“പട്ടയമുള്ള ഉടമസ്ഥർക്ക്‌ ലഭിക്കുന്നതിൽനിന്ന്‌ വ്യത്യസ്തമായ നഷ്‌ടപരിഹാരം ഞങ്ങൾക്ക്‌ നൽകുന്നത്‌ എന്തുകൊണ്ടാണ്‌?”, ഗുണ്ടൂർ ജില്ലയിലെ റായപുഡി ഗ്രാമത്തിലെ ഒരേക്കറിൽത്താഴെമാത്രം ഭൂമിയുള്ള 55-കാരനായ ദളിത്‌ കർഷകൻ തുരാക ബാബുറാവു ചോദിക്കുന്നു. 4800 മാത്രം ജനസംഖ്യയുള്ള ഗ്രാമമാണ്‌ റായപുഡി. ലോകോത്തര തലസ്ഥാനമായ "അമരാവതി' നിർമിക്കുന്നതിന്‌ ആന്ധ്രപ്രദേശ്‌ സർക്കാർ ഭൂമിയേറ്റെടുക്കുന്ന കർഷകർക്ക്‌ നൽകുന്ന നഷ്‌ടപരിഹാരത്തെപ്പറ്റിയാണ്‌ അദ്ദേഹം സംസാരിക്കുന്നത്‌. “കൃഷ്ണാ നദിയോട്‌ അടുത്തായതിനാൽ അവരുടെ പട്ടയഭൂമിയേക്കാൾ ഫലഭൂയിഷ്‌ഠമാണ്‌ ഞങ്ങളുടെ ഭൂമി.” അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതലും പട്ടികജാതി (എസ്.സി.), മറ്റ് പിന്നാക്കജാതി (ഒ.ബി.സി.)വിഭാഗത്തിൽ‌പ്പെടുന്ന 800-ഓളം കർഷകരോടൊപ്പം ബാബുറാവുവും റായപ്പുഡിയിലെ അസ്സൈൻഡ് ലാൻഡ് ഫാർമേഴ്സ് വെൽ‌ഫെയർ അസോസിയേഷനിൽ അംഗമാണ്. 1973-ലെ ആന്ധ്രാപ്രദേശ് ലാൻഡ് റിഫോംസ് (സീലിംഗ്സ് ഓൺ ആഗ്രിക്കൾച്ചറൽ ഹോൾഡിംഗ്സ്) ആക്ട്പ്രകാരം സംസ്ഥാനം ഭൂമി വിതരണം നടത്തിയപ്പോൾ, ഈ കർഷകർക്ക് 2,000 ഏക്കർ (അവരുടെതന്നെ കണക്കുപ്രകാരം) കൃഷ്ണാനദിയുടേയും അതിന്റെ ദ്വീപുകളുടേയും തീരങ്ങളിലായി ‘ഭാഗിച്ച്’കൊടുത്തു. ഈ പ്ലോട്ടുകൾ കിട്ടിയവരിൽ അധികവും ദളിത്, ഒ.ബി.സി. വിഭാഗങ്ങളിൽ‌പ്പെട്ടവരായിരുന്നു.

“മൂന്ന്‌ തലമുറകളായി ഈ മണ്ണിൽ കൃഷിചെയ്യുന്നവരാണ്‌ ഞങ്ങൾ. ഈ രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുമ്പേ. പട്ടയം നൽകി ഇന്ദിര ഗാന്ധി ഈ ഭൂമിയുടെ മേൽ ഞങ്ങൾക്ക്‌ അധികാരം നൽകിയിരുന്നു” -ബാബുറാവു പറഞ്ഞു. 1977-ലെ ആന്ധ്രാപ്രദേശ് അസൈൻഡ് ലാൻഡ്സ് (കൈമാറ്റം തടയൽ) നിയമംപ്രകാരം ഈ സ്ഥലം വിൽക്കുവാനോ വാങ്ങുവാനോ കഴിയില്ല. മറിച്ച്‌ ഒരു കുടുംബാംഗത്തിൽനിന്ന്‌ മറ്റൊരാളിലേക്ക്‌ കൈമാറ്റം ചെയ്യുവാൻ മാത്രമേ സാധിക്കൂ.

എന്നാൽ തങ്ങളുടെ തലസ്ഥാന നഗരിയുടെ നിർമാണത്തിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി സർക്കാർ 33,000 ഏക്കർ ഭൂമി ഏറ്റെടുക്കുകയാണ്‌. ഇതിൽ 10,000 ഏക്കർ പുറത്തേക്ക്‌ കൈമാറ്റം ചെയ്യാൻ കഴിയാത്ത അസൈൻഡ്‌ ഭൂമിയാണെന്ന്‌ പ്രാദേശിക ആക്‌ടിവിസ്റ്റുകൾ പറയുന്നു. ബാക്കിയുള്ളവ ഉന്നതജാതിക്കാരായ കമ്മ, കപു, റെഡ്ഡി കർഷകരുടെ പട്ടയഭൂമിയാണ്‌.

Turaka Baburao
PHOTO • Rahul Maganti

‘മൂന്ന്‌ തലമുറകളായി ഈ മണ്ണിൽ കൃഷി ചെയ്യുന്നവരാണ്‌ ഞങ്ങൾ. ഈ രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുമ്പേ‘. റായപുഡി ഗ്രാമത്തിലെ തുരാക ബാബുറാവു പറയുന്നു. ‘പട്ടയം’ നൽകിയ ഭൂമിയിലെ ഏകദേശം 10,000 ഏക്കർ സ്ഥലം സർക്കാർ പിടിച്ചെടുത്തു

2013-ൽ കേന്ദ്രസർക്കാർ ഭൂമിയേറ്റെടുക്കൽ, പുനരധിവാസ, പുന:സ്ഥാപന, ന്യായ നഷ്ടപരിഹാരാവകാശ നിയമം (എൽഎആർആർ) പാസ്സാക്കിയെങ്കിലും പുതിയ തലസ്ഥാനത്തിനായി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സ്വന്തമായി "ഭൂമി ഏറ്റെടുക്കൽ പദ്ധതി'(എൽപിഎസ്) കൊണ്ടുവന്നു. സാമൂഹിക, പാരിസ്ഥിതിക  ആഘാതം വിലയിരുത്തൽ, ഭൂമി ഏറ്റെടുക്കുന്ന 70 ശതമാനം പേരിൽ നിന്നെങ്കിലും സമ്മതം വാങ്ങൽ, പുനഃരധിവാസ പാക്കേജുകൾ തുടങ്ങി എൽഎആർആർ ഉറപ്പുനൽകുന്ന എല്ലാ സുരക്ഷാ മുൻകരുതലുകളും പരിശോധനകളും അവഗണിക്കുന്നതാണ്‌ എൽപിഎസ്. 2015ൽ നടപ്പാക്കിയ ഈ നിയമം ഭൂമിയുടെ ഉടമകളിൽ നിന്ന്‌ മാത്രമാണ്‌ അനുമതി വാങ്ങുന്നത്‌. എന്നാൽ ഭൂമിയെ ആശ്രയിച്ച്‌ ജീവിക്കുന്ന കർഷകത്തൊഴിലാളികളെപ്പറ്റി നിയമം പൂർണമായും മറന്നു. നഷ്ടപരിഹാരമായി പണം ലഭിക്കുന്നതിനൊപ്പം പുതിയ തലസ്ഥാനത്ത് സ്വന്തമായി സ്ഥലവും അവർക്ക്‌ കിട്ടുമെന്നതിനാൽ ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലം സ്വമേധയാ സംസ്ഥാനത്തിന് നൽകുന്നതിൽ മടിയില്ല.

2016 ഫെബ്രുവരി 17-ന്‌ ആന്ധ്രാപ്രദേശ് മുനിസിപ്പൽ അഡ്മിനിസ്ട്രേഷനും നഗരവികസനവകുപ്പും പുറപ്പെടുവിച്ച ഉത്തരവുപ്രകാരം "സ്വമേധയാ' നൽകുന്ന ഓരോ ഏക്കർ പട്ടയഭൂമിക്കും ഭൂവുടമയ്ക്ക് 1,000 ചതുരശ്രയാർഡ്‌ പാർപ്പിടയോഗ്യമായ ഭൂമിയും 450  ചതുരശ്ര യാർഡ്‌ വാണിജ്യാവശ്യ സ്ഥലവും ലഭിക്കും. ഇവിടെ കടയോ മറ്റ്‌ വ്യാപാരമോ ആരംഭിക്കാനാകും. ഏറ്റെടുത്തതിൽ ബാക്കിയുള്ള ഭൂമി സംസ്ഥാന ഭൂമി ഏറ്റെടുക്കൽ അതോറിറ്റിയും ആന്ധ്രാപ്രദേശ് ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (എപിസിആർഡിഎ) റോഡുകൾ, പൊതു കെട്ടിടങ്ങൾ, ഫാക്ടറികൾ, മറ്റ് സൗകര്യങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കും.

ഓരോ ഏക്കർ സൗജന്യഭൂമിക്കും എ.പി.സി.ആർ.ഡി.എ 800 സ്ക്വയർ യാർഡ്‌ വാസയോഗ്യഭൂമിയും 250 സ്ക്വയർ യാർഡ്‌ വാണിജ്യാവശ്യഭൂമിയുമാണ്‌ നഷ്‌ടപരിഹാരം നൽകുക. കൃഷ്ണാനദിയിലെ ദ്വീപുകളിലുള്ള സൗജന്യഭൂമിക്ക്‌ അതിലും കുറവാണ്‌ സഹായം. വെറും 500 സ്ക്വയർ യാർഡ്‌ വാസയോഗ്യഭൂമിയും 100 സ്ക്വയർ യാർഡ്‌ വാണിജ്യാവശ്യഭൂമിയുമാണ്‌ നൽകുന്നത്‌.

PHOTO • Sri Lakshmi Anumolu
Field of maize. The fertile fields of Uddandarayunipalem, Lingayapalem and Venkatapalem villages in November 2014, before the whole land pooling exercise for the capital region has started.
PHOTO • Sri Lakshmi Anumolu

തലസ്ഥാന നഗരത്തിനായി 'ഭൂമി ഏറ്റെടുക്കൽ' ആരംഭിക്കുന്നതിന് മുമ്പ് 2014-ൽ കൃഷ്ണാ നദിയുടെ വടക്കേ കരയിലുള്ള ഗ്രാമങ്ങളിലെ ഭൂമിയിലുണ്ടായ കാർഷിക ഉത്പാദനം

എങ്കിൽപ്പോലും നഷ്‌ടപരിഹാരത്തിലെ ഈ വ്യത്യാസം ഉചിതമാണെന്നാണ്‌ കൂടുതൽ പട്ടയഭൂമി ഉടമകളും ചിന്തിക്കുന്നത്‌. “ഞങ്ങൾ  ഉഴുന്ന ഈ ഭൂമി കഠിനമായി ജോലിയെടുത്ത്‌ സമ്പാദിച്ചതാണ്‌. പാവങ്ങളായതിനാൽ സർക്കാരിൽനിന്ന്‌ സൗജന്യമായി ഭൂമി കിട്ടിയവരാണ്‌ അവർ (സൗജന്യഭൂമിയുടെ ഉടമകൾ). അപ്പോൾ എങ്ങനെയാണ്‌ രണ്ട്‌ വിഭാഗങ്ങൾക്കും ഒരുപോലെ നഷ്‌ടപരിഹാരം നൽകുക?” റായപുഡി സ്വദേശിയായി പേര്‌ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കമ്മ കർഷകൻ  പറഞ്ഞു.

കൃഷ്‌ണനദിയുടെ ചതുപ്പുനിലങ്ങളിൽ മെഗാ തലസ്ഥാന നഗരം നിർമിക്കുന്നതിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിസ്ഥിതിപ്രവർത്തകനായ അനുമോലു ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. റായപുഡിയിൽനിന്ന്‌ അഞ്ച്‌ കിലോമീറ്റർ ദൂരെയുള്ള ഉദ്ധന്തരായുനിപാലത്ത്‌ പട്ടയഭൂമിയുടമയാണ്‌ അനുമോലു. “സ്ഥലം സ്വമേധയാ വിട്ടുനൽകാൻ പട്ടയഭൂമി ഉടമകളെ സമ്മതിപ്പിക്കാനുള്ള നായിഡുവിന്റെ (മുഖ്യമന്ത്രി ചന്ദ്രബോബു) തന്ത്രമാണ്‌ നഷ്‌ടപരിഹാരത്തിലെ ഈ വ്യത്യാസം. നഷ്‌ടപരിഹാരം തുല്യമായാൽ പട്ടയഭൂവുടമകൾ സ്ഥലം ഒരിക്കലും വിട്ടുനൽകില്ല. പാവങ്ങൾക്ക്‌ വെറുതെ നൽകിയ ഭൂമിയുടേതിന്‌ തുല്യമായ നഷ്‌ടപരിഹാരം തങ്ങൾക്ക്‌ നൽകിയാൽ പട്ടയ ഭൂവുടമകൾ ഒരിക്കലും തങ്ങളുടെ ഭൂമി വിട്ടുനൽകില്ലായിരുന്നു.”

“സർക്കാർ ഉത്തരവ്‌ (വ്യത്യസ്‌ത നഷ്ടപരിഹാരം) കോടതിയിൽ നിയമപരമായി നിലനിൽക്കുന്നതല്ല. അത് ഭരണഘടനാവിരുദ്ധവുമാണ്. 2004-ലെ  ഹൈദരാബാദ് ചെവെല്ല ഡിവിഷൻ ഭൂമി ഏറ്റെടുക്കൽ ഓഫീസർ വേഴ്‌സസ്‌ മേക്കാല പാണ്ടു കേസിന്റെ വിധിയിൽ എല്ലാതരം ഭൂമിക്കും ഒരേ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി വിധിച്ചിട്ടുണ്ട്‌.” ഭൂമി ഏറ്റെടുക്കലിന്റെ പേരിൽ നിർബന്ധപൂർവം ഇറക്കിവിടപ്പെട്ടവരെ പ്രതിനിധീകരിക്കുന്ന ആന്ധ്രപ്രദേശ്‌ ഹൈക്കോടതി അഭിഭാഷകൻ രവി കുമാർ പറയുന്നു.

കോടതി വിധിക്ക്‌ പുറമെ ആന്ധ്രപ്രദേശ്‌ റവന്യൂ വകുപ്പ്‌ 2016 ജൂണിൽ പുറപ്പെടുവിച്ച ഒരു ഉത്തരവ്‌ (ജിഒ നമ്പർ. 259) പട്ടയമഭൂവുടുമകൾക്ക്‌ നൽകുന്നതിന്‌ തുല്യമായ നഷ്‌ടപരിഹാരം സൗജന്യഭൂവുകമകൾക്കും നൽകണമെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. എന്നാൽ “ഒരു പൊതു ആവശ്യത്തിന്‌ സർക്കാർ വകുപ്പോ കോർപ്പറേഷനോ സൗജന്യ ഭൂമി ഏറ്റെടുക്കുമ്പോൾ പട്ടയ വ്യവസ്ഥകൾ അനുസരിച്ചുവേണം ഭൂമി തിരിച്ചെടുക്കാൻ” എന്നും ഉത്തരവിലുണ്ട്‌.

Thokala Pulla Rao
PHOTO • Rahul Maganti
PHOTO • Rahul Maganti

ഇടത്ത്: 2016-ൽ ആറുലക്ഷം രൂപയ്ക്ക്‌ തൊകാല പുല്ലറാവു തന്റെ ഫലഭൂയിഷ്‌ടമായ ഭൂമി പരിഭ്രമിച്ച് വിറ്റു. ഇന്നതിന്റെ വിപണിവില ഏക്കറിന്‌ അഞ്ചുകോടിയാണ്‌. വലത്ത്: പട്ടയ പാസ്‌ബുക്കുമായി പുലി ചിന ലസാരസ്‌

റായപ്പുഡി വില്ലേജിലെ ബാബുറാവു ഉൾപ്പെടെയുള്ള നാലായിരത്തോളം പട്ടയ ഉടമകളും സൗജന്യഭൂമി ഉടമകളും എൽപിഎസിനെ എതിർക്കുകയും സ്വന്തം ഭൂമി സംസ്ഥാനത്തിന് നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി കമീഷന് അവർ കത്തെഴുതുകയും ചെയ്തു. മറ്റ്‌ വഴികളില്ലാതെ സർക്കാർ എൽ.എ.ആർ.ആർ .നിയമം നടപ്പാക്കി. പിന്നീട്‌ വിവിധ ഗ്രാമങ്ങളിൽനിന്നുള്ള കർഷകർ - സംഘങ്ങളായി ചേർന്ന്‌ - ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. അതേതുടർന്ന്‌ എൽ.എ.ആർ.ആർ പ്രകാരംപോലും ഭൂമി ഏറ്റെടുക്കുന്നതിന് 2017 ജൂൺ മുതൽ സ്റ്റേ ഉത്തരവ്‌ ലഭിച്ചു.

കൃഷ്ണാ നദിയുടെ വടക്കൻ മേഖലകളിലുള്ള റായപുഡി, ഉദ്ധന്തരായുനിപാലം, വെങ്കട്ടപാലം എന്നീ ഗ്രാമങ്ങളിലെ സൗജന്യഭൂമി സംസ്ഥാനത്തിന്റെ നദിയിലേക്ക്‌ മിഴിതുറക്കുന്ന തലസ്ഥാന നിർമാണത്തിന്‌ വളരെ പ്രധാനമാണ്‌. സിംഗപ്പൂരിൽനിന്നുള്ള കൺസ്ട്രക്ഷൻ കമ്പനികളുടെ കൂട്ടായ്മ തയ്യാറാക്കിയതാണ്‌ അമരാവതിയുടെ മാസ്റ്റർ പ്ലാൻ. ആദ്യം  -1,600 ഏക്കറിൽ വികസിപ്പിക്കേണ്ട ഒരു സുപ്രധാന സ്ഥലം, ഒപ്പം ഒരു വ്യാവസായിക മേഖലയും ഒരു പൈതൃക -ടൂറിസം ഹബും വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടും. നദീതീരത്തുതന്നെയുള്ള വാട്ടർ, സാഹസിക, തീം പാർക്കുകൾ, ഗോൾഫ് കോഴ്‌സുകൾ എന്നിവയെക്കുറിച്ചും പ്ലാനിൽ വ്യക്തമാക്കുന്നുണ്ട്‌.

തലസ്ഥാനത്തിന്റെ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് സ്വന്തം വാണിജ്യാവശ്യത്തിനായി 6,000 മുതൽ 10,000 ഏക്കർ വരെ ഭൂമി ലഭിക്കുമെന്ന് വിവിധ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യത്തിൽ കമ്പനികളും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രം രഹസ്യമായതിനാൽ കൃത്യമായ കണക്ക് ലഭ്യമല്ല.

ബാബുറാവുവിന്റെ സുഹൃത്തും കർഷകനുമായ 0.77 ഏക്കർ സൗജന്യഭൂമിയുടെ ഉടമയുമായിരുന്ന അറുപതുകാരൻ തോക്കല പുല്ലറാവുവും റായപുഡിയിലെ അസൈൻഡ്‌ ലാൻഡ്‌ ഫാർമേഴ്‌സ്‌ വെൽഫയർ അസോസിയേഷൻ അംഗമാണ്‌. 2016-ൽ തന്റെ ഫലഭൂയിഷ്‌ടമായ ഭൂമി ഏകദേശം ആറുലക്ഷം രൂപയ്ക്ക്‌ വിറ്റിരുന്നു (ഇത്‌ നിയമവിരുദ്ധമാണെങ്കിലും). എന്നാൽ നിലവിൽ ഈ സ്ഥലത്തിന്റെ വിപണിവില ഏക്കറിന്‌ അഞ്ചുകോടിയാണ്‌.

A signboard showing the directions to the yet to be constructed Ambedkar Smriti Vanam
PHOTO • Rahul Maganti

ഇടത്ത്: രാഷ്ട്രീയപ്പാർട്ടികളും പ്രവർത്തകരും ഭൂമി ഏറ്റെടുക്കലിനെതിരേ പ്രതിഷേധിക്കുന്നു. വലത്ത്: പ്രഖാപിക്കപ്പെട്ട അംബേദ്ക്കർ മെമ്മോറിയൽ, പാർക്കിനെ സംബന്ധിച്ചുള്ള സൈൻ ബോർഡ്

“ഇതൊക്കെ സർക്കാർ ഭൂമിയാണെന്ന്‌ സംസ്ഥാന സർക്കാർ നിരന്തരം പറഞ്ഞപ്പോൾ നഷ്‌ടപരിഹാരം കിട്ടില്ലെന്ന്‌ ഞാൻ ഭയന്നു. ഭൂമി സൗജന്യമായി അനുവദിച്ചത്‌ സർക്കാരായതിനാൽ ആവശ്യമുള്ളപ്പോൾ അവർ അത്‌ തിരിച്ചെടുക്കുമെന്ന്‌ റവന്യൂ ഉദ്യോഗസ്ഥരും പറഞ്ഞു.” പുല്ലറാവു പറഞ്ഞു. “നിയമത്തെപ്പറ്റി ഞങ്ങൾക്ക്‌ ഒരു ധാരണയുമില്ലാത്തതിനാൽ അതൊക്കെ ഞങ്ങൾ വിശ്വസിച്ചു.” പുല്ലറാവുവിനെപ്പോലെയുള്ള കർഷകരുടെ ഈ ഭയത്തെ ബ്രോക്കർമാർ മുതലെടുക്കുകയും ചെയ്തു. പല ബ്രോക്കർമാരും ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ബിനാമികളാണെന്നും ചിലപ്പോൾ അതിന്റെ പ്രവർത്തകർതന്നെയാണെന്നും കർഷകരും പ്രാദേശിക മാധ്യമങ്ങളും അവകാശപ്പെടുന്നു.

2014 നവംബറിൽ ഏകദേശം 3,500 ഏക്കർ സൗജന്യഭൂമിയുടെ വാങ്ങൽ, വിൽക്കൽ ഉണ്ടായതായി നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റിന്റെ (എൻഎപിഎം) വസ്തുതാന്വേഷണ സമിതി ചൂണ്ടിക്കാട്ടി. ഒരു മാസത്തിനുള്ളിൽ 4,000 കോടി രൂപയുടെ കൈമാറ്റം നടന്നു. റവന്യൂ ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരും ഒരുമിച്ചുനിന്നാണ്‌ ഇത്‌ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

അമരാവതി പൂർത്തിയാകുമ്പോൾ അതൊരു ചേരിയായി മാറുമെന്ന് പുല്ലറാവു കരുതുന്നു. “ജാതിയുടെ പേരിലുള്ള വിവേചനം തലസ്ഥാന നഗരിയിലും നിലനിൽക്കും. സൗജന്യഭൂവുടമകൾക്ക്‌ ഒരുവശത്തും പട്ടയ ഭൂവുടമകൾക്ക്‌ മറ്റൊരിടത്തുമാണ്‌ സ്ഥലം അനുവദിക്കുന്നത്‌. ജാതിയുടെ പേരിൽ അതിരുകളിലൂടെ വേർതിരിക്കുന്ന ഒരു ഗ്രാമത്തെ ഇത് പുനഃസൃഷ്ടിക്കും” അദ്ദേഹം പറയുന്നു.

2017 ഏപ്രിൽ നാലിന്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു 125 അടി ഉയരമുള്ള ഡോ. ബി ആർ അംബേദ്‌കറുടെ പ്രതിമയ്ക്കുള്ള അടിസ്ഥാനശില പാകിയിരുന്നു. 20 ഏക്കറിലുള്ള ഈ വളപ്പ്‌ അംബേദ്‌കർ സ്മൃതിവനം എന്നറിയപ്പെടും. പ്രതിമയ്ക്കും ഉദ്യാനത്തിനുമായി 100 കോടിരൂപ അനുവദിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.  രണ്ടാം നൂറ്റാണ്ടിൽ ഡെക്കാൻ മേഖലയിലുണ്ടായിരുന്ന  ബുദ്ധിസ്റ്റ്‌ ശതവാഹന രാജ്യത്തിന്റെ തലസ്ഥാനമായ അമരാവതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ തലസ്ഥാനം നിർമിക്കുന്നതെന്ന്‌ ശിലാസ്ഥാപന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

“അംബേദ്കറുടെ ആദർശങ്ങൾ പാലിക്കാതെയും ദരിദ്രരെയും ദലിതരെയും രണ്ടാംകിട പൗരന്മാരായി കണക്കാക്കുകയും ചെയ്തിട്ട്‌ അദ്ദേഹത്തിന്റെ പേരിൽ പ്രതിമയും പൂന്തോട്ടവും പണിയുന്നതിൽ എന്ത് പ്രയോജനം? ” ബാബുറാവു ചോദിക്കുന്നു.

കവർ ഫോട്ടോ: ലക്ഷ്മി അനുമോളു

ഈ ശ്രേണിയിലുള്ള മറ്റ് ലേഖനങ്ങൾ:

‘This is not a people’s capital’

‘Let the state give us the jobs it promised’

Soaring land prices, falling farm fortunes

A wasteland of lost farm work

Mega capital city, underpaid migrant workers

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

Rahul Maganti

راہل مگنتی آندھرا پردیش کے وجیہ واڑہ میں مقیم ایک آزاد صحافی ہیں۔

کے ذریعہ دیگر اسٹوریز Rahul Maganti
Editor : Sharmila Joshi

شرمیلا جوشی پیپلز آرکائیو آف رورل انڈیا کی سابق ایڈیٹوریل چیف ہیں، ساتھ ہی وہ ایک قلم کار، محقق اور عارضی ٹیچر بھی ہیں۔

کے ذریعہ دیگر اسٹوریز شرمیلا جوشی
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

کے ذریعہ دیگر اسٹوریز Aswathy T Kurup