അന്നുരാത്രി വിക്രം തിരിച്ചുവരാഞ്ഞപ്പോള്‍ അവന്‍റെ അമ്മ പ്രിയ ആശങ്കപ്പെട്ടില്ല. കാമാത്തിപുരയിലെ മറ്റൊരു തെരുവിലെ ഒരു ഘര്‍വാലിയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന അവന്‍ സാധാരണയായി രാവിലെ 2 മണിയോടെ വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. അല്ലെങ്കില്‍ ജോലി ചെയ്യുന്ന സ്ഥലത്തുതന്നെ കിടന്നുറങ്ങുകയാണെങ്കില്‍ അടുത്തദിവസം രാവിലെയും.
അവര്‍ അവനെ വിളിച്ചുകൊണ്ടേയിരുന്നു, പക്ഷെ ഒരു പ്രതികരണവും ഇല്ലായിരുന്നു. അടുത്തദിവസം രാവിലെയും അവന്‍ എത്താഞ്ഞപ്പോള്‍ അവര്‍ ആശങ്കാകുലയായി. ആളെ കാണാതായതിന് മദ്ധ്യമുംബൈയിലെ നാഗപാഡ പോലീസ് സ്റ്റേഷനില്‍ അവര്‍ പരാതിനല്‍കി. അടുത്തദിവസം രാവിലെ പോലീസ് സി.സി.റ്റി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. “മദ്ധ്യമുംബൈയിലെ ഒരു നടപ്പാലത്തിനടുത്ത്, ഒരു മാളിനടുത്ത്, അവനെ കണ്ടു”, പ്രിയ പറഞ്ഞു.
അവരുടെ ആശങ്ക വര്‍ദ്ധിച്ചു. “അവനെ ആരെങ്കിലും കൊണ്ടുപോയാലോ? അവന് ഈ പുതിയ അസുഖം [കോവിഡ്] പിടിച്ചാലോ?”, അവര്‍ സംഭ്രമിച്ചു. “ഈ പ്രദേശത്തുള്ള ഒരാള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആരും ശ്രദ്ധിക്കില്ല”, അവര്‍ പറഞ്ഞു.
വിക്രം പക്ഷെ നേരത്തെ പദ്ധതിയിട്ട് സ്വന്തമായി പുറപ്പെടുകയായിരുന്നു. അവന്‍റെ അമ്മ ഒരു ലൈംഗിക തൊഴിലാളിയായിരുന്നു. പ്രായം 30-കളിലുള്ള അവര്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് ജോലിചെയ്യാന്‍ സാധിച്ചില്ല. അവരുടെ സാമ്പത്തികാവസ്ഥ തകരുന്നതും കടം പെരുകുന്നതും അവന്‍ കാണുകയായിരുന്നു. അവന്‍റെ ഒന്‍പത് വയസ്സുകാരിയായ സഹോദരി റിദ്ദി അടുത്തുള്ള മദന്‍പുര ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്‍.ജി.ഓകള്‍ വിതരണംചെയ്ത റേഷന്‍ കിറ്റുകള്‍ കൊണ്ടാണ് കുടുംബം കഴിഞ്ഞുകൂടിയത്. ( ഈ ലേഖനത്തില്‍ പറയുന്ന പേരുകളെല്ലാം മാറ്റിയാണ് നല്‍കിയിരിക്കുന്നത് .)
മാര്‍ച്ചിലെ ലോക്ക്ഡൗണോടുകൂടി വിക്രം പഠിച്ചിരുന്ന ഭായഖല മുനിസിപ്പല്‍ സ്ക്കൂളും അടച്ചു. അങ്ങനെ 15-കാരനായ വിക്രം ചില്ലറജോലികള്‍ ചെയ്യാന്‍ തുടങ്ങി.
പാചകം ചെയ്യാനുള്ള മണ്ണെണ്ണ വാങ്ങാന്‍ കുടുംബത്തിന് എല്ലാദിവസവും 60-80 രൂപ വേണം. കാമാത്തിപുരയിലെ ചെറിയ മുറിക്ക് വാടക കൊടുക്കാന്‍ അവര്‍ ബുദ്ധിമുട്ടുകയായിരുന്നു. മരുന്ന് വാങ്ങാനും പഴയ വായ്പകള്‍ അടയ്ക്കാനും അവര്‍ക്ക് പണം വേണമായിരുന്നു. പ്രദേശവാസികളില്‍ നിന്നോ ഇടപാടുകാരില്‍ നിന്നോ അവര്‍ വീണ്ടും വായ്പ വാങ്ങിക്കൊണ്ടിരുന്നു. ഒരു വായ്പദാദാവില്‍ നിന്നെടുത്ത വായ്പ കുറച്ചുവര്‍ഷങ്ങള്‍ കൊണ്ട് പലിശയുള്‍പ്പെടെ 62,000 രൂപയായി വര്‍ദ്ധിച്ചു. പ്രതിമാസം 6,000 രൂപവീതം ഘര്‍വാലിക്ക് (കെട്ടിട ഉടമയും ലൈംഗികതൊഴില്‍ കേന്ദ്രം നടത്തിപ്പുകാരിയുമായ സ്ത്രീ) നല്‍കേണ്ട വാടക 6 മാസത്തിലധികമായി കൊടുക്കാന്‍ കിടക്കുകയാണ്. പുറമെ 7,000 രൂപ വായ്പയും വാങ്ങിയിട്ടുണ്ട്. പകുതി മാത്രമെ അവര്‍ക്ക് തിരിച്ചടയ്ക്കാന്‍ സാധിച്ചുള്ളൂ. അതിലും കുറവാണെങ്കിലേയുള്ളൂ.
ലൈംഗികതൊഴിലില്‍ നിന്നുള്ള അവരുടെ വരുമാനം ജോലി ചെയ്യുന്ന ദിവസങ്ങളെ ആശ്രയിച്ചിരിക്കുന്നു. ലോക്ക്ഡൗണിനു മുന്‍പ് അത് ഒരുദിവസം 500 മുതല്‍ 1,000 രൂപവരെ വരുമായിരുന്നു. “അതൊരിക്കലും സ്ഥിരമല്ലായിരുന്നു. റിദ്ദി ഹോസ്റ്റലില്‍ നിന്നും തിരിച്ചുവന്നപ്പോഴും എനിക്കസുഖം ഉണ്ടായപ്പോഴും ഞാന്‍ അവധി എടുത്തു”, പ്രിയ പറഞ്ഞു. കൂടാതെ, ഉദരരോഗം നിമിത്തം പ്രിയയ്ക്ക് തുടര്‍ച്ചയായി ജോലി ചെയ്യാനും കഴിഞ്ഞില്ല.
ലോക്ക്ഡൗണ്‍ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ കാമാത്തിപുരയിലെ അവരുടെ ആളൊഴിഞ്ഞ തെരുവിന്‍റെ കോണില്‍ വിക്രം കാത്തുനില്‍ക്കുമായിരുന്നു. ഏതെങ്കിലും ഒരു കരാറുകാരന്‍ എത്തി തന്നെ നിര്‍മ്മാണസ്ഥലങ്ങളിലേക്ക് ദിവസവേതന ജോലിക്ക് കൊണ്ടുപോകുമെന്ന് അവന്‍ പ്രതീക്ഷിച്ചു. ചിലപ്പോള്‍ അവന്‍ ഓടുകള്‍ പാകി, ചിലപ്പോള്‍ മുളകള്‍ കൊണ്ടുള്ള തട്ടുകള്‍ ഉണ്ടാക്കി, അല്ലെങ്കില്‍ ട്രക്കുകളില്‍ ഭാരം കയറ്റി. അതിനുള്ള ദിവസക്കൂലി സാധാരണയായി 200 രൂപയാണ്. അവന് കിട്ടിയിട്ടുള്ള ഏറ്റവും കൂടിയകൂലി 900 രൂപയാണ് – ഒരു ഇരട്ട ഷിഫ്റ്റിനാണ് അത് ലഭിച്ചത്. പക്ഷെ ഈ ജോലി ഒന്നോ രണ്ടോ ദിവസമേ ലഭിക്കൂ.
സമീപത്തെ തെരുവുകളില്‍ കുടകളും മാസ്ക്കുകളും മറ്റും വില്‍ക്കാനും അവന്‍ ശ്രമിച്ചു. അവന്‍ തന്‍റെ മുന്‍ സമ്പാദ്യങ്ങള്‍ ഉപയോഗിച്ച് ഒരു കിലോമീറ്റര്‍ അകലെയുള്ള നല് ബസാറിലേക്ക് നടന്ന് മൊത്തവിലയ്ക്ക് സാധനങ്ങള്‍ വാങ്ങുമായിരുന്നു. കൈയില്‍ പണം കുറവാണെങ്കില്‍ അവന്‍ പ്രദേശത്തുള്ള വായ്പ ദാദാവിനോടോ തന്‍റെ അമ്മയോടോ ചോദിക്കുമായിരുന്നു. ഒരു കടക്കാരന്‍ ഒരിക്കല്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഇയര്‍ഫോണ്‍ വില്‍ക്കാമോ എന്ന് അവനോട് ചോദിച്ചു. “പക്ഷെ എനിക്ക് ലാഭമുണ്ടാക്കാന്‍ പറ്റിയില്ല”, വിക്രം പറഞ്ഞു.
അവന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കും തെരുവിലെ മറ്റുള്ളവര്‍ക്കും ചായ വില്‍ക്കാന്‍ ശ്രമിച്ചു. “ഒന്നും നടക്കാതിരുന്നപ്പോള്‍ എന്‍റെയൊരു സുഹൃത്താണ് ഈ ആശയവുമായി വന്നത്. അവന്‍ ചായ ഉണ്ടാക്കുകയും ഞാനത് ഒരു മില്‍ട്ടണ്‍ തെര്‍മോ കുപ്പിയില്‍ ചുറ്റുപാടും കൊണ്ടുനടന്ന് വില്‍ക്കുകയും ചെയ്യുമായിരുന്നു. 5 രൂപയ്ക്ക് ഒരു ചായ, അതില്‍ രണ്ടുരൂപ അവന് കിട്ടുമായിരുന്നു. ദിവസം 60 മുതല്‍ 100 രൂപവരെ ലാഭം ഉണ്ടാക്കാന്‍ അവന് കഴിഞ്ഞു.
സമീപത്തെ മദ്യ വില്‍പനശാലയില്‍ നിന്നുള്ള ബീര്‍ കുപ്പികളും, കൂടാതെ ഗുട്ഖയും (പുകയിലക്കൂട്ട്) കാമാത്തിപുര നിവാസികള്‍ക്കും അവിടുത്തെ സന്ദര്‍ശകര്‍ക്കും അവന്‍ വിറ്റു. ലോക്ക്ഡൗണ്‍ സമയത്ത് കടകള്‍ അടവായിരുന്നതുകൊണ്ട് അവയ്ക്ക് ആവശ്യക്കാര്‍ ഉണ്ടായിരുന്നു. മോശമല്ലാത്ത ലാഭം അതില്‍നിന്നും ലഭിക്കുകയും ചെയ്തു. പക്ഷെ നിരവധി ആണ്‍കുട്ടികള്‍ കച്ചവടം നടത്തിയിരുന്നതുകൊണ്ട് കടുത്ത മത്സരമുണ്ടായിരുന്നു. ഇടയ്ക്കൊക്കെയെ വരുമാനം ലഭിച്ചിരുന്നുള്ളൂ. താന്‍ എന്താണ് ചെയ്യുന്നതെന്ന് അമ്മ കണ്ടുപിടിക്കുമോയെന്നും വിക്രം ഭയന്നിരുന്നു.
വിക്രം ക്രമേണ ഘര്‍വാലിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കെട്ടിടത്തില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് പലവ്യഞ്ജനങ്ങള്‍ പോലെയുള്ളവ വാങ്ങിനല്‍കുകയും ചെയ്യുന്നതുപോലുള്ള പണികളാണ് അവന്‍ ചെയ്തത്. രണ്ട് ദിവസത്തിലൊരിക്കല്‍ 300 രൂപവീതം അവന് ലഭിക്കാന്‍ തുടങ്ങി. പക്ഷെ ഈ പണിയും ഇടയ്ക്കിടക്കൊക്കെയെ ലഭിച്ചുള്ളൂ.
ഇതൊക്കെ ചെയ്യുമ്പോള്‍ മഹാമാരിമൂലം തൊഴിലിലേക്ക് തള്ളിവിടപ്പെട്ട കുട്ടികളുടെ സംഘത്തോടാണ് ചേരുകയാണ് വിക്രം ചെയ്തത്. ഐ.എല്‍.ഓയും യൂനിസെഫും ചേര്‍ന്ന് 2020 ജൂണില്‍ കോവിഡ് -19 ആന്‍ഡ് ചൈല്‍ഡ് ലേബര്‍: എ ടൈം ഓഫ് ക്രൈസിസ്, എ ടൈം ഓഫ് ആക്റ്റ് എന്ന പേരില്‍ ഒരു പേപ്പര്‍ തയ്യാറാക്കിയിരുന്നു. ഈ പേപ്പര്‍ അനുസരിച്ച് മഹാമാരിമൂലം പിതാക്കന്മാര്‍ തൊഴില്‍ രഹിതരാവുകയും കുടുംബത്തിനു താങ്ങാവാന്‍ കുട്ടികള്‍ തൊഴിലിനിറങ്ങുകയും ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്. “നിയമം അനുവദിക്കുന്ന പ്രായത്തില്‍ കുറഞ്ഞ കുട്ടികള്‍ അനൗപചാരിക മേഖലയിലെ തൊഴിലുകളും വീട്ടുജോലികളും തേടാം. അവിടെയവര്‍ കടുത്ത അപകടങ്ങളും ചൂഷണവും, ബാലവേലയുടെ ഏറ്റവും മോശമായ രൂപങ്ങള്‍ ഉള്‍പ്പെടെ, നേരിടാം”, പേപ്പര്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്ക്ഡൗണിനുശേഷം പ്രിയയും ജോലിക്കായി ശ്രമിച്ചു. ഓഗസ്റ്റില്‍ കാമാത്തിപുരയില്‍ ഒരു വീട്ടുജോലിക്കാരിയായി 50 രൂപ ദിവസക്കൂലിക്ക് പണി കണ്ടെത്തി. പക്ഷെ അത് ഒരുമാസം മാത്രമെ ചെയ്യാന്‍ സാധിച്ചുള്ളൂ.
പിന്നീട് ഓഗസ്റ്റ് 7-ന് വിക്രമുമായി അവര്‍ക്ക് വഴക്കിടേണ്ടിയും വന്നു. ജോലിക്ക് ശേഷം വിക്രം ഘര്‍വാലിയുടെ മുറികളില്‍ തങ്ങുന്നത് പ്രിയയ്ക്ക് താല്‍പര്യം ഇല്ലായിരുന്നു. പരിസരത്ത് പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി അടുത്തിടെ ലൈംഗികാതിക്രമം നേരിട്ടതില്‍ അവര്‍ അസ്വസ്ഥയായിരുന്നു. റിദ്ദിയെ തിരികെ ഹോസ്റ്റലില്‍ ആക്കാനും അവര്‍ ഉദ്ദേശിച്ചിരുന്നു ( കാണുക Everyone knows what happens here to girls ) .
അന്നുരാത്രി വിക്രം പോകാന്‍ തീരുമാനിച്ചു. കുറച്ചുകാലമായി അവന്‍ അതിനുള്ള പദ്ധതി ഇട്ടിരുന്നു, പക്ഷെ അമ്മയോട് അതേക്കുറിച്ച് പറഞ്ഞതിനുശേഷം മാത്രമാണ് പോകാനുദ്ദേശിച്ചത്. “എനിക്ക് നല്ല ദേഷ്യം വന്നു, അങ്ങനെ പോകാന്‍ തീരുമാനിച്ചു”, അന്നത്തെ ദിവസത്തെക്കുറിച്ച് അവന്‍ പറഞ്ഞു. അഹമ്മദാബാദില്‍ നല്ല ജോലിസാദ്ധ്യതകള്‍ ഉണ്ടെന്ന് ഒരു സുഹൃത്തിന്‍റെ പക്കല്‍നിന്നും അവന്‍ കേട്ടിരുന്നു.
അങ്ങനെ തന്‍റെ ചെറിയ ജിയോഫോണും പോക്കറ്റില്‍ 100 രൂപയുമായി ഓഗസ്റ്റ് 7-ന് വൈകുന്നേരം 7 മണിയോടെ അവന്‍ ഗുജറാത്തിന് തിരിച്ചു.
പകുതിയിലധികം പണവും അവന്‍ ചിലവഴിച്ചത് 5 പാക്കറ്റ് ഗുട്ഖയും (സ്വന്തം ആവശ്യത്തിന് വാങ്ങിയത്) ഒരു ഗ്ലാസ്സ് പഴച്ചാറും ഹാജി അലിക്ക് സമീപത്തുനിന്നും കുറച്ച് ഭക്ഷണവും വാങ്ങാനാണ്. അവിടെനിന്നും വിക്രം നടക്കാന്‍ തുടങ്ങി. കിട്ടുന്ന ഏതെങ്കിലും വണ്ടിയില്‍ കയറിപോകാന്‍ അവന്‍ ശ്രമിച്ചു, പക്ഷെ ആരും നിര്‍ത്തിയില്ല. ഇടയ്ക്ക് കൈയില്‍ ബാക്കിയുണ്ടായിരുന്ന 30-40 രൂപയ്ക്ക് ചെറിയൊരു ദൂരത്തേക്ക് അവന് ബെസ്റ്റ് (BEST) വക ബസ് ലഭിച്ചു. തളര്‍ന്നവശനായ ആ 15-കാരന്‍ രാവിലെ ഏതാണ്ട് 2 മണിയോടെ, ഓഗസ്റ്റ് 8-ന്, വിരാറിന് സമീപത്ത് ഒരു ധാബയില്‍ എത്തിച്ചേരുകയും രാത്രി അവിടെ ചിലവഴിക്കുകയും ചെയ്തു. ഏതാണ്ട് 78 കിലോമീറ്ററുകള്‍ അവന്‍ പിന്നിട്ടിരുന്നു.
ധാബയുടമ അവനോട് ഒളിച്ചോടിപ്പോന്നതാണോയെന്ന് അന്വേഷിച്ചു. താനൊരു അനാഥനാണെന്നും അഹമ്മദാബാദിലേക്ക് ഒരു ജോലിക്കു പോവുകയാണെന്നും വിക്രം കള്ളം പറഞ്ഞു. “ധാബക്കാരനായ ഭയ്യ എന്നോട് തിരികെ വീട്ടില്‍ പോകാന്‍ ഉപദേശിച്ചു. ആരും എനിക്ക് ജോലി തരില്ലെന്നും കൊറോണ സമയത്ത് അഹമ്മദാബാദില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്ന് പറയുകയും ചെയ്തു.” അദ്ദേഹം വിക്രമിന് കുറച്ച് ചായയും അവലും 70 രൂപയും നല്‍കി. “തിരിച്ചു വീട്ടില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു, പക്ഷെ കുറച്ച് പണം ഉണ്ടാക്കിക്കൊണ്ട് പോകണമെന്ന് എനിക്കുണ്ടായിരുന്നു”, വിക്രം പറഞ്ഞു.
അവന് കുറച്ചുകൂടി മുന്നോട്ട് നടന്ന് ഒരു പെട്രോള്‍ പമ്പിനടുത്ത് കുറച്ച് ട്രക്കുകള്‍ കണ്ടു. അവന്‍ ഒരു ലിഫ്റ്റ് ചോദിച്ചു, പക്ഷെ ആരും അവനെ സൗജന്യമായി കൊണ്ടുപോകാന്‍ തയ്യാറായില്ല. “അവിടെ കുറച്ച് ബസുകള്‍ കിടന്നിരുന്നു, അതില്‍ കുറച്ച് കുടുംബങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ മുംബൈയില്‍ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കിയശേഷം അവരെന്നെ അകത്തുകയറാന്‍ സമ്മതിച്ചില്ല [മുംബൈയില്‍ ധാരാളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു].” ഒരുപാടുപേരോട് വിക്രം അപേക്ഷിച്ചുനോക്കി - അവസാനം ഒരു ടെമ്പോഡ്രൈവര്‍ സമ്മതിക്കുന്നതുവരെ. “അയാള്‍ ഒറ്റയ്ക്കായിരുന്നു, എനിക്ക് അസുഖമുണ്ടോയെന്നും എന്നെ വണ്ടിയില്‍ കയറ്റിയാല്‍ കുഴപ്പമാകുമോയെന്നും അയാള്‍ ചോദിച്ചു, കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞു.” ജോലി കിട്ടാന്‍ സാദ്ധ്യതയില്ലെന്ന് ഡ്രൈവറും ആ കൗമാരക്കാരനോട് പറഞ്ഞു. “അയാള്‍ വാപി വഴിയായിരുന്നു പോകുന്നത്, അതുകൊണ്ട് എന്നെ അവിടെ ഇറക്കാമെന്ന് സമ്മതിച്ചു.”
ഒഗസ്റ്റ് 9-ന് രാവിലെ ഏകദേശം 7 മണിയോടെ അവന്‍ ഗുജറാത്തിലെ വല്‍സാഡ് ജില്ലയിലെ വാപിയില്‍ എത്തിച്ചേര്‍ന്നു – മുംബൈ സെന്‍ട്രലില്‍ നിന്നും ഏകദേശം 185 കിലോമീറ്റര്‍ അകലെ. അവിടെനിന്നും അഹമ്മദാബാദിനു പോകാനായിരുന്നു അവന്‍റെ പരിപാടി. അന്നുച്ചകഴിഞ്ഞ് ആരുടെയോ ഫോണില്‍നിന്നും അവന്‍ തന്‍റെ അമ്മയെ വിളിച്ചു. അവന്‍റെ ഫോണിന്‍റെ ബാറ്ററി തീര്‍ന്നിരുന്നു, തിരിച്ചു വിളിക്കാനുള്ള ബാലന്‍സും ഇല്ലായിരുന്നു. താന്‍ വാപിയിലുണ്ടെന്നും തനിക്ക് സുഖമാണെന്നും അമ്മയോട് പറഞ്ഞിട്ട് അവന്‍ ഫോണ്‍ കട്ട് ചെയ്തു.
അപ്പോള്‍ പ്രിയ മുംബൈയിലെ നാഗപാഡ പോലീസ് സ്റ്റേഷന്‍ സ്ഥിരമായി സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നു. “ഞാന്‍ അശ്രദ്ധ കാണിച്ചെന്ന് പോലീസ് പറഞ്ഞു. എന്‍റെ ജോലിയെപ്പറ്റിയും പരാമര്‍ശിച്ചു. അവന്‍ തനിയെ പോയതായതുകൊണ്ട് ഉടനെ തിരിച്ചുവരുമെന്നും അവര്‍ പറഞ്ഞു”, പ്രിയ ഓര്‍മ്മിച്ചു.
കുറച്ചുനേരം മാത്രംനീണ്ട വിക്രമിന്‍റെ വിളിക്കുശേഷം അവര്‍ പരിഭ്രാന്തയായി അവനെ തിരിച്ചുവിളിച്ചു. പക്ഷെ ഫോണിന്‍റെ ഉടമയാണ് പ്രതികരിച്ചത്. “താന്‍ വിക്രമിനോടൊപ്പമല്ലെന്നും അവനെവിടെയാണെന്ന് ഒരു ധാരണയുമില്ലെന്നും അയാള്‍ എന്നോടു പറഞ്ഞു. അയാള്‍ വിക്രമിനെ ഹൈവേയിലെ ഒരു ചായക്കടയില്‍ കാണുകയും ഫോണ്‍ ഒന്ന് കൊടുക്കുകയും മാത്രമെ ചെയ്തുള്ളൂ.”
ഓഗസ്റ്റ് 9-ന് രാത്രി വിക്രം വാപിയില്‍ തങ്ങി. “എന്നേക്കാള്‍ മുതിര്‍ന്നൊരു പയ്യന്‍ ചെറിയൊരു ഹോട്ടലിന് കാവല്‍ നില്‍ക്കുകയായിരുന്നു. ജോലിതേടി അഹമ്മദാബാദിനു പോവുകയാണെന്നും എവിടെയെങ്കിലും ഉറങ്ങണമെന്നും ഞാന്‍ അവനോട് പറഞ്ഞു. അവിടെത്തങ്ങി ആ ഹോട്ടലില്‍ ജോലി ചെയ്യാമെന്നും ഉടമയോട് താന്‍ സംസാരിക്കാമെന്നും അവന്‍ പറഞ്ഞു.”
ആദ്യമായി അമ്മയെ വിളിച്ചതിന് 4 ദിവസങ്ങള്‍ക്കുശേഷം, ഒഗസ്റ്റ് 13-ന്, രാവിലെ 3 മണിക്ക് വിക്രം ഒരുതവണകൂടി വിളിച്ചു. വാപിയില്‍ ഒരു ഭക്ഷണശാലയില്‍ പാത്രം കഴുകുകയും ഭക്ഷണത്തിന് ഓര്‍ഡര്‍ പിടിക്കുകയും ചെയ്യുന്ന ജോലി തനിക്ക് കിട്ടിയെന്ന് അവന്‍ പറഞ്ഞു. പ്രിയ രാവിലെ ധൃതിപിടിച്ച് നാഗപാഡ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ വിവരം അറിയിച്ചു. പക്ഷെ അവിടെച്ചെന്ന് മകനെ കൂട്ടിക്കൊണ്ടുവരാനാണ് പോലീസുകാര്‍ അവരോട് ആവശ്യപ്പെട്ടത്.
പ്രിയയും
റിദ്ദിയും വിക്രമിനെ കൊണ്ടുവരാനായി അന്നുരാത്രി സെന്‍ട്രല്‍ മുംബൈയില്‍ നിന്നും
ഒരു ട്രെയിന്‍ പിടിച്ച് വാപിയിലേക്ക് തിരിച്ചു. ഇതിനായി പ്രിയ ഒരു ഘര്‍വാലിയില്‍നിന്നും
ഒരു പ്രാദേശിക വായ്പ ദാദാവില്‍ നിന്നും 2,000 രൂപ വായ്പ വാങ്ങി. ഒരാള്‍ക്ക് 400
രൂപയായിരുന്നു ട്രെയിന്‍ ടിക്കറ്റ് നിരക്ക്.
പ്രിയ തന്‍റെ മകനെ തിരികെക്കൊണ്ടുവരാന്‍ തീരുമാനിച്ചുറച്ചു. തന്നെപ്പോലെ മകന്‍ ലക്ഷ്യമില്ലാത്ത ഒരു ജീവിതം നയിക്കണമെന്ന് തനിക്കില്ലെന്ന് അവര്‍ പറഞ്ഞു. “ഞാനും ഒളിച്ചോടിപ്പോന്നതാണ്, ഇപ്പോള്‍ ഈ ചെളിക്കുണ്ടിലുമായി. അവന്‍ പഠിക്കണമെന്നെനിക്കുണ്ട്”, പ്രിയ പറഞ്ഞു. അവരും വിക്രമിന് ഇപ്പോഴുള്ള പ്രായത്തില്‍ മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ തന്‍റെ വീട്ടില്‍നിന്നും ഓടിപ്പോന്നതാണ്.
തന്നെ ഒട്ടും ശ്രദ്ധിക്കാത്ത ഫാക്ടറി തൊഴിലാളിയും മദ്യപനുമായിരുന്ന അച്ഛനില്‍ നിന്നും രക്ഷനേടി അവര്‍ ഓടിപ്പോന്നതാണ് (അവര്‍ക്ക് 2 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു). അവരെ മര്‍ദ്ദിക്കുമായിരുന്ന ബന്ധുക്കള്‍ 12-ാം വയസ്സില്‍ വിവാഹം കഴിപ്പിക്കാനും ശ്രമിച്ചു. പുരുഷനായിരുന്ന ഒരു ബന്ധു അവരെ ലൈംഗികമായി പീഡിപ്പിക്കാനും തുടങ്ങിയിരുന്നു. “മുംബൈയില്‍ എനിക്ക് ജോലി കിട്ടുമെന്ന് ഞാന്‍ കേട്ടു”, അവര്‍ പറഞ്ഞു.
ഛത്രപതി ശിവാജി ടെര്‍മിനസില്‍ ഇറങ്ങിയ പ്രിയ അവസാനം മദന്‍പുരയില്‍ 400 രൂപ മാസശമ്പളത്തില്‍ വീട്ടുജോലിക്കാരിയായി. ആ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നതും. പിന്നീട് ഒരു പലവ്യഞ്ജനക്കട ജീവനക്കാരനോടൊപ്പം ദക്ഷിണ മുംബൈയിലെ റേ റോഡില്‍ ഒരു വാടകവീട്ടില്‍ ഏതാനും മാസങ്ങള്‍ താന്‍ താമസിച്ചെന്നും പിന്നീടയാള്‍ അപ്രത്യക്ഷനായെന്നും അവര്‍ പറഞ്ഞു. പിന്നീട് തെരുവുകളില്‍ ജീവിക്കാന്‍ തുടങ്ങിയ അവര്‍ താന്‍ ഗര്‍ഭിണിയാണെന്നും മനസ്സിലാക്കി. “ഞാന്‍ ഭിക്ഷയെടുത്ത് കഴിഞ്ഞുകൂടുകയായിരുന്നു.” വിക്രം ജനിച്ചതിനുശേഷവും (2005-ല്‍ ജെ. ജെ. ആശുപത്രിയില്‍) അവര്‍ നടപ്പാതയില്‍ കഴിച്ചുകൂട്ടി. “എനിക്ക് ഭക്ഷണം നല്‍കിയ ഒരു ധന്ദേവാലിയെ ഒരുരാത്രി ഞാന്‍ കണ്ടുമുട്ടി. എനിക്കൊരു കുട്ടിയെ വളര്‍ത്താനുണ്ടെന്നും ജോലിയില്‍ ചേരാനും അവര്‍ എന്നോടു പറഞ്ഞു.” ഒരുപാട് സന്ദേഹങ്ങള്‍ക്കിടയില്‍ അവസാനം പ്രിയ അതിനു സമ്മതിച്ചു.
കാമാത്തിപുരയിലെ കുറച്ച് സ്ത്രീകളോടൊപ്പം കര്‍ണ്ണാടകയിലെ ബിജാപൂരിലും ചിലപ്പോഴവര്‍ ലൈംഗിക തൊഴിലിന് പോകുമായിരുന്നു. ആ സ്ത്രീകള്‍ ആ പട്ടണത്തില്‍ നിന്നുള്ളവരായിരുന്നു. അത്തരം ഒരു യാത്രയില്‍ അവര്‍ പ്രിയയെ ഒരു പുരുഷന് പരിചയപ്പെടുത്തി. “അവര്‍ എന്നോട് പറഞ്ഞു അയാള്‍ എന്നെ വിവാഹം കഴിക്കുമെന്നും എനിക്കും മകനും ഒരു നല്ല ജീവിതം ഉണ്ടാകുമെന്നും.” അങ്ങനെ അവര്‍ ഒരു സ്വകാര്യ ‘വിവാഹം’ കഴിക്കുകയും 6-7 മാസങ്ങള്‍ അയാളോടൊപ്പം വസിക്കുകയും ചെയ്തു. പക്ഷെ പിന്നീട് അയാളുടെ കുടുംബം പ്രിയയോട് ബന്ധംവിടാന്‍ പറഞ്ഞു. “ആ സമയം റിദ്ദിയെ പ്രസവിക്കാറായിരുന്നു”, പ്രിയ പറഞ്ഞു. പിന്നീടാണ് പ്രിയ മനസ്സിലാക്കിയത് അയാള്‍ വ്യാജപേര് സ്വീകരിച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും നേരത്തെ വിവാഹിതനായിരുന്നെന്നും കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ തന്നെ അയാള്‍ക്ക് ‘വില്‍ക്കുക’യായിരുന്നെന്നും.
2011-ല്‍ റിദ്ദി ജനിച്ചതിനുശേഷം പ്രിയ വിക്രമിനെ അമരാവതിയിലെ ഒരു ബന്ധുവിന്‍റെ വീട്ടിലേക്കയച്ചു. “അവന്‍ വളരുകയും ചുറ്റുവട്ടത്ത് നടക്കുന്നത് എന്തൊക്കെയാണെന്ന് കാണുകയും ചെയ്തു...” പക്ഷെ അച്ചടക്കത്തിന്‍റെ പേരില്‍ അവര്‍ തല്ലുമായിരുന്നുവെന്നും പറഞ്ഞ് അവന്‍ അവിടെനിന്നും ഒളിച്ചോടി. “അന്നും ഞങ്ങള്‍ ആളെ കാണാതായതിന് കേസ് ഫയല്‍ ചെയ്തു. രണ്ടുദിവസം കഴിഞ്ഞ് അവന്‍ തിരിച്ചുവന്നു.” വിക്രം ഒരു ട്രെയിനില്‍ കയറി, ദാദര്‍ സ്റ്റേഷനിലെത്തി, ആളൊഴിഞ്ഞ ട്രെയിന്‍ കമ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുകയും താനൊരു യാചകനാണെന്ന ധാരണയില്‍ മറ്റുള്ളവര്‍ കൊടുക്കുന്നതൊക്കെ വാങ്ങി തിന്നുകയും ചെയ്തു.
അപ്പോള്‍ അവന് 8 അല്ലെങ്കില്‍ 9 വയസ്സായിരുന്നു പ്രായം. ‘അലഞ്ഞുതിരിഞ്ഞു’ നടന്നതിന്‍റെ പേരില്‍ അവനെ ഒരാഴ്ചത്തേക്ക് സെന്‍ട്രല്‍ മുംബൈയിലെ ഡോംഗ്രിയിലെ ജുവനൈല്‍ ഹോമിലാക്കി. അതിനുശേഷം പ്രിയ അവനെ സ്ക്കൂളും ഹോസ്റ്റലും ചേര്‍ന്ന അന്ധേരിയിലെ ഒരു സ്ഥാപനത്തിലാക്കി. ഒരു ജീവകാരുണ്യസ്ഥാപനം നടത്തിയിരുന്ന ആ സ്ഥാപനത്തില്‍ അവന്‍ 6-ാം ക്ലാസ്സ് വരെ പഠിച്ചു.
“വിക്രം എല്ലായ്പ്പോഴും പ്രശ്നത്തിലകപ്പെടുമായിരുന്നു. അവന്‍റെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവാകണം”, പ്രിയ പറഞ്ഞു. അവന്‍ അന്ധേരിയിലെ ഹോസ്റ്റലില്‍ താമസിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം (അവിടെ അവനെ ഏതാനും തവണ കൗണ്‍സലറെ കാണിക്കുകപോലും ചെയ്തു). അവിടുത്തെ കാര്യങ്ങള്‍ നോക്കുന്ന ഒരാളെ ഇടിച്ചതിനുശേഷം അവന്‍ അവിടെനിന്നും ഓടിപ്പോയി. 2018-ല്‍ അവര്‍ അവനെ ഭായഖലയിലെ മുനിസിപ്പല്‍ സ്ക്കൂളില്‍ 7-ാം ക്ലാസ്സില്‍ ചേര്‍ക്കുകയും അങ്ങനെയവന്‍ കാമാത്തിപുരയില്‍ തിരിച്ചെത്തുകയും ചെയ്തു.
പെരുമാറ്റ ദൂഷ്യത്തിന്‍റെയും മറ്റ് കുട്ടികളോട് വഴക്കുണ്ടാക്കിയതിന്‍റെയും പേരില്‍ വിക്രമിനെ ഭായഖല സ്ക്കൂളില്‍ നിന്നും പുറത്താക്കി. “എന്‍റെ തൊഴിലിന്‍റെ പേരില്‍ മറ്റു കുട്ടികളും ആളുകളും കളിയാക്കുന്നത് അവന് ഇഷ്ടമല്ലായിരുന്നു”, പ്രിയ പറഞ്ഞു. അവന്‍ സാധാരണയായി ആരോടും കുടുംബത്തെക്കുറിച്ച് പറയാറില്ല. സ്ക്കൂളില്‍ സുഹൃത്തുക്കളെ കണ്ടെത്താനും അവന്‍ ബുദ്ധിമുട്ടി. “അവര്‍ എന്നോട് മോശമായി പെരുമാറുകയും മനഃപൂര്‍വം [അമ്മയുടെ തൊഴിലിനെപ്പറ്റിയുള്ള] വിഷയം കൊണ്ടുവരികയും ചെയ്യും.”
എന്നിരിക്കിലും 90 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങുന്ന അവന്‍ മികച്ചൊരു വിദ്യാര്‍ത്ഥിയായിരുന്നു. പക്ഷെ 7-ാം ക്ലാസ്സിലെ മാര്‍ക്ക് ഷീറ്റനുസരിച്ച് മാസത്തില്‍ 3 ദിവസമായിരുന്നു അവന്‍ സ്ക്കൂളില്‍ പോയിരുന്നത്. പഠിപ്പിക്കുന്നത് മനസ്സിലാക്കിയെടുക്കാന്‍ പറ്റുമെന്നും പഠിക്കണമെന്നും അവന്‍ പറഞ്ഞു. 2020 നവംബറില്‍ അവന് 8-ാം ക്ലാസ്സ് മാര്‍ക്ക് ഷീറ്റ് ലഭിച്ചു. 7 വിഷയത്തില്‍ എ ഗ്രേഡും ബാക്കി 2 വിഷയത്തില്‍ ബി ഗ്രേഡും അവന്‍ നേടി (2019-20 അദ്ധ്യയന വര്‍ഷത്തില്‍).
“[കാമാത്തിപുരയിലെ] എന്‍റെ സുഹൃത്തുക്കളില്‍ നിരവധിപേര്‍ സ്ക്കൂള്‍ ഉപേക്ഷിച്ച് ജോലി ചെയ്യുന്നു. ചിലര്‍ക്ക് പഠനത്തില്‍ താല്‍പര്യമില്ല. പണമുണ്ടാക്കുന്നതാണ് നല്ലതെന്നും അങ്ങനെ സമ്പാദിച്ച് ബിസിനസ്സ് തുടങ്ങാമെന്നും അവര്‍ കരുതുന്നു”, വിക്രം പറഞ്ഞു. (കോല്‍ക്കത്തയിലെ ചുവന്ന തെരുവുകളില്‍ ജീവിക്കുന്ന കുട്ടികളെപ്പറ്റിയുള്ള 2010-ലെ ഒരു പഠനം അവരുടെ കൊഴിഞ്ഞുപോക്ക് 40 ശതമാനമാണെന്ന് നിരീക്ഷിക്കുന്നു. “ചുവന്നതെരുവുകളില്‍ ജീവിക്കുന്ന കുട്ടികളുടെ ഏറ്റവും പൊതുവായ പ്രശ്നങ്ങളിലൊന്ന് കുട്ടികളുടെ കുറഞ്ഞ ഹാജര്‍നിലയാണെന്ന ദൗര്‍ഭാഗ്യകരമായ യാഥാര്‍ത്ഥ്യത്തെ ഇത് ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.”)
ഞങ്ങൾ സംസാരിക്കുന്ന സമയത്ത് വിക്രം ഒരു ഗുട്ഖ പാക്കറ്റ് തുറന്നു. “അമ്മയോട് പറയരുത്”, അവൻ പറഞ്ഞു. നേരത്തെയവൻ ഇടയ്ക്കിടയ്ക്കിടയ്ക്കൊക്കെ വലിക്കുകയും കുടിക്കുകയും ചെയ്യുമായിരുന്നു. രസകരമല്ലെന്നു തോന്നിയപ്പോൾ നിർത്തുകയും ചെയ്തു. പക്ഷെ “എനിക്ക് ഗുഡ്ഖ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കാൻ പറ്റുന്നില്ല. വെറുതെ ഉപയോഗിച്ചു നോക്കിയതാണ്. പക്ഷെ എങ്ങനെ അത് ശീലമായെന്നറിയില്ല.” ചില സമയത്ത് ഇത് ചവയ്ക്കുന്നത് കണ്ടിട്ട് പ്രിയ അവനെ തല്ലിയിട്ടുണ്ട്.
“ഇവിടെയുള്ള കുട്ടികൾ എല്ലാ മോശം സ്വഭാവങ്ങളും തുടങ്ങും. അതിനാൽ അവർ ഹോസ്റ്റലിൽ പഠിക്കണമെന്നാണ് എന്‍റെ ആഗ്രഹം. റിദ്ദിയും ഇവിടെയുള്ള സ്ത്രീകളെ അനുകരിക്കുന്നു”, ലിപ്സ്റ്റിക് ധരിക്കാൻ, അല്ലെങ്കിൽ അവരുടെ നടപ്പ് അനുകരിക്കാൻ ശ്രമിച്ചുകൊണ്ടാണ് ഇതെന്ന് പ്രിയ പറഞ്ഞു. “അടിയും വഴക്കുമൊക്കെ എല്ലാദിവസവും നിങ്ങൾക്കിവിടെ കാണാം.”
ലോക്ക്ഡൗണിനു മുൻപ് ഉച്ചകഴിഞ്ഞ് 1 മുതൽ 6 മണിവരെ വിക്രം സ്ക്കൂളിൽ ഉണ്ടാകുമായിരുന്നു. 7 മണിയോടെ അവൻ രാത്രി കേന്ദ്രത്തിലേക്ക് മാറുന്നു. കുട്ടികളുടെ അമ്മമാർ ജോലിയിൽ ആയിരിക്കുന്ന ഈ സമയത്ത് ഒരു എൻ.ജി.ഓ. ആണ് അവർക്ക് ക്ലാസ്സുകൾ എടുക്കുന്നത്. പിന്നീട്, അവൻ ഒന്നുകിൽ വീട്ടിലേക്ക് പോരും (അമ്മ ഇടപാടുകാരനെ കണ്ടുമുട്ടുന്ന മുറിക്കടുത്തുള്ള വഴിയിൽ കിടന്നുറങ്ങും), അല്ലെങ്കിൽ ചിലപ്പോൾ രാത്രി സത്രത്തിൽ തങ്ങും.
ലോക്ക്ഡൗൺ സമയത്ത് സഹോദരികൂടി വീട്ടിലെത്തിയതുമൂലം അവരുടെ മുറിയിലെ സൗകര്യം വീണ്ടും കുറഞ്ഞു. അവൻ അതിനെ “ട്രെയിൻ കാ ഡബ്ബ” എന്നാണ് വിശേഷിപ്പിച്ചത്. അതുകൊണ്ടവൻ രാത്രിയിൽ ചില സമയങ്ങളിൽ തെരുവുകളിൽ അലഞ്ഞു നടക്കുമായിരുന്നു, അല്ലെങ്കിൽ എവിടെങ്കിലും പണി ലഭിച്ചാൽ അവിടെ കിടന്നുറങ്ങുമായിരുന്നു. കുടുംബത്തിന്‍റെ മുറിക്ക് കഷ്ടിച്ച് 10x10 അടി വലിപ്പമാണുള്ളത്. ഓരോ മുറിയും 4x6 അടി വലിപ്പത്തിൽ ദീർഘ ചതുരാകൃതിയിൽ വിഭജിച്ചിരുന്നു. ഓരോ മുറിയും അവിടെ താമസിക്കുന്ന ഓരോ വ്യക്തിക്കുമായിരുന്നു – ഒരു ലൈംഗിക തൊഴിലാളിക്ക്, അല്ലെങ്കിൽ ഒരാൾക്ക് കുടുംബത്തോടൊപ്പം. മുറികൾ സാധാരണയായി സ്ത്രീകളുടെ തൊഴിലിടങ്ങളുമായിരുന്നു.
വാപിയിൽ നിന്നും ഓഗസ്റ്റ് 14-ന് ട്രെയിനിൽ പ്രിയയ്ക്കും സഹോദരിക്കുമൊപ്പം തിരിച്ചെത്തിയതിനു ശേഷം അടുത്ത ദിവസം വിക്രം തൊട്ടടുത്തുള്ള നാകയിലായിരുന്നു. അതിനുശേഷം അവൻ പച്ചക്കറി വിൽക്കാനും നിർമ്മാണ മേഖലയിൽ പണിയെടുക്കാനും ചാക്ക് ചുമക്കാനും ശ്രമിച്ചു.
വിക്രമിന്‍റെ സ്ക്കൂളിൽ നിന്നും ക്ലാസ്സ് തുടങ്ങുന്ന വാർത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു അവന്‍റെ അമ്മ. എന്നാണ് ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയതെന്ന് അവർ അറിഞ്ഞില്ല. അവന് സ്മാർട് ഫോൺ ഇല്ലായിരുന്നു. ഉണ്ടെങ്കിൽ തന്നെ അവന്‍റെ സമയം ജോലിക്കായി ഉപയോഗിക്കുകയായിരുന്നു. ക്ലാസ്സിൽ പങ്കെടുക്കാനുള്ള ഇന്‍റർനെറ്റ് ലഭ്യമാക്കാൻ കുടുംബത്തിന് പണം ആവശ്യമായിരുന്നു. കൂടാതെ, ദീർഘനാളത്തെ തന്‍റെ അസാന്നിദ്ധ്യം മൂലം, അവന്‍റെ പേർ സ്ക്കൂൾ പട്ടികയിൽ നിന്നും നീക്കിയെന്നും പ്രിയ പറഞ്ഞു.
തൊഴിൽ തുടർന്നാൽ പഠനം നിർത്തുമെന്ന് ഭയന്ന് വിക്രമിന്‍റെ അമ്മ അവനെ ഒരു ഹോസ്റ്റൽ-സ്ക്കൂളിൽ ചേർക്കാനുള്ള സഹായം തേടി ഡോംഗ്രിയിലെ ശിശുക്ഷേമ സമിതിയെ സമീപിച്ചു. അപേക്ഷ നടപടിക്കായി സമർപ്പിച്ചു. അത് നടന്നാൽ തന്നെയും അവന് ഒരു അദ്ധ്യയന വർഷം (2020-21) നഷ്ടപ്പെടും. “അവൻ പഠിക്കണമെന്നാണ് എനിക്കുള്ളത്, സ്ക്കൂൾ തുറന്നു കഴിഞ്ഞാൽ ജോലി ചെയ്യരുത്. അവൻ അലഞ്ഞു തിരിഞ്ഞു നടക്കുന്നവനാകരുത്”, പ്രിയ പറഞ്ഞു.
ദാദറിലെ ഒരു ഹോസ്റ്റൽ-സ്ക്കൂളിൽ റിദ്ദിക്ക് പ്രവേശനം ലഭിച്ചു. നവംബർ മദ്ധ്യത്തോടെ റിദ്ദിയെ അങ്ങോട്ട് കൊണ്ടുപോകും. മകൾ പോയതിനുശേഷം പ്രിയ വീണ്ടും ലൈംഗിക തൊഴിൽ ചെയ്യാൻ തുടങ്ങി – ഇടസമയങ്ങളില്‍ വയർ വേദന ഇല്ലാത്തപ്പോള്‍.
ഒരു ഷെഫ് ആകാൻ നോക്കണമെന്ന് വിക്രമിനുണ്ട്. അവൻ പാചകം ഇഷ്ടപ്പെടുന്നു. “ആരോടും ഞാൻ പറഞ്ഞിട്ടില്ല. അവർ പറയും ക്യാ ലഡ്കിയോ ക കാം ഹേ ” , അവൻ പറഞ്ഞു. അവന്‍റെ വലിയ പദ്ധതി കാമാത്തിപുരയിൽ നിന്നും പുറത്തു കടക്കണമെന്നാഗ്രഹിക്കുന്ന ലൈംഗിക തൊഴിലാളികളെ അവിടെനിന്നും മാറ്റുക എന്നതാണ്. “ഒരുപാട് പണം ഞാൻ അതിനായി ഉണ്ടാക്കണം. എങ്കിലെ അവരെ പോറ്റാനും പിന്നീട് ഓരോരുത്തർക്കും യഥാർത്ഥത്തിൽ വേണ്ട ജോലി കണ്ടെത്താനും കഴിയൂ”, അവൻ പറഞ്ഞു. “ഇവിടുള്ള സ്ത്രീകളെ സഹായിക്കുമെന്ന് നിരവധിയാളുകൾ പറഞ്ഞിട്ടുണ്ട്. പക്ഷെ നിരവധി പുതിയ ദീദിമാർ ഇവിടെത്തുന്നത് നിങ്ങൾക്ക് കാണാം. ഒരുപാടു പേർ ബലപ്രയോഗത്തിനും മോശം കാര്യങ്ങൾക്കും [ലൈംഗിക ദുരുപയോഗങ്ങൾക്ക്] വിധേരയായി ഇവിടേക്ക് എറിയപ്പെടുന്നു. സ്വന്തം ഇഷ്ടപ്രകാരം ആരു വരും? ആരവരെ സംരക്ഷിക്കും?”
ഒക്ടോബറിൽ വിക്രം വാപിയിലുള്ള അതേ ഭക്ഷണശാലയിലേക്കു പോയി. രണ്ടാഴ്ചക്കാലം ഉച്ച മുതൽ അർദ്ധരാത്രി വരെയുള്ള സമയത്ത് പാത്രവും തറയും മേശകളും വൃത്തിയാക്കുന്നതുൾപ്പെടെ പല പണികളും ചെയ്തു. രണ്ടുനേരം ഭക്ഷണവും വയ്കുന്നേരം ചായയും അവന് ലഭിച്ചു. 9-ാം ദിവസം ഒരു സഹജീവനക്കാരനുമായി അവൻ വഴക്കുണ്ടായി. രണ്ടുപേരും പരസ്പരം അടിച്ചു. രണ്ടാഴ്ചക്കാലത്തേക്ക് സമ്മതിച്ച 3,000 രൂപയ്ക്കു പകരം 2,000 രൂപയും വാങ്ങി ഒക്ടോബർ അവസാനം അവൻ വീട്ടിൽ തിരിച്ചെത്തി.
ഒരു സൈക്കിൾ കടംവാങ്ങി പ്രാദേശിക ഭക്ഷണശാലകളില്‍ നിന്നുള്ള ഭക്ഷണപ്പൊതികള്‍ മുംബൈ സെൻട്രലിന് ചുറ്റുപാടും അവൻ എത്തിക്കുന്നു. ചില സമയങ്ങളിൽ കാമാത്തിപുരയിലെ ഒരു ഫോട്ടോ സ്റ്റുഡിയോയിൽ പെൻഡ്രൈവുകളും എസ്.ഡി. കാർഡുകളുമൊക്കെ എത്തിക്കുന്ന ഒരു ജോലിയും ചെയ്യാറുണ്ട്. അവന്‍റെ വരുമാനം ഇപ്പോഴും തുച്ഛമാണ്.
ഒരു ഹോസ്റ്റലിൽ നിന്നും ഉടൻതന്നെ ഒരു വിളി പ്രിയ പ്രതീക്ഷിക്കുന്നു. ഒപ്പം, കുഴപ്പക്കാരനും വഴക്കുണ്ടാക്കുന്നവനുമായ തന്‍റെ മകൻ അവിടെ നിന്നും ഓടിപ്പോകില്ലെന്നും. വീണ്ടും സ്ക്കൂളിൽ പോകാമെന്ന് വിക്രം സമ്മതിച്ചു. പക്ഷെ അമ്മയെ സഹായിക്കാന്‍ പണിയെടുക്കണമെന്നും അവനുണ്ട്.
പരിഭാഷ: റെന്നിമോന്‍ കെ. സി.