“എന്റെ അച്ഛൻ ഒരു ദിവസക്കൂലിക്കാരനായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റ് ജീവിതത്തിലെ ആനന്ദം മീൻപിടുത്തമായിരുന്നു. എന്തെങ്കിലും പണിയെടുത്ത് ഒരു കിലോഗ്രാം അരി മേടിക്കാനുള്ള പണം സമ്പാദിക്കും അദ്ദേഹം...എന്നിട്ട് ഒരൊറ്റ പോക്കാണ് ആ ദിവസത്തേക്ക്! എന്റെ അമ്മയാണ് എല്ലാ കാര്യവും നോക്കുക”, ബെൽഡംഗയിലെ ഉത്തർപാര പ്രദേശത്തെ വീടിന്റെ ടെറസ്സിലിരുന്ന് കോഹിനൂർ ബീഗം പറഞ്ഞു.
“ആലോചിച്ചുനോക്കൂ, ആ ഒരു കിലോ അരികൊണ്ടുവേണം അമ്മയ്ക്ക് നാല് മക്കളേയും, അച്ഛമ്മയേയും, അച്ഛനേയും ഒരമ്മായിയേയും തന്നെത്തന്നെയും ഊട്ടാൻ” അവർ ഒന്ന് നിർത്തി വീണ്ടും തുടർന്നു. “അതും പോരാഞ്ഞ്, മീൻ പിടിക്കാനുള്ള ചൂണ്ടയിൽ കൊരുക്കാനുള്ള വറ്റ് അമ്മയോട് ചോദിക്കാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ മനുഷ്യൻ ഞങ്ങളുടെ ക്ഷമ പരീക്ഷിച്ചിരുന്നു”!.
ബംഗാളിലെ മൂർഷിദാബാദ് ജിലയിലെ ജാനകി നഗർ പ്രാഥമിക വിദ്യാലയ പ്രൈമറി സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്ന പാചകക്കാരിയാണ് 55 വയസ്സുള്ള കോഹിനൂർ ആപ (ചേച്ചി). ഒഴിവുകിട്ടുന്ന സമയത്ത് അവർ ബീഡി തെറുപ്പും, ആ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും മുഴുകാറുണ്ടായിരുന്നു. മൂർഷിദാബാദിൽ ആ തൊഴിലിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ അതീവദരിദ്രവിഭാഗക്കാരായിരുന്നു. നടുവൊടിക്കുന്ന പണിയാണത്. കുട്ടിക്കാലം മുതൽക്ക് പുകയിലയുമായി നിത്യസമ്പർക്കത്തിലായതിനാൽ, അവരുടെ ആരോഗ്യത്തിനും അത് ഭീഷണിയാവുന്നുണ്ട്. വായിക്കാം: ബീഡിത്തൊഴിലാളിസ്ത്രീകളുടെ ആരോഗ്യം നശിക്കുമ്പോൾ –
2021 ഡിസംബറിലെ ഒരു പകൽസമയത്ത് ഈ റിപ്പോർട്ടർ കോഹിനൂർ ആപയെ കണ്ടുമുട്ടി. ബീഡിത്തൊഴിലാളികളുടെ ഒരു പ്രചാരണ പരിപാടിക്കിടയിൽ. പിന്നീട്, അല്പം ഒഴിവുകിട്ടിയപ്പോൾ അവർ അവരുടെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയും, സ്വന്തമായി രചിച്ച ഒരു പാട്ട് പാടിത്തരികയും ചെയ്തു. ബീഡിത്തൊഴിലാളികളുടെ അദ്ധ്വാനം, ചൂഷണം, അവരുടെ തൊഴിലന്തരീക്ഷം എന്നിവയെക്കുറിച്ചുള്ള ഒരു പാട്ട്.
കുടുംബത്തിന്റെ മോശമായ സാമ്പത്തികസ്ഥിതി കുട്ടിക്കാലത്ത് വീട്ടിനകത്ത് ധാരാളം അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിരുന്നു എന്ന് അവർ പറഞ്ഞു. ആ ചെറിയ പെൺകുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. “എനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ, ഒരു ദിവസം, വീട്ടിലെ തിരക്കുകൾകിടയിൽ, അമ്മയിരുന്ന് കരയുന്നത് ഞാൻ കണ്ടു. കൽക്കരിയും, ചാണകവരളിയും വിറകുമൊക്കെ മണ്ണുകൊണ്ടുള്ള അടുപ്പിൽ നിറയ്ക്കുകയായിരുന്നു അമ്മ. പാചകം ചെയ്യാൻ ഒരുതരി അരിമണിയുണ്ടായിരുന്നില്ല വീട്ടിൽ”.
പെട്ടെന്ന് ഒരാശയം അവർക്ക് തലയിലുദിച്ചു. “അടുത്തുള്ള ഒരു വലിയ കൽക്കരി ഡിപ്പോ ഉടമസ്ഥന്റെ ഭാര്യയുടെ അടുത്തേക്ക് ഞാനോടിച്ചെന്നു. “അമ്മായീ, എനിക്ക് ദിവസവും ഒരു പിടി കൽക്കരി തരാമോ”? അവർ ഓർത്തെടുത്തു. “അല്പം നിർബന്ധിച്ചപ്പോൾ ആ സ്ത്രീ തരാൻ സമ്മതിച്ചു. അങ്ങിനെ ഞാൻ ആ ഡിപ്പോയിൽനിന്ന് വീട്ടിലേക്ക് എന്നും കൽക്കരി കൊണ്ടുവരാൻ തുടങ്ങി. യാത്രയ്ക്ക് 20 പൈസ ഞാൻ ചിലവാക്കും”.
ജീവിതം അങ്ങിനെ കുറേ മുൻപോട്ട് പോയി. 14 വയസ്സാവുമ്പോഴേക്കും തന്റെ ഉത്തർപാര ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും അവർ കൽക്കരിയവശിഷ്ടങ്ങൾ വിൽക്കാൻ തുടങ്ങി. 20 കിലോഗ്രാംവരെ അവർ തന്റെ ഇളം ചുമലിൽ ഏറ്റിയിരുന്നു. “വളരെ കുറച്ച് മാത്രമേ സമ്പാദിക്കാൻ കഴിഞ്ഞിരുന്നുള്ളൂവെങ്കിലും, കുടുംബത്തിന് ഭക്ഷണം കഴിക്കാനുള്ള വക കോഹിനൂർ അങ്ങിനെ കണ്ടെത്തി.
കുടുംബത്തിനെ സഹായിക്കാൻ കഴിയുന്നതിൽ സന്തോഷവും മനസ്സുഖവും കിട്ടിയിരുന്നെങ്കിലും, ജീവിതം പാഴായിപ്പോവുകയാണെന്ന് തോന്നിത്തുടങ്ങി അവർക്ക്. “റോഡിൽ കൽക്കരി വിറ്റ് നടക്കുമ്പോൾ, പെൺകുട്ടികൾ സ്കൂളുകളിലേക്കും, സ്ത്രീകൾ കോളേജുകളിലേക്കും ഓഫീസുകളിലേക്കും സഞ്ചിയും ചുമലിൽ തൂക്കി പോവുന്നത് കാണാറുണ്ടായിരുന്നു. എനിക്ക് എന്നോടുതന്നെ സഹതാപം തോന്നിത്തുടങ്ങി”, അവർ പറയുന്നു. അവരുടെ ശബ്ദം ഇടറാൻ തുടങ്ങിയിരുന്നുവെങ്കിലും, ബുദ്ധിമുട്ടി കണ്ണുനീർ നിയന്ത്രിച്ച് അവർ കൂട്ടിച്ചേർത്തു. “ഞാനും ചുമലിൽ സഞ്ചിയും തൂക്കി എങ്ങോട്ടെങ്കിലും പോകേണ്ടതായിരുന്നില്ലേ”.
അക്കാലത്താണ് ഒരു ബന്ധു കോഹിനൂരിനെ, സ്ത്രീകൾക്കായുള്ള ഒരു സ്വയം സഹായസംഘവുമായി പരിചയപെടുത്തിയത്. നഗരസഭയുടെ കീഴിലുള്ള സംഘമായിരുന്നു അത്. “കൽക്കരി വീടുകളിൽ വിൽക്കുമ്പോൾത്തന്നെ, ഞാൻ ധാരാളം സ്ത്രീകളെ കണ്ടുമുട്ടി. അവരുടെ ദുരിതങ്ങൾ മനസ്സിലാക്കി. എന്നെ സംഘാടകരിലൊരാളായി എടുക്കാൻ ഞാൻ മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു”.
എന്നാൽ, ബന്ധു സൂചിപ്പിച്ചതുപോലെ, ഔപചാരിക വിദ്യാഭ്യാസമില്ലാതിരുന്നത് ആ ജോലി ലഭിക്കുന്നതിന് തടസ്സമായിത്തീർന്നു. അക്കൌണ്ട് പുസ്തകങ്ങൾ കൈകാര്യം ചെയ്യലൊക്കെ ആ തൊഴിലിന്റെ ഭാഗമായിരുന്നു.
“എനിക്കതൊരു പ്രശ്മേ ആയിരുന്നില്ല. കണക്ക് കൂട്ടാനും കിഴിക്കാനുമൊക്കെ ഞാൻ സമർത്ഥയായിരുന്നു. കൽക്കരിയവശിഷ്ടങ്ങൾ വിൽക്കുന്ന ജോലി ചെയ്ത് അതൊക്കെ ഞാൻ പഠിച്ചിരുന്നു”. തെറ്റ് വരുത്തില്ലെന്ന് അവരെ ബോദ്ധ്യപ്പെടുത്തിയതിനുശേഷം ഒരു സഹായം മാത്രം ചെയ്തുതരാൻ കോഹിനൂർ ബന്ധുവിനോട് അഭ്യർത്ഥിച്ചു. കണക്കൊക്കെ ഒന്ന് ഡയറിയിലാക്കിത്തരാൻ. “ബാക്കിയൊക്കെ ഞാൻ ചെയ്തുകൊള്ളാമെൻ പറഞ്ഞു”.
അങ്ങിനെ അത് ആരംഭിച്ചു. സ്വയംസഹായ സംഘങ്ങളിലെ ജോലി, മറ്റ് സ്ത്രീകളെ കൂടുതൽ നന്നായി മനസ്സിലാക്കാൻ കോഹിനൂരിനെ സഹായിച്ചു. അവരിൽ മിക്കവരും ബീഡി തെറുപ്പുകാരായിരുന്നു. സമ്പാദിക്കുന്നതിനെക്കുറിച്ചും, സഹായനിധി ഉണ്ടാക്കുന്നതിനെക്കുറിച്ചും, അതിൽനിന്ന് കടമെടുക്കാനും തിരിച്ചടയ്ക്കാനുമൊക്കെ അവർ പഠിച്ചു.
പണം സമ്പാദിക്കൽ കോഹിനൂരിന് എപ്പോഴും ഒരു പ്രാരാബ്ധമായിരുന്നുവെങ്കിലും, പൊതുവിടത്തിലെ ജോലി തനിക്ക് ഒരു ‘അമൂല്യമായ അനുഭവമായിരുന്നു’വെന്ന് കോഹിനൂർ പറയുന്നു. കാരണം, “എനിക്ക് രാഷ്ട്രീയമായ ബോധ്യങ്ങൾ വന്നു. എന്തെങ്കിലും തെറ്റ് കണ്ടാൽ ഞാൻ തർക്കിച്ചു. തൊഴിലാളിസംഘടനാ പ്രവർത്തകരുമായി അടുത്ത ബന്ധം സ്ഥാപിച്ചു”, അവർ പറഞ്ഞു.
പക്ഷേ ഇത്, കുടുംബത്തിനും ബന്ധുക്കൾക്കും അത്ര രുചിച്ചില. “അതുകൊണ്ട് അവരെന്നെ കല്ല്യാണം കഴിപ്പിച്ചു”, 16 വയസ്സിൽ ജമാലുദ്ദീൻ ഷേക്കിനെ അവൾ വിവാഹം ചെയ്തു. ആ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
എന്നാൽ വിവാഹം, കോഹിനൂരിനെ, തനിക്കിഷ്ടപ്പെട്ട ജോലിയിൽനിന്ന് മാറ്റിനിർത്തുകയുണ്ടായില്ല. “എനിക്ക് ചുറ്റുമുള്ള കാര്യങ്ങളൊക്കെ ഞാൻ നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്നെപ്പോലെയുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന താഴേക്കിടയിലുള്ള സംഘടനാപ്രവർത്തനങ്ങളെ ഞാൻ ആരാധിച്ചു”. ജമാലുദ്ദീൻ പ്ലാസ്റ്റിക്കും മറ്റ് ആക്രിസാധനങ്ങളും ശേഖരിക്കുമ്പോൾ, സ്കൂളിലെ ജോലിയും, മൂർഷിദാബാദ് ഡിസ്ട്രിക്ട് ബീഡി മസ്ദൂർ ആൻഡ് പാക്കേഴ്സ് യൂണിയൻ പ്രവർത്തനങ്ങളുമായി അവർ തിരക്കിലായിരിക്കും. ബീഡിത്തൊഴിലാളികളുടെ അവകാശത്തിനായുള്ള പ്രവർത്തനങ്ങളാണ് യൂണിയനിൽ അവർ ചെയ്യുന്നത്.
“ഞായറാഴ്ച രാവിലെ മാത്രമേ എനിക്ക് സ്വന്തമായി കുറച്ച് സമയം കിട്ടൂ”, അടുത്തിരിക്കുന്ന കുപ്പിയിൽനിന്ന് കുറച്ച് വെളിച്ചെണ്ണ കൈത്തലത്തിലെടുത്ത്, കട്ടിയുള്ള തലമുടിയിൽ തേച്ചുപിടിപ്പിച്ച്, അവർ ശ്രദ്ധയോടെ ചീകാൻ തുടങ്ങി.
അത് കഴിഞ്ഞപ്പോൾ, തല, ദുപ്പട്ടകൊണ്ട് മൂടി, ഒരു ചെറിയ കണ്ണാടിയിൽ മുഖം നോക്കി അവർ. “ഇന്നെനിക്ക് പാട്ട് പാടാൻ തോന്നുന്നുണ്ട്. ബീഡിതെറുപ്പിനെക്കുറിച്ചുള്ള ഒരു പാട്ട് ഞാൻ പാടാം”, അവർ പറയുന്നു.
বাংলা
একি ভাই রে ভাই
আমরা বিড়ির গান গাই
একি ভাই রে ভাই
আমরা বিড়ির গান গাই
শ্রমিকরা দল গুছিয়ে
শ্রমিকরা দল গুছিয়ে
মিনশির কাছে বিড়ির পাতা আনতে যাই
একি ভাই রে ভাই
আমরা বিড়ির গান গাই
একি ভাই রে ভাই
আমরা বিড়ির গান গাই
পাতাটা আনার পরে
পাতাটা আনার পরে
কাটার পর্বে যাই রে যাই
একি ভাই রে ভাই
আমরা বিড়ির গান গাই
একি ভাই রে ভাই
আমরা বিড়ির গান গাই
বিড়িটা কাটার পরে
পাতাটা কাটার পরে
বাঁধার পর্বে যাই রে যাই
একি ভাই রে ভাই
আমরা বিড়ির গান গাই
ওকি ভাই রে ভাই
আমরা বিড়ির গান গাই
বিড়িটা বাঁধার পরে
বিড়িটা বাঁধার পরে
গাড্ডির পর্বে যাই রে যাই
একি ভাই রে ভাই
আমরা বিড়ির গান গাই
একি ভাই রে ভাই
আমরা বিড়ির গান গাই
গাড্ডিটা করার পরে
গাড্ডিটা করার পরে
ঝুড়ি সাজাই রে সাজাই
একি ভাই রে ভাই
আমরা বিড়ির গান গাই
একি ভাই রে ভাই
আমরা বিড়ির গান গাই
ঝুড়িটা সাজার পরে
ঝুড়িটা সাজার পরে
মিনশির কাছে দিতে যাই
একি ভাই রে ভাই
আমরা বিড়ির গান গাই
একি ভাই রে ভাই
আমরা বিড়ির গান গাই
মিনশির কাছে লিয়ে যেয়ে
মিনশির কাছে লিয়ে যেয়ে
গুনতি লাগাই রে লাগাই
একি ভাই রে ভাই
আমরা বিড়ির গান গাই
একি ভাই রে ভাই
আমরা বিড়ির গান গাই
বিড়িটা গোনার পরে
বিড়িটা গোনার পরে
ডাইরি সারাই রে সারাই
একি ভাই রে ভাই
আমরা বিড়ির গান গাই
একি ভাই রে ভাই
আমরা বিড়ির গান গাই
ডাইরিটা সারার পরে
ডাইরিটা সারার পরে
দুশো চুয়ান্ন টাকা মজুরি চাই
একি ভাই রে ভাই
দুশো চুয়ান্ন টাকা চাই
একি ভাই রে ভাই
দুশো চুয়ান্ন টাকা চাই
একি মিনশি ভাই
দুশো চুয়ান্ন টাকা চাই।
മലയാളം
സഹോദരാ കേൾക്കൂ
ഞങ്ങളുടെ സംഘഗാനം
ബീഡിയെക്കുറിച്ചുള്ള ഗാനം
ഞങ്ങൾ പാടുന്നത്
കേൾക്കൂ
തൊഴിലാളികൾ കൂട്ടം
ചേരുന്നു
തൊഴിലാളികൾ കൂട്ടം
ചേരുന്നു
ബീഡിയിലകൾ കൊണ്ടുവരാൻ
മുൻഷിയെ കാണാൻ
ഞങ്ങൾ പോകുന്നു
സഹോദരാ കേൾക്കൂ
ഞങ്ങളിതാ പാടുന്നൂ
ബീഡിയെക്കുറിച്ചുള്ള പാട്ടുകൾ
ഞങ്ങൾ പാടുന്നത്
കേൾക്കൂ
ഇലകൾ ഞങ്ങൾ കൊണ്ടുവരുന്നു
ഇലകൾ ഞങ്ങൾ കൊണ്ടുവരുന്നു
മുറിക്കാനായി വെക്കുന്നു
സഹോദരാ കേൾക്കൂ
ഞങ്ങളിതാ പാടുന്നൂ
ബീഡിയെക്കുറിച്ചുള്ള പാട്ടുകൾ
ഞങ്ങൾ പാടുന്നത്
കേൾക്കൂ
ബീഡിയിലകൾ മുറിച്ചിട്ട്
ബീഡിയിലകൾ മുറിച്ചിട്ട്
അവസാനത്തെ ചുരുട്ടലും
കഴിഞ്ഞിട്ട്
സഹോദരാ കേൾക്കൂ
ഞങ്ങളിതാ പാടുന്നൂ
ബീഡിയെക്കുറിച്ചുള്ള പാട്ടുകൾ
ഞങ്ങൾ പാടുന്നത്
കേൾക്കൂ
ബീഡി ചുരുട്ടിക്കഴിഞ്ഞ്,
ബീഡി ചുരുട്ടിക്കഴിഞ്ഞ്,
വെവ്വേറെ വെച്ച്
സഹോദരാ കേൾക്കൂ
ഞങ്ങളിതാ പാടുന്നൂ
ബീഡിയെക്കുറിച്ചുള്ള പാട്ടുകൾ
ഞങ്ങൾ പാടുന്നത്
കേൾക്കൂ
വെവ്വേറെ കെട്ടുകളാക്കി
വെവ്വേറെ കെട്ടുകളാക്കി
ഞങ്ങളുടെ കുട്ടകൾ
നിറച്ചതിൽപ്പിന്നെ
സഹോദരാ കേൾക്കൂ
ഞങ്ങളിതാ പാടുന്നൂ
ബീഡിയെക്കുറിച്ചുള്ള പാട്ടുകൾ
ഞങ്ങൾ പാടുന്നത്
കേൾക്കൂ
കുട്ടകളിലാക്കിയാൽപ്പിന്നെ
കുട്ടകളിലാക്കിയാൽപ്പിന്നെ
മുൻഷിയുടെയടുത്തേക്ക്
പോകുന്നു ഞങ്ങൾ
സഹോദരാ കേൾക്കൂ
ഞങ്ങളിതാ പാടുന്നൂ
ബീഡിയെക്കുറിച്ചുള്ള പാട്ടുകൾ
ഞങ്ങൾ പാടുന്നത്
കേൾക്കൂ
മുൻഷിയുടെയടുത്തെത്തി
മുൻഷിയുടെയടുത്തെത്തി
കണക്കുകൾ ശരിയാക്കുന്നു
ഞങ്ങൾ
സഹോദരാ കേൾക്കൂ
ഞങ്ങളിതാ പാടുന്നൂ
ബീഡിയെക്കുറിച്ചുള്ള പാട്ടുകൾ
ഞങ്ങൾ പാടുന്നത്
കേൾക്കൂ
കണക്കുകളൊക്കെ കഴിഞ്ഞിട്ട്
കണക്കുകളൊക്കെ കഴിഞ്ഞിട്ട്
അതാ, ഡയറിയെടുക്കുകയായി
അതിൽ ഞങ്ങൾ എഴുതുകയായി
സഹോദരാ കേൾക്കൂ
ഞങ്ങളിതാ പാടുന്നൂ
ബീഡിയെക്കുറിച്ചുള്ള പാട്ടുകൾ
ഞങ്ങൾ പാടുന്നത്
കേൾക്കൂ
ഡയറി എഴുതിത്തീർന്നു
ഡയറി എഴുതിത്തീർന്നു
കൂലി ചോദിക്കുന്നത്
കേൾക്കൂ
സഹോദരാ കേൾക്കൂ
കൂലിയാണ് ഞങ്ങൾ ചോദിക്കുന്നത്
ഇരുന്നൂറ്റിയമ്പത്തിനാല്
രൂപ
മുൻഷീ, അതൊന്ന് ഒപ്പിച്ചുതരൂ
ഇരുന്നൂറ്റിയമ്പത്തിനാല്
രൂപ
കേൾക്കൂ മുൻഷീ, ദയവായി
കേൾക്കൂ
പാട്ടുകൾക്ക് കടപ്പാട്:
ബംഗാളി പാട്ട്: കോഹിനൂർ ബീഗം
പരിഭാഷ: രാജീവ് ചേലനാട്ട്