"കൊണ്ട്ര സമ്മയ്യ... സാമ്പത്തിക ബാദ്ധ്യതയുമായി ബന്ധപ്പെട്ട മാനസിക വിഷമം മൂലം കീടനാശിനി കഴിച്ചു…” എഫ്.ഐ.ആർ. പറഞ്ഞു.
2017 സെപ്തംബർ 17-ന് തരിഗോപുല്ല പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. (പ്രഥമവിവര റിപ്പോർട്ട്) ഫയൽ ചെയ്തു. സമ്മയ്യയും ഭാര്യ കൊണ്ട്ര സാഗരികയും ബി.റ്റി. പരുത്തി കൃഷി ചെയ്തിരുന്ന നരസാപൂർ ഗ്രാമത്തിൽനിന്നും 3 കിലോമീറ്റർ അകലെയായിരുന്നു പ്രസ്തുത പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്നത്.
വ്യത്യസ്ത പലിശ നിരക്കിൽ, പ്രധാനമായും ബന്ധുക്കളിൽ നിന്നും, വാങ്ങിയ വായ്പ 5 ലക്ഷം രൂപയോളം വരുന്ന കടബാദ്ധ്യതയായി മാറി. "ഓരോ സീസണും തുടങ്ങുന്നതിനു മുമ്പ് കർഷകർ അകപ്പെടുന്ന വായ്പ വാങ്ങൽ പ്രക്രിയയാണ് കടബാദ്ധ്യതയ്ക്ക് കാരണം”, സാഗരിക പറഞ്ഞു. വരൾച്ച അവരുടെ നഷ്ടം വർദ്ധിപ്പിച്ചു.
സ്വന്തം കൃഷിഭൂമിയിൽ കൃഷി തുടങ്ങുന്നതിന് മുമ്പ് ആ ദമ്പതികൾ പരുത്തി പാടങ്ങളിൽ കർഷകത്തൊഴിലാളികളായി പണിയെടുത്തിരുന്നു. 2011-ൽ വിവാഹിതരായതിനുശേഷം കുറച്ചുനാൾ അവർ ഹൈദരാബാദിൽ താമസിച്ചിരുന്നു. സമ്മയ്യ അവിടെ ഡ്രൈവറായിരുന്നു. സമ്മയ്യയുടെ അച്ഛന്‍റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയതിനു ശേഷം 2013-ൽ എപ്പോഴോ ആണ് തെലങ്കാനയിലെ ജനഗാം ജില്ലയിലെ നരസാപൂരിലേക്ക് അവർ മടങ്ങിയെത്തിയത്.
2017 സെപ്തംബറിൽ ആത്മഹത്യ ചെയ്യുന്ന സമയത്ത് സമ്മയ്യയ്ക്ക് 29 വയസ്സായിരുന്നു പ്രായം. സാഗരികയ്ക് വെറും 23-ഉം. കുട്ടികളായ സ്നേഹിതയ്ക്കും സാത്വികിനും 5-ഉം 3-ഉം വയസ്സുകൾ വീതവും. "എന്‍റെ ഭർത്താവിനൊപ്പം ചിലവിട്ട നിമിഷങ്ങൾ കുട്ടികൾ ഏതാണ്ടെല്ലാ ദിവസവും ഓർമ്മിക്കുന്നു”, അവർ പറഞ്ഞു. "ഭർത്താവ് മരിച്ച ആദ്യത്തെ വർഷം വളരെ ബുദ്ധിമുട്ടായിരുന്നു. എന്‍റെ ബന്ധുക്കൾ എന്നെ കൂട്ടായ്മകൾക്കൊന്നും വിളിച്ചിരുന്നില്ല. ഇപ്പോൾ അവർ എന്‍റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി എന്നെ വിളിക്കാൻ തുടങ്ങിയിട്ടുണ്ട്...”








