“ഞങ്ങള്‍ ട്രാക്ടറുകള്‍ ത്രിവർണ്ണ പതാകകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ രാജ്യത്തെ സ്നേഹിക്കുന്നു”, ശംശേർ സിംഗ് പറയുന്നു. അദ്ദേഹത്തിന്‍റെ ട്രാക്ടറിൽ ദേശീയ പതാകയുടെ നിറങ്ങളിൽ റിബ്ബണുകളും, ബലൂണുകളും, പൂക്കളും കൊണ്ട് തോരണം ചാർത്തിയിരുന്നു. “മാതൃരാജ്യം പോലെ തന്നെ പ്രിയങ്കരമാണ് ഞങ്ങൾക്ക് കൃഷിയും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “മാസങ്ങളോളം ഞങ്ങൾ സ്വന്തം നിലങ്ങളിൽ കൃഷി ചെയ്യുന്നു. ഞങ്ങളുടെ അമ്മമാര്‍ ഞങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങളുടെ വിളകളെ ഞങ്ങള്‍ പരിചരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ ട്രാക്ടറുകള്‍ ഭൂമാതാവിനെ പോലെ അലങ്കരിച്ചിരിക്കുന്നത്.”

ഡൽഹിയിൽ പ്രതിഷേധസമരം നടക്കുന്നയിടങ്ങളിലെ കർഷകർ അവരുടെ ട്രാക്ടറുകൾ പല പ്രമേയങ്ങൾ ആസ്പദമാക്കി ഒരു പരിപാടിക്കുവേണ്ടി ഒരുക്കുന്നു. പല സംസ്‌ഥാനങ്ങളെയും പ്രമേയങ്ങളെയും പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഈ റാലിയും ജനുവരി 26-ന് തലസ്ഥാനത്തു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡുപോലെ വർണ്ണാഭവും  അർത്ഥപൂർണ്ണവും ആക്കണമെന്നാണവർ ആഗ്രഹിക്കുന്നത്. പൂക്കളും, പതാകകളും, ടാബ്ലോയും ഒക്കെചേര്‍ന്ന് ട്രാക്ടറുകൾക്ക് ഒരു പുതിയ ഭാവം കൈവന്നിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കർഷകർ സ്വന്തംനിലയിലും കാര്‍ഷിക യൂണിയനുകൾ ഏർപ്പെടുത്തിയ സംഘങ്ങളുടെ സഹായത്തോടെയും ജനുവരി 26-നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

"ഗൗരെ നാംഗലിലുള്ള എന്‍റെ വീട്ടിൽ നിന്ന് ഇവിടെ വരെ ട്രാക്ടറോടിച്ചു വരാൻ രണ്ടു ദിവസങ്ങളെടുത്തു", 53-കാരനായ ഷംഷേർ പറഞ്ഞു. അദ്ദേഹം ടിക്രിയിലെ പരേഡില്‍ പങ്കെടുക്കാന്‍ പഞ്ചാബിലെ അമൃത്സർ ജില്ലയിലെ തന്‍റെ ഗ്രാമത്തിൽ നിന്നും ഇരുപതു കർഷകരോടൊപ്പം ഹരിയാന-ഡൽഹി അതിർത്തിയിലെത്തിയതാണ്. കാർഷിക നിയമങ്ങള്‍ പിൻവലിക്കണമെന്നുള്ള കര്‍ഷകരുടെ ആവശ്യം ആവര്‍ത്തിച്ചുന്നയിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

PHOTO • Shivangi Saxena

മുകളിലത്തെ നിര: റിപ്പബ്ലിക് ദിന പരേഡിനായി ട്രാക്ടർ അലങ്കരിച്ച്‍ ബൽജീത് സിങ്ങും കൊച്ചുമകൻ നിശാന്തും. താഴത്തെ നിര: കൃഷിയെ പ്രതിനിധീകരിക്കാൻ തന്‍റെ കാറിനു പച്ച നിറം കൊടുത്ത് ബൽജിന്ദർ സിംഗ്

2020 സെപ്തംബറില്‍ പാർലമെന്‍റ്  പാസ്സാക്കിയ മൂന്നു നിയമങ്ങൾക്കെതിരെ കർഷകർ സമരം നടത്തി വരുന്നു. 2020 ജൂണ്‍ അഞ്ചിന് ഈ നിയമങ്ങൾ ആദ്യം ഓർഡിനൻസുകളായാണ് പാസ്സാക്കപ്പെട്ടത്. പിന്നീട് അവ കാർഷികബില്ലുകളായി സെപ്തംബർ പതിനാലിനു പാർലമെന്‍റിൽ അവതരിപ്പിക്കുകയും അതേ മാസം ഇരുപതിനു തന്നെ ധൃതി പിടിച്ചു നിയമങ്ങള്‍ ആക്കുകയുമായിരുന്നു. വില ഉറപ്പാക്കുന്നതും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ നിയമം, 2020; കാര്‍ഷിക വിള വിപണനവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച നിയമം , 2020; അവശ്യ  സാധന (ഭേദഗതി) നിയമം, 2020 എന്നിവയാണ് പാസാക്കിയ പുതിയ നിയമങ്ങൾ.

ഈ മൂന്നു നിയമങ്ങളെയും കർഷകര്‍ കാണുന്നത് തങ്ങളുടെ ഉപജീവനമാർഗത്തെ നശിപ്പിക്കുന്നവയായിട്ടാണ്. എന്തുകൊണ്ടെന്നാല്‍ ഈ നിയമങ്ങള്‍ വൻകിട കോർപറേറ്റുകളുടെ  വ്യാപ്തി വർദ്ധിപ്പിച്ചുകൊണ്ട് അവയ്ക്ക് കൃഷിയുടെമേൽ വലിയ അധികാരം നൽകുമെന്ന് അവര്‍ വിശ്വസിക്കുന്നു. മാത്രമല്ല, കർഷകരുടെ സംരക്ഷണത്തിനുതകുന്ന പ്രധാനപ്പെട്ട വ്യവസ്ഥകളായ മിനിമം താങ്ങു വില (എം.എസ്.പി.), കാർഷിക ഉത്പന്ന വിപണന സമിതികൾ (എ.പി.എം.സി.കൾ), ഭക്ഷ്യധാന്യങ്ങളുടെ സംസ്‌ഥാന സംഭരണം, എന്നിങ്ങനെ പലതിനെയും ഈ മൂന്നു നിയമങ്ങൾ അട്ടിമറിക്കുന്നു. ഭരണഘടനയുടെ 32-ാം വകുപ്പിനെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് പൗരന്മാരുടെ നിയമപരമായ സഹായം തേടാനുള്ള അവകാശം അസാധുവാക്കുന്നതിനാല്‍ എല്ലാ ഭാരതീയരെയും ബാധിക്കുന്നവയാണ് ഈ നിയമങ്ങൾ എന്നും വിമർശനമുണ്ട്.

ബൽജീത് സിംഗും തന്‍റെ ട്രാക്ടർ വർണ്ണശബളമായ മാലകളും ഇന്ത്യയുടെ പതാകയുംകൊണ്ട്  അലങ്കരിച്ചിരിക്കുന്നു. ഇദ്ദേഹം റോഹ്തക്  ജില്ലയിലെ ഖേരി സാധ് ഗ്രാമത്തിൽ നിന്നും 14-കാരനായ  കൊച്ചുമകനോടൊപ്പം പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ വന്നതാണ്. ബഹുമാനസൂചകമായി സംസ്‌ഥാനത്തെ എല്ലാ കർഷകരെയും പ്രതിനിധീകരിച്ചുകൊണ്ട് താനും കൊച്ചു മകനും ഹരിയാനയുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് പരേഡിൽ പങ്കെടുക്കുക എന്ന് അദ്ദേഹം പറഞ്ഞു.

PHOTO • Shivangi Saxena

റാലിക്കു വേണ്ടി പല കലാകാരന്മാരും പോസ്റ്ററുകളും ബാനറുകളും വലിയ ബോർഡുകളും ഉണ്ടാക്കിയിട്ടുണ്ട്. ‘ഞങ്ങൾ കർഷകസമരത്തിന്‍റെ ഈ വേദി സമൂഹ്യ തിന്മകള്‍ക്കെതിരെള്ള അവബോധം വളർത്താൻ ഉപയോഗിക്കുകയാണ്’, ഭാരതീയ കിസാന്‍ യൂണിയന്‍റെ ഒരു വക്താവ് പറയുന്നു

“ഈ പ്രതിഷേധത്തിൽ പങ്കെടുക്കാന്‍ ഈയിടെ ഞാൻ ഒരു മഹീന്ദ്രാ ട്രാക്ടർ വാങ്ങി. സ്വന്തം പണമാണ് ഞാന്‍ ചെലവാക്കിയത്. മറ്റാരും ഞങ്ങൾക്കു  പണം നൽകുന്നില്ലെന്ന് സർക്കാരിനെ ബോദ്ധ്യപ്പെടുത്തുന്നതിനാണിത്. ഞങ്ങൾ സമ്പാദിച്ചതാണ് ഞങ്ങളുടെ പണം”, 57-കാരനായ ഈ കൃഷിക്കാരൻ പറയുന്നു.

കാറുകളും പരേഡിൽ പങ്കുചേരുന്നുണ്ട്. 27-കാരനായ ബൽജിന്ദർ സിംഗ് പറഞ്ഞത് ‘കിസാൻ റിപ്പബ്ലിക് ദിന പരേഡിൽ’ ചേരാനാണ് പഞ്ചാബിലെ മോഗാ ജില്ലയിലെ മോഗാ പട്ടണത്തില്‍ നിന്നും വന്നതെന്നാണ്. അദ്ദേഹം 350 കിലോമീറ്റർ ഇന്നോവ ഓടിച്ചാണ് ടിക്രിയില്‍ എത്തിയത്. കലാകാരനായ ബൽജിന്ദർ കൃഷിയെ പ്രതിനിധീകരിക്കുന്നതിനായി തന്‍റെ കാറില്‍ പച്ച നിറമടിച്ചിട്ടുണ്ട്. കാറിന്‍റെ പിന്നിൽ ‘പഞ്ചാബ് വെഡ്സ് ഡൽഹി’ എന്ന് എഴുതിയിരിക്കുന്നു. “പഞ്ചാബിലെ ജനങ്ങൾ ഡൽഹിയെ നേടിയിട്ടു മാത്രമേ തിരികെ പോവുകയുള്ളൂ എന്നാണ് ഇതിനര്‍ത്ഥം” അദ്ദേഹം വിശദീകരിച്ചു. ഐതിഹാസിക സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഭഗത് സിംഗ് ആണ് തന്‍റെ ആരാധ്യപുരുഷനെന്ന് അദ്ദേഹം പറഞ്ഞു.

റാലിക്കു തയ്യാറെടുക്കുന്നതിനായി പല കലാകാരന്മാരും പോസ്റ്ററുകളും ബാനറുകളും വലിയ ബോര്‍ഡുകളുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു.) ഈ കലാകാരന്മാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. “ദളിതർക്കെതിരായ ക്രൂരതകള്‍, കുടിയേറ്റക്കാരുടെ പ്രതിസന്ധികള്‍ എന്നിവയുമായി ബന്ധപ്പെട്ട സമൂഹ്യ തിന്മകള്‍ക്കെതിരെ അവബോധം വളർത്താൻ ഞങ്ങൾ കർഷകസമരത്തിന്‍റെ ഈ വേദി ഉപയോഗിക്കുന്നു. ഞങ്ങൾ വലിയ ബോർഡുകളിൽ ഞങ്ങളുടെ ഗുരുക്കന്മാരുടെ ഉപദേശങ്ങൾ എഴുതി തയ്യാറാക്കുകയാണ്. ഇത് പൂർത്തിയാക്കുവാൻ ഞങ്ങൾ രാവും പകലും അധ്വാനിച്ചു”, ബി.കെ.യു. (ഉഗ്രാഹന്‍) വിന്‍റെ  മാദ്ധ്യമ വക്താവായ വികാസ് (അദ്ദേഹം ഈ പേരിൽ മാത്രം അറിയപ്പെടാൻ താത്പര്യപ്പെടുന്നു) പറഞ്ഞു.

അങ്ങനെ ജനുവരി 26-നു പ്രഭാതത്തിൽ, ട്രാക്ടറുകളും, കാറുകളും, ആളുകളും ഒരുമിച്ച് ഈ അപൂർവമായ പരേഡിനുവേണ്ടി - കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുമെന്ന് കര്‍ഷകര്‍ ഉറച്ചു പ്രതീക്ഷിക്കുന്ന യാത്രയ്ക്കുവേണ്ടി - പുറപ്പെട്ടിരിക്കുന്നു.

പരിഭാഷ: പി എസ്‌ സൗമ്യ
Shivangi Saxena

شیوانگی سکسینہ نئی دہلی کے مہاراجہ اگرسین انسٹی ٹیوٹ آف مینجمنٹ اسٹڈیز میں صحافت اور ذرائع ابلاغ کی تیسرے سال کی طالبہ ہیں۔

کے ذریعہ دیگر اسٹوریز Shivangi Saxena
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

کے ذریعہ دیگر اسٹوریز P. S. Saumia