ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

ഉപജീവന മാർഗ്ഗങ്ങൾ

അതിരാവിലെ 4:30-ന് അവർ ഉണർന്നതാണ്. ഒരു മണിക്കൂറിനു ശേഷം ഛത്തീസ്‌ഗഢിലെ സർജുഗ വനത്തിൽ തേന്ദു ഇലകൾ പറിക്കാൻ പോയി. ഈ സമയത്ത് അവരെപ്പോലുള്ള ആയിരക്കണക്കിന് ആദിവാസികൾ സംസ്ഥാനത്തുടനീളം ഇതു തന്നെയാണ് ചെയ്യുന്നത്. എല്ലാ കുടുംബങ്ങളും യൂണിറ്റുകളായി ജോലി ചെയ്ത് ബീഡി ഉണ്ടാക്കാനുപയോഗിക്കുന്ന ഇലകൾ പറിക്കുന്നു.

നല്ലൊരു ദിവസം അവരുടെ ആറംഗ കുടുംബം 90 രൂപവരെ ഉണ്ടാക്കുന്നു. തേന്ദു സീസണിലെ ഏറ്റവും മികച്ച രണ്ടാഴ്ചകൾ കൊണ്ട് അടുത്ത മൂന്ന് മാസങ്ങൾ കൊണ്ടുണ്ടാക്കുന്നതിലധികം വരുമാനം അവർക്ക് ഉണ്ടാക്കാൻ കഴിയും. അതുകൊണ്ട് സീസൺ അവസാനിക്കുന്നതുവരെ അവർ അതിനെ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുന്നു. എന്നാൽ ആറാഴ്ചകൾക്കുള്ളിൽ അവർക്ക് പുതിയൊരു അതിജീവനതന്ത്രം ആവശ്യമായിവരും. ഇപ്പോൾ ഈ പ്രദേശത്തെ ഏതാണ്ടെല്ലാ കുടുംബങ്ങളും വനത്തിനു പുറത്താണ്. ആദിവാസി സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് തേന്ദു.

വീഡിയോ കാണുക : ‘ അത് അവിശ്വസനീയമാംവണ്ണം മനോഹരമായിരുന്നു ... അവർ ഇലകൾ പറിക്കുന്ന രീതിയും അത് കൈയിലേക്ക് ഇടുന്ന രീതിയും

മഹുവ പൂക്കൾ ശേഖരിക്കുന്ന കാര്യവും അങ്ങനെ തന്നെ. അല്ലെങ്കിൽ പുളി ശേഖരിക്കുന്ന കാര്യം. അതുമല്ലെങ്കിൽ മൂങ്ങാപ്പേഴിന്‍റെയും (Buchanania lanzan) കൈമരുതിന്‍റെയും കാര്യം. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിലെ ആദിവാസി കുടുംബങ്ങൾ അവരുടെ വരുമാനത്തിന്‍റെ പകുതിയലധികവും നേടുന്നത് തടിയേതര വനവിഭവങ്ങളിൽ (Non-Timber Forest Products - NTFP) നിന്നാണ്. പക്ഷെ ഉൽപന്നങ്ങളുടെ മൂല്യങ്ങളുടെ ചെറിയൊരംശമേ അവർക്ക് ലഭിക്കുന്നുള്ളൂ. മദ്ധ്യപ്രദേശിൽ മാത്രം അത്തരം ഉൽപന്നങ്ങളുടെ മൂല്യം പ്രതിവർഷം 2,000 കോടിക്ക് മുകളിലാണ്.

വനങ്ങളിലേക്കുള്ള പ്രവേശനം സർക്കാർ അനുവദിക്കാത്തതിനാൽ കൃത്യമായ കണക്കുകൾ അറിയാൻ ബുദ്ധിമുട്ടാണ്. പക്ഷെ ദേശീയ തലത്തിൽ തടിയേതര വന വിഭവങ്ങളുടെ മൂല്യം പ്രതിവർഷം 15,000 കോടിക്ക് മുകളിലാണ്.

ആദിവാസി സ്ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്കും അതിന്‍റെ ചെറിയൊരംശമേ ലഭിക്കുന്നുള്ളൂ. അത് പലപ്പോഴും അവർക്ക് കഴിഞ്ഞുകൂടാൻ മാത്രമേ തികയൂ. പലപ്പോഴും അതിനുപോലും തികയില്ല. ഇടനിലക്കാരും വ്യാപാരികളും വായ്പാദാതാക്കളും മറ്റുള്ളവരുമാണ് യഥാർത്ഥത്തിൽ പണമുണ്ടാക്കുന്നത്. പക്ഷെ ആരാണ് വനവവിഭവങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നത്? പ്രധാനമായും ഗ്രാമീണ സ്ത്രീകൾ. അവരാണ് വനവിഭവങ്ങളുടെ സിംഹഭാഗവും ശേഖരിക്കുന്നത്. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഡോളറുകളുടെ കച്ചവടം നടക്കുന്ന ഔഷധ സസ്യങ്ങൾ ഉൾപ്പെടെ. ആ കച്ചവടം കുതിച്ചു കയറുമ്പോൾ സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ തൊഴിലിനെ ചൂഷണം ചെയ്യുന്ന ശൃംഖലകൾ അതുറപ്പിക്കുന്നു.

PHOTO • P. Sainath
PHOTO • P. Sainath

കൂടുതൽ വനഭൂമികൾക്ക് കുഴപ്പം സംഭവിക്കുന്നതനുസരിച്ച് സ്ത്രീയുടെ തൊഴിൽ ബുദ്ധിമുട്ടുള്ളതായി മാറുന്നു. അവളുടെ നടപ്പും ജോലി സമയവും വർദ്ധിക്കുന്നു. ആദിവാസി സമൂഹങ്ങൾക്കിടയിൽ പട്ടിണി വർദ്ധിക്കുന്നതസരിച്ച് വനവിഭവങ്ങളെ അവർ കൂടുതൽ ആശ്രയിക്കുന്നു. അങ്ങനെ തന്നെയാണ് അവളുടെ ഉത്തരവാദിത്തത്തിന്‍റെ കാര്യങ്ങളും. ഒഡീഷയിൽ ഇത്തരം ജോലി ചെയ്യുന്ന സ്ത്രീകൾ പ്രതിദിനം 3-4 മണിക്കൂറുകളാണ് നടക്കുന്നത്. അവരുടെ തൊഴിൽ ദിനം 15 മണിക്കൂറിലേക്കോ അതിനപ്പുറത്തേക്കോ നീട്ടപ്പെടുന്നു. തങ്ങളുടെ കുടുംബങ്ങളെ മുങ്ങിത്താഴാതെ നോക്കാൻ ദശലക്ഷക്കണക്കിന് പാവപ്പെട്ട ആദിവാസി സ്ത്രീകൾ ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. ഈയൊരു പ്രക്രിയയിൽ അവർ വനപാലകർ, വ്യാപാരികൾ, പോലീസ്, ശത്രുതയോടെ പെരുമാറുന്ന ഭരണകർത്താക്കൾ എന്നിവരിൽ നിന്നും, പലപ്പോഴും അനീതി നിറഞ്ഞ നിയമങ്ങളാലും പീഡനങ്ങൾ നേരിടുന്നു.

ചൂലുകൾ കൂട്ടിയിട്ടിരിക്കുന്ന ആ സ്ത്രീകൾ ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിൽ നിന്നുള്ളവരാണ്. ആ സംസ്ഥാനത്തെ നിരവധി ആദിവാസി ഭവനങ്ങൾക്കും അവരുടെ വരുമാനത്തിന്‍റെ പകുതിയിലധികവും നേരിട്ട് ലഭിക്കുന്നത് തടിയേതര വനവിഭവങ്ങൾ വിൽക്കുന്നതിൽ നിന്നാണ്. ആദിവാസിയേതര ദരിദ്രരിലെ നിരവധിപേരും അതിജീവനത്തിനായി വനവിഭവങ്ങളെ ആശ്രയിക്കുന്നു.

മദ്ധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിൽ നിന്നുള്ള ഈ ആദിവാസി സ്ത്രീ ബഹുമുഖ വിദഗ്ദ്ധയാണ്. കലങ്ങളും ചട്ടികളും മാത്രമല്ല അവർ നന്നാക്കുന്നത്. അതൊക്കെ കുടുംബ ബിസിനസാണ്. അതൊന്നും കൂടാതെ അവർ കയറുകളും കുട്ടകളും ചൂലുകളും ഉണ്ടാക്കുന്നു. ഉൽപന്നങ്ങളുടെ അദ്ഭുതാവഹമായ ഒരു ശേഖരമാണ് അവർ കൈകാര്യം ചെയ്യുന്നത്. അതും വനങ്ങൾ ഏതാണ്ടില്ലാതായിരിക്കുന്ന തന്‍റെ പ്രദേശത്ത്. ചില പ്രത്യേകതരം മണ്ണുകൾ എവിടെയാണ് അന്വേഷിക്കേണ്ടതെന്ന് അവർക്ക് കൃത്യമായി അറിയാം. അവരുടെ അറിവും ജോലിഭാരവും ആശ്ചര്യജനകമാണ്; പക്ഷെ അവരുടെ കുടുംബത്തിന്‍റെ അവസ്ഥ ഭയാനകവും.

PHOTO • P. Sainath
PHOTO • P. Sainath

പരിഭാഷ: റെന്നിമോന്‍ കെ. സി.

پی سائی ناتھ ’پیپلز آرکائیو آف رورل انڈیا‘ کے بانی ایڈیٹر ہیں۔ وہ کئی دہائیوں تک دیہی ہندوستان کے رپورٹر رہے اور Everybody Loves a Good Drought اور The Last Heroes: Foot Soldiers of Indian Freedom کے مصنف ہیں۔

کے ذریعہ دیگر اسٹوریز پی۔ سائی ناتھ
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.