“അവരെന്നെ കൊന്നേനേ..”, തൊട്ടടുത്ത് ആറ് വയസ്സുള്ള മകൾ കളിക്കുന്നതും നോക്കി, പരിഭ്രമിച്ച മുഖത്തോടെ, 28 വയസ്സുള്ള അരുണ പറയുന്നു. ‘അവർ’ എന്നത്, അരുണയുടെ കുടുംബത്തെ ഉദ്ദേശിച്ച് പറഞ്ഞതായിരുന്നു. എന്തുകൊണ്ടാണ് അരുണ ഈ വിധത്തിൽ പെരുമാറുന്നതെന്ന് അവളുടെ കുടുംബത്തിന് മനസ്സിലായിരുന്നില്ല. “ഞാൻ സാധനങ്ങളെടുത്ത് എറിയും. വീട്ടിൽ അടങ്ങിയിരിക്കില്ല. ആരും ഞങ്ങളുടെ വീടിന്റെയടുത്തേക്ക് വരാറില്ല”.

തമിഴ് നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ വീടിന്റെയടുത്തുള്ള കുന്നിൽ പലപ്പോഴും അവർ അലയാൻ പോവും. അവർ ഉപദ്രവിക്കുമോ എന്ന് പേടിച്ച് ചിലർ ഓടിയകലുമ്പോൾ, മറ്റ് ചിലർ അവരെ കല്ലെടുത്തെറിയും. അരുണയുടെ അച്ഛൻ അവരെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. ചിലപ്പോൾ പുറത്തുപോകാതിരിക്കാൻ കസേരയിൽ കെട്ടിയിടുകയും ചെയ്യും.

18 വയസ്സുള്ളപ്പോഴാണ് അരുണയ്ക്ക് (യഥാർത്ഥ പേരല്ല) സ്കിസോഫ്രേനിയ കണ്ടെത്തിയത്. ചിന്തയേയും വികാരത്തേയും പെരുമാറ്റത്തേയും ബാധിക്കുന്ന രോഗമാണ് അത്.

കാഞ്ചീപുരത്തെ ചെങ്കൽ‌പ്പേട്ട് താലൂക്കിലെ കോണ്ടാംഗി ഗ്രാമത്തിലെ ദളിത് കോളണിയിലുള്ള വീടിന്റെ പുറത്തിരുന്ന് ഞങ്ങളോട് സംസാരിക്കുമ്പോൾ പെട്ടെന്ന് അവർ സംസാരം നിർത്തി പെട്ടെന്ന് നടക്കാൻ തുടങ്ങി. ഒരു പിങ്ക് നൈറ്റിയിട്ട്, ചെറുതാക്കി മുറിച്ച തലമുടിയുള്ള,  ഉയരവും ഇരുണ്ട നിറവുമുള്ള ആ സ്ത്രീ അല്പം കുനിഞ്ഞാണ് നടന്നിരുന്നത്. ഒറ്റമുറിയുള്ള കുടിലിന്റെ അകത്ത് പോയി ഡോക്ടറുടെ ഒരു കുറിപ്പടിയും രണ്ട് സ്ട്രിപ്പ് ഗുളികകളുമായി അവർ പുറത്തുവന്നു. “ഇത് കഴിച്ചാൽ എനിക്ക് ഉറക്കം കിട്ടും. മറ്റേത്, നാഡീ ചികിത്സയ്ക്കുള്ള മരുന്നാണ്”, മരുന്നുകൾ കാണിച്ചുതന്ന് അവർ പറയുന്നു.

ശാന്തി ശേഷ ഇല്ലായിരുന്നെങ്കിൽ അരുണയുടെ രോഗം കണ്ടുപിടിക്കപ്പെടാതെ പോയേനേ.

Aruna and her little daughter in their home in the Dalit colony in Kondangi village, Kancheepuram district.
PHOTO • M. Palani Kumar
Shanthi Sesha, who was the first to spot Aruna's mental illness. Her three decades as a health worker with an NGO helped many like Aruna, even in the remotest areas of Chengalpattu taluk, get treatment and medicines
PHOTO • M. Palani Kumar

ഇടത്ത്: കാഞ്ചീപുരം ജില്ലയിലെ കോണ്ടാംഗി ഗ്രാമത്തിലെ ദളിത് കോളണിയിലുള്ള വീട്ടിൽ അരുണയും ചെറിയ മകളും. വലത്ത്: അരുണയുടെ രോഗം ആദ്യം തിരിച്ചറിഞ്ഞ ശാന്തി ശേഷ. അരുണയെപ്പോലെ, ചെങ്കൽ‌പ്പേട്ട് താലൂക്കിലെ ഉൾപ്രദേശത്തുള്ള പലർക്കും മരുന്നുകളും ചികിത്സയും കിട്ടാൻ ശാന്തി ശേഷ കാരണമായിട്ടുണ്ട്. ഒരു എൻ.ജി.ഒ.യുടെ കൂടെ മുപ്പത് കൊല്ലമായി ആരോഗ്യപ്രവർത്തകയായി ജോലി ചെയ്യുകയാണ് അവർ

എന്താണ് സംഭവിക്കുന്നതെന്ന് 61 വയസ്സുള്ള ശാന്തിക്ക് മനസ്സിലായി. സ്കിസോഫ്രേനിയയുടെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അരുണയെപ്പോലെയുള്ള നൂറുകണക്കിനാളുകളെ അവർ സഹായിച്ചിട്ടുണ്ട്. 2017-2022-ൽ മാത്രം, ചെങ്കൽ‌പ്പേട്ടിൽ 98 രോഗികളെ ശാന്തി കണ്ടെത്തുകയും അവർക്ക് ചികിത്സാസഹായം കിട്ടാൻ സഹായിക്കുകയും ചെയ്തു. സ്കിസോഫ്രേനിയ റിസർച്ച് ഫൌണ്ടേഷൻ (സ്കാർഫ്) എന്ന സംഘടനയുമായി കരാറടിസ്ഥാനത്തിൽ പ്രവർത്തിച്ച്, മാനസികാസ്വാസ്ഥ്യമുള്ള ആളുകളെ ചികിത്സിക്കുന്ന സാമൂഹികാരോഗ്യ പ്രവർത്തകയായ അവർ കോണ്ടാംഗി ഗ്രാമത്തിൽ പരക്കെ അറിയപ്പെടുന്നു.

ഒരു പതിറ്റാണ്ട് മുമ്പ് \അരുണയെ കണ്ടുമുട്ടുമ്പോൾ, “അരുണ ചെറുപ്പവും മെലിഞ്ഞിട്ടുമായിരുന്നു, വിവാഹം കഴിഞ്ഞിരുന്നില്ല” എന്ന് ശാന്തി പറയുന്നു. “അവർ ഇങ്ങനെ അലഞ്ഞുനടക്കും. ഭക്ഷണം കഴിക്കില്ല. തിരുകാൽകുണ്ഡ്രത്തെ മെഡിക്കൽ ക്യാമ്പിലേക്ക് അവരെ കൊണ്ടുവരാൻ ഞാൻ അവരുടെ കുടുംബത്തോട് പറഞ്ഞു”. സ്കിസോഫ്രേനിയയുള്ള ആളുകളെ കണ്ടെത്താനും ചികിത്സിക്കാനും മാസം‌തോറുമുള്ള ക്യാമ്പ് നടത്തുകയായിരുന്നു സ്കാർഫ്.

കോണ്ടാംഗിയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള തിരുകാൽകുണ്ഡ്രത്തേക്ക് അരുണയെ കൊണ്ടുപോകാൻ കുടുംബം ശ്രമിച്ചപ്പോൾ അവർ അക്രമാസക്തയായി. ആരേയും അടുത്തുവരാൻ സമ്മതിച്ചില്ല. കൈയ്യും കാലും കെട്ടിയാണ് അവരെ ക്യാമ്പിലേക്ക് കൊണ്ടുപോയത്. “15 ദിവസത്തിലൊരിക്കൽ അവർക്ക് ഒരു ഇഞ്ചക്ഷൻ കൊടുക്കാൻ ഒരു സൈക്ക്യാട്രിസ്റ്റ് പറഞ്ഞു”, ശാന്തി സൂചിപ്പിക്കുന്നു.

ഇഞ്ചക്ഷനും മരുന്നുകൾക്കുമ്പുറമേ, ഈരണ്ടാഴ്ച കൂടുമ്പോൾ ക്യാമ്പിൽ‌വെച്ച് അരുണയ്ക്ക് വിദഗ്ദ്ധോപദേശവും (കൌൺസലിംഗ്) നൽകി. “കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ, ചികിത്സ തുടരുന്നതിന് ഞാനവരെ സെമ്പകം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി”, ശാന്തി പാറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മറ്റൊരു എൻ.ജി.ഒ. (ബന്യൻ) മാനസികാരോഗ്യ ക്ലിനിക്ക് നടത്തുന്നുണ്ടായിരുന്നു. “ഇപ്പോൾ അവർക്ക് നല്ല ഭേദമുണ്ട്. നന്നായി സംസാരിക്കുകയും ചെയ്യും”, ശാന്തി തുടരുന്നു.

കോണ്ടാംഗി ഗ്രാമത്തിന്റെ കേന്ദ്രം അരുണയുടെ വീട്ടിൽനിന്ന് ഏതാനും വാരകൾക്കപ്പുറത്താണ്. ഉയർന്ന ജാതിക്കാരായ നായിഡുമാരും നായിക്കരുമാണ് അവിടെ താമസിക്കുന്നത്. നായിഡുവായ ശാന്തിയുടെ താമസവും അവിടെത്തന്നെയാണ്. “അരുണ പട്ടികജാതിക്കാരിയായതിനാൽ, അവർ അരുണയെ അവിടെ (ദളിത് കോളണിയിൽ) താമസിക്കാൻ അനുവദിച്ചു. അരുണ ഇവിടേക്ക് വന്നിരുന്നെങ്കിൽ, അത് വലിയ ബഹളത്തിന് ഇടയാക്കിയേനേ”, ശാന്തി പറയുന്നു.

ചികിത്സ തുടങ്ങി നാലുവർഷം കഴിഞ്ഞപ്പോൾ അരുണ വിവാഹിതയായെങ്കിലും, ഗർഭിണിയായപ്പോൾ ഭർത്താവ് ഒഴിഞ്ഞുപോയി. അവർ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും അച്ഛന്റേയും മൂത്ത സഹോദരന്റേയുമൊപ്പം താമസിക്കാൻ തുടങ്ങുകയും ചെയ്തു. ചെന്നൈയിൽ താമസിക്കുന്ന മൂത്ത ചേച്ചി ഇപ്പോൾ കുട്ടിയെ നോക്കാൻ സഹായിക്കുന്നുണ്ട്. തന്റെ മരുന്നുകളും ചികിത്സയുമായി അരുണ കഴിയുകയും ചെയ്യുന്നു.

തന്റെ ആരോഗ്യം മെച്ചപ്പെട്ടതിന് ശാന്തി അക്കയോട് കടപ്പെട്ടിരിക്കുന്നുവെന്ന് അരുണ പറയുന്നു.

Shanthi akka sitting outside her home in Kondangi. With her earnings from doing health work in the community, she was able to build a small one-room house. She was the only person in her family with a steady income until recently
PHOTO • M. Palani Kumar

കോണ്ടാംഗിയിലെ വീടിന്റെ പുറത്തിരിക്കുന്ന ശാന്തി അക്ക. ആരോഗ്യപ്രവർത്തനം നടത്തി കിട്ടുന്ന ചെറിയ വരുമാനംകൊണ്ട് അവർ ഒറ്റമുറിയുള്ള ഒരു വീട് പണിതു. ഈയടുത്ത കാലംവരെ, കുടുംബത്തിലെ സ്ഥിരമായ വരുമാനമുള്ള ഒരേയൊരാൾ അവരായിരുന്നു

A list of villages in Tamil Nadu's Chengalpattu taluk that Shanthi would visit to identify people suffering from schizophrenia
PHOTO • M. Palani Kumar
A list of villages in Tamil Nadu's Chengalpattu taluk that Shanthi would visit to identify people suffering from schizophrenia
PHOTO • M. Palani Kumar

സ്കിസോഫ്രേനിയയുള്ള ആളുകളെ കണ്ടെത്താനായി ശാന്തി സന്ദർശിക്കുന്ന തമിഴ് നാട്ടിലെ ചെങ്കൽ‌പ്പേട്ട് താലൂക്കിലെ ഗ്രാമങ്ങളുടെ പട്ടിക

*****

കൈയ്യിലൊരു ഭക്ഷണപ്പാത്രവുമായി ശാന്തി രാവിലെ 8 മണിക്ക്, ചെങ്കൽ‌പ്പേട്ടിൽ അന്ന് സന്ദർശിക്കേണ്ട ഗ്രാമങ്ങളുടേയും ഊരുകളുടേയും ലിസ്റ്റുമായി വീട്ടിൽനിന്നിറങ്ങും. ഒരു മണിക്കൂർ നടന്ന് – ഏതാണ്ട് 15 കിലോമീറ്റർ ദൂരം – മദുരാന്തകത്തിലെ ബസ് സ്റ്റാൻഡിലെത്തും. “അവിടെനിന്നാണ് മറ്റ് ഗ്രാമങ്ങളിലേക്കുള്ള ബസ് കിട്ടുക”, അവർ പറയുന്നു.

താലൂക്ക് മുഴുവൻ യാത്ര ചെയ്ത്, മാനസികപ്രശ്നമുള്ളവരെ കണ്ടെത്തുകയും വൈദ്യപരിചരണം കിട്ടുന്നതിൽ അവരെ സഹായിക്കുകയുമാണ് അവരുടെ ജോലി.

“ആദ്യം ഞങ്ങൾ, എത്താൻ എളുപ്പമുള്ള ഗ്രാമങ്ങളിലേക്ക് പോവും. പിന്നെ, ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കും. ആ സ്ഥലങ്ങളിലേക്ക് പോവാനുള്ള ബസ് ചില പ്രത്യേക സമയങ്ങളിൽ മാത്രമേ ഉള്ളു. ചിലപ്പോൾ രാവിലെ മുതൽ ഉച്ചവരെയൊക്കെ ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കേണ്ടിവരും, ആ ബസ്സുകൾ കിട്ടാൻ”, ശാന്തി പറയുന്നു.

ഞായറാഴ്ചയൊഴിച്ച് മാസത്തിൽ മറ്റെല്ലാ ദിവസവും ശാന്തി ജോലി ചെയ്തു. സാമൂഹികാരോഗ്യ പ്രവർത്തക എന്ന നിലയിൽ, മൂന്ന് പതിറ്റാണ്ടോളം കാലം അവരുടെ തൊഴിൽ മാറ്റമില്ലാതെ നിന്നു. അവർ ചെയ്യുന്ന തൊഴിൽ പുറമേയ്ക്ക് അത്രയ്ക്കൊന്നും കാണാൻ കഴിയാത്ത ഒന്നല്ല. പക്ഷേ, പ്രായപൂർത്തിയെത്തിയ ജനവിഭാഗത്തിൽ 10.6 ശതമാനവും മാനസികപ്രശ്നങ്ങൾ നേരിടുകയും 13.7 ശതമാനം ആളുകളും ജീ‍വിതത്തിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ മാനസികാസ്വാസ്ഥ്യങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത്, ശാന്തി ചെയ്യുന്ന തൊഴിൽ ഏറെ പ്രസക്തമായ ഒന്നാണ്. എന്നാൽ ചികിത്സയിലുണ്ടാവുന്ന വിടവ് വളരെ ഉയർന്നതാണ്. 83 ശതമാനം. സ്കിസോഫ്രേനിയയുമായി ജീവിക്കുന്നവരിൽ 60 ശതമാനത്തിനും അവർക്കാവശ്യമായ ചികിത്സകളൊന്നും പ്രാപ്യമാവുന്നില്ല.

സാമൂഹികാരോഗ്യ എന്ന നിലയ്ക്കുള്ള ശാന്തിയുടെ യാത്ര 1986-ലാണ് ആരംഭിച്ചത്. ആ കാലത്ത്, പല ഇന്ത്യൻ സംസ്ഥാനങ്ങളിലും മാനസികാരോഗ്യപരിചരണത്തിന് മതിയായ പ്രൊഫണലുകൾ നിലവിലുണ്ടായിരുന്നില്ല. പരിശീലനം കിട്ടിയ കുറച്ചുപേരുണ്ടായിരുന്നത് നഗരങ്ങളിലായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. ഈ പ്രശ്നത്തെ നേരിടുന്നതിനായിട്ടാണ് 1982-ൽ ദേശീയ മാനസികാരോഗ്യ പദ്ധതിൽ (നാഷണൽ മെന്റൽ ഹെൽത്ത് പ്രോഗ്രാം – എൻ.എം.എച്ച്.പി) ആരംഭിച്ചത്. “എല്ലാവർക്കും, പ്രത്യേകിച്ച്, സമൂഹത്തിലെ ഏറ്റവും ദുർബ്ബലരും പാർശ്വവത്കൃതരുമാ‍യ സമൂഹത്തിന് ചുരുങ്ങിയ രീതിയിലെങ്കിലും മാനസികാരോഗ്യ പരിചരണം ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

1986-ൽ ശാന്തി റെഡ് ക്രോസ്സിന്റെ കൂടെ സാമൂഹ്യപ്രവർത്തകയായി ജോലിക്ക് ചേർന്നു. അംഗവൈകല്യമുള്ള ആളുകളെ കണ്ടെത്താനും അവരുടെ അടിയന്തിരാവശ്യങ്ങൾ സംഘടനയെ അറിയിക്കാനുമായി അവർ ചെങ്കൽ‌പ്പേട്ടിലെ വിദൂരമായ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തു.

A photograph from of a young Shanthi akka (wearing a white saree) performing Villu Paatu, a traditional form of musical storytelling, organised by Schizophrenia Research Foundation. She worked with SCARF for 30 years.
PHOTO • M. Palani Kumar
In the late 1980s in Chengalpattu , SCARF hosted performances to create awareness about mental health
PHOTO • M. Palani Kumar

ഇടത്ത്: സ്കിസോഫ്രേനിയ റിസർച്ച് ഫൌണ്ടേഷൻ സംഘടിപ്പിച്ച വില്ലുപാട്ട് എന്ന പരമ്പരാഗത കഥ പറച്ചിൽ കലാരൂപം അവതരിപ്പിക്കുന്ന ചെറുപ്പക്കാരിയായ ശാന്തി അക്ക (വെളുത്ത സാരിയുടുത്ത്). 30 വർഷം അവർ സ്കാർഫിന്റെ കൂടെ ജോലി ചെയ്തു. വലത്ത്: 1980-കളുടെ അവസാനം, സ്കാർഫ് ചെങ്കൽ‌പ്പേട്ടിൽ, മാനസികാരോഗ്യത്തെക്കുറിച്ച് ബോധവത്ക്കരിക്കാനുള്ള അവതരണങ്ങൾ നടത്തി

1987-ൽ സ്കാർഫ് ശാന്തിയെ സമീപിക്കുമ്പോൾ, കാഞ്ചീപുരം ജില്ലയിലെ തിരുപോരൂർ ബ്ലോക്കിലെ മാനസികപ്രശ്നങ്ങളുള്ള ആളുകളെ പുനരധിവസിപ്പിക്കാൻ എൻ.എം.എച്ച്.പി.യുടെ കീഴിൽ പദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു ആ സംഘടന. സാമൂഹികാടിസ്ഥാനത്തിലുള്ള സന്നദ്ധപ്രവർത്തകരെ സൃഷ്ടിക്കുന്നതിനായി, തമിഴ് നാടിന്റെ ഉൾപ്രദേശങ്ങളിൽ അവർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. “സമൂഹത്തിലെ, സ്കൂൾതല വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികളെ തിരഞ്ഞെടുത്ത് മാനസികപ്രശ്നങ്ങളുള്ള വ്യക്തികളെ കണ്ടെത്താനും തിരിച്ചറിയാനും അവരെ ആശുപത്രികളിലേക്ക് ശുപാർശ ചെയ്യാനുമുള്ള പരിശീലനം നൽകുകയായിരുന്നു” എന്ന് സ്കാർഫിന്റെ ഡയറക്ടറായ ഡോ. ആർ. പത്മാവതി പറയുന്നു. അവരും 1987-ലാണ് സ്കാർഫിൽ ജോലിക്ക് ചേർന്നത്.

ഈ ക്യാമ്പുകളിൽ‌വെച്ച്, വിവിധതരം മാനസികരോഗങ്ങളെക്കുറിച്ചും അവയെ എങ്ങിനെ കണ്ടുപിടിക്കാമെന്നും ശാന്തി പഠിച്ചു. വൈദ്യസഹായം തേടുന്നതിന് മാനസികാസ്വാസ്ഥ്യമുള്ളവരെ പ്രേരിപ്പിക്കാനുള്ള ശേഷിയും അവർ ആർജ്ജിച്ചെടുത്തു. പ്രതിമാസം 25 രൂപയായിരുന്നു തുടക്കത്തിൽ തന്റെ ശമ്പളമെന്ന് അവർ പറയുന്നു. മാനസികരോഗമുള്ളവരെ കണ്ടെത്തുകയും മെഡിക്കൽ ക്യാമ്പുകളിലേക്ക് കൊണ്ടുവരികയുമായിരുന്നു അവരുടെ ചുമതല. “എന്നെയും മറ്റൊറ്റാളെയും മൂന്ന് പഞ്ചായത്തുകളിലേക്കായി നിയോഗിച്ചു. ഓരോ പഞ്ചായത്തിലും 2 മുതൽ 4വരെ ഗ്രാമങ്ങളുണ്ടാകും”, അവർ പറയുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ ശമ്പളത്തിലും വർദ്ധനവുണ്ടായി. 2022-ൽ സ്കാർഫിൽനിന്ന് വിരമിക്കുമ്പോൾ (പ്രോവിഡന്റ് ഫണ്ടും ഇൻഷുറൻസുമൊക്കെ തട്ടിക്കിഴിച്ചതിനുശേഷം) മാസം 10,000 രൂപയായിരുന്നു അവരുടെ ശമ്പളം.

പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ പിടിച്ചുനിൽക്കാനുള്ള ഒരു പിടിവള്ളിയായി ആ സ്ഥിര വരുമാനം. മദ്യത്തിനടിമയായ ഭർത്താവ് കുടുംബത്തിനുവേണ്ടി ഒന്നും നൽകാറുണ്ടായിരുന്നില്ല. ശാന്തിയുടെ 37 വയസ്സുള്ള മൂത്ത മകൻ ഒരു ഇലക്ട്രീഷ്യനായി ജോലി ചെയ്ത്, പ്രതിദിനം 700 രൂപ സമ്പാദിക്കുന്നു. എന്നാൽ അത് സ്ഥിരമായ ഒരു വരുമാനമല്ല. മാസത്തിൽ 10 ദിവസമോ മറ്റോ കിട്ടുന്ന ഒരു തൊഴിലാണത്. ഭാര്യയും മകളുമടങ്ങുന്ന അയാളുടെ കുടുംബത്തിനെ നോക്കാൻ‌തന്നെ ആ വരുമാനം മതിയാവില്ല. ശാന്തിയുടെ അമ്മയും അവരോടൊപ്പമാണ് താമസിക്കുന്നത്. സ്കാർഫിന്റെ സ്കിസോഫ്രീനിയ പദ്ധതി 2022-ൽ അവസാനിച്ചതിനുശേഷം, ശാന്തി തഞ്ചാവൂർ ബൊമ്മകളുണ്ടാക്കി ജീവിതം പുലർത്തുന്നു. 50 ബൊമ്മകൾക്ക് 3,000 രൂപ കിട്ടും.

30 വർഷങ്ങളായി സമൂഹത്തിൽ പണിയെടുത്തിട്ടും ശാന്തിയെ അത് തെല്ലും ക്ഷീണിപ്പിച്ചില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ, എൻ.ജി.ഒ.യുടെ കൂടെ അവർ ചെങ്കൽ‌പ്പേട്ടയിലെ ചുരുങ്ങിയത് 180 ഗ്രാമങ്ങളിലും ഊരുകളിലും സന്ദർശനം നടത്തിയിട്ടുണ്ട്. “എനിക്ക് വയസ്സായി. എന്നാലും ഞാൻ ഈ ജോലി തുടരുന്നു. ധാരാളം പണമൊന്നും കിട്ടാറില്ലെങ്കിലും കിട്ടുന്നതുവെച്ച് ഞാൻ ഒപ്പിച്ചുപോവുന്നു. മാനസികമായ സംതൃപ്തി കിട്ടുന്നുണ്ട്. ബഹുമാനവും”.

*****

സ്കിസോഫ്രേനിയയുള്ള ആളുകളെ അന്വേഷിച്ച്, ശാന്തിയുടെ കൂടെ ചെങ്കൽ‌പ്പേട്ടിൽ മുഴുവൻ യാത്ര ചെയ്തിട്ടുണ്ട് 49 വയസ്സുള്ള ഇ. സെൽ‌വി. ഉതിരമേരൂർ, കട്ടൻ‌കൊളത്തൂർ, മദുരാന്തകം എന്നീ മൂന്ന് പഞ്ചായത്ത് പ്രവിശ്യകളിലെ 117 ഗ്രാ‍മങ്ങളിൽ അവർ പോയിട്ടുണ്ട്. 500-ലധികം ആളുകൾക്ക് വൈദ്യസഹായം കൊടുക്കാൻ അവർക്ക് സാധിച്ചു. സ്കാർഫിൽ അവർ ജോലി ചെയ്തത് 25 വർഷമാണ്. ഡിമൻ‌ഷ്യ (സ്മൃതിഭ്രംശം) ബാധിച്ചവരെ കണ്ടെത്തുന്ന മറ്റൊരു പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് അവരിപ്പോൾ.

ചെങ്കൽ‌പ്പേട്ടിലെ സെമ്പകം ഗ്രാമത്തിലാണ് സെൽവി ജനിച്ചത്. സ്കൂൾ പഠനം പൂർത്തിയാക്കിയതിനുശേഷം സാമൂഹികാരോഗ്യ പ്രവർത്തകയായി ജോലി ആരംഭിച്ചു. നെയ്ത്ത് ജീവനോപാധിയായ സെങ്കുത്തർ സമുദായാംഗമാണ് അവർ. തമിഴ് നാട്ടിൽ അവർ മറ്റ് പിന്നാക്ക വിഭാഗ പട്ടികയിൽ‌പ്പെട്ടവരാണ്. “ക്ലാസ് 10-നുശേഷം ഞാൻ പഠിച്ചില്ല, കൊളേജിൽ പോകണമെങ്കിൽ തിരുപോരൂർ വരെ യാത്ര ചെയ്യണം. അത് വീട്ടിൽനിന്ന് എട്ട് കിലോമീറ്റർ അകലെയാണ്. എനിക്ക് പഠിക്കണമെന്നുണ്ടായിരുന്നെങ്കിലും, ദൂരം ആലോചിച്ച് വീട്ടുകാർ സമ്മതിച്ചില്ല”, അവർ പറയുന്നു.

Selvi E. in her half-constructed house in Sembakkam village. She has travelled all over Chengalpattu taluk for more than 25 years, often with Shanthi, to help mentally ill people
PHOTO • M. Palani Kumar

സെമ്പകം ഗ്രാമത്തിലെ തന്റെ പണിതീരാത്ത വീട്ടിൽ ഇ. സെൽ‌വി. മാനസികപ്രശ്നമുള്ളവരെ സഹായിക്കാനായി ശാന്തിയുടെ കൂടെ, കഴിഞ്ഞ 25 വർഷങ്ങളായി അവർ ചെങ്കൽ‌പ്പേട്ട് താലൂക്ക് മുഴുവൻ യാത്ര ചെയ്തിട്ടുണ്ട്

26 വയസ്സിൽ വിവാഹിതയായശേഷം, കുടുംബത്തിലെ ഒരേയൊരു വരുമാനദാതാവ് അവരായിരുന്നു. ഇലക്ട്രീഷ്യനായ ഭർത്താവിന്റെ വരുമാനം സ്ഥിരമായ ഒന്നായിരുന്നില്ല. അതിനാൽ, തുച്ഛമായ ശമ്പളംകൊണ്ട്, വീട്ടുചിലവുകൾക്ക് പുറമേ, രണ്ട് ആണ്മക്കളുടെ വിദ്യാഭ്യാസവും നോക്കിനടത്തേണ്ട ബാധ്യത അവരുടെ ചുമലിലായി. 22 വയസ്സുള്ള മൂത്ത മകൻ ആറുമാസം മുമ്പ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കി. 20 വയസ്സുള്ള ചെറിയ മകൻ, ചെങ്കൽ‌പ്പേട്ടിലെ ഒരു സർക്കാർ കൊളേജിൽ പഠിക്കുന്നു.

ഗ്രാമങ്ങളിലേക്ക് പോയി, സ്കിസോഫ്രേനിയ രോഗികളെ ആശുപത്രിയിൽ പോകാൻ പ്രേരിപ്പിക്കുന്നതിനുമുൻപ്, അവർ രോഗികൾക്ക് കൌൺസലിംഗ് കൊടുക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. മൂന്ന് വർഷത്തോളം അവരത് ചെയ്തു. 10 രോഗികൾക്കുവേണ്ടി. “ആഴ്ചയിലൊരിക്കൽ എനിക്ക് അവരെ സന്ദർശിക്കേണ്ടിയിരുന്നു. ആ കാലത്ത്, ഞങ്ങൾ രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടും, ചികിത്സ, തുടർച്ചികിത്സ, വൃത്തി, ആരോഗ്യം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ടായിരുന്നു”, അവർ പറയുന്നു.

ആദ്യമൊക്കെ സമൂഹത്തിൽനിന്ന് ധാരാളം എതിർപ്പുകൾ സെൽ‌വിക്ക് നേരിടേണ്ടിവന്നു. “പ്രശ്നമുണ്ടെന്നുതന്നെ അവർ സമ്മതിച്ചുതരില്ല. ഇതൊരു രോഗമാണെന്നും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുമെന്നും ഞങ്ങളവരോട് പറയും. അത് കേട്ടാൽ രോഗിയുടെ കുടുംബത്തിന് ദേഷ്യം വരും. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനേക്കാർ അവർക്കിഷ്ടം, വല്ല അമ്പലത്തിലോ മറ്റോ കൊണ്ടുപോവുന്നതായിരുന്നു. മെഡിക്കൽ ക്യാമ്പിലേക്ക് പോകുന്നതിനായി പ്രേരിപ്പിക്കാൻ നിരവധി തവണ അവരെ സന്ദർശിക്കേണ്ടിവന്നു. ധാരാളം അദ്ധ്വാനവും വേണ്ടിവന്നു. യാത്ര ചെയ്യാൻ രോഗിക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടാൽ, ഡോക്ടർ വീട്ടിൽ വരാറുണ്ടായിരുന്നു”..

സെൽ‌വി സ്വന്തമായി തന്ത്രങ്ങൾ രൂപീകരിച്ചു. ഗ്രാമത്തിലെ എല്ലാ വീടുകളിലും അവർ ചെല്ലും. ആളുകൾ പതിവായി കൂടാറുള്ള ചായക്കടകൾ സന്ദർശിച്ച്, സ്കൂൾ ടീച്ചർമാർ, പഞ്ചായത്ത് നേതാക്കന്മാർ എന്നിവരോട് സംസാരിക്കും. പിന്നീട് അവരായി, സെൽ‌വിയുടെ സഹായികൾ. സ്കിസോഫ്രേനിയയുടെ ലക്ഷണങ്ങളും, ചികിത്സകൊണ്ട് അതെങ്ങിനെ ഭേദമാക്കാമെന്നുമൊക്കെ സെൽ‌വി വിശദീകരിക്കും. അവരവരുടെ ഗ്രാമത്തിൽ അത്തരം ലക്ഷണങ്ങളുള്ളവരെ ചൂണ്ടിക്കാണിച്ചുതരാൻ, സെൽ‌വി ഈ ആളുകളെ ആശ്രയിച്ചു. “ചില ആളുകളൊക്കെ അല്പം മടിച്ചുവെങ്കിലും, ചിലർ ഞങ്ങൾക്ക് രോഗികളുടെ വീടുകൾ കാണിച്ചുതന്നു”, സെൽ‌വി പറയുന്നു. “പലർക്കും രോഗത്തെക്കുറിച്ച് കൃത്യമായി പറയാനറിയില്ല. രോഗിക്ക് എല്ലാവരേയും സംശയമാണെന്നോ, ഉറക്കമില്ലാതായിട്ട് കുറേക്കാലമായെന്നോ മറ്റോ ആയിരിക്കും അവർ സൂചിപ്പിക്കുക”, അവർ കൂട്ടിച്ചേർത്തു.

സ്വഗോത്രത്തിൽനിന്ന് വിവാഹം ചെയ്യുന്നത് കർശനമായി പാലിക്കുകയും കുടുംബത്തിൽനിന്നുള്ളവർ തമ്മിൽ വിവാഹം കഴിക്കുന്നത് പതിവായിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽനിന്ന് വന്ന ആളായതുകൊണ്ട്, ബുദ്ധിശേഷിയില്ലാത്ത ധാരാളം കുട്ടികൾ ജനിക്കുന്നതിന് സെൽ‌വി സാക്ഷ്യം വഹിച്ചിട്ടുണ്ടായിരുന്നു. ബുദ്ധിശേഷിയില്ലായ്മയുടേയും മനോരോഗത്തിന്റേയും ലക്ഷണങ്ങൾ വ്യത്യസ്തമാണെന്ന് മനസ്സിലാക്കാൻ ഇത് സെൽ‌വിയെ പ്രാപ്തയാക്കി. തന്റെ തൊഴിലിൽ ആ ഒരു തിരിച്ചറിവ് അവർക്ക് അത്യന്താപേക്ഷിതമായിരുന്നു.

മരുന്നുകൾ രോഗിയുടെ വീട്ടുപടിക്കൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു സെൽ‌വിയുടെ നിരവധി ചുമതലകളിൽ ഒന്ന്. ഇന്ത്യയിൽ മാനസികഭ്രംശമുള്ള മിക്കവരും, തങ്ങളുടെ ചികിത്സയ്ക്കും മരുന്നുകൾക്കുമായി സ്വന്തം കൈയ്യിൽനിന്നാണ് പണം ചിലവഴിക്കുന്നത്. ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ സേവനങ്ങൾ കൈപ്പറ്റാൻ, 40 ശതമാനത്തോളം രോഗികൾക്ക് 10 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യേണ്ടിയും വരുന്നു. പതിവായി ചികിത്സാസൌകര്യങ്ങൾ ഉപയോഗിക്കാൻ, വിദൂരസ്ഥമായ ഗ്രാമങ്ങളിലെ ആളുകൾക്ക് പലപ്പോഴും കഴിയാറില്ല. രോഗലക്ഷണങ്ങളുമായി മല്ലിടുന്നതുകൊണ്ട്, സമൂഹം പ്രതീക്ഷിക്കുന്നവിധത്തിൽ പെരുമാറാൻ കഴിയാത്തവരായതുകൊണ്ട്, സമൂഹത്തിൽനിന്ന് മാറ്റിനിർത്തപ്പെടുന്നതാണ് ഈ രോഗികൾ നേരിടുന്ന മറ്റൊരു പ്രശ്നം.

Selvi with a 28-year-old schizophrenia patient in Sembakkam whom she had counselled for treatment. Due to fear of ostracisation, this patient’s family had refused to continue medical care for her.
PHOTO • M. Palani Kumar
Another patient whom Selvi helped
PHOTO • M. Palani Kumar

ഇടത്ത്: ചികിത്സയ്ക്കായി താൻ കൌൺസലിംഗ് കൊടുത്തിരുന്ന സെമ്പകത്തിലെ 28 വയസ്സുള്ള ഒരു സ്കിസോഫ്രേനിയ രോഗിയോടൊപ്പം സെൽ‌വി. സമൂഹം ഒറ്റപ്പെടുത്തുമോ എന്ന ഭയത്താൽ, ഈ രോഗിയുടെ കുടുംബം അവർക്ക് ചികിത്സ തുടർന്ന് നൽകാൻ വിസമ്മതിച്ചു. വലത്ത്: സെൽവി സഹായിച്ച മറ്റൊരു രോഗി

“ഇക്കാലത്ത്, ടിവിയൊക്കെ കാണുന്നതുകൊണ്ട് കുറച്ച് മാറ്റങ്ങളുണ്ട്. ആളുകൾക്ക് അത്ര പേടിയില്ല. രക്താതിസമ്മർദ്ദവും പ്രമേഹവുമൊക്കെ പരിശോധിക്കുന്നത് എളുപ്പമായി. എന്നിട്ടും, മാനസികരോഗമുള്ള കുടുംബങ്ങളെ ഞങ്ങൾ സമീപിക്കുമ്പോൾ, അവർക്ക് ദേഷ്യം വരികയും ഞങ്ങളോട് ബഹളം വെക്കാൻ വരികയും ചെയ്യും. ആരാണ് നിങ്ങളോട് ഇവിടെ ഒരു ഭ്രാന്തുള്ള ആളുണ്ടെന്ന് പറഞ്ഞത് എന്നൊക്കെ ചോദിച്ച് പ്രശമുണ്ടാക്കും”, സെൽ‌വി പറയുന്നു.

*****

മാനസികാരോഗ്യ പരിചരണത്തെക്കുറിച്ച് ഉൾനാടുകളിൽ നിലവിലുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് സെൽ‌വി പറയുന്നതിനോട് യോജിക്കുകയാണ് ചെങ്കൽ‌പ്പേട്ട് താലൂക്കിലെ മാനാമതി ഗ്രാമത്തിലെ ഡി. ലിലി പുഷ്പം എന്ന 44 വയസ്സുള്ള സാമൂഹികാരോഗ്യ പ്രവർത്തക. “ധാരാളം സംശയങ്ങളുണ്ട്. സൈക്ര്യാട്രിസ്റ്റ് രോഗിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുമോ എന്നൊക്കെ ചിലർ ഭയക്കുന്നു. ചികിത്സിക്കാൻ വീട്ടിൽ ചെന്നാലും, ചിലർക്ക് പേടിയാണ്. ഞങ്ങൾ അവർക്ക് ആശുപത്രിയിൽനിന്നുള്ള തിരിച്ചറിയൽ കാർഡ് കാണിച്ചുകൊടുക്കും. എന്നാലും അവർക്ക് ചിലപ്പോൾ സംശയം തീരില്ല. ഞങ്ങൾ നന്നായി ബുദ്ധിമുട്ടുന്നുണ്ട്”, ലിലി പറയുന്നു.

മാനാമതിയിലെ ഒരു ദളിത് കോളണിയിലാണ് ലിലി വളർന്നത്. ഈ രംഗത്ത് നേരിടുന്ന വിവേചനത്തെക്കുറിച്ച് അതവരെ ബോധവതിയാക്കി. ചിലപ്പോൾ അവരെ കുഴയ്ക്കുന്നത്, അവരുടെ ജാതിയാണ്. അതുകൊണ്ട്, തന്റെ വീടിരിക്കുന്ന സ്ഥലം പലപ്പോഴും അവർക്ക് മറച്ചുവെക്കേണ്ടിവരും. “അത് ഞാൻ പറഞ്ഞാൽ, അവർക്കെന്റെ ജാതി മനസ്സിലാവും. അപ്പോൾ മറ്റൊരു തരത്തിലാവും എന്നോടുള്ള പെരുമാറ്റം”, അവർ പറയുന്നു. ലിലി ഒരു ദളിത് ക്രിസ്ത്യാനിയാണെങ്കിലും ക്രിസ്ത്യാനിയെന്ന നിലയ്ക്കാണ് അവർ സ്വയം വെളിപ്പെടുത്തുന്നത്.

സാമൂഹികാരോഗ്യ പ്രവർത്തകരോടുള്ള സമീപനം, ഓരോ ഗ്രാമങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുമെന്ന് സൂചിപ്പിക്കുന്നു ലിലി. “ധനികരായ ഉയർന്ന ജാതിക്കാർ താമസിക്കുന്ന സ്ഥലമാണെങ്കിൽ, ഞങ്ങൾക്ക് കുടിക്കാൻ വെള്ളം‌പോലും തരില്ല. ചിലപ്പോൾ ആകെ ക്ഷീണിച്ച് തളർന്ന്, എവിടെയെങ്കിലുമിരുന്ന് ഭക്ഷണം കഴിക്കാൻ കരുതിയാൽ, അതിനുപോലും അവർ സമ്മതിക്കില്ല. ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നും. പിന്നെ 3-ഉം 4-ഉം കിലോമീറ്റർ നടന്നിട്ടുവെണം എവിടെയെങ്കിലും പോയിരുന്ന് ഭക്ഷണം കഴിക്കാൻ. എന്നാൽ മറ്റ് ചിലയിടത്താകട്ടെ, ആളുകൾ ഞങ്ങൾക്ക് വെള്ളമൊക്കെ തരികയും, മറ്റെന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ ചോദിക്കുകയും ചെയ്യും”, ലിലി പറയുന്നു.

12 വയസ്സുള്ളപ്പോഴാണ് ലിലിയെ ഒരു ബന്ധുവിന് വിവാഹം ചെയ്തുകൊടുത്തത്. ലിലിയേക്കാൾ 16 വയസ്സ് കൂടുതലുണ്ടായിരുന്നു അയാൾക്ക്. “ഞങ്ങൾ നാല് പെണ്ണുങ്ങളായിരുന്നു. ഞാനായിരുന്നു മൂത്തത്”, അവർ പറയുന്നു. കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന 3 സെന്റിൽ ഒരു മൺ‌കൂര അവർ പണിതു. “തന്റെ വീടൊക്കെ നോക്കി നടത്താനും കൃഷി ചെയ്യാനും ഒരാൾ വേണമെന്ന് അച്ഛൻ ആഗ്രഹിച്ചു. അതുകൊണ്ട് അദ്ദേഹത്തിന്റെ മൂത്ത സഹോദരിയുടെ മകനെക്കൊണ്ട് എന്നെ വിവാഹം ചെയ്യിപിച്ചു.”, സന്തോഷകരമായിരുന്നില്ല ആ ദാമ്പത്യം. ചിലപ്പോൾ മാസങ്ങളോളം അയാൾ വീട്ടിൽ വരില്ല. ലിലിയോട് വിശ്വസ്തതയും കാണിച്ചില്ല അയാൾ. വന്നാൽ, എന്തെങ്കിലും കാരണം പറഞ്ഞ്, തല്ലുകയും ചെയ്യുമായിരുന്നു. 18-ഉം 14-ഉം വയസ്സുള്ള രണ്ട് കുട്ടികളെ നോക്കാൻ ഏൽ‌പ്പിച്ച്, വൃക്കയിൽ അർബ്ബുദം ബാധിച്ച് അയാൾ 2014-ൽ മരിച്ചു.

2006-ൽ സ്കാർഫ് അവർക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്നതുവരെ, ലിലി ഒരു തയ്യൽക്കാരിയായി ജോലിയെടുത്തു. ആഴ്ചയിൽ 450-500 രൂപ കിട്ടും. ആളുകൾ വരുന്നതിനനുസരിച്ചായിരിക്കും വരുമാനം എന്നുമാത്രം. കൂടുതൽ പൈസ കിട്ടുന്നതുകൊണ്ടാണ് സാമൂഹികാരോഗ്യ പ്രവർത്തകയാവാൻ തീരുമാനിച്ചതെന്ന് അവർ പറയുന്നു. മാസം കിട്ടിയിരുന്ന 10,000 രൂപ കോവിഡ് വന്നതോടെ തടസ്സപ്പെട്ടു. മഹാവ്യാധിക്ക് മുമ്പ്, ബസ് കൂലിയും ഫോൺ വിളിച്ചതിന്റെ പൈസയുമൊക്കെ പണമായി തിരിച്ചുകിട്ടിയിരുന്നു. എന്നാൽ കൊറോണ വന്നതോടെ, ഈ ചിലവെല്ലാം, 10,000 രൂപ ശമ്പളത്തിൽനിന്ന് ചെയ്യേണ്ടിവന്നു. അത് ബുദ്ധിമുട്ടായി”, അവർ പറയുന്നു.

Lili Pushpam in her rented house in the Dalit colony in Manamathy village. A health worker, she says it is a difficult task to allay misconceptions about mental health care in rural areas. Lili is herself struggling to get the widow pension she is entitled to receive
PHOTO • M. Palani Kumar

ലിലി പുഷ്പം, മാനാമതി ഗ്രാമത്തിലെ ദളിത് കോളണിയിലുള്ള തന്റെ വാടകവീട്ടിൽ. ഗ്രാമീണമേഖലയിൽ, മാനസികരോഗത്തെക്കുറിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റാൻ ബുദ്ധിമുട്ടാണെന്ന് ആരോഗ്യപ്രവർത്തകയായ അവർ പറയുന്നു. തനിക്ക് അർഹതപ്പെട്ട, വിധവാ പെൻഷൻ കിട്ടാൻ അവർ ബുദ്ധിമുട്ടുകയാണ്

എൻ.എം.എച്ച്.പി.ക്ക് കീഴിലുള്ള സ്കാർഫ് സാമൂഹികപദ്ധതി അവസാനിച്ചതോടെ, ഡിമൻഷ്യ അനുഭവിക്കുന്ന രോഗികൾക്കുവേണ്ടിയുള്ള സംഘടനയുടെ പദ്ധതിയിലേക്ക് അവരെ നിയോഗിച്ചു. മാർച്ചിൽ ജോലി ആരംഭിച്ചു. ആഴ്ചയിലൊരു ദിവസം അവർക്ക് പോകണം. എന്നാൽ സ്കിസോഫ്രേനിയ രോഗികൾക്ക് ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, അവരെ ചെങ്കൽ‌പ്പേട്ട്, കോവളം, സെമ്പകം എന്നിവിടങ്ങളിലുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്.

സാമൂഹികാരോഗ്യ പ്രവർത്തനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ശാന്തിയേയും സെൽ‌വിയേയും ലിലിയേയുംപോലുള്ള സ്ത്രീകൾ 4-ഉം 5-ഉം വർഷം നീളുന്ന കരാറടിസ്ഥാനത്തിൽ ജോലി ചെയ്യേണ്ടിവരുന്നു. സമയബന്ധിതമായ പദ്ധതികൾക്ക് ലഭിക്കുന്ന ഫണ്ടിനനുസരിച്ച് സ്കാർഫുപോലുള്ള എൻ.ജി.ഒ.കൾക്ക് ഇവരെ ഉപയോഗിക്കാവുന്നതേയുള്ളു. “സംസ്ഥാനതലത്തിൽ, ഒരു സംവിധാനം നടപ്പിലാക്കണമെന്ന് ഞങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്” എന്ന് സ്കാർഫിന്റെ പത്മാവതി പറയുന്നു. സാമൂഹികാരോഗ്യ പ്രവർത്തകരുടെ തൊഴിൽ സുഗമമായി നടക്കാൻ ഇത് സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു.

ഇന്ത്യയിലെ മാനസികാരോഗ്യ പരിചരണത്തിനുള്ള ബഡ്ജറ്റ് നീക്കിയിരിപ്പ് തുച്ഛമായിരുന്നില്ലെങ്കിൽ കാര്യങ്ങൾ ഇതിലും മെച്ചപ്പെട്ടേനേ. 2023-24-ലെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാനസികാരോഗ്യത്തിനുള്ള ബഡ്ജറ്റ് എസ്റ്റിമേറ്റ് 919 കോടി രൂപയാണ്. കേന്ദ്രസർക്കാരിന്റെ മൊത്തം ആരോഗ്യ ബഡ്ജറ്റിന്റെ ഏകദേശം 1 ശതമാനം മാത്രം. വലിയൊരു ശതമാനം – 721 കോടി രൂപ നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിന് (നിംഹാൻസ്) നീക്കിവെച്ചിരിക്കുന്നു. ബാക്കി സംഖ്യ, തേജ്പുരിലെ ലോക്പ്രിയ ഗോപിനാഥ റീജ്യണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെന്റൽ ഹെൽത്ത് (64 കോടി രൂപ), നാഷണൽ ടെലി-മെന്റൽ ഹെൽത്ത് പ്രോഗ്രാം (134 കോടി രൂപ) എന്നിവയ്ക്കായി വകയിരുത്തിയിരിക്കുന്നു. മാത്രമല്ല, അടിസ്ഥാന സൌകര്യങ്ങൾക്കും വ്യക്തിഗത വികസനത്തിനുമായുള്ള ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (എം.ഒ.എച്ച്.എഫ്.ഡബ്ല്യു) നാഷണൽ മെന്റൽ ഹെൽത്ത് പ്രോഗ്രാമിനെ ഈ വർഷം മുതൽ ദേശീയ ആരോഗ്യ മിഷ്യന്റെ ‘വിശേഷവിഭാഗത്തിലുള്ള പ്രവർത്തനമായി’ നാമകരണം ചെയ്തിരിക്കുന്നു. അതിനാൽ, ആ വിഭാഗത്തിനുള്ള നീക്കിയിരിപ്പിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

അതേസമയം, മാനാമതിയിൽ, ലിലി പുഷ്പം ഇപ്പോഴും തനിക്കർഹതപ്പെട്ട സാമൂഹികസുരക്ഷാ ഗുണഫലം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. “വിധവാ പെൻഷന് അപേക്ഷിക്കണമെങ്കിൽ കൈക്കൂലി കൊടുക്കണം. അതിന് എന്റെ കൈയ്യിൽ, 500-ഓ, 1,000-രൂപയോ പോലും ഇല്ല. ഇഞ്ചക്ഷൻ നൽകാനും മരുന്ന് നൽകാനും കൌൺസലിംഗ് നൽകാനും എനിക്ക് സാധിക്കും. എന്നാൽ, ഇതൊക്കെ എന്തെങ്കിലും പ്രയോജനമുള്ള തൊഴിലായി ആരും കാണുന്നില്ല. സ്കാർഫിലൊഴികെ. കണ്ണീരിൽ മുങ്ങിയ ദിവസങ്ങളാണ് എന്റേത്. സഹായിക്കാൻ ആരുമില്ലാത്തതിന്റെ സങ്കടത്തിലാണ് ഞാൻ”, അവർ പറയുന്നു.

ഫീച്ചർ ചിത്രം: യുവതിയായ ശാന്തി ശേഷ

പരിഭാഷ : രാജീവ് ചേലനാട്ട്

S. Senthalir

ایس سینتلیر، پیپلز آرکائیو آف رورل انڈیا میں بطور رپورٹر اور اسسٹنٹ ایڈیٹر کام کر رہی ہیں۔ وہ سال ۲۰۲۰ کی پاری فیلو بھی رہ چکی ہیں۔

کے ذریعہ دیگر اسٹوریز S. Senthalir
Photographs : M. Palani Kumar

ایم پلنی کمار پیپلز آرکائیو آف رورل انڈیا کے اسٹاف فوٹوگرافر ہیں۔ وہ کام کرنے والی خواتین اور محروم طبقوں کی زندگیوں کو دستاویزی شکل دینے میں دلچسپی رکھتے ہیں۔ پلنی نے ۲۰۲۱ میں ’ایمپلیفائی گرانٹ‘ اور ۲۰۲۰ میں ’سمیُکت درشٹی اور فوٹو ساؤتھ ایشیا گرانٹ‘ حاصل کیا تھا۔ سال ۲۰۲۲ میں انہیں پہلے ’دیانیتا سنگھ-پاری ڈاکیومینٹری فوٹوگرافی ایوارڈ‘ سے نوازا گیا تھا۔ پلنی تمل زبان میں فلم ساز دویہ بھارتی کی ہدایت کاری میں، تمل ناڈو کے ہاتھ سے میلا ڈھونے والوں پر بنائی گئی دستاویزی فلم ’ککوس‘ (بیت الخلاء) کے سنیماٹوگرافر بھی تھے۔

کے ذریعہ دیگر اسٹوریز M. Palani Kumar
Editor : Vinutha Mallya

ونوتا مالیہ، پیپلز آرکائیو آف رورل انڈیا کے لیے بطور کنسلٹنگ ایڈیٹر کام کرتی ہیں۔ وہ جنوری سے دسمبر ۲۰۲۲ تک پاری کی ایڈیٹوریل چیف رہ چکی ہیں۔

کے ذریعہ دیگر اسٹوریز Vinutha Mallya
Photo Editor : Riya Behl

ریا بہل ملٹی میڈیا جرنلسٹ ہیں اور صنف اور تعلیم سے متعلق امور پر لکھتی ہیں۔ وہ پیپلز آرکائیو آف رورل انڈیا (پاری) کے لیے بطور سینئر اسسٹنٹ ایڈیٹر کام کر چکی ہیں اور پاری کی اسٹوریز کو اسکولی نصاب کا حصہ بنانے کے لیے طلباء اور اساتذہ کے ساتھ کام کرتی ہیں۔

کے ذریعہ دیگر اسٹوریز Riya Behl
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat