അനന്തപൂർ ജില്ലയിലെ നഗരൂരിലെ കർഷകർ തങ്ങളുടെ ഭൂതകാലത്തെ ഗൃഹാതുരത്വത്തോടെ ഓർക്കുകയാണ്. ഗ്രാമത്തിൽ സമൃദ്ധമായ ഭൂഗർഭജലമുണ്ടായിരുന്ന കാലം. 2007-ന് മുൻപുള്ള കാലഘട്ടത്തെക്കുറിച്ച് അവർ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഇന്നിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്ന് തോന്നും. ഒരുപക്ഷേ അഭിവൃദ്ധിയുടെ ആ ദിനങ്ങളെ മനസ്സിൽനിന്നും മായ്ച്ചുക്കളയാൻ അവർക്ക് പറ്റാത്തതുകൊണ്ടായിരിക്കാം അത്.
2007-ഓടെ, മഴ വളരെ കുറവായിട്ടുകൂടി നഗരൂരിനോടുചേർന്നുള്ള തടാകങ്ങളെല്ലാം അവസാനമായി ഒരിക്കൽക്കൂടി നിറഞ്ഞുകവിഞ്ഞൊഴുകി. "എൻ.ടി. രാമറാവുവിന്റെ കാലത്ത് ( അദ്ദേഹം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ) പതിവായി മഴ ലഭിക്കാറുണ്ടായിരുന്നു. പിന്നീട് വൈ.എസ്. രാജശേഖര റെഡ്ഡി വന്നപ്പോൾ (2004 മേയ് മാസത്തിൽ) ഒരാഴ്ച്ചത്തേക്ക് തടാകങ്ങൾ നിറഞ്ഞൊഴുകി (കനത്ത മഴ കാരണം). അതായിരുന്നു അവസാനം," 42-ക്കാരനായ കർഷകൻ വി. രാമകൃഷ്ണ നായിഡു പറയുന്നു.
സാധാരണ നിലയിൽ, ഒരു കൊല്ലം മഴ കുറവാണെങ്കിൽ, അടുത്ത വർഷം നല്ല മഴ ലഭിക്കാറുണ്ടായിരുന്നു. കിണറുകൾ നിറയ്ക്കുവാനും ഭൂഗർഭജലം വീണ്ടെടുക്കാനും അത് സഹായിക്കും, എന്നാൽ ആ പതിവിന് മെല്ലെ മാറ്റം വന്നു. 2011-ന് മുമ്പ് ചില വർഷങ്ങളിൽ നഗരൂരിലെ വാർഷികമഴയുടെ കണക്ക് 700-800 മില്ലീമീറ്ററിൽ കൂടുതലായിരുന്നു (അനന്തപൂർ ഭൂഗർഭജല- ജല ഓഡിറ്റ് വിഭാഗം രേഖപ്പെടുത്തിയതുപ്രകാരം). പക്ഷേ 2011 ജൂണിനുശേഷം ആ ഗ്രാമത്തിൽ രേഖപ്പെടുത്തിയ മഴയുടെ ഏറ്റവും ഉയർന്ന കണക്ക് 607 മില്ലിമീറ്റർ (2015 ജൂൺ- 2016 മെയ്) ആണ്, മറ്റ് വർഷങ്ങളിൽ വെറും 400 തൊട്ട് 530 മില്ലിമീറ്റർവരെയും.
എന്നിരുന്നാലും, അനന്തപൂർ ജില്ലയിലെ 750-ഓളം വരുന്ന ഗ്രാമങ്ങൾ 1900-കളോടെത്തന്നെ പതിയെ വരൾച്ചയിലേക്ക് നീങ്ങാൻ തുടങ്ങിയിരുന്നു. 2300-ഓളം ജനസംഖ്യയുള്ള നഗരൂർ ഗ്രാമത്തിലെ കർഷകർ, ആ ദശകത്തിൽ, അവരുടെ പരമ്പരാഗത വിളകളായ തിന, നാരങ്ങ എന്നിവയ്ക്ക് പകരം നാണ്യവിളകളായ നിലക്കടലയും ഓറഞ്ചും കൃഷി ചെയ്യാൻ തുടങ്ങി. "അപ്പോഴത്തെ പ്രവണത അതായിരുന്നു, ആളുകൾ ഇവ കൃഷി ചെയ്തിരുന്നത് ഇത്തരം വിളകൾ കൂടുതൽ ലാഭം തരുന്നതിനാലായിരുന്നു," ഒരു കർഷകനായ സുനിൽ ബാബു പറയുന്നു.
കുറഞ്ഞുവരുന്ന മഴയോടൊപ്പം ഒരുപാട് വെള്ളം ആവശ്യമുള്ള നാണ്യവിളകളിലേക്കുള്ള മാറ്റം, കൂടുതൽ കുഴൽക്കിണറുകൾ കുഴിക്കാൻ ഇടയാക്കി. അത് വളരെ ആഴത്തിലുള്ള ഭൂഗർഭജല സ്രോതസ്സുകളിൽനിന്നും വെള്ളം പുറത്തേക്കെടുക്കുന്നതിലേക്ക് നയിച്ചു. "നാല്പത് വർഷങ്ങൾക്ക് മുൻപ് ഇവിടെ കുഴികളൊന്നും (കുഴൽക്കിണറുകൾ) ഉണ്ടായിരുന്നില്ല. ഞങ്ങൾ കൈകൊണ്ട് കുഴിച്ച കിണറുകളേ ഉണ്ടായിരുന്നുള്ളു. വെറും 10 അടി കുഴിച്ചാൽപ്പോലും വെള്ളം കാണുമായിരുന്നു," 70 കഴിഞ്ഞ സുനിൽ ബാബുവിന്റെ കർഷകനായ പിതാവ് കെ. ശ്രീനിവാസുലു ഓർക്കുന്നു.
പക്ഷേ ജലവിതാനത്തിൽ വന്ന കുത്തനെയുള്ള ഇടിവും - ഭൂഗർഭജല -ജല ഓഡിറ്റ് വിഭാഗം 1972 മുതൽ രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവും താഴ്ന്ന കണക്ക് – പഴയ സ്ഥിതി വീണ്ടെടുക്കാൻ കഴിയാതിരുന്നതും കുഴൽക്കിണറുകളെ 600 തൊട്ട് 700 അടി വരെ താഴ്ച്ചയിലേക്കെത്തിച്ചു.
2009-ലെ എം.എസ്. സ്വാമിനാഥൻ ഗവേഷക സ്ഥാപനത്തിന്റെ ഒരു പഠനപ്രകാരം, കുഴൽക്കിണർ ജലസേചനത്തിന്റെ ദ്രുതഗതിയിലുള്ള വർധന ജില്ലയിലെ ഭൂഗർഭജലത്തിന്റെ അളവ് നന്നേ കുറയ്ക്കുകയും കിണറുകൾ വറ്റിക്കുകയും ചെയ്തു. "... അനന്തപൂർ ജില്ലയിലെ 63-ൽ 12 മണ്ഡലങ്ങൾ മാത്രമേ ഭൂഗർഭജലവിനിയോഗപ്പെടുത്തിൽ 'സുരക്ഷിത' വിഭാഗത്തിൽ ഉൾപ്പെടുന്നുള്ളു," റിപ്പോർട്ടിൽ പറയുന്നു.
ഓരോന്നിനും ഒരുലക്ഷം രൂപയെങ്കിലും ചെലവിട്ട് ശ്രീനിവാസുലു തന്റെ ഒമ്പതേക്കർ പാടത്ത് എട്ട് കുഴൽക്കിണറുകൾ കുഴിച്ചിട്ടുണ്ട്. അദ്ദേഹവും മൂന്ന് ആൺമക്കളും ചേർന്ന് 5 ലക്ഷം രൂപയോളം സ്വകാര്യ പണമിടപാടുകാരിൽനിന്നും വായ്പ എടുത്തിട്ടുണ്ട്. അതിൽ ഒരു കുഴൽക്കിണർ മാത്രമേ ഇപ്പോൾ പ്രവർത്തനത്തിലുള്ളു. അവരുടെ പാടത്തുനിന്നും രണ്ട് കിലോമീറ്റർ അകലെയാണത്, അവിടെനിന്ന് പറമ്പിലേക്ക് വെള്ളമെത്തിക്കാനായി ഡ്രിപ്പ് പൈപ്പുകളിൽ രണ്ട് ലക്ഷം രൂപ അധികം ചെലവഴിച്ചു. "ഞങ്ങളുടെ അന്നദാതാവായ വിളകളെ നാശത്തിൽനിന്ന് രക്ഷിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം," ശ്രീനിവാസുലു പറയുന്നു.
ശ്രീനിവാസുലുവിനെപ്പോലെയുള്ള നിരവധി കർഷകർ വേറെ നിർവാഹമില്ലാതെ ഒന്നിലധികം കുഴൽക്കിണറുകൾ കുഴിച്ച് ഭാഗ്യം പരീക്ഷിച്ചപ്പോൾ, 2013-ഓടെ ആ ജില്ലയിലെ കുഴൽക്കിണറുകളുടെ എണ്ണം രണ്ട് ലക്ഷത്തോളമായി – ഡോക്ടർ വൈ.വി. മല്ല റെഡ്ഡി തന്റെ അനന്ത പ്രസ്ഥാനം എന്ന പുസ്തകത്തിൽ കണക്കാക്കുന്നു; അനന്തപൂരിലെ അക്കിയോൺ ഫ്രറ്റേർണ ഇക്കോളജി സെന്ററിന്റെ അധികാരിയാണദ്ദേഹം.
"എന്നാൽ 2013-ലെ വേനൽക്കാലത്ത് ഇതിൽ 80,000-ത്തോളം കുഴൽക്കിണറുകളും വറ്റിയതായി ഞങ്ങൾക്കറിയാം," അദ്ദേഹം എഴുതുന്നു.
2017-ൽ ആകെയുള്ള കുഴൽക്കിണറുകളുടെ എണ്ണം രണ്ടരലക്ഷത്തിലേക്ക് ഉയർന്നു, റെഡ്ഡി റിപ്പോർട്ടറോട് പറഞ്ഞു. "ഉദ്യോഗസ്ഥർ അടുത്തിടെ എന്നോട് പറഞ്ഞത് ആകെ 20 ശതമാനം കുഴൽക്കിണറുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളുവെന്നാണ്, 80 ശതമാനവും പ്രവർത്തനരഹിതമാണ്," റെഡ്ഡി പറഞ്ഞു.
ആ 80 ശതമാനത്തിൽ രാമകൃഷ്ണ നായിഡുവിന്റെ ഭൂമിയിലെ രണ്ട് കുഴൽക്കിണറുകളും ഉൾപ്പെടുന്നു – 2000-ത്തിനുശേഷം അദ്ദേഹം തന്റെ അഞ്ചേക്കർ പാടത്ത് കുഴിച്ച കിണറുകളിൽ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. "2010-11 വർഷം മുതലാണ് ഞാൻ വായ്പ എടുക്കാൻ തുടങ്ങിയത്. അതിനുമുമ്പ് ഇവിടെ ധാരാളം മരങ്ങളും അതിനാൽ വെള്ളവുമുണ്ടായിരുന്നു. കടങ്ങൾ ഇല്ലായിരുന്നു," നായിഡു പറയുന്നു. ഇപ്പോൾ അദ്ദേഹത്തിന് സ്വകാര്യ പണമിടപാടുക്കാരിൽനിന്ന് ഏകദേശം 270,000 രൂപയോളം കടമുണ്ട്, എന്നാൽ അതിന്റെ 2 ശതമാനം പലിശ മാത്രമേ കൃഷിയിൽനിന്നുള്ള വരുമാനത്തിൽ നിന്നും അദ്ദേഹത്തിന് തിരിച്ചടക്കാൻ സാധിക്കുന്നുള്ളൂ. "എനിക്ക് രാത്രി ഉറങ്ങാൻ പറ്റുന്നില്ല. പലിശക്കാരെക്കുറിച്ചുള്ള ചിന്തകളാണെപ്പോഴും. നാളെ ആരാണ് പൈസ ചോദിച്ച് വരികയെന്ന് ആർക്കറിയാം? ഈ ഗ്രാമത്തിലെ ആരായിരിക്കാം എന്നെ നാണം കെടുത്തുക?"
വായ്പകളും, കുഴൽക്കിണറുകളും, വെള്ളവും, കടങ്ങളും ഓർത്തുള്ള ആധികൾക്കിടയിലും അനന്തപൂരിലെ ഒരു കർഷകന് മികച്ച വിളവെടുപ്പ് ലഭിച്ചെന്ന് കരുതുക. അപ്പോഴും, കാർഷികവിപണിയിലെ ചാഞ്ചാട്ടം കാരണം പലപ്പോഴും അയാൾക്ക് നല്ല ലാഭം കിട്ടാറില്ല. തന്റെ കുഴൽക്കിണറിലെ വെള്ളമുപയോഗിച്ച് കൃഷിചെയ്ത വെള്ളരിക്കയിൽനിന്ന് (സാമ്പാറിൽ ഉപയോഗിക്കുന്ന ഇനം വെള്ളരിക്ക) ഈ വർഷം ഏപ്രിലിൽ നായിഡുവിന് ലാഭം കിട്ടിയിരുന്നു. തരക്കേടില്ലാത്ത ലാഭം കൊയ്യാമെന്നദ്ദേഹം പ്രതീക്ഷിച്ചു. "വിളവെടുപ്പിന് പത്തുദിവസം മുമ്പ് നിരക്ക് കിലോയ്ക്ക് 14-15 രൂപയിൽ നിന്നും 1 രൂപയായി കൂപ്പുകുത്തി," അദ്ദേഹം പറയുന്നു. "വിത്തുവാങ്ങിയ കാശുപോലും എനിക്ക് തിരിച്ചുകിട്ടിയില്ല. വിളകൾ ഞാൻ ആടിന് തീറ്റ കൊടത്തു."
"തക്കാളിക്കും വിലയില്ലായിരുന്നു." 2016 ഡിസംബർ മാസത്തിൽ കുഴൽക്കിണർ വെള്ളത്തിൽ കൃഷി ചെയ്ത് തക്കാളിയിൽ മികച്ച വിളവ് കിട്ടിയിട്ടും നഷ്ട്ടം നേരിട്ട ജി. ശ്രീരാമുലു പറയുന്നു. ശ്രീരാമുലുവിന് തന്റെ പാടത്ത് പ്രവർത്തനരഹിതമായ ആറ് കുഴൽക്കിണറുകളുണ്ട്. ഗ്രാമത്തിന് തൊട്ടടുത്തുള്ള ശ്രീ സായ് ടിഫിൻ ഹോട്ടലിൽനിന്ന് ചായ കുടിച്ചുകൊണ്ട് അദ്ദേഹം തന്റെ കുഴൽക്കിണറുകളെപ്പറ്റി ചർച്ച ചെയ്യുന്നു. ഏകദേശം രാവിലെ 7:30 മണിയോടെ ഇവിടെ ആളുകളുടെ തിരക്ക് വർദ്ധിക്കും. വിളകൾ നശിച്ചതിനാൽ പാടത്ത് അധികസമയം ചെലവിടാത്ത കർഷകരും, നിർമ്മാണ സ്ഥലത്തേക്കോ MNREGA- യിലെ ജോലിസ്ഥലത്തേക്കോ ദിവസക്കൂലിക്കായി പോകുന്നവരോ ഒക്കെയാണ് ആ മനുഷ്യർ. 2003-ൽ കെ. നാഗരാജുവാണ് ഈ ഭക്ഷണശാല ആരംഭിച്ചത്. "തുടക്കത്തിൽ ദിവസം 200 തൊട്ട് 300 രൂപ വരെയായിരുന്നു കച്ചവടം. ഇപ്പോൾ ഒരു ദിവസം 1,000 രൂപയോളം ആയി," അദ്ദേഹം പറയുന്നു.
ദേശീയരാഷ്ട്രീയം മുതൽ കുഴൽക്കിണറുകളിൽനിന്ന് കിട്ടുന്ന ലാഭനഷ്ടങ്ങൾവരെ എല്ലാം അവർ അവിടെവെച്ച് ചർച്ച ചെയ്യും. "ഒരുകാലത്ത് ഗ്രാമത്തിലെ രാഷ്ട്രീയനേതാക്കൾക്ക് പറഞ്ഞിട്ടുള്ളതായിരുന്നു പാർട്ടികൾ. എന്നാൽ ഇന്ന് ഞങ്ങൾ ഗംഗമ്മയുമായാണ്(വെള്ളം) പാർട്ടി ഉണ്ടാക്കുന്നത്," അവിടെ വന്ന ഓരാൾ പരിഹാസച്ചുവയോടെ പറയുന്നു. അതായത്, കർഷകർ അവരുടെ ഗ്രാമങ്ങളിലെ ചെറിയ സംഘട്ടനങ്ങൾക്കുശേഷം അറസ്റ്റൊഴിവാക്കാൻ പണം ചെലവഴിക്കുമായിരുന്നു, എന്നാലിപ്പോൾ അവരുടെ പണത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനായാണ് ചെലവഴിക്കുന്നത്.
ഓരോ വർഷവും വെള്ളം കുറയുന്നതോടെ കൃഷിപ്പണി ഇവിടെ അനഭിലഷണീയമായ ഒരു തൊഴിലായി മാറിക്കൊണ്ടിരിക്കുന്നു. ഒരു കർഷക കുടുംബത്തിലേക്ക് പെൺമക്കളെ കല്യാണം കഴിപ്പിച്ചുവിടാൻ താല്പര്യമില്ലെന്ന് ഞങ്ങളോട് പലരും പറഞ്ഞു. "ഞങ്ങളുടെ ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഞാനാഗ്രഹിച്ചിരുന്നു," നായിഡു പറയുന്നു. "എന്നാൽ, എനിക്ക് ഹൈദരാബാദിലോ മറ്റൊ ഒരു സ്വകാര്യകമ്പനിയിൽ ജോലി ലഭിച്ചാൽ സമ്മതിക്കാമെന്നാണ് അവളുടെ മാതാപിതാക്കൾ പറഞ്ഞത്. അവരുടെ മകൾ ഒരു കർഷകനെ വിവാഹം കഴിക്കുന്നത് അവർ ആഗ്രഹിക്കുന്നില്ല".
നായിഡുവിന് ഒരു വക്കീലാവണമെന്നായിരുന്നു ആഗ്രഹം. "അങ്ങനെയായിരുന്നെങ്കിൽ അതൊരു നല്ല ജീവിതമായേനെ. ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ എനിക്ക് സഹായിക്കാമായിരുന്നു," അദ്ദേഹം പറയുന്നു. എന്നാൽ കുടുംബവഴക്കിനെത്തുടർന്ന് ബിരുദപഠനം ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങാൻ അദ്ദേഹം നിർബന്ധിതനായി. ഇപ്പോൾ 42 വയസ്സുള്ള അവിവാഹിതനായ അദ്ദേഹം മനസ്സുനിറയെ സഫലീകരിക്കാനാവാത്ത സ്വപ്നങ്ങളുമായി ജീവിക്കുന്നു.
പരിഭാഷ: നതാഷ പുരുഷോത്തമൻ