“യമുനയുമായിട്ടാണ് ഞങ്ങളുടെ ബന്ധം. എല്ലായ്പ്പോഴും ഞങ്ങൾ പുഴയ്ക്കടുത്തായിരുന്നു താമസിച്ചിരുന്നത്”
പുഴയുമായുള്ള കുടുംബത്തിന്റെ ബന്ധത്തെക്കുറിച്ച് സംസാരിച്ചത് വിജേന്ദർ സിംഗായിരുന്നു. തലമുറകളായി യമുനയോട് ചേർന്നുള്ള വെള്ളപ്പൊക്കപ്രദേശങ്ങളിൽ ജീവിച്ച് വിളവെടുത്തിരുന്ന സമുദായമാണ് മല്ലന്മാർ (വഞ്ചിക്കാർ). 1,376 കിലോമീറ്റർ ദൈർഘ്യമുള്ള പുഴ, രാജ്യതലസ്ഥാന പ്രദേശത്ത് 22 കിലോമീറ്റർ ദൂരത്തോളം ഒഴുകുന്നുണ്ട്. അതിന്റെ വെള്ളപ്പൊക്കപ്രദേശങ്ങൾ ഏകദേശം 97 ചതുരശ്ര കിലോമീറ്റർ നീളം വരും.
99 വർഷത്തെ ഉടമസ്ഥ പാട്ടാവകാശമുണ്ട് വിജേന്ദർ അടക്കമുള്ള 5,000-ത്തോളം കർഷകർക്ക് ആ പ്രദേശത്ത്.
ബുൾഡോസറുകൾ വരുന്നതിനുമുമ്പായിരുന്നു അതൊക്കെ.
ജൈവവൈവിദ്ധ്യ ഉദ്യാനമുണ്ടാക്കാനായി, 2020 ജനുവരിയിൽ മുനിസിപ്പൽ അധികാരികൾ ബുൾഡോസറുകളുമായി വന്ന്, വിളകളുമായി നിൽക്കുന്ന അവരുടെ കൃഷിയിടങ്ങൾ നിരപ്പാക്കി. അടുത്തുള്ള ഗീത കോളനിയിലെ ഒരു വാടകവീട്ടിലേക്ക് വിജേന്ദറിന് കുടുംബവുമായി പെട്ടെന്ന് താമസം മാറ്റേണ്ടിവന്നു.
രാത്രിക്ക് രാത്രി, 38 വയസ്സുള്ള ആ കർഷകന് തന്റെ ജീവനോപാധി നഷ്ടമാവുകയും, ഭാര്യയേയും, 10 വയസ്സിനുതാഴെയുള്ള മൂന്ന് ആണ്മക്കളേയും പോറ്റാനായി നഗരത്തിൽ അലയേണ്ടിവരികയും ചെയ്തു. അയാൾക്ക് മാത്രമായിരുന്നില്ല ആ ഗതി. കൃഷിസ്ഥലവും ഉപജീവനമാർഗ്ഗവും നഷ്ടമായ മറ്റുള്ളവർക്കും വിവിധ ജോലികൾ കണ്ടെത്തേണ്ടിവന്നു. പെയിന്റർമാരായും, തോട്ടപ്പണിക്കാരായും, സെക്യൂരിറ്റി ഗാർഡുകളായും, മെട്രോ സ്റ്റേഷനുകളിൽ തൂപ്പുകാരായും ഒക്കെ.
“ലോഹ പൂൽ മുതൽ ഐ.ടി.ഒ.വരെയുള്ള റോഡ് നോക്കിയാൽ, സൈക്കിളിൽ കച്ചോരി വിൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചതായി മനസ്സിലാവും. ഇവരൊക്കെ കർഷകരായിരുന്നു. ഭൂമി നഷ്ടപ്പെട്ടാൽ കർഷകർ പിന്നെ എന്ത് ചെയ്യും”? അയാൾ ചോദിക്കുന്നു.
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങി. 2020 മാർച്ച് 24-ന്. കുടുംബങ്ങളെ അത് കൂടുതൽ ദുരിതങ്ങളിലേക്ക് തള്ളിയിട്ടു. അന്ന് 6 വയസ്സുണ്ടായിരുന്ന വിജേന്ദറിന്റെ രണ്ടാമത്തെ മകൻ സെറിബറൽ പാൾസി രോഗിയായിരുന്നു. അവന് മാസാമാസം ആവശ്യമുള്ള മരുന്നുകൾ വാങ്ങുന്നതുതന്നെ ബുദ്ധിമുട്ടായിത്തീർന്നു. യമുനയുടെ തീരത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഏകദേശം 500 കുടുംബങ്ങളെ എങ്ങിനെ പുനരധിവസിപ്പിക്കണം എന്നതിനെക്കുറിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു മാർഗ്ഗനിർദ്ദേശവും ഉണ്ടായിരുന്നില്ല. അവരുടെ വീടുകളും വരുമാനവും നിലംപരിശായിക്കഴിഞ്ഞിരുന്നു.
“മഹാവ്യാധിക്ക് മുമ്പ്, കോളിഫ്ലവറും പച്ചമുളകും, കടുകും, പൂക്കളും മറ്റ് വിളകളും വിറ്റ്, മാസാമാസം ഞങ്ങൾ 8,000-ത്തിനും 10,000-ത്തിനും ഇടയിൽ സമ്പാദിച്ചിരുന്നു“, കമൽ സിംഗ് പറയുന്നു. ഭാര്യയും, 16, 12 വയസ്സുള്ള രണ്ട് ആൺമക്കളും, 15 വയസ്സുള്ള മകളുമാണ് കമലിനുള്ളത്. സന്നദ്ധസംഘടനകൾ സൌജന്യമായി നൽകുന്ന ഭക്ഷണത്തെ ആശ്രയിക്കേണ്ടിവന്ന കർഷകന്റെ ജീവിതത്തിന്റെ വിരോധാഭാസത്തെക്കുറിച്ച് 45 വയസ്സുള്ള അദ്ദേഹം ഓർത്തെടുത്തു.
ആകെയുണ്ടായിരുന്ന ഒരു എരുമയിൽനിന്ന് കിട്ടിയിരുന്ന പാൽ വിറ്റാണ്, മഹാവ്യാധിക്ക് മുമ്പ്, കുടുംബം ജീവിച്ചിരുന്നത്. മാസത്തിൽ അങ്ങിനെ കിട്ടിയിരുന്ന 6,000 രൂപ അടിസ്ഥാന ആവശ്യങ്ങൾക്കുപോലും മതിയായിരുന്നില്ല. “എന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തെ അത് ബാധിച്ചു”, കമൽ പറയുന്നു. “ഞങ്ങൾ നട്ടുവളർത്തിയിരുന്ന പച്ചക്കറികളുണ്ടായിരുന്നെങ്കിൽ ഭക്ഷണത്തിനെങ്കിലും ഉപകരിച്ചേനേ. അത് വിളവെടുക്കാറായിരുന്നു. പക്ഷേ, ബുൾഡോസറുകളുമായി വന്ന ഉദ്യോഗസ്ഥർ പറഞ്ഞത്, അത് എൻ.ജി.ടി.യുടെ (നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ - ദേശീയ ഹരിതകോടതിയുടെ) ഉത്തരവാണെന്നാണ്“, അയാൾ കൂട്ടിച്ചേർത്തു.
ആ സംഭവത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് – 2019 സെപ്റ്റംബർ മാസത്തിൽ - എൻ.ജി.ടി. ദില്ലി വികസന അതോറിറ്റിയോട്, യമുനയിലെ വെള്ളപ്പൊക്കപ്രദേശങ്ങൾ വേലി കെട്ടി തിരിക്കാൻ ആജ്ഞാപിച്ചിരുന്നു. ജൈവവൈവിദ്ധ്യ പാർക്കുണ്ടാക്കാൻ. അവിടെ ഒരു മ്യൂസിയം നിർമ്മിക്കാനുള്ള ആലോചനയുമുണ്ടായിരുന്നു.
“ഫലഭൂയിഷ്ഠമായ ആ പ്രദേശത്തിന് ചുറ്റുമുള്ള ആയിരക്കണക്കിനാളുകൾ അതിനെ മാത്രം ആശ്രയിച്ച് ജീവിച്ചവരായിരുന്നു. അവരുടെ കാര്യമോ?” ബൽജീത് സിംഗ് ചോദിക്കുന്നു. (വായിക്കാം: They say there are no farmers in Delhi ) ദില്ലി പെസന്റ്സ് കോഓപ്പറേറ്റീവ് മൾട്ടിപർപ്പസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയാണ് 86 വയസ്സുള്ള ബൽജീത്. 49 ഏക്കർ സ്ഥലം അയാൾ കർഷകർക്ക് പാട്ടത്തിന് കൊടുത്തിരുന്നു. “ജൈവവൈവിദ്ധ്യ പാർക്ക് നിർമ്മിച്ച്, യമുനയെ ഒരു വരുമാനമാർഗ്ഗമാക്കാൻ സർക്കാർ ആഗ്രഹിച്ചിരുന്നു”, അയാൾ പറയുന്നു.
കർഷകരോട് ഒഴിഞ്ഞുപോകാൻ ഡിഡിഎ ആവശ്യപ്പെട്ടുതുടങ്ങിയിട്ട് കുറച്ചുകാലമായി. ശരിക്കും പറഞ്ഞാൽ, ഒരു പതിറ്റാണ്ടുമുമ്പ്, അവരുടെ വീടുകൾ ഇടിച്ചുനിരത്തി, സ്ഥലം ‘തിരിച്ചുപിടിക്കാനും‘ ‘പുനരുജ്ജീവിപ്പിക്കാനു’മായി മുനിസിപ്പൽ അധികാരികൾ ബുൾഡോസറുകൾ കൊണ്ടുവന്നതായിരുന്നു.
നദിതീരങ്ങൾ റിയൽ എസ്റ്റേറ്റിന് വിറ്റ്, ദില്ലിയെ ‘ലോകനിലവാര’ത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തിന്റെ ഏറ്റവുമൊടുവിലത്തെ ഇരകളാണ് യമുനയിലെ കർഷകരുടെ ഈ പച്ചക്കറിപ്പാടങ്ങൾ. “വികസിപ്പിക്കാൻ മാറ്റിവെച്ച ഒരു സ്ഥലമായി ഈ വെള്ളപ്പൊക്കപ്രദേശങ്ങളെ നഗരവികസനക്കാർ കാണുന്നു എന്നതാണ് ദുരന്തം”, റിട്ടയർ ചെയ്ത ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ മനോജ് മിശ്ര പറയുന്നു.
*****
കർഷകർക്ക് ഈ ലോകോത്തര നഗരത്തിൽ സ്ഥാനമുണ്ടാവില്ല. ഒരുകാലത്തും ഉണ്ടായിരുന്നതുമില്ല.
70-കളിൽ, ഏഷ്യൻ ഗെയിംസിനായുള്ള ഒരുക്കങ്ങളിൽ ധാരാളം വെള്ളപ്പൊക്കപ്രദേശങ്ങൾ, ഹോസ്റ്റലുകളും സ്റ്റേഡിയവും പണിയാനായി ഏറ്റെടുക്കുകയുണ്ടായി. ആ പ്രദേശത്തിനെ, പാരിസ്ഥിതിക പ്രദേശമായി അടയാളപ്പെടുത്തിയ നഗരാസൂത്രണപദ്ധതിയെ ഇത് അവഗണിക്കുകയായിരുന്നു. തത്ഫലമായി, 90-കളുടെ അവസാനം, ഐ.ടി.പാർക്കുകൾ, മെട്രോ ഡിപ്പോകൾ, എക്സ്പ്രസ് ഹൈവേകൾ, അക്ഷർധാം അമ്പലം, കോമൺവെൽത്ത് ഗെയിംസ് വില്ലേജിനായുള്ള ഭവനനിർമ്മാണങ്ങൾ എന്നിവ നദീതീരത്തും, വെള്ളപ്പൊക്കപ്രദേശത്തും ഉയർന്നുവന്നു. “വെള്ളപ്പൊക്കപ്രദേശത്ത് നിർമ്മാണം പാടില്ലെന്ന് 2015-ലെ എൻ.ജി.ടി. വിധിയിൽ പറഞ്ഞിട്ടുപോലും”, മിശ്ര സൂചിപ്പിക്കുന്നു.
ഓരോ നിർമ്മാണവും യമുനയിലെ കർഷകരുടെ മാർഗ്ഗങ്ങൾ മുടക്കുകയായിരുന്നു. വലിയ തോതിലുള്ള ക്രൂരമായ കുടിയൊഴിപ്പിക്കലായിരുന്നു നടന്നത്. “ഞങ്ങൾ പാവങ്ങളായതുകൊണ്ട് പുറത്താക്കപ്പെട്ടു”, വിജേന്ദറിന്റെ 75 വയസ്സായ അച്ഛൻ ശിവ ശങ്കർ പറയുന്നു. ജീവിതകാലം മുഴുവൻ, അല്ലെങ്കിൽ ചുരുങ്ങിയത് എൻ.ജി.ടി.യുടെ ഉത്തരവ് വരുന്നതുവരെ, യമുനയിലെ വെള്ളപ്പൊക്കപ്രദേശത്ത് വിളകൾ കൃഷിചെയ്തിരുന്ന ആളായിരുന്നു അദ്ദേഹം. “ഇന്ത്യയുടെ തലസ്ഥാനത്ത്, ഈ വിധത്തിലാണ് കർഷകരോട് പെരുമാറുന്നത്. ഏതാനും സന്ദർശകർക്കുവേണ്ടി മ്യൂസിയങ്ങളും പാർക്കുകളും നിർമ്മിച്ചുകൊണ്ട്”, അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യൻ വികസനത്തിന്റെ ഈ തിളങ്ങുന്ന സ്മാരകങ്ങൾ പണിയാൻ അദ്ധ്വാനിക്കുകയും, സമീപത്തുള്ള ചേരികളിൽ താമസിക്കുകയും ചെയ്തിരുന്ന കൂലിപ്പണിക്കാരെയും, നദീതീരത്തുനിന്ന് ഒഴിപ്പിക്കുകയുണ്ടായി.
“യമുനയുടെ വെള്ളപ്പൊക്കപ്രദേശങ്ങളായി ഏതെങ്കിലും സ്ഥലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, അവ സംരക്ഷിക്കണമെന്നും, അത് എന്റെയോ നിങ്ങളുടേയോ സ്ഥലമല്ലെന്നും മറിച്ച് നദിക്ക് അവകാശപ്പെട്ടതാണെന്നും (2015-ൽ) എൻ.ജി.ടി. ഉത്തരവിറക്കിയിരുന്നു”, എൻ.ജി.ടി രൂപീകരിച്ച യമുനാ മോണിറ്ററിംഗ് കമ്മിറ്റിയുടെ തലവൻ ബി.എസ്. സജ്‌വാൻ പറയുന്നു. തങ്ങളുടെ ഉത്തരവ് എൻ.ജി.ടി. പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് അയാൾ പറഞ്ഞു.
“അവിടെനിന്ന് ഉപജീവനം നടത്തിയിരുന്ന ഞങ്ങളുടെ കാര്യമോ?”, ആ തീരത്ത് 75 വർഷങ്ങളായി താമസിക്കുകയും കൃഷി ചെയ്തുവരികയും ചെയ്തിരുന്ന രമാകാന്ത് ത്രിവേദി ചോദിക്കുന്നു.
കൃഷിക്കാർ 24,000 ഏക്കർ കൃഷി ചെയ്യുകയും വിവിധ വിളകൾ ഉത്പാദിപ്പിക്കുകയും ദില്ലിയിലെ കമ്പോളങ്ങളിൽ അവ വിൽക്കുകയും ചെയ്യുന്നു. “പുഴയിലെ മലിനജലം ഉപയോഗിച്ചാണ് ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നതെന്നും അവ ഭക്ഷ്യശൃംഖലയിലേക്കെത്തിയാൽ അപകടകരമാണെന്നും’ ഉള്ള എൻ.ജി.ടി.യുടെ മറ്റൊരു അവകാശവാദം ശിവ ശങ്കറിനെപ്പോലെയുള്ള നിരവധി കർഷകരെ വിഷമിപ്പിക്കുന്നുണ്ട്. “അപ്പോളെന്തുകൊണ്ടാണ് പതിറ്റാണ്ടുകളോളം ഞങ്ങളെ അവിടെ താമസിക്കാനും നഗരത്തിനാവശ്യമായ ഭക്ഷണം കൃഷി ചെയ്യാനും അനുവദിച്ചത്?” അയാൾ ചോദിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം എങ്ങിനെയാണ് അവരുടെ ഉപജീവനത്തെ തകർത്തതെന്ന് പഠിക്കാൻ, 2019-ൽ ശിവ ശങ്കറിനെയും വിജേന്ദ്രയേയും അവരുടെ കുടുംബങ്ങളേയും പാരി ചെന്ന് കണ്ടിരുന്നു. വായിക്കുക: മഹാനഗരവും, ചെറിയ കർഷകരും, മരിക്കുന്ന ഒരു പുഴയും .
*****
ഐക്യരാഷ്ട്രസഭയുടെ പഠനപ്രകാരം , അടുത്ത അഞ്ച് വർഷത്തിനുള്ളിൽ - 2028-നകം, ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി ദില്ലി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. 2041-ഓടെ അവിടുത്തെ ജനസംഖ്യ 28 മുതൽ 31 ദശലക്ഷംവരെയാകുമെന്നും കരുതപ്പെട്ടിരുന്നു.
വർദ്ധിച്ചുവരുന്ന ജനസംഖ്യ, തീരങ്ങളിലും വെള്ളപ്പൊക്കപ്രദേശങ്ങളിലും മാത്രമല്ല, ജലസ്രോതസ്സുകൾക്കുമേലും സമ്മർദ്ദം സൃഷ്ടിക്കും. “മാസത്തിൽ 10-15 ദിവസംവീതം, വർഷത്തിൽ മൂന്ന് മാസം മാത്രം മഴ കിട്ടുന്ന നദിയാണ് യമുന”, മിശ്ര പറയുന്നു. ശുദ്ധജലത്തിനായി രാജ്യത്തിന്റെ തലസ്ഥാനം ആശ്രയിക്കുന്നത് യമുനയെയാണെന്നും, ആ നദിയുള്ളതുകൊണ്ടുമാത്രമാണ് ഭൂഗർഭജലം നിലനിൽക്കുന്നതെന്നുമുള്ള യാഥാർത്ഥ്യത്തോട് പ്രതികരിക്കുകയായിരുന്നു മിശ്ര.
നഗരത്തെ സമ്പൂർണ്ണമായ നഗരവത്കരിക്കാൻ ഡിഡിഎ. പദ്ധതിയിട്ടിരുന്നുവെന്ന് 2021-2022-ലെ ഇക്കോണമിക്ക് സർവേ ഓഫ് ഇന്ത്യയിൽ സൂചിപ്പിക്കുന്നു.
“ദില്ലിയിൽ കാർഷികപ്രവൃത്തികൾ തുടർച്ചയായി കുറഞ്ഞുവരികയാണെ”ന്നും ഇതേ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
2021-വരെ ദില്ലിയിൽ, യമുനയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന 5,000 – 10,000 ആളുകളുണ്ടായിരുന്നുവെന്ന് മനു ഭട്നഗർ പറഞ്ഞു. ഇൻടാക്കിന്റെ (ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ്) നാച്ചുറൽ ഹെറിറ്റേജ് ഡിവിഷന്റെ പ്രിൻസിപ്പൽ ഡയറക്ടറാണ് അദ്ദേഹം. “മലിനീകരണം കുറയുമ്പോൾ, മത്സ്യബന്ധനം മെച്ചപ്പെടുകയും, വാട്ടർ സ്പോർട്ട്സിനുള്ള സാധ്യതയുണ്ടാവുകയും, 97 ചതുരശ്ര കിലോമീറ്റർ വെള്ളപ്പൊക്കപ്രദേശം തണ്ണീർമത്തൻ പോലുള്ള ഭക്ഷ്യവിളകൾ കൃഷിചെയ്യാൻ ഉപയുക്തമാവുകയും ചെയ്യും” എന്ന് 2019-ൽ അദ്ദേഹത്തെ സന്ദർശിച്ച സമയത്ത്, പാരിയോട് അദ്ദേഹം സൂചിപ്പിച്ചു. ഇൻടാക്ക് പ്രസിദ്ധീകരിച്ച നരേറ്റീവ്സ് ഓഫ് ദി എൻവയണ്മെന്റ് ഓഫ് ദില്ലി എന്ന് പേരുള്ള പുസ്തകം അദ്ദേഹം നൽകുകയും ചെയ്തു.
*****
തലസ്ഥാനത്ത് മഹാവ്യാധി പടർന്നുപിടിച്ചപ്പോൾ, കുടിയൊഴിക്കപ്പെട്ട 200-ഓളം കുടുംബങ്ങൾക്ക് റേഷൻ കിട്ടാൻ അലയേണ്ടിവന്നു. 2021-വരെ പ്രതിമാസം, 4,000 മുതൽ 6,000 രൂപവരെമാത്രം കിട്ടിയിരുന്ന കുടുംബങ്ങളുടെ സമ്പാദ്യം ലോക്ക്ഡൌണോടെ പൂജമായി. “ദിവസം രണ്ടുനേരം ഭക്ഷണം കഴിച്ചിരുന്നത് ഒരുനേരമാക്കി കുറച്ചു. ദിവസത്തിലുള്ള ഞങ്ങളുടെ രണ്ട് ചായപോലും ഒന്നാക്കി ചുരുക്കേണ്ടിവന്നു”, ത്രിവേദി പറഞ്ഞു. “ഞങ്ങളുടെ കുട്ടികൾക്ക് ഭക്ഷണം കിട്ടുമെങ്കിൽ, ഡിഡിഎ-യുടെ നിർദ്ദിഷ്ട പാർക്കിൽ ജോലി ചെയ്യാൻപോലും ഞങ്ങൾ തയ്യാറായിരുന്നു. സർക്കാർ ഞങ്ങളെ സംരക്ഷിക്കേണ്ടതായിരുന്നില്ലേ? ഞങ്ങൾക്കുമില്ലേ തുല്യാവകാശങ്ങൾ? ഞങ്ങളുടെ സ്ഥലം എടുത്തോളൂ, പക്ഷേ ജീവിക്കാൻ ഒരു മാർഗ്ഗം ഞങ്ങൾക്ക് പറഞ്ഞുതരണ്ടേ?”.
2020-ൽ സുപ്രീം കോടതിയിൽ അവർ കൊടുത്ത കേസ് തോറ്റു. അവരുടെ പാട്ടക്കരാറുകൾ അസാധുവായി. അപ്പീൽ കൊടുക്കാനുള്ള 1 ലക്ഷം രൂപപോലും അവർക്ക് സ്വരൂപിക്കാനായില്ല. അതോടെ കുടിയൊഴിപ്പിക്കൽ പൂർണ്ണമായി.
“ദിവസക്കൂലിയും വണ്ടിയിൽ ഭാരം കയറ്റുന്ന ജോലിയും ലോക്ക്ഡൌണിൽ ഇല്ലാതായതോടെ, ജീവിതം കൂടുതൽ ദുരിതമയമായി. മരുന്നുവാങ്ങാനുള്ള പണം പോലും ഇല്ലാതായി”, വിജേന്ദർ പറഞ്ഞു. അയാളുടെ 75 വയസ്സായ അച്ഛൻ ശിവ ശങ്കറിന് നഗരത്തിൽ ചില്ലറ ജോലികൾ അന്വേഷിക്കേണ്ടിവന്നു.
“ഈ കൃഷിപ്പണിയൊക്കെ നിർത്തി പണ്ടേ മറ്റെന്തെങ്കിലും ജോലി കണ്ടെത്തേണ്ടായിരുന്നു ഞങ്ങൾ. വിളവില്ലാതായിക്കഴിഞ്ഞാൽ, ഭക്ഷണം അത്യാവശ്യമാണെന്നും കർഷകർക്ക് പ്രാധാന്യമുണ്ടെന്നും മനുഷ്യർ മനസ്സിലാക്കുമായിരുന്നു”, ദേഷ്യത്തോടെ അയാൾ പറഞ്ഞു.
*****
ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽനിന്ന് കേവലം രണ്ട് കിലോമീറ്റർ അകലെ താനും തന്റെ കർഷകകുടുംബവും ജീവിച്ചിരുന്ന കാലം ശിവ ശങ്കർ ഓർത്തെടുത്തു. സ്വാതന്ത്ര്യദിനത്തിന്റെയന്ന്, ഇവിടെനിന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തെ കാണാനും പ്രസംഗം കേൾക്കാനും ടിവിയും റേഡിയോയും ആവശ്യമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
“കാറ്റിന്റെ ഗതിക്കനുസരിച്ച്, അദ്ദേഹത്തിന്റെ ശബ്ദം ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞിരുന്നു. ഞങ്ങളുടെ ശബ്ദം അദ്ദേഹത്തിലേക്ക് എത്തിയില്ലെന്നതാണ് ഏറെ സങ്കടകരമായ കാര്യം”.
പരിഭാഷ: രാജീവ് ചേലനാട്ട്