‘താശി ദേലേക്’ (ടിബറ്റൻ ഭാഷയിൽ അനുഗ്രഹ, ഭാഗ്യ ആശoസകൾ അറിയിക്കുന്നത്) പറഞ്ഞുകൊണ്ട് പേമ രിഞ്ചൻ ചൈനയുടെ അതിർത്തിയോട് ചേർന്നുകിടക്കുന്ന കിഴക്കൻ ലഡാക്കിലെ ഹാൻലെ താഴ്‌വരയിലേക്ക് നടന്നു. പശ്മിന (അല്ലെങ്കിൽ കശ്മീരി) ആടുകളുടെ വലിയൊരു കൂട്ടവും അവരോടൊപ്പമുണ്ട്. ദിവസം മുഴുവൻ മേച്ചിൽ കഴിഞ്ഞ് അവയെല്ലാം അവയുടെ വാസസ്ഥലത്തേക്ക് മടങ്ങുന്നു.

സമുദായത്തിലെ ഒരു നേതാവായ കർമ്മ രിഞ്ചന്‍റെ രണ്ടാമത്തെ മകളായ പേമ ഏകദേശം 280 ചാങ്പ കുടുംബങ്ങൾക്കൊപ്പം ഹാൻലെയിൽ താമസിക്കുന്നു. യാക്കുകളെയും ചെമ്മരിയാടുകളെയും വളർത്തുന്ന നാടോടി ഇയരാണ് ചാങ്പകൾ. നവംബർ മുതൽ മെയ് വരെയുള്ള നീണ്ട ശൈത്യകാലത്ത് അവർ കാര്യമായി പണിയെടുക്കാറില്ല. വേനൽക്കാലത്ത് സമുദ്രനിരപ്പിൽനിന്നും വളരെ ഉയർന്ന മേച്ചിൽ സ്ഥലങ്ങളിലേക്ക് അവർ നീങ്ങുന്നു. കുറച്ചുകാലം മുമ്പ് ഹാൻലെ താഴ്‌വരയിലെ നാലാംഗ് മേച്ചിൽപുറത്ത് ഞാനവരെ സന്ദർശിച്ചിരുന്നു. ചാങ്താങ് പീഠഭൂമിയിൽ 14,000 അടി ഉയരത്തിലാണ് ഈ താഴ്വര സ്ഥിതിചെയ്യുന്നത്. പീഠഭൂമി കിഴക്ക് ടിബറ്റിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്നു. വിശാല ടിബറ്റൻ പീഠഭൂമിയുടെ ഭാഗമാണിത്.

മേച്ചിൽ നടത്തുന്ന കാലത്ത് ചാങ്പ സ്ത്രീകൾ എല്ലാവിധ ജോലികളിലും ഏർപ്പെടും - കൂടാരം ഉണ്ടാക്കുക, വിറക് ശേഖരിക്കുക, മൃഗങ്ങളെ മേയ്ക്കുക, ആടുകളെ കറക്കുക എന്നിങ്ങനെയുള്ള ജോലികൾ. അപ്പോഴും അവർ കുട്ടികളുടെ കാര്യങ്ങൾ നോക്കാനും പാചകത്തിനും വേണ്ട സമയം കണ്ടെത്തുന്നു.

നാടോടികളായ വിവിധ ഇടയ സമൂഹങ്ങളുടെ അഭയമാണ് ടിബറ്റൻ പീഠഭൂമി. പടിഞ്ഞാറൻ ഹിമാലയത്തിലെ ചാങ്‌പകളും (വായിക്കുക: The Changpas who make cashmere ), പർവതങ്ങളുടെ കിഴക്കൻ നിരകളിലെ ബ്രോക്‌പകളും (വായിക്കുക: ബ്രോക്‌പകൾ പറയുന്നു കാട് ഞങ്ങളുടെ മാതാവാണ്’ ) അവരിൽ പെടുന്നവരാണ്. ഈ രണ്ട് സമുദായങ്ങളെ പാറക്കെട്ടുകളും താഴ്വരകളും വേർതിരിക്കുന്നു. പക്ഷെ, സാംസ്കാരികവും വംശീയവും ആത്മീയവുമായി അവർ ബന്ധിതരാണ്.

മോന്‍പ ഗോത്രത്തിൽപ്പെട്ട ബ്രോക്പ നാടോടികളെ കാണാൻ കിഴക്കൻ ഹിമാലയത്തിലെ വനപ്രദേശങ്ങളുടെ ചരിവുകളിലേക്ക് ഞാൻ മറ്റൊരു സന്ദർശനം നടത്തിയിരുന്നു. അരുണാചൽ പ്രദേശിലെ പശ്ചിമ കെമാങ്, തവാങ് ജില്ലകളിലാണ് ഇവർ പ്രധാനമായും വസിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിലെ മേച്ചിൽപ്പുറങ്ങളിലാണ് അവരും വേനൽക്കാലം ചിലവഴിക്കുന്നത്. ശൈത്യകാലമാകുന്നതോടെ തങ്ങളുടെ യാക്ക് പറ്റങ്ങളുമായി പശ്ചിമ കാമെങ് ജില്ലയിലെ ലഗാം പോലുള്ള സ്ഥിരം വാസസ്ഥലങ്ങളിലേക്ക് അവർ കുടിറങ്ങും.

ആ ചെറിയ താമസസ്ഥലത്തെത്താൻ ഞാൻ എട്ട് മണിക്കൂർ നടന്നു. വഴിയിൽ 70-കാരിയായ യമ സെറിംഗിനെ കണ്ടുമുട്ടുകയും ചെയ്തു. “എനിക്ക് പ്രായമായി, അത്രയും [മുകളിലേക്ക്] നടക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് ചുര്‍പി [യാക്കിന്‍റെ പാലുപയോഗിച്ചുണ്ടാക്കുന്ന വെണ്ണ] ഉണ്ടാക്കുക, കൊച്ചുമക്കളുടെ കാര്യങ്ങൾ നോക്കുക എന്നിങ്ങനെയുള്ള വീട്ടു കാര്യങ്ങൾ ഞാൻ ചെയ്യുന്നു. ആവശ്യമെങ്കിൽ ഞാൻ വേനൽക്കാലത്ത് കയറും”, അവർ പറഞ്ഞു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ അരുണാചലിലെ ചാന്ദര്‍ എന്ന മറ്റൊരു ഉയർന്ന പ്രദേശത്തേക്കു ഞാൻ പോയി. സമുദ്രനിരപ്പിൽ നിന്നും 11,152 അടി ഉയരത്തിലായിരുന്നു ഈ പ്രദേശം. ഇത്തവണ ഞാൻ താമസിച്ചത് രണ്ട് കുട്ടികളുടെ അമ്മയും 30 യാക്കുകളുടെ ഉടമയുമായ ലേകി സുസുക്കിന്‍റെ വീട്ടിലാണ്. ചാങ്പ സമുദായത്തിലെ സ്ത്രീകൾ ചെയ്യുന്നതുപോലുള്ള ജോലികൾ തന്നെയാണ് ബ്രോക്പ സ്ത്രീകളും ചെയ്യുന്നത്. സ്വന്തം കന്നുകാലികളുമായി അല്ലെങ്കിൽ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്ന അവർക്ക് സാമുദായിക ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ദൃശ്യത ലഭിക്കുന്നു. ഗോംഫ എന്ന ഒരു ചെറിയ ബുദ്ധ ആരാധനാലയം ചാന്ദറിൽ സ്ഥാപിക്കാൻ എല്ലാ ബ്രോക്പ സ്ത്രീകളും ഒരുമിച്ചുകൂടിയത് ഞാനോർക്കുന്നു.

തണുപ്പുള്ള മലനിരകളിൽ നിന്നും കുറച്ചു സമയത്തിനുശേഷം ഗുജറാത്തിലെ കച്ചിലെ വരണ്ട ചൂടിലേക്ക് ഫകിരാനി ജാട്ടുകൾ (വായിക്കുക: The endless search for grazing grounds ) എന്ന മറ്റൊരു നാടോടി ഇടയസമൂഹത്തെ കാണാനായി ഞാൻ യാത്രയായി. അവർ കച്ചി, ഖരായി എന്നീ ഇനങ്ങളിലുള്ള ഒട്ടകങ്ങളെ വളർത്തുന്നു. കൂടുതൽ സങ്കീർണ്ണമായ അവരുടെ കുടിയേറ്റ രീതി ഒട്ടകത്തിന്‍റെ ഇനത്തെയും ജലലഭ്യതയെയും ആശ്രയിച്ചിരിക്കുന്നു. അവരുടെ വിശ്വാസം നേടിയെടുക്കാൻ ഞാൻ നിരവധി സന്ദർശനങ്ങൾ നടത്തി. കുറച്ചുകാലമെടുത്തശേഷം ഞാൻ അവരിൽപെടുന്ന ജാട്ട് ഹസീനയെ കണ്ടുമുട്ടി. അവരും ഭർത്താവായ ജാട്ട് അയൂബും 80 ഒട്ടകങ്ങളുടെ ഒരു പറ്റത്തെ പരിപാലിക്കുന്നു. അതിനായി അവർ ഭചാവു താലൂക്കിൽ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന കുടിയേറ്റം നടത്തുന്നു. യാഥാസ്ഥികരായ പ്രസ്തുത സമൂഹത്തിൽ നിന്നുള്ള സ്ത്രീകൾ പുറത്തുനിന്നുള്ളവരോട് അധികം സംസാരിക്കാറില്ല. പക്ഷെ, അവരുടെ സാന്നിദ്ധ്യം എല്ലായിടത്തുമുണ്ട്. ലഖ്പത് താലൂക്കിലെ ധ്രാംഗാവാന്ദ് എന്ന സ്ഥലത്തുവച്ച് കർമ്മോത്സുകയായ നസിബീബായ് ശേര്‍മാമാദ് ജാട്ടിനെ ഞാൻ കണ്ടുമുട്ടി. “ഞങ്ങളുടെ മേച്ചൽപ്പുറങ്ങൾ നേരത്തെതന്നെ കുറഞ്ഞതാണ്. ഞങ്ങളുടെ പരമ്പരാഗ ജീവിതം ഞങ്ങൾ ഏതാണ്ടുപേക്ഷിക്കാറായി. ഞങ്ങൾ സഹായം തേടുകയാണ്… ഞങ്ങളുടെ ശബ്ദം കേൾക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

PHOTO • Ritayan Mukherjee

ബ്രോക്‌പ ഇടയയായ ലേകി സുസുക്ക് , അനാഥമായ ഒരു യാക്ക് കുഞ്ഞിനെ ചാന്ദര്‍ ഗ്രാമത്തിലെ തന്‍റെ ശൈത്യകാല വാസസ്ഥലത്ത് സ്നേഹപൂർവ്വം പരിപാലിക്കുന്നു

PHOTO • Ritayan Mukherjee

പശ്ചിമ കാമെംഗ് ജില്ലയിലെ ദിരാംഗ് താഴ്‌വരയിലെ ഒരു വാസസ്ഥലത്ത് ഏകദേശം 11,250 അടി ഉയരത്തിലുള്ള ഒരു ചുരത്തിൽ നിന്നും കത്തിക്കാനുള്ള ഇലകളും വേരുകളും ശേഖരിക്കുന്ന ഒരു ബ്രോക്‌പ യുവതി

യമ സെറിംഗ് വർഷം മുഴുവനും താമസിക്കുന്നത് ലഗാം എന്ന സ്ഥലത്താണ്. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാഗോയിലേക്കുള്ള കാലിക കുടിയേറ്റം അവർക്ക് ബുദ്ധിമുട്ടാണ്. അവരെപ്പോലെ പ്രായമേറിയവർ കുട്ടികളെ നോക്കുകയും പശ്ചിമ കാമെംഗ് ജില്ലയിലെ മറ്റ് മോന്‍പ ഗ്രാമവാസികൾക്ക് ചുര്‍പി ഉണ്ടാക്കി വിൽക്കുകയും ചെയ്യുന്നു. ബ്രോക്‌പ സമുദായത്തിൽപ്പെട്ടവരുടെ പ്രധാന ജീവനോപാധിയായ യാക്കിന്‍റെ പാലിൽ നിന്നുണ്ടാക്കുന്ന ഒരു പാൽക്കട്ടിയാണ് ചുർപി

PHOTO • Ritayan Mukherjee

ദിരാംഗ് താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു സ്തൂപത്തിലേക്ക് പ്രാർത്ഥനയ്ക്കായി പോകുന്ന ഒരുകൂട്ടം ബ്രോക്പ സ്ത്രീകൾ

PHOTO • Ritayan Mukherjee

ലഗാം എന്ന സ്ഥലത്തു നിന്നുള്ള പേമ ഗ്യുർമെയ് പ്രദേശത്തെ ജോലികഴിഞ്ഞ് ദിനാന്ത്യത്തിൽ തിരിച്ചെത്തിയശേഷം തന്‍റെ മകൾ രിഞ്ചെ ന്‍റെ മുടി ചീകുന്നു

PHOTO • Ritayan Mukherjee

ദോഹ്‌ന തന്‍റെ കുടുംബത്തിന്‍റെ കൂടാരം ലഡാക്കിലെ ഹാൻ ലെ താഴ്വരയിലെ ഉയർന്ന പ്രദേശത്തെ വേനൽക്കാല മേച്ചിൽ പ്പുറ ങ്ങളിൽ സ്ഥാപിക്കുന്നു. വലിയ ഭാരം ചുമക്കേണ്ട ഈ ജോലി 13,000 അടി ഉയർന്ന സ്ഥലത്ത് അത്ര എളുപ്പമുള്ള ഒന്നല്ല

PHOTO • Ritayan Mukherjee

സമുദ്രനിരപ്പിൽ നിന്നും 13,245 അടി ഉയരത്തിൽ ഹാൻലെ താഴ്‌വരയിൽ യും-ചെൻ-മോ കാശ്മീരി ആടുകളെ മേയ്ക്കുന്നു

PHOTO • Ritayan Mukherjee

കത്തിക്കാനുള്ള വകകൾ അന്വേഷിച്ചിറങ്ങിയ പേമ ഇപ്പോൾ എത്തിയതേയുള്ളൂ. ഓഗസ്റ്റ് മാസം വേനൽക്കാലത്തിന്‍റെ അവസാനമാണെങ്കിലും മേച്ചിൽപുറങ്ങളിൽ കുറച്ച് മഞ്ഞുണ്ട് . ശേഖരിച്ച വകകൾകൊണ്ട് തന്‍റെ കൂടാരത്തിൽ എപ്പോഴും ഒരു ചെറിയ അടുപ്പ് കത്തിച്ച് സൂക്ഷിക്കാന്‍ അവർ ശ്രദ്ധിക്കുന്നു

PHOTO • Ritayan Mukherjee

സോനം വാംഗെ തന്‍റെ താൽക്കാലിക പാർപ്പിടത്തിൽ പാമ്പരാഗത രീതിയിലുള്ള വെണ്ണ ചായയും ചാങ്പ സമുദായത്തിന്‍റെ മുഖ്യഭക്ഷണമായ പോ ചായും ഉണ്ടാക്കുന്നു

PHOTO • Ritayan Mukherjee

ദേൻചെൻ ദോർജെ (28) അവരുടെ ചെറിയ മകൻ ഡോട്ടെ ക്കൊ പ്പം ഉച്ചകഴിഞ്ഞ് വിശ്രമവേള ആസ്വദിക്കുന്നു. രാവിലെയും വൈകുന്നേരവും ചാങ്‌പാകൾക്ക് തിരക്കുള്ള സമയങ്ങളാണ്. പക്ഷെ ഉച്ചകഴിഞ്ഞനേരം വിശ്രമിക്കാൻ സാധിക്കും

PHOTO • Ritayan Mukherjee

ഗുജറാത്തിലെ കച്ചിലെ ഫ കിരാനി ജാട്ട് സ്ത്രീകൾ അവരുടെ സമുദായത്തിന്‍റെ പരമ്പരാഗത വസ്ത്രങ്ങളാണ് കടുത്ത വേനൽ സമയങ്ങളിലും ധരിക്കുന്നത് . സ്ത്രീകൾ ധരിക്കുന്ന , കൈകൊണ്ട് നിർമ്മിച്ച വസ്ത്രം അപൂർവമായാണ് അവര്‍ നിൽക്കുന്നത്

PHOTO • Ritayan Mukherjee

ലാഖ്പത് താലൂക്കിലെ ധ്രാംഗാവാന്ദ് എന്ന സ്ഥലത്തു നിന്നുള്ള നസിബീബായ് ശേര്‍മാമാദ് ജാട്ട് ഭുജിൽ നിന്നുള്ള ഒരു എൻ.ജി.ഓയിൽ നിന്നും തന്‍റെ 60 ഖരായി ഒട്ടകങ്ങൾക്കുവേണ്ടി ഒരു മെഡിക്കൽ കിറ്റ് സ്വീകരിക്കുന്നു

PHOTO • Ritayan Mukherjee

ജാട്ട് ഹസീന തന്‍റെ ഖരായി ഒട്ടകക്കൂട്ടത്തോടൊപ്പം വെള്ളം തേടി നടക്കുന്നു. എല്ലാ വർഷവും വേനൽ അതിന്‍റെ മൂർദ്ധന്യത്തിലെത്തുമ്പോൾ ഭക്ഷണവും വെള്ളവും വളരെ കുറയുകയും കുടുംബം മിക്കവാറും എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും അവരുടെ സ്ഥാനം മാറ്റുകയും ചെയ്യും

PHOTO • Ritayan Mukherjee

ലഖ്പത് താലൂക്കിലെ ഗുഗാരിയാന ഗ്രാമത്തിൽ പുല്ലും ചണവും ഉപയോഗിച്ച് പുതുതായി പണി ത തന്‍റെ കുടിലിനുള്ളിൽ കൊച്ചു ഭാഗ്യാനി . കുടിൽ പണിയാൻ അമ്മയായ അയേഷ ജാട്ടിനെ താൻ സഹായിച്ചുവെന്ന് അവൾ പറയുന്നു

PHOTO • Ritayan Mukherjee

ലഖ്പത് താലൂക്കിലെ മോരി ഗ്രാമത്തിൽ ശമാനി ജാട്ട് ഭർത്താവ് കരിം ജാട്ടിനും നാല് പുത്രന്മാർക്കും അത്താഴം തയ്യാറാക്കുന്നു

പരിഭാഷ: റെന്നിമോന്‍ കെ. സി.

Ritayan Mukherjee

رِتائن مکھرجی کولکاتا میں مقیم ایک فوٹوگرافر اور پاری کے سینئر فیلو ہیں۔ وہ ایک لمبے پروجیکٹ پر کام کر رہے ہیں جو ہندوستان کے گلہ بانوں اور خانہ بدوش برادریوں کی زندگی کا احاطہ کرنے پر مبنی ہے۔

کے ذریعہ دیگر اسٹوریز Ritayan Mukherjee
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.