ഇത് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു വെടിവയ്പായിരുന്നു. പക്ഷേ ഈ തലക്കെട്ട് - "കർഷകൻ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു” എന്നത് - ബഹദൂർ ഷാ സഫർ മാർഗ്ഗിലെ സാങ്കല്‍പ്പിക "കൊലപാതക"ത്തിനു ശേഷം പല രൂപങ്ങളില്‍ സമൂഹ്യ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. വെടിവയ്പു മൂലം അങ്ങനൊരു മരണം നടന്നിട്ടേയില്ല. പക്ഷേ അങ്ങനെ സംഭവിച്ചുവെന്ന കിംവദന്തി ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ പ്രമുഖ ഇൻകം ടാക്സ് ഓഫീസ് (ഐ.ടി.ഓ.) ജംഗ്ഷനിൽ എത്തിയ പ്രക്ഷോഭകരിലെ വിമതർക്കിടയിൽ ആശയക്കുഴപ്പവും കോലാഹലങ്ങളും സൃഷ്ടിച്ചു. ഈ കിംവദന്തി ചെങ്കോട്ട പോലെയുള്ള പല സ്ഥലങ്ങളിലും അക്രമങ്ങള്‍ക്കു കാരണമായി.

ട്രാക്ടർ ഓടിക്കുകയായിരുന്ന ഒരു യുവ കർഷകനെ പോലീസ് തൊട്ടടുത്തു നിന്നു വെടിവച്ചു കൊലപ്പെടുത്തി എന്നതായിരുന്നു കറങ്ങി നടന്ന കഥ. സാമൂഹ്യ മാദ്ധ്യമങ്ങൾ ഒരന്വേഷണവും കൂടാതെ എല്ലായിടത്തേക്കും കഥ വ്യാപിപ്പിച്ചു. പെട്ടെന്നുതന്നെ ചില ചാനലുകളിലും വാർത്ത വന്നു. സാധാരണ പ്രക്ഷോഭകർ ഗോളികണ്ടിനെയും (വെടിവയ്പ്) പോലീസ് നടത്തിയെന്ന് ആരോപിക്കപ്പെട്ട അക്രമത്തെയും കുറ്റപ്പെടുത്തി. ഐ.ടി.ഓ. ജംഗ്ഷനു സമീപമുള്ള പ്രക്ഷോഭകർ എല്ലാ സ്ഥലങ്ങളിലേക്കും ചിതറിപ്പോയിരുന്നു.

നവ്നീത് സിംഗ് എന്ന് പിന്നീടു തിരിച്ചറിയപ്പെട്ട 45-കാരനായ മനുഷ്യൻ യഥാർത്ഥത്തിൽ മരിച്ചത് ഓടിച്ചു കൊണ്ടിരുന്ന ട്രാക്ടർ തകിടം മറിഞ്ഞാണ്, ഒരു വെടിപോലും ഏറ്റിട്ടല്ല. ഇതിന്‍റെ കാര്യത്തിൽ വ്യക്തത വന്നപ്പോഴേക്കും, ചെങ്കോട്ടയിലേതുൾപ്പെടെയുള്ള അക്രമങ്ങളുടെ കഥ ബൃഹത് ട്രാക്ടർ റാലിയുടെ പ്രസക്തി മങ്ങുന്നതിനു കാരണമായിരുന്നു. 2020 സെപ്തംബറിൽ പാർലമെന്‍റ്  പാസ്സാക്കിയ മൂന്നു നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരങ്ങളുടെ ഭാഗമായിരുന്നു ട്രാക്ടർ റാലി.

വളരെ വ്യത്യസ്തമായി തുടങ്ങിയ ഒരു ദിവസത്തിന്‍റെ ദുഃഖകരമായ പര്യവസാനം.

തണുത്ത് മൂകമായ ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനം ഉത്സാഹവും പ്രസന്നതയും കൈവരിക്കാൻ തുടങ്ങിയതായിരുന്നു. ദേശ തലസ്ഥാനത്തിന്‍റെ അതിർത്തികളിൽ രണ്ടു മാസത്തിലധികമായി നടന്നു വരുന്ന കർഷക സമരം, മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വഴികളിലൂടെ സമാധാനപരമായി ട്രാക്ടർ പരേഡ് നടത്തിക്കൊണ്ട് ,ചരിത്രം സൃഷ്ടിക്കാൻ പോവുകയായിരുന്നു. ഔപചാരികമായ പരേഡ് മദ്ധ്യ ഡൽഹിയിലെ രാജ്പഥിൽ അവസാനിച്ച ശേഷം മൂന്ന് അതിർത്തികളിലായിരുന്നു - സിംഘു, ടിക്രി, ഗാസിപൂർ - ഇത് തുടങ്ങാനിരുന്നത്.

സാധാരണ പൗരന്മാർ നടത്തിയ എക്കാലത്തേയും ഏറ്റവും വലിയ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമാകേണ്ടതായിരുന്നു - യഥാർത്ഥത്തിൽ ആയിട്ടു തന്നെയുണ്ട് – ഈ പരേഡുകൾ.

PHOTO • Shalini Singh

റിപ്പബ്ലിക് ദിന പ്രഭാതത്തിൽ ബി.കെ.വൈ.യുടെ യോഗേഷ് പ്രതാപ് സിംഗ് ചില്ലാ അതിർത്തിയിൽ ഒരു സംഘം കർഷകരോടു സംസാരിക്കുന്നു (മുകളിലത്തെ നിര). ഉച്ചഭക്ഷണത്തിനു ശേഷം ട്രാക്ടർ പരേഡിനുവേണ്ടി യാത്ര തിരിക്കാനുള്ള സംഘം (താഴെ ഇടത്). ബി.കെ.യു.വിന്‍റെ യു.പി. യൂണിറ്റിൽ നിന്നുള്ള ഭാനു പ്രതാപ് സിംഗ് പാരിയോട് കാർഷികോത്പന്ന വിലയെക്കുറിച്ചു സംസാരിക്കുന്നു.

ഡൽഹിക്കും ഉത്തർ പ്രദേശിനും ഇടയ്ക്കുള്ള ചില്ലാ അതിർത്തിയിലേക്ക് (ഗാസിപൂരിനോട് വളരെ ചേർന്ന്) ട്രാക്ടർ ഓടിച്ചായിരുന്നു ഞങ്ങളുടെ ദിവസം ആരംഭിച്ചത്. പ്രവേശന സ്ഥലത്തേക്കുള്ള ബാരിക്കേഡുകൾ കുറച്ച് അസാധാരണമായിരുന്നു. ഇന്ധന ടാങ്കറുകളും ഡി.റ്റി.സി. ബസുകളും മഞ്ഞ പെയിന്‍റടിച്ച, ചെറിയ ഇരുമ്പു ഗേറ്റുകളോട് ചേർത്തിട്ടിരുന്നു. ചില്ലാ അതിർത്തിയിൽ പച്ചയും വെള്ളയും നിറങ്ങളിലുള്ള വലിയൊരു ക്യാമ്പ് സജ്ജീകരിച്ചിരുന്നു. പോലീസ് സേനയുമായി സഹകരിച്ച് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതകളിലൂടെയേ നീങ്ങാവൂ എന്ന് അവിടെവച്ച് ഒരു സംഘം കർഷകരോട് അവരുടെ നേതാക്കന്മാർ പറഞ്ഞു.

പരിപ്പും ചോറും അടങ്ങിയ സാധാരണ ഭക്ഷണമായിരുന്നു ഇവിടെ സമരക്കാർക്കു ലഭ്യമാക്കിയത്. അതിരാവിലെ 4 മണി മുതൽ അതു തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ജനകീയ പ്രാദേശിക ഗാനങ്ങൾ പശ്ചാത്തലത്തിൽ കേൾപ്പിച്ച് ‘ഭാരത് മാതാ കീ ജയ്’, ‘ജയ് ജവാൻ, ജയ് കിസാൻ’, എന്നീ മുദ്രാവാക്യങ്ങൾ ഒറ്റ ശ്വാസത്തിൽ വിളിച്ചുകൊണ്ട്  ഉച്ചയോടെ സംഘങ്ങൾ ട്രാക്ടറുകളിൽ കയറാൻ തുടങ്ങി. ട്രാക്ടറുകൾ നിയുക്ത പാതയിലേക്ക് (ചില്ലാ-ഡൽഹി-നോയിഡാ ഡയറക്റ്റ് ഫ്ലൈഓവർ-ദാദ്രി-ചില്ലാ) ഇരമ്പി നീങ്ങിയപ്പോൾ പോലീസുകാരുടെ ഒരു നീണ്ട നിരയും വെള്ള നിറത്തിലുള്ള ഡ്രോൺ ക്യാമറകളും രംഗം വീക്ഷിക്കുകയായിരുന്നു.

താഴെപ്പറയുന്നവയാണ് പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്ന മൂന്നു നിയമങ്ങള്‍: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

കര്‍ഷകരുടെയും കൃഷിയുടെമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

ചില്ലാ ട്രാക്ടർ പരേഡ് സംഭവ ബഹുലമായിരുന്നു. അതു പെട്ടെന്നവസാനിച്ചു, ഒരു മണിക്കൂറിനുള്ളിൽ തുടങ്ങിയിടത്തു തിരിച്ചെത്തി. പ്രധാന പരേഡ് നടക്കുന്ന, 40 കിലോമീറ്റർ അകലെയുള്ള, സിംഘുവിലേക്ക് പിന്നീടു ഞങ്ങൾ നീങ്ങാൻ തുടങ്ങി. വഴിമദ്ധ്യേ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ നിന്നും ഞങ്ങൾ അറിഞ്ഞത് കർഷകരുടെ ചില സംഘങ്ങൾ സിംഘുവിൽ നിന്നും ഡൽഹിയിലെ ഐ.ടി.ഓ.യിലേക്കു നീങ്ങിയെന്നാണ്. അസാധാരണമായെന്തോ നടക്കുകയായിരുന്നു. അവരെ പിന്തുടരാനായി ഞങ്ങൾ യാത്രയുടെ ഗതി മാറ്റി. ഔട്ടർ റിംഗ് റോഡിലൂടെ ഞങ്ങൾ പോയപ്പോൾ ധരാളം ഡൽഹി നിവാസികൾ റോഡിന്‍റെ വശങ്ങളിൽ കർഷക സംഘങ്ങളെ കൈ വീശി അഭിവാദ്യം ചെയ്തുകൊണ്ടു നിൽപ്പുണ്ടായിരുന്നു. അവരിൽ ഒരുപാടു പേർ ട്രാക്ടറുകളിൽ ആയിരുന്നു, കുറച്ചുപേർ മോട്ടോർ ബൈക്കുകളിലും കാറുകളിലും. കുടുംബത്തോടൊപ്പം കാറിലിരിക്കുകയായിരുന്ന ഒരു സ്ത്രീ ഒരു ട്രാക്ടറിന്‍റെ പുറകിൽ തൂങ്ങിനിന്നവർക്ക് ഒരു ട്രാഫിക് സിഗ്നലിൽ വച്ച് വെള്ളക്കുപ്പി കൈമാറാൻ ശ്രമിച്ചു.

രാജ്യത്തിനു വേണ്ട ഭക്ഷണം ഉണ്ടാക്കാൻ സഹായിക്കുന്ന വലിയ ട്രാക്ടറുകളുടെ വലിയ ചക്രങ്ങൾ ദേശ തലസ്ഥാനത്തിന്‍റെ കോൺക്രീറ്റ് റോഡുകളിലൂടെ ഉരുളുകയായിരുന്നു – ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി – ശക്തമായ, തീവ്രമായ ഒരു പ്രതീകാത്മക നീക്കം.

PHOTO • Shalini Singh

ചില്ലാ ട്രാക്ടർ പരേഡ് അതിന്‍റെ നിയുക്ത പാത (ചില്ലാ-ഡൽഹി-നോയിഡാ ഡയറക്റ്റ് ഫ്ലൈഓവർ-ദാദ്രി-ചില്ലാ) പൂർത്തിയാക്കി ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു വന്നു

PHOTO • Shalini Singh

ഐ.ടി.ഓ. ജംഗ്ഷനിൽ ഗാസിപൂർ, സിംഘു, ചെങ്കോട്ട എന്നിവടങ്ങളിൽ നിന്നുള്ള ട്രാക്ടറുകൾ അടുത്തു ഒരുമിച്ചു ചേര്‍ന്നു.

പെട്ടെന്ന് അന്തരീക്ഷത്തിലൊരു മാറ്റം സംഭവിച്ചു, നിലവിലുള്ള അവസ്ഥയ്ക്കും. ചില സമര സംഘങ്ങൾ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒരു മുന്നറിയിപ്പും കൂടാതെ ചെങ്കോട്ടയിലേക്കു ഓടിക്കയറിയെന്നും ഞങ്ങൾ കേട്ടു. പെട്ടെന്നു തന്നെ ആ ചരിത്ര സ്മാരകത്തിലെ സംഘർഷത്തെക്കുറിച്ചുള്ള വിവരങ്ങൾ പലയിടങ്ങളിലും പരന്നു. അവിടെ മതപരമായ പതാക ഉയർത്തിയെന്നായിരുന്നു കിംവദന്തി. തുടർന്നു വന്ന നാടകീയ രംഗങ്ങൾ പൊതു ശ്രദ്ധയും മാദ്ധ്യമ ശ്രദ്ധയും പ്രധാന പ്രശ്നങ്ങളിൽ നിന്നും അതുപോലെ തന്നെ ട്രാക്ടർ പരേഡുകളിൽ നിന്നും തിരിച്ചു വിടുന്നത് എളുപ്പമാക്കി.

"ഇവിടെ നിന്നും മാറി നിൽക്കുക”, ഉച്ച കഴിഞ്ഞ് ഏകദേശം 3:15 ആയപ്പോൾ ചെങ്കോട്ട വിട്ടുകൊണ്ട് ഒരു സഹപ്രവർത്തകൻ ഫോണിൽ ഞങ്ങളോടു പറഞ്ഞു. ചില സമരക്കാർ നിയന്ത്രണം വിട്ടോടിയപ്പോൾ (ഒരുപക്ഷേ കിംവദന്തികളിൽ പ്രകോപിതരായി) അതിനിടയിൽപ്പെട്ട് സഹപ്രവര്‍ത്തകന് പരിക്കുപറ്റി. അദ്ദേഹത്തിന്‍റെ വളരെ വില കൂടിയൊരു ക്യാമറാ ലെൻസും നശിപ്പിക്കപ്പട്ടു. ഞങ്ങൾ ഐ.ടി.ഒ.യിലേക്ക് യാത്ര തുടർന്നു. ചില ട്രാക്ടറുകൾ ഗാസിപൂർ, സിംഘു, ചെങ്കോട്ട എന്നിവിടങ്ങളിൽ നിന്ന് അവിടെ എത്തിച്ചേര്‍ന്നു. പെട്ടെന്നു തന്നെ പോലീസ് ഹെഡ് ക്വാർട്ടേഴ്സിനു പുറത്ത് ട്രാക്ടറുകളും ആളുകളും ഒത്തുകൂടി.

പഞ്ചാബിൽ നിന്നുള്ള ഒരു മൂവർ സംഘം ദേഷ്യത്തിലായിരുന്നു: "ഞാൻ ജനുവരി 22 – ന് സ്വന്തം ട്രാക്ടറിലാണ് സിംഘുവിൽ എത്തിയത്. രാവിലെ 4 മണിക്ക് എഴുന്നേറ്റാണ് ഈ റിപ്പബ്ലിക് ദിനത്തിൽ ഇവിടെ നിൽക്കുന്നത്. രണ്ടു ലക്ഷത്തിലധികം ടാക്ടറുകൾ ഈ പരേഡിൽ ഉണ്ട്. ഞങ്ങളും നമ്മുടെ റിപ്പബ്ലിക് ആഘോഷിക്കുകയാണ്. ഈ നിയമങ്ങൾ കോർപ്പറേറ്റുകൾക്കാണ് നേട്ടമുണ്ടാക്കുന്നത്, കർഷകർക്കല്ല.” തങ്ങൾ നിയമാനുസൃതമായി നീങ്ങുന്ന വലിയ പരേഡിന്‍റെ, അതായത് അപ്പോഴും നിയുക്ത പാതയിലൂടെ നീങ്ങുകയായിരുന്ന സമാധാന പരമായ ഒന്നിന്‍റെ, ഭാഗമായിരുന്നുവെന്ന് അവർ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നതായി ഇതൊക്കെ തോന്നിപ്പിച്ചു. മറ്റു പ്രദേശങ്ങളിലുള്ള സമരക്കാരുടെയിടയിലും ഇത്തരത്തിലൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു.

ആശയക്കുഴപ്പങ്ങളൊന്നുമില്ലാതെ നഗരത്തിൽ പ്രവേശിച്ച സമരക്കാരും അവരുടെയിടയിൽ ഉണ്ടായിരുന്നു. എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് ഇവിടെ വന്നതെന്നും അവർക്കു നന്നായി അറിയാവുന്നതായി തോന്നിച്ചു. തടസ്സങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കുകയും എല്ലാം തകർക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യം ഇവര്‍ക്കുണ്ടായിരുന്നു. അവിശ്വസനീയാം വിധം അച്ചടക്കത്തോടെയും സമാധാനപരമായും തലസ്ഥാന അതിർത്തികളിൽ സംഘടിപ്പിക്കപ്പെട്ട, ലക്ഷക്കണക്കിനു കർഷകർ പങ്കെടുത്ത, റാലിയെ തങ്ങളുടെ പ്രവൃത്തികൾ ബാധിക്കുമെന്ന് ഇവര്‍ക്കു നന്നായി അറിയാമായിരുന്നു. അവരിൽ ചിലർ എന്നോടു പറഞ്ഞു: "ചെങ്കോട്ടയിൽ ആ പതാക സ്ഥാപിച്ചതു നല്ലതാണ്. ഞങ്ങൾ തന്നെ അതു ചെയ്യണമെന്നു വിചാരിച്ചിരുന്നു.” അതിനുശേഷം അവരും പതാക കരുതിയിരുന്നതായി എനിക്കു കാണിച്ചു തന്നു.

PHOTO • Shalini Singh

മുകളിൽ ഇടത്: ‘കോർപ്പറേറ്റുകൾക്കു മാത്രമേ ഈ നിയമം പ്രയോജനപ്പെടൂ’, ഗുർദാസ്പൂരിൽ നിന്നുള്ള മൂവർസംഘം പറയുന്നു. മുകളിൽ വലത്: ‘ഇന്നത്തെ റിപ്പബ്ലിക് ദിനം ചരിത്രത്തിൽ താഴ്ത്തപ്പെടും‘ രഞ്ജിത് സിംഗ് (മദ്ധ്യത്തിൽ) പറയുന്നു. താഴത്ത നിര: ഐ.ടി.ഓ. പ്രദേശം പവൻദീപ് സിംഗ് (ഓറഞ്ച്) ഉൾപ്പെടെയുള്ള സമരക്കാരെക്കൊണ്ടും ടാക്ടറുകളെക്കൊണ്ടും നിറയുന്നു.

“സർക്കാർ എപ്പോഴും ഹിന്ദുരാഷ്ട്രത്തെക്കുറിച്ചു സംസാരിക്കുന്നു, മറ്റാരും ഈ രാജ്യത്തു ജീവിക്കുന്നില്ല എന്ന പോലെ. ഇന്ന് [മത] പതാക ഉയർത്തിയ സംഭവം അത്തരം ആശയത്തിനൊരു വെല്ലുവിളിയാണ്”, 26-കാരനായ പവൻദീപ് സിംഗ് ഉറപ്പിച്ചു പറഞ്ഞു.

ചിലരുടെ ആശയക്കുഴപ്പവും മറ്റു ചിലരുടെ സംശയത്തോടെയുള്ള പ്രതിബദ്ധതയും കുഴപ്പങ്ങളിലേക്കു വഴി തുറന്നു.

“ഇന്നത്തെ റിപ്പബ്ലിക് ദിനം ചരിത്രത്തിൽ താഴ്ത്തപ്പെടും. വരാൻ പോകുന്ന ദിനങ്ങളിൽ ജനങ്ങൾ ഇന്നത്തെ ട്രാക്ടർ ജാഥ ഓർമ്മിക്കും”, 45-കാരനായ രജ്ഞിത് സിംഗ് ഞങ്ങളോടു പറഞ്ഞു.

ഏകദേശം ഈ സമയത്താണ് നവ്നീത് സിംഗിന്‍റെ ട്രാക്ടർ മറിഞ്ഞതും കിംവദന്തികൾക്കു ചിറകുകൾ മുളച്ചതും. ഒരുപാടു സമരക്കാർ അദ്ദേഹത്തിന്‍റെ മൃതശരീരത്തിനു ചുറ്റും കൂടുകയും റോഡിലിരുന്ന് അദ്ദേഹത്തിന്‍റെ മരണത്തെ അനുശോചിക്കുകയും ചെയ്തു. അപ്പോഴൊക്കെ കുറച്ചു മീറ്ററുകൾ മാറി പോലീസ് സമരക്കാരെ നിരീക്ഷിക്കുകയായിരുന്നു.

മറ്റൊരു വ്യക്തി പഞ്ചാബിലെ ബിലാസ്പൂരിൽ നിന്നുള്ള 20-കാരനായ രവ്നീത് സിംഗിന്‍റെ കാലിൽ വെടിയുണ്ട തുളച്ചു കയറി എന്നൊരു കിംവദന്തിയും പരന്നിരുന്നു. മരണമടഞ്ഞ നവ്നീത് സിംഗ് കിടന്നതിന്‍റെ തൊട്ടടുത്ത റോഡിൽ പ്രായമുള്ള ഒരു സുഹൃത്തിന്‍റെ മടിയിൽ റവ്നീത് സിംഗ് മുറിവ് ശുശ്രൂഷിക്കപ്പെട്ടു കിടക്കുകയായിരുന്നു. തന്‍റെ കാലിൽ ഒരു വെടിയുണ്ടയും കയറിയിട്ടില്ലെന്നും ഐ.ടി.ഓ.ക്കു സമീപം പോലീസ് സമരക്കാർക്കു നേരെ കണ്ണീർ വാതകം പ്രയോഗിച്ചപ്പോഴുണ്ടായ ചെറു സംഘർഷത്തിൽ പെട്ട് കാല് മുറിഞ്ഞതാണെന്നും റവ്നീത് ചുറ്റും കൂടിയ മാദ്ധ്യമങ്ങളോടു വ്യക്തമാക്കി. മുഴുവൻ സത്യങ്ങളും ജനങ്ങളോടു പറയാൻ പറ്റുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കേണ്ടെന്നും പിന്തിരിഞ്ഞു പോകാനും മദ്ധ്യവയസ്കനായ ഒരു മനുഷ്യൻ ക്യാമറ കൈകാര്യം ചെയ്യുന്നവരോട് അസന്ദിഗ്ദമായി പറഞ്ഞു. ഇതിനിടക്ക് റവ്നീത് സിംഗിന്‍റെ ശബ്ദം മുങ്ങിപ്പോയി.

പ്രായം ഇരുപതുകളിലെത്തിയ മൊഹാലിയിൽ നിന്നുള്ള ഒരു സംഘം യുവകർഷകർ അടുത്തത് എങ്ങോട്ടു പോകണമെന്ന നേതാവിന്‍റെ നിർദ്ദേശത്തിനായി ഐ.ടി.ഓ.ക്കു സമീപം ട്രാക്ടറുകളിൽ കാത്തിരുന്നു. ഞങ്ങൾ ‘ഐ.ബി.’യിൽ നിന്നുള്ളവരാണോ എന്നു ചോദിച്ചുകൊണ്ട് അവർ സംസാരിക്കാൻ മടി കാണിച്ചു. ഞങ്ങൾ ഇന്‍റലിജൻസ് ബ്യൂറോയിൽ നിന്നുള്ളവർ അല്ലെന്നു വ്യക്തമാക്കിയപ്പോൾ പോലീസ് ട്രാക്ടർ പരേഡിൽ പങ്കെടുത്ത ആരുടെയോ നേർക്ക് വെടിവച്ചെന്നും അതു ശരിയായില്ലെന്നും അവർ പറഞ്ഞു. സമരം ഇതുവരെ സമാധാനപരമായിരുന്നു, പക്ഷേ ഇതൊരു പ്രകോപനമാണ്, അവർ പറഞ്ഞു.

PHOTO • Shalini Singh

നവ്നീത് സിംഗിന്‍റെ മരണത്തിൽ അനുശോചിക്കാനായി ആൾക്കൂട്ടം ഒത്തുകൂടി. ഐ.ടി.ഓ.യിലുള്ള ഒരു ക്രോസിംഗിൽ ട്രാക്ടർ മറിഞ്ഞതിനെത്തുടർന്നാണ് അദ്ദേഹം മരിച്ചത്.

PHOTO • Shalini Singh

ശ്രീമതി അന്‍റിൽ (ഇടത്) സർക്കാർ വഴങ്ങണമെന്ന് ശക്തമായി പറഞ്ഞു. ‘ഞാൻ ഒരു ജവാനും കിസാനും കൂടിയാണ്, പക്ഷേ എല്ലായ്പ്പോഴും കിസാനായി തുടരും’, അജയ് കുമാർ സിവാച് (ഏറ്റവും വലത്) പറഞ്ഞു.

“സർക്കാർ കർഷകരെയായിരിക്കില്ല കൊല്ലുന്നത്, പകരം സ്വന്തം നിയമങ്ങളെയായിരിക്കും”, അവർ ഞങ്ങളോടു പറഞ്ഞു. “ഈ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും നീണ്ടും നിൽക്കുന്ന സമരം ഇതാകാനുള്ള സാദ്ധ്യതയുണ്ട്”, എന്നും അവർ കൂട്ടിചേർത്തു.

നവ്നീത് സിംഗിന്‍റെ മരണത്തിന്‍റെ കാരണം സ്ഥിരീകരിക്കുന്നതിനും മറ്റു സമരക്കാരോടു സംസാരിക്കുന്നതിനുമായി മറ്റിടങ്ങളിലേക്ക് നീങ്ങാൻ ശ്രമിച്ചപ്പോൾ അജയ് കുമാർ സിവാച് എന്ന മുൻ സൈനികനെ കാണാനിടയായി. 45-കാരനായ അദ്ദേഹം ഉത്തരാഖണ്ഡിലെ ബാജ്പൂരിൽ നിന്നാണ്. ഇപ്പോൾ ഉത്തർ പ്രദേശിലെ മീററ്റിൽ താമസിക്കുന്നു.

"ഈ രാജ്യത്തെ കൃഷി നിന്നു പോവുകയാണെങ്കിൽ സർക്കാർ തന്നെ നിന്നു പോകും”, സിവാച് പറഞ്ഞു. “ഞാനിപ്പോൾ ഒരു പെൻഷനറും കരിമ്പും ഗോതമ്പും കൃഷി ചെയ്യുന്ന കർഷകനുമാണ്. കൃഷിയിലേക്കു വരുന്നതിനു മുൻപ് 20 വർഷത്തോളം ഞാൻ സൈന്യത്തിലായിരുന്നു. ജമ്മു കാശ്മീർ, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലൊക്കെ ഞാൻ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഞാൻ ജവാനും കിസാനുമാണ്. പക്ഷേ ഞാൻ കിസാനായി തുടരും. നമുക്കെല്ലാവർക്കുമായിരിക്കുന്നതു പോലെ ഇന്നത്തെ ദിവസം എനിക്കും വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങൾ ഗ്രാമത്തിലെ ജനങ്ങളിൽ നിന്നും 60,000 രൂപ ഡൽഹിയിൽ സമരത്തിനു വരുന്നതിനായി ശേഖരിച്ചു.”

കടും പച്ച നിറത്തിലുള്ള തലപ്പാവു ധരിച്ച ഒരു കർഷക സ്ത്രീയിൽ ഞങ്ങളുടെ കണ്ണുകൾ ഉടക്കി. ശ്രീമതി അന്‍റിൽ എന്ന ആ 48 -കാരി ഹരിയാനയിലെ സോണിപതിൽ നിന്നാണ്. അവർ ചോളം, വെള്ളരി, ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവയൊക്കെ കൃഷി ചെയ്യുന്നു. സിംഘുവിൽ നിന്നു വീട്ടിലേക്കു പോയും വന്നും കഴിഞ്ഞ രണ്ടു മാസത്തിലധികമായി താൻ കർഷക സമര രംഗത്തുണ്ടെന്ന് അവർ പറഞ്ഞു. "ഞാൻ സിംഘുവിലുള്ളപ്പോൾ 17 വയസ്സുകാരിയായ മകളെയും 10 വയസ്സുകാരനായ മകനെയും ഭർത്താവ് നോക്കും. ഇന്ന് റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബും, ഹരിയാനയും, ഉത്തർപ്രദേശും ഒരുമിച്ചു വന്നിരിക്കുന്നു. എന്തു നടന്നാലും അതൊക്കെ എല്ലാവർക്കും നഷ്ടമാണ്. അടുത്ത കാലത്തായി ഏകദേശം 200 കർഷകർ രക്തസാക്ഷികൾ ആയിട്ടുണ്ട്. സർക്കാർ വഴങ്ങേണ്ടതുണ്ട്. അമ്പാനിമാർക്കും അദാനിമാർക്കുമൊക്കെയാണ് ഈ കാർഷിക നിയമങ്ങൾ പ്രയോജനപ്പെടുന്നത്, ഞങ്ങൾക്കല്ല.”

സൂര്യൻ അസ്തമിക്കാൻ തുടങ്ങിയപ്പോൾ ഐ.ടി.ഓ.യിലുണ്ടായിരുന്ന കുറച്ചു ട്രാക്ടറുകൾ യാത്ര തുടങ്ങിയ അതിർത്തികളിലേക്കു തന്നെ തിരികെ പോകാൻ തുടങ്ങി. തലസ്ഥാനവും ചുറ്റുപാടുകളും പൗരന്മാര്‍ ആഘോഷമാക്കി മാറ്റിയ മഹാ പരേഡിനും ദുരന്തമായി മാറിയ അക്രമ രംഗങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Shalini Singh

شالنی سنگھ، پاری کی اشاعت کرنے والے کاؤنٹر میڈیا ٹرسٹ کی بانی ٹرسٹی ہیں۔ وہ دہلی میں مقیم ایک صحافی ہیں اور ماحولیات، صنف اور ثقافت پر لکھتی ہیں۔ انہیں ہارورڈ یونیورسٹی کی طرف سے صحافت کے لیے سال ۲۰۱۸-۲۰۱۷ کی نیمن فیلوشپ بھی مل چکی ہے۔

کے ذریعہ دیگر اسٹوریز شالنی سنگھ
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.