ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
ജോലി കൃഷിയെങ്കിലും ഭൂമി സ്വന്തമല്ല
ഫോട്ടോ എടുക്കുന്നതില്‍ ഭൂവുടമ അഭിമാനിച്ചു. തന്റെ പാടത്ത് 9 സ്ത്രീകള്‍ നിരയായി മുന്നോട്ടു കുനിഞ്ഞുകൊണ്ട് പറിച്ചുനടീല്‍ ജോലി ചെയ്യുമ്പോള്‍ അയാള്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. അവര്‍ക്ക് 40 രൂപ കൊടുത്തെന്ന് അയാള്‍ പറഞ്ഞു. പക്ഷെ സ്ത്രീകള്‍ ഞങ്ങളോട് പിന്നീട് പറഞ്ഞത് അയാള്‍ 25 രൂപയാണ് നല്‍കിയതെന്നാണ്. ഒഡിഷയിലെ റായ്ഗഢില് നിന്നുള്ള ഭൂരഹിത തൊഴിലാളികളായിരുന്നു അവര്‍.
ഇന്ത്യയില്‍ ഭൂമിയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്കു പോലും ഭൂമിക്ക് അവകാശമില്ല. സ്വന്തം മാതാപിതാക്കളുടെ വീട്ടിലുമില്ല, ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാപിതാക്കളുടെയും വീട്ടിലുമില്ല. ഉപേക്ഷിക്കപ്പെട്ട, വിധവകളാക്കപ്പെട്ട, വിവാഹബന്ധം വേര്‍പെടുത്തപ്പെട്ട സ്ത്രീകളുടെ ജീവിതം ബന്ധുക്കളുടെ വയലുകളില്‍ പണിക്കാരികളായി അവസാനിക്കുന്നു.
ഔദ്യോഗിക കണക്കനുസരിച്ച് 63 ദശലക്ഷം സ്ത്രീ തൊഴിലാളികളുണ്ട്. ഇവരില്‍ 28 ദശലക്ഷം അഥവാ 45 ശതമാനം കാര്‍ഷിക തൊഴിലാളികളാണ്. അമ്പരപ്പിക്കുന്ന ഈ കണക്ക് തന്നെ തെറ്റിദ്ധാരണാജനകമാണ്. ആറോ അതിലധികമോ മാസങ്ങളായി തൊഴില്‍ കണ്ടെത്താന്‍ വയ്യാത്തവരെ ഈ കണക്ക് ഒഴിവാക്കുന്നു. ഇത് വളരെ പ്രധാനമാണ്. ഇതിനര്‍ത്ഥം ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നല്കുന്ന ദശലക്ഷക്കണക്കിന് സ്ത്രീകളെ തൊഴിലാളികളായി കണക്ക് കൂട്ടുന്നില്ല എന്നാണ്. നേരിട്ടുള്ള കാര്‍ഷിക ജോലിയല്ലാതെ ഗ്രാമീണ സ്ത്രീകള്‍ ചെയ്യുന്ന മിക്കതും ‘ഗാര്‍ഹികജോലി’ എന്ന നിലയില്‍ വിട്ടുകളയുകയും ചെയ്യുന്നു.
‘സാമ്പത്തിക പ്രവര്‍ത്തനം’ എന്ന നിലയില്‍ അധികാരികള്‍ പരിഗണിച്ചിരിക്കുന്നവയില് പോലും സ്ത്രീകള്‍ക്ക് ലഭ്യമായിരിക്കുന്ന ഏറ്റവും വലിയ ഏക മാര്‍ഗ്ഗം കൂലി കുറവ് ലഭിക്കുന്ന കാര്‍ഷിക തൊഴിലാണ്. ഇപ്പോള്‍ ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തൊഴിലിന്റെ എണ്ണവും കുറഞ്ഞു വരുന്നു. സാമ്പത്തിക നയങ്ങള്‍ ആ പ്രക്രിയയെ നയിക്കുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന യന്ത്രവത്കരണം അതിന് പിന്നെയും ആക്കം കൂട്ടുന്നു. നാണ്യ വിളകളിലേക്കുള്ള മാറ്റവും ഇതിനെ ത്വരിതപ്പെടുത്തുന്നു. പുതിയ കരാര്‍ സമ്പ്രദായം ഇതിനെ മോശമാക്കുന്നു.
ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ ഒരു പാടത്ത് രണ്ട് ചെറിയ പെണ്‍കുട്ടികള്‍ കീടങ്ങളെ പിടിക്കുകയാണ് (താഴെ). ചുവപ്പ് കമ്പിളി പുഴുക്കളെയാണ് അവര്‍ പിടിക്കുന്നത്. അവരുടെ ഗ്രാമത്തില്‍ പണം നല്കി ചെയ്യിക്കുന്ന ജോലികളാണിവയൊക്കെ. ഒരു കിലോഗ്രാം പുഴുക്കള്‍ക്ക് ഭൂവുടമയില്‍ നിന്നും അവര്‍ക്ക് 10 രൂപ ലഭിക്കും. അതിനര്‍ത്ഥം അത്രയും തൂക്കത്തിനു വേണ്ടി അവര്‍ ആയിരത്തിലധികം പുഴുക്കളെ പിടിക്കണമെന്നാണ്.
ഭൂമി പോലുള്ള വിഭവങ്ങളിന്മേല് നേരിട്ടുള്ള നിയന്ത്രണമില്ലായ്മ ദരിദ്രരെ പൊതുവെയും സ്ത്രീകളെ എല്ലാവരേയും ബാധിക്കുന്നു. ഉടമസ്ഥതയും സാമൂഹ്യ പദവിയും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയില്‍ ഉടമസ്ഥതയോ അതിന്മേല് നിയന്ത്രണമോ ഉള്ള സ്ത്രീകള്‍ വളരെ കുറവാണ്. ഭൂമിയിന്മേലുള്ള അവരുടെ അവകാശം ഉറപ്പാക്കുമ്പോള്‍ പഞ്ചായത്ത് രാജിലുള്ള അവരുടെ പങ്കാളിത്തം പോലും മെച്ചപ്പെടും.
ഭൂരഹിതരിലെ വലിയൊരു ഭാഗം ദളിതരാണെന്നത് യാദൃച്ഛികമല്ല. സ്ത്രീ കര്‍ഷക തൊഴിലാളികളിലെ 67 ശതമാനം പേരും ദളിതരാണ്. ഏറ്റവും ചൂഷിതരായ ഈ വിഭാഗമാണ് മൂന്ന് ലോകങ്ങളിലെയും (വര്‍ഗ്ഗം, ജാതി, ലിംഗം) ഏറ്റവും മോശം അവസ്ഥയുള്ളത്.
ഭൂഅവകാശങ്ങള്‍ പാവപ്പെട്ടവരും താഴ്ന്ന ജാതിയില്‍ പെട്ടവരുമായ സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തും. അപ്പോഴും അവര്‍ക്ക് മറ്റുള്ളവരുടെ ഭൂമിയില്‍ പണിയെടുക്കേണ്ടി വരുമെങ്കില്‍ പോലും മെച്ചപ്പെട്ട വേതനത്തിനുവേണ്ടി വിലപേശാന്‍ ഇതവരെ സഹായിക്കും. വായ്പയും അവര്‍ക്ക് കൂടുതല്‍ ലഭ്യമാവും.
ഇതവരുടെയും കുടുംബത്തിന്റെയും പട്ടിണി കുറയ്ക്കും. പുരുഷന്മാര് അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും സ്വന്തമായി ചിലവഴിക്കാനുള്ള പ്രവണത കാണിക്കുന്നു. സ്ത്രീകള്‍ അവര്‍ സമ്പാദിക്കുന്നതിന്റെ ഏതാണ്ട് മുഴുവനും തന്നെ ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ചിലവഴിക്കുന്നു. കുട്ടികള്‍ക്കും അത് വലിയ നേട്ടമാണ്.
ഇത് സ്തീകള്‍ക്കും കുട്ടികള്‍ക്കും കുടുംബത്തിനും നല്ലതാണ്. ചുരുക്കത്തില്‍ ദാരിദ്ര്യത്തിനെതിരെയുള്ള ഗൗരവതരമായ ഏതൊരു പോരാട്ടവും വിജയിക്കണമെങ്കില്‍ ഭൂമിയുമായി ബന്ധപ്പെട്ട സ്ത്രീകളുടെ അവകാശങ്ങളെ ഉറപ്പിക്കുന്നതാവണം. പശ്ചിമബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങള്‍ ഭൂമി പുനര്‍വിതരണം ചെയ്യുന്ന 4 ലക്ഷം കേസുകളില്‍ സംയുക്ത പട്ടയങ്ങള്‍ (joint title deeds) ഉറപ്പ് നല്കി തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്.
സ്ത്രീകള്‍ നിലമൊരുക്കുന്നതില്‍ നിന്നും വിലക്കപ്പെട്ടിട്ടുള്ളതിനാല്‍ “ഭൂമി നിലമുഴുന്നവര്ക്ക്” എന്ന പഴയ മുദ്രാവാക്യം പുതിയ രൂപത്തിലാക്കേണ്ടി വരും. അതിനു പകരം ഇങ്ങനെയാക്കാം, “ഭൂമി അതില്‍ പണിയെടുക്കുന്നവര്‍ക്ക്”.
പരിഭാഷ: റെന്നിമോന്‍ കെ. സി.