കൊതുകു വലയ്ക്കുള്ളിൽ പായയിൽ മലർന്നു കിടക്കുന്ന കേഹല്യ വസാവെ ഉറക്കത്തിലും അസ്വസ്ഥതയും  വേദനയും കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ 18 വയസ്സുള്ള മകൾ ലീല ഈ അസ്വസ്ഥത കണ്ട് അദ്ദേഹത്തിന് അല്പം ആശ്വാസം ലഭിക്കാൻ കാലുകൾ തടവികൊടുത്തുകൊണ്ടിരുന്നു.

മാസങ്ങളായി അദ്ദേഹം കട്ടിലിൽ തന്നെ കഴിച്ചു കൂട്ടുന്നു. ഇടത്തെ കവിളിൽ വ്രണമുള്ള അദ്ദേഹത്തിന്‍റെ മൂക്കിന്‍റെ വലത് ദ്വാരത്തിലൂടെ ഭക്ഷണത്തിനുള്ള ട്യൂബിട്ടിരിക്കുന്നു. "മുറിവിൽ വേദനയുള്ളതിനാൽ അദ്ദേഹം അധികം അനങ്ങുകയോ സംസാരിക്കുകയോ പോലും ചെയ്യാറില്ല," അദ്ദേഹത്തിന്‍റെ 42 കാരിയായ ഭാര്യ പേസ്റി പറഞ്ഞു.

ഈ വർഷം ജനുവരി 21 നാണ്  വടക്കുപടിഞ്ഞാറൻ മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിലെ ചിഞ്ച്പാഡ ക്രിസ്ത്യൻ ആശുപത്രിയിൽ വച്ച് 45 കാരനായ കേഹല്യയ്ക്ക് ഉൾക്കവിളിൽ കാൻസറാണെന്ന്  (ബക്കൽ മ്യൂക്കോസ) കണ്ടെത്തിയത്.

മാര്‍ച്ച് 1 ന് ഇന്ത്യയില്‍ ആരംഭിച്ച രണ്ടാംഘട്ട കോവിഡ്-19 വാക്സിനേഷന്‍റെ സമയത്ത് 45 മുതല്‍ 59 വയസ്സ് വരെയുള്ളവരുടെ വിഭാഗത്തില്‍പെട്ടവര്‍ക്ക്  വാക്സിന് യോഗ്യത ലഭിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പട്ടികയില്‍ പെടുത്തിയിരിക്കുന്ന20  ഇതരരോഗാവസ്ഥകളില്‍ ഒന്നാണ് അദ്ദേഹത്തിന്‍റെ അസുഖമായ കാന്‍സര്‍. മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നത്  “തുടക്കത്തില്‍ 60 വയസ്സിലധികം പ്രായമുള്ളവര്‍ക്കും 45 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള ഇതരരോഗാവസ്ഥകള്‍ ഉള്ളവര്‍ക്കും ഉള്‍പ്പെടെ ഓരോ പ്രായ വിഭാഗത്തിലുമുള്ള പൗരന്മാര്‍ക്ക്” വാക്‌സിനേഷൻ ലഭ്യമാകും എന്നാണ്. (ഏപ്രിൽ 1 മുതൽ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും, ഇതരരോഗാവസ്ഥകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, വാക്‌സിനേഷൻ ലഭ്യമാക്കി).

എന്നാൽ കേഹല്യയെയും പേസ്റിയെയും സംബന്ധിച്ചിടത്തോളം പ്രായപരിധി, ഇതരരോഗാവസ്ഥയുടെ പട്ടികകൾ അല്ലെങ്കിൽ വിപുലീകരിച്ച യോഗ്യത എന്നിവക്കൊന്നും വലിയ അർഥമില്ല. പട്ടികവർഗ്ഗക്കാരായ ഭിൽ സമുദായത്തിൽപ്പെട്ട വസാവെ കുടുംബത്തിന് വാക്സിൻ അപ്രാപ്യമാണ്. ഏറ്റവും അടുത്തുള്ള പ്രതിരോധ കുത്തിവയ്പ് കേന്ദ്രമായ ധഡ്‌ഗാവ് ഗ്രാമീണ ആശുപത്രി അക്രാണി താലൂക്കിലെ അവരുടെ ഗ്രാമമായ കുംഭാരിയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ്. “അവിടെ വരെ ഞങ്ങൾ നടക്കണം. മറ്റൊരു മാർഗവുമില്ല,” പേസ്റി പറഞ്ഞു.

From Kumbhar hamlet, the nearest vaccination centre is 20 kilometres away. 'We have to walk. No other option', says Pesri, who sold all the family's animals for her husband's cancer treatment (the wooden poles they were tied to are on the right)
PHOTO • Jyoti
From Kumbhar hamlet, the nearest vaccination centre is 20 kilometres away. 'We have to walk. No other option', says Pesri, who sold all the family's animals for her husband's cancer treatment (the wooden poles they were tied to are on the right)
PHOTO • Jyoti

കുംഭാരിയിൽ നിന്ന് ഏറ്റവും അടുത്തുള്ള പ്രതിരോധ കുത്തിവയ്പ്പ്  കേന്ദ്രം 20 കിലോമീറ്റർ അകലെയാണ്. “അവിടെ വരെ ഞങ്ങൾ നടക്കണം. മറ്റൊരു മാർഗവുമില്ല,”  കുടുംബത്തിനുണ്ടായിരുന്ന മുഴുവന്‍ കന്നുകാലികളെയും ഭർത്താവിന്‍റെ കാൻസർ ചികിത്സയ്ക്കായി വിറ്റ പേസ്റി പറയുന്നു. (കന്നുകാലികളെ കെട്ടിയിടാൻ ഉപയോഗിച്ചിരുന്ന മരത്തൂണുകളാണ് വലത് വശത്ത് കാണുന്നത്)

കയറ്റങ്ങളും ഇറക്കങ്ങളുമുള്ള പാതകളിലൂടെ നാല് മണിക്കൂര്‍ നടക്കണം. “അദ്ദേഹത്തെ മുളയും ബെഡ്ഷീറ്റും കൊണ്ടുണ്ടാക്കിയ ഡോളിയിൽ [താൽക്കാലിക സ്ട്രെച്ചർ] അവിടേക്ക് കൊണ്ടുപോവുക സാദ്ധ്യമല്ല,” ആദിവാസികള്‍ കൂടുതലുള്ള ജില്ലയായ നന്ദൂർബാറിലെ മലയോര പ്രദേശത്തുള്ള തന്‍റെ മൺ വീടിന്‍റെ പടിയിലിരുന്ന് പേസ്റി പറഞ്ഞു.

"ഞങ്ങൾക്കുള്ള കുത്തിവയ്പ് സർക്കാരിന് ഇവിടെ [സ്‌ഥലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ] തന്നു കൂടെ? അവിടെ ഞങ്ങൾക്ക് പോകാൻ കഴിയും," പേസ്റി പറഞ്ഞു. ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം ഇവരുടെ വീട്ടിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള രോഷമാൾ ഖുര്‍ദ് ഗ്രാമത്തിലാണ്.

165 ഗ്രാമങ്ങളും ചെറുഗ്രാമങ്ങളും 200,000 ജനസംഖ്യയുമുള്ള അക്രാണി താലൂക്ക് ഉൾപ്പെടുന്ന മലയോരപ്രദേശമായ ധഡ്‌ഗാവ് മേഖലയിൽ സംസ്ഥാന ഗതാഗത ബസുകൾ ഓടുന്നില്ല. ധഡ്‌ഗാവ് ഗ്രാമീണ ആശുപത്രിക്കടുത്തുള്ള ഡിപ്പോയിൽ നിന്ന് ബസുകൾ നന്ദൂർബാറിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും പുറത്തേക്കും ഓടുന്നു. “ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല,” നന്ദൂർബാറിലെ ജില്ലാ പരിഷത്ത് അംഗമായ ഗണേശ് പരാഡ്കെ പറഞ്ഞു.

ഇവിടത്തെ ജനങ്ങൾ സാധാരണയായി യാത്ര ചെയ്യുന്നവരില്‍ നിന്നും ആളോഹരി കൂലി വാങ്ങുന്ന ജീപ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇവ സ്ഥിരമായി ഓടാറില്ല. പ്രദേശത്തിനകത്ത് എവിടെ പോകണമെങ്കിലും - അടുത്ത ഗ്രാമത്തിലേക്കോ, ചന്തയിലേക്കോ, ബസ് സ്റ്റാൻഡിലേക്കോ - ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 100 രൂപ ഈടാക്കുകയും ചെയ്യുന്നു.

ഈ ചെലവ് വഹിക്കാൻ പേസ്റിക്കും കുടുംബത്തിനും ആവില്ല. കേഹല്യയുടെ രോഗനിർണ്ണയത്തിനും പ്രാഥമിക ചികിത്സയ്ക്കുമായി അവർ കുടുംബത്തിലെ മുഴുവൻ കന്നുകാലികളെയും - ഒരു കാള, എട്ട് ആട്, ഏഴ് കോഴികൾ - അടുത്തുള്ള ഒരു കർഷകന് വിറ്റു. അവരുടെ മൺ വീട്ടിനകത്തു മൃഗങ്ങളെ കെട്ടിയിടാനായുണ്ടാക്കിയ മരത്തൂണുകളുള്ള ഇടം ഇപ്പോൾ ശൂന്യമാണ്.

2020 ഏപ്രില്‍ തുടക്കത്തിലാണ് കേഹല്യ തന്‍റെ ഇടത് കവിളിൽ ഒരു മുഴ ശ്രദ്ധിക്കുന്നത്. എന്നാൽ കോവിഡിനെ ഭയന്ന് കുടുംബം വൈദ്യസഹായം തേടാൻ മടിച്ചു. "കൊറോണ കാരണം ആശുപത്രിയിൽ പോകാൻ ഞങ്ങൾ ഭയപ്പെട്ടു. മുഴ വലുതാവുകയും വേദന കൂടുകയും ചെയ്തതിനാൽ ഈ വർഷം (2021) ജനുവരിയിൽ ഞങ്ങൾ സ്വകാര്യ ആശുപത്രിയിൽ [നവാപൂർ താലൂക്കിലെ ചിഞ്ച്പാഡ ക്രിസ്ത്യൻ ആശുപത്രിയിൽ] പോയി,” പേസ്റി പറഞ്ഞു.

State transport buses don’t ply within the hilly Dhadgaon region of 165 villages and hamlets, and the Narmada river flowing through. People usually rely on shared jeeps, but these are infrequent and costly
PHOTO • Jyoti
State transport buses don’t ply within the hilly Dhadgaon region of 165 villages and hamlets, and the Narmada river flowing through. People usually rely on shared jeeps, but these are infrequent and costly
PHOTO • Jyoti

165 ഗ്രാമങ്ങളും ചെറുഗ്രാമങ്ങളുമുള്ള മലകള്‍ നിറഞ്ഞ നര്‍മ്മദ നദി ഒഴുകുന്ന ധഡ്‌ഗാവ് മേഖലയിൽ സംസ്ഥാന ഗതാഗത ബസ്സുകൾ ഓടുന്നില്ല. യാത്രചെയ്യുന്നവര്‍ ആളോഹരി കൂലി നല്‍കുന്ന ജീപ്പുകളെയാണ് ആളുകൾ സാധാരണയായി ആശ്രയിക്കുന്നത്. എന്നാൽ ഇവ സ്ഥിരമായി ഓടുന്നുമില്ല, ചെലവേറിയതുമാണ്.

“60,000 രൂപയ്ക്കാണ് ഞാൻ കന്നുകാലികളെ വിറ്റത്. സർക്കാർ ആശുപത്രിക്ക് പകരം വലിയ [സ്വകാര്യ] ആശുപത്രിയിൽ പോയാൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്ന് ഞങ്ങൾ കരുതി. കൂടുതൽ പണം മുടക്കിയാലും മികച്ച ചികിത്സ കിട്ടുമല്ലോ എന്നാണ് ഞങ്ങൾ വിചാരിച്ചത്. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർ പറയുന്നത്. പക്ഷെ ഞങ്ങളുടെ കൈയിൽ  ഇനി പണമില്ല,” അവർ കൂട്ടിച്ചേർത്തു.

ഇവരുടെ എട്ടംഗ കുടുംബത്തിൽ മകൾ ലീല, 28 വയസ്സുകാരനായ മൂത്തമകൻ സുബാസ്, ഭാര്യ സുനി, അവരുടെ രണ്ട് കുഞ്ഞുങ്ങൾ, പേസ്റിയുടെ ഇളയ മകൻ 14 വയസുള്ള അനിൽ എന്നിവരാണ് ഉൾപ്പെടുന്നത്. മഴക്കാലത്ത് ഈ കുടുംബം  കുത്തനെയുള്ള ചരിവുകളിലുള്ള ഒരേക്കർ നിലത്തു കൃഷി ചെയ്തുണ്ടാക്കുന്ന രണ്ടോ മൂന്നോ ക്വിന്‍റൽ അരിച്ചോളം സ്വന്തം ആവശ്യത്തിനു തികയാറില്ല എന്ന് പേസ്റി പറയുന്നു. “[ജോലിയ്ക്കായി] ഞങ്ങൾ പുറത്തു പോകേണ്ടി വരുന്നു.”

അതിനാൽ എല്ലാ വർഷവും അവരും കേഹല്യയും ഒക്ടോബർ വിളവെടുപ്പിനുശേഷം പരുത്തി പാടങ്ങളിൽ പണിയെടുക്കാൻ ഗുജറാത്തിലേക്ക് കുടിയേറിയിരുന്നു. ഇതിൽ നിന്ന് നവംബർ മുതൽ മെയ് വരെയുള്ള സമയത്ത്, വർഷത്തിൽ 200 ദിവസത്തോളം, അവർക്ക് പ്രതിദിനം 200 മുതൽ 300  രൂപ വരെ വേതനം കിട്ടിയിരുന്നു. എന്നാൽ ഈ സീസണിൽ കൊറോണ കാരണം ഇവർക്ക് ഗ്രാമത്തിൽ തന്നെ തുടരേണ്ടി വന്നു. “ഇപ്പോൾ അദ്ദേഹം കിടപ്പിലായി, വൈറസ് ഇപ്പോഴും ഇവിടെത്തന്നെയുണ്ട്,” പേസ്റി പറഞ്ഞു.

അവരുടെ ഗ്രാമമായ കുംഭാരിയിലെ ജനസംഖ്യ 660 ആണ് (സെൻസസ് 2011). കുംഭാരി ഉൾപ്പെടെ തന്‍റെ ഉത്തരവാദിത്തത്തിലുള്ള 10 ഗ്രാമങ്ങളിൽ കാൻസർ ബാധിച്ച ഒരേയൊരു താമസക്കാരനാണ് കേഹല്യയെന്ന് 36 കാരിയായ ആശാ ഫെസിലിറ്റേറ്റര്‍ സുനിത പട്ട്ലെ തന്‍റെ പക്കലുള്ള രേഖകള്‍ പ്രകാരം പറഞ്ഞു. ഇവിടുത്തെ മൊത്തം ജനസംഖ്യ അയ്യായിരത്തോളം ആണെന്ന് അവർ കണക്കാക്കുന്നു. “45 വയസ്സിനു മുകളിലുള്ള അമ്പതോളം സ്ത്രീ-പുരുഷന്മാർക്ക് അരിവാള്‍ രോഗം [കൊറോണ മാർഗ്ഗനിർദ്ദേശങ്ങളുടെ പട്ടികയിലുള്ള 20 ഇതരരോഗാവസ്ഥകളിൽ ഒന്ന് - ചുവന്ന രക്താണുക്കളിലെ തകരാറുകൾ മൂലമുണ്ടാകുന്നത്] ഉണ്ട്. ഇവിടെ 60 വയസ്സിനു മുകളിലുള്ള 250-ഓളം ആൾക്കാരുമുണ്ട്,” അവർ കൂട്ടിച്ചേർത്തു.

ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിൽ ഇവർക്കാർക്കും കുത്തിവയ്പ്പിനായി  ധഡ്‌ഗാവ് ഗ്രാമീണ ആശുപത്രി സന്ദർശിക്കാൻ കഴിയില്ല. “പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച വിവരം ഓരോ വീടും സന്ദർശിച്ച് ഞങ്ങൾ അറിയിക്കുകയും അവബോധമുണ്ടാക്കുകയും ചെയ്യുന്നു," സുനിത പറഞ്ഞു.  "പക്ഷേ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിച്ചേരാൻ വളരെ പ്രയാസമാണ്.”

ജില്ലാ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ നന്ദൂർബാർ വാക്സിനേഷൻ റിപ്പോർട്ട് കാണിക്കുന്നത് മാർച്ച് 20 വരെയുള്ള കണക്ക് പ്രകാരം 60 വയസ്സിനു മുകളിലുള്ള 99 പൗരന്മാരും 45 മുതൽ 60 വയസ്സിനിടയിലുള്ള, ഇതരരോഗാവസ്ഥകളുള്ള, ഒരാളും ധഡ്‌ഗാവ് ഗ്രാമീണആശുപത്രിയില്‍ ആദ്യ വാക്സിൻ ഡോസ് സ്വീകരിച്ചു എന്നാണ്.

2020 മാർച്ച് മുതൽ 20,000-ത്തിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ഈ ജില്ലയിലെ നഗരങ്ങളിലെയും ഭാഗിക നഗര പ്രദേശങ്ങളിലെയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കുകൾ കുറച്ചുകൂടി ഭേദപ്പെട്ടതാണ്: ധഡ്‌ഗാവ് ആശുപത്രിയിൽ നിന്ന് 45 കിലോമീറ്റർ അകലെ തലോദയിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ (മാർച്ച് 20 വരെ) 60 വയസ്സിനു മുകളിലുള്ള 1,279 പേർക്കും ഇതരരോഗാവസ്ഥകളുള്ള 332 പേർക്കും ആദ്യ ഡോസ് ലഭിച്ചു.

Left: The Roshamal Kh. PHC is between 5-8 kilometers from the hamlets: 'Can’t the government give us the injection here [at the local PHC]?' people ask. Right: Reaching the nearest Covid vaccination center in Dhadgaon Rural Hospital involves walking some 20 kilometres across hilly terrain
PHOTO • Jyoti
Left: The Roshamal Kh. PHC is between 5-8 kilometers from the hamlets: 'Can’t the government give us the injection here [at the local PHC]?' people ask. Right: Reaching the nearest Covid vaccination center in Dhadgaon Rural Hospital involves walking some 20 kilometres across hilly terrain
PHOTO • Jyoti

ഇടത് : റോഷമാൽ ഖുര്‍ദ് പി‌.എച്.സി. ഗ്രാമങ്ങളിൽ നിന്ന് 5-8 കിലോമീറ്റർ അകലെയാണ്: 'സർക്കാരിന് ഇവിടെവച്ച് [പ്രാദേശിക പി‌എച്ച്‌സിയിൽ] ഞങ്ങൾക്ക് കുത്തിവയ്പ് നൽകിക്കൂടെ?' ആളുകൾ ചോദിക്കുന്നു. വലത്: ഏറ്റവും അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്‍ററായ ധഡ്‌ഗാവ് ഗ്രാമീണ ആശുപത്രിയിലെത്താൻ മലമ്പാതകളിലൂടെ ഏകദേശം 20 കിലോമീറ്റർ നടക്കണം.

“ചെന്നെത്താൻ ബുദ്ധിമുട്ടുള്ള ആദിവാസി മേഖലകളിൽ പ്രതിരോധ കുത്തിവയ്പിനോട് അധികം പ്രതികരണമില്ല,” നന്ദൂർബാർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നിതിൻ ബോർക്ക് പറഞ്ഞു. ധഡ്‌ഗാവിലെ ഗ്രാമങ്ങളെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ അഭാവം ഒരു വലിയ പ്രശ്നമാണ്. വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് വളരെ അകലെയാണ് ഇവിടത്തെ ഗ്രാമങ്ങൾ.”

ആ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ ഒന്നാണ് പേസ്റിയുടെ സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെ നർമ്മദാ നദിയുടെ തീരത്തുള്ള ചിത്ഖേഡി. ചിത്ഖേഡിയിൽ നിന്ന് 25 കിലോമീറ്ററിലധികം അകലെയാണ് ധഡ്‌ഗാവ് ഗ്രാമീണ ആശുപത്രിയിലെ വാക്സിനേഷൻ സെന്‍റർ.

ഈ കുഗ്രാമത്തിൽ പാർക്കിൻസൺസ് രോഗം (വിറയൽ, ശരീരം വഴങ്ങാത്ത അവസ്‌ഥ, നടക്കാനും ശാരീരിക തുലനനില പാലിക്കാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ എകീകരിക്കാനുമുള്ള ബുദ്ധിമുട്ട്  എന്നിവയിലേയ്ക്ക് നയിക്കുന്ന മസ്തിഷ്ക തകരാർ) ബാധിച്ച 85-കാരനായ സോന്യ പട്ട്ലെ  തന്‍റെ വിധിയെ പഴിച്ചുകൊണ്ട് ഒരു പായയിൽ കിടക്കുന്നു. “ഞാൻ എന്ത് പാപം ചെയ്തിട്ടാണ് ദൈവം എനിക്ക് ഈ രോഗം തന്നത്?” അദ്ദേഹം കരയുന്നു. ഭാര്യ ബുബലി കട്ടിലിനരികിൽ ചാണകം മെഴുകിയ തറയിൽ ഇരുന്ന് ചാരനിറത്തിലുള്ള തൂവാലകൊണ്ട് കണ്ണുകൾ തുടച്ചു. ഇവരുടെ ഭർത്താവ് 11 വർഷമായി ഈ അസുഖം ബാധിച്ച് ചിത്ഖേഡിയിലെ ഒരു ഉയർന്ന കുന്നിൻമുകളിലുള്ള അവരുടെ മുളംകുടിലിൽ കഴിയുന്നു.

ആദിവാസി ഭിൽ സമുദായത്തിൽപ്പെട്ടവരാണ് ഈ കുടുംബം. വാക്സിനേഷന് അർഹമായ  പ്രായപരിധിയിൽ പെട്ടവരാണ് സോന്യയും ബുബലിയും. "പക്ഷേ, ഞങ്ങൾ രണ്ടുപേരും പ്രായമുള്ളവരാണ്, അദ്ദേഹം കിടപ്പിലുമാണ്. നടന്നു പോയി വാക്‌സിനെടുക്കാൻ കഴിയാത്ത ഞങ്ങൾ എന്തിനാണ് അതില്‍ സന്തോഷിക്കുന്നത്?,” 82 കാരിയായ ബുബലി പറഞ്ഞു.

അവർ  ഇരുവരും അവരുടെ 50 വയസ്സുള്ള മകൻ ഹനുവിന്‍റെയും മരുമകൾ ഗാർജിയുടെയും വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത് - അവർ അവരോടും അവരുടെ ആറ് കുട്ടികളോടുമൊപ്പം ഒരു ചെറിയ മുളംകുടിലിൽ താമസിക്കുന്നു. “ഹനു അദ്ദേഹത്തെ [അച്ഛനെ] കുളിപ്പിക്കുകയും ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുകയും പരിപാലിക്കുകയും ചെയ്യുന്നു,” ബുബലി പറഞ്ഞു. വിവാഹിതരായ മറ്റ് നാല് ആൺമക്കളും മൂന്ന് പെൺമക്കളും മറ്റ് ഗ്രാമങ്ങളിലാണ് താമസിക്കുന്നത്.

Bubali, 82, with her grandkids in the remote Chitkhedi hamlet. She and her husband are in an age bracket eligible for the vaccine, but, she says, 'Why should we be happy about the vaccine when we can’t walk to get one?'
PHOTO • Jyoti
Bubali, 82, with her grandkids in the remote Chitkhedi hamlet. She and her husband are in an age bracket eligible for the vaccine, but, she says, 'Why should we be happy about the vaccine when we can’t walk to get one?'
PHOTO • Jyoti

82-കാരിയായ ബുബലി പേരക്കുട്ടികളോടൊപ്പം ചിത്ഖേഡി ഗ്രാമത്തിൽ. ഇവരും  ഭർത്താവും വാക്സിൻ അർഹിക്കുന്ന പ്രായപരിധിയിലാണ്. പക്ഷേ, ‘വാക്സിൻ എടുക്കാൻ നടന്നെത്താൻ കഴിയാത്തപ്പോൾ എന്തിനാണ് ഞങ്ങൾ വാക്സിനെക്കുറിച്ച് സന്തോഷിക്കുന്നത്?' ഇവർ പറഞ്ഞു.

ഹനുവും ഗാർജിയും നർമ്മദ നദിയിൽ ആഴ്ചയിൽ മൂന്ന് ദിവസം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ മത്സ്യം പിടിക്കാൻ പോകുന്നു. “ഒരു വ്യാപാരി ആഴ്ചയിൽ മൂന്നുതവണ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വരാറുണ്ട്. ഒരു കിലോ മത്സ്യത്തിന് അദ്ദേഹം 100 രൂപ നൽകുന്നു,” ഗാർജി പറഞ്ഞു. ആഴ്ചയിൽ മൂന്നുതവണ 2-3 കിലോ മീൻ പിടിക്കുന്നതിലൂടെ അവർ ഏകദേശം 3600 രൂപ നേടുന്നു. മറ്റ് ദിവസങ്ങളിൽ, പ്രതിദിനം 300 രൂപയ്ക്ക് ഹനു ധഡ്‌ഗാവിലെ ഭക്ഷണശാലകളിൽ ശുചീകരണ ജോലിയും പാത്രം കഴുകുന്ന ജോലിയും ചെയ്യുന്നു. കൃഷിപ്പണി ചെയ്യുന്ന ഗാർജിക്ക് ദിവസം 100 രൂപ ലഭിക്കുന്നു. “ഒരു മാസത്തിൽ, ഞങ്ങൾ രണ്ടുപേർക്കും 10-12 ദിവസം ജോലി ലഭിക്കുന്നു, ചിലപ്പോൾ അതും ഇല്ല,” അവർ പറഞ്ഞു.

അതിനാൽ ഒരു സ്വകാര്യ വാഹനം 2,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്ത് സോന്യയെയും ബുബലിയെയും വാക്സിനേഷൻ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതുപോലും അവരെ സംബന്ധിച്ച് വലിയ ചിലവാണ്.

“ആ കുത്തിവയ്പ് ഞങ്ങൾക്ക് നല്ലതായിരിക്കാം. പക്ഷെ ഈ പ്രായത്തിൽ എനിക്ക് അത്രയും ദൂരം നടക്കാൻ കഴിയില്ല,” ബുബലി കൂട്ടിച്ചേർത്തു. ആശുപത്രി സന്ദർശിച്ചാൽ കോവിഡ്-19 ബാധിക്കും എന്നും ഇവർ ആശങ്കപ്പെടുന്നു. “ഞങ്ങൾക്ക് കൊറോണ ബാധിച്ചാലോ? ഞങ്ങൾ പോകില്ല, സർക്കാർ ഞങ്ങളുടെ വീട്ടിൽ വരട്ടെ.”

അതേ ഗ്രാമത്തിലെ മറ്റൊരു കുന്നിൻപുറത്ത്, 89 കാരനായ ഡോള്യ വസാവെ, തന്‍റെ വീടിനു മുൻവശത്തു  ഒരു മരത്തട്ടിലിരുന്ന് അതേ ആശങ്കകള്‍ പങ്കുവയ്ക്കുന്നു. “ഞാൻ [വാക്സിൻ എടുക്കാൻ] വണ്ടിയിൽ മാത്രമേ പോകൂ, അല്ലാത്തപക്ഷം ഞാൻ പോകില്ല,” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

അദ്ദേഹത്തിന്‍റെ കാഴ്ച മങ്ങിത്തുടങ്ങിയിരിക്കുന്നു, ചുറ്റുമുള്ള സാധനങ്ങൾ കണ്ടു മനസ്സിലാക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. "ഈ കുന്നുകൾ എളുപ്പത്തിൽ കയറിയിറങ്ങിയിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു," അദ്ദേഹം ഓര്‍ത്തെടുത്തു. "ഇന്നിപ്പോൾ എനിക്കതിനുള്ള ശക്തിയില്ല, നന്നായി കാണാനും കഴിയില്ല."

Left: Dolya Vasave, 89, says: 'If I go [to get the vaccine], it will only be in a gaadi, otherwise I won’t go'. Right: ASHA worker Boji Vasave says, 'It is not possible for elders and severely ill people to cover this distance on foot, and many are scared to visit the hospital due to corona'
PHOTO • Jyoti
Left: Dolya Vasave, 89, says: 'If I go [to get the vaccine], it will only be in a gaadi, otherwise I won’t go'. Right: ASHA worker Boji Vasave says, 'It is not possible for elders and severely ill people to cover this distance on foot, and many are scared to visit the hospital due to corona'
PHOTO • Jyoti

ഇടത് : 89-കാരനായ ഡോള്യ വാസാവെ പറയുന്നു: 'ഞാൻ [വാക്സിൻ എടുക്കാൻ] പോയാൽ, അത് വണ്ടിയിൽ മാത്രമായിരിക്കും, അല്ലാത്തപക്ഷം ഞാൻ പോകില്ല'. വലത്: ആശാ പ്രവർത്തക ബോജി വസാവെ പറയുന്നു, 'മുതിർന്നവർക്കും കടുത്ത രോഗമുള്ളവർക്കും  ഇത്രയും ദൂരം കാൽനടയായി സഞ്ചരിക്കാനാവില്ല, കൊറോണ കാരണം ആശുപത്രി സന്ദർശിക്കാൻ പലരും ഭയപ്പെടുന്നു'

ഡോള്യയുടെ ഭാര്യ റൂല വളരെ പണ്ട്, അവർക്ക് 35 വയസ്സുള്ളപ്പോൾ, പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് മരിച്ചതാണ്. അദ്ദേഹം തന്‍റെ മൂന്ന് ആൺമക്കളെ തനിച്ചാണ് വളർത്തിയത്. അവരെല്ലാരും അടുത്തുള്ള ഗ്രാമത്തിൽ അവരവരുടെ കുടിലുകളിൽ കഴിയുന്നു. അദ്ദേഹത്തിന്‍റെ 22 കാരനായ കൊച്ചുമകൻ കൽപേഷ് കൂടെ താമസിച്ച് അദ്ദേഹത്തെ പരിപാലിക്കുന്നു. മത്സ്യബന്ധനമാണ് ഇവരുടെയും വരുമാനമാർഗ്ഗം.

ചിത്ഖേഡിയിൽ ഡോള്യ, സോന്യ, ബുബലി എന്നിവരുൾപ്പെടെ 60 വയസ്സിനു മുകളിലുള്ള 15 താമസക്കാരുണ്ടെന്ന് ഗ്രാമത്തിലെ 34 കാരിയായ ആശാ പ്രവർത്തക ബോജി വസാവെ പറഞ്ഞു. മാർച്ച് പകുതിയോടെ ഞാൻ സന്ദർശിച്ചപ്പോൾ അവരാരും വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചിട്ടില്ല. "പ്രായമായവർക്കും കടുത്ത രോഗമുള്ളവർക്കും കാൽനടയായി ഇത്ര ദൂരം എത്താന്‍ കഴിയില്ല, കൊറോണ കാരണം ആശുപത്രി സന്ദർശിക്കാൻ പലരും ഭയപ്പെടുന്നു,” ചിത്ഖേഡിയിൽ 94 വീടുകളില്‍ താമസിക്കുന്ന 527 ആളുകളുടെ ഉത്തരവാദിത്തമുള്ള ബോജി പറഞ്ഞു.

ഈ പ്രശ്‌നങ്ങളെ മറികടക്കാനും കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാനുമായി പിഎച്ച്സികളിൽ പ്രതിരോധ കുത്തിവയ്പ്പ് അനുവദിക്കാൻ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നുണ്ട്. "എന്നാൽ ഇന്റർനെറ്റ് കവറേജ് ഉള്ള പ്രദേശങ്ങളിൽ മാത്രമേ ഇത് സാധ്യമാകൂ", ഡോ. നിതിൻ ബോർക്ക് പറയുന്നു: “വാക്സിൻ സെന്ററുകൾക്ക് ഇൻറർനെറ്റ് കണക്റ്റിവിറ്റി, കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ എന്നിവ കോവിൻ പ്ലാറ്റ്‌ഫോമിൽ ഓൺ-സൈറ്റ് ഗുണഭോക്താവിന്റെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൃഷ്ടിക്കുന്നതിനും ആവശ്യമാണ്.”

ധാഡ്‌ഗാവ് മേഖലയിലെ ഉൾപ്രദേശങ്ങളായ ചിത്‌ഖേദി, കുംഭാരി തുടങ്ങിയ ഗ്രാമങ്ങളിൽ മൊബൈൽ നെറ്റ്‌വർക്കുകൾ പോലും ഇല്ല. അതിനാൽ ഈ ഗ്രാമങ്ങളിലോ സമീപത്തോ ഉള്ള പി.എച്.സി.കളില്‍ നെറ്റ്‌വർക്കില്ല. “ഫോൺ ചെയ്യാൻ പോലും ഒരു മൊബൈൽ നെറ്റ്‌വർക്കും ലഭ്യമല്ല, ഇന്‍റർനെറ്റ് ലഭിക്കുക ഇവിടെ അസാദ്ധ്യമാണ്,” റോഷമാൽ പി.എച്.സി.യിലെ ഡോ. ശിവാജി പവാർ പറഞ്ഞു.

ഈ പ്രതിബന്ധങ്ങൾക്ക് മുമ്പിൽ കീഴടങ്ങിയിരിക്കുകയാണ് പേസ്റി. “ആരും ഇവിടെ വരാൻ ആഗ്രഹിക്കുന്നില്ല. എന്തായാലും അത് [കോവിഡ് വാക്സിൻ] അദ്ദേഹത്തിന്‍റെ [കേഹല്യയുടെ] കാൻസറിനെ സുഖപ്പെടുത്താൻ പോകുന്നില്ല,” അവർ പറഞ്ഞു. "ഞങ്ങളെ സഹായിക്കാനും മരുന്ന് തരാനും ഈ ഒറ്റപ്പെട്ട കുന്നുകളിൽ എന്തിനാണ് ഡോക്ടർമാർ വരുന്നത്?"

പരിഭാഷ: പി. എസ്‌. സൗമ്യ

Jyoti

جیوتی پیپلز آرکائیو آف رورل انڈیا کی ایک رپورٹر ہیں؛ وہ پہلے ’می مراٹھی‘ اور ’مہاراشٹر۱‘ جیسے نیوز چینلوں کے ساتھ کام کر چکی ہیں۔

کے ذریعہ دیگر اسٹوریز Jyoti
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

کے ذریعہ دیگر اسٹوریز P. S. Saumia