കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.

കാജല്‍ ലത ബിശ്വാസിനെ ഇപ്പോഴും ചുഴലിക്കാറ്റിന്‍റെ ഓര്‍മ്മകള്‍ വേട്ടയാടുന്നു. സുന്ദര്‍വനങ്ങളില്‍ ഐല ചുഴലിക്കാറ്റ് വീശിയിട്ട് 10 വര്‍ഷം ആയെങ്കിലും അവര്‍ ഇപ്പോഴും 2009 ഓഗസ്റ്റ് 25 വ്യക്തമായി ഓര്‍മ്മിക്കുന്നു.

ഉച്ചയ്ക്ക് തൊട്ടുമുന്‍പായിരുന്നു അത് സംഭവിച്ചത്. “[കാളിന്ദി] നദിയിലെ ജലം ഗ്രാമത്തിലേക്കൊഴുകി എല്ലാ വീടുകളേയും പ്രളയത്തിലാഴ്ത്തി”, കാജല്‍ ലത പറഞ്ഞു. തന്‍റെ ഗ്രാമമായ ഗോബിന്ദ്കാടിയില്‍ നിന്നും 7 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കുമീര്‍മാരി ഗ്രാമത്തിലെ ബന്ധുവിന്‍റെ വീട്ടിലായിരുന്നു അവര്‍ ആ ദിവസം. “ഞങ്ങള്‍ 40-50 പേര്‍ ഒരു ബോട്ടില്‍ അഭയം പ്രാപിക്കുകയും പകലും രാത്രിയും മുഴുവന്‍ അവിടെ തങ്ങുകയും ചെയ്തു. മരങ്ങളും ബോട്ടുകളും കന്നുകാലികളും നെല്ലുകളും പൂര്‍ണ്ണമായും തകരുന്നത് ഞങ്ങള്‍ കണ്ടു. രാത്രിയില്‍ ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ പറ്റില്ലായിരുന്നു. തീപ്പെട്ടിക്കൊള്ളിപോലും കുതിര്‍ന്നിരുന്നു. ആകാശത്ത് മിന്നലുണ്ടാകുമ്പോള്‍ മാത്രമാണ് എന്തെങ്കിലും കണ്ടത്.”

“ആ രാത്രി ഒരിക്കലും മറക്കാന്‍ പറ്റില്ല. ഒരു തുള്ളി കുടിവെള്ളം അവിടില്ലായിരുന്നു. എങ്ങനെയൊക്കെയോ കുറച്ചു മഴത്തുള്ളികള്‍ ഞാനൊരു പ്ലാസ്റ്റിക് കൂടിലാക്കി. അത് ഞാന്‍ രണ്ടു പുത്രിമാര്‍ക്കും ഒരു ബന്ധുവിനും ചുണ്ട് നനയ്ക്കുന്നതിനായി നല്‍കി. അവര്‍ക്ക് നന്നായി ദാഹിച്ചിരുന്നു”, വീടിനു പുറത്തിരുന്ന് ഉച്ച ഭക്ഷണത്തിനുള്ള മീന്‍ വൃത്തിയാക്കിക്കൊണ്ട് കര്‍ഷകയായ 48-കാരി കാജല്‍ ലത തുടര്‍ന്നു. ഓര്‍മ്മകള്‍കൊണ്ട് അവരുടെ ശബ്ദം വിറച്ചു.

അടുത്ത ദിവസം രാവിലെ ഗ്രാമത്തിലെത്താനായി അവര്‍ ഒരു ബോട്ട് ഉപയോഗിച്ചു. പിന്നെ വീട്ടിലെത്താനായി പ്രളയജലത്തിലൂടെ ആയാസപ്പെട്ട് നീങ്ങി. “എന്‍റെ മൂത്ത പുത്രി, അന്ന് 17 വയസ്സുണ്ടായിരുന്ന തനുശ്രീ, വെള്ളം കൂടുതലായിരുന്നിടത്ത് ഏതാണ്ട് പൂര്‍ണ്ണമായും മുങ്ങി. ഭാഗ്യത്തിന് അവള്‍ക്ക് ആന്‍റിയുടെ അയഞ്ഞുവന്ന സാരിത്തലപ്പില്‍ പിടിത്തം കിട്ടി”, കാജല്‍ ലത പറഞ്ഞു. അവരുടെ കണ്ണുകളിൽ അവര്‍ അനുഭവിച്ച ഭയം പ്രതിഫലിച്ചിരുന്നു.

2019 മെയ് മാസം ഫാനി ചുഴലിക്കാറ്റ് അടിച്ചപ്പോള്‍ അവർ വീണ്ടും ഭയന്നു. 25-കാരിയായ ഇളയമകള്‍ അനുശ്രീയുടെ വിവാഹവും ചുഴലിക്കാറ്റിന്‍റെ വരവും ഒരേസമയത്ത് സമയത്തായിരുന്നു.

Kajal Lata Biswas cutting fresh fish
PHOTO • Urvashi Sarkar
PHOTO • Urvashi Sarkar

ചുഴലിക്കാറ്റുകള്‍ അടുക്കുന്നതിന്‍റെ ഭീകരത ഓര്‍മ്മിച്ചുകൊണ്ട് ഗോബിന്ദ്കാടി ഗ്രാമത്തിലുള്ള തന്‍റെ വീടിനു പുറത്ത് കാജല്‍ ലത ബിശ്വാസ് മീന്‍ വൃത്തിയാക്കുന്നു. അവരുടെ ഗ്രാമത്തില്‍ നെല്ല് സൂക്ഷിക്കുന്നത് ഈ കുടിലുകളില്‍ (വലത്) ആണ്. വിളകള്‍ വന്‍രീതിയില്‍ നശിപ്പിക്കപ്പെട്ടു

മെയ് 6-നായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. ഫാനിയെക്കുറിച്ച്  ഉച്ചഭാഷിണിയിലൂടെയുള്ള പഞ്ചായത്തിന്‍റെ അറിയിപ്പുകളും  റേഡിയോയിലൂടെയുള്ള സര്‍ക്കാരിന്‍റെ അറിയിപ്പുകളും കുറച്ചുദിവസം മുന്‍പേ തുടങ്ങിയിരുന്നു. “ഞങ്ങളുടെ ദുരിതാവസ്ഥയെയും ഭയത്തെയും പറ്റി ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ”, കാജല്‍ ലത പരഞ്ഞു. “കാറ്റും മഴയും എല്ലാ ഒരുക്കങ്ങളും നശിപ്പിക്കുമെന്ന് ഞങ്ങള്‍ ഭയന്നു. വിവാഹത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ കുറച്ചുമഴയുണ്ടായിരുന്നു. ഭാഗ്യത്തിന് ചുഴലിക്കാറ്റ് ഞങ്ങളുടെ ഗ്രാമത്തെ ബാധിച്ചില്ല”, ഒരു നിശ്വാസത്തോടെ അവര്‍ കൂട്ടിച്ചേര്‍ത്തു.

ആന്ധ്രാപ്രദേശ്‌, ഒഡീഷ (അവിടെയാണ് ചുഴലിക്കാറ്റ് ഏറ്റവും മോശമായി ബാധിച്ചത്), പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഫാനി അടിക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 2-ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 80-കാരനായ കര്‍ഷകനും രജത് ജൂബിലി ഗ്രാമത്തില്‍ നിന്നുള്ള മുന്‍ അദ്ധ്യാപകനുമായ പ്രഫുല്ല മോണ്ഡല്‍ ഫാനിയെക്കുറിച്ച് പറയുമ്പോള്‍ കുറച്ച് ശബ്ദം ഉയര്‍ത്തിയിരുന്നു: “കഷ്ടിച്ചാണ്‌ സുന്ദര്‍വനങ്ങള്‍ ഫാനിയില്‍നിന്നും രക്ഷപെട്ടത്. കാറ്റടിക്കുന്നത് ഞങ്ങള്‍ കേട്ടു. ഇത് ഞങ്ങളുടെ ഗ്രാമത്തില്‍ അടിച്ചിരുന്നെങ്കില്‍ വീടുകളോടും ഭൂമിയോടുമൊപ്പം ഞങ്ങള്‍ നശിപ്പിക്കപ്പെടുമായിരുന്നു...”

മോണ്ഡലിനും കാജല്‍ ലതയ്ക്കും നന്നായി അറിയാവുന്നതുപോലെ സുന്ദര്‍വനങ്ങളില്‍ ചുഴലിക്കാറ്റുകള്‍ സാധാരണമാണ്. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് തെക്കും വടക്കുമുള്ള 24 പര്‍ഗന ജില്ലകളെ ‘വളരെ കൂടിയ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള മേഖലകള്‍’ ആയി വര്‍ഗ്ഗീകരിച്ചിരിക്കുന്നു.

മോണ്ഡലിന്‍റെ ഗ്രാമം ദക്ഷിണ 24 പർഗന ജില്ലയിലെ ഗൊസാബാ ബ്ലോക്കിലും കാജൽ ലതയുടെ ഗ്രാമം ഉത്തര 24 പർഗനാസ് ജില്ലയിലെ ഹിംഗൽഗഞ്ച് ബ്ലോക്കിലുമാണ്. പശ്ചിമ ബംഗാളിലെ ഇന്ത്യൻ സുന്ദർവനങ്ങളെ ഉൾക്കൊള്ളുന്ന 19 ബ്ലോക്കുകളിലാണ് രണ്ടു ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്. 19 ബ്ലോക്കുകളിൽ 6 എണ്ണം ഉത്തര 24 പർഗനായിലും 13 എണ്ണം ദക്ഷിണ 24 പർഗനായിലുമാണ്.

ഇന്ത്യയിലും ബംഗ്ലാദേശിലുമായി പരന്നു കിടക്കുന്ന സുന്ദർവനങ്ങൾ വിസ്തൃതമായ ഒരു ഡെൽറ്റയാണ്. ഒരു പക്ഷെ തുടർച്ചയായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ - ഏതാണ്ട് 10,200 ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ചു കിടക്കുന്നു. “സുന്ദർവന പ്രദേശങ്ങൾ ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവ വ്യവസ്ഥിതികളിലൊന്നാണ്...", ബിൽഡിംഗ് റെസിലിയൻസ് ഫോർ ദി സസ്റ്റയിനബിൾ ഡെവലപ്മെന്റ് ഓഫ് ദി സുന്ദർബൻസ് എന്ന 2014-ലെ ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു." ഈകണ്ടല്‍വനപ്രദേശങ്ങൾ മുഴുവൻ റോയല്‍ ബംഗാള്‍ കടുവകള്‍, അഴിമുഖ മുതലകള്‍, ഇന്‍ഡ്യന്‍ പെരുമ്പാമ്പ്‌, നദീ ഡോള്‍ഫിനുകളുടെ വിവിധ വര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ ചേര്‍ന്ന അസാധാരണമായ ജൈവവൈവിദ്ധ്യങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇന്‍ഡ്യയില്‍ കാണപ്പെടുന്ന 10 ശതമാനത്തിലധികം സസ്തനികളുടെയും 25 ശതമാനത്തിലധികം പക്ഷി വര്‍ഗ്ഗങ്ങളുടെയും വാസകേന്ദ്രം കൂടിയാണിത്.

കൂടാതെ, ഏതാണ്ട് 4,200 ചതുരശ്ര കിലോമീറ്ററോളം വരുന്ന ഇന്‍ഡ്യന്‍ സുന്ദര്‍വനങ്ങള്‍ 4.5 ദശലക്ഷത്തോളം വരുന്ന ആളുകളുടെ വാസകേന്ദ്രം കൂടിയാണ്. അവരില്‍ നിരവധിപേരും തുച്ഛമായ ഉപജീവന മാര്‍ഗ്ഗങ്ങള്‍, ബുദ്ധിമുട്ടേറിയ ഭൂപ്രദേശങ്ങള്‍, തീവ്ര കാലാവസ്ഥകള്‍ എന്നിവയോട് പടവെട്ടി തീരത്ത് താമസിക്കുന്നു.

ഐലയ്ക്കുശേഷം വലിയ ചുഴലിക്കാറ്റുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഈ പ്രദേശം വളരെ ദുര്‍ബലമായി അവശേഷിക്കുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ ദുരന്ത നിവാരണ വകുപ്പിനുവേണ്ടി ഖരഗ്പൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2006-ൽ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് 1891 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാനത്ത് 71 ചുഴലിക്കൊടുങ്കാറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ്. ഈ കാലഘട്ടത്തില്‍ ദക്ഷിണ 24 പര്‍ഗന ജില്ലയിലെ ഗോസാബയാണ് ഏറ്റവുമധികം ബാധിക്കപ്പെട്ട ബ്ലോക്ക്. 6 കടുത്ത ചുഴലിക്കാറ്റുകളും 19 ചുഴലിക്കാറ്റുകളും അവിടെ ഉണ്ടായിട്ടുണ്ട്.

PHOTO • Urvashi Sarkar

രജത്ജൂബിലി ഗ്രാമത്തിലെ 80 വയസ്സുള്ള പ്രഫുല്ല മോണ്ഡല്‍ നിരവധി കൊടുങ്കാറ്റുകളെ അതിജീവിച്ചിട്ടുണ്ട്‌. പക്ഷെ അദ്ദേഹത്തിന്‍റെ കുടുംബം ഇപ്പോള്‍ ക്രമരഹിതമായ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ബുദ്ധിമുട്ടുന്നു

അതുകൊണ്ട് പ്രഫുല്ലയ്ക്ക് ഐലയ്ക്ക് മുമ്പുതന്നെയുള്ള ചുഴലിക്കാറ്റുകളെക്കുറിച്ച് ഓര്‍മ്മിക്കാന്‍ കഴിയും. “വളരെ ശക്തവും വിനാശകാരിയുമായ കാറ്റോടുകൂടിയ 1998-ലെ ചുഴലിക്കാറ്റ് എനിക്ക് മറക്കാന്‍ സാധിക്കില്ല”, അദ്ദേഹം പറഞ്ഞു. സ്വാതന്ത്യാനന്തരമുള്ള ബംഗാളിലെ ഏറ്റവും ശക്തമായ, ‘കടുത്ത ചുഴലിക്കൊടുങ്കാറ്റാ’യ ഐലയേക്കാള്‍ ശക്തമായ, കൊടുങ്കാറ്റായി ഇത് പറയപ്പെടുന്നു.

പക്ഷെ കൊടുങ്കാറ്റിന്‍റെ ഇത്തരത്തിലുള്ള ഒരു കഴിഞ്ഞകാലം പരിഗണിച്ചാല്‍പ്പോലും കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഗംഗ ഡെല്‍റ്റയുടെ താഴ്ന്ന പ്രദേശങ്ങളില്‍ (സുന്ദര്‍വനങ്ങള്‍ സ്ഥിതിചെയ്യുന്നത് അവിടെയാണ്) ചുഴലിക്കാറ്റ് മൂലമുള്ള കുഴപ്പങ്ങള്‍ 2.5 ഇരട്ടി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കോല്‍ക്കത്തയില്‍ നിന്നുള്ള സമുദ്ര ഗവേഷകനായ ഡോ. അഭിജിത്ത് മിത്ര മാംഗ്രോവ് ഫോറസ്റ്റ്സ് ഇന്‍ ഇന്‍ഡ്യ: എക്സ്പ്ലോറിംഗ് ഇക്കോസിസ്റ്റംസ് സര്‍വീസസ് എന്ന 2019-ലെ തന്‍റെ പുസ്തകത്തില്‍ പറയുന്നു (മണിക്കൂറില്‍ 62-82 കിലോമീറ്റര്‍ വ്യാപ്തിക്കുതാഴെ താഴെ, 31-60 കിലോമീറ്റര്‍ വ്യാപ്തിയില്‍, കടലിലുണ്ടാകുന്ന ഒരു ഉഷ്ണമേഖല കാലാവസ്ഥ ക്ഷോഭമാണ് ഈ ചുഴലിക്കൊടുങ്കാറ്റുകള്‍). “ഇതിനര്‍ത്ഥം ചുഴലിക്കാറ്റുകള്‍ കൂടുതല്‍ തവണ ഉണ്ടാകുന്നുവെന്നാണ്”, അദ്ദേഹം പറഞ്ഞു.

മറ്റു വിവിധ പഠനങ്ങള്‍ കാണിക്കുന്നത് സുന്ദര്‍വനങ്ങളെ ചുറ്റിപ്പറ്റി ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ്. ഡൈവേഴ്സിറ്റി ജേര്‍ണലില്‍ 2015-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് 1881-2001 കാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് 26 ശതമാനമാണെന്നാണ്. ബംഗാള്‍ ഉള്‍ക്കടലുമായി ബന്ധപ്പെട്ട് 1877 മുതൽ 2005 വരെയുള്ള കാലഘട്ടത്തിലെ മെയ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നടത്തിയ 2007-ലെ ഒരു പഠനം പറയുന്നത് ചുഴലിക്കാറ്റ് ഏറ്റവും തീവ്രമായ ഈ മാസങ്ങളില്‍ കഴിഞ്ഞ 129 വര്‍ഷങ്ങളായി വന്‍ചുഴലിക്കൊടുങ്കാറ്റുകളുടെ ആവൃത്തി ഗണ്യമായി  വര്‍ദ്ധിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുവെന്നാണ്.

കടല്‍ ഉപരിതലത്തിലെ ഊഷ്മാവിന്‍റെ വര്‍ദ്ധനവാണ് ഭാഗികമായി ഇതിനുള്ള കാരണമായി പറയുന്നത് (മറ്റുപല പല കാരണങ്ങളുടെയും കൂടെ ജേര്‍ണല്‍ ഓഫ് എര്‍ത്ത് സയന്‍സ് & ക്ലൈമറ്റിക് ചേഞ്ച് എന്ന ജേര്‍ണലില്‍ വന്ന ഒരു പ്രബന്ധം ചൂണ്ടിക്കാണിക്കുന്നു). ഇന്‍ഡ്യന്‍ സുന്ദര്‍വനങ്ങളില്‍ 1980-2007 കാലയളവില്‍ ഓരോ ദശകങ്ങളിലും 0.5 ഡിഗ്രി സെല്‍ഷ്യസ് വീതമാണ് ഈ ഊഷ്മാവ് ഉയര്‍ന്നത്. ആഗോളതലത്തില്‍ ഓരോ ദശകത്തിലും നിരീക്ഷിക്കപ്പെടുന്ന 0.06° സെല്‍ഷ്യസിനേക്കാള്‍ ഉയര്‍ന്ന താപന നിരക്കാണിത്.

ഇവിടെ വിനാശകരമായ ഒരുപാട് വീഴ്ചകളുണ്ട്. “2009-ൽ സുന്ദര്‍വനങ്ങളിലുണ്ടായ ഒരു പ്രധാന ചുഴലിക്കാറ്റിനെത്തുടർന്ന് ഉത്തര ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ചുഴലിക്കാറ്റുകള്‍ കാരണം ഈ പ്രദേശത്ത് ആവര്‍ത്തിച്ചുള്ള വെള്ളപ്പൊക്കം ഉണ്ടാവുകയും വരമ്പ് ഭേദിക്കപ്പെടുകയും തന്‍നിമിത്തം ദുരിതങ്ങള്‍ നേരിടുകയും ചെയ്തു”, കോല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ സ്ക്കൂള്‍ ഓഫ് ഒഷ്യാനോഗ്രഫിക് സ്റ്റഡീസിലെ പ്രൊഫ. സുഗത ഹസ്ര പറഞ്ഞു.

PHOTO • Urvashi Sarkar

കടല്‍നിരപ്പും സമുദ്രോപരിതല ഊഷ്മാവും ഉയരുന്നത്, മറ്റ് നിരവധി മാറ്റങ്ങളുടെ കൂടെ, സുന്ദര്‍വനങ്ങള്‍ക്ക് ഭീഷണിയാണ്

വരമ്പുകള്‍ “ചുഴലിക്കൊടുങ്കാറ്റുകളെയും കടല്‍നിരപ്പിന്‍റെ ഉയര്‍ച്ചയെയും പ്രതിരോധിക്കുന്ന സംവിധാനമായി ഒരു പ്രമുഖപങ്ക് വഹിക്കുന്നു. ഡെല്‍റ്റ മുങ്ങല്‍, കടല്‍നിരപ്പിന്‍റെ ഉയര്‍ച്ച, കാലാവസ്ഥ വ്യതിയാനമുണ്ടാകുമ്പോള്‍ ചുഴലിക്കാറ്റിന്‍റെ തീവ്രത വര്‍ദ്ധിക്കുന്നത്, 19-ാം നൂറ്റാണ്ടിലെ 3,500 കിലോമീറ്റര്‍ നീളമുള്ള വരമ്പ് സംവിധാനങ്ങളുടെ അപചയം എന്നിവ മൂലം ജനങ്ങളും അവരുടെ വസ്തുവകകളുടെ ഉത്പാദനക്ഷമതയും വര്‍ദ്ധമാനമായ ഭീഷണിക്ക് വിധേയമാകുന്നു.

ലോക വന്യജീവി നിധിയുടെ 2011-ലെ ഒരു പഠനം പറയുന്നത് 2002-2009-ല്‍ സുന്ദര്‍വനങ്ങളിലെ സാഗര്‍ ദ്വീപ്‌ നിരീക്ഷണാലയത്തില്‍ അളന്നതുപ്രകാരം ആപേക്ഷികമായ ശരാശരി കടല്‍നിരപ്പ് പ്രതിവര്‍ഷം 12 മി.മീ. അല്ലെങ്കില്‍ 25 വര്‍ഷത്തേക്ക് 8 മി.മീ. എന്ന നിരക്കില്‍ ഉയര്‍ന്നിരിക്കുന്നു എന്നാണ്.

താപനവും അനുബന്ധ കടല്‍നിരപ്പ് ഉയര്‍ച്ചയും കണ്ടല്‍ക്കാടുകളെ പ്രതികൂലമായി ബാധിക്കുന്നു. ഈ കാടുകള്‍ തീരദേശങ്ങളെ ചുഴലിക്കാറ്റില്‍നിന്നും മണ്ണൊലിപ്പില്‍നിന്നും സംരക്ഷിക്കുകയും മത്സ്യങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും പ്രജനന വേദിയായും ബംഗാള്‍ കടുവകള്‍ക്ക് അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ജാദവ്പൂര്‍ സര്‍വ്വകലാശാലയുടെ സ്ക്കൂള്‍ ഓഫ് ഒഷ്യാനോഗ്രഫിക് സ്റ്റഡീസ് 2010-ല്‍ പ്രസിദ്ധീകരിച്ച ടെമ്പറല്‍ ചേഞ്ച് ഡിറ്റക്ഷന്‍ (2001-2008) സ്റ്റഡി ഓഫ് സുന്ദര്‍ബന്‍ എന്ന പഠനം ചൂണ്ടിക്കാണിക്കുന്നത് കടല്‍നിരപ്പിന്‍റെ ഉയര്‍ച്ചയും ചുഴലിക്കാറ്റുകളുടെ വര്‍ദ്ധനവും വനഭൂമി (forest cover) കുറച്ചുകൊണ്ട് സുന്ദര്‍വനങ്ങളിലെ കണ്ടല്‍ക്കാടുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ്.

സുന്ദര്‍വനങ്ങളുടെ കാര്യത്തിൽ കണ്ടല്‍ക്കാടുകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് രജത് ജൂബിലീ ഗ്രാമത്തില്‍നിന്നുള്ള മീന്‍പിടുത്തക്കാരനായ അര്‍ജുന്‍ മോണ്ഡലിന് അഗാധമായ ധാരണയുണ്ട്. സുന്ദര്‍ബന്‍സ് റൂറല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി എന്ന ഒരു എന്‍.ജി.ഓ.യില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. “എല്ലാവരും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് കേട്ടിട്ടുണ്ട്, പക്ഷെ അതെങ്ങനെയാണ്‌ നമ്മളെ ബാധിക്കുന്നത്? നമ്മളിതിനെക്കുറിച്ച് കൂടുതല്‍ അറിയണം”, 2019 മെയ് മാസത്തില്‍ അദ്ദേഹം എന്നോടു പറഞ്ഞു.

2019 ജൂണ്‍ 29-ന് പിര്‍ഖലി വനത്തില്‍ ഞണ്ടുകളെ പിടിക്കാൻ പോയപ്പോള്‍ അര്‍ജുനെ കടുവപിടിച്ചു. സുന്ദര്‍വനങ്ങളിലെ കടുവകള്‍ കാലങ്ങളായി മനുഷ്യരെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. കടല്‍നിരപ്പുയര്‍ന്ന് വനഭൂമി കുറഞ്ഞുവരുമ്പോള്‍ മനുഷ്യര്‍ വസിക്കുന്ന ഗ്രാമങ്ങളോട് കടുവകള്‍ കൂടുതല്‍ അടുത്തു വരുന്നതാണ് കടുവ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ഭാഗികമായെങ്കിലുമുള്ള ഒരു കാരണം.

ചുഴലിക്കാറ്റുകള്‍ പ്രദേശത്തെ തകര്‍ത്തതോടെ ജലത്തിന്‍റെ ലവണത്വവും ഉയര്‍ന്നു, പ്രത്യേകിച്ച് മദ്ധ്യസുന്ദര്‍വനങ്ങളില്‍. അവിടെയാണ് ഗോസാബ സ്ഥിതിചെയ്യുന്നത്. “...കടല്‍നിരപ്പ് ഉയരുകയും ഡെല്‍റ്റയിലേക്കുള്ള ശുദ്ധജലപ്രവാഹം കുറയുകയും ചെയ്യുന്നതുമൂലം ഗണ്യമായരീതിയില്‍ ലവണത്വം വര്‍ദ്ധിക്കുന്നത് ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുന്നു”, ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

PHOTO • Urvashi Sarkar
PHOTO • Urvashi Sarkar

കൃഷിയുടെ കാര്യത്തിലും മണ്ണിന്‍റെ ലവണത്വം നിയന്ത്രിച്ചു നിര്‍ത്തുന്നതിലും വളരെ നിര്‍ണ്ണായക സ്ഥാനമുള്ള സുന്ദര്‍വനങ്ങളിലെ വിപുലമായ വരമ്പ് കടല്‍നിരപ്പുയരുന്നതുമൂലം തുടര്‍ച്ചയായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു

ഡോ. മിത്ര കൂടി ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്ന ഒരു പ്രബന്ധം സുന്ദര്‍വനങ്ങളെപ്പറ്റി വിവരിക്കുന്നത് “അമിതലവണത്വമുള്ളത്” (hypersaline) എന്നാണ്. “കടല്‍നിരപ്പ് ഉയരുന്നതുമൂലം സുന്ദര്‍വനങ്ങളുടെ മദ്ധ്യഭാഗത്ത് ജലത്തിന്‍റെ ലവണത്വം വര്‍ദ്ധിച്ചിരിക്കുന്നു”, ഡോ. മിത്ര പറയുന്നു.

മറ്റുഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത് ഹിമാലയത്തില്‍നിന്ന് മദ്ധ്യ, കിഴക്ക് സുന്ദര്‍വനങ്ങളിലേക്കുള്ള ശുദ്ധജല പ്രവാഹത്തെ തടസ്സപ്പെടുത്തുന്നത് ബിദ്യാധരി നദിയിലെ ചെളിയാണ് (siltation) എന്നാണ്. നിലംനികത്തല്‍, കൃഷി, കക്കൂസ് മാലിന്യവും മത്സ്യമാലിന്യവും തള്ളുന്നത് എന്നിവയെയൊക്കെ ഗവേഷകര്‍ ഭാഗികമായി ചെളിയുമായി ബന്ധിപ്പിക്കുന്നു. 1975-ല്‍ ഭരക്ക ബാരേജ്‌ പണിതതും (ഗംഗാനദിയില്‍, പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍) മദ്ധ്യസുന്ദര്‍വനങ്ങളിലെ ലവണത്വം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

രജത് ജൂബിലി ഗ്രാമത്തിലെ മോണ്ഡല്‍ കുടുംബത്തിന് ഉയര്‍ന്ന ലവണത്വത്തിന്‍റെ ഫലങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം – ഐലയ്ക്ക് ശേഷം മൂന്ന് വര്‍ഷങ്ങളായി വില്‍പ്പന നടത്താന്‍ അവര്‍ക്ക് അരിയൊന്നുമില്ല. പ്രതിവര്‍ഷം 10,000-12,000 രൂപ അരിവില്‍പ്പനയിലൂടെ അവര്‍ക്ക് ലഭിച്ചിരുന്നത് ഇല്ലാതായി. “നെല്‍കൃഷി പോയതോടെ പുരുഷന്മാര്‍ മുഴുവന്‍ തൊഴിലന്വേഷിച്ച് തമിഴ്നാട്, കര്‍ണ്ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കു പോയിരിക്കുന്നതിനാല്‍ ഗ്രാമങ്ങള്‍ മുഴുവന്‍ ശൂന്യമായിരിക്കുന്നു. അവിടെയവര്‍ ഫാക്ടറികളിലോ നിര്‍മ്മാണ മേഖലകളിലോ തൊഴിലാളികളായി ചേരുന്നു”, പ്രഫുല്ല ഓര്‍മ്മിച്ചു പറഞ്ഞു.

സംസ്ഥാനത്തുടനീളം ഐല 2 ലക്ഷം ഹെക്ടറുകളിലധികം വിളഭൂമിയെയും 6 ദശലക്ഷത്തോളം ആളുകളെ ബാധിക്കുകയും 137 പേരുടെ മരണത്തിനു കാരണമാവുകയും ഒരു ദശലക്ഷത്തോളം വീടുകള്‍ തകര്‍ക്കുകയും ചെയ്തു. “നഷ്ടം സംഭവിക്കാത്ത ആരും എന്‍റെ ഗ്രാമത്തിലില്ല”, പ്രഫുല്ല പറഞ്ഞു. “എന്‍റെ വീടും വിളകളും നശിപ്പിക്കപ്പെട്ടു. 14 ആടുകള്‍ നഷ്ടപ്പെട്ടു. മൂന്നു വര്‍ഷത്തേക്ക് നെൽകൃഷി നടത്താൻ പറ്റാതായി. എല്ലാം ആദ്യംമുതല്‍ തുടങ്ങേണ്ടിയിരിക്കുന്നു. അത് ബുദ്ധിമുട്ടേറിയ വര്‍ഷങ്ങള്‍ ആയിരുന്നു. ജീവിക്കാനായി മരപ്പണിയും മറ്റ് ഒറ്റപ്പെട്ട പണികളും ഞാന്‍ ചെയ്തു.”

ഐല ലവണത്വം വര്‍ദ്ധിപ്പിച്ചതിനെത്തുടർന്ന് കാജല്‍ ലതയുടെ കുടുംബത്തിന് അവരുടെ 23 ബിഘ (7.6 ഏക്കര്‍) ഭൂമിയില്‍ 6 ബിഘ വില്‍ക്കേണ്ടിവന്നു. “മണ്ണിലെ ഉപ്പ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു പുല്ല്പോലും മുളച്ചിട്ടില്ല. നെല്ല് പോലും വളരില്ല. കടുക്, കാബേജ്, ക്വാളിഫ്ലവര്‍, ചുരയ്ക്ക എന്നിവപോലുള്ള പച്ചക്കറികള്‍ വീണ്ടും പതിയെ വളരാന്‍ തുടങ്ങി. ഇത് ഞങ്ങളുടെ ഉപഭോഗത്തിനു തികയും, പക്ഷെ വില്‍ക്കാന്‍ തികയില്ല”, അവര്‍ പറഞ്ഞു. “ ശോല്‍ , മാഗുര്‍ , റുയി എന്നിങ്ങനെ വ്യത്യസ്തങ്ങളായ മത്സ്യങ്ങളെ വളര്‍ത്തുന്ന ഒരു കുളവും ഞങ്ങള്‍ക്കുണ്ടായിരുന്നു. പ്രതിവര്‍ഷം 25,000-30,000 രൂപ അവ വില്‍ക്കുന്നതില്‍നിന്നും ഞങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. പക്ഷെ ഐലയ്ക്കുശേഷം വെള്ളംമുഴുവന്‍ ഉപ്പുരസമുള്ളതായിത്തീര്‍ന്നു. അതുകൊണ്ട് മീനുകളൊക്കെ വളരാന്‍ പാടാണ്.”

PHOTO • Urvashi Sarkar
PHOTO • Ritayan Mukherjee

സുന്ദര്‍വനങ്ങളിലെ ആവാസവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കണ്ടല്‍വനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ അവയും കുറഞ്ഞു കൊണ്ടിരിക്കുന്നു

ഐല മൂലം ഗുണം നഷ്ടപ്പെട്ട മണ്ണ് (ഉയർന്ന ലവണത്വവും ക്ഷാരത്വവും മൂലം) ഉത്തര, ദക്ഷിണ 24 പർഗനാകളിലെ നെൽവളർച്ച വളരെ കുറഞ്ഞ തോതിലാകാൻ കാരണമായെന്ന് ജേർണൽ ഓഫ് എക്സ്പെരിമെന്‍റൽ ബയോളജി ആൻഡ് അഗ്രികൾച്ചറൽ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജേർണലിലെ ഒരു പഠനം കാണിക്കുന്നത് വീണ്ടും നെല്ല് വളരണമെങ്കിൽ നിർദ്ദേശിക്കപ്പെട്ട അളവിനും മീതെ ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങൾ ഉപയോഗിക്കണമെന്നാണ്.

"ഐലയ്ക്ക് ശേഷം വളത്തിന്‍റെ ഉപയോഗം കൂടിയിട്ടുണ്ട്. അപ്പോൾ മാത്രമെ ഉദ്ദേശിക്കുന്ന വിളവ് ഞങ്ങൾക്ക് ലഭിക്കൂ”, പ്രഫുല്ലയുടെ 48-കാരനായ മകൻ പ്രബിർ മോണ്ഡൽ പറഞ്ഞു. “ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, പക്ഷെ ഇപ്പോഴും ഞങ്ങളിത് കഴിക്കണം. കുട്ടികളായിരിക്കുമ്പോൾ കഴിച്ച ചോറിനെപ്പറ്റി ഞാൻ ഓർമ്മിക്കുന്നു. നിങ്ങൾക്കത് അങ്ങനെതന്നെ കഴിക്കാമായിരുന്നു. ഇപ്പോൾ, പച്ചക്കറികളുടെ കൂടെ കഴിക്കുമ്പോൾ പോലും എന്തോ കുഴപ്പം തോന്നുന്നു.”

അദ്ദേഹത്തിന്‍റെ അച്ഛന് 13 ബിഘ (4.29 ഏക്കർ) ഭൂമിയുണ്ട്. ഒരു ബിഘ യിൽനിന്നും 8-9 ബസ്താ അരി ലഭിക്കുമായിരുന്നു ( ഒരു ബസ്താ 60 കിലോഗ്രാമിന് തുല്യമാണ്). “നട്ടതിന്‍റെയും മുറിച്ചതിന്‍റെയും ചുമന്നതിന്‍റെയും ചിലവുകളുടെകൂടെ വളത്തിന്‍റെ ചിലവും കൂട്ടുമ്പോൾ ചിലവാക്കിയതിനേക്കാൾ വളരെക്കുറച്ചുകൂടി മാത്രമെ ഞങ്ങൾക്കു ലഭിക്കുന്നുള്ളൂ”, പ്രബിർ പറഞ്ഞു.

സുന്ദർവനങ്ങളിലുടനീളമുള്ള നെല്ലുത്പാദനം ഐലയ്ക്ക് ശേഷം പകുതിയായി കുറഞ്ഞുവെന്ന് 2018-ലെ ഒരു ഗവേഷണ ലേഖനം നിരീക്ഷിക്കുന്നു – 1.6 ഹെക്ടറിൽനിന്നും 64- 80 ക്വിന്‍റൽ ലഭിച്ചിടത്തു നിന്നും 32 - 40-ലേക്കു താഴ്ന്നു. ഐലയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് ഇപ്പോൾ നെല്ലുത്പാദനം തരിച്ചെത്തിയെങ്കിലും എനിക്കും ഈ ഗ്രാമത്തിലുള്ള മറ്റെല്ലാവർക്കും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴയെ ആശ്രയിക്കേണ്ടി വരുന്നു എന്നും പ്രബിർ പറഞ്ഞു.

ആ മഴയെ വിശ്വസിക്കാനും പറ്റില്ല. "ത്വരിത ഗതിയിലുള്ള കടൽനിരപ്പ് ഉയർച്ചയും കാലവർഷം താമസിക്കുന്നതും അതിന്‍റെ കുറവും കാലാവസ്ഥ വ്യതിയാനത്തിന്‍റെ ദൂര വ്യാപക പ്രത്യാഘാതങ്ങളാണ് ", പ്രൊഫ ഹസ്ര പറഞ്ഞു.

ദിവസം 100 മി.മീ. കടക്കുന്ന ഉയർന്ന വർഷപാതം കഴിഞ്ഞ രണ്ട് ദശകങ്ങളായി വടക്കൻ ബംഗാൾ ഉൾക്കടലിൽ മിക്കപ്പോഴും ഉണ്ടാകുന്നുവെന്ന് കോൽക്കത്തയിലെ സ്ക്കൂൾ ഓഫ് ഓഷ്യാനോഗ്രഫിക് സ്റ്റഡീസിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പഠനം പറയുന്നു. അതേസമയം വിളവെടുപ്പ് സീസണിൽ, ഈ വർഷം സംഭവിച്ചതുപോലെ, കാലവർഷം പലപ്പോഴും കുറയുന്നു - സെപ്തംബർ 4 വരെ ദക്ഷിണ 24-ൽ ഏകദേശം 307 മില്ലിമീറ്ററും ഉത്തര പർഗനയിൽ 157 മില്ലിമീറ്ററടുത്തും കുറവായിരുന്നു.

ഈ വർഷം മാത്രമല്ല – കുറച്ചു വർഷങ്ങളായി കുറഞ്ഞ മഴയോ കൂടുതൽ മഴയോ ലഭിക്കുന്നത് സുന്ദർവനങ്ങളിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ദക്ഷിണ 24 പർഗനായിൽ ജൂൺ മുതൽ സെപ്തംബർവരെ ലഭിക്കുന്ന സാധാരണ കാലവർഷ മഴ 1552.6 മി.മീ. ആണ്. 2012-2017 വർഷങ്ങളിലെ ജില്ല മൺസൂൺ വിവരങ്ങൾ സൂചിപ്പിക്കുന്നത് 6 വർഷങ്ങളിലെ 4 വർഷങ്ങളിൽ മഴ കുറവായിരുന്നു എന്നാണ്. ഏറ്റവും പ്രധാന മഴനഷ്ടം 2017-ലും (1173.3 മി.മീ.) 2012-ലും (1130.4 മി.മീ.) ആയിരുന്നു.

PHOTO • Urvashi Sarkar

നെൽ വളർച്ച പൂർണ്ണമായും വർഷപാതത്തെ ആശ്രയിക്കുന്നു. മഴയില്ലെങ്കിൽ നെല്ല് വളരില്ല

ഇതിനു നേരെ വിപരീതമാണ് ഉത്തര 24 പർഗനായിൽ സംഭവിച്ചത്. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇവിടെ ലഭിക്കുന്ന മഴ 1172.8 മി.മീ. ആണ്. 2012-2017 വർഷങ്ങളിലെ മൺസൂൺ വിവരങ്ങൾ സൂചിപ്പിക്കുന്നത് 6 വർഷങ്ങളിലെ 4 വർഷങ്ങളിൽ വർഷപാതം കൂടുതലായിരുന്നു എന്നാണ് – ഏറ്റവും കൂടുതൽ 2015-ൽ ആയിരുന്നു – 1428 മി.മീ.

"യഥാർത്ഥ പ്രശ്നം അസമയത്തുള്ള മഴയാണ്”, കാജൽ ലത പറഞ്ഞു. "ഈ വർഷം ഫെബ്രുവരിയിൽ മികച്ച മഴ ലഭിച്ചിരുന്നു, ഏതാണ്ട് കാലവർഷം പോലെ. മുതിർന്നവർപോലും പറഞ്ഞു ഫെബ്രുവരിയിൽ ഇത്രയും മഴ മുമ്പ് ലഭിച്ച ഒരു സമയം അവർക്ക് ഓർമ്മിക്കാർ പറ്റുന്നില്ലെന്ന്.” ജൂൺ-ജൂലൈയിൽ വിതച്ച് നവംബർ-ഡിസംബറിൽ വിളവെടുക്കുന്ന നെല്ലിനെയാണ് അവരുടെ കുടുംബം വരുമാനത്തിനായി ആശ്രയിക്കുന്നത്. "നെൽ വളർച്ച പൂർണ്ണമായും വർഷ പാതത്തെ ആശ്രയിക്കുന്നു. മഴയില്ലെങ്കിൽ നെല്ല് വളരില്ല.”

കഴിഞ്ഞ 4-5 വർഷങ്ങളായി കാലവർഷ മാസങ്ങൾ കൂടാതെ നവംബർ-ഡിസംബർ മാസങ്ങളിലും തങ്ങളുടെ ഗ്രാമത്തിൽ മഴ പെയ്തുകൊണ്ടിരിക്കുന്നുവെന്ന് അവർ പറഞ്ഞു. ഈ മാസങ്ങളിലെ കുറച്ചു മഴ ഇവിടെ പെയ്യുമ്പോൾ അതിന്‍റെ തീവ്രത നെല്ലിനെ ബാധിക്കുന്നു. "ഒന്നുകിൽ ആവശ്യമുള്ളപ്പോൾ മഴയില്ല, അല്ലെങ്കിൽ [സീസൺ അല്ലാത്തപ്പോൾ] അധികം മഴ ലഭിക്കും. ഇത് വിളവിനെ നശിപ്പിക്കുന്നു. എല്ലാവർഷവും ഞങ്ങൾ ചിന്തിക്കും ഈ വർഷം അധികം മഴ [സീസൺ അല്ലാത്തപ്പോൾ] പെയ്യില്ലെന്ന്. പക്ഷെ ധാരാളം മഴ പെയ്ത് കൃഷി മുഴുവൻ നശിക്കുന്നു. അതുകൊണ്ട് ഞങ്ങൾക്കിടയിലൊരു ചൊല്ലുണ്ട്, ‘ആശൈ മോരെയ് ചാസാ’ [പ്രതീക്ഷ കർഷകനെ കൊല്ലുന്നു].”

രജത് ജൂബിലി ഗ്രാമത്തിലെ പ്രബിർ മോണ്ഡലും ദുഃഖിതനാണ്. "ജൂണിലും ജൂലൈയിലും മഴയില്ലായിരുന്നു [എന്‍റെ ഗ്രാമത്തിൽ]. കുറച്ച് നെല്ല് ഉണങ്ങിപ്പോയി. അനുഗ്രഹമെന്നു പറയട്ടെ, മഴ [ഓഗസ്റ്റിൽ] എത്തി. പക്ഷെ അതുകൊണ്ട് ശരിയാകുമൊ? മഴ കൂടുതൽ പെയ്ത് വിളകൾ മുങ്ങിയാലോ?”

ഒരു ആരോഗ്യ രക്ഷാ പ്രവർത്തകൻ എന്ന നിലയിൽ പ്രബിർ പറയുന്നത് (ബദൽ ചികിത്സാ രീതിയിൽ അദ്ദേഹത്തിന് ബി.എ. ബിരുദമുണ്ട്), അദ്ദേഹത്തിന്‍റെ രോഗികളും വർദ്ധിച്ചു വരുന്ന ചൂടിനെപ്പറ്റി പരാതി പറയുന്നു എന്നാണ്. "ഒരുപാടുപേർ ഇപ്പോൾ സൂര്യാഘാതത്തിന് വിധേയരായിരിക്കുന്നു. ഏത് സമയത്തും അത് സംഭവിക്കാം, അതു ദാരുണവുമാകാം”, അദ്ദേഹം വിശദീകരിച്ചു.

സുന്ദർവനങ്ങളിലെ ഭൂതാപനിലയും വർദ്ധിച്ചു കൊണ്ടിരിക്കുന്നു, സമുദ്രോപരിതല താപനില വർദ്ധിക്കുന്നത് കൂടാതെ. 1960-ൽ ഒരു വർഷം 180 ദിവസങ്ങളിൽ 32 ഡിഗ്രി സെൽഷ്യസൊ അതിൽ കൂടുതലൊ ആയിരുന്നിടത്തു നിന്നും 2017-ൽ എത്തിയപ്പോഴേക്കും അത്തരം ദിവസങ്ങളുടെ എണ്ണം 188 ആയി വർദ്ധിച്ചു എന്ന് കാലാവസ്ഥയെക്കുറിച്ചും ആഗോളതപനത്തെക്കുറിച്ചുമുള്ള ന്യൂയോർക്ക് ടൈംസിന്‍റെ ഇന്‍റെറാക്ടീവ് പോർട്ടലുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണിക്കുന്നു. നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടി ഇത് 213 മുതൽ 258 ദിവസങ്ങൾ വരെയാകാം.

വർദ്ധിതമായ ഊഷ്മാവ്, ചുഴലിക്കാറ്റുകൾ, ക്രമരഹിതമായ മഴ, ലവണത്വം, നശിച്ചുകൊണ്ടിരിക്കുന്ന കണ്ടൽക്കാടുകൾ അങ്ങനെ പലതിന്‍റെയും പ്രതികൂലാവസ്ഥകൾ കാരണം സുന്ദർവനങ്ങളിലെ നിവാസികൾ ഏതാണ്ട് സ്ഥിരമായ അനിശ്ചിതത്വത്തിലാണ് ജീവിക്കുന്നത്. നിരവധി കൊടുങ്കാറ്റുകൾക്കും ചുഴലിക്കാറ്റുകൾക്കും സാക്ഷിയായ പ്രഫുല്ല മോണ്ഡൽ ആശ്ചര്യപ്പെടുന്നു: "അടുത്തത് എന്തുവരുമെന്ന് ആർക്കറിയാം?"

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ പാരി നടത്തുന്ന ദേശീയവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Reporter : Urvashi Sarkar

اُروَشی سرکار ایک آزاد صحافی اور ۲۰۱۶ کی پاری فیلو ہیں۔

کے ذریعہ دیگر اسٹوریز اُروَشی سرکار
Editor : Sharmila Joshi

شرمیلا جوشی پیپلز آرکائیو آف رورل انڈیا کی سابق ایڈیٹوریل چیف ہیں، ساتھ ہی وہ ایک قلم کار، محقق اور عارضی ٹیچر بھی ہیں۔

کے ذریعہ دیگر اسٹوریز شرمیلا جوشی
Series Editors : P. Sainath

پی سائی ناتھ ’پیپلز آرکائیو آف رورل انڈیا‘ کے بانی ایڈیٹر ہیں۔ وہ کئی دہائیوں تک دیہی ہندوستان کے رپورٹر رہے اور Everybody Loves a Good Drought اور The Last Heroes: Foot Soldiers of Indian Freedom کے مصنف ہیں۔

کے ذریعہ دیگر اسٹوریز پی۔ سائی ناتھ
Series Editors : Sharmila Joshi

شرمیلا جوشی پیپلز آرکائیو آف رورل انڈیا کی سابق ایڈیٹوریل چیف ہیں، ساتھ ہی وہ ایک قلم کار، محقق اور عارضی ٹیچر بھی ہیں۔

کے ذریعہ دیگر اسٹوریز شرمیلا جوشی
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.