"മഴ പിന്നെയും നിന്നു," മുള കൊണ്ടുണ്ടാക്കിയ ഊന്നുവടി കുത്തി തന്‍റെ കൃഷിയിടത്തിലേക്ക് നടക്കുന്ന ധർമ ഗരേൽ പറഞ്ഞു. "ജൂൺ വിചിത്രമായ മാസമായിക്കൊണ്ടിരിക്കുകയാണ്. 2-3 മണിക്കൂർ മഴ പെയ്യും. ചിലപ്പോൾ ചാറ്റൽ മാത്രം, ചിലപ്പോൾ കനത്ത മഴ. പക്ഷെ അതിനു ശേഷം കുറച്ചു മണിക്കൂറുകളോളം ഭയങ്കര ചൂടാണ്. ഈർപ്പം വലിഞ്ഞു മണ്ണ് പിന്നെയും ഉണങ്ങുന്നു. ഇങ്ങനെയാണെങ്കിൽ തൈകൾ എങ്ങനെ വളരാനാണ്?"

എൺപതുകാരനായ ഗരേലും അദ്ദേഹത്തിന്‍റെ കുടുംബവും താനെ ജില്ലയിലെ ശഹാപൂർ താലൂക്കിലെ 15 വാർലി കുടുംബങ്ങളുൾപ്പെടുന്ന ആദിവാസി ഗ്രാമമായ ഗാരെൽപാഡയിൽ തങ്ങളുടെ ഒരേക്കർ ഭൂമിയിൽ നെൽകൃഷി ചെയ്തു വരുന്നു. ജൂൺ 2019-ൽ ഇവർ വിതച്ച നെല്ല് മുഴുവൻ ഉണങ്ങി പോകുകയാണുണ്ടായത്.  ആ മാസം വെറും 11 ദിവസം  393 മി.മീ. മഴ മാത്രമാണുണ്ടായത് (ശരാശരിയായ 421.9 മില്ലീമീറ്ററിനേക്കാൾ കുറവ്).

ഇവർ വിതച്ച നെല്ല് കിളിർത്തുപോലുമില്ല - വിത്തിനും, വളത്തിനും, ട്രാക്ടർ വാടകയ്ക്കും, മറ്റ് കൃഷിയാവശ്യങ്ങൾക്കുമായി ചിലവഴിച്ച പതിനായിരത്തോളം രൂപ ഇവർക്ക് നഷ്ടം വന്നു.

"ഓഗസ്‌റ്റോടെ മാത്രമാണ് മണ്ണ് പതിവായ മഴയിൽ തണുത്തു തുടങ്ങിയത്. രണ്ടാമത് വിതച്ചാൽ വിളവ് ലഭിക്കുമെന്നും എന്തെങ്കിലും ലാഭമുണ്ടാകുമെന്നും എനിക്ക് ഉറപ്പായിരുന്നു," ധർമയുടെ 38-കാരനായ മകൻ രാജു പറഞ്ഞു.

ജൂണിലെ കുറഞ്ഞ മഴയ്ക്ക് ശേഷം ജൂലൈയിൽ വളരെ കനത്ത മഴയുണ്ടായി - 1586.6 മില്ലിമീറ്റർ, ഇത് സാധാരണ ശരാശരിയായ 947.3 മില്ലിമീറ്ററിനേക്കാൾ വളരെ അധികമായിരുന്നു. അതിനാൽ ഗരേൽ കുടുംബം രണ്ടാമത്തെ വിതയ്ക്കലിൽ പ്രതീക്ഷയർപ്പിച്ചു. പക്ഷെ ഓഗസ്റ്റോടെ വളരെ കനത്ത മഴ ഒക്ടോബർ വരെ തുടർന്നു.  താനെ ജില്ലയിലെ ഏഴു താലൂക്കുകളിലും 116 ദിവസം 1200 മില്ലിമീറ്ററോളം അമിത മഴ ലഭിച്ചു.

"ചെടികളുടെ വളർച്ചയ്ക്ക് സെപ്റ്റംബർ വരെയുള്ള മഴയെ ആവശ്യമുണ്ടായിരുന്നുള്ളൂ. മനുഷ്യർ പോലും വയർ പൊട്ടുന്നതുവരെ ഭക്ഷണം കഴിക്കാറില്ല, അപ്പോൾ പിന്നെ ഈ കുഞ്ഞു ചെടികൾ അതെന്തിന് ചെയ്യും?" രാജു ചോദിക്കുന്നു. ഒക്ടോബറിലെ മഴയിൽ ഗരേൽ കുടുംബത്തിന്‍റെ കൃഷിയിടത്തിൽ വെള്ളം പൊങ്ങി. "സെപ്റ്റംബറിൽ ഞങ്ങൾ നെല്ല് കൊയ്ത് കെട്ടിവച്ചു തുടങ്ങിയിരുന്നു," കർഷകയും രാജുവിന്‍റെ ഭാര്യയുമായ 35-കാരി സവിത ഓർക്കുന്നു. "ബാക്കി പിന്നെയും കൊയ്യാനുണ്ടായിരുന്നു. ഒക്ടോബർ 5-നു ശേഷം പക്ഷെ പെട്ടെന്ന് മഴ കനത്തു. കെട്ടിവെച്ച വിളവ് വീട്ടിനുള്ളിലേക്കെടുക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷെ മിനിറ്റുകൾക്കുള്ളിൽ ഞങ്ങളുടെ പാടത്തു വെള്ളം നിറഞ്ഞുപൊങ്ങി..."

രണ്ടാമത് വിതച്ചതിൽ നിന്ന് ഇവർ 3 ക്വിന്‍റലോളം നെല്ല് രക്ഷിച്ചെടുത്തു - മുൻപ് ഇവർക്ക് ഒരു വിളവെടുപ്പിൽ 8-9 ക്വിന്‍റലോളം നെല്ല് ലഭിക്കാറുണ്ടായിരുന്നു.

Paddy farmers Dharma Garel (left) and his son Raju: 'The rain has not increased or decreased, it is more uneven – and the heat has increased a lot'
PHOTO • Jyoti
Paddy farmers Dharma Garel (left) and his son Raju: 'The rain has not increased or decreased, it is more uneven – and the heat has increased a lot'
PHOTO • Jyoti

നെൽകൃഷിക്കാരായ ധർമ ഗരേലും (ഇടത്) അദ്ദേഹത്തിന്‍റെ മകൻ രാജുവും: 'മഴ കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, പക്ഷെ ക്രമരഹിതമായാണിപ്പോൾ പെയ്യുന്നത് - ചൂട് ഒരുപാട് കൂടിയിരിക്കുന്നു’

"പത്തു വർഷത്തോളമായി ഇങ്ങനെയായിട്ട്," ധർമ പറയുന്നു. "മഴ കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല, പക്ഷെ ക്രമരഹിതമായാണിപ്പോൾ പെയ്യുന്നത് - ചൂട് ഒരുപാട് കൂടിയിരിക്കുന്നു." 2018-ലും ഈ കുടുംബത്തിന് ശരാശരിയിൽ കുറഞ്ഞ കാലവർഷം കാരണം നാല് ക്വിന്‍റൽ നെല്ല് മാത്രമേ ലഭിച്ചുള്ളൂ. 2017-ലും, ഒക്ടോബറിലെ അകാലത്തിലുള്ള കനത്ത മഴ ഇവരുടെ വിളയെ ബാധിച്ചിരുന്നു.

പകരം, ധർമ നിരീക്ഷിക്കുന്നതുപോലെ, ചൂട് നിരന്തരമായി കൂടുകയും 'അസഹനീയ'മായിത്തീരുകയും ചെയ്തിരിക്കുന്നു. ന്യൂ യോർക്ക് ടൈംസിന്‍റെ കാലാവസ്‌ഥയെയും ആഗോളതാപനത്തെയും കുറിച്ചുള്ള ഒരു ഇന്‍ററാക്ടിവ് പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ചു 1960-ൽ, ധർമയ്ക്ക് 20 വയസ്സുള്ളപ്പോൾ, താനെയിൽ വർഷത്തിൽ 175 ദിവസങ്ങളോളം താപനില 32 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. ഇന്ന് അത് വർഷത്തിൽ 237 ദിവസങ്ങളാണ്.

ശഹാപൂർ താലൂക്കിലെ ആദിവാസി ഗ്രാമങ്ങളിലുടനീളമുള്ള മറ്റ് നിരവധി കുടുംബങ്ങൾ നെല്ലിന്‍റെ വിളവ് കുറയുന്നതിനെക്കുറിച്ച് പറയുന്നുണ്ട് . കട്കാരി, മൽഹാർ കോലി, മ ഠാക്കൂർ, വാർലി, മറ്റ് ആദിവാസി സമൂഹങ്ങൾ വസിക്കുന്ന താനെ ജില്ലയിലെ പട്ടികവർഗ്ഗ ജനസംഖ്യ ഏകദേശം 1.15 ദശലക്ഷമാണ് (സെൻസസ് 2011). ഇത് ആകെ ജനസംഖ്യയുടെ 14 ശതമാനവും.

മഴയെ ആശ്രയിക്കുന്ന നെൽകൃഷിയ്ക്ക് കൃത്യമായ ഇടവേളകളിൽ വെള്ളം ആവശ്യമാണ്. ഇതിന് ശരിയായ അളവിലുള്ള വർഷപാതം അനിവാര്യമാണ്. നെൽച്ചെടികളുടെ വളർച്ചയുടെ ഏതെങ്കിലും ഘട്ടത്തിൽ ജലദൗർലഭ്യമുണ്ടായാൽ അത്  വിള കുറയുന്നതിന് കാരണമാകുന്നു," പൂനെയിലെ ബി.എ.ഐ.എഫ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റൈനബിൾ ലൈവ്‌ലിഹുഡ്‌സ് ആൻഡ് ഡെവലപ്‌മെന്‍റിലെ പ്രോഗ്രാം മാനേജർ സോമനാഥ് ചൗധരി പറയുന്നു.

തങ്ങളുടെ ചെറിയ ഭൂമിയിൽ ഖരീഫ് വിളയായി നെല്ല് കൃഷിചെയ്തും, പിന്നീട്  വർഷത്തിന്‍റെ പകുതി മറ്റിടങ്ങളിലേക്ക് കുടിയേറി ഇഷ്ടിക ചൂളകളിലും, കരിമ്പ് തോട്ടങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും പണിയെടുത്തുമാണ് മിക്ക ആദിവാസികുടുംബങ്ങളും വർഷം കഴിച്ചുകൂട്ടുന്നത്. പക്ഷെ ക്രമം തെറ്റിയ കാലവർഷം മൂലം നെൽകൃഷി വീണ്ടും വീണ്ടും നശിക്കുമ്പോൾ ഈ സന്ദിഗ്ദ്ധമായ വാർഷിക ചര്യയുടെ ഒരു പകുതിയെ അവർക്ക് ആശ്രയിക്കാനാകാതെ വരുന്നു.

ജില്ലയിൽ നെൽകൃഷി 136,000 ഹെക്ടർ ഭൂമിയിൽ (മഴയെ ആശ്രയിച്ചുള്ള കൃഷി) ഖരീഫ് സീസണിലും, 3,000 ഹെക്ടർ  (പ്രധാനമായും തുറന്ന കിണറുകളും കുഴൽക്കിണറുകളുമുള്ള)  ജലസേചന ഭൂമിയിൽ റബി സീസണിലും ചെയ്തു വരുന്നു (സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഫോർ ഡ്രൈലാൻഡ് അഗ്രിക്കൾച്ചറിൽ നിന്നുള്ള 2009-10-ലെ വിവരങ്ങൾ പറയുന്നു). ചോളം, പയർവർഗ്ഗങ്ങൾ, നിലക്കടല എന്നിവയാണ് ഇവിടെ വളരുന്ന മറ്റ് പ്രധാന വിളകൾ.

Savita Garel and Raju migrate every year to work in sufarcane fields: We don’t get water even to drink, how are we going to give life to our crops?'
PHOTO • Jyoti

രാജു ഗരേലും സവിതയും എല്ലാ വർഷവും കരിമ്പിൻ തോട്ടത്തിൽ പണിക്കായി കുടിയേറുന്നു . 'ഞങ്ങൾക്ക് കുടിക്കാൻ തന്നെ വെള്ളം കിട്ടുന്നില്ല, പിന്നെ വിളകൾ ഞങ്ങൾ എങ്ങനെ വളർത്താനാണ്?'

നിരവധി പോഷക നദികളോട് കൂടിയ ഉൽഹാസ്, വൈതർണ്ണ എന്നീ രണ്ട് പ്രധാന നദികൾ താനെ ജില്ലയിലും, ഭാത്സ, മോഡക് സാഗർ, താൻസ, അപ്പർ വൈതർണ എന്നിങ്ങനെ നാല് വലിയ അണക്കെട്ടുകൾ ശഹാപൂർ താലൂക്കിലും ഉണ്ടെങ്കിലും ഇവിടെയുള്ള ആദിവാസി ഗ്രാമങ്ങളിലെ കൃഷി പ്രധാനമായും മഴയെ ആശ്രയിച്ചിരിക്കുന്നു.

"നാല് അണക്കെട്ടുകളിലെയും വെള്ളം മുംബൈയിലേക്കാണ് വിതരണം ചെയ്യപ്പെടുന്നത്. മഴക്കാലം തുടങ്ങുന്നതുവരെ, അതായത് ഡിസംബർ മുതൽ മേയ് വരെ, ഇവിടുത്തെ ജനങ്ങൾ ജലക്ഷാമം നേരിടുന്നു. വേനൽക്കാലത്ത് ടാങ്കറുകൾ  ജലത്തിന്‍റെ പ്രധാന സ്രോതസ്സായി മാറുന്നു," ശഹാപൂർ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകനും  ഭാത്സ ജലസേചന പദ്ധതി പുനരധിവാസ സമിതിയുടെ കോർഡിനേറ്ററുമായ ബബൻ ഹർണെ പറയുന്നു.

ശഹാപൂരിൽ കുഴൽക്കിണറുകൾക്ക് ആവശ്യക്കാർ വർധിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ജലവകുപ്പ് ഉണ്ടാക്കിയ കുഴൽക്കിണറുകൾക്കു പുറമേ, സ്വകാര്യ കരാറുകാർ നിയമവിരുദ്ധമായി 700 മീറ്ററിലധികം ആഴത്തിൽ കുഴൽക്കിണറുകൾ ഉണ്ടാക്കുന്നു." ഗ്രൗണ്ട്‌വാട്ടര്‍ സർവേ ആൻഡ് ഡെവലപ്മെന്‍റ് ഏജൻസിയുടെ 2018 ലെ പ്രോബബിൾ വാട്ടർ സ്‌കേഴ്‌സിറ്റി റിപ്പോർട്ടിൽ, ശഹാപൂർ ഉൾപ്പെടെ താനെയിലെ മൂന്ന് താലൂക്കുകളിലെ 41 ഗ്രാമങ്ങളിൽ ഭൂഗർഭജലം കുറഞ്ഞതായി കാണിക്കുന്നു.

"ഞങ്ങൾക്ക് കുടിക്കാൻ തന്നെ വെള്ളം കിട്ടുന്നില്ല, പിന്നെ വിളകൾ ഞങ്ങൾ എങ്ങനെ വളർത്താനാണ്? വലിയ നിലയിലുള്ള കർഷകർക്ക് പണം നൽകി ഡാമിൽ നിന്ന് വെള്ളം വാങ്ങി ഉപയോഗിക്കാം, അല്ലെങ്കിൽ അവർക്ക് കിണറുകളും പമ്പുകളുമുണ്ട്," രാജു പറയുന്നു.

ശഹാപ്പൂരിലെ ആദിവാസി ഗ്രാമങ്ങളിൽ നിന്ന് ഒരുപാട് പേർ എല്ലാ വർഷവും നവംബർ മുതൽ മേയ് വരെ തൊഴിലന്വേഷിച്ചു കുടിയേറുന്നതിന്‍റെ ഒരു കാരണം ജലക്ഷാമമാണ്. ഒക്ടോബറിലെ ഖരീഫ് വിളവെടുപ്പിനുശേഷം, അവർ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ഇഷ്ടിക ചൂളകളിലോ അല്ലെങ്കിൽ സംസ്ഥാനത്തിനകത്തെ കരിമ്പുതോട്ടങ്ങളിലോ ജോലിക്ക് പോകുന്നു. ഖരീഫ് സീസണിൽ വിതയ്ക്കാറാകുമ്പോഴേക്ക്  കുറച്ചു മാസങ്ങൾ കഴിച്ചു കൂട്ടാൻ കഷ്ടിച്ചുള്ള പണവുമായി അവർ തിരിച്ചെത്തുന്നു.

രാജു ഗരേലും സവിതയും ഇങ്ങനെ 500 കിലോമീറ്റരർ അകലെയുള്ള നന്ദുർബാർ ജില്ലയിലെ ശഹാദാ താലൂക്കിലെ പ്രകാശാ ഗ്രാമത്തിലേക്ക് കരിമ്പിൻ തോട്ടത്തിൽ പണിക്കായി കുടിയേറുന്നവരാണ്. 2019-ൽ അവർ ധർമയേയും 12 വയസ്സുള്ള മകൻ അജയ്നേയും വീട്ടിലാക്കി പുറപ്പെട്ടത് ഇത്തിരി വൈകി ഡിസംബറിലാണ്. നാല് പേരുള്ള ഈ കുടുംബത്തിന് ജൂൺ വരെ കഴിച്ചു കൂട്ടാൻ മൂന്ന് ക്വിന്‍റൽ അരി മാത്രമേയുള്ളൂ. "ഞങ്ങൾ സാധാരണ (അടുത്തുള്ള) അഘയ് ഗ്രാമത്തിലെ കർഷകർക്ക് അല്പം അരി കൊടുത്തു അവർ കൃഷി ചെയ്യുന്ന തുവരപ്പരിപ്പ് വാങ്ങാറുണ്ട്. ഇത്തവണ അതിന് കഴിയില്ല..." മോശമായ വിളവിനെപ്പറ്റി പരാമർശിച്ചുകൊണ്ട് രാജു പറഞ്ഞു.

Many in Shahapur speak of falling paddy yields. Right: '...the rain is not trustworthy,' says Malu Wagh, with his wife Nakula (left), daughter-in-law Lata and her nieces
PHOTO • Jyoti
Many in Shahapur speak of falling paddy yields. Right: '...the rain is not trustworthy,' says Malu Wagh, with his wife Nakula (left), daughter-in-law Lata and her nieces
PHOTO • Jyoti

ശഹാപുരിൽ പലരും നെൽവിള കുറയുന്നതിനെക്കുറിച്ച് പറയുന്നു . വലത്: 'മഴയെ വിശ്വസിക്കാനാവില്ല,' മാലു വാ ഘ് പറയുന്നു . അദ്ദേഹത്തിന്‍റെ ഭാര്യ നകുലയും (ഇടത്), മകന്‍റെ ഭാര്യ ലതയും അവരുടെ മരുമക്കളും

ഇദ്ദേഹവും സവിതയും കൂടി ഏഴു മാസത്തോളം കരിമ്പ് തോട്ടത്തിൽ തൊഴിലെടുത്തു സമ്പാദിക്കുന്നത് ഏകദേശം 70,000 രൂപയാണ്. രാജു ജൂണിനും സെപ്‌റ്റംബറിനും ഇടയിൽ ശഹാപൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഭിവണ്ഡി താലൂക്കിലെ ഒരു ഓൺലൈൻ ഷോപ്പിംഗ് വെയർഹൗസിൽ ചുമട്ടുകാരനായി ജോലി ചെയ്യുന്നു - സാധാരണയായി 50 ദിവസത്തോളം ഇദ്ദേഹം ചെയ്യുന്ന ഈ ജോലിക്ക് ദിവസം 300 രൂപയാണ് പ്രതിഫലം.

ഗാരെൽപാഡയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബേർശിംഗിപാഡ ഗ്രാമത്തിലെ മാലു വാഘിന്‍റെ കുടുംബവും നെൽ വിളവ് കുറഞ്ഞുവരുന്നതിന്‍റെ ബുദ്ധിമുട്ടനുഭവിക്കുന്നു. ഓല മേഞ്ഞ അവരുടെ മൺകുടിലിന്‍റെ ഒരു മൂലയിൽ ഒരു കണഗി യിൽ  (മുളയും ചാണകവും കൊണ്ടുണ്ടാക്കിയ പാത്രം) കീടങ്ങളെ അകറ്റാനായി വേപ്പിലയിട്ട് രണ്ടു ക്വിന്‍റൽ അരി സൂക്ഷിച്ചുവച്ചിട്ടുണ്ട്. "ഈ വീട്ടിലെ ഏറ്റവും വിലയേറിയ വസ്തു ഇപ്പോൾ അതാണ്," മാലു എന്നോട് കഴിഞ്ഞ നവംബറിൽ പറഞ്ഞിരുന്നു. "മഴയെ വിശ്വസിക്കാൻ പറ്റാത്തതിനാൽ ഈ വിള ശ്രദ്ധിച്ചുവേണം ഉപയോഗിക്കാൻ. മഴ അതിന്‍റെ പാട്ടിനു വരുകയും പോകുകയുമാണ് ചെയ്യുന്നത്, നമ്മൾ ആഗ്രഹിക്കുന്നത് പോലെയല്ല."

പഠനങ്ങളും ഇത് ശരിയാണെന്നു കാണിക്കുന്നു - മഴ കാലം തെറ്റി പോയിരിക്കുന്നു. "മഹാരാഷ്ട്രയിലെ കഴിഞ്ഞ 100 വർഷങ്ങളിലെ വർഷപാതത്തിന്‍റെ ഡാറ്റ ഞങ്ങൾ വിശകലനം ചെയ്തു," ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) നടത്തിയ 2013-ലെ ഒരു പഠനത്തിന്‍റെ പ്രധാന ഗ്രന്ഥകർത്താവായ  ഡോ. പുളക് ഗുഹാഠാകർട പറയുന്നു. മഹാരാഷ്ട്രയിലെ വർദ്ധിച്ചുവരുന്ന ജലക്ഷാമം കണക്കിലെടുത്ത് മഴയുടെ രീതിയിലെയും കാലാവസ്ഥ സൂചികയിലെയും മാറ്റങ്ങൾ കണ്ടെത്തുമ്പോൾ (Detecting changes in rainfall pattern and seasonality index vis-à-vis increasing water scarcity in Maharashtra) എന്ന തലക്കെട്ടിൽ, ഈ പഠനം സംസ്ഥാനത്തെ 35 ജില്ലകളിലെയും 1901-2006 കാലഘട്ടത്തിലെ പ്രതിമാസ മഴയുടെ വിവരങ്ങൾ വിശകലനം ചെയ്യുന്നു. "ചെറിയ അളവിലുള്ള ഭൂപരപ്പുകളിലെ സ്‌ഥലകാലക്രമങ്ങളിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സ്വാധീനം ഈ വിശകലനത്തിൽ വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്... കൃഷിയെ സംബന്ധിച്ച് ഈ മാറുന്ന രീതികൾ വളരെ നിർണായകമാണ്, പ്രത്യേകിച്ച് മഴയെ ആശ്രയിക്കുന്ന കാർഷിക മേഖലകളിൽ," ഓഫീസ് ഓഫ് ക്ലൈമറ്റ് റിസർച്ച് ആൻഡ് സർവീസസ്, ഐ.എം.ഡി., പൂനെയിലെ ശാസ്ത്രജ്ഞനായ ഡോ. ഗുഹാഠാകർട കൂട്ടിച്ചേർക്കുന്നു.

ഈ മാറുന്ന ക്രമങ്ങൾ യഥാർത്ഥ ജീവിതത്തെ ഗൗരവതരമായി ബാധിക്കുകയും ചെയ്യുന്നു. 2019 നവംബറിൽ ഗുജറാത്തിലെ വൽസാഡ് ജില്ലയിലെ വാപി പട്ടണത്തിൽ ഒരു ഇഷ്ടിക ചൂളയിൽ ജോലിക്കായി ഗ്രാമത്തിലെ 27 ആദിവാസി കുടുംബങ്ങളിൽ ഭൂരിഭാഗത്തോടൊപ്പം കാത്കരി സമുദായക്കാരനായ 56-കാരൻ മാലു വാഘും കുടുംബവും ഭക്ഷണാവശ്യത്തിനായി 50 കിലോ അരിയും കൊണ്ട് പോയപ്പോൾ മെയ്-ജൂണിൽ ബേർശിംഗിപാഡയിലേക്ക് തിരിച്ചു വന്ന് ഒക്ടോബർ വരെ കഴിച്ചു കൂട്ടാൻ  അവരുടെ പൂട്ടിയിട്ട കുടിലിൽ 2 ക്വിന്‍റൽ അരി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

"അഞ്ചു പത്തു വർഷങ്ങൾക്കുമുമ്പ് ഏകദേശം 8-10 ക്വിന്‍റലോളം അരി ഞങ്ങൾ വിളവെടുത്തിരുന്നു. 4-5 ക്വിന്‍റൽ അരി വീട്ടിൽ വെറുതെയിരിക്കാറുണ്ടായിരുന്നു. ആവശ്യമുള്ളപ്പോഴൊക്കെ അത് കൊടുത്തു  ഞങ്ങൾ മറ്റു കർഷകരിൽ നിന്ന് തുവര പരിപ്പും, റാഗിയും, ചാമയും, കടലയും വാങ്ങിയിരുന്നു," മാലുവിന്‍റെ 50-കാരിയായ ഭാര്യ നകുല പറയുന്നു. അഞ്ചുപേരുള്ള കുടുംബത്തിന് അത് ധാരാളമായിരുന്നു. "അഞ്ചു വർഷത്തോളമായി ഞങ്ങൾ 6-7 ക്വിന്‍റലിൽ കൂടുതൽ നെല്ല് വിളവെടുത്തിട്ട്."

"എല്ലാ വർഷവും വിളവ് കുറഞ്ഞു വരുന്നു," മാലു കൂട്ടിച്ചേർക്കുന്നു.

In one corner of Malu Wagh's hut, paddy is stored amid neem leaves in a kanagi: 'That’s the most precious thing in the house now'
PHOTO • Jyoti
In one corner of Malu Wagh's hut, paddy is stored amid neem leaves in a kanagi: 'That’s the most precious thing in the house now'
PHOTO • Jyoti

മാലു വാഘിന്‍റെ കുടിലിന്‍റെ ഒരു മൂലയിൽ ഒരു കണഗിയിൽ സൂക്ഷിച്ചിട്ടുള്ള വേപ്പിലകൾക്കിടയിൽ നെല്ല് സൂക്ഷിച്ചിരിക്കുന്നു : 'ഇപ്പോൾ വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള സാധനം അതാണ്’

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മഴ ശരിയായി പെയ്തു തുടങ്ങിയപ്പോൾ അവരുടെ പ്രതീക്ഷയും അതോടൊപ്പം വളർന്നിരുന്നു. പക്ഷെ ഒക്ടോബറിലെ 11 ദിവസങ്ങളിൽ പെയ്ത കനത്ത മഴ (102 മി.മീ.) ഇവരുടെ ഒരേക്കർ കൃഷിയിടത്തെ വെള്ളത്തിൽ മുക്കി. വിളവെടുത്ത നെല്ലൊക്കെ നനഞ്ഞു - 3 ക്വിന്‍റൽ മാത്രമേ ഇവർക്ക് വീണ്ടെടുക്കാനായുള്ളൂ. "ഈ കനത്ത മഴ കാരണം വിത്തിനും വളത്തിനും പൂട്ടുകാളകളെ വാടകയ്‌ക്കെടുക്കാനുമായി ഞങ്ങൾ ചിലവഴിച്ച 10,000 രൂപയും നഷ്ടമായി," മാലു പറയുന്നു.

താനെയിലെ ശാഹപുർ താലൂക്കിലെ ഈ ഗ്രാമത്തിലെ 12 കാത്കരി കുടുംബങ്ങൾക്കും 15 മൽഹാർ കോലി കുടുംബങ്ങളിലെ ഭൂരിഭാഗത്തിനും ഈ നഷ്ടം വഹിക്കേണ്ടി വന്നു.

“കാലവർഷത്തിന്‍റെ അസ്‌ഥിരത നമുക്കറിയാവുന്നതാണ്. കാലാവസ്ഥാ വ്യതിയാനം ഇതിനെ  കൂടുതൽ വഷളാക്കുന്നു. ഇതുമൂലം കർഷകർക്ക് അവരുടെ വിളയുടെ ക്രമങ്ങളും ഇഷ്ടപ്പെട്ട കൃഷി രീതികളും പിന്തുടരാൻ കഴിയുന്നില്ല," ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ക്ലൈമറ്റ് സ്റ്റഡീസ് ഇന്‍റർഡിസിപ്ലിനറി പ്രോഗ്രാം കൺവീനർ പ്രൊഫ. ഡി.പാർത്ഥസാരഥി പറയുന്നു. അദ്ദേഹം നടത്തിയ ഒരു പഠനത്തിൽ 1976-77ന് ശേഷം മഹാരാഷ്ട്രയിലെ നാസിക്, കൊങ്കൺ ജില്ലകളിൽ കനത്ത വർഷപാതങ്ങളുടെ എണ്ണത്തിൽ  ഗണ്യമായ വർദ്ധനവ് ഉള്ളപ്പോൾ താനെ ജില്ലയിൽ തീവ്രമായ മഴ പെയ്യുന്ന  ദിവസങ്ങളുടെ എണ്ണത്തിൽ വലിയ വ്യതിയാനങ്ങളുണ്ടെന്നാണ് കാണിക്കുന്നത് .

കാലാവസ്ഥാ വ്യതിയാനം കാർഷികമേഖലയിലുണ്ടാക്കുന്ന ആഘാതത്തെയാണ് ഈ പഠനം കേന്ദ്രീകരിച്ചത്. 1951 മുതൽ 2013 വരെയുള്ള 62 വർഷങ്ങളിൽ മഹാരാഷ്ട്രയിലെ 34 ജില്ലകളിൽ നിന്ന് ശേഖരിച്ച പ്രതിദിന മഴയുടെ കണക്കുകൾ ഇത് വിശകലനം ചെയ്തു. “കാലാവസ്ഥാ വ്യതിയാനം വർഷപാത രീതികളെ ബാധിക്കുന്നു. പഠനങ്ങൾ കാണിക്കുന്നത് കാലവർഷത്തിന്‍റെ  തുടക്കവും ഒടുക്കവും  (ഈർപ്പമുള്ളതും വരണ്ടതുമായ കാലാവസ്ഥകൾ) മഴയുടെ ആകെ അളവുമെല്ലാം മാറുന്നുവെന്നും ഇത് വിതയ്ക്കുന്ന തീയതി, മുളയ്ക്കുന്നതിന്‍റെ തോത്, മൊത്തം വിളവ് എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചിലപ്പോൾ വലിയ തോതിലുള്ള വിളനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നുമാണ്.” പ്രൊഫ. പാർത്ഥസാരഥി പറയുന്നു.

ബേർശിംഗിപാഡയിൽ നിന്ന് 124 കിലോമീറ്റർ അകലെയുള്ള നെഹ്‌റോളി ഗ്രാമത്തിൽ, മ ഠാക്കൂർ സമുദായത്തിൽപ്പെട്ട 60 കാരിയായ ഇന്ദു ആഗിവലെയും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്‌ഥയെക്കുറിച്ചു സംസാരിക്കുന്നു. “ഞങ്ങൾ രോഹിണി നക്ഷത്രത്തിൽ [25 മെയ് മുതൽ ജൂൺ 7 വരെ] വിത്ത് പാകും. പൂയത്തിൽ  [20 ജൂലൈ മുതൽ ഓഗസ്റ്റ് 2 വരെ] തൈകൾ പറിച്ചുനടാൻ പാകമാകും. ചിത്ര നക്ഷത്രത്തോടെ  [10 ഒക്ടോബർ മുതൽ 23 ഒക്ടോബർ വരെ] ഞങ്ങൾ കൊയ്ത്തും മെതിയും തുടങ്ങും. ഇപ്പോൾ ഇതെല്ലാം വൈകുന്നു. വളരെക്കാലമായി, മഴ വരുന്നത് നക്ഷത്രങ്ങൾ അനുസരിച്ചല്ല. എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”

കൂടി വരുന്ന ചൂടിനെ കുറിച്ചും ഇന്ദു പറയുന്നു. “എന്‍റെ ജീവിതത്തിൽ ഇത്രയും ചൂട് ഞാൻ മുൻപ് കണ്ടിട്ടില്ല. ഞാൻ കുട്ടിയായിരുന്നപ്പോൾ രോഹിണി നക്ഷത്രത്തിൽ ശക്തമായ മഴ പെയ്യാൻ തുടങ്ങുമായിരുന്നു. വേനൽ കഴിഞ്ഞാൽ ചൂടുപിടിച്ച ഭൂമിയെ തണുപ്പിക്കുന്ന തുടർച്ചയായ മഴയായിരിക്കും. നനഞ്ഞ മണ്ണിന്‍റെ സുഗന്ധം അന്തരീക്ഷത്തിലുണ്ടാകും. ഇപ്പോൾ ആ സൗരഭ്യം അപൂർവമായിത്തീർന്നിരിക്കുന്നു...” തന്‍റെ രണ്ടേക്കർ കൃഷിഭൂമിയിൽ വേലി  ഉണ്ടാക്കുന്നതിനായി അതിർത്തിയിൽ കുഴികൾ കുഴിച്ചുകൊണ്ട്  അവർ പറഞ്ഞു.

Top row: 'For a long time now, the rainfall is not according to the nakshatras,' says Indu Agiwale. Botttom row: Kisan Hilam blames hybrid seeds for the decreasing soil fertility
PHOTO • Jyoti

മുകളിലത്തെ വരി : 'വളരെക്കാലമായി, മഴ വരുന്നത് നക്ഷത്രങ്ങൾ അനുസരിച്ചല്ല,' ഇന്ദു ആഗിവലെ പറയുന്നു. താഴത്തെ വരി: കിസൻ ഹിലം, മണ്ണിന്‍റെ ഫലഭൂയിഷ്ഠത കുറയുന്നതിന് സങ്കര വിത്തുകളെ കുറ്റപ്പെടുത്തുന്നു

മഴയുടെ ഏറ്റക്കുറച്ചിലുകൾക്കും, വിളവ് കുറയുന്നതിനും, ചൂട് കൂടുന്നതിനുമൊപ്പം ശഹാപൂരിലെ മണ്ണിന്‍റെ ഫലപുഷ്ടിയും കുറയുന്നതായി ഇവിടുത്തെ കർഷകർ പറയുന്നു. നെഹ്‌റോളി ഗ്രാമത്തിൽ നിന്നുള്ള കിസൻ ഹിലം, 68, സങ്കര വിത്തുകളെയും  രാസവളങ്ങളെയും  കുറ്റപ്പെടുത്തുന്നു. “മസൂരി, ചിക്കന്ദർ, പോശി ഡാംഗെ ...ഈ [പരമ്പരാഗത] വിത്തുകൾ ഇപ്പോൾ ആരുടെ കയ്യിലുണ്ട്?  എല്ലാവരും പരമ്പരാഗത വിത്തുകളിൽ നിന്ന്  ഔഷധ് വാലെ  [സങ്കരയിനം] വിത്തുകളിലേക്ക്  മാറി. ആരും ഇപ്പോൾ വിത്തുകൾ സംരക്ഷിക്കുന്നില്ല…” അദ്ദേഹം പറയുന്നു.

ഞങ്ങൾ കണ്ടപ്പോൾ, അദ്ദേഹം ഒരു സങ്കരയിനം വിത്ത് മണ്ണിൽ  പിച്ച്ഫോർക്ക് ഉപയോഗിച്ച് കലർത്തിയിടുകയായിരുന്നു .“ഇവ  ഉപയോഗിക്കുന്നതിന് ഞാൻ എതിരായിരുന്നു. പരമ്പരാഗത വിത്തുകൾ കുറഞ്ഞ വിളവ് നൽകുന്നു, പക്ഷേ അവ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നു. ഈ പുതിയ വിത്തുകൾക്ക് വളമില്ലാതെ വളരാൻ പോലും കഴിയില്ല. ഇത് മഴ കൂടിയാലും കുറഞ്ഞാലും മണ്ണിന്‍റെ പരിശുദ്ധി [ഫലപുഷ്ടി] കുറയ്ക്കുന്നു.”

“കർഷകർ അവരുടെ പരമ്പരാഗത വിത്തുകളുടെ ശേഖരം സംരക്ഷിക്കുന്നതിനുപകരം വിത്ത് കമ്പനികളെ കൂടുതലായി ആശ്രയിച്ചുതുടങ്ങിയിരിക്കുന്നു. എന്നാൽ ഈ സങ്കര വിത്തുകൾക്ക് കാലക്രമേണ ഉയർന്ന അളവിലുള്ള രാസവളങ്ങളും കീടനാശിനികളും വെള്ളവും ആവശ്യമാണ്. ഇവ  ലഭ്യമാക്കിയില്ലെങ്കിൽ ഈ വിത്തുകൾ ആദായം നൽകുമെന്ന്  ഉറപ്പ് നൽകാൻ കഴിയില്ല. ഇതിനർത്ഥം, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ, സങ്കരയിനം നിലനിൽക്കില്ല എന്നാണ്,” പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റെയ്‌നബിൾ ലൈവ്‌ലിഹുഡ്‌സ് ആൻഡ് ഡെവലപ്‌മെന്‍റിലെ ബി.എ.ഐ.എഫിലെ  അസിസ്റ്റന്‍റ് പ്രോഗ്രാം കോർഡിനേറ്റർ സഞ്ജയ് പാട്ടീൽ വിശദീകരിക്കുന്നു. "ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കാരണം ഇപ്പോൾ സമയത്തുള്ള  മഴ അപൂർവ്വമാണ്, അതിനാൽ മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്ന ഒരു പ്രധാന വിള ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്."

“കാലാവസ്‌ഥാ വ്യതിയാനങ്ങളുണ്ടെകിലും ഇവിടങ്ങളിലെ പരമ്പരാഗത നെൽവിത്തുകൾ അത്യാവശ്യത്തിനുള്ള ഉൽപാദനം നൽകാൻ പര്യാപ്തമാണ്,”  ബി.എ.ഐ.എഫിലെ  സോമനാഥ് ചൗധരി കൂട്ടിച്ചേർക്കുന്നു.

സങ്കരയിനം വിത്തുകൾക്ക് സാധാരണയായി കൂടുതൽ വെള്ളം ആവശ്യമാണ്, അതുകൊണ്ട് മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന ഗ്രാമങ്ങളിൽ, കാലം തെറ്റിയ മഴയിൽ വിളകൾ നശിക്കുന്നു.

ഈ വർഷം ആദ്യം ഞങ്ങൾ ഫോണിൽ സംസാരിക്കുമ്പോൾ വാപിയിലെ ഇഷ്ടിക ചൂളയ്ക്കടുത്തുള്ള അവരുടെ താൽക്കാലിക കുടിലിൽ, മാളു, നകുല, അവരുടെ മകൻ രാജേഷ്, മരുമകൾ ലത, 10 വയസ്സുള്ള ചെറുമകൾ സുവിധ എന്നിവർ ഭക്ഷണം കഴിക്കുകയായിരുന്നു. ഇവർ ഭക്ഷണത്തിന്‍റെ അളവ്  കുറച്ചിരുന്നു - കുറച്ച് വഴുതനങ്ങയോ ഉരുളക്കിഴങ്ങോ കൊണ്ടുള്ള കറിയോ ചിലപ്പോൾ തക്കാളി രസമോ കൂട്ടി  ദിവസത്തിൽ ഒരിക്കൽ മാത്രമേ ഇവർ ഊണ് കഴിച്ചിരുന്നുള്ളൂ.

Along with uneven rainfall, falling yields and rising temperatures, the fertility of the soil is also decreasing, farmers in Shahapur taluka say
PHOTO • Jyoti
Along with uneven rainfall, falling yields and rising temperatures, the fertility of the soil is also decreasing, farmers in Shahapur taluka say
PHOTO • Jyoti

മഴയുടെ ഏറ്റക്കുറച്ചിലുകൾക്കും , കുറയുന്ന വിളവിനും, കൂടുന്ന ചൂടിനുമൊപ്പം മണ്ണിന്‍റെ ഫലപുഷ്ടിയും കുറയുന്നതായി ശാഹപുർ താലൂക്കിലെ കർഷകർ പറയുന്നു

"ഇഷ്ടികയുണ്ടാക്കുന്നത് എളുപ്പമുള്ള തൊഴിലല്ല. ഞങ്ങളുടെ വിയർപ്പും വെള്ളത്തിനോടൊപ്പം ചെളിയിൽ കലരുന്നു. ജോലി തുടരാൻ നന്നായി ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഈ പ്രാവശ്യം, പക്ഷെ, വിളവ് കുറവായതിനാൽ ദിവസത്തിൽ ഒരിക്കൽ മാത്രമേ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാനാവുന്നുള്ളൂ. ജൂണിൽ വിത്ത് പാകുന്നതിനു മുമ്പ് അരി തീർക്കാനാകില്ല," മാലു പറഞ്ഞു.

ഇഷ്ടികനിർമ്മാണത്തിന്‍റെ സീസൺ അവസാനിക്കുമ്പോൾ  ഇവർ സാധാരണയായി മുതിർന്നവരുടെ തൊഴിലിന്‍റെ പ്രതിഫലമായ 80,000-90,000 രൂപയുമായി ബേർശിംഗിപാഡയിലേക്ക് മടങ്ങുന്നു - ഈ പണം കൊണ്ട് ബാക്കിയുള്ള വർഷത്തേക്കുള്ള കാർഷിക ഉൽപന്നങ്ങൾ, വൈദ്യുതി ബില്ലുകൾ, മരുന്നുകൾ, ഉപ്പ്, മുളകുപൊടി, പച്ചക്കറികൾ എന്നിവയുടെയെല്ലാം ചെലവ് കഴിക്കുന്നു.

ശഹാപൂരിലെ ആദിവാസി ഗ്രാമങ്ങളിലെ മാലു വാഘ്, ധർമ ഗരേൽ - ഇവരെപ്പോലുള്ളവർക്ക് 'കാലാവസ്‌ഥാ വ്യതിയാനം' എന്ന പദം അറിയില്ലായിരിക്കാം. പക്ഷെ അവർക്ക് ഈ മാറ്റങ്ങളെക്കുറിച്ച് അറിയാം, അതിന്‍റെ അനന്തര ഫലങ്ങൾ അവർ നേരിട്ട് അഭിമുഖീകരിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പല മാനങ്ങളെക്കുറിച്ചും അവർക്ക് വ്യക്തമായി പറയാൻ കഴിയുന്നു: ക്രമമില്ലാത്ത വർഷപാതവും അതിന്‍റെ ഏറ്റക്കുറച്ചുലുകളും; ഭയങ്കരമായി കൂടുന്ന ചൂട്; കുഴൽക്കിണറുകളുടെ  കൂടിവരുന്ന ആവശ്യകതയും അത് ജലസ്രോതസ്സുകളിലും അതിന്‍റെ ഫലമായി ഭൂമിയിലും വിളകളിലും കൃഷിയിലും ചെലുത്തുന്ന സ്വാധീനവും; പുതിയ വിത്തുകളും വിളവിൽ അതുകൊണ്ടുള്ള മാറ്റങ്ങളും; കാലാവസ്‌ഥാ ശാസ്ത്രജ്ഞർ ശക്തമായി മുന്നറിയിപ്പ് നൽകിയിട്ടുള്ള വഷളാകുന്ന ഭക്ഷ്യ സുരക്ഷ, ഇതൊക്കെ അവർക്കറിയാം.

അവർക്കിതൊക്കെ ജീവിതാനുഭവങ്ങളാണ്. ഇവരുടെയും ശാസ്തജ്ഞരുടെയും നിരീക്ഷണങ്ങൾ രണ്ടു ഭാഷകളിലാണെങ്കിലും എത്ര സമാനമാണെന്നുള്ളത് ശ്രദ്ധേയമാണ്. ഈ ഗ്രാമങ്ങളിൽ ഇതുകൂടാതെ അവർക്ക് അധികാരികളുമായും പൊരുതാനുണ്ട്, ഇവിടെ അത് വനം വകുപ്പാണ്.

മാലു പറയുന്നത് പോലെ: "മഴ മാത്രമല്ല പ്രശ്നം. ഞങ്ങൾക്ക് ഫോറസ്ററ് ഓഫീസർമാരുമായി  (ഭൂമിയുടെ അവകാശത്തിനായി), റേഷൻ ഓഫീസർമാരുമായി ഒരുപാട് യുദ്ധങ്ങൾ ചെയ്യാനുണ്ട്. പിന്നെ മഴ മാത്രമായി ഞങ്ങളെ എന്തിന് വെറുതെ വിടണം? "

ഗാരെൽപാഡയിലെ തന്‍റെ കൃഷിയിടത്തിൽ നിന്നുകൊണ്ട്  80-കാരനായ ധർമ പറയുന്നു, “കാലാവസ്ഥ മാറി. ചൂട് ഒരുപാട് കൂടി. പണ്ടത്തെപ്പോലെ മഴ കൃത്യസമയത്ത് പെയ്യുന്നില്ല. പ്രജ [ജനങ്ങൾ] പണ്ടത്തേതുപോലെ നല്ലതല്ലെങ്കിൽ, നിസർഗ് [പ്രകൃതി] എങ്ങനെ നന്നായി നിലനിൽക്കും? അതും മാറുകയാണ്..."

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ പാരി നടത്തുന്ന ദേശീയവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: പി. എസ്‌. സൗമ്യ

Reporter : Jyoti

جیوتی پیپلز آرکائیو آف رورل انڈیا کی ایک رپورٹر ہیں؛ وہ پہلے ’می مراٹھی‘ اور ’مہاراشٹر۱‘ جیسے نیوز چینلوں کے ساتھ کام کر چکی ہیں۔

کے ذریعہ دیگر اسٹوریز Jyoti
Editor : Sharmila Joshi

شرمیلا جوشی پیپلز آرکائیو آف رورل انڈیا کی سابق ایڈیٹوریل چیف ہیں، ساتھ ہی وہ ایک قلم کار، محقق اور عارضی ٹیچر بھی ہیں۔

کے ذریعہ دیگر اسٹوریز شرمیلا جوشی
Series Editors : P. Sainath

پی سائی ناتھ ’پیپلز آرکائیو آف رورل انڈیا‘ کے بانی ایڈیٹر ہیں۔ وہ کئی دہائیوں تک دیہی ہندوستان کے رپورٹر رہے اور Everybody Loves a Good Drought اور The Last Heroes: Foot Soldiers of Indian Freedom کے مصنف ہیں۔

کے ذریعہ دیگر اسٹوریز پی۔ سائی ناتھ
Series Editors : Sharmila Joshi

شرمیلا جوشی پیپلز آرکائیو آف رورل انڈیا کی سابق ایڈیٹوریل چیف ہیں، ساتھ ہی وہ ایک قلم کار، محقق اور عارضی ٹیچر بھی ہیں۔

کے ذریعہ دیگر اسٹوریز شرمیلا جوشی
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

کے ذریعہ دیگر اسٹوریز P. S. Saumia