" ഏക് മിനിറ്റ് ഭി ലേറ്റ് നഹി ഹോ സക്തെ വർണ ഹുമാരി ക്ലാസ്സ് ലഗ് ജായേഗി [എനിക്ക് ലേറ്റ് ആകാൻ കഴിയില്ല, ഒരു മിനിറ്റ് പോലും, അല്ലെങ്കിൽ ഞാൻ കുഴപ്പത്തിലാകും]”, ലഖ്നൗവിലെ കന്‍റോൺമെന്‍റ് അസ്സംബ്ലി നിയോജക മണ്ഡലത്തിലെ മഹാനഗർ പബ്ലിക് ഇന്‍റർ കോളേജിലേക്ക് തിടുക്കത്തിൽ നടക്കുമ്പോൾ റീത്ത ബാജ്പയ് പറഞ്ഞു. അതായിരുന്നു അവർക്ക് ചുമതല നൽകിയ പോളിംഗ് സ്റ്റേഷൻ - അവർ വോട്ട് ചെയ്യുന്നത് അവിടെ അല്ലെങ്കിലും.
അവരുടെ വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് കോളേജ്. ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ കുപ്പികൾ, സ്ഥലത്ത് വിതരണം ചെയ്യാനുള്ള നിരവധി താൽക്കാലിക കൈയുറകൾ, മുഖാവരണങ്ങൾ എന്നിവയൊക്കെ അടങ്ങിയ വലിയ ബാഗും വഹിച്ചുകൊണ്ട് അവർ രാവിലെ 5:30 ന് അത്രയും ദൂരം നടക്കുകയായിരുന്നു. ഒൻപത് ജില്ലകളിലായി മറ്റ് 58 നിയോജകമണ്ഡലങ്ങളോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളുടെ നാലാം ഘട്ടത്തിൽ ഫെബ്രുവരി 23-നാണ് ലഖ്നൗ വോട്ടെടുപ്പ് എന്നതിനാൽ അവർക്ക് പ്രത്യേകിച്ച് തിരക്കുള്ള ദിവസമായിരുന്നു അത്.
ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു (ഫലങ്ങളും പുറത്തുവന്നു – പക്ഷെ വലിയൊരു കൂട്ടം സ്ത്രീകൾക്ക് ഫലങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ). അതവർക്ക് വളരെ ക്ലേശകരമായിരുന്നു, ജീവാപായം ഉണ്ടാക്കാൻ മാത്രം സാദ്ധ്യതയുള്ളവ. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ അസംബ്ലി തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനായി അവര്‍ വഹിക്കാന്‍ നിർബന്ധിതരായ അപകടങ്ങളിൽ നിന്നുണ്ടാകുന്ന ഫലങ്ങൾ.
ഔപചാരികമായി എഴുതപ്പെട്ട ഉത്തരവുകൾ ഒന്നുമില്ലാതെ പോളിംഗ് ബൂത്തുകളിൽ ജോലി ചെയ്യാൻ നിർബന്ധിതരായ 163,407 ആശാപ്രവർത്തകരാണ് (ASHAs - Accredited Social Health Activists) അവർ. വിരോധാഭാസമെന്നു പറയട്ടെ (പോളിംഗ് കേന്ദ്രങ്ങളിൽ വൃത്തിയും ശുചിത്വവും നിലനിർത്തുക എന്നതായിരുന്നു അവരുടെ ദൗത്യം എന്നതിനാൽ) അവർക്കുവേണ്ടിയുള്ള വ്യക്തിപരമായ സംരക്ഷണങ്ങൾ പരിമിതമായിരുന്നു. കോവിഡ് 19-മായി ബന്ധപ്പെട്ട് 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ രണ്ടായിരത്തോളം സ്ക്കൂൾ അദ്ധ്യാപകരുടെ മരണങ്ങൾ കണ്ട ഒരു സംസ്ഥാനത്താണിത്. ആ വർഷം ഏപ്രിലിൽ മഹാമാരി അതിന്‍റെ ഉന്നതിയിൽ എത്തി നിന്ന സമയത്ത് അദ്ധ്യാപകരോട് അവരുടെ താൽപര്യത്തിനെതിരെ പോളിംഗ് ഉദ്യോഗസ്ഥരായി ജോലി ചെയ്യാൻ ഉത്തരവിട്ടു
മരിച്ച അദ്ധ്യാപകരുടെ തകർന്ന കുടുംബങ്ങൾ നഷ്ടപരിഹാരത്തിനായി പൊരുതുകയും പല കുടുംബങ്ങൾക്കും അങ്ങനെ 30 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. ഒരു ശിക്ഷാ ജോലി എന്ന നിലയിൽ ആശാ പ്രവർത്തകർ കാണുന്ന, വോട്ടെടുപ്പിൽ നിന്നും അവരെ മാറ്റി നിർത്തുകയും ചെയ്ത, ഇതിനെതിരെ അവരുടെ വിഷയം മുന്നോട്ടു വയ്ക്കുന്നതിനായി അവർക്ക് എഴുതപ്പെട്ട രേഖകളോ ഉത്തരവുകളോ നിർദ്ദേശങ്ങളോ ഒന്നുമില്ല.
കോവിഡ്-19 ആണ് അവർ പ്രതീക്ഷിക്കുന്ന ഫലം. വോട്ടെടുപ്പിന്‍റെ ആദ്യഘട്ടങ്ങളിൽ സഹ ആശാ പ്രവർത്തകരുടെ മേൽ ഉണ്ടായിട്ടുള്ള അതിന്‍റെ ആഘാതം അവർ ഇനിയും അളക്കാൻ തുടങ്ങിയിട്ടില്ല.
*****
തങ്ങൾ സന്നിഹിതരായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ അവർക്ക് ലഭിച്ച വാക്കാലുള്ള ഉത്തരവുകളെയും ചുമതല നിർദ്ദേശങ്ങളെയും തുടർന്ന് ലഖ്നൗവിൽ നിന്നുള്ള 1,300-ലധികം ആശാ പ്രവർത്തകരെ പോളിംഗ് സ്റ്റേഷനുകളിൽ നിയമിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പാണ് അവർക്ക് തിരഞ്ഞെടുപ്പ് ചുമതലകൾ നൽകിയത്. “ഞങ്ങളെ ചന്ദൻഗർ പി.എച്.സിയിലേക്ക് വിളിക്കുകയും വോട്ടെടുപ്പിന്‍റെയന്ന് ശുചിത്വം സംരക്ഷിക്കണമെന്ന് വാക്കാലുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ”, റീത്ത പറഞ്ഞു. "ഞങ്ങളോട് അണുനാശിനി തളിക്കാനും, ഊഷ്മാവ് നോക്കാനും [വോട്ടറുടെ], മാസ്ക്കുകൾ വിതരണം ചെയ്യാനും പറഞ്ഞു.”
2022 മാർച്ച് 7 മുതൽ ഫെബ്രുവരി 10 വരെ നടന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിൽ സമാനമായ ചുമതലകൾ ഉത്തർപ്രദേശിലുടനീളം ആശ പ്രവർത്തകർക്ക് നൽകി.
“ആശാ പ്രവർത്തകരുടെ പേരുകളും അവർക്ക് നൽകിയ [പോളിംഗ്] സ്റ്റേഷനുകളും രേഖപ്പെടുത്തിയ ഒരു ഷീറ്റ് ഉണ്ടായിരുന്നു, പക്ഷെ അതിൽ ഒപ്പ് ഇല്ലായിരുന്നു”, 36-കാരിയായ പൂജ സാഹു പറഞ്ഞു. ലഖ്നൗവിലെ സർവാൻഗീൻ വികാസ് ഇന്‍റർ കോളേജ് പോളിംഗ് സ്റ്റേഷനായിരുന്നു അവർക്കനുവദിച്ചത്.
“പോളിംഗ് സ്റ്റേഷനിൽ തിക്കുംതിരക്കും ഉണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, ആരായിരുന്നു ഉത്തരവാദിത്തം എടുക്കുമായിരുന്നത്, പറയൂ”, ഫെബ്രുവരി 27-ന് ചിത്രകൂട് നഗരത്തിൽ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന 41-കാരിയായ ശാന്തി ദേവി ചോദിച്ചു. “എഴുതപ്പെട്ട ഒരു കത്തില്ലാതെ, ഞങ്ങളെ തിരഞ്ഞെടുപ്പ് ചുമതലയ്ക്ക് വിളിച്ചതാണെന്ന് എങ്ങനെയാണ് തെളിയിക്കുക? എല്ലാ ആശാ പ്രവർത്തകർക്കും ശബ്ദമുയർത്താൻ ഭയമാണ്. അത്തരമൊരു അവസരത്തിൽ, ഞാൻ കൂടുതൽ സംസാരിച്ചാൽ, ഞാനും അപകടത്തിലാകും. അവസാനമായി, ഞാനൊറ്റയ്ക്ക് വേണം വരാനും പോകാനും.”
എന്നിരിക്കിലും ചിത്രകൂടിലെ തന്‍റെ പോളിംഗ് ബൂത്തിലെ മറ്റുദ്യോഗസ്ഥർ ഹാജർ ഷീറ്റിൽ ഒപ്പ് വയ്ക്കുന്നതു കണ്ടപ്പോൾ ശാന്തി ദേവി സംസാരിച്ചു പോയി. ആശാ പ്രവർത്തകർക്കും എവിടെങ്കിലും ഒപ്പിടേണ്ടതുണ്ടോ എന്ന് അവർ പ്രിസൈഡിംഗ് ഓഫീസറോടു ചോദിച്ചു. "പക്ഷെ ഞങ്ങളെ ചിരിച്ചു തള്ളി”, അവർ പറഞ്ഞു. “ഞങ്ങളെ തിരഞ്ഞെടുപ്പു കമ്മീഷൻ നിയമിച്ചതല്ല, അതുകൊണ്ട് ഞങ്ങളുടെ സാന്നിദ്ധ്യം ഒപ്പിട്ട് അറിയിക്കേണ്ട കാര്യമില്ലെന്ന് അവർ പറഞ്ഞു.” സമാനമായ അനുഭവം ഉണ്ടായിട്ടുള്ള ചിത്രകൂടിലെ 800-ലധികം ആശാ പ്രവർത്തകരിൽ ഒരാളാണ് ശാന്തി.
ചിത്രകൂടിലെ മറ്റൊരു ആശ പ്രർത്തകയായ 39-കാരി കലാവന്തിയെ ഡ്യൂട്ടി ലെറ്റർ ചോദിച്ചതിന് ഒരു പി.എച്.സി. ജീവനക്കാരൻ നിശബ്ദയാക്കി. “എന്‍റെ ഭർത്താവ് ഒരു സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ അസിറ്റന്‍റ് അദ്ധ്യാപകനാണ്. ഒരാഴ്ച മുമ്പ് ഞാൻ അദ്ദേഹത്തിന്‍റെ ഡ്യൂട്ടി ലെറ്റർ കണ്ടതാണ്”, അവർ പറഞ്ഞു. “എനിക്കും ഡ്യൂട്ടി നൽകിയതിനാൽ ഒരു ലെറ്റർ കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ, ശുചീകരണത്തിനുള്ള വസ്തുക്കൾ സ്വീകരിച്ചതിനുശേഷം എഴുതപ്പെട്ട ഉത്തരവിനായി ഞാൻ ചോദിച്ചപ്പോൾ പ്രഭാരി ലഖൻ ഗാർഗും [പി.എച്.സി. ഇൻ ചാർജ്] ബി.സി.പി.എം. രോഹിതും [ബ്ലോക്ക് കമ്മ്യൂണിറ്റി പ്രോസസ് മാനേജർ] എന്നോട് പറഞ്ഞത് ആശ പ്രവർത്തകർക്ക് ലെറ്റർ ലഭിക്കില്ലെന്നും ഡ്യൂട്ടിക്ക് വരാൻ വാക്കാലുള്ള ഉത്തരവ് മതിയെന്നുമാണ്.”
തിരഞ്ഞെടുപ്പ് ദിവസം കലാവന്തിക്ക് 12 മണിക്കൂർ പോളിംഗ് സ്റ്റേഷനിൽ തന്നെ കഴിയേണ്ടി വന്നു. പക്ഷെ അവിടുത്തെ ചുമതല തീർന്നപ്പോഴും അവരുടെ ജോലി തീർന്നില്ല. പി.എച്.സി.യിലെ ഓക്സിലിയറി നഴ്സ് മിഡ്‌വൈഫ് അവരെ ഫോണിൽ വിളിച്ചു. “ഞാൻ വീട്ടിലെത്തിയപ്പോൾ എ.എൻ.എം. എന്നെ വിളിച്ച് ഒരു അന്ത്യശാസനം തന്നു. ഒരു ഗ്രാമം മുഴുവനായും സർവ്വേ നടത്തി അടുത്തദിവസം അവസാനത്തോടെ അതിന്‍റെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് എന്നോട് പറഞ്ഞു”, അവർ പറഞ്ഞു.
കലാവന്തി പോളിംഗ് സ്റ്റേഷനിൽ ഹാജരായത് പരിഗണിച്ചില്ലെന്ന് മാത്രമല്ല അവർക്കതിന് വേതനവും നൽകിയില്ല. സ്റ്റേഷനിലെ മറ്റു ജീവനക്കാർ ജോലി ചെയ്തുകൊണ്ട് ചിലവഴിച്ചത്ര സമയം തന്നെ ആശ പ്രവർത്തകരും ചിലവഴിച്ചെങ്കിലും അവർക്ക് പ്രതിഫലം ഒന്നും ലഭിച്ചില്ല. “അവർ ഞങ്ങൾക്ക് കത്തുകളൊന്നും നൽകിയില്ല”, യു.പി. ആശ യൂണിയന്‍റെ പ്രസിഡന്‍റായ വീണാ ഗുപ്ത പറഞ്ഞു. “ലെറ്റർ ഉണ്ടെങ്കിലേ അലവൻസുകൾ ലഭിക്കൂ. തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന എല്ലാ ജീവനക്കാർക്കും കുറച്ച് അലവൻസ് ലഭിച്ചു. പക്ഷെ ആശ പ്രവർത്തകർക്കും അംഗൻവാടി പ്രവർത്തകർക്കും ലഭിച്ചില്ല. യാത്രയ്ക്കായി അവരെക്കൊണ്ട് സ്വന്തം പണം മുടക്കിച്ചു. ചുരുക്കത്തിൽ ചൂഷിതരായി”, അവർ കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല.
*****
നാഷണൽ ഹെൽത്ത് മിഷനിൽ കുറവ് വേതനം ലഭിക്കുന്നവരും അമിതഭാരം വഹിക്കുന്നവരുമായ മുഖ്യ പ്രവർത്തകർ 2005 മുതൽ പൊതു ആരോഗ്യ അടിസ്ഥാന മേഖലയുടെ മുന്നണിയിലുണ്ട്. പക്ഷെ അവർ സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള അവഗണനയ്ക്കും താൽപര്യമില്ലായ്മയ്ക്കും ചിലപ്പോഴൊക്കെ തികഞ്ഞ അനീതിക്കും വിധേയരാണ്.
കൊറോണ വൈറസ് രാജ്യത്തുടനീളം പടർന്നപ്പോൾ വീടുവീടാന്തരം കയറിയുള്ള പരിശോധന, അതിഥി തൊഴിലാളികളെ നിരീക്ഷിക്കൽ, മഹാമാരിയുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പാക്കൽ, കോവിഡ്-19 പരിചരണവും വാക്സിനുകളും ലഭ്യമാക്കാൻ രോഗികളെ സഹായിക്കുക, വിവരങ്ങൾ ശേഖരിച്ച് അവ പി.എച്.സികൾക്ക് കൈമാറുക എന്നിങ്ങനെയുള്ള അപകടകരമായ അധിക ജോലികൾക്ക് ആശ പ്രവർത്തകരെ നിയോഗിച്ചു. കുറഞ്ഞ സുരക്ഷ മാർഗ്ഗങ്ങളുമായി അവർ അധികസമയം ജോലി ചെയ്തു , കൂടാതെ വേതനം ലഭിക്കുന്നതിനും കാലതാമസം നേരിട്ടു . വാരാന്ത്യങ്ങളിൽ പോലും 25-50 വീടുകൾ സന്ദർശിച്ചുകൊണ്ട് പ്രതിദിനം 8-14 മണിക്കൂറുകൾ ഫീൽഡിൽ ചിലവഴിക്കുന്നതിനാല്‍ വ്യക്തിപരമായ സഹിക്കേണ്ടി വരുന്ന വലിയ അപകട സാഹചര്യങ്ങളെക്കുറിച്ച് പറയേണ്ട കാര്യമില്ല.
“കഴിഞ്ഞ വർഷം [2020] മുതൽ ഞങ്ങളുടെ ജോലിഭാരം വർദ്ധിച്ചു. പക്ഷെ അധിക ജോലിക്കും ഞങ്ങൾക്ക് വേതനം ലഭിക്കേണ്ടതല്ലേ?”, ചിത്രകൂടിൽ നിന്നുള്ള ഒരു ആശ പ്രവർത്തകയായ 32-കാരി രത്ന ചോദിച്ചു. യു.പിയിലെ രക്ഷാപ്രവർത്തകർക്ക് പതിമാസം 2,200 രൂപ ഓണറേറിയം ലഭിക്കുന്നു. വിവിധ ആരോഗ്യ പദ്ധതികൾക്ക് കീഴിൽ പ്രവർത്തനാടിസ്ഥാനത്തിലുള്ള പ്രോത്സാഹന വേതനങ്ങൾ കൂടി ചേർത്ത് പ്രതിമാസം അവർക്ക് 5,300 രൂപ വരെ ലഭിക്കാം.
2020 മാർച്ച് അവസാനം കോവിഡ്-19 ഹെൽത്ത് സിസ്റ്റം പ്രിപ്പയേർഡ്നെസ്സ് ആൻഡ് എമർജൻസി റെസ്പോൺസ് പാക്കേജിനു കീഴിൽ കേന്ദ്ര സർക്കാർ ആശ പ്രവർത്തകർക്ക് പ്രതിമാസ ‘കോവിഡ് ഇൻസെന്‍റീവ്’ എന്ന നിലയിൽ 1,000 രൂപ അനുവദിച്ചു. 2020 ജനുവരി മുതൽ ജൂൺ വരെ ഇത് നൽകണമായിരുന്നു. അടിയന്തിര പാക്കേജ് ദീർഘിപ്പിച്ചതനുസരിച്ച് ഇൻസെന്‍റീവ് 2021 മാർച്ച് വരെ തുടരേണ്ടിയിരുന്നു.
മുൻ ധനകാര്യ വർഷത്തിലെ ചിലവാകാത്ത തുക ഉപയോഗിച്ചുകൊണ്ട് 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്തേക്ക് കോവിഡ് ഇൻസെന്‍റീവുകൾ നൽകാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മെയ് മാസത്തിൽ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു . പക്ഷെ കോവിഡ് അടിയന്തര പാക്കേജിന്‍റെ രണ്ടാംഘട്ടത്തിൽ (2021 ജൂലൈ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള) ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ള മുൻനിര പ്രവർത്തകർക്കുള്ള ഇൻസെന്‍റീവുകൾ പട്ടികയിൽനിന്നും എടുത്തുകളഞ്ഞു.
ആശാ പ്രവർത്തകരുടെ തൊഴിലവസ്ഥകളും അവരുടെ വേതനങ്ങളുമായും ബന്ധപ്പെട്ട് 2020 ഏപ്രിലിൽ നടത്തിയ ഒരു സർവെ കണ്ടെത്തിയത് 16 സംസ്ഥാനങ്ങളിൽ 11 എണ്ണം കോവിഡ് ഇൻസെന്‍റീവായി നൽകേണ്ട പണം നൽകിയില്ല എന്നാണ്. “ലോക്ക്ഡൗൺ സമയത്ത് എടുത്തുകളഞ്ഞ പ്രതിരോധവൽക്കരണ പരിപാടികൾക്കുള്ള റെഗുലർ ഇൻസെന്‍റീവുകൾ ഒരു സംസ്ഥാനം പോലും നൽകിയില്ല”, എന്ന് റിപ്പോർട്ട് പറയുന്നു. 52 ആശാ പ്രവർത്തകരുമായും ആശ യൂണിയൻ നേതാക്കന്മാരുമായും നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലുള്ളതാണ് പ്രസ്തുത റിപ്പോർട്ട്.
മഹാമാരിയുമായി ബന്ധപ്പെട്ട എല്ലാ അധിക ജോലികൾ നിർവഹിച്ചിട്ടും 2021 ജൂൺ മുതലുള്ള ‘കോവിഡ് ഇൻസെന്‍റീവ്’ രത്നയ്ക്ക് ലഭിച്ചിട്ടില്ല. “കഴിഞ്ഞ വർഷം [2021] ഏപ്രിൽ-മെയ് മാസങ്ങളിൽ എനിക്ക് വെറും 2,000 രൂപയാണ് ലഭിച്ചത്”, അവർ പറഞ്ഞു. “പ്രതിമാസം 1,000 ലഭിക്കേതിനാൽ ബാക്കി എത്ര ലഭിക്കാൻ ഉണ്ടെന്ന് നിങ്ങൾക്ക് കണക്കുകൂട്ടാം.” രത്നയ്ക്ക് കുറഞ്ഞത് 4,000 രൂപയെങ്കിലും ഇൻസെന്‍റീവ് ലഭിക്കാൻ ഉണ്ടാവും. എ.എൻ.എം. ഒപ്പിട്ട വേതനചീട്ടുകൾ അവർക്ക് ലഭിച്ചതിനു ശേഷമാണ് വേതനം ലഭിക്കുക. അതുതന്നെ വലിയൊരു പണിയാണ്.
“ഞങ്ങളുടെ വേതനചീട്ടുകൾ ഒപ്പിട്ടു നൽകാൻ എ.എൻ.എമ്മിനെ ധരിപ്പിക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞതാണെന്നത് നിങ്ങൾ വിശ്വസിക്കില്ല, അതും ഏൽപ്പിച്ച ജോലികളെല്ലാം ചെയ്തു തീർത്ത ശേഷം”, രത്ന പറഞ്ഞു. “എന്തെങ്കിലും അടിയന്തിര സാഹചര്യത്താൽ അല്ലെങ്കിൽ ആരോഗ്യ പ്രശ്നം മൂലം ഒരു ദിവസം ജോലി ചെയ്യാൻ കഴിയാതിരുന്നാൽ അവർ പറയും ‘നിങ്ങൾ ഈ മാസം നന്നായി ജോലി ചെയ്തില്ല’ എന്ന്, അങ്ങനെ 1,000 രൂപ ഇൻസെന്‍റീവ് കുറയ്ക്കുകയും ചെയ്യും. മാസത്തിലെ ബാക്കി 29 ദിവസങ്ങൾ മുൻനിരയിൽ പ്രവർത്തിക്കുന്നതിന് ഒരു ആശ പ്രവർത്തക അർഹിക്കുന്ന പണമാണിത്”, അവർ കൂട്ടിച്ചേർത്തു.
കുറഞ്ഞ വേതനം ലഭിക്കുന്ന തങ്ങളുടെ തൊഴിൽ കൊണ്ട് പുഷ്ടിപ്പെടുന്ന ഒരു സംവിധാനത്തിനെതിരെ രാജ്യത്തുടനീളം 10 ലക്ഷത്തിലധികം ഗ്രാമീണ-നഗര ആശ പ്രവർത്തകർ അവരുടെ തൊഴിലിന്‍റെ അംഗീകാരത്തിനായി പൊരുതുന്നു. സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസിന്‍റെ ഒരു റിപ്പോർട്ട് പറയുന്നതു പോലെ: “അവർ [ആശ പ്രവർത്തകർ] കുറഞ്ഞ വേതന നിയമത്തിന്‍റെ പരിധിയിൽ വരുന്നില്ല. കൂടാതെ, സ്ഥിര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മാതൃത്വ ആനുകൂല്യങ്ങളോ മറ്റ് പദ്ധതികളോ ഒന്നും അവർക്ക് ലഭിക്കുന്നുമില്ല.”
വിരോധാഭാസമെന്നു പറയട്ടെ, കോവിഡ്-19-ന്‍റെ സമയത്ത് അതിനെ നിയന്ത്രിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളിൽ നിർണ്ണായക കണ്ണിയായിരിക്കുമ്പോൾ തന്നെ മതിയായ മെഡിക്കൽ പരിചരണമോ ചികിത്സയോ ആശ പ്രവർത്തകർക്ക് ലഭിച്ചിരുന്നില്ല. മഹാമാരിയുടെ സമയത്ത് ജോലി ചെയ്ത നിരവധി ആശ പ്രവർത്തകർ മരിച്ചു പോയിരുന്നു.
“മമ്മിക്ക് സുഖമില്ലെന്നറിയിച്ചുകൊണ്ട് കഴിഞ്ഞവർഷം [2021] ഏപ്രിലിൽ എനിക്കൊരു കോൾ വന്നു”, തന്‍റെ അമ്മയായ ശാന്താ ദേവിയെ മെയ് 21-ന് നഷ്ടപ്പെടുന്നതിനു മുമ്പുള്ള ദിവസങ്ങളെക്കുറിച്ചോർത്തുകൊണ്ട് 23-കാരനായ സുരാജ് ഗംഗ്വാർ പറഞ്ഞു. “അത് കേട്ട ഉടനെ ഞാൻ ഡല്‍ഹിയില്‍ നിന്നും ബറേലിയിലേക്ക് കുതിച്ചു. ആ സമയംകൊണ്ട് അവരെ ആശുപത്രിയിലാക്കിയിരുന്നു.” ഡൽഹിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനീയറായി ജോലി നോക്കുന്ന സുരാജ് നിലവിൽ മൂന്ന് അംഗങ്ങളുള്ള കുടുംബത്തിലെ വരുമാനം നേടുന്ന ഒരേയൊരാളാണ്.
“മമ്മി കോവിഡ്-19 പോസിറ്റീവ് ആണെന്ന് ഞാൻ വന്ന സമയത്ത് ഞങ്ങൾക്ക് ഒരു ധാരണയും ഇല്ലായിരുന്നു. ഏപ്രിൽ 29-ന് ആർ.റ്റി.-പി.സി.ആർ. ഫലം വന്നപ്പോൾ മാത്രമാണ് ഞങ്ങൾക്കത് മനസ്സിലായത്. അവരെ ആശുപത്രിയിൽ തുടരാൻ അനുവദിക്കാതിരുന്നപ്പോഴായിരുന്നു അത്. ഞങ്ങൾക്കവരെ വീട്ടിലേക്ക് കൊണ്ടു പോരേണ്ടിയും വന്നു. മെയ് 14-ന് അവരുടെ അവസ്ഥ വഷളായപ്പോൾ ഞങ്ങളവരെ ആശുപത്രിയിലാക്കാൻ നോക്കി. പക്ഷെ വഴിക്കുവെച്ച് അവർ മരിച്ചു”, ഗംഗ്വാർ പറഞ്ഞു. രാജ്യത്തെ മുൻനിര പോരാളികളിൽ ഒരാളായിരുന്ന അദ്ദേഹത്തിന്‍റെ അമ്മ പരിശോധനയിൽ പോസിറ്റീവായിരുന്നു. പക്ഷെ പൊതു ആരോഗ്യ സേവന രംഗത്തുനിന്നും ചികിത്സയൊന്നും ലഭിക്കാതെ അവർ മരിച്ചു.
2021 ജൂലൈ 23-ന് ലോക്സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി ആരോഗ്യ സഹമന്ത്രിയായ ഭാരതി പ്രവീൺ പവാർ പറഞ്ഞത് 2021 ഏപ്രിൽ വരെ 109 ആശ പ്രവർത്തകർ കൊറോണ വൈറസ് മൂലം മരിച്ചു എന്നാണ്. യു.പിയിൽ ഔദ്യോഗിക കണക്ക് സ്ഥിരീകരിച്ചത് പൂജ്യം മരണമാണ്. പക്ഷെ കോവിഡ്-19-മായി ബന്ധപ്പെട്ട ആശ പ്രവർത്തകരുടെ മരണത്തെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങളൊന്നും പൊതുവായി ലഭ്യമല്ല. പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിന് കീഴിൽ കേന്ദ്രസർക്കാർ 2020 മാർച്ച് മുതൽ കോവിഡുമായി ബന്ധപ്പെട്ട മുൻനിര പോരാളികളുടെ മരണത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ പ്രഖ്യാപിച്ചു. അതും അവരിൽ പലർക്കും ലഭിച്ചില്ല.
“എന്‍റെ അമ്മ ഫീൽഡിൽ ഒരു ദിവസം പോലും നഷ്ടപ്പെടുത്തുമായിരുന്നില്ല, ആശ പ്രവർത്തക എന്ന നിലയില്‍ വളരെ ശ്രദ്ധയോടെ തന്‍റെ ചുമതലകൾ നിർവഹിക്കുമായിരുന്നു”, സുരാജ് പറഞ്ഞു. “മഹാമാരിയുടെ സമയത്ത് മുഴുവൻ സമയവും അവർ പെരുവിരലുകളിലായിരുന്നു, പക്ഷെ ഇപ്പോഴവർ പോയി. ആരോഗ്യവകുപ്പ് ഒന്നും ശ്രദ്ധിക്കുന്നില്ല. അവർ പറയുന്നത് ഞങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ്.”
ബറേലിയിലെ നവാബ്ഗഞ്ച് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മുഖ്യ മെഡിക്കൽ ഓഫീസറെയും മറ്റ് ജീവനക്കാരെയും സുരാജും അച്ഛനും കണ്ട് അപേക്ഷിച്ചു നോക്കി, പക്ഷെ സഹായമൊന്നും ലഭിച്ചില്ല. അമ്മയുടെ ആർ.റ്റി.-പി.സി.ആർ റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും ഞങ്ങളെ കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “കോവിഡ്-19 മൂലമാണ് അവർ മരിച്ചതെന്ന് പ്രസ്താവിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ഒരു ആശുപത്രിയിൽ നിന്ന് ഹാജരാക്കിയാൽ മാത്രമേ നഷ്ടപരിഹാരത്തിന് ഞങ്ങൾ യോഗ്യരാവൂ എന്നാണ് സി.എം.ഓ. പറഞ്ഞത്. ഒരു ആശുപത്രിയിലും അവരെ പ്രവേശിപ്പിക്കാതിരുന്നതിനാൽ എവിടെ നിന്ന് ഞങ്ങൾക്കത് ലഭിക്കും? ആവശ്യമുള്ളവർക്ക് സഹായം ലഭിക്കില്ല എന്ന് മാത്രം ഉറപ്പിക്കുന്ന ഇത്തരം വ്യാജ പദ്ധതികളുടെ ഉപയോഗമെന്താണ്?
*****
കഴിഞ്ഞ വർഷത്തെ ഭീകരതയുടെ ഓർമ്മകൾ മായുന്നതിനു മുൻപ് യു.പിയിലെ 160,000-ത്തിലധികം വരുന്ന ആശ പ്രവർത്തകരെ വേതനം നൽകാതെ, വലിയ പ്രയത്നം ആവശ്യമുള്ള, അപകടം നിറഞ്ഞ ജോലി ചെയ്യാൻ ഈ വർഷം വീണ്ടും അസംബ്ലി തിരഞ്ഞെടുപ്പുകളുടെ സമയത്ത് നിർബന്ധിക്കുകയാണ്. യൂണിയൻ പ്രസിഡന്‍റ് വീണ ഗുപ്ത ഇതിനെ കരുതിക്കൂട്ടിയുള്ള ഒരു നീക്കമായാണ് കാണുന്നത്. “ഡ്യൂട്ടി നിർവഹിക്കുന്നിടത്ത് പെട്ടുപോയി ഈ സ്ത്രീകൾക്ക് വോട്ട് ചെയ്യാൻ പറ്റാതായി എന്ന് സംസ്ഥാനത്തിന് ഉറപ്പിക്കുന്നതിനായുള്ള ഒരു തന്ത്രമായിരുന്നു 12 മണിക്കൂർ നീണ്ട ഈ വേതനരഹിത ഡ്യൂട്ടി എന്ന്, എന്നോട് ചോദിച്ചാൽ ഞാൻ പറയും. എന്തുകൊണ്ടെന്നാൽ ആശ പ്രവർത്തകരുടെ ആവശ്യങ്ങൾ അവഗണിച്ച രീതിയാലും അവർക്ക് ഓണറേറിയം നൽകിയ രീതിയാലും ഇത് തങ്ങൾക്കെതിരായാലോ എന്ന് അവർ ഭയന്നിരുന്നു.”
എന്നിരിക്കലും വോട്ട് ചെയ്യണമെന്ന് റീത്ത ഉറപ്പിച്ചിരുന്നു. “വൈകുന്നേരം നാലു മണിക്ക് എന്‍റെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യണമെന്ന് ഞാൻ കണക്കുകൂട്ടുകയായിരുന്നു”, അന്ന് അവർ പാരിയോട് പറഞ്ഞിരുന്നു. “പക്ഷെ എന്‍റെ അസാന്നിദ്ധ്യത്തിൽ മറ്റൊരു ആശ പ്രവർത്തക ഇവിടെ വന്ന് കുറച്ചുനേരം ചുമതല നിർവഹിച്ചാൽ മാത്രമെ എനിക്ക് പോകാൻ കഴിയൂ. ആ പോളിംഗ് സ്റ്റേഷൻ ഇവിടെ നിന്നും നാല് കിലോമീറ്റർ അകലെയാണ്”, അവർ കൂട്ടിച്ചേർത്തു. മറ്റെല്ലാ ആശ പ്രവർത്തകരെയും പോലെ ആരോഗ്യ വകുപ്പിൽ നിന്നും ഒരു സഹായവുമില്ലാതെ ഇവരും ഇത്തരമൊരു മാറ്റം തനിയെ കൈകാര്യം ചെയ്യണം എന്നതായിരുന്നു ഉദ്ദേശ്യം.
അതിരാവിലെ പോളിംഗ് സ്റ്റേഷനിൽ എത്തിച്ചിട്ട് ആശാ പ്രവർത്തകർക്ക് പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ നൽകിയില്ല. “ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ഉച്ചഭക്ഷണ പൊതികൾ കൊണ്ടുപോകുന്നത് ഞാൻ കണ്ടു. അവരത് എന്‍റെ മുന്നിൽവച്ച് കഴിച്ചു. അതിൽ നിന്നും എനിക്കൊന്നും ലഭിച്ചില്ല”, യു.പിയിലെ ആലംബാഗ് പ്രദേശത്തു നിന്നുള്ള ആശ പ്രവർത്തകയായ പൂജ പാരിയോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് ചുമതലയിലുള്ള മറ്റെല്ലാ ജീവനക്കാർക്കും ഉച്ചകഴിഞ്ഞ് 3 മണിയോടെ കൂടി ഭക്ഷണം ലഭിച്ചപ്പോൾ ആശ പ്രവർത്തകർക്ക് ഭക്ഷണവും ലഭിച്ചില്ല വീട്ടിൽപോയി കഴിക്കാനുള്ള സമയവും ലഭിച്ചില്ല. “ഞങ്ങളെല്ലാവരും ഭക്ഷണത്തിനുള്ള സമയം ചോദിക്കുന്നതിനെപ്പറ്റി നിങ്ങൾതന്നെ ഒന്നാലോചിച്ചുനോക്കൂ. വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ട് വരാൻ അവർക്ക് ഞങ്ങളെ അനുവദിക്കാമായിരുന്നു. ഞങ്ങളുടെ വീടുകൾ വളരെ അകലെയല്ല. എല്ലാ ആശാ പ്രവർത്തകർക്കും വീടിനു സമീപത്താണ് ഡ്യൂട്ടി ലഭിച്ചത്”, ആലംബാഗിലെ ആശ പ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മ സന്ദേശങ്ങൾ ഞങ്ങളെ കാണിച്ചുകൊണ്ട് പൂജ പറഞ്ഞു.
പോലീസുകാർക്കും ഇതര സർക്കാർ ജീവനക്കാർക്കും ഭക്ഷണം ലഭിച്ചപ്പോൾ പോളിംഗ് സ്റ്റേഷനിൽ റീത്തയോടൊപ്പമുണ്ടായിരുന്ന ജനറൽ നഴ്സ് മിഡ്‌വൈഫായ അന്നു ചൗധരിയും ഭക്ഷണം കിട്ടാത്തതിൽ കുപിതയായിരുന്നു. “ഞങ്ങളോടിങ്ങനെ ചെയ്യുന്നത് എത്രമാത്രം ന്യായമാണെന്നാണ് നിങ്ങൾ കരുതുന്നത്?”, അവർ പരാതിപ്പെട്ടു. “ആരുമല്ലാത്തവരെപ്പോലെയാണ് ഞങ്ങളോട് പെരുമാറുന്നത്. ഡ്യൂട്ടിയിലുള്ള മറ്റുള്ളവർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ എന്തുകൊണ്ട് ഞങ്ങൾക്ക് ലഭിക്കുന്നില്ല?”
തിരഞ്ഞെടുപ്പ് ചുമതലകളുടെ പട്ടികയിൽ കൂട്ടിച്ചേർത്ത മറ്റൊരു ദൗത്യം കൂടി ചിത്രകൂടിലെ ആശ പ്രവർത്തകർക്ക് ചെയ്യാനുണ്ടായിരുന്നു: മാലിന്യങ്ങൾ നീക്കുക. ശുചീകരണത്തിനുള്ള സാധനങ്ങളോടൊപ്പം വലിയൊരു ചവറ്റു വീപ്പയും നൽകിക്കൊണ്ട് ജില്ലയിലെ മറ്റുപല ആശ പ്രവർത്തകർക്കൊപ്പം ശിവാനി ഖുശ്‌വഹയേയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് വിളിച്ചിരുന്നു. പരിശോധനയിൽ പോസിറ്റീവായവർക്ക് പോളിംഗ് സ്റ്റേഷനിൽ നൽകാൻ വച്ചിരുന്ന “കുറച്ച് പി.പി.ഇ. കിറ്റുകൾ അവർ ഞങ്ങൾക്ക് നൽകി”. രാവിലെ 7 മണി മുതൽ വയ്കുന്നേരം 5 മണി വരെ പകൽ മുഴുവൻ സ്റ്റേഷനിൽ തന്നെ തങ്ങാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. അതിനുശേഷം ഞങ്ങൾക്ക്, ഉപയോഗിച്ചതോ അല്ലാത്തതോ ആയ പി.പി.ഇ. കിറ്റുകളോടൊപ്പം ചവറ്റുവീപ്പ ഖുടാഹ ഉപകേന്ദ്രത്തിൽ തിരിച്ചു നൽകണമായിരുന്നു. ഇതിനർത്ഥം എല്ലാ വീപ്പകളും സൂക്ഷിച്ചിരുന്ന സ്ഥലത്തെത്താൻ പ്രധാന റോഡിൽ നിന്നും അവർക്ക് ഏതാണ്ട് ഒരു കിലോമീറ്റർ നടക്കണമായിരുന്നു എന്നാണ്.
ഖുശ്‌വഹ സംസാരിക്കുമ്പോൾ ശബ്ദം ദേഷ്യം കൊണ്ട് വിറച്ചിരുന്നു. “ഞങ്ങൾക്ക് വൃത്തിയും ശുചിത്വവും ഉറപ്പാക്കണം. അതുകൊണ്ട് ഞങ്ങളത് ചെയ്യും. പക്ഷെ, നിങ്ങൾ മറ്റുള്ള ജീവനക്കാർക്ക് നൽകിയതു പോലുള്ള ശരിയായ ഒരു കത്തെങ്കിലും ഞങ്ങൾക്ക് നൽകുക. സർക്കാർ ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേതനം ലഭിക്കുമ്പോൾ ഞങ്ങൾക്ക് എന്തുകൊണ്ട് ലഭിക്കുന്നില്ല? ഞങ്ങളാരാണ്? സൗജന്യ സേവകരോ, അതോ മറ്റാരെങ്കിലുമോ?”
താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ ജിഗ്യാസ മിശ്ര പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.
പരിഭാഷ: റെന്നിമോന്‍ കെ. സി.