സിവില്‍ ആശുപത്രിയില്‍ ഒരു വെന്റിലേറ്റര്‍ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളാണ് പൊതുആശുപത്രിയുടെ സ്റ്റോറേജ് മുറിയില്‍നിന്നും വാര്‍ഡിലേക്ക് ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുവന്നത്. “അദ്ദേഹത്തിന്റെ ഓക്സിജന്‍നില താഴ്ന്നപ്പോള്‍ ജീവനക്കാരിലാരും അടുത്തുണ്ടായിരുന്നില്ല”, 33-കാരിയായ ഭാര്യ ജ്യോതി പറഞ്ഞു. “അദ്ദേഹത്തിന്റെ സഹോദരനാണ് തോളില്‍ സിലിണ്ടര്‍ ചുമന്നുകൊണ്ടു വന്നത്. വാര്‍ഡ് അസിസ്റ്റന്റ് അത് ഉറപ്പിച്ചു നിര്‍ത്തി.”
പക്ഷെ ബാലാസാഹേബ് അതിജീവിച്ചില്ല. നഗരത്തില്‍നിന്നും 30 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന യേലാംബ്ഘാട് ഗ്രാമത്തിന്റെ ഡെപ്യൂട്ടി സര്‍പഞ്ച് ആയിരുന്ന ബാലാസാഹേബ് “മിക്കപ്പോഴും തന്നെ പുറത്തായിരുന്നു” ജ്യോതി പറഞ്ഞു. “ആളുകള്‍ അവരുടെ പ്രശ്നങ്ങളുമായി അദ്ദേഹത്തിന്റെ അടുത്തേക്ക് വരുമായിരുന്നു.”
ബാബാസാഹേബ് യേലാംബ്ഘാട്ടില് എല്ലായിടത്തും വാക്സിനെക്കുറിച്ച് അവബോധം നല്‍കുകയായിരുന്നുവെന്ന് ഗ്രാമത്തിലെ സ്ക്കൂള് അദ്ധ്യാപികയായ ജ്യോതി പറഞ്ഞു. “ആളുകള്‍ക്ക് അവയെക്കുറിച്ച് സംശയം ഇല്ല എന്ന് ഉറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ അദ്ദേഹം വീടുകള്‍തോറും കയറിയിറങ്ങി.” ഇത്തരത്തിലുള്ള ഒരു സമയത്തായിരുന്നു അദ്ദേഹത്തിന് കൊറോണ വൈറസ് പിടിപെട്ടതെന്ന് ജ്യോതി വിശ്വസിക്കുന്നു. 14-ഉം 9-ഉം വയസ്സ് വീതമുള്ള അവരുടെ രണ്ട് പെണ്മക്കളെ ഇനി അവര്‍ തനിച്ചു വളര്‍ത്തണം.
ഏപ്രില്‍ 25-ന് ബാബാസാഹേബിന് ശ്വാസംമുട്ടല്‍ അനുഭവപ്പെടാന്‍ തുടങ്ങി. അണുബാധയുടെ സൂചനയായിരുന്നു ഇത്. “അതിനു മുമ്പുള്ള ദിവസം അവന് ഞങ്ങളുടെ പാടത്ത് പണിയുകയായിരുന്നു. മറ്റ് ലക്ഷണങ്ങളൊന്നും അവനുണ്ടായിരുന്നില്ല. പക്ഷെ ഒരുദിവസത്തിനകം [ഏപ്രില്‍ 26-ന്] അവന് ആശുപത്രിയില്‍ മരിച്ചു”, അദ്ദേഹത്തിന്റെ അച്ഛന് 65-കാരനായ ഭഗവത് കദം പറഞ്ഞു. “അവന് ഭയമുണ്ടായിരുന്നു. അത്തരം സമയങ്ങളില്‍ രോഗികളോട് അവര്‍ക്ക് കുഴപ്പമൊന്നുമില്ല എന്ന് പറയാന്‍ ഡോക്ടര്‍മാര്‍ വേണം. പക്ഷെ ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ അതിനുള്ള സമയമില്ല.”
അണുബാധ മൂലമുള്ള അപകടത്തിന് സാദ്ധ്യതയുണ്ടെങ്കില്‍ പോലും കോവിഡ് രോഗികളുടെ ബന്ധുക്കള്‍ പ്രിയപ്പെട്ടവരെ പരിചരിക്കുന്നതിനായി വാര്‍ഡില്‍ നില്‍ക്കണമെന്ന് ശഠിക്കുന്നു, പ്രത്യേകിച്ച് ആശുപത്രിയില്‍ ജീവനക്കാര്‍ കുറവാണെന്ന് അവര്‍ മനസ്സിലാക്കുമ്പോള്‍. ബീഡ് സിവില്‍ ആശുപത്രിയില്‍ അധികാരികള്‍ ബന്ധുക്കളെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നു. രോഗികളുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും പോലീസും തമ്മില്‍ അവിടെ സ്ഥിരമായി തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്.
അകറ്റിനിര്‍ത്തിയാലും തങ്ങളുടെ പ്രിയപ്പെട്ടവരെ ഒളിച്ചുകയറി കാണാന്‍ കുടുംബം തൊട്ടടുത്തുതന്നെ തങ്ങുമായിരുന്നു. “ഞങ്ങളുടെ പ്രിയപ്പെട്ടവരെ വേണ്ടരീതിയില്‍ പരിചരിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ അറിയുകയാണെങ്കില്‍ ഇങ്ങനെ ഞങ്ങള്‍ക്ക് ചെയ്യേണ്ടി വരില്ല”, ആശുപത്രിക്ക് പുറത്ത് ഒരു മോട്ടോര്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന 32-കാരനായ നിധിന് സാതെ പറഞ്ഞു. “അറുപത് കഴിഞ്ഞ എന്റെ മാതാപിതാക്കള്‍ ആശുപത്രിയിലാണ്. അവര്‍ക്ക് വെള്ളം വേണോ, വിശക്കുന്നുണ്ടോ എന്നൊന്നും ആരും ചോദിക്കില്ല.”
ഭയചകിതരായ രോഗികളുടെ മാനസികാവസ്ഥ സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് സാതെ പറഞ്ഞു. നഗരത്തില്‍ ബാങ്ക് ക്ലെര്‍ക്ക് ആയി ജോലി നോക്കുകയാണ് അദ്ദേഹം. “ഞാന്‍ അടുത്തുണ്ടെങ്കില്‍ അവരെ പരിചരിക്കാന്‍ പറ്റും. എനിക്ക് അവരെ ധൈര്യപ്പെടുത്താന്‍ പറ്റും. അതവരുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തും. നിങ്ങള്‍ക്ക് നിങ്ങള്‍ മാത്രമാകുമ്പോള്‍ സംഭവിക്കാവുന്ന എല്ലാ മോശം കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങുന്നു. ഇത് നിങ്ങളുടെ രോഗമുക്തിയെ ബാധിക്കുന്നു.”
സാതെ ഒരു വിരോധാഭാസം ചൂണ്ടിക്കാണിക്കുന്നു: “ഒരുവശത്ത് ഞങ്ങള്‍ ആശുപത്രിക്ക് പുറത്ത് തങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. മറുവശത്ത് രോഗികളെ നോക്കാന്‍ അവര്‍ക്ക് മതിയായ ജീവനക്കാര്‍ ഇല്ല.”
മെയ് രണ്ടാംവാരം ജീവനക്കാരുടെ അഭാവം ജില്ലാ ഭരണകൂടത്തെ വിഷമിപ്പിക്കുന്ന ഒരു അവസ്ഥയിലെത്തിച്ചു. കോവിഡ്-19 മരണങ്ങളുടെ എണ്ണം ഔദ്യോഗിക കണക്കുകളില്‍ ഗണ്യമായ തോതില്‍ കുറയുന്നുവെന്ന് ഒരു പ്രാദേശിക പത്രപ്രവര്ത്തകന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ലോക്മത് എന്ന പത്രത്തിന്റെ 29-കാരനായ റിപ്പോര്‍ട്ടര്‍ സോംനാഥ് ഖാതല്‍ ശ്മശാനങ്ങളില്‍ സംസ്കരിച്ച ആളുകളുടെ എണ്ണം പരിശോധിച്ചുറപ്പിച്ചശേഷം അതിനെ ഔദ്യോഗിക കണക്കുകളുമായി താരതമ്യം ചെയ്തുനോക്കി. 105 മരണങ്ങളുടെ വ്യത്യാസം അദ്ദേഹം കണ്ടെത്തി. “വാര്‍ത്ത പുറത്തുവന്ന് ഒരാഴ്ചയ്ക്കകം ഔദ്യോഗിക കണക്കുകളില്‍ 200-ലധികം മരണങ്ങളുടെ കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് തിരുത്തല്‍ വരുത്തേണ്ടിവന്നു. അവയില്‍ ചിലത് 2020-ലേതായിരുന്നു”, അദ്ദേഹം പറഞ്ഞു.
ഇതിന്റെ കാരണം ജീവനക്കാരുടെ കുറവില്‍ ആരോപിച്ചുകൊണ്ട് ജില്ലാ ആരോഗ്യ ഓഫീസറായ പവാര്‍ അബദ്ധം സമ്മതിച്ചു. കേസുകളുടെ എണ്ണം കുറച്ചു കാണിക്കുന്നതിനുള്ള ഒരു പരിശ്രമമായിരുന്നില്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഞങ്ങള്‍ക്ക് ഒരു സംവിധാനമുണ്ട്. ഒരാള്‍ പരിശോധനയില്‍ കോവിഡ്-19 പോസിറ്റീവായാല്‍ ഞങ്ങള്‍ക്ക് കോവിഡ് പോര്‍ട്ടലിന്റെ അവസാനം ഒരു അറിയിപ്പ് ലഭിക്കും. ഏത് ആരോഗ്യകേന്ദ്രത്തിലാണ് രോഗിയെ പ്രവേശിപ്പിക്കുന്നതെന്നും ചികിത്സയെക്കുറിച്ചും രോഗിക്ക് എന്തു സംഭവിക്കുന്നു എന്നുമുള്ള വിവരങ്ങള്‍ പുതുക്കി അറിയിക്കുകയും ചെയ്യും”, പവാര്‍ വിശദീകരിച്ചു.
മുന്‍പ് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 25 മുതല്‍ 30 വരെ ആയിരുന്നെങ്കില്‍ ഏപ്രിലില്‍ വളരെ പെട്ടെന്ന് അത് പ്രതിദിനം ഏകദേശം 1,500-ലേക്ക് വര്‍ദ്ധിച്ചപ്പോള്‍ “അമിതഭാരത്തിടയില് ആരും വിവരങ്ങള്‍ ചേര്‍ക്കുന്നതില്‍ ശ്രദ്ധിച്ചില്ല”, പവാര്‍ പറഞ്ഞു. “അവരെ കോവിഡ്-19 രോഗികളായാണ് പരിഗണിച്ചത്. പക്ഷെ കുറച്ച് മരണങ്ങളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ പുതുക്കി നല്‍കിയില്ല. വാര്‍ത്താ റിപ്പോര്‍ട്ടോടെ [പ്രസിദ്ധീകരിച്ചതിനുശേഷം] ഞങ്ങള്‍ അബദ്ധം അംഗീകരിച്ചു. ജില്ലയിലെ മരണങ്ങളുടെ കണക്ക് പുതുക്കുകയും ചെയ്തു.”
അബദ്ധം സമ്മതിച്ചുവെങ്കിലും സുഭാഷിനെതിരെ ജില്ലാ ഭരണകൂടം കടുത്ത നടപടിയെടുത്തു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ലതയുടെ “മൃതദേഹത്തെ അപമാനിച്ചുവെന്നും” ആരോപിച്ചുകൊണ്ടാണ് നടപടികള്‍ക്ക് മുതിര്‍ന്നത്.
“ആശുപത്രി ജീവനക്കാര്‍ ആന്റിജന്‍ പരിശോധന [മൃതദേഹത്തില്‍] നടത്തി, ഫലം നെഗറ്റീവുമായിരുന്നു”, സുഭാഷ് പറഞ്ഞു. “അതുകൊണ്ട് ശരീരം വീട്ടിലേക്ക് കൊണ്ടുപോകാന്‍ അവര്‍ എന്നെ അനുവദിച്ചു.”
സഹോദരിയുടെ ശരീരം അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാമോയെന്ന് സുഭാഷ് ആശുപത്രി അധികൃതരോട് ചോദിച്ചിരുന്നു. നഗരത്തില്‍നിന്നും ഏകദേശം 35 കിലോമീറ്റര്‍ മാറി ബീഡിലെ ഗേവരായ് താലൂക്കിലെ കുംഭാര്വാഡിയായിരുന്നു സഹോദരിയുടെ ഗ്രാമം. ഭര്‍ത്താവ് രുസ്തുമിനും 4 വയസ്സുകാരനായ മകന് ശ്രേയസിനുമൊപ്പം അവിടെയായിരുന്നു ലത ജീവിച്ചത്. “ഇത് കുടുംബത്തിന്റെ ആഗ്രഹമായിരുന്നു. അന്തസ്സാര്‍ന്ന ഒരു മരണാനന്തര ചടങ്ങ് അവള്‍ക്ക് കൊടുക്കണമെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു.”
പക്ഷെ കുംഭാര്വാഡിയിലേക്കുള്ള അവരുടെ യാത്ര പാതിയായപ്പോള്‍ ആശുപത്രിയില്‍നിന്ന് സുഭാഷിനെ ഫോണ്‍വിളിച്ച് മൃതദേഹവുമായി തിരികെ ചെല്ലാന്‍ പറഞ്ഞു. “ഭരണകൂടവുമായി നമ്മള് സഹകരിക്കണമെന്നും ഇത് പ്രശ്നങ്ങള്‍ നിറഞ്ഞ സമയങ്ങള്‍ ആണെന്നും ഞാന്‍ ബന്ധുക്കളോട് പറഞ്ഞു. ഞങ്ങള്‍ ശരീരവമായി തിരികെയെത്തി.”
പക്ഷെ സിവില്‍ ആശുപത്രി 1897-ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം (Epidemic Diseases Act, 1897) സുഭാഷില്‍ കുറ്റംചുമത്തിക്കൊണ്ട് പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. “ഒരു കോവിഡ് രോഗി ആശുപത്രിയില്‍ മരിച്ചാല്‍ പാലിക്കേണ്ട ചില ചട്ടങ്ങള്‍ ഉണ്ട്. ഈ കേസില്‍ ബന്ധുക്കള്‍ ആ ചട്ടങ്ങള്‍ ലംഘിച്ചു”, ആന്റിജന്‍ പരിശോധനയില്‍ വലിയ കാര്യമൊന്നും ഇല്ലെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് ബീഡിലെ ജില്ലാ മജിസ്ട്രേറ്റായ രവീന്ദ്ര ജഗ്തപ് പറഞ്ഞു.
ഒരു കോവിഡ് രോഗിയുടെ മൃതദേഹം ചോര്‍ച്ചയില്ലാത്ത ബാഗില്‍ പൊതിഞ്ഞ് ആശുപത്രിയില്‍നിന്നും നേരിട്ട് ശ്മശാനത്തിലേക്ക് സംസ്കാരത്തിനായി എത്തിക്കണമെന്നാണ് കോവിഡ് ചട്ടങ്ങള്‍ ആവശ്യപ്പെടുന്നത്.
ആശുപത്രി അനുവദിച്ചതുകൊണ്ടു മാത്രമാണ് ലതയുടെ ശരീരം കൊണ്ടുപോയതെന്ന് സുഭാഷ് പറയുന്നു. “ഞാനൊരു വക്കീലാണ്. ചട്ടങ്ങള്‍ എനിക്ക് മനസ്സിലാകും. എന്തിന് ആശുപത്രിക്കെതിരെ തിരിഞ്ഞ് കുടുംബത്തിന്റെ ആരോഗ്യം ഞാന്‍ അപകടപ്പെടുത്തണം?”
മുന്‍പ് രോഗികള്‍ക്കും ജീവനക്കാര്‍ക്കും താന്‍ നല്കിയ സഹായം ആശുപത്രി പരിഗണിച്ചില്ല എന്നതില്‍ അദ്ദേഹം ദുഃഖിതനാണ്. “മുന്‍പ് കുറഞ്ഞത് 150 രോഗികളെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഞാന്‍ സഹായിച്ചിട്ടുണ്ട്. നിരവധി രോഗികള്‍ക്കും എഴുതാനോ വായിക്കാനോ അറിയില്ല, കൂടാതെ ഭയവും ഉണ്ട്. ഞാനവര്‍ക്ക് ഫാറങ്ങള്‍ പൂരിപ്പിച്ചുനല്‍കി ആശുപത്രികാര്യങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണ് ഞാന്‍ ചെയ്തത്”, സുഭാഷ് പറഞ്ഞു.
ലത രോഗബാധിതയാകുന്നതിനു മുന്‍പുതന്നെ സിവില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സുഭാഷ് ഇതര രോഗികളെ സഹായിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് ഒന്നര മാസത്തിലെ മുഴുവന്‍ ദിവസങ്ങളും, സഹോദരി ആശുപത്രിയില്‍ കിടന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ, ഇത്തരത്തില്‍ ചിലവാക്കിയിട്ടുണ്ടെന്നാണ്.
സഹോദരിയെ പരിചരിച്ചുകൊണ്ട് ആശുപത്രിയില്‍ തങ്ങിയിരുന്ന സമയത്ത് ഒരിക്കല്‍ ഒരു കോവിഡ് രോഗിയെ തറയില്‍ നിന്നെടുത്ത് കിടക്കയില്‍ കിടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “അവര്‍ ഒരു മുതിര്‍ന്ന പൗരയായിരുന്നു. കിടക്കയില്‍നിന്നും വീണ് തറയില്‍ കിടക്കുകയായിരുന്ന അവരെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇതാണ് ആശുപത്രിയിലെ രോഗികളുടെ അവസ്ഥ.”
അകെത്തകര്ന്ന് ദുഃഖിതനും കുപിതനുമായ സുഭാഷ് ബീഡിലെ ഒരു ഹോട്ടലിന്റെ സന്ദര്‍ശക മുറിയില്‍വച്ചാണ് എന്നെ കണ്ടത്, കാരണം എന്നെ വീട്ടിലേക്ക് ക്ഷണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. “സഹോദരി മരിച്ചതു മുതല്‍ എന്റെ മാതാപിതാക്കള്‍ അതിന്റെ ആഘാതത്തിലാണ്”, അദ്ദേഹം പറഞ്ഞു. “അവര്‍ സംസാരിക്കാനുള്ള ഒരു അവസ്ഥയിലല്ല. എനിക്കുപോലും തിരിച്ചറിവ് നഷ്ടപ്പെടുന്നു. ‘അമ്മയെന്നാണ് വീട്ടിലേക്ക് വരുന്നത്?’ എന്ന് ലതയുടെ മകന് എന്നെ വിളിച്ച് ചോദിച്ചുകൊണ്ടേയിരിക്കുന്നു. അവനോടെന്ത് പറയണമെന്ന് എനിക്കറിയില്ല.”
പരിഭാഷ: റെന്നിമോന്‍ കെ. സി.