വിവാഹിതയാവുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് രേഖ മനസ്സിലാക്കായത് 10 ദിവസങ്ങൾക്കു മുമ്പായിരുന്നു. ഒരു 15 വയസ്സുകാരിക്ക് കഴിയുന്നത്ര അവൾ ചെറുത്തു നിന്നു. പക്ഷെ അവളുടെ രക്ഷാകർത്താക്കൾ അത് ഗൗരവതരമായി എടുത്തില്ല. “കൂടുതല്‍ പഠിക്കണമെന്ന് അവള്‍ കരഞ്ഞു പറഞ്ഞു”, അവളുടെ അമ്മയായ ഭാഗ്യശ്രീ പറഞ്ഞു.

പ്രായം മുപ്പതുകളുടെ അവസാനത്തിലെത്തിനിൽക്കുന്ന ഭാഗ്യശ്രീയും അവരുടെ ഭർത്താവായ അമറും മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ദരിദ്രമായ ഒരു ഗ്രാമത്തിൽ അവരുടെ കുട്ടികളോടൊത്ത് ജീവിക്കുന്നു. എല്ലാവർഷവും ഏകദേശം നവംബർ ആകുമ്പോൾ കരിമ്പ് മുറിക്കുന്നതിനായി അവർ പശ്ചിമ മഹാരാഷ്ടയിലേക്കോ കർണ്ണാടകയിലേക്കോ കുടിയേറുന്നു. അറു മാസങ്ങളോളം പാടങ്ങളിൽ നീണ്ടു നിൽക്കുന്ന കഠിനമായ അദ്ധ്വാനത്തിനു ശേഷം ഇരുവരുംകൂടി 80,000 രൂപ സമ്പാദിക്കുന്നു. തങ്ങളുടെ പേരിൽ ഭൂമിയൊന്നും ഇല്ലാത്തതിനാൽ കരിമ്പ് മുറിക്കുന്നതു മാത്രമാണ് കുടുംബത്തിന്‍റെ ഒരേയൊരു വരുമാന മാർഗ്ഗം. ദളിത് സമുദായമായ മാതംഗ് ജാതിയിൽ പെടുന്നവരാണിവർ.

ഓരോ സമയത്തും മാതാപിതാക്കൾ കുടിയേറുമ്പോൾ രേഖയേയും 12-ഉം 8-ഉം വയസ്സുള്ള സഹോദരങ്ങളേയും മുത്തശ്ശിയുടെ സംരക്ഷണയിലാക്കുന്നു (കഴിഞ്ഞ വർഷം മെയ് മാസം അവർ മരിച്ചു). ഗ്രാമത്തിനു പുറത്തുള്ള ഒരു സർക്കാർ സ്ക്കൂളിലായിരുന്നു അവള്‍ പഠിച്ചിരുന്നത്. പക്ഷെ മഹാമാരി മൂലം 2020 മാർച്ചിൽ സ്ക്കൂളുകൾ നിർബ്ബന്ധിതമായി അടച്ചപ്പോൾ 9-ാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന രേഖയ്ക്ക് വീട്ടിൽ തങ്ങേണ്ടി വന്നു. 500 ദിവസങ്ങൾക്കു മുകളിലായി ബീഡിലെ സ്ക്കൂളുകൾ അടച്ചിട്ടിരിക്കുന്നു.

"സ്ക്കൂളുകൾ പെട്ടെന്നൊന്നും തുറക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി”, ഭാഗ്യശ്രീ പറഞ്ഞു. "സ്ക്കൂൾ തുറന്നിരുന്ന സമയത്ത് അദ്ധ്യാപകരും കുട്ടികളും ചുറ്റുമുണ്ടായിരുന്നു. ഗ്രാമത്തിൽ വലിയ തിരക്കുണ്ടായിരുന്നു. സ്ക്കൂൾ അടച്ചതോടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക കാരണം അവളെ വിട്ടിട്ടു പോകാൻ ഞങ്ങൾക്കു കഴിഞ്ഞില്ല.”

അങ്ങനെ ഭാഗ്യശ്രീയും അമറും രേഖയെ 22-കാരനായ ആദിത്യയ്ക്ക് കഴിഞ്ഞ ജൂണിൽ വിവാഹം കഴിച്ചു കൊടുത്തു. 30 കിലോമീറ്ററുകൾ അകലെയുള്ള ഒരു ഗ്രാമത്തിലാണ് അവന്‍റെ കുടുംബം ജീവിക്കുന്നത്. അവർ സീസണിൽ കുടിയേറ്റ തൊഴിലാളികളും ആയിരുന്നു. 2020 നവംബറിൽ, ഏകദേശം കരിമ്പു മുറിക്കൽ സീസൺ ആരംഭിക്കുന്ന സമയത്ത്, രേഖയും ആദിത്യയും പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്ക് കുടിയേറി – അവളുടെ പേര് മാത്രം സ്ക്കൂൾ രജിസ്റ്ററിൽ അവശേഷിപ്പിച്ചിട്ട്.

മഹാമാരി കാരണം രേഖയെപ്പോലുള്ള കൗമാരക്കാരികളും അവളെക്കാൾ പ്രായം കുറഞ്ഞവരായ പെൺകുട്ടികളും വിവാഹത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. കോവിഡ് 19: ശൈശവ വിവാഹത്തിനെതിരെയുള്ള പുരോഗതിയ്ക്കൊരു ഭീഷണി എന്ന പേരിൽ 2021 മാർച്ചിൽ പുറത്തുവന്ന യൂണിസെഫിന്‍റെ ഒരു റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ് പ്രകാരം ഈ ദശാബ്ദത്തിന്‍റെ അവസാനം 10 ദശലക്ഷം പെൺകുട്ടികൾ ആഗോള തലത്തിൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടും. കോവിഡ് 19-മായി ബന്ധപ്പെട്ട് സ്ക്കൂളുകൾ അടയ്ക്കുന്നതും വർദ്ധിക്കുന്ന പട്ടിണിയും മാതാപിതാക്കളുടെ മരണവും മറ്റു ഘടകങ്ങളും "നേരത്തെ തന്നെ ബുദ്ധിമുട്ടിലായ ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ അവസ്ഥ കൂടുതൽ മോശമാക്കി”, റിപ്പോർട്ട് പറഞ്ഞു.

കുട്ടികളായിരിക്കുമ്പോൾ വിവാഹിതരായ ചെറുപ്പക്കാരികളായ സ്ത്രീകളുടെ അനുപാതം കഴിഞ്ഞ 10 വർഷംകൊണ്ട് 15 ശതമാനം കുറഞ്ഞിരുന്നുവെന്നും ലോകത്തങ്ങോളം ഏകദേശം 25 ദശലക്ഷം ശൈശവ വിവാഹങ്ങളുടെ കുറവുണ്ടായെന്നും യൂണിസെഫ് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഉണ്ടാക്കിയ പുരോഗതിക്ക് മഹാമാരി ഒരു ഭീഷണിയായി തീർന്നു, മഹാരാഷ്ട്രയിൽ പോലും.

Activists and the police intercepting a child marriage in Beed
PHOTO • Courtesy: Tatwashil Kamble and Ashok Tangde

പ്രവർത്തകരും പോലീസും ചേർന്ന് ബീഡിലെ ഒരു ശൈശവ വിവാഹം തടസ്സപ്പെടുത്തുന്നു

മഹാരാഷ്ട്രാ സർക്കാരിന്‍റെ വനിതാ ശിശു വികസന വകുപ്പ് 2020 ഏപ്രിൽ മുതൽ 2021 ജൂൺ വരെ 780 ശൈശവ വിവാഹങ്ങൾ തഞ്ഞെന്ന് രേഖപ്പെടുത്തുന്നു. ഇതൊരു കൃത്യമായ കണക്കല്ലെന്ന് ടാങ്ഡെയും കാംബ്ലെയും പറയുന്നു

2015-നും 2020-നും ഇടയിൽ മഹാരാഷ്ട്രയിലെ സ്ത്രീകളുടെ ഇടയിൽ ചെറു പ്രായത്തിലുള്ള വിവാഹത്തിന്‍റെ കാര്യത്തിൽ 4 ശതമാനം കുറവുണ്ടായിരുന്നു. 2015-16 ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ ( നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ - എൻ.എഫ്.എച്.എസ്.-4 ) കണ്ടെത്തിയിരിക്കുന്നത് 20-നും 24-നും മദ്ധ്യേ പ്രായമുള്ള ഏകദേശം 26 ശതമാനം സ്ത്രീകൾ 18 വയസ്സ് - നിയമപരമായി സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായം - തികയുന്നതിനു മുമ്പേ വിവാഹിതരായവരാണെന്നാണ്. 2019-20-ലെ സർവ്വേ ( എൻ.എഫ്.എച്.എസ്.-5 ) പ്രകാരം ഇത് 22 ശതമാനം ആയിരുന്നു. അതേ സമയം 25-നും 29-നും ഇടയിൽ പ്രായമുള്ള 10.5 ശതമാനം പുരുഷന്മാർ മാത്രമെ 21 വയസ്സ് - നിയമപരമായി പുരുഷമാരുടെ കുറഞ്ഞ വിവാഹ പ്രായം - തികയുന്നതിന് മുമ്പ് വിവാഹിതരായിട്ടുള്ളൂ.

എന്നിരിക്കിലും, ശൈശവ – കൗമാര പ്രായ വിവാഹങ്ങൾ മഹാമാരിയുടെ സമയത്ത് വർദ്ധിക്കുന്നതിന് തെളിവുകൾ ഉണ്ടെങ്കിൽ പോലും, സംസ്ഥാന സർക്കാർ അവ തടയുന്നതിനുവേണ്ട ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. ബീഡിൽ നിന്നുള്ള 34-കാരനായ പ്രവർത്തകൻ തത്വശീൽ കാംബ്ലെ പറയുന്നത് കുട്ടികളുടെയും യുവാക്കളുടെയും കാര്യം വരുമ്പോൾ സർക്കാർ ശ്രദ്ധിക്കുന്നത് ഓൺലൈൻ ക്ലാസ്സുകളുടെ കാര്യം മാത്രമാണെന്നാണ്. അത് പ്രാപ്യമാകുന്നതാവട്ടെ സ്മാർട് ഫോണും മികച്ച ഇന്‍റർനെറ്റ് സമ്പർക്കവും ഉള്‍പ്പെടെയുള്ള വിശേഷ സൗകര്യങ്ങൾ ലഭ്യമാകുന്ന രക്ഷാകർത്താക്കളുടെ കുട്ടികൾക്കു മാത്രവും.

2017-18 ലെ നാഷണൽ സാമ്പിൾ സർവ്വേയുടെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ 18.5 ശതമാനം ഗ്രാമീണ കുടുംബങ്ങൾക്കു മാത്രമെ ഇന്‍റർനെറ്റ് സൗകര്യം ഉള്ളൂ എന്നാണ്. ഗ്രാമീണ മഹാരാഷ്ട്രയിലെ 17 ശതമാനത്തിനടുത്ത് ആളുകൾക്ക് (5 വയസ്സിനും അതിനു മുകളിലും ഉള്ളവർ) "ഇന്‍റർനെറ്റ് ഉപയോഗിക്കാനുള്ള കഴിവ്“ ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പക്ഷെ സ്ത്രീകളുടെ ഇടയിൽ ഇതിന്‍റെ അനുപാതം 11 ശതമാനം മാത്രമാണ്.

ഇന്‍റർനെറ്റ് ലഭ്യതയുടെ അഭാവം ഏറ്റവും കൂടുതൽ ഉള്ള കുട്ടികൾ കാണപ്പെടുന്നത് പാർശ്വവത്കൃത സമുദായങ്ങളിലാണ്. ദാരിദ്യവും ഭൗതിക സുരക്ഷിതത്വമില്ലായ്മയും തന്നെ അത്തരം സമുദായങ്ങളിലെ പെൺകുട്ടികളെ ചെറുപ്രായത്തിലെ വിവാഹത്തിലേക്ക് തള്ളിവിടുന്നു. സ്ക്കൂൾ അടച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഇത് ബീഡിൽ വളരെ പ്രകടമാണ്.

ബീഡിലെ 20-24 വയസ്സ് പ്രായമുള്ള 44 ശതമാനത്തിന് അടുത്തുവരുന്ന സ്ത്രീകളും 2019-20-ൽ പറഞ്ഞത് 18 തികയുന്നതിനു മുൻപ് തങ്ങൾ വിവാഹിതരായെന്നാണ് (എൻ.എഫ്.എച്.എസ്.-5). ഇതിനുള്ള പ്രധാന കാരണം ജില്ലയിലെ കാർഷിക പ്രശ്നങ്ങളും വരൾച്ചയും കാരണം ആളുകൾ കുടിയേറ്റ തൊഴിലിനെ - പ്രത്യേകിച്ച് കരിമ്പ് മുറിക്കുന്നതു പോലുള്ള കാലിക തൊഴിലുകളെ - ആശ്രയിക്കുന്നതാണ്.

വിവാഹിതരായ ദമ്പതിമാരെയാണ് കരിമ്പ് മുറിക്കുന്ന ജോലിക്കെടുക്കാന്‍ കരാറുകാർ താത്പര്യപ്പെടുന്നത്. എന്തുകൊണ്ടെന്നാൽ ഈ ജോലിക്ക് ഒന്നിനു പുറകെ ഒന്നായി രണ്ടുപേർ വേണം - ഒരാൾ കരിമ്പു മുറിക്കുന്നതിനും മറ്റേയാൾ അത് കെട്ടാക്കി ട്രാക്ടറിൽ കയറ്റുന്നതിനും. ദമ്പതികളെ ഒരു യൂണിറ്റായി കണക്കാക്കുന്നു. ഇത് അവർക്ക് കൂലി കൊടുക്കുന്നത് എളുപ്പമാക്കുകയും ഇത്തരത്തില്‍ ബന്ധമില്ലാത്ത രണ്ടുപേർ ചേർന്ന് ജോലി ചെയ്യുമ്പോൾ അവർക്കിടയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു. ഒരു പെൺകുട്ടിക്ക് വിവാഹശേഷം അവളുടെ പങ്കാളിയോടൊപ്പം യാത്ര ചെയ്യാനും സമ്പാദിക്കാനും സാധിക്കുന്നു. ഇങ്ങനെ ഭർത്താവിനോടൊപ്പം അവൾ സുരക്ഷിതയായിരിക്കുമെന്ന് അവളുടെ മാതാപിതാക്കൾ കരുതുന്നു. അതേസമയം ഇത് അവരുടെ സാമ്പത്തിക ഭാരവും ലഘൂകരിക്കും.

മഹാമാരിയുടെ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മാതാപിതാക്കൾ വീട്ടിലാകുന്ന തങ്ങളുടെ കുട്ടിയോട് രണ്ടിലേതെങ്കിലും ഒരു രീതിയിലാണ് പ്രതികരിക്കുന്നതെന്ന് തത്വശീൽ കാംബ്ലെ പറഞ്ഞു. “കുട്ടി ആണാണെങ്കിൽ അവനെ ബാലവേലക്ക് നിർബ്ബന്ധിക്കുന്നു. പെൺകുട്ടിയാണെങ്കിൽ ശൈശവ വിവാഹവും.” കുട്ടികളുടെ പരിരക്ഷക്കും സംരക്ഷണത്തിനും വേണ്ടിയുള്ള നിയമപരമായ സംഘടനയായ ശിശുക്ഷേമ സമിതിയിലെ (Child Welfare Committee) അംഗമെന്ന നിലയിൽ ബീഡിലെ ചെറുപ്രായത്തിലുള്ള പല വിവാഹങ്ങളും തടയാൻ കാംബ്ലെക്ക് ഇടവന്നിട്ടുണ്ട്.

Girls as young as 12 are being married off by their parents to ease the family's financial burden
PHOTO • Labani Jangi

കുടുംബത്തിന്‍റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി 12 വയസ്സുള്ള കുട്ടികളെവരെ മാതാപിതാക്കൾ വിവാഹം കഴിപ്പിച്ച യയ്ക്കുന്നു

2020 മാർച്ചിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിൽപ്പിന്നെ നൂറിലധികം ശൈശവ വിവാഹങ്ങളാണ് കാംബ്ലെയും ബീഡ് താലൂക്കിലെ ശിശു സംരക്ഷണ സമിതി (Child Protection Committee) അംഗമായ അശോക് ടാംഗ്ഡെയും ചേർന്ന് തടഞ്ഞിട്ടുള്ളത്. ശൈശവ വിവാഹവും ബാലവേലയും തടയുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ശിശു സംരക്ഷണ സമിതി. "അതൊക്കെ ഞങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നവയാണ്”, 53-കാരനായ ടാംഗ്ഡെ പറഞ്ഞു. "ഞങ്ങൾക്കറിയില്ല എത്രപേർ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെന്ന്.”

മഹാമാരിയുടെ സമയത്ത് ആളുകളുടെ വാങ്ങൽശേഷി കുറയുന്നത് ചെറുപ്രായത്തില്‍ വിവാഹം നടക്കുന്നതിനുള്ള ഒരു കാരണമാണ്. "വരന്‍റെ ബന്ധുക്കൾ ഉയർന്ന സ്തീധനം ആവശ്യപ്പെടുന്നില്ല”, ടാംഗ്ഡെ പറഞ്ഞു. വിവാഹങ്ങൾ ചിലവ് കുറഞ്ഞതായി തീരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വളരെ അടുത്ത കുടുംബാംഗങ്ങളെ മാത്രം ക്ഷണിച്ചുകൊണ്ട് നിങ്ങൾക്ക് രക്ഷപെടാൻ സാധിക്കും, എന്തുകൊണ്ടെന്നാൽ വലിയ ആൾക്കൂട്ടം ഇപ്പോൾ അനുവദനീയമല്ല.”

മറ്റൊരു തരത്തിൽ പറഞ്ഞാൽ മഹാമാരിമൂലം ഉയര്‍ന്നുവന്ന മരണത്തെ ചുറ്റിപ്പറ്റിയുള്ള ഭയം, തങ്ങൾ മരിച്ചാൽ മക്കളുടെ ഭാവിയെന്തായിരിക്കും എന്നത്, മാതാപിതാക്കളെ ആശങ്കാകുലരാക്കുന്നു. "ഇതെല്ലാം ശൈശവ വിവാഹങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. വിവാഹിതരായ ചില പെൺകുട്ടികൾ 12 വയസ്സുള്ളവരാണ്”, ടാംഗ്ഡെ പറഞ്ഞു.

മഹാരാഷ്ട്രാ സർക്കാരിന്‍റെ വനിതാ ശിശു വികസന വകുപ്പ് 2020 ഏപ്രിൽ മുതൽ 2021 ജൂൺ വരെ 780 ശൈശവ വിവാഹങ്ങൾ തടസ്സപ്പെടുത്തിയെന്നാണ് രേഖപ്പെടുത്തുന്നത്. ഇതൊരു കൃത്യമായ കണക്കല്ലെന്ന് ബീഡിലെ ഔദ്യോഗിക കണക്കു പ്രകാരമുള്ള 40 എണ്ണം ചൂണ്ടിക്കാണിച്ചുകൊണ്ട് ടാങ്ഡെയും കാംബ്ലെയും പറയുന്നു. ഇത് ആ സമയത്ത് അവർ തടഞ്ഞ വിവാഹങ്ങളേക്കാൾ എണ്ണത്തിൽ വളരെ കുറവാണ്.

കൃത്യമല്ലാത്ത കണക്കുപോലും മഹാമാരിയുടെ സമയത്തെ ശൈശവ കൗമാര വിവാഹങ്ങളുടെ വർദ്ധനവിന്‍റെ അപകടത്തെ ഉയർത്തി കാണിക്കുന്നു. സംസ്ഥാന സർക്കാർ നൽകുന്ന വിവരങ്ങൾ പ്രകാരം 2019 ജനുവരി മുതൽ സെപ്തംബർ വരെ മഹാരാഷ്ട്രയിൽ 187 ശൈശവ വിവാഹങ്ങൾ തടഞ്ഞിട്ടുണ്ട്. കോവിഡ് 19 പൊട്ടിപ്പുപ്പെട്ടതിനുശേഷം തടയപ്പെട്ട ശൈശവ വിവാഹങ്ങളുടെ മാസ ശരാശരിയിൽ 150 ശതമാനം വർദ്ധനവാണ് ഇത് കാണിക്കുന്നത്.

കാംബ്ലെയും ടാംഗ്ഡെയും വിവാഹങ്ങൾ തടയുന്നതിന് ആശ്രയിക്കുന്നത് അതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവരെയാണ്. “ആശാ പ്രവർത്തകരും ഗ്രാമത്തിലെ ഗ്രാമ സേവകന്മാരും വിവരങ്ങൾ നൽകുന്നു”, കാംബ്ലെ പറഞ്ഞു. "പക്ഷെ അവർക്ക് പലപ്പോഴും ഭയമാണ്, കാരണം അതേ ഗ്രാമത്തിൽ തന്നെയാണ് അവർ താമസിക്കുന്നത്. കാര്യം കണ്ടുപിടിച്ചാൽ വിവാഹം നടത്തുന്ന കുടുംബങ്ങൾക്ക് വിവരങ്ങൾ നൽകുന്നവരെ കുഴപ്പത്തിലാക്കാൻ കഴിയും.”

Left: A file photo of Tatwashil Kamble with a few homeless children. Right: Kamble and Ashok Tangde (right) at a Pardhi colony in Beed after distributing ration kits
PHOTO • Courtesy: Tatwashil Kamble and Ashok Tangde
Left: A file photo of Tatwashil Kamble with a few homeless children. Right: Kamble and Ashok Tangde (right) at a Pardhi colony in Beed after distributing ration kits
PHOTO • Courtesy: Tatwashil Kamble and Ashok Tangde

ഇടത് : ഭവന രഹിതരായ കുറച്ച് കുട്ടികളോടൊപ്പം തത്വശീൽ കാംബ്ലെ (ഫയൽ ഫോട്ടൊ). വലത്: കാംബ്ലെയും അശോക് ടാംഗ്‌ഡെയും (വലത്) ബീഡ് ജില്ലയിലെ ഒരു പാർധി കോളനിയിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്തതിനുശേഷം

ഗ്രാമത്തിലെ ശത്രുതകളും ഇക്കാര്യത്തില്‍ ഒരു പങ്ക് വഹിക്കുന്നുണ്ടെന്ന് ടാംഗ്ഡെ കൂട്ടിച്ചേർത്തു. “ചിലപ്പോൾ ശത്രു വിഭാഗത്തിൽപ്പെട്ട ഒരു വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താം. ചിലപ്പോള്‍ വിവാഹിതയാകാൻ പോകുന്ന പെൺകുട്ടിയുമായി പ്രണയത്തിലായ ആൺകുട്ടിയും ഞങ്ങൾക്ക് വിവരങ്ങൾ നൽകുന്നു.“

വിവരങ്ങൾ ലഭിക്കുന്നത് വിവാഹം തടസ്സപ്പെടുത്തുന്നതിലുള്ള ആദ്യത്തെ നടപടി മാത്രമെ ആകുന്നുള്ളൂ. വിഷയത്തിലുൾപ്പെടുന്ന കുടുംബങ്ങൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെടാൻ പല മാർഗ്ഗങ്ങളും പ്രയോഗിക്കും. "ഞങ്ങളെ വിരട്ടുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്”, കാംബ്ലെ പറഞ്ഞു. "ആളുകൾ ഞങ്ങൾക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങൾ എപ്പോഴും പോലീസിനെ അറിയിക്കുന്നു. ചിലർ പെട്ടെന്ന് കീഴടങ്ങും. മറ്റുള്ളവർ ഒരു പോരാട്ടം നടത്താതെ വഴങ്ങില്ല.”

2020 ഒക്ടോബറിൽ കാംബ്ലെയും ടാംഗ്ഡെയും 16-കാരിയായ സ്മിതയുടെ വിവാഹത്തെക്കുറിച്ച്, അത് നടക്കുന്നതിന് ഒരു ദിവസം മുമ്പ്, അറിഞ്ഞു. ആ ദിവസം ചടങ്ങുകൾ തുടങ്ങുന്നതിനു മുമ്പുതന്നെ അവർ സ്ഥലത്തെത്തി - ബീഡ് നഗരത്തിൽ നിന്നും ഏകദേശം 50 കിലോമീറ്റർ അകലെ. പക്ഷെ അവളുടെ അച്ഛൻ വിത്തൽ വിവാഹം ഒഴിവാക്കാൻ വിസമ്മതിച്ചു. "അയാൾ ആക്രോശിച്ചു, ‘അവൾ എന്‍റെ മകളാണ്, അവളെക്കൊണ്ട് എന്ത് ചെയ്യിപ്പിക്കാനും എനിക്കു കഴിയും’,” ടാംഗ്ഡെ പറഞ്ഞു. "എന്താണ് നടക്കുന്നത് എന്നതിന്‍റെ ഗൗരവം മനസ്സിലാക്കാൻ അയാൾ കുറച്ചു സമയം എടുത്തു. ഞങ്ങൾ അയാളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി അയാൾക്കെതിരെ പരാതി സമർപ്പിച്ചു.”

സ്മിത മിടുക്കിയായ ഒരു വിദ്യാർത്ഥിനിയായിരുന്നുവെന്ന് അവളുടെ അമ്മാവൻ കിഷോർ പറഞ്ഞു. "പക്ഷെ അവളുടെ മാതാപിതാക്കൾ സ്ക്കൂളിൽ പോയിട്ടില്ല. അതുകൊണ്ട് അവർക്ക് അതിന്‍റെ പ്രാധാന്യം ഒരിക്കലും മനസ്സിലായില്ല. മഹാമാരി കാരണം ദിവസം രണ്ടു തവണ ഭക്ഷണം കഴിക്കാൻ അവർ ബുദ്ധിമുട്ടുകയായിരുന്നു. പ്രായം മുപ്പതുകളിലുള്ള വിത്തലും അദ്ദേഹത്തിന്‍റെ ഭാര്യ പൂജയും ഇഷ്ടികച്ചൂളയിലാണ് ജോലി ചെയ്യുന്നത്. രണ്ടുപേർക്കും കൂടി നാലുമാസം കൂടുമ്പോൾ 20,000 രൂപയാണ് ലഭിക്കുന്നത്. "തൊഴിൽ ശുഷ്കിച്ചിരുന്നു. സ്മിതയെ വിവാഹം കഴിച്ചു വിടുകയെന്നതിനർത്ഥം ദിവസം രണ്ടു നേരത്തെ ഭക്ഷണത്തിന്‍റെ കാര്യം കുറച്ചു ചിന്തിച്ചാൽ മതിയെന്നാണ്”, കിഷോർ വിശദീകരിച്ചു.

കാംബ്ലെയുടെയും ടാംഗ്ഡെയുടെയും മുന്നിലുള്ള പ്രധാന വെല്ലുവിളി വീണ്ടും വിവാഹം നടത്താൻ കുടുംബം ശ്രമിക്കില്ല എന്ന് ഉറപ്പിക്കുന്നതാണ്. "വിവാഹം കഴിപ്പിച്ചയയ്ക്കുന്നതിന് വിധേയയായ പെൺകുട്ടി സ്ക്കൂളിൽ വരുന്നത് നിർത്തിയോ എന്നുള്ള കാര്യം സ്ക്കൂൾ അദ്ധ്യാപകർ ഞങ്ങളെ അറിയിക്കുമായിരുന്നു, ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കുകയും ചെയ്യും. പക്ഷെ സ്ക്കൂൾ അടച്ചതോടുകൂടി അത്തരം കാര്യങ്ങൾ അന്വേഷിക്കുക ബുദ്ധിമുട്ടായി തീർന്നു."

വിത്തലിനോട് എല്ലാ രണ്ടു മാസം കൂടുമ്പോഴും പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. "ഞങ്ങൾക്കയാളെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല”, ടാംഗ്ഡെ പറഞ്ഞു. പ്രായപൂർത്തിയാകാത്ത തന്‍റെ മകളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ അയാൾ വീണ്ടും ശ്രമിക്കുമോയെന്ന് അവർക്ക് ആശങ്കയുണ്ട്.

Left: Ashok Tangde and Tatwashil Kamble (right) with a retired migrant worker (centre). Right: Kamble talking to students about child marriage
PHOTO • Courtesy: Tatwashil Kamble and Ashok Tangde
Left: Ashok Tangde and Tatwashil Kamble (right) with a retired migrant worker (centre). Right: Kamble talking to students about child marriage
PHOTO • Courtesy: Tatwashil Kamble and Ashok Tangde

ഇടത് : അശോക് ടാംഗ്ഡെയും തത്വശീൽ കാംബ്ലെയും (വലത്) ഒരു മുൻകാല കുടിയേറ്റ തൊഴിലാളിയോടൊപ്പം (മദ്ധ്യത്തിൽ). വലത്: കാംബ്ലെ ശൈശവ വിവാഹത്തെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കുന്നു

തന്‍റെ വിവാഹം നിർത്തിവയ്പ്പിച്ചതിനുശേഷം മൂന്ന് മാസം സ്മിത കിഷോറിനോടൊപ്പമാണ് താമസിച്ചത്. അവൾ അസാധാരണമാംവിധം ശാന്തയായിരുന്നു ആ സമയത്ത്, അവളുടെ അമ്മാവൻ പറഞ്ഞു. "അവൾ അധികം സംസാരിക്കാതെ തന്നിലേക്കു തന്നെ ഒതുങ്ങി ചേർന്നു. അവൾ അവളുടെ ജോലി ചെയ്തു, പത്രങ്ങൾ വായിച്ചു, വീട്ടിൽ ഞങ്ങളെ സഹായിച്ചു. അത്ര ചെറുപ്പത്തിൽ വിവാഹിതയാവാൻ അവൾക്ക് ഒരിക്കലും താത്പര്യം ഉണ്ടായിരുന്നില്ല.”

അമ്മയുടെ മരണം ശൈശവ വിവാഹത്തിലുണ്ടാക്കായിട്ടുള്ള ആഘാതങ്ങൾ ഉൾപ്പെടെ, നേരത്തെ വിവാഹിതയാവുന്നതിന്‍റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2011-ലെ സെൻസസിന്‍റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ബാലാവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള ദേശീയ കമ്മീഷന്‍റെ (National Commission for Protection of Child Rights) ഒരു റിപ്പോർട്ടായ എ സ്റ്റാറ്റിറ്റിക്കൽ അനാലിസിസ് ഓഫ് ചൈൽഡ് മാര്യേജ് ഇൻ ഇൻ ഡ്യ ചൂണ്ടിക്കാണിക്കുന്നത് 10-നും 14-നും ഇടയിൽ പ്രായമുള്ളവർ, 20 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ളവരുടെ വിഭാഗത്തിൽ പെടുന്നവരേക്കാൾ ഗർഭധാരണത്തിന്‍റെയും പ്രസവത്തിന്‍റെയും സമയത്ത് മരിക്കാനുള്ള സാദ്ധ്യത അഞ്ചിരട്ടി കൂടുതലുള്ളവരാണെന്നാണ്. ഗർഭധാരണത്തിനു മുമ്പോ ഗർഭധാരണ സമയത്തോ അമ്മമാർ പോഷകാഹാരക്കുറവുള്ളരാണെങ്കിൽ കുഞ്ഞുങ്ങളും അങ്ങനെയായിരിക്കും എന്ന പ്രശ്നം കൂടിയുണ്ട്.

രേഖയുടെ കാര്യത്തിൽ ശാരീരിക ബലഹീനതയും പോഷകാഹാരക്കുറവിന്‍റെ സൂചനയുമാണ് ഭർതൃമാതാപിതാക്കൾ അവളെ തിരിച്ച് അവളുടെ മാതാപിതാക്കളുടെ അടുത്തേക്കയയ്ക്കാൻ കാരണം. "2021 ജനുവരിയിൽ, ഭർത്താവിനോടൊപ്പം പോയി രണ്ടോ മൂന്നോ മാസങ്ങൾക്കുശേഷം, അവൾ വീട്ടിലേക്ക് തിരികെവന്നു”, ഭാഗ്യശ്രീ പറഞ്ഞു.

കരിമ്പ് മുറിക്കുന്നതും 25 കിലോയിലധികം വരുന്ന കെട്ടുകൾ തലയിൽ ചുമക്കുന്നതും ഭാരക്കുറവുള്ള രേഖയ്ക്ക് ബുദ്ധിമുട്ടായിരുന്നു. "പുറം തകരുന്ന ജോലി ചെയ്യാൻ അവൾക്ക് കഴിയില്ലായിരുന്നു. ഇതവളുടെ ഭർത്താവിന്‍റെ വരുമാനത്തെ ബാധിച്ചു”, ഭാഗ്യശ്രീ പറഞ്ഞു. "അങ്ങനെ അവളുടെ ഭർതൃമാതാപിതാക്കൾ വിവാഹം അവസാനിപ്പിച്ച് അവളെ വീട്ടിലേക്കയച്ചു.”

തിരിച്ചെത്തിയ ശേഷം രേഖ കുറച്ചുനാള്‍ വീട്ടില്‍ ചിലവഴിച്ചു. “പക്ഷെ ഒരു പെൺകുട്ടി വിവാഹിതയായി കുറച്ചു മാസങ്ങൾക്കുശേഷം വീട്ടിൽ തിരികെയെത്തുമ്പോൾ ഗ്രാമത്തിലെ ആളുകൾ പലതും ചോദിക്കും. അതുകൊണ്ട് മിക്കസമയത്തും അവൾ ഒരു ആന്‍റിയോടൊപ്പം താമസിക്കുകയായിരുന്നു”, അവളുടെ അമ്മ പറഞ്ഞു.

കരിമ്പ് മുറിക്കലിന്‍റെ മറ്റൊരു സീസൺ എത്താറാവുകയും ഭാഗ്യശ്രീയും അമറും കുടിയേറാൻ തയ്യാറാവുകയും ചെയ്യുമ്പോൾ രേഖയുടെ ഭാവി ഒരിക്കൽക്കൂടി ആസൂത്രണം ചെയ്യപ്പെടുകയാണ്. ഒരേയൊരു വ്യത്യാസം ഇത്തവണ രേഖ പ്രതിരോധിക്കുന്നില്ല എന്നതാണ് – വീണ്ടും വിവാഹിതയാവാൻ അവൾ സമ്മതിച്ചിരിക്കുന്നു.

സ്വകാര്യതയെ മാനിക്കുന്നതിന്‍റെ ഭാഗമായി കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും യഥാര്‍ത്ഥ പേരുകളല്ല ഈ ലേഖനത്തിൽ നല്‍കിയിരിക്കുന്നത് .

പുലിറ്റ്സർ സെന്‍റർ സഹായം നൽകുന്ന ഒരു പരമ്പരയുടെ ഭാഗമാണ് ഈ ലേഖനം

പരിഭാഷ: റെന്നിമോന്‍ കെ. സി.

Parth M.N.

پارتھ ایم این ۲۰۱۷ کے پاری فیلو اور ایک آزاد صحافی ہیں جو مختلف نیوز ویب سائٹس کے لیے رپورٹنگ کرتے ہیں۔ انہیں کرکٹ اور سفر کرنا پسند ہے۔

کے ذریعہ دیگر اسٹوریز Parth M.N.
Illustrations : Labani Jangi

لابنی جنگی مغربی بنگال کے ندیا ضلع سے ہیں اور سال ۲۰۲۰ سے پاری کی فیلو ہیں۔ وہ ایک ماہر پینٹر بھی ہیں، اور انہوں نے اس کی کوئی باقاعدہ تربیت نہیں حاصل کی ہے۔ وہ ’سنٹر فار اسٹڈیز اِن سوشل سائنسز‘، کولکاتا سے مزدوروں کی ہجرت کے ایشو پر پی ایچ ڈی لکھ رہی ہیں۔

کے ذریعہ دیگر اسٹوریز Labani Jangi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.