"കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഞാൻ 27 ശവസംസ്കാരങ്ങൾ നടത്തി," സൂറത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള പ്രമോദ് ബിസോയ് പറഞ്ഞു. ഒഡിഷയിലെ ഗഞ്ചം ജില്ലയിൽനിന്നുള്ള നെയ്ത്താശാനാണ് അയാൾ. "തൊഴിലാളികളുടെ കുടുംബങ്ങൾ മിക്കപ്പോഴും വളരെ ദരിദ്രരായതിനാൽ ഗുജറാത്തുവരെ യാത്ര ചെയ്ത് ശവസംസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാറില്ല."

പക്ഷേ ബികാശ്‌ ഗൗഡ മരിക്കുമ്പോൾ അയാളുടെ അച്ഛനും സഹോദരന്മാരും സമീപത്തുണ്ടായിരുന്നു. പതിനാറുവയസുള്ള ബികാശ് നെയ്ത്തിന്റെ കഠിനമായ ലോകത്തെത്തിയിട്ട് 24 മണിക്കൂറുകൾപോലുമായിരുന്നില്ല. ഗഞ്ചത്തിലെ ലാന്ദജൂവാലി ഗ്രാമത്തിലെ തന്റെ വീട്ടിൽനിന്ന് 1,600 കിലോമീറ്ററിലധികം യാത്ര ചെയ്താണ് ആ കൗമാരപ്രായക്കാരൻ സൂറത്തിലെ വേദ് റോഡിലെ യന്ത്രത്തറി വ്യവസായശാലയിൽ ജോലിചെയ്യാനെത്തിയത്. ഈ വർഷം ഏപ്രിൽ 25-ന് ഒരു യന്ത്രം പ്രവർത്തിപ്പിക്കാൻ തുടങ്ങുമ്പോൾ ശക്തിയേറിയ ഒരു വൈദ്യുതിപ്രവാഹത്തിന്റെ ആഘാതത്തിൽ അയാൾ തൽക്ഷണം മരിച്ചു. അയാളുടെ അച്ഛനും സഹോദരന്മാരും തൊട്ടടുത്ത തറികളിൽ ജോലി ചെയ്യുകയായിരുന്നു.

"ആ യന്ത്രത്തിന് തകരാറുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. മുൻപും ചെറിയ വൈദ്യുതാഘാതങ്ങൾ ഞങ്ങൾക്ക് ഏറ്റിട്ടുണ്ട്‌...പക്ഷെ എന്റെ മകനെ അത് കൊല്ലുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല," മൂന്ന് ദശാബ്ദങ്ങളായി സൂറത്തിൽ ജോലി ചെയ്യുന്ന ബികാശിന്റെ അച്ഛൻ ചരൺ ഗൗഡ പറഞ്ഞു. "വീട്ടിൽ സ്ഥിതി വളരെ മോശമാണ്. ഏറ്റവും ഇളയ മകനെക്കൂടി ഇവിടെ കൊണ്ടുവന്നാൽ കുടുംബത്തിനുവേണ്ടി കുറച്ചു പണം മിച്ചംപിടിക്കാൻ സാധിക്കുമെന്ന്‌ ഞാൻ കരുതി."

A young worker works on an embroidery machine in a unit in Fulwadi
PHOTO • Aajeevika Bureau (Surat Centre)
Pramod Bisoyi with loom workers in Anjani. He works as a master in the loom units at Anjani. He migrated from Barampur, Ganjam in the early 1990s. On account of his strong social networks built over the years, Bisoyi brings with him young workers to join the looms every year
PHOTO • Reetika Revathy Subramanian

ഇടത്ത്: ഫുൽവാഡിയിലെ ഒരു നെയ്ത്തുശാലയിൽ ചിത്രത്തുന്നൽ യന്ത്രം പ്രവർത്തിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനായ തൊഴിലാളി. വലത്ത്: അഞ്ചാനിയിൽ നെയ്ത്താശാൻ പ്രമോദ് ബിസോയ് മറ്റ് ജോലിക്കാരോടൊപ്പം

രണ്ടാഴ്ചകൾക്കുശേഷം മേയ് 10-ന് സൂറത്ത് മെട്രോപൊളിറ്റൻ പ്രദേശത്തുള്ള സച്ചിൻ എന്ന സ്ഥലത്തെ ഗുജറാത്ത് വ്യവസായ വികസന കോർപറേഷൻ മേഖലയിലെ ഒരു തറിശാലയിൽ ഒരു യന്ത്രം രാജേഷ് അഗർവാളിനെ വലിച്ചെടുത്തു. മഹാരാഷ്ട്രയിൽ നിന്നുള്ള ആ ചെറുപ്പക്കാരൻ അപകടസ്ഥലത്തുതന്നെ മരിച്ചു. "ആ യന്ത്രം പഴയതായിരുന്നു. വൈദ്യുതി നിലച്ചാലേ അത് പ്രവർത്തനം നിർത്തുകയുള്ളൂ," അപകടത്തെത്തുടർന്ന് പുറത്ത് തടിച്ചുകൂടിയ സംഘത്തിലെ അയാളുടെ ഒരു സഹപ്രവർത്തകൻ പറഞ്ഞു. "നൂല് ശരിയാക്കാൻ വേണ്ടി അയാൾ അതിൽ കൈ കടത്തിക്കാണും...അപ്പോൾ അതിൽ അകപെട്ടുപോയതാകാം." അന്നുമുതൽ ആ നെയ്ത്തുശാല അടച്ചിട്ടിരിക്കുകയാണ്.

വൈദ്യതാഘാതം, തീപ്പൊളളൽ, ശ്വാസംമുട്ടൽ, വീഴ്ചകൾ, വിരലുകൾ അറ്റുപോകൽ,  കൈകാലുകൾ ഒടിയൽ എന്നിവകൂടാതെ, ചിലപ്പോൾ മരണവുമടക്കം അനവധി അപകടങ്ങൾ സൂറത്തിലെ യന്ത്രത്തറിശാലകളിൽ "ദിവസം‌പ്രതി എന്നോണം നടക്കുന്നുണ്ട്", ഇവയൊന്നും ആരെയും അറിയിക്കാറുമില്ല നഷ്ടപരിഹാരം കൊടുക്കാറുമില്ല, ജോലിക്കാരും അവരുടെ ആശാന്മാരും പറഞ്ഞു.

ഒരു പോളിയെസ്റ്റർ നൂലിൽ തൂങ്ങി

വടക്കൻ സൂറത്തിലെ മിനാ നഗർ മേഖലയിൽ 1,000 ചതുരശ്ര അടിയോളം പരന്നുകിടക്കുന്ന ഒരു വ്യവസായശാലയിൽ നൂറിലധികം യന്ത്രതറികൾ അടുത്തടുത്തായി പ്രവർത്തിക്കുന്നുണ്ട്. ഇടനാഴികളില്ലാത്ത അവിടെ ഓരോ ഷിഫ്റ്റിലും 80 മുതൽ 100 പേർ ജോലിചെയ്യുന്നുണ്ട്. രാവിലെ ഏഴുമണി മുതൽ രാത്രി ഏഴുമണി വരെയും രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുമണിവരെയും നീളുന്ന 12 മണിക്കൂർ ഷിഫ്റ്റുകളുടെ ഇടയിൽ ജോലിക്കാർക്ക് കൈകാലുകൾ നീട്ടാനുള്ള ഇടംപോലുമില്ല. നിരവധി നിരീക്ഷണ ക്യാമറകൾ അവരുടെ എല്ലാ ചലനവും സദാസമയവും വീക്ഷിക്കുന്നുണ്ട്. ഏറ്റവും അടുത്തുള്ള ശൗചാലയം കുറച്ചു ബ്ലോക്കുകൾക്കു അപ്പുറമാണ്. മേയ് മാസത്തിൽ പുറത്ത് 41 ഡിഗ്രി ചൂടാണ്. എന്നാൽ വ്യവസായശാലയിൽ കുടിവെള്ളത്തിനുള്ള സൗകര്യമോ ജനലുകളോ ഇല്ല. ജോലിക്കാർ അടുത്തുള്ള ചായക്കടകളിൽനിന്നാണ് വെള്ളം കൊണ്ടുവരുന്നത്.

നൂൽ വേഗത്തിൽ നൂൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജോലിക്കാർക്ക് അവരുടെ പാദങ്ങളും കാലുകളും തുടർച്ചയായി ദ്രുതഗതിയിൽ ചലിപ്പിക്കേണ്ടതുണ്ട്. "ഇവിടെ ഓരോ മിനുട്ടിനും വിലയുണ്ട്...ശരിക്കും ഒരോ നിമിഷത്തിനും," നെയ്ത്താശാൻ ബിസോയ് പറഞ്ഞു. ചെയ്യുന്ന ജോലിക്ക് കൂലി എന്നടിസ്ഥാനത്തിലാണ് തൊഴിലാളികൾക്കുള്ള വേതനം  - ഓരോ മീറ്ററിന് 1.10  മുതൽ 1.50 രൂപവരെ. അതിനാൽ "അവർക്കു സമയം കളയാനോ വിശ്രമിക്കാനോ നിർവാഹമില്ല", ബിസോയ് കൂട്ടിച്ചേർത്തു. വൈദ്യുതി നിലയ്ക്കുന്ന ദിവസങ്ങൾമാത്രമാണ് അവർക്ക് ഒരു വർഷത്തിൽ ലഭിക്കുന്ന ഒഴിവുദിനങ്ങൾ. ഒരു മാസം ഏകദേശം 360 മണിക്കൂറുകൾ ജോലിചെയ്താൽ ഒരു ജോലിക്കാരൻ സമ്പാദിക്കുന്നത് 7,000 മുതൽ 12,000 രൂപവരെയാണ്. അതിൽ 3,500 രൂപയെങ്കിലും വാടകയിനത്തിലും ഭക്ഷണത്തിനും ചിലവാകും.

ഓരോ മാസത്തെ ഈ 360 മണിക്കൂറുകളിൽ സൂറത്തിലെ തറി തൊഴിലാളികൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന പോളിയെസ്റ്ററിന്റെ ഏകദേശം 90 ശതമാനം ഉത്പാദിക്കുന്നു - ദിവസേന ഏകദേശം 30 ദശലക്ഷം മീറ്റർ അസംസ്‌കൃത തുണിയും 25 ദശലക്ഷം തുണിയുത്പന്നങ്ങളും. പീപ്പിൾസ് ട്രെയിനിങ് ആൻഡ് റിസർച്ച് സെന്റർ (പി ടി ആർ സി) എന്ന വഡോദര ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ ഓഗസ്റ്റ് 2017-ലെ ലേബർ കണ്ടിഷൻസ് ഇൻ സൂറത്ത് ടെക്സ്ടൈൽ ഇൻഡസ്റ്ററി എന്ന റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്.

The newly constructed powerloom units in Surat have no windows, no scope for any ventilation. Inside these units are hundreds of workers, clocking in 12 hour shifts.
PHOTO • Reetika Revathy Subramanian

സൂറത്തിലെ ജനലുകളില്ലാത്ത ഇത്തരം അനവധി വ്യവസായശാലകളിൽ തറികളുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിൽ നൂറുകണക്കിന് ജോലിക്കാർ 12 മണിക്കൂർ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നു

സൂറത്തിലും പ്രാന്തപ്രദെശങ്ങളായ പാണ്ഡെസരാ, ഉദ്ധന, ലിംബായത്, ഭേസ്ഥാൻ, സച്ചിൻ, കത്താർഗം , വേദ് റോഡ്, അഞ്ചാനി എന്നിവിടങ്ങളിലുമായി ചെറുകിട വ്യവസായശാലകളിലാണ് ഈ യന്ത്രത്തറികളിലധികവും നിലകൊള്ളുന്നത്. ഈ നഗരത്തിൽ ഏകദേശം 1.5 ദശലക്ഷം യന്ത്രത്തറികളുണ്ടെന്നാണ് മഹാരാഷ്ട്രാ, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെയിടയിൽ പ്രവർത്തിക്കുന്ന സംഘടനയായ ആജീവിക ബ്യൂറോ കണക്കുകൂട്ടുന്നത്.

തൊഴിലാളികൾക്ക് വലുതും ചെറുതുമായ പരിക്കുകൾ സംഭവിക്കുന്ന ഇടങ്ങളാണ് ഈ തറിശാലകൾ. തൊഴിലാളികളിൽ അധികവും ഗഞ്ചമിൽനിന്നുള്ള കുടിയേറ്റക്കാരാണ്. പിടിആർസിയുടെ പഠനം പറയുന്നത് 2012-നും 2015-നും ഇടയിൽ സൂറത്തിലെ വസ്ത്രസംസ്കരണ ശാലകളിൽ 84 ഗുരുതരമായ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ്. അവയിൽ മൊത്തം 114 തൊഴിലാളികളുടെ ജീവൻ പൊലിഞ്ഞു. അതേ കാലയളവിൽ 375 ജോലിക്കാർക്ക് പരിക്കേറ്റു. ഈ വിവരങ്ങൾ വിവരാവകാശ അപേക്ഷപ്രകാരം ഗുജറാത്തിലെ ഡിറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് ഹെൽത്തിൽനിന്ന് ലഭിച്ചതാണ്. ഈ നഗരത്തിൽ അനധികൃതമായ ധാരാളം യന്ത്രത്തറി ശാലകൾകൂടി ഉള്ളതിനാൽ മരണങ്ങളുടെയും അപകടങ്ങളുടെയും കണക്ക് കുറച്ച് കാണിച്ചിട്ടുണ്ടാവാം.

ഇത്തരം കാര്യങ്ങളെക്കുറിച്ചു സമഗ്രമായ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല.

അപകടമോ മരണമോ സംഭവിച്ചാൽ തൊഴിലാളികൾക്കോ അവരുടെ കുടുംബങ്ങൾക്കോ നഷ്ടപരിഹാരം നൽകണമെന്ന് അനുശാസിക്കുന്ന ഫാക്ടറീസ് ആക്ട് പ്രകാരമല്ല, മറിച്ച്, ഷോപ്‌സ് ആൻഡ് എസ്സ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിന്റെ കീഴിലാണ് മിക്കവാറും തറിശാലകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പിടിആർസി മേധാവി ജഗദിഷ് പട്ടേൽ ചൂണ്ടികാണിച്ചു.

ജോലിക്കാർക്ക് തൊഴിൽകരാറുകളൊന്നും ലഭിക്കാറില്ല. വാമൊഴി പ്രകാരമാണ് ജോലിക്ക് ആളുകളെ എടുക്കുന്നത്. "ഓരോ തവണ ഏതെങ്കിലും ആഘോഷത്തിനോ കല്യാണ സീസണിലോ അവധിയെടുത്ത് വീട്ടിൽ പോയാൽ തിരിച്ചുവരുമ്പോൾ ജോലിയുണ്ടാകുമോയെന്ന് അവർക്കുറപ്പില്ല. അവരുടെ പകരക്കാരെ കണ്ടെത്താൻ അത്ര എളുപ്പമാണ്," പ്രവാസി ശ്രമിക് സുരക്ഷാ മഞ്ച് (പി.എസ്.എസ്.എം) എന്ന കൂട്ടായ്മയുടെ അംഗമായ പ്രഹ്ലാദ് സ്വൈൻ പറഞ്ഞു. സൂറത്തിലെയും പരിസരപ്രദേശങ്ങളിലെയും നെയ്ത്തുതൊഴിലാളികളുടെയും വസ്ത്രനിർമ്മാണശാല ജോലിക്കാരുടെയും കൂട്ടായ്മായായ പി.എസ്.എസ്.എം. ജനുവരി 2016-ൽ തുടങ്ങിയതാണ്. "ഞങ്ങൾ തിരിച്ചുവരുമ്പോൾ ജോലിയുണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല," ഗഞ്ചമിലെ ബഡാഖാണ്ടി ഗ്രാമത്തിൽനിന്നുള്ള 36 വയസ്സുള്ള കുടിയേറ്റത്തൊഴിലാളിയായ സിമാഞ്ചല സാഹു പറഞ്ഞു. "ജോലിയിൽനിന്ന് മാറി നിൽക്കുന്ന ദിവസങ്ങളിലെ കൂലിയും തൊഴിലാളികൾക്ക് വേണ്ടെന്ന് വെക്കേണ്ടിവരും."

Loom in Fulwadi
PHOTO • Reetika Revathy Subramanian

ഫുൽവാഡിയിലെ ഒരു യന്ത്രത്തറിശാല: ജോലിക്കാർക്ക് കൈകാലുകൾ നിവർത്താൻ ഇവിടെ ഇടം തീരെയില്ല, നെയ്ത്തിന്റെ ഓരോ മിനുട്ടും വിലപിടിപ്പുള്ളതായതിനാൽ ഇടവേളകളും വിരളമാണ്

വിലപേശാൻ കഴിവില്ലാത്തതിനാൽ കുടിയേറ്റ നെയ്ത്തുതൊഴിലാളികൾ ഉൾപ്പെട്ട അപകടങ്ങളിലും മരണങ്ങളിലും വലിയ പുരോഗതിയൊന്നും ഉണ്ടാവാറില്ലെന്ന്, സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ അസിസ്റ്റന്റ് സാനിറ്ററി ഇൻസ്പെക്ടറായ ജെ. കെ. ഗാമിത് പറഞ്ഞു. "തൊഴിലാളികളുടെ കുടുംബങ്ങൾ അകലെ അവരുടെ ഗ്രാമങ്ങളിലായിരിക്കും നഗരത്തിലെ കൂട്ടുകാർ മറ്റു നെയ്ത്തുശാലകളിൽ ജോലിചെയ്യുന്നവരും. അവർക്കു തിരക്കായതിനാൽ പോലീസ് സ്റ്റേഷനിൽ ഇടയ്ക്കിടെ പോയി അന്വേഷിക്കാനൊന്നും നേരമുണ്ടാകില്ല," അദ്ദേഹം പറഞ്ഞു. "പരിക്കുകളുടെയും മരണങ്ങളുടെയും കണക്കുകളുള്ള ഔദ്യോഗിക രേഖകളൊന്നുമില്ല. കേസ് ഏതാണ്ട് അവിടെവെച്ചുതന്നെ അവസാനിക്കും."

സാധാരണയായി നെയ്ത്തുശാലയിൽ ഒരു മരണമുണ്ടായാൽ ഒരു പോലീസ് കേസ് രജിസ്റ്റർ ചെയ്യും. പക്ഷെ അത് വെറും നിയമപരമായതും വൈദ്യശാസ്ത്രപ്രകാരമുള്ളതുമായ ഒരു ചടങ്ങുമാത്രമാണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്നത് വിരളമാണ്. നഷ്ടപരിഹാരം അവകാശപ്പെടാൻ കുടുംബം തൊഴിൽ വകുപ്പുമായിട്ടാണ് ബന്ധപ്പെടേണ്ടത്. പരിക്കേറ്റതിനാണ് നഷ്ടപരിഹാരം ചോദിക്കുന്നതെങ്കിൽ അത് തൊഴിലുടമയുടെ വിരോധത്തിനിടയാക്കാം, തന്മൂലം ആ തൊഴിലാളിയുടെ ജോലി അപകടത്തിലാകുകയും ചെയ്യും. മിക്കവരും കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പിന് വഴങ്ങിക്കൊടുക്കും.

അങ്ങനെ ചെറുപ്പക്കാരനായ ബികാശ് ഗൗഡ മരിച്ച്‌ നാലുദിവസം കഴിഞ്ഞ് ഏപ്രിൽ 29-ന് തൊഴിലുടമ അയാളുടെ കുടുംബത്തിന് 2.10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. അതിൽക്കൂടുതൽ അവകാശങ്ങളൊന്നുമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. പൊതുവെ തൊഴിലുടമകൾ കേസവസാനിപ്പിക്കാൻവേണ്ടി 50,000 രൂപയിലധികം നൽകാറില്ല, ആ പ്രക്രിയതന്നെ മാസങ്ങളെടുക്കും. ഈ സംഭവത്തിൽ പി.എസ്.എസ്.എമ്മും ആജീവിക ബ്യൂറോയും ഇടപെട്ടതിനാൽ തുക കൂട്ടാനും വേഗത്തിൽ നൽകാനും ഉടമകൾ നിർബന്ധിതരായി എന്നുമാത്രം.

മൂന്ന് ജോലികൾ നഷ്ടപ്പെടുമെന്ന് കണ്ടപ്പോൾ ആ കുടുംബം സമ്മതിച്ചു.

ഗഞ്ചമിൽനിന്ന്‌ ഗുജറാത്തുവരെ

ഗഞ്ചമിൽനിന്നുള്ള കുറഞ്ഞത് എട്ടുലക്ഷം തൊഴിലാളികൾ സൂറത്തിൽ താമസമുണ്ടെന്നാണ് സൂറത്ത് ഒഡിയ ക്ഷേമസമിതിയിലെ അംഗമായ രാജേഷ് കുമാർ പാഠി കണക്കാക്കുന്നത്. അവരിൽ 70 ശതമാനത്തോളം ഈ നഗരത്തിലെ യന്ത്രത്തറി വ്യവസായത്തിലാണ് ജോലിചെയ്യുന്നത്. "ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപാണ് ഒഡിഷയുടെയും ഗുജറാത്തിന്റെയും ഇടയിലുള്ള കുടിയേറ്റത്തിന്റെ ഇടനാഴി തുറക്കപ്പെട്ടത്," അദ്ദേഹം പറഞ്ഞു. " ഒഡിഷയിലെ ഒരു വികസിത ജില്ലയായിട്ടാണ് ഗഞ്ചം കണക്കാക്കപ്പെടുന്നതെങ്കിലും കുറഞ്ഞുവരുന്ന പ്രകൃതിവിഭവങ്ങളും, ചുരുങ്ങുന്ന കൃഷിസ്ഥലങ്ങളും, തുടർച്ചയായുള്ള പ്രളയവും വരൾച്ചയും കുടിയേറ്റത്തിന്റെ വേഗംകൂട്ടി," പിടിആർസിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഗഞ്ചമിൽനിന്നുള്ള കുടിയേറ്റത്തോഴിലാളികളെ സൂറത്തിന്റെ മറ്റൊരു വലിയ വ്യവസായമായ രത്നസംസ്കരണത്തിൽ ജോലിക്കെടുക്കാറില്ല എന്ന് ജഗദീഷ് പട്ടേൽ ചൂണ്ടികാണിച്ചു. "തൊഴിലുടമകൾ അവർക്കു വിശ്വാസമുള്ളവരെ ജോലിക്കെടുക്കുള്ളു അതിനാൽ ആ ജോലികളൊക്കെ പൊതുവെ നാട്ടുകാരായ ഗുജറാത്തി തൊഴിലാളികൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഗഞ്ചമിൽനിന്നുള്ള തൊഴിലാളികൾ ഏറ്റവും താഴെത്തട്ടിൽത്തന്നെയുള്ള ആളുകളാണ്. വർഷങ്ങളായി എല്ലാ ദിവസവും ഒരേമട്ടിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുക എന്ന വിരസമായ ജോലിയാണ് അവരുടേത്”.

എന്നിട്ടും ഇത് നാട്ടിലെ സ്ഥിതിയെക്കാൾ നല്ലതാണെന്നാണ് തൊഴിലാളികൾ പറയുന്നത്. "ഗഞ്ചമിലെ സ്ഥിതി വളരെ വെല്ലുവിളി ഉയർത്തുന്നതാണ്," പിഎസ്എസ്എമ്മിലെ അംഗംകൂടിയായ സിമാഞ്ചല സാഹു പറഞ്ഞു. "ആദ്യം കുറച്ച് തൊഴിലാളികളായിരിക്കും കുടിയേറിയത്, പിന്നീട് വലിയ സംഘങ്ങളായാണ് അവർ വരുന്നത്, ചിലർ കുടുംബാംഗങ്ങളെയും അയൽക്കാരെയും ഒക്കെ കൂടെ കൂട്ടും.

Simanchala Sahu, a migrant worker from Odisha’s Ganjam district has been working in a powerloom unit on Ved Road for the last two decades. He works for 12 hours every day, and gets paid on a piece-rate basis
PHOTO • Aajeevika Bureau (Surat Centre)
Forty-year-old Shambunath Sahu runs a mess for the loom workers in Fulwadi on Ved Road. A migrant from Polasara town in Ganjam, Sahu feeds over 100 workers every day
PHOTO • Reetika Revathy Subramanian

ഒഡിഷയിലെ ഗഞ്ചം ജില്ലയിൽനിന്നുള്ള സിമാഞ്ചല സാഹു (ഇടത്) വേദ് റോഡിലെ ഒരു യന്ത്രത്തറിശാലയിൽ രണ്ട് ദശകങ്ങളായി ജോലിചെയ്യുന്നു. ഗഞ്ചമിലെ പൊലാസറ പട്ടണത്തിലെ ശംബുനാഥ് സാഹു (വലത്ത്) വേദ് റോഡിൽ നെയ്ത്തുകാർക്കുവേണ്ടി ഒരു ഭക്ഷണശാല നടത്തുന്നു.

യന്ത്രത്തറിമേഖലയിൽ ജോലിചെയ്യുന്ന മിക്കവാറും കുടിയേറ്റ തൊഴിലാളികൾ ആണുങ്ങളാണ്. ഗഞ്ചമിൽനിന്നുള്ള സ്ത്രീകൾ സൂറത്തിൽ വിരളമാണ്. അവർ പൊതുവെ ചിത്രത്തുന്നൽ അല്ലെങ്കിൽ തുണി മുറിക്കുന്ന പണികളുള്ള തൊഴിലിടങ്ങളിലാണ് ജോലി ചെയ്യുന്നത്. ചിലർ വീട്ടിൽ ഈ കരാ‍റടിസ്ഥാനത്തിൽ ചെയ്തുകൊടുക്കും. ഭർത്താക്കന്മാർ നഗരത്തിൽ സ്ഥിരമായതിനുശേഷമാണ് ചില സ്ത്രീകൾ സൂറത്തിലേക്ക് വരുന്നത്. മിക്കവാറും പുരുഷ തൊഴിലാളികൾ കുടുംബങ്ങളിൽനിന്നകന്നാണ് ജീവിക്കുന്നത്. വർഷത്തിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ടു വർഷത്തിലൊരിക്കലോ ഏതാനും ആഴ്ചകൾക്ക് നാട്ടിൽ പോകുന്നവരാണ് അവർ (ഇതിനെക്കുറിച്ച് കൂടുതൽ ഈ പരമ്പരയിലെ അടുത്ത കഥയിൽ)

കുടിയേറ്റത്തൊഴിലാളികളിലെ ഒരു വലിയ വിഭാഗം കെവാത്ത് വിഭാഗത്തിൽ‌പ്പെട്ട ദളിതരാണ്. നാട്ടിലെ അവരുടെ സ്വന്തം ഗ്രാമങ്ങളിൽ മീൻപിടുത്തവും വഞ്ചിയിലെ ജോലിയും ചെയ്ത് അവർ ജീവിക്കുന്നു. സാഹുവിനെപ്പോലുള്ള ചില തൊഴിലാളികൾ മറ്റ്  പിന്നാക്കവിഭാഗത്തിൽപ്പെടുന്ന സമുദായങ്ങളിൽനിന്നുള്ളവരാണ്. മിക്കവർക്കും സ്വന്തമായി ഭൂമിയില്ല. "മുഖ്യ വരുമാനസ്രോതസ്സ് കൃഷിയാണ്. അത് കാലാവസ്ഥയെയും പ്രളയസാഹചര്യത്തെയും വളരെയധികം ആശ്രയിച്ചിരിക്കുന്നു. മറ്റു അവസരങ്ങളൊന്നുമില്ല," സ്വൈൻ പറഞ്ഞു. "ഇതൊക്കെയാണ് കുറേപ്പേരെ സൂറത്തിലേക്ക് വരുത്തിയത്. തങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം കണക്കാക്കാതെ പണം സമ്പാദിച്ച് വീട്ടിലേക്കയയ്ക്കാനെങ്കിലും അവർക്ക് സാധിക്കുന്നു."

ഈ നിസ്സഹായാവസ്ഥ വ്യവസായശാലകളിൽ വൻതോതിലുള്ള ചൂഷണത്തെ സ്വാഭാവികമാക്കിയിരിക്കുന്നു. "പരിക്കേൽക്കുന്നതോ കൊല്ലപ്പെടുന്നതോ ആയ ഓരോ തൊഴിലാളിക്ക് പകരം ധാരാളം ചെറുപ്പക്കാരായ, എന്തിനും തുനിയുന്ന ജോലിക്കാർ ദിനംപ്രതി നഗരത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു," ഗഞ്ചമിലെ ബെർഹാംപൂർ പട്ടണത്തിൽനിന്നുള്ള യന്ത്രത്തറി ജോലിക്കാരനായ 38 വയസ്സുള്ള ഋഷികേശ് റൗത്ത് പറഞ്ഞു. ഫെബ്രുവരി 2017-ലെ ഒരു വൈദ്യുത അപകടത്തിൽ അദ്ദേഹത്തിന് മൂന്ന് വിരലുകൾ നഷ്ടമായി. "എത്ര വലിയ പരിക്കും അപകടവുമായലും ശരി, വീട്ടിലെ അവസ്ഥയുടെയത്ര മോശമാവില്ലെന്ന് തൊഴിലുടമകൾക്ക് നന്നായിട്ടറിയാം” റൗത്ത്  ഇപ്പോൾ സൂറത്തിൽ ഒരു സുരക്ഷാജീവനക്കാരനായി ജോലിചെയ്യുകയാണ്. അപകടം സൂറത്തിലെ പാണ്ഡെസരാ വ്യവസായമേഖലയിലുള്ള തന്റെ ഒറ്റമുറി വീട്ടിൽ‌വെച്ചാണ് അപകടം സംഭവിച്ചത് എന്നതിനാൽ നഷ്ടപെട്ട വിരലുകൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് അദ്ദേഹത്തിന് വലിയ പ്രതീക്ഷയില്ല.

ദൈനംദിന പോരാട്ടങ്ങളും, ശാശ്വതമായ ഫലങ്ങളും

കഠിനമായ ജോലിസമയങ്ങളും കുറഞ്ഞ കൂലിയും കൂടാതെ തൊഴിലിടങ്ങളിലെ വലിയ ശബ്ദകോലാഹലം യന്ത്രത്തറി തൊഴിലാളികൾക്കിടയിലുണ്ടാക്കുന്ന കേൾവിക്കുറവും അവരെ അലട്ടുകയാണ്. "ഒരു യന്ത്രത്തറിശാലക്കുള്ളിലെ ശബ്ദത്തിന്റെ തോത് ശരാശരി 110 ഡെസിബെല്ലിനു മുകളിലാണ്," ആജീവിക ബ്യൂറോ സെന്റർ കോർഡിനേറ്ററായ സഞ്ജയ് പട്ടേൽ പറഞ്ഞു. ഈ വർഷം ജനുവരിയിൽ വിവിധ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന 65 നെയ്ത്തുജോലിക്കാരുടെ കേൾവിക്ഷമത അളക്കാനുള്ള പരിശോധന ഈ സംഘടന നടത്തി. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ സാക്ഷ്യപ്പെടുത്തിയ പരിശോധനാഫലങ്ങൾ പ്രകാരം പങ്കെടുത്ത 95 ശതമാനം തൊഴിലാളികൾക്കും വിവിധ തോതിലുള്ള കേൾവിക്കുറവുണ്ടായിരുന്നു. "കേൾവിക്കുറവ് ജോലിക്കാർക്കിടയിൽ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും അത് അവരുടെ ദിവസേനയുള്ള ശാരീരികാധ്വാനത്തിന് തടസ്സമാകാത്തതിനാൽ തൊഴിലുടമകൾ ആ കാര്യം അത്ര ഗൗരവത്തിലെടുത്തിട്ടില്ല. സംരക്ഷണത്തിനുള്ള ഒരു ഉപകരണങ്ങളും അവർക്കു നൽകുന്നില്ല...തൊഴിലാളികൾക്ക് ഒന്നും ചോദിക്കാനും പറ്റില്ല," പട്ടേൽ പറഞ്ഞു.

Rushikesh Rout, 38, a former powerloom unit worker lost three fingers in a freak accident in June last year. He now works as a security guard, carrying with him little hope to be compensated for his lost fingers.
PHOTO • Reetika Revathy Subramanian

38 വയസ്സുള്ള മുൻ യന്ത്രത്തറിത്തൊഴിലാളിയായ ഋഷികേശ് റൗത്തിന് കഴിഞ്ഞ വർഷമുണ്ടായ ഒരപകടത്തിൽ മൂന്ന് വിരലുകൾ നഷ്ടമായി

തൊഴിലിടത്തിലെ യന്ത്രങ്ങളുടെ ‘അധികാരശ്രേണി’, ജോലിക്കാർ നേരിടുന്ന അപകടസാധ്യതയെ വീണ്ടും വഷളാക്കുന്നു. ചൈന, ജർമ്മനി, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്ത മുന്തിയയിനം യന്ത്രങ്ങളിൽ ജോലിചെയ്യാൻ "ഗഞ്ചം കൂട്ടത്തെ" അനുവദിക്കാറില്ല എന്ന് അഞ്ചാനി വ്യവസായമേഖലയിലുള്ള ഒരു യന്ത്രത്തറിയുടമ പറഞ്ഞു. അദ്ദേഹം ഏകദേശം 80 തൊഴിലാളികളെ ജോലിക്കെടുത്തിട്ടുണ്ട്. "ഈ തൊഴിലാളികളെ നാട്ടിലുണ്ടാക്കുന്ന വിലകുറഞ്ഞ യന്ത്രങ്ങളിലേ ജോലിചെയ്യാൻ അനുവദിക്കാറുള്ളു. അവ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടാണ്, വളരെ ശബ്ദമുണ്ടാക്കുകയും ചെയ്യും." ഉണ്ടാക്കുന്ന ശബ്ദം കാരണം അവയെ ‘ഘട്ട് ഘട്ട് യന്ത്രങ്ങൾ‘ എന്നാണ് വിളിക്കുന്നത്. വിലകൂടിയ യന്ത്രങ്ങൾ ചെയ്യുന്ന അതേ ജോലിതന്നെയാണ് ഇവയും ചെയ്യുന്നത്, പക്ഷെ നാട്ടിലെ വിപണിയിൽ വിൽക്കാനുള്ള നിലവാരം കുറഞ്ഞ തുണിയാണ് അവ നിർമ്മിക്കുന്നത്. മുന്തിയയിനം യന്ത്രങ്ങൾ നിർമ്മിക്കുന്ന തുണികൾ കയറ്റുമതി ചെയ്യാനുള്ളതോ അല്ലെങ്കിൽ വലിയ നഗരങ്ങളിലേക്ക് അയക്കാനോ ഉള്ളതാണ്.

"യന്ത്രങ്ങളിലെ സുരക്ഷാക്രമീകരണത്തിനുള്ള സെൻസറുകൾക്കുവേണ്ടി പണം മുടക്കാൻ ഉടമകൾക്ക് താത്പര്യമില്ല. അവ വിലകൂടിയതാണ്. കഴിഞ്ഞ നാലുവർഷമായി ഈ വ്യവസായം നല്ല സ്ഥിതിയിലല്ല" അഞ്ചാനി വ്യവസായമേഖലയിലെ ബി-4 സെക്ടറിലെ ലൂം എംപ്ലോയേഴ്സ് അസോസിയേഷൻ എന്ന തറിയുടമകളുടെ സംഘടനയുടെ സ്ഥാപകാഗംമായ നിതിൻ ഭയാനി പറയുന്നു.

മിക്ക സംഭവങ്ങളിലും അപകടങ്ങളുടെയും പരിക്കുകളുടെയും ഉത്തരവാദിത്വം ജോലിക്കാർക്കുതന്നെയാണെന്നാണ് ഭയാനി വിചാരിക്കുന്നത്. "അവർ കുടിച്ചിട്ട് വരും, ജോലിയിൽ ശ്രദ്ധിക്കില്ല," അദ്ദേഹം പറഞ്ഞു. "യൂണിറ്റുകളിൽ രാത്രിയിൽ ജോലിക്കാരെ നിരീക്ഷിക്കാൻ തൊഴിലുടമകൾ കാണില്ല. അപ്പോഴാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്."

കൈകാലുകൾ നഷ്ടപ്പെട്ടവരും പരിക്കുകളെ അതിജീവിച്ചവരും തുടർന്നും അതേ യന്ത്രങ്ങളിൽത്തന്നെ ജോലി ചെയ്യും - ചിലപ്പോൾ മൂന്ന് ദശാബ്ദങ്ങളോളം - പുതിയ കഴിവുകൾ പഠിക്കാനോ സ്ഥാനക്കയറ്റത്തിനോ ഒട്ടും സാധ്യതയില്ലാതെ. "ഈ വ്യവസായത്തിൽ ഉയരാൻ അത്ര എളുപ്പമല്ല. 65 വയസുള്ളവർവരെ ഒരേ യന്ത്രങ്ങളിൽ ജോലി ചെയ്യുന്നവരായിരിക്കും," ഫുൽവാഡിയിൽ ജോലിക്കാർക്കുള്ള ഭക്ഷണശാല നടത്തുന്ന 40 വയസ്സുള്ള ശംബുനാഥ് സാഹു പറഞ്ഞു. ഗഞ്ചമിലെ പൊലാസറ പട്ടണത്തിൽനിന്ന് ഇവിടേയ്ക്ക് കുടിയേറിയതാണ് അദ്ദേഹം. "പിന്നെ ജോലിക്കാർ പെട്ടെന്ന് വയസ്സന്മാരാവും..."

പരിഭാഷ: ജ്യോത്സ്ന വി.

Reetika Revathy Subramanian

ریتکا ریوتی سبرامنیم، ممبئی کی ایک صحافی اور محقق ہیں۔ وہ مغربی ہندوستان میں غیر روایتی شعبہ میں مزدوروں کی مہاجرت پر کام کررہے این جی او، آجیوکا بیورو کے ساتھ ایک سینئر صلاح کار کے طور پر کام کرتی ہیں۔

کے ذریعہ دیگر اسٹوریز Reetika Revathy Subramanian
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

کے ذریعہ دیگر اسٹوریز جیوتسنا وی۔