അഹമ്മദാബാദിൽനിന്നുമാത്രം, ആയിരക്കണക്കിന് റൺവേകളിൽനിന്ന് അവ ഏതുനിമിഷവും പറന്നുയരാം. ഏതൊരു വ്യോമഘോഷയാത്രയേക്കാളും വർണ്ണശബളവും ഗംഭീരവുമായ കാഴ്ച. അവയുടെ പൈലറ്റുമാരും ഉടമസ്ഥരും മണ്ണിലാണ് നിൽക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി, എട്ടോളം വരുന്ന നിരവധി സംഘങ്ങൾ തങ്ങൾ ഇപ്പോൾ പറത്താൻ പോവുന്ന വാഹനം തയ്യാറാക്കുകയായിരുന്നുവെന്ന് അവർക്കറിയില്ലായിരുന്നു. ആ സംഘത്തിൽ മിക്കവരും സ്ത്രീകളായിരുന്നു. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ളവർ. സങ്കീർണ്ണവും, അദ്ധ്വാനമാവശ്യമുള്ളതും സൂക്ഷ്മമായി ചെയ്യേണ്ടതുമായ ആ പ്രവൃത്തിക്ക് അവർക്ക് കിട്ടുന്നതാകട്ടെ, വെറും തുച്ഛമായ കൂലിയായിരുന്നു. സ്വയം ഒരിക്കലും ഉയർന്ന് പറക്കാൻ സാധിക്കാത്തവരായിരുന്നു അവർ.
മകരസംക്രാന്തി കാലമാണ്. ഹിന്ദുക്കളുടെ ആഘോഷത്തിന്‍റെ ഭാഗമായി നഗരത്തിൽ പറക്കാൻ തയ്യാറെടുക്കുന്ന നിരന്തരം നിറം മാറുന്ന ആ വർണ്ണപ്പട്ടങ്ങൾ നിർമ്മിക്കുന്നത് അഹമ്മദാബാദിലെയും ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖംഭാത് താലൂക്കിലെയും ചുനാര സമുദയത്തിൽപ്പെട്ട മുസ്ലിങ്ങളും ഹിന്ദുക്കളുമായ സ്ത്രീകളാണ്. പറത്തുന്നവരാവട്ടെ, സ്വാഭാവികമായും ഹിന്ദുക്കളും.
ജനുവരി 14-ന് ആകാശങ്ങളെ അലങ്കരിക്കുന്ന ആ നിറമുള്ള പട്ടങ്ങൾ ഉണ്ടാക്കാൻ വർഷത്തിൽ പത്തുമാസത്തിലധികം ആ സ്ത്രീകൾക്ക് അദ്ധ്വാനിക്കേണ്ടിവരുന്നുണ്ട്. 625 കോടിരൂപ വരുന്ന ഗുജറാത്തിലെ ഈ വ്യവസായത്തിൽ ജോലിയെടുക്കുന്ന 1.28 ലക്ഷം ആളുകളിൽ 10 പേരിൽ ഏഴും സ്ത്രീകളാണ്.
“ഏഴ് ജോടി കൈകളിലൂടെ കടന്നുപോയതിനുശേഷമാണ് ഒരു പട്ടം പറക്കാൻ തയ്യാറാവുന്നത്“, 40 വയസ്സുള്ള സബിൻ അബ്ബാസ് നിയാസ് ഹുസൈൻ മാലിക്ക് പറയുന്നു. കംഭാത്തിലെ ലാൽ മഹൽ ഭാഗത്തുള്ള ചെറിയ ഇടവഴിയിലെ അയാളുടെ 12X10 വലിപ്പമുള്ള വീടും കടയും ചേർന്ന കെട്ടിടത്തിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. പുറമേയ്ക്ക് കാണാൻ ഭംഗിയുള്ള ഈ വ്യവസായത്തിന്‍റെ അധികമാരും അറിയാത്ത ഉള്ളിലെ കഥകൾ അയാൾ ഞങ്ങളുമായി പങ്കുവെക്കുകയായിരുന്നു. വില്പനക്കാർക്ക് അയക്കാൻ തയ്യാറാക്കിവെച്ചിരിക്കുന്ന പട്ടങ്ങൾ നിറച്ച പെട്ടികൾ പശ്ചാത്തലമായി അയാളുടെ പിൻഭാഗത്ത് അടുക്കിവെച്ചിരുന്നു.
തുറന്ന പെട്ടികളിൽനിന്ന് പുറത്തെടുത്ത നിറമുള്ള പട്ടങ്ങൾ അയാളുടെ ഒറ്റമുറി വീടിന്‍റെ നിലത്ത് ചിതറിക്കിടന്നു. മൂന്നാം തലമുറ കരാർ പണിക്കാരനായിരുന്നു അയാൾ. മകരസംക്രാന്തിക്ക് സമയത്തിന് സാധനങ്ങളെത്തിക്കാൻ 70 കൈവേലക്കാരുടെ കൂടെ വർഷം മുഴുവൻ പണിയെടുക്കുകയാണ് അയാൾ. ആ പട്ടങ്ങൾ കൈകാര്യം ചെയ്യുന്ന എട്ടാമത്തെ ജോടി കൈകൾ അയാളുടേതാണെന്ന് വേണമെങ്കിൽ പറയാം.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം, സൂര്യന്‍റെ മകരനക്ഷത്രത്തിലേക്കുള്ള യാത്രയാണ് മകരസംക്രാന്തിയായി ഇന്ത്യയൊട്ടാകെ ആഘോഷിക്കുന്നത്. വിവിധ പേരുകളിൽ ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്ന വിളവെടുപ്പ് ഉത്സവവുംകൂടിയാണ് അത്. അസമിൽ മാഘ് ബിഹു എന്നും, ബംഗാളിൽ പൌഷ് പാർവ്വണമെന്നും തമിഴ്നാട്ടിൽ പൊങ്കലും എന്നൊക്കെയുള്ള വിവിധ പേരുകളിൽ അറിയപ്പെടുന്ന ആഘോഷം. ഗുജറാത്തിൽ ഇതിനെ ഉത്തരായണം എന്ന് വിളിക്കുന്നു. ശിശിരകാലത്തെ സൂര്യന്‍റെ ദക്ഷിണപഥത്തിലേക്കുള്ള യാത്രയെ സൂചിപ്പിക്കുന്നതാണ് ആ വാക്ക്. പട്ടം പറപ്പിക്കൽ ഉത്സവത്തിന്‍റെ മറ്റൊരു പേരാണ് ഇന്ന് ഉത്തരായണം.
എനിക്ക് ആറ് വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ തറവാട്ടുവീടിന്‍റെ മട്ടുപ്പാവിൽനിന്ന് ഞാൻ ആദ്യമായി പട്ടം പറപ്പിക്കുന്നത്. ആ പ്രദേശത്തെ ഏറ്റവും പൊക്കമുള്ള വീടായിരുന്നു ഞങ്ങളുടേത്. നല്ല കാറ്റുള്ളപ്പോൾപ്പോലും, എന്‍റെ പട്ടത്തിനെ ആകാശത്തേക്കെത്തിക്കാൻ വേറെയും ആറ് കൈകളെങ്കിലും വേണമായിരുന്നു. ആദ്യം കിട്ടിയ കൈകൾ അച്ഛന്റേതായിരുന്നു. അദ്ദേഹമാണ് അതിന്‍റെ കടിഞ്ഞാൺ കെട്ടിത്തന്നത്.
രണ്ടാമത്തേത്, അമ്മയുടേതായിരുന്നു. കൂടുതൽ ക്ഷമയോടെ, വർണ്ണച്ചരടിനോടൊപ്പം നൂല് ചുറ്റാനുള്ള ഭാഗം അമ്മ പിടിച്ചു. പിന്നെയുള്ള രണ്ട് കൈകൾ എനിക്ക് പരിചയമില്ലാത്ത ഒരു നല്ല അയൽക്കാരന്റേതായിരുന്നു. അയാൾ പട്ടത്തിന്‍റെ രണ്ടറ്റവും വിലങ്ങനെ പിടിച്ച് മട്ടുപ്പാവിന്‍റെ അറ്റത്തെ മൂലയിലേക്ക് നടന്ന് – ആകാശത്തേക്ക് കൈകൾ നീട്ടി..ഒരു നല്ല കാറ്റ് വരുന്നതുവരെ കാത്തുനിന്നു. അത് വന്നപ്പോൾ ഞാൻ ആ പട്ടം ആകാശത്തേക്ക് വിട്ടു .
അഹമ്മദാബാദ് എന്ന പുരാതനനഗരത്തിൽ വളർന്നുവരുന്നവർ സ്വാഭാവികമായും പട്ടം പറത്താൻ പഠിക്കും. പല വലിപ്പത്തിലും ആകൃതിയിലുമുള്ള ചെറിയ കടലാസ്സ് പക്ഷികളായിരുന്നു അവ. വീട്ടിന്‍റെ തട്ടിൻപുറത്തെ പഴയ തുരുമ്പിച്ച പെട്ടികളിൽ കിടന്നിരുന്നവ. അതല്ലെങ്കിൽ, നഗരത്തിലെ തിരക്കുപിടിച്ച പഴയ അങ്ങാടികളിൽനിന്ന് വാങ്ങിയവ. ഉത്തരായണത്തിന് ആകാശങ്ങൾ അവയെക്കൊണ്ട് നിറയും. പട്ടങ്ങളുടെ ചരിത്രത്തെക്കുറിച്ചോ, അതുണ്ടാക്കുന്നതിനെക്കുറിച്ചോ ഒന്നും ചിന്തിക്കാൻ ആരും മിനക്കെടില്ല. പിന്നെയല്ലേ, അതുണ്ടാക്കുന്നവരുടെ ജീവിതത്തെക്കുറിച്ച്! വളരെ കുറച്ച് നേരത്തേക്ക് പറക്കാൻ പോകുന്ന ഞങ്ങളുടെ ആ പട്ടങ്ങൾ ഉണ്ടാക്കാൻ കുറേ മനുഷ്യർ വർഷം മുഴുവൻ അദ്ധ്വാനിക്കുന്നുണ്ടായിരുന്നു.
ഈ പട്ടം പറപ്പിക്കൽ വിനോദമാണ് ഈ ഉത്സവകാലം മുഴുവൻ കുട്ടികളെ തളച്ചിടുന്നത്. പക്ഷേ പട്ടമുണ്ടാക്കൽ ഒരു കുട്ടിക്കളിയേയല്ല.
*****
“ഓരോ ജോലിയും വിവിധ കൈത്തൊഴിൽകാരാണ് ചെയ്യുന്നത്”, സാബിൻ മാലിക്ക് വിശദീകരിക്കുന്നു. “ഒരാൾ കടലാസ്സ് മുറിക്കുന്നു, മറ്റൊരാൾ അതിൽ ഹൃദയത്തിന്‍റെ ആകൃതിയുള്ള ചട്ടക്കൂട് ഒട്ടിക്കുന്നു, മൂന്നാമതൊരാൾ പട്ടച്ചരടിന്‍റെ അരികുകൾ ഉണ്ടാക്കുന്നു, നാലാമതൊരാൾ പട്ടത്തിന്‍റെ നട്ടെല്ല് തയ്യാറാക്കുന്നു. മറ്റ് ചിലർ തലങ്ങനെയും വിലങ്ങനെയുമുള്ള ചട്ടക്കൂടുണ്ടാക്കുകയും വിവിധ ഭാഗങ്ങളെ ഒട്ടിപ്പിക്കുന്ന പശകൾ തേയ്ക്കുകയും ചെയ്യുന്നു. ഒരാൾ പട്ടത്തിന്‍റെ വാൽഭാഗവും“.
ഒരു പട്ടം കൈയ്യിൽ പിടിച്ച്, മാലിക്ക് തന്‍റെ വിരലുകൾകൊണ്ട് ഓരോ ഭാഗവും എനിക്ക് വിശദീകരിച്ചുതന്നു. ഞാൻ എന്‍റെ നോട്ടുപുസ്തകത്തിൽ അതിന്‍റെ രൂപരേഖ വരച്ചു. ഈ ലളിതമായ യന്ത്രത്തിന്‍റെ ജോലികൾ പക്ഷേ നടക്കുന്നത്, ഖംഭാത്തിലെ വിവിധ പ്രദേശങ്ങളിലായിട്ടാണെന്ന് മാത്രം.
“ഒരു കിലോമീറ്റർ അപ്പുറത്തുള്ള ശകർപുരിലാണ്, പട്ടച്ചരടിന്‍റെ അരികുകൾ ഉണ്ടാക്കുന്നത്”, സബിൻ മാലിക്ക് വിശദീകരിച്ചു. “അക്ബർപുരിൽ അവർ സന്ധിഭാഗങ്ങൾ മാത്രമാണ് ചെയ്യുന്നത്. പട്ടത്തിന്‍റെ നട്ടെല്ലുണ്ടാക്കുന്നത് സമീപത്തുള്ള ദാദിബയിലാണ്. മൂന്ന് കിലോമീറ്റർ അകലെയുള്ള നഗര എന്ന ഗ്രാമത്തിലാണ് പട്ടത്തിന്‍റെ തലങ്ങനെയും വിലങ്ങനെയുമുള്ള ചട്ടക്കൂട് ഉണ്ടാക്കുന്നത്. പട്ടത്തിനെ ബലംവെപ്പിക്കാനുള്ള ടേപ്പുകൾ ഒട്ടിക്കുന്നതാകട്ടെ മട്ടൺ മാർക്കറ്റിലാണ്. അവിടെത്തന്നെയാണ് പട്ടത്തിന്‍റെ വാലുകളും ഉണ്ടാക്കുന്നത്.
ഖംഭാത്, അഹമ്മദാബാദ്, നാദിയാദ്, സൂറത്ത്, ഗുജറാത്തിലെ മറ്റിടങ്ങൾ, അവിടെയെല്ലാം പട്ടനിർമ്മാണത്തിന്‍റെ കഥ ഇതുപോലെയൊക്കെത്തന്നെയാണ്.
അഹമ്മദാബാദിലെ 60 വയസ്സുള്ള മുനാവർ ഖാൻ ഈ തൊഴിലിൽ നാലാം തലമുറയിൽപ്പെട്ടയാളാണ്. പട്ടത്തിനുള്ള, ബെല്ലാർപുർ, ത്രിബേണി കടലാസ്സുകൾ സംഘടിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ ജോലി. ആ കടലാസുകളുണ്ടാക്കുന്ന സ്ഥാപനങ്ങളിൽനിന്നാണ് കടലാസ്സുകൾക്ക് ആ പേർ കിട്ടിയത്. അഹമ്മദാബാദിലെ ബെല്ലാർപുർ ഇൻഡസ്ട്രീസും കൊൽക്കൊത്തയിലെ ത്രിബേണി ഇൻഡസ്ട്രീസും. മുളങ്കഷണങ്ങൾ കിട്ടുന്നത് അസമിൽനിന്ന്. വിവിധ വലിപ്പത്തിൽ മുറിക്കുന്നത് കൊൽക്കൊത്തയിലും. വാങ്ങുന്ന കടലാസ്സുകളുടെ വലിയ റീമുകൾ അദ്ദേഹത്തിന്‍റെതന്നെ പണിശാലയിൽവെച്ച് വിവിധ വലിപ്പത്തിലും ആകൃതിയിലും മുറിക്കുന്നു.
20 ഷീറ്റുകളുള്ള ഓരോ കെട്ടുകളാക്കിവെച്ചതിനുശേഷം, വീതിയേറിയ ഒരു കത്തിയുപയോഗിച്ച് ആ കടലാസ്സുകളെ പട്ടത്തിനാവശ്യമായ വലിപ്പത്തിൽ മുറിച്ചെടുക്കുന്നു. പിന്നീട് അവയെ അടുക്കിവെച്ച് അടുത്ത പണിക്കാരന്‍റെയടുത്തേക്ക് അയയ്ക്കുന്നു.
കംഭാത്തിലെ 41 വയസ്സുള്ള രാജ് പതംഗ്‌വാലയും അതേ ജോലിയാണ് ചെയ്യുന്നത്. പട്ടത്തിന്‍റെ ആകൃതിയിൽ കടലാസ്സുകൾ വെട്ടിക്കൊണ്ടുതന്നെ അയാൾ വർത്തമാനത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. “എല്ലാ പണികളും എനിക്കറിയാം. പക്ഷേ ഇത്രയധികം ജോലികൾ ഒറ്റയ്ക്ക് ചെയ്യാനാവില്ല. കംഭാത്തിൽ ധാരാളം ജോലിക്കാരുണ്ട്. ചിലർ വലിയ പട്ടങ്ങളും മറ്റ് ചിലർ ചെറിയ പട്ടങ്ങളും ഉണ്ടാക്കുന്നു. ഓരോ വലിപ്പത്തിലുമുള്ള 50 വിവിധതരം പട്ടങ്ങൾ ഉണ്ടാക്കേണ്ടിവരും”.
മട്ടുപ്പാവിൽ പോയി, അടിയിൽ തൊങ്ങലുകൾ പിടിപ്പിച്ച പട്ടങ്ങൾ എന്‍റെ പരിചയമില്ലാത്ത കൈകൾകൊണ്ട് ആകാശത്തേക്ക് ഒരു മൂന്ന് മീറ്റർ പറത്തുമ്പോഴേക്കും വിവിധ നിറങ്ങളും ആകൃതിയുമുള്ള പട്ടങ്ങൾ ആകാശത്ത് ദൃശ്യവിസ്മയം തീർക്കുന്ന ഏറ്റുമുട്ടലുകൾ ആരംഭിച്ചിട്ടുണ്ടാവും.
വലിയ ചിറകുകളുള്ള, പക്ഷികളുടെ ആകൃതിയിലും, നടുവിൽ ഒന്നിൽക്കൂടുതൽ വളയങ്ങൾ പതിപ്പിച്ചവയും, വിവിധ നിറങ്ങളിൽ കോണോടുകോണോ വിലങ്ങനെയോ ഉള്ള വരകളോടുകൂടിയവയുമായ പട്ടങ്ങൾകൊണ്ട് ആകാശം അലംകൃതമായിട്ടുണ്ടാവും .
കൂടുതൽ സങ്കീർണ്ണമായ രൂപവും നിറവും ആകൃതിയുമുള്ള പട്ടങ്ങളാണെങ്കിൽ, അതിന്‍റെ വിവിധ ഭാഗങ്ങൾ ഉണ്ടാക്കാൻ കൂടുതൽ വൈദഗ്ദ്ധ്യം ആവശ്യമാണ്. കംഭാത്തിലെ അക്ബർപുർ പ്രദേശത്ത് താമസിക്കുന്ന 40 വയസ്സുള്ള കൌസർ ബാനു സലീംഭായ് കഴിഞ്ഞ 30 വർഷമായി ഈ പണികൾ എടുക്കുന്നു.
പട്ടത്തിന്‍റെ പുറംചട്ടയിൽ വർണ്ണാഭമായ ആകൃതികൾ സംയോജിപ്പിക്കുകയും ഇണക്കുകയും ഒട്ടിക്കുകയും ചെയ്തുകൊണ്ടാണ് അവർ രൂപകല്പന പൂർത്തിയാക്കുന്നത്. “ഇവിടെ ഞങ്ങൾ പെണ്ണുങ്ങൾ മാത്രമാണ് ഈ പണി ചെയ്യുന്നത്”, കൂടെയുള്ളവരെ ചൂണ്ടിക്കാട്ടി കൌസർ പറയുന്നു. “ഫാക്ടറികളിൽ കടലസ്സ് മുറിക്കുന്നതും പട്ടങ്ങൾ വിൽക്കുന്നതുമൊക്കെ പുരുഷന്മാരാണ്”.
രാവിലെയും ഉച്ചയ്ക്കും ചിലപ്പോൾ രാത്രിയിലും കൌസർ ബാനു പണിയെടുക്കാറുണ്ട്. “ആയിരം പട്ടങ്ങൾ ഉണ്ടാക്കിയാൽ ചിലപ്പോൾ 150 രൂപ എനിക്ക് കിട്ടാറുണ്ട്. ഒക്ടോബറിലും നവംബറിലും ആവശ്യക്കാർ കൂടുതലാവുമ്പോൾ 250 രൂപവരെ കിട്ടും. ഞങ്ങൾ സ്ത്രീകൾ പണിയെടുക്കുന്നതിന്‍റെ കൂടെ പാചകവും ചെയ്യും”, അവർ വിശദീകരിച്ചു.
സ്വാശ്രയ വനിതാസംഘം (സെൽഫ് എംപ്ലോയ്ഡ് അസോസിയേഷൻ) 2013-ൽ നടത്തിയ ഒരു പഠനപ്രകാരം , ഈ വ്യവസായത്തിൽ ഏർപ്പെട്ടിട്ടുള്ള സ്ത്രീകളിൽ 23 ശതമാനത്തിനും മാസത്തിൽ 400 രൂപയിൽ താഴെ മാത്രമാണ് വരുമാനം. ഭൂരിഭാഗം സ്ത്രീകളും 400-നും 800-നും ഇടയിൽ വരുമാനമുണ്ടാക്കുന്നു. മാസത്തിൽ 1200-ൽക്കൂടുതൽ കിട്ടുന്നവരുടെ ശതമാനം വെറും 4 ആണ്.
അതായത്, പ്രത്യേകമായി പറഞ്ഞുണ്ടാക്കുന്ന വലിയ ഒരു പട്ടത്തിന്‍റെ വിലയായ 1000 രൂപയേക്കാൾ തുച്ഛമാണ് ഭൂരിഭാഗം സ്ത്രീകളും ഒരു മാസത്തിൽ സമ്പാദിക്കുന്ന പ്രതിഫലം. ഏറ്റവും വില കുറഞ്ഞ ഒരു പട്ടം വേണമെങ്കിൽ, അഞ്ചെണ്ണത്തിന്‍റെ ഒരു കെട്ടിന് 150 രൂപ കൊടുക്കണം. അതേസമയം, വിലകൂടിയ ഒരു പട്ടത്തിന് 1000 രൂപയോ കൂടുതലോ കൊടുക്കേണ്ടിവരും. ഇതിന് രണ്ടിനുമിടയിൽ, വിവിധ ആകൃതിയിലും വലിപ്പത്തിലും തരത്തിലുമുള്ള ഇനങ്ങളുമുണ്ട്. ഏറ്റവും ചെറിയ പട്ടത്തിന് 21.5 X 2 ഇഞ്ച് വലിപ്പമാണ്. അതിന്‍റെ രണ്ടോ മൂന്നോ ഇരട്ടിയാണ് ഏറ്റവും വലിയ പട്ടത്തിന്‍റെ വലിപ്പം.
*****
കുറച്ച് ദൂരം മുകളിലേക്ക് പോയതിനുശേഷം എന്‍റെ പട്ടം തിരികെ വന്നപ്പോൾ കണ്ടുനിന്ന ഒരാൾ വിളിച്ചുപറഞ്ഞു ‘പട്ടത്തിന്‍റെ നടുക്കുള്ള മുളകൊണ്ടുള്ള നട്ടെല്ല് പിരിക്ക്’ എന്ന്. അപ്പോൾ ഞാൻ അതിന്‍റെ മുകളറ്റവും താഴത്തെയറ്റവും എന്‍റെ കൈകൊണ്ട് പിടിച്ച് നടുഭാഗം വളച്ചു. നടുഭാഗം മൃദുവായിരിക്കണം. എന്നാൽ, വളയ്ക്കുമ്പോൾ പൊട്ടുന്നയത്ര ബലമില്ലാത്തതുമാവരുത് ”
ഒടുവിൽ, പതിറ്റാണ്ടുകൾക്കുശേഷം, കംഭാത്തിലെ ചുനർവാഡിലുള്ള 25 വയസ്സുള്ള ജയാബെൻ പട്ടത്തിന്‍റെ നടുവിലുള്ള മുളകൊണ്ടുള്ള നട്ടെല്ല് പശവെച്ച് ഒട്ടിക്കുന്നത് ഞാൻ നോക്കിനിന്നു. ചൊവ്വരിയുപയോഗിച്ച് വീട്ടിലുണ്ടാക്കുന്ന പശയായിരുന്നു അവരുപയോഗിച്ചിരുന്നത്. ആയിരം നട്ടെല്ലുകളുണ്ടാക്കിയാൽ അവരെപ്പോലെയൊരു കൈത്തൊഴിൽകാരിക്ക് 65 രൂപ ലഭിക്കും. തൊഴിൽശ്രേണിയിലെ അടുത്ത കൈത്തൊഴിൽകാരനാണ് തലങ്ങനെയും വിലങ്ങനെയുമുള്ള ചട്ടക്കൂട് ഉണ്ടാക്കുക.
തലങ്ങനെയും വിലങ്ങനെയുമുള്ള ചട്ടക്കൂട് മിനുസപ്പെടുത്താൻ മറക്കരുത്. ചുനർവാഡിലെ 36 വയസ്സുള്ള ആശാബെൻ വർഷങ്ങളായി, ഇതിനാവശ്യമായ മുളങ്കഷണങ്ങൾ ഈരുകയും ആകൃതിയിലാക്കുകയും ചെയ്യുന്ന പണിയിലാണ്. ഒരു കെട്ട് മുളങ്കഷണങ്ങളുമായി വീട്ടിലിരുന്ന്, ചൂണ്ടുവിരലിൽ സൈക്കിൾ ചക്രത്തിന്‍റെ റബ്ബർ ട്യൂബിന്‍റെ ഒരു കഷണം കെട്ടിവെച്ച്, നല്ല മൂർച്ചയുള്ള കത്തികൊണ്ട് അവർ മുളകൾ ഈരുന്നു. “ആയിരം മുളങ്കഷണങ്ങൾ ഈരിക്കൊടുത്താൽ 60-65 രൂപ കിട്ടും. പണിക്കിടയിൽ വിരലിലെല്ലാം വിള്ളൽ വീഴും. വലിയ മുളങ്കഷണങ്ങൾ ഈരുമ്പോൾ വിരലിൽനിന്ന് ചോര പൊടിയും”, അവർ പറയുന്നു.
മിനുസമുള്ള ചട്ടക്കൂട് തയ്യാറായി. ഇനി അതിനെ ചെറുതായൊന്ന് കെട്ടിവെക്കുന്ന പണിയുണ്ട്. അഹമ്മദാബാദിലെ ജമാൽപുർ പ്രദേശത്തെ ജമീൽ അഹമ്മദ് എന്ന അറുപതുകാരന് ഒരു കടയുണ്ട്. കെട്ടിവെക്കുന്ന ജോലി അവിടെയിരുന്ന് അദ്ദേഹം നടത്തുന്നു. എട്ടുതിരിയുള്ള ഒരു മണ്ണെണ്ണവിളക്കിന് മുകളിലൂടെ അയാൾ ഒരു കെട്ട് മുളങ്കഷ്ണങ്ങൾ നീക്കിയപ്പോൾ കറുപ്പ് നിറത്തിലുള്ള ഒരു കെട്ടിന്‍റെ അടയാളം ആ മുളങ്കഷ്ണങ്ങളിൽ തെളിയുകയായി.
ചട്ടക്കൂടുകൾ ഉറപ്പിക്കാൻ ജമീൽ ഒരു പ്രത്യേകതരത്തിലുള്ള പശ ഉപയോഗിക്കുന്നു. “ഒരു പട്ടം ഉണ്ടാക്കാൻ വിവിധ ചേരുവകളിലുള്ളതും ഈടുള്ളതുമായ മൂന്നോ നാലോ തരത്തിലുള്ള പശകൾ ആവശ്യമാണ്”, അയാൾ പറയുന്നു. മൈദയും കോബാൾട്ടിന്‍റെ (മനയോല) നിറവുമുള്ള ഇളം നീല നിറത്തിലുള്ള ഒരു പശയാണ് അയാളുപയോഗിക്കുന്നത്. ‘മോർ തു തു‘ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. ആയിരം ചട്ടക്കൂടുകൾ ഉറപ്പിക്കാൻ 100 രൂപയാണ് കൂലി.
അഹമ്മദാബാദിലെ ജുഹപുരയിലെ 35 വയസ്സുള്ള ഷഹാബിയ, പട്ടച്ചരടിന്‍റെ അരികുകൾ ഒട്ടിക്കാൻ ഉപയോഗിക്കുന്നത് ജമീലിന്റേതിൽനിന്ന് വ്യത്യസ്തമായ പശയാണ്. വീട്ടിൽ വേവിച്ച ചോറിൽനിന്നാണ് അതുണ്ടാക്കുന്നത്. താൻ ഈ ജോലി വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നു എന്നവർ പറഞ്ഞു. തലയ്ക്ക് മുകളിൽ, തട്ടിൽനിന്ന് തൂങ്ങിക്കിടക്കുന്ന നൂലുണ്ടയിൽനിന്ന് ഒരു നല്ല നൂൽ അവർ വലിച്ചെടുത്തു. കൈവിരലിലുള്ള പശ അതിലൂടെ തേച്ച്, വളരെ വേഗത്തിൽ അവർ പട്ടത്തിന്‍റെ ചുറ്റളവിലൂടെ ഓടിച്ചു. അവരുടെ മേശയ്ക്ക് താഴെ ‘ലായ്‘ എന്ന അരിപ്പശ ഒരു പാത്രത്തിൽ ഒളിപ്പിച്ചുവെച്ചിരുന്നു.
“ഭർത്താവ് വീട്ടിൽ വന്നാൽ എനിക്ക് ഈ പണി ചെയ്യാനാവില്ല. ഞാനിത് ചെയ്യുന്നത് കണ്ടാൽ മൂപ്പർക്ക് ദേഷ്യം വരും”, അവർ പറഞ്ഞു. പട്ടത്തിന് ബലം കൊടുക്കുന്നതും, തേയാതെ സൂക്ഷിക്കുന്നതും ഈ പ്രവൃത്തിയാണ്. ആയിരം പട്ടങ്ങളുടെ അരികുകളുണ്ടാക്കിയാൽ 200-നും 300-നും ഇടയിൽ രൂപ കിട്ടും അവർക്ക്.
അതിനുശേഷം മറ്റ് സ്ത്രീകൾ ഓരോ പട്ടത്തിലും കടലാസ്സ് കഷണങ്ങൾ ഒട്ടിക്കുന്നു. നട്ടെല്ലിന് ബലംവെപ്പിക്കാനും ചട്ടക്കൂടിന്‍റെ അരികുകളെ പിടിച്ചുനിർത്താനുമാണ് ഇത് ചെയ്യുന്നത്. ആയിരം പട്ടങ്ങളിൽ ഈ പണി തീർത്താൽ 85 രൂപ കിട്ടും അവർക്ക്.
42 വയസ്സുള്ള ഫിർദൌസ് ബാനുവിന്‍റെ കൈകളിൽനിന്ന് മഴവിൽനിറങ്ങളിൽ പട്ടങ്ങളുടെ വർണ്ണാഭമായ വാലുകൾ തൂങ്ങിക്കിടന്നു. നൂറിന്‍റെ കെട്ടുകളായിട്ടാണ് അവ മടക്കിവെച്ചിരുന്നത്. അക്ബർപുരിലെ ഒരു ഓട്ടോഡ്രൈവറുടെ ഭാര്യയായ അവർ പണ്ട്, ആവശ്യക്കാർക്ക് പപ്പടങ്ങൾ ഉണ്ടാക്കി വിറ്റായിരുന്നു ജീവിച്ചിരുന്നത്. “പക്ഷേ, പപ്പടങ്ങൾ ഉണക്കാൻ ഞങ്ങൾക്ക് സ്വന്തം വീടിന്‍റെ മട്ടുപ്പാവില്ലാതിരുന്നതിനാൽ, ആ ജോലി ബുദ്ധിമുട്ടായിരുന്നു. ഇതും എളുപ്പമുള്ള പണിയല്ല. വരുമാനവും മോശമാണ്. പക്ഷേ എനിക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിലുകളൊന്നും അറിയില്ല”, അവർ പറയുന്നു.
പട്ടത്തിന്‍റെ ചിത്രപ്പണിയും നിറവും ആകൃതിയും കൂടുതൽ സങ്കീർണ്ണമാവുന്നതോടെ, അതിന്‍റെ വിവിധ ഭാഗങ്ങൾ ചേർക്കാൻ കൂടുതൽ വൈദഗ്ദ്ധ്യവും ആവശ്യമായിവരുന്നു
ഉണ്ടാക്കുന്ന വാലുകളുടെ വലിപ്പത്തിനനുസരിച്ച് അവർ മൂർച്ചയുള്ള കത്രികകൊണ്ട് കടലാസ്സുകൾ മുറിച്ച് നാടകളാക്കി മാറ്റി, മക്കളായ 17 വയസ്സുള്ള ദിൽഷാദ് ബാനുവിനും 19 വയസ്സുള്ള മഹീറാ ബാനുവിനും കൈമാറുന്നു. ആ പെൺകുട്ടികളാകട്ടെ, ഒരു സമയം ഒരു കടലാസ്സെടുത്ത് അതിന്‍റെ നടുഭാഗത്ത് ആ അരിപ്പശ തേച്ച്, കാൽവിരലിൽ ചുറ്റിവെച്ച നൂലുണ്ടയിൽനിന്ന് ഓരോ നൂലെടുത്ത് കടലാസ്സിനെ പൊതിഞ്ഞ് പിരിച്ചെടുത്ത് ഭംഗിയുള്ള വാൽ നിർമ്മിക്കുന്നു. അടുത്ത പണിക്കാരൻ ആ വാൽ പട്ടത്തിൽ ഘടിപ്പിക്കുന്നതോടെ, പട്ടം പറക്കാൻ റെഡിയാവും. ഇത്തരത്തിലുള്ള ആയിരം വാലുകൾ ആ മൂന്ന് സ്ത്രീകളും ചേർന്ന് ഉണ്ടാക്കിയാൽ അവർക്ക് ആകെ കിട്ടുക 70 രൂപയാണ്.
“ ചരട് വലിക്ക് ”, ഇത്തവണ വാശിയോടെയാണ് ആളുകൾ ഒച്ചയിട്ടത് . ആകാശത്തുനിന്ന് നല്ല ഉരയുള്ള പട്ടം , ഭാരത്തോടെ , ഒടിഞ്ഞുനുറുങ്ങി മട്ടുപ്പാവിലേക്ക് വീണു . അതെ , പ്രിയപ്പെട്ട ആ പട്ടം നഷ്ടപ്പെട്ടത് , ദശാബ്ദങ്ങൾക്കുശേഷവും എനിക്ക് ഓർമ്മയുണ്ട് .
ഞാനിപ്പോൾ പട്ടങ്ങൾ പറപ്പിക്കാറില്ല. പക്ഷേ ഈ ആഴ്ച എനിക്ക് കാണേണ്ടിവന്നത് അവരെയാണ്. പിന്തുടർന്നുവരുന്ന ഓരോ തലമുറയിലെയും കുട്ടികൾക്ക് പട്ടം പറപ്പിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, അത് സാധ്യമാക്കുന്ന ആ മനുഷ്യരെ. അവരുടെ അവസാനമില്ലാത്ത അദ്ധ്വാനമാണ് മകരസംക്രാന്തിക്ക് നിറങ്ങൾ നൽകുന്നത്.
ഈ ലേഖനം റിപ്പോര്‍ട്ട് ചെയ്യുന്നതിന് നല്‍കിയ സഹായത്തിന് ഹോസേഫ ഉജ്ജയ്നി , സമീന മാലിക്, ജനിസര്‍ ശേഖ് എന്നിവരോട് എഴുത്തുകാരി നന്ദി പറയുന്നു
കവര്‍ ചിത്രം: ഖമ്രൂം നിസ ബാനു വളരെ ജനകീയമായ പ്ലാസ്റ്റിക് പട്ടം ഉണ്ടാക്കുന്നു. ഫോട്ടോ: പ്രതിഷ്ത പാണ്ഡ്യ.
പരിഭാഷ: രാജീവ് ചേലനാട്ട്