“ദയവായി അവയുടെ കൂടുതൽ അടുത്ത് പോകരുത്. അവ പേടിച്ച് ഓടിപ്പോവും. പിന്നെ അവയുടെ നീക്കം നിയന്ത്രിക്കുന്നതുപോയിട്ട്, ഈ പരന്നുകിടക്കുന്ന സ്ഥലത്ത് അവയെ കണ്ടെത്താൻ പോലും എനിക്ക് ബുദ്ധിമുട്ടാവും”, ജെതാഭായി രാബറി പറയുന്നു.
‘അവ’, ‘അവർ’ എന്നൊക്കെ ആ നാടോടിയായ ഇടയൻ പറയുന്നത്, വിലകൂടിയ ഒട്ടകങ്ങളെക്കുറിച്ചാണ്. ഭക്ഷണമന്വേഷിച്ച് അവ നീന്തുകയാണ്.
ഒട്ടകങ്ങളോ? നീന്തുകയോ? ശരിക്കും?
അതെ, ‘പരന്ന പ്രദേശം’ എന്നതുകൊണ്ട് ജെതാഭായി ഉദ്ദേശിച്ചത് കച്ച് ഉൾക്കടലിന്റെ തെക്കേ തീരത്തോട് ചേർന്നുകിടക്കുന്ന മറൈൻ നാഷണൽ പാർക്ക് ആൻഡ് സാങ്ച്വറിനെയാണ് (എം.എൻ.പി. &എസ്). ഇവിടെ നാടോടികളായ ഇടയന്മാർ മേയ്ക്കുന്ന ഒട്ടകങ്ങളുടെ കൂട്ടം അവയുടെ ഇഷ്ടഭക്ഷണം കിട്ടുന്ന കണ്ടലുകളന്വേഷിച്ച് (അവിസെന്നിയ മറീന) ദ്വീപുകളിൽനിന്ന് ദ്വീപുകളീലേക്ക് നീന്തുന്നു
“കണ്ടലുകൾ തിന്നാൻ കഴിഞ്ഞില്ലെങ്കിൽ ഈ ഇനം ഒട്ടകങ്ങൾക്ക് അസുഖം വരികയും ക്ഷീണിക്കുകയും ചിലപ്പോൾ ചത്തുപോവുകയും ചെയ്യും”, കാരു മേരു ജാട്ട് പറയുന്നു. “അതിനാൽ, മറൈൻ പാർക്കിൽ, ഞങ്ങളുടെ ഒട്ടകക്കൂട്ടങ്ങൾ കണ്ടൽച്ചെടി അന്വേഷിച്ച് നടക്കുന്നു”.
എം.എൻ.പി. &എസിലെ 42 ദ്വീപുകളിൽ 37 എണ്ണം മറൈൻ നാഷണൽ പാർക്കിലും ബാക്കി 5 എണ്ണം സാങ്ച്വറി പ്രദേശത്തും ഉൾപ്പെടുന്നു. ഈ പ്രദേശം ഗുജറാത്തിലെ ജാംനഗർ, ദേവഭൂമി ദ്വാരക (2013-ൽ ജാംനഗറിൽനിന്ന് വേർപെടുത്തിയതാണ്), സൌരാഷ്ട്രയിലെ മോർബി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു
“ഞങ്ങളെല്ലാം തലമുറകളായി ഇവിടെ ജീവിക്കുന്നവരാണ്”, മുസ ജാട്ട് പറയുന്നു. കാരു മേരുവിനെപ്പോലെ അദ്ദേഹവും മറൈൻ നാഷണൽ പാർക്കിൽ താമസിക്കുന്ന ഫക്കീരാണി ജാട്ട് ഗോത്രക്കാരനാണ്. അദ്ദേഹത്തിന്റേതുപോലുള്ള മറ്റൊരു ഗോത്രവും എം.എൻ.പി. &എസ്സിൽ താമസിക്കുന്നുണ്ട്. ഭോപാ രാബറി (രെബാറി എന്നും വിളിക്കാറുണ്ട്). ജെതാഭായ് ആ ഗോത്രക്കാരനാണ്. ഇരുഗോത്രങ്ങളും പരമ്പരാഗത ഇടയന്മാരാന്. ഈ ഭാഗത്ത് ഇവരെ മൽധാരി എന്നും വിളിക്കുന്നു. ഗുജറാത്തിയിൽ ‘മൽ’ എന്നതിന് മൃഗം എന്നും ‘ധാരി’ എന്നതിന് ഉടമസ്ഥൻ, അഥവാ രക്ഷിതാവ് എന്നും അർത്ഥമുണ്ട്. മൽധാരികൾ ഗുജറാത്തിലുടനീളം, പശുക്കൾ, എരുമകൾ, ഒട്ടകങ്ങൾ, കുതിരകൾ, ആടുകൾ, ചെമ്മരിയാടുകൾ എന്നിവയെ പരിപാലിക്കുന്നു.
മറൈൻ പാർക്കിന്റെ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലായി താമസിക്കുന്ന ഈ രണ്ട് ഗോത്രങ്ങളിലേയും അംഗങ്ങളെ സന്ദർശിക്കുകയായിരുന്നു ഞാൻ. 1200 ആളുകൾ താമസിക്കുന്ന പാർക്കാണത്.
“ഞങ്ങൾ ഈ സ്ഥലത്തെ സ്നേഹിക്കുന്നു, വർഷങ്ങൾക്കുമുമ്പ്, ജാംനഗറിലെ രാജാവാണ് ഞങ്ങളെ ഇവിടെ താമസിക്കാൻ ക്ഷണിച്ചുവരുത്റ്റിയത്. 1982-ൽ ഈ സ്ഥലം മറൻ പാർക്കായി പ്രഖ്യാപിക്കുന്നതിനും ഏറെ മുമ്പ്”.
ആ അവകാശവാദത്തെ സഹജീവൻ എന്ന എൻ.ജി.ഒ.യിലെ റിതുജ മിത്ര ശരിവെക്കുന്നു. ഭുജിലെ സെന്റർ ഫോർ പാസ്റ്റോറലിസം നടത്തുന്നത് സഹജീവനമാണ്. “താൻ പുതിയതായി രൂപീകരിച്ച നവനഗർ എന്ന രാജ്യത്തിലേക്ക് (പിന്നീട് ജാംനഗറായി) ആ പ്രദേശത്തെ രാജാവ് ഈ രണ്ട് ഗോത്രങ്ങളെ കൂട്ടിക്കൊണ്ടുവന്നു എന്നാണ് പറയപ്പെടുന്നത്
“പ്രദേശത്തെ ഏതാനും ഗ്രാമങ്ങളുടെ പേര് നോക്കിയാലും മനസ്സിലാവും, ഇക്കൂട്ടർ ഇവിടെ ഏറെക്കാലമായി കഴിയുന്നവരാണെന്ന്”, സഹജീവനിലെ വനാവകാശ ആക്ടിന്റെ സംസ്ഥാന കോർഡിനേറ്ററായ റിതുജ പറയുന്നു. “ഉദാഹരണത്തിന് ഒരു ഗ്രാമത്തിന്റെ പേര് ‘ഊൺഢ്ബേഢ് ഷമ്പാർ’ എന്നാണ്. ‘ഒട്ടകങ്ങളുടെ ദ്വീപ്’ എന്നാണ് ആ വാക്കിന്റെ ഏകദേശ അർത്ഥം.
മാത്രമല്ല, നീന്തൽ വശമുള്ളവരാവണമെങ്കിൽ ഈ ഒട്ടകങ്ങൾ ഇവിടെ കുറേക്കാലമായി ജീവിക്കുന്നുണ്ടാവണം. സസ്സെക്സിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഗവേഷകയായ ലൈല മേത്ത പറയുന്നത് ഇതാണ് , “കണ്ടലുകളുമായി പരമ്പരാഗതമായി സഹവസിക്കാതെ എങ്ങിനെയാണ് ഒട്ടകങ്ങൾക്ക് നീന്താനുള്ള കഴിവുണ്ടാവുക?”
ഏതാണ്ട് 1,184 ഒട്ടകങ്ങൾ എം.എൻ.പി.&എസ് ഭാഗത്ത് മേയുന്നുണ്ടാവുമെന്ന് റിതുജ ഞങ്ങളോട് പറയുന്നു. 74 മൽധാരി കുടുംബങ്ങളുടെ ഉടമസ്ഥതയിലാണ് അവ.
പണ്ടത്തെ നാട്ടുരാജ്യമായിരുന്ന നവനഗറിന്റെ തലസ്ഥാനമായി ക്രിസ്ത്വബ്ദം 1540-ലാണ് ജാംനഗർ സ്ഥാപിതമായത്. 17-ആം നൂറ്റാണ്ടിലെപ്പൊഴോ ആണ് മൽധാരികൾ ഇവിടേക്ക് വന്നത്. അക്കാലംതൊട്ട് അവരിവിടെയുണ്ട്.
എന്തുകൊണ്ടാണ് ഇവർ ഈ നാടിനെ വിലമതിക്കുന്നതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. പ്രത്യേകിച്ചും ഇവിടുത്തെ കടലിന്റെ അതിശയകരമായ വൈവിദ്ധ്യത്തെ മനസ്സിലാക്കുകയും ജീവിക്കുകയും ചെയ്യുന്ന നാടോടികളായ ഇടയന്മാരാണ് നിങ്ങളെങ്കിൽ. ഈ മറൈൻ പാർക്കിൽ, പവിഴപ്പുറ്റുകളും, കണ്ടൽക്കാടുകളും, മണൽപ്പുറങ്ങളും, ചതുപ്പുകളും, പാറക്കെട്ടുള്ള തീരങ്ങളും കടൽപ്പുൽത്തിട്ടുകളും എല്ലാം ഉൾക്കൊള്ളുന്നു.
ഇൻഡോ-ജർമ്മൻ ബയോഡൈവേഴ്സിറ്റി പ്രോഗ്രാമായ ജിസ് (GIZ) പ്രസിദ്ധീകരിച്ച 2016-ലെ ഒരു ഗവേഷണപ്രബന്ധത്തിൽ ഈ പാരിസ്ഥിതികമേഖലയുടെ സവിശേഷത വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. 120-ഓളം കടൽസസ്യങ്ങൾ, 70 തരം കടൽപ്പഞ്ഞികൾ, 70 ഇനം ബലമുള്ളതും മൃദുവുമായ പവിഴപ്പുറ്റുകൾ എന്നിവ ഈ ഭാഗത്തുണ്ട്. 200 ഇനത്തിൽപ്പെട്ട മത്സ്യങ്ങൾക്കും, 27 ഇനം കൊഞ്ചുകൾക്കും, 30 ഇനം ഞണ്ടുകൾക്കും 4 ഇനത്തിൽപ്പെട്ട കടൽപ്പുല്ലുകൾക്കും പുറമേയാണ് ഇത്.
അവിടെയും അവസാനിക്കുന്നില്ല അത്: ഇവിടെ നിങ്ങൾക്ക് മൂന്നിനം കടലാമകൾ, കടൽ സസ്തനികൾ, 200 തരം കല്ലിന്മേൽക്കായ, പുറംതോടുകളുള്ള 90 ഇനം മീനുകൾ, 55 ഇനം ഒച്ചുകൾ, 78 തരം പക്ഷികൾ എന്നിവയെ കാണാമെന്ന് രേഖകൾ പറയുന്നു.
ഫക്കീറാനി ജാട്ടുകളും രാബറികളും ഇവിടെ തലമുറകളായി ഖരായി ഒട്ടകങ്ങളെ മേയ്ക്കുന്നു. ഖരായി എന്നതിന് ഗുജറാത്തിയിൽ ‘ഉപ്പുരസമുള്ള’ത് എന്നാണ് അർത്ഥം. സാധാരണയായി ഒട്ടകങ്ങളുമായി ബന്ധപ്പെടുത്തുന്ന സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു പരിസ്ഥിതിയിൽ വിജയകരമായി അതിജീവിക്കുന്ന ഒരിനം ഒട്ടകങ്ങളാണ് ഇവ. ചെടികൾ, കുറ്റിച്ചെടികൾ, പ്രത്യേകിച്ചും കണ്ടൽച്ചെടികൾ എന്നിവയാണ് ഇവയുടെ മുഖ്യാഹാരമെന്ന് കാരു മേരു ജാട്ട് ഞങ്ങളോട് പറയുന്നു.
ഈ മൃഗങ്ങളെ – നീന്താനറിയുന്ന പൂഞ്ഞയുള്ള ഒരേയൊരു ഇനം – അതിന്റെ ഉടമസ്ഥരോ, അവയുടെ മൽധാരികളോ ആയ ഒരു കൂട്ടം ഇടയന്മാർ അനുഗമിക്കുന്നു. സാധാരണയായി രണ്ട് മൽധാരികളാണ് ഉണ്ടാവുക. അവർ, ഈ ഒട്ടകങ്ങളുടെ കൂടെ നീന്തുന്നു. ചിലപ്പോൾ അതിലൊരാൾ ഭക്ഷണവും കുടിക്കാനുള്ള വെള്ളവും കൊണ്ടുപോവാനും തിരിച്ച് ഗ്രാമത്തിലെത്താനും ഒരു ചെറിയ വഞ്ചിയിൽ കൂടെയുണ്ടാവുകയും ചെയ്യും. രണ്ടാമത്തെയാൾ, മൃഗങ്ങളോടൊപ്പം, ഇടയ്ക്കിടയ്ക്ക് ഒട്ടകപ്പാലൊക്കെ കുടിച്ച് ദ്വീപിൽ നിൽക്കും. മൽധാരികളുടെ ഭക്ഷണത്തിലെ മുഖ്യയിനമാണ് ഒട്ടകപ്പാൽ.
എന്നാൽ മൽധാരികളെ സംബന്ധിച്ചിടത്തോളം കാലം അതിവേഗം മാറുകയാണ്. മോശമായ രീതിയിൽ. “സ്വയം നിലനിൽക്കാനോ തൊഴിൽ നിലനിർത്താനോ ബുദ്ധിമുട്ടാവുകയാണ്. കൂടുതൽക്കൂടുതൽ സ്ഥലങ്ങൾ വനത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതോടെ, ഞങ്ങൾക്കുള്ള മേച്ചിൽപ്പുറങ്ങൾ ചുരുങ്ങുന്നു. പണ്ട്, ഞങ്ങൾക്ക് കണ്ടലുകളിലേക്ക് തുറന്ന പ്രവേശമുണ്ടായിരുന്നു. എന്നാൽ 1995 മുതൽക്ക് മേയ്ക്കൽ നിരോധിച്ചു. പിന്നെ ഉപ്പളങ്ങളും ഞങ്ങൾക്ക് ദുരിതമാവുന്നു അതിനും പുറമേ, കുടിയേറ്റത്തിനുള്ള ഒരു സാധ്യതയുമില്ല. ഈയിടെയായി, പച്ചപ്പ് നശിപ്പിക്കുന്നതിന് കുറ്റം ചുമത്തലും ഞങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നു. ഇതെങ്ങിനെ നടക്കും?”
ഇടയന്മാരുടെ പരാതികളെ ശരിവെക്കുന്നുണ്ട്, ഏറെക്കാലം വനാവകാശനിയമങ്ങളിൽ പ്രവർത്തിച്ച റിതുജ മിത്ര. “ഈ ഒട്ടകങ്ങളുടെ പുല്ലുതീറ്റയുടെ രീതി (അഥവാ തിരയലിന്റെ രീതി) ശ്രദ്ധിച്ചാൽ മനസ്സിലാവും, അവ സസ്യങ്ങളുടെ മുകൾഭാഗമാണ് തിന്നുന്നതെന്ന്. ഇത് സസ്യങ്ങൾ വീണ്ടും വളരാൻ സഹായിക്കുന്ന രീതിയാണ്. മറൈൻ നാഷണൽ പാർക്കിലെ ദ്വീപുകൾ എല്ലാക്കാലത്തും ഈ വംശനാശഭീഷണിയിലായ ഖരായ് ഒട്ടകങ്ങളുടെ ഇഷ്ടസ്ഥലമായിരുന്നു. അവിടെയുള്ള കണ്ടലുകളും അനുബന്ധ ഇനങ്ങളുമാന് അവയുടെ പ്രധാന ഭക്ഷണം.
വനംവകുപ്പ് വിശ്വസിക്കുന്നത് മറ്റൊന്നാണ്. അവരും മറ്റ് ചില പണ്ഡിതന്മാരും തയ്യാറാക്കിയ രേഖകളിൽ പറയുന്നത്, ഒട്ടകങ്ങളുടെ പുല്ലുമേയൽ പച്ചപ്പിനെ കൂടുതൽ നശിപ്പിക്കുന്നു എന്നതിന് തെളിവുണ്ടെന്നാണ്.
2016-ലെ ഗവേഷണപ്രബന്ധം സൂചിപ്പിക്കുന്നത്, കണ്ടലുകൾ നശിക്കാൻ വിവിധ കാരണങ്ങളുണ്ടെന്നാണ്. വ്യവസായവും മറ്റും കാരണമാകുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പച്ചപ്പ് നശിപ്പിക്കുന്നത് മൽധാരികളോ ഒട്ടകങ്ങളോ ആണെന്ന് അവ എവിടെയും പരാമർശിക്കുന്നില്ല.
ആ വിവിധ കാരണങ്ങൾ പ്രധാനമാണ്.
ഈ മൃഗങ്ങളെ – നീന്താനറിയുന്ന പൂഞ്ഞയുള്ള ഒരേയൊരു ഇനം – അതിന്റെ ഉടമസ്ഥരോ, അവയുടെ മൽധാരികളോ ആയ ഒരു കൂട്ടം ഇടയന്മാർ അനുഗമിക്കുന്നു
1980-നുശേഷം ജാംനഗറും സമീപപ്രദേശങ്ങളും വലിയ തോതിലുള്ള വ്യവസായവത്ക്കരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. “ഉപ്പളങ്ങൾ, എണ്ണ കൊണ്ടുവരുന്ന ജട്ടികൾ, പ്രദേശത്തെ മറ്റ് വ്യവസായവത്ക്കരണങ്ങൾ എന്നിവയും കാരണങ്ങളായിട്ടുണ്ട്. സ്ഥലം ആ ആവശ്യങ്ങൾക്കായി വകമാറ്റുന്നതിൽ അവർക്കൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല. കച്ചവടാവശ്യത്തിനല്ലേ! പക്ഷേ ഇടയന്മാരുടെ ഉപജീവനത്തിന്റെ കാര്യത്തിലാവുമ്പോൾ വകുപ്പുകൾക്ക് പെട്ടെന്ന് പരിസ്ഥിതിസ്നേഹം പുറപ്പെടും. “ഏത് തൊഴിൽ ചെയ്യാനും പണികളിൽ ഏർപ്പെടാനും കച്ചവടവും വ്യാപാരവും ചെയ്യാനുമുള്ള” ഭരണഘടനയുടെ ആർട്ടിക്കിൾ 19 (ജി) പ്രകാരമുള്ള അവകാശത്തിന് എതിരാണിത്”, റിതുജ പറയുന്നു.
മറൈൻ പാർക്കിന്റെയകത്ത് കന്നുകാലിമേയൽ നിരോധിച്ചതുമൂലം, വനംവകുപ്പിൽനിന്ന് ഒട്ടകമേച്ചിലുകാർ ഇടയ്ക്കിടയ്ക്ക് ഉപദ്രവങ്ങൾ നേരിടുന്നുണ്ട്. അങ്ങിനെയുള്ള അനുഭവമുണ്ടായ ഒരാളാണ് ആദം ജാട്ട് എന്ന മൽധാരി. “രണ്ടുവർഷം മുമ്പ്, ഒട്ടകങ്ങളെ ഉദ്യാനത്തിൽ മേയ്ച്ചതിന് ഉദ്യോഗസ്ഥന്മാർ എനിക്ക് 20,000 രൂപ പിഴയിട്ട്”, നിരവധി ഇടയന്മാർ സമാനമായ കഥകൾ ഞങ്ങളോട് പറഞ്ഞു.
“കേന്ദ്രസർക്കാരിന്റെ 2006-ലെ നിയമനിർമ്മാണമൊന്നും ഒരു ഗുണവും ചെയ്യുന്നില്ല”, റിതുജ മിത്ര പറയുന്നു. 2006-ലെ വനാവകാശനിയമം സെക്ഷൻ 3 (1) (ഡി) പ്രകാരം, ഇടയ-നാടോടി സമുദായങ്ങൾക്ക് അത്തരം പ്രദേശങ്ങളിൽ (താമസിച്ചും സഞ്ചരിച്ചും) പുല്ലുമേയാനും, കാലാകാലങ്ങളിൽ കിട്ടുന്ന വിഭവങ്ങൾ ശേഖരിക്കാനുമുള്ള അവകാശമുണ്ട്.
“എന്നിട്ടും ഈ മൽധാരികൾക്ക് ഇടയ്ക്കിടയ്ക്ക് ഫോറസ്റ്റ് ഗാർഡുമാർ 20,000 രൂപയും, 60,000 രൂപയും പിഴ ചുമത്തുന്നുവെന്ന് റിതുജ പറയുന്നു. വനാവകാശനിയമപ്രകാരം കടലാസ്സിൽ സൂചിപ്പിച്ചിട്ടുള്ള സൌകര്യങ്ങളൊന്നും പ്രായോഗികതലത്തിൽ അവർക്ക് ലഭ്യമല്ല.
തലമുറകളായി അവിടെ താമസിക്കുകയും മറ്റാരേക്കാളും ആ ഭൂഭാഗങ്ങളെ നന്നായി അറിയുകയും ചെയ്യുന്ന നാടോടി-ഇടയന്മാരെ പങ്കെടുപ്പിക്കാതെ, കണ്ടലുകളുടെ വിസ്തൃതി വികസിപ്പിച്ചതുകൊണ്ടൊന്നും ഒരു ഗുണവുമില്ല. “ഞങ്ങൾക്ക് ഈ സ്ഥലത്തെക്കുറിച്ചറിയാം, എങ്ങിനെയാണ് പരിസ്ഥിതി പ്രവർത്തിക്കുന്നതെന്ന്. പരിസ്ഥിതിയിലെ ജീവജാലങ്ങളേയും കണ്ടലടക്കമുള്ള സസ്യങ്ങലേയും സംരക്ഷിക്കാൻ സർക്കാർ നടപ്പാക്കുന്ന നയങ്ങൾക്കും ഞങ്ങൾ എതിരല്ല. നയങ്ങൾ നടപ്പാക്കുന്നതിനുമുൻപ് ഞങ്ങളോട് ചോദിക്കൂ എന്നുമാത്രമാണ് ഞങ്ങൾ പറയുന്നത്. അതല്ലെങ്കിൽ, ഈ ഭാഗത്ത് കാലങ്ങളായി പാർക്കുന്ന 1200-ഓളം ആളുകളുടേയും ഈ ഒട്ടകങ്ങളുടേയും ജീവിതം വഴിമുട്ടും”, ജഗഭായി രാബറി പറയുന്നു.
ഈ റിപ്പോർട്ട് തയ്യാറക്കുന്നതിനായി തന്റെ വൈദഗ്ദ്ധ്യവും അറിവുകളും പങ്കുവെച്ച ‘സഹജീവന‘ത്തിന്റെ ഒട്ടക കർമ്മപരിപാടിയുടെ മുൻ കോർഡിനേറ്ററായ മഹേന്ദ്ര ഭനാനിയോടുള്ള റിപ്പോർട്ടറുടെ നന്ദി അറിയിക്കുന്നു
സെന്റർ ഫോർ പാസ്റ്റൊറലിസത്തിന്റെ സ്വതന്ത്ര യാത്രാ ഗ്രാന്റുപയോഗിച്ച് നാടോടി-ഇടയ സമുദായങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് റിതായൻ മുഖർജി. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ സെന്റർ യാതൊരുവിധ പത്രാധിപ നിയന്ത്രണങ്ങളും ചെലുത്തിയിട്ടില്ല.
പരിഭാഷ: രാജീവ് ചേലനാട്ട്