ഈ ഖരീഫ് സീസണില്‍ നല്ലൊരു വിളവെടുപ്പ് പ്രതീക്ഷിക്കുകയാണ് തീരയും അനിത ഭുയിയയും. നെല്ലും, ചോളവുമാണ് ഇത്തവണ കൃഷി. വിളവെടുപ്പ് അടുത്തു വരുന്നു.
രാജ്യത്ത് മാർച്ചിൽ ആരംഭിച്ച കോവിഡ് അടച്ചുപൂട്ടലിന് പിന്നാലെ ഇഷ്ടികചൂളയില്‍ ഇരുവരും 6 മാസങ്ങളായി ചെയ്തുകൊണ്ടിരുന്ന ജോലി കുറഞ്ഞിരുന്നു. അതിനാൽ ഈ വർഷം കൂടുതൽ വിളവ് ലഭിക്കുകയെന്നത് അവരെ സംബന്ധിച്ച് നിർണായകമായ ആവശ്യം കൂടിയാണ്.
"കഴിഞ്ഞ വർഷവും കൃഷി ചെയ്തിരുന്നു. എന്നാൽ മഴലഭ്യത കുറഞ്ഞതും കീടങ്ങളുടെ അക്രമണവും വിളവിനെ ബാധിച്ചു”, തീര പറയുന്നു. "വർഷത്തിൽ ആറുമാസവും കൃഷിക്കായി മാറ്റിവച്ചിട്ടും കൈയിൽ പണമില്ലാത്ത അവസ്ഥയാണ് ഞങ്ങൾക്ക്”, അനിത കൂട്ടിച്ചേർത്തു.
നാല്‍പ്പത്തഞ്ചുകാരനായ തീരയും നാല്‍പ്പതുകാരി അനിതയും വസിക്കുന്നത് ഝാർഖണ്ഡിന്റെ ദക്ഷിണമേഖലയായ മഹുഗാവില്‍ പട്ടികജാതി വിഭാഗത്തില്‍പെടുന്ന ഭുയിയ സമുദായക്കാരുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന ഭുയിയ താധിയിലാണ്.
ഝാർഖണ്ഡിലെ പലാമു ജില്ലയിലെ ചെയിൻപൂരിലെ ഈ ഗ്രാമത്തില്‍ 2018 മുതൽ എല്ലാ ഖരീഫ് സീസണിലും ബാടിയ രീതിയിൽ ഭൂമി പാട്ടത്തിനെടുത്താണ് ഈ കുടുംബം കൃഷി ചെയ്യുന്നത്. പാട്ടകൃഷിക്കുള്ള ഒരു പ്രാദേശിക പേരാണ് ബാടിയ. വാക്കുകൾ കൊണ്ടുമാത്രമാണ് കരാർ. കൃഷിക്കുള്ള ചെലവ് ഭൂവുടമയും കുടിയാനും തുല്യമായി വഹിക്കുന്നതാണ് രീതി. വിളവും ഇങ്ങനെ തുല്യമായി വീതിക്കും. കുടിയാൻമാര് അവര്‍ക്ക് ലഭിക്കുന്ന പങ്കിന്റെ ഭൂരിഭാഗവും ഭക്ഷണത്തിനായി ഉപയോഗിക്കും. ചിലപ്പോൾ കുറച്ചുഭാഗം വിപണിയിൽ വിൽക്കാനും ശ്രമിക്കും.
അഞ്ചുവർഷം മുമ്പുവരെ തീരയും അനിതയും കർഷതൊഴിലാളികളായിരുന്നു. രണ്ട് വിളവെടുപ്പ് സീസണുകളിലെ ഓരോന്നിലും ഏതാണ്ട് 30 ദിവസങ്ങള്‍ വീതം നീളുന്ന ജോലിക്ക് 250 മുതൽ 300 വരെ ദിവസക്കൂലിയും ലഭിച്ചിരുന്നു. അല്ലാത്തപക്ഷം ധാന്യങ്ങളും കൂലിയായി ലഭിച്ചുപോന്നു. ബാക്കിസമയങ്ങളിൽ പച്ചക്കറി കൃഷിയിടങ്ങളിലെ ജോലിക്കായി, അല്ലെങ്കില്‍ മഹുഗാവില്‍ നിന്നും ഏതാണ്ട് 10 കിലോമീറ്റർ അകലെയുള്ള അയൽ ഗ്രാമങ്ങളിലോ ഡാള്‍ട്ടന്‍ഗഞ്ച് പട്ടണത്തിലോ ദിവസക്കൂലി ലഭിക്കുന്ന പണികൾക്കായി ഇരുവരും പോകുമായിരുന്നു.
എന്നാൽ ജോലിയുള്ള ദിവസങ്ങളുടെ എണ്ണം വര്‍ഷംതോറും കുറഞ്ഞു വന്നതോടെ 2018-ലാണ് കൃഷിയിലുള്ള തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ ഇരുവരും തീരുമാനിച്ചത്. അങ്ങനെ ബാടിയ രീതിയിൽ ഭൂവുടമയുമായി കരാറിൽ ഏർപ്പെട്ടു. “ഇതിന് മുന്‍പ് ഞാന്‍ ഹാര്വാഹി ചെയ്യുമായിരുന്നു”, (കാളകളെ ഉപയോഗിച്ച് ഭൂവുടമകള്‍ക്കായി ചെയ്യുന്ന നിലം ഉഴുന്ന പണിയും മറ്റ് കാര്‍ഷിക വൃത്തികളും) തീര പറഞ്ഞു. “പക്ഷെ പിന്നീട് എല്ലാ പണികളും (നിലം ഉഴുക, കൊയ്യുക തുടങ്ങിയെല്ലാം) ട്രാക്ടറുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ തുടങ്ങി. ഇന്ന് ഈ ഗ്രാമത്തിൽ ബാക്കിയുള്ളത് ഒരേയൊരു കാളയാണ്.”
തങ്ങളുടെ ബടിയ കൃഷിക്ക് കൂടുതൽ സഹായമാകുന്നതിനായി 2018 മുതൽ രണ്ടുപേരും ഇഷ്ടിക ചൂളയിലും ജോലിക്ക് പോയിതുടങ്ങി. നവംബർ അവസാനം മുതൽ ജൂൺ ആദ്യം വരെയാണ് ഗ്രാമത്തിലെ മറ്റുള്ളവർ ചൂളയിൽ പോകുന്നത്. "കഴിഞ്ഞ വർഷം മൂത്ത മകളെ വിഹാഹം കഴിപ്പിച്ചയച്ചു”, അനിത പറയുന്നു. അവർക്ക് രണ്ട് പെൺമക്കളാണുള്ളത്. അവിവാഹിതയായ രണ്ടാമത്തെ മകൾ അവരുടെ കൂടെ താമസിക്കുന്നു. 2019 ഡിസംബർ അഞ്ചിന് മകളുടെ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ അവർ ചൂളയിൽ ജോലിയാരംഭിച്ചു. ചെലവുകൾക്കായി എടുത്ത കടങ്ങൾ തീർക്കാനായിരുന്നു ഇത്. "ഈ കടങ്ങൾ വീട്ടിക്കഴിഞ്ഞാൽ [വിവാഹ ചിലവിനായി എടുത്തത്] വീണ്ടും വർഷം മുഴുവൻ പാടത്ത് പണിയെടുത്ത് തുടങ്ങും”, അനിത കൂട്ടിച്ചേർത്തു.
മാർച്ച് അവസാനം തുടങ്ങിയ അടച്ചുപൂട്ടലിന് മുമ്പ് തീരയും അനിതയും മക്കളായ സിതേന്ദറിനും (24) ഉപേന്ദറിനും (22) ഭുയിയ താധിയിൽ നിന്നുള്ള മറ്റുള്ളവർക്കുമൊപ്പം എല്ലാ ദിവസവും രാവിലെ എട്ട് കിലോമീറ്റർ അകലെയുള്ള ബുർഹിബിൽ ഗ്രാമത്തിലേക്ക് ട്രാക്ടർ കയറുമായിരുന്നു. അതിരാവിലെ ട്രാട്കറിലാകും ഇവരുടെ യാത്ര. ശീതകാലങ്ങളിൽ (ഫെബ്രുവരി വരെ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും മാർച്ച് മുതൽ വെളുപ്പിനെ 3 മുതൽ രാവിലെ 11 വരെയുമാകും ജോലി. "ഇതുമായി [ചൂളയിൽ ജോലി ചെയ്യുന്നതുമായി] ബന്ധപ്പെട്ട ഒരേയൊരു നല്ലകാര്യം കുടുംബത്തിലെ എല്ലാവരും ഒരേ സ്ഥലത്ത് ജോലിയെടുക്കുന്നുവെന്നതാണ്”, അനിത പറയുന്നു.
ഓരോ 1,000 ഇഷ്ടികയ്ക്കും അഞ്ഞൂറ് രൂപ വീതമാണ് ചൂളയിലെ കൂലി. എന്നാൽ 2019 ഒക്ടോബറിൽ അവരുടെ ഗ്രാമത്തിൽ നിന്നു തന്നെയുള്ള ചൂള കരാറുകാരനിൽ നിന്ന് മുൻകൂറായി വാങ്ങിയ 30,000 രൂപയ്ക്ക് അവർ ഇനി പണിയെടുക്കണം. മകളുടെ വിവാഹത്തിനായി കരാറുകാരനിൽ നിന്ന് പലിശരഹിത മുൻകൂർ തുകയായി മറ്റൊരു 75,000 കൂടി വാങ്ങിയിരുന്നു. ഇക്കാരണത്താൽ 2020 നവംബർ മുതൽ അവർക്ക് വീണ്ടും ചൂളയിൽ പണിയെടുക്കേണ്ടി വരും.
തീരയ്ക്കും അനിതയ്ക്കും രണ്ട് ആൺമക്കൾക്കും ആഴ്ചയിൽ 1,000 രൂപവീതം അലവൻസ് ലഭിക്കും. "അതുകൊണ്ട് ഞങ്ങൾ അരി, എണ്ണ, ഉപ്പ്, പച്ചക്കറി എന്നിവയൊക്കെ വാങ്ങും. കൂടുതൽ പണം ആവശ്യമായി വന്നാൽ കരാറുകാരനിൽ നിന്ന് വാങ്ങാറുമുണ്ട്" തീര പറഞ്ഞു. പ്രതിവാര അലവൻസ്, ചെറിയ കടങ്ങൾ, വലിയ മുൻകൂർതുക എന്നിവയൊക്കെ ചൂളയിൽ ജോലി ചെയ്യുന്ന മാസങ്ങളിൽ ആകെയുണ്ടാക്കിയ കട്ടകൾക്കായി തൊഴിലാളികൾക്ക് ലഭിക്കുന്ന അന്തിമ കൂലിയിൽ നിന്നും കുറയ്ക്കുന്നു.
2019 ജൂണിൽ ഇഷ്ടിക ചൂളയിലെ ജോലി അവസാനിപ്പിച്ച് മടങ്ങുമ്പോൾ ഭുയിയ കുടുംബത്തിന്റെ കൈയിൽ 50,000 രൂപയുണ്ടായിരുന്നു. പിന്നീടുള്ള കുറച്ചുമാസം അതുപയോഗിച്ചാണ് അവർ കഴിഞ്ഞു കൂടിയത്. എന്നാൽ ഇത്തവണ അടച്ചുപൂട്ടൽ കാരണം ചൂളയിലെ പണി കുറഞ്ഞു. മാർച്ച് അവസാനത്തോടെ കരാറുകാരനിൽനിന്ന് അവർക്ക് കിട്ടിയതാകട്ടെ വെറും 2,000 രൂപ.
അന്നുമുതൽ അവരുടെ സമുദായത്തിലുള്ള മറ്റു പലരെയും പോലെ ഭുയിയ കുടുംബവും വരുമാനത്തിന് പുതിയൊരു മാർഗ്ഗം തേടുകയാണ്. പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ പ്രായപൂർത്തിയായ ഓരോ അംഗത്തിനും 5 കിലോ വീതം അരിയും ഒരു കിലോ ദാലും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ലഭിച്ചത് ആശ്വാസം പകർന്നു. അന്ത്യോദയ അന്ന യോജന റേഷൻ കാർഡുടമകൾ (ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അതിദരിദ്ര വിഭാഗക്കാർക്ക് അനുവദിക്കുന്നത്) ആയതിനാൽ എല്ലാ മാസവും 35 കിലോ ധാന്യങ്ങൾ ഭുയിയ കുടുംബത്തിന് സബ്സിഡി നിരക്കിൽ ലഭിക്കുന്നുണ്ട്. "എന്നാൽ ഞങ്ങൾക്ക് ഇത് പത്ത് ദിവസത്തേക്ക് പോലും തികയില്ല", തീര പറയുന്നു. തീരയ്ക്കും അനിതയ്ക്കും രണ്ട് ആൺമക്കൾക്കും ഒരു മകൾക്കും പുറമെ രണ്ട് മരുമക്കളും മൂന്ന് കൊച്ചുമക്കളും ഉൾപ്പെടെ പത്ത് പേരടങ്ങുന്ന കുടുംബമാണ് ഇവരുടേത്.
റേഷൻ അവസാനിക്കാറായതോടെ മഹുഗാവിലും മറ്റ് അയൽ ഗ്രാമങ്ങളിലും ചില്ലറ ജോലികൾ ചെയ്തും കടം വാങ്ങിയും ജീവിതം മുന്നോട്ടു നീക്കുകയാണ് ഇവർ.
പാട്ടത്തിനെടുത്ത രണ്ട് ഏക്കർ ഭൂമിയിൽ നെല്ലും ചോളവും കൃഷി ചെയ്യുന്നതിനായി വിത്ത്, രാസവളം, കീടനാശിനി, വിളവെടുപ്പ് എല്ലാത്തിനുമായി ഈ വർഷത്തെ ഖാരിഫ് സീസണിൽ 5,000 രൂപ ചിലവാക്കിയിട്ടുണ്ടെന്നാണ് ഭുയിയ കുടുംബം കണക്ക് കൂട്ടുന്നത്. "എന്റെ കൈയിൽ പണമില്ല. ഒരു ബന്ധുവിൽ നിന്നും ഞാൻ കടം വാങ്ങിയിട്ടുണ്ട്. ഇപ്പോൾ തലയ്ക്കുമുകളിൽ കടങ്ങൾ മാത്രമാണ്”, തീര പറഞ്ഞു.
അശോക് ശുക്ല എന്നയാളിൽ നിന്നാണ് തീര ഭൂമി പാട്ടത്തിനെടുത്തത്. പത്ത് ഏക്കർ ഭൂമിയുള്ള അശോകിനും അഞ്ച് വർഷത്തോളമായി നഷ്ടങ്ങളുടെ കഥ മാത്രമാണ് പറയാനുള്ളത്. ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് പ്രധാന കാരണം. "18 മുതൽ 24 മാസത്തേക്കുള്ള ധാന്യങ്ങൾ ഞങ്ങൾ കൃഷി ചെയ്തെടുക്കുമായിരുന്നു. എന്നാൽ ഞങ്ങളുടെ കൊത്തി (ധാന്യം സംഭരിക്കുന്ന പ്രത്യേക മുറി) ഇപ്പോർ ആറുമാസത്തിനുള്ളിൽ കാലിയാകും. ഏകദേശം അമ്പത് വർഷമായി ഞാൻ കൃഷിമേഖലയിലുണ്ട്. എന്നാൽ കൃഷിക്ക് ഭാവിയില്ലെന്നും നഷ്ടം മാത്രമാണ് ഫലമെന്നും കഴിഞ്ഞ 5-6 വർഷങ്ങൾ എന്നെ പഠിപ്പിച്ചു”, അശോക് പറയുന്നു.
ഗ്രാമത്തിലെ ഭൂവുടമകൾ പോലും (മിക്കവരും ഉയർന്ന ജാതിക്കാരാണ്) ഇന്ന് മറ്റ് ജോലികൾ തേടി പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും കുടിയേറുകയാണെന്ന് അശോക് പറയുന്നു. വിളവ് കുത്തനെ കുറഞ്ഞതോടെ, ദിവസം 300 രൂപ കൂലി നൽകി കർഷക തൊഴിലാളികളെ ജോലിയ്ക്ക് വയ്ക്കുന്നതിനേക്കാൾ ബാടിയ രീതിയിൽ ഭൂമി പാട്ടത്തിന് കൊടുക്കാനാണ് അവർക്ക് താൽപ്പര്യം. "മൊത്തം ഗ്രാമത്തിൽ തന്നെ സ്വന്തം ഭൂമിയിൽ സ്വയം കൃഷി ചെയ്യുന്ന അവരെ [ഉയർന്ന ജാതിക്കാരായ ഭൂവുടമകളെ] വളരെ വിരളമായെ നിങ്ങൾക്കിവിടെ കാണാനാവൂ”, ശുക്ല പറഞ്ഞു. "അവരെല്ലാവരും ഭുയിയ വിഭാഗത്തിൽപ്പെട്ടവർക്കോ മറ്റ് ദളിതർക്കോ ഭൂമി നൽകിക്കഴിഞ്ഞു.” (സെൻസസ് 2011 പ്രകാരം മഹുഗാവിൽ ആകെയുള്ള 2,698 പേരിൽ 21-30 ശതമാനം പേരും പട്ടികജാതി വിഭാഗക്കാരാണ്).
ഈ വർഷം നല്ല മഴ ലഭിച്ചതിനാൽ അധികവിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തീര. അങ്ങനെയായാൽ രണ്ട് ഏക്കർ ഭൂമിയിലെ കൃഷിയിൽനിന്ന് ഏകദേശം 20 ക്വിന്റൽ നെല്ല് കിട്ടുമെന്നാണ് തീരയുടെ കണക്കുകൂട്ടൽ. നെല്ലിൽനിന്ന് ഉമി വേർപെടുത്തിയശേഷം ഉടമ അശോക് ശുക്ലയുമായി വിളവ് പങ്കിട്ടു കഴിഞ്ഞാൽ 800 കിലോ അരിയാകും അവർക്ക് ബാക്കിയുണ്ടാകുക. മറ്റൊരു ഭക്ഷ്യധാന്യവും സ്ഥിരമായി പ്രാപ്യമല്ലാത്ത തീരയുടെ പത്തംഗ കുടുംബത്തിന്റെ പ്രധാന ആശ്രയം ഈ അരിയാകും. "കുറച്ചെങ്കിലും ചന്തയിൽ വിൽക്കാൻ കഴിയണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ഞങ്ങൾക്കിത് ആറുമാസത്തേക്ക് പോലും തികയില്ല", തീര പറയുന്നു.
മറ്റാരെക്കാളും നന്നായി കൃഷിയെ തനിക്കറിയാമെന്ന ആത്മവിശ്വാസം തീരയ്ക്കുണ്ട്. കൂടുതൽ ഉടമകൾ ഭൂമി പാട്ടത്തിനുനൽകാൻ തയ്യാറായാൽ വൈവിധ്യമാർന്ന വിളകൾ കൂടുതൽ ഭൂമിയിൽ കൃഷി ചെയ്യാമെന്ന പ്രതീക്ഷയുമുണ്ട്.
എന്നാൽ ഇപ്പോൾ, ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കുന്ന വിളവെടുപ്പ് സമൃദ്ധമാകുമെന്ന പ്രതീക്ഷയിലാണ് തീരയും അനിതയും.
പരിഭാഷ: അശ്വതി ടി കുറുപ്പ്