“ഉച്ചഭക്ഷണം രണ്ടാമതും വിളമ്പിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു”

തെലങ്കാനയിലെ സെരിലിംഗപള്ളി മണ്ഡലിലെ മണ്ഡൽ പരിഷദ് പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഏഴുവയസ്സുള്ള ബസവരാജു. ഉച്ചയ്ക്ക് ചൂടോടെ ഭക്ഷണം കിട്ടുന്ന രാജ്യത്തിലെ 11.2 ലക്ഷം സ്കൂളുകളിൽ ഒന്നാണ് രംഗ റെഡ്ഡി ജില്ലയിലെ ഈ സ്കൂൾ. ബസവരാജ്യുവിന്റെ സഹപാഠിയായ 10 വയസ്സുള്ള അംബിക രാവിലെ സ്കൂളിലേക്ക് പുറപ്പെടുന്നതിനുമുൻപ് ഒരു ഗ്ലാസ്സ് കഞ്ഞിവെള്ളംമാത്രമാണ് പ്രാതലായി കഴിച്ചത്. പിന്നീട്, ഉച്ചയ്ക്കാണ് അവൾ ആ ദിവസത്തെ ആദ്യത്തെ ഭക്ഷണം കഴിക്കുന്നത്.

പഠനമുള്ള ദിവസങ്ങളിൽ, സൌജന്യമായി, 1 മുതൽ 8 വരെയുള്ള സർക്കാർ, എയ്ഡഡ്, സർവ ശിക്ഷാ അഭിയാൻ കേന്ദ്രത്തിന്റെ കീഴിലുള്ള പഠനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 118 ദശലക്ഷം കുട്ടികൾക്കാണ് ഇന്ത്യ ഉച്ചഭക്ഷണം പദ്ധതിയിലൂടെ ഭക്ഷണം കൊടുക്കുന്നത്. കണക്കു കൂട്ടാനും അക്ഷരങ്ങളുമായി മൽ‌പ്പിടുത്തം നടത്താനും, നിറവയറുണ്ടെങ്കിലേ കഴിയൂ എന്നതിൽ ആർക്കും തർക്കമുണ്ടാവാൻ വഴിയില്ലെങ്കിലും, ഉച്ചഭക്ഷണംകൊണ്ട് കുട്ടികളെ സ്കൂളുകളിലേക്ക് വരുത്തിക്കാൻ കഴിയുമെന്ന് കരുതുന്നു. ചുരുങ്ങിയത് 150 ദശലക്ഷം കുട്ടികളും കൌമാരക്കാരും ഇന്ത്യയിലെ പ്രാഥമികവിദ്യാഭ്യാസത്തിൽനിന്ന് പുറത്തായിട്ടുണ്ടെന്നാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറയുന്നത്.

രാജസ്ഥാനിലെ ജോധ്ഗഢ് ഗ്രാമത്തിലെ രാജകീയ പ്രാഥമിക് വിദ്യാലയത്തിൽ‌വെച്ച് 10 വയസ്സായ ദക്ഷ് ഭട്ടിനെ ഞങ്ങൾ കണ്ടു. സ്കൂളിലേക്ക് രാവിലെ വരുന്നതിനുമുൻപ് അവൻ ആകെ കഴിച്ചത് കുറച്ച് ബിസ്ക്കറ്റുകൾ മാത്രമായിരുന്നു. ആയിരം കിലോമീറ്ററുകൾക്കപ്പുറത്തുള്ള അസമിലെ നൽബാരി ജില്ലയിലെ ആലിഷ ബീഗം ഞങ്ങളോട് പറഞ്ഞതാകട്ടെ, സ്കൂളിലേക്ക് പുറപ്പെടുന്നതിനുമുൻപ് അവൾ കഴിച്ചത് ഒരു റൊട്ടിയും കട്ടൻ‌ചായയുമാണെന്നാണ്. നമ്പർ 858 നിസ് ഖഗാത്ത എൽ.പി.സ്കൂളിലാണ് അവൾ പഠിക്കുന്നത്. അവളുടെ അച്ഛൻ ഒരു തെരുവുകച്ചവടക്കാരനും അമ്മ ഗൃഹനാഥയുമാണ്.

Basavaraju
PHOTO • Amrutha Kosuru
Ambica
PHOTO • Amrutha Kosuru
Daksh Bhatt

ബസവരാജുവും (ഇടത്ത്), അംബികയും (മദ്ധ്യത്തിൽ) അവരുടെ ഉച്ചഭക്ഷണം ആസ്വദിക്കുന്നു. വിശേഷിച്ചും, മുട്ട വിളമ്പുന്ന ദിവസങ്നളിൽ. ദക്ഷ ഭട്ട് (വലത്ത്) ദിവസത്തിലെ ആദ്യത്തെ ഭക്ഷണം കഴിക്കുന്നു. പ്രാതലിന് ഏതാനും ബിസ്ക്കറ്റുകൾ മാത്രമായിരുന്നു അവന്റെ ഭക്ഷണം

1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് 480 കലോറിയും 12 ഗ്രാം മാംസ്യവും ഉൾപ്പെടുന്നതാണ് സ്കൂൾ ഭക്ഷണം. 6 മുതൽ 8-ആം ക്ലാസ്സുവരെയുള്ളവർക്ക് അത് 720 കലോറിയും 20 ഗ്രാമാണ്. സാധാരണനിലയ്ക്ക് പോഷകാഹാരം കിട്ടാത്ത ദരിദ്രരും പാർശ്വവത്കൃതരുമായ സമുദായത്തിലെ കുട്ടികൾക്ക് ഇത് അവശ്യം വേണ്ട ഒന്നാണ്.

“ഒന്നോ രണ്ടോ കുട്ടികളൊഴിച്ച് ബാക്കിയെല്ലാ കുട്ടികളും സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കുന്നു”വെന്നാണ് ബെംഗളൂരു നഗരത്തിലെ പട്ടണഗിരെ പ്രദേശത്തെ നമ്മൂര സർക്കാർ ലോവർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ പറയുന്നത്. ബെംഗളൂരു പട്ടണത്തിലെ നിർമ്മാ‍ണ സൈറ്റുകളിൽ പണിയെടുക്കുന്ന വടക്കൻ കർണ്ണാടകയിലെ യാദ്ഗിർ ജില്ലയിലെ (യാദ്ഗിരി എന്നും വിളിക്കപ്പെടുന്നു) കുടിയേറ്റത്തൊഴിലാളികളുടെ മക്കളാണ് ഇവരിൽ ഭൂരിഭാഗവും.

‘പ്രധാൻ മന്ത്രി പോഷൺ ശക്തി നിർമ്മാൺ’ അഥവാ, ‘ പി.എം.പോഷൺ ’ എന്ന് 2021-ൽ പുനർനാമകരണം ചെയ്യപ്പെട്ട ഉച്ചഭക്ഷണ പദ്ധതിയുടെ ലക്ഷ്യം “കുട്ടികളുടെ സ്കൂൾ ഹ് വർദ്ധനവുണ്ടാക്കുകയും, അത് നിലനിർത്തുകയും ഹാ‍ജർ നില കാത്തുസൂക്ഷിക്കുകയും, അതോടൊപ്പം പോഷകാഹാര അളവ് മെച്ചപ്പെടുത്തുകയുമാണ്“. 1995 മുതൽ കേന്ദ്രത്തിന്റെ സഹായത്തോടെ നടന്നുവരുന്ന ഈ ദേശീയ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപ്പാക്കിവരുന്നു. തന്റെ സ്കൂളിലെ 80-ഓളം വരുന്ന കുട്ടികൾ അവരുടെ ഉച്ചഭക്ഷണം കഴിക്കുന്നത് നോക്കി പുഞ്ചിരിക്കുകയാണ് ചത്തീസ്ഗഢിലെ റായ്പുർ ജില്ലയിലെ മാത്തിയ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപിക പൂനം ജാദവ്. “വളരെ കുറച്ച് അച്ഛനമ്മമാർക്ക് മാത്രമേ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം കൊടുക്കാനുള്ള സ്ഥിതിയുള്ളു. ഇതിന്റെ ഏറ്റവും മനോഹരമായ വശം, അവർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നു എന്നതാണ്. അതാണ് അവർ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും”, അവർ പറയുന്നു.

ധാന്യങ്ങളും പയർവർഗ്ഗങ്ങളും പച്ചക്കറികളും എണ്ണയിലോ കൊഴുപ്പിലോ പാചകം ചെയ്ത്, ഉപ്പും മസാലകളും ചേർത്താണ് പ്രാഥമികമായി ഭക്ഷണം നൽകുന്നതെങ്കിലും പല സംസ്ഥാനങ്ങളും അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഭവങ്ങളും ഇതിലുൾപ്പെടുത്താറുണ്ടെന്ന്, വിദ്യാഭ്യാസമന്ത്രാലയത്തിന്റെ 2015-ലെ ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജാർഘണ്ട്, തമിഴ് നാട്, കേരളം എന്നിവർ മുട്ടയും പഴവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർണ്ണാടക സംസ്ഥാനം ഒരു ഗ്ലാസ്സ് പാലും (ഈ വർഷം മുതൽ മുട്ടയും) കൊടുക്കുന്നു. സ്കൂൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഭവങ്ങൾ ഉൾപ്പെടുത്താനായി, ചത്തീസ്ഗഢ്, അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ, സ്കൂളിലെ അടുക്കളത്തോട്ടങ്ങളിൽ പച്ചക്കറി കൃഷിയും ആരംഭിച്ചിട്ടുണ്ട്. ഗോവയിൽ ഭക്ഷണവിതരണത്തിനായി സ്ത്രീകളുടെ സ്വയം സഹായഗ്രൂപ്പുകളാണ് സഹായിക്കുന്നത്. മണിപ്പൂരും ഉത്തരാഖണ്ഡുമാകട്ടെ, രക്ഷിതാക്കളുടെ പ്രോത്സാഹനത്തെക്കൂടി ഇതിൽ ഉൾച്ചേർക്കുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും, പ്രാദേശികമായ സമൂഹങ്ങൾ ഉച്ചഭക്ഷണത്തിൽ വിഭവങ്ങൾ ഉൾപ്പെടുത്താൻ സ്വമനസ്സാലെ രംഗത്തുണ്ട്.

Children from Kamar community at the Government Primary School in Footahamuda village, Chhattisgarh.
PHOTO • Purusottam Thakur
Their mid-day meal of rice, dal and vegetable
PHOTO • Purusottam Thakur

ഇടത്ത്: ചത്തീസ്ഗഢിലെ ഫൂത്താമുദ ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയത്തിൽ കമാർ സമുദായത്തിലെ കുട്ടികൾ. വലത്ത്: ചോറും, പരിപ്പും പച്ചക്കറിയുമാണ് അവരുടെ ഉച്ചഭക്ഷണത്തിലുള്ളത്

Kirti (in the foreground) is a student of Class 3 at the government school in Footahamuda.
PHOTO • Purusottam Thakur
The school's kitchen garden is a source of vegetables
PHOTO • Purusottam Thakur

ഫൂത്താമുദ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് കൃതി (പശ്ചാത്തലത്തിൽ). വലത്ത്: പച്ചക്കറി കിട്ടുന്നത് വിദ്യാലയത്തിലെ അടുക്കളത്തോട്ടത്തിൽനിന്നാണ്

ചത്തീസ്ഗഢിലെ ഫൂത്താമുദ ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയത്തിലെ 10 കുട്ടികളും കമാർ സമുദായത്തിൽനിന്നുള്ളവരാണ്. സംസ്ഥാനത്ത്, പി.വി.ടി.ജി. വിഭാഗത്തിൽ (വംശനാശ സാധ്യതകളുള്ള ഗോത്രസമൂഹം – പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ്) ഉൾപ്പെടുന്നവരാണ് അവർ. “കമാറുകൾ ദിവസവും കാട്ടിൽ പോയി, ഇന്ധനത്തിനായി വിറകും വനവിഭവങ്ങളും ശേഖരിക്കുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും ഭക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ട്” എന്ന് റുബിന അലി പറയുന്നു. ധം‌താരി ജില്ലയിലെ നാഗിരി ബ്ലോക്കിലെ ഈ സ്കൂളിലെ ഒരേയൊരു അദ്ധ്യാപികയാണ് അവർ.

തമിഴ്നാട്ടിലെ സത്യമംഗലം എന്ന മറ്റൊരു വനപ്രദേശത്തുള്ള സർക്കാർ ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ 160 കുട്ടികളാണുള്ളത്. പ്രധാനമായും സോളിഗ, ഇരുള സമുദായത്തിൽനിന്നുള്ളവർ. ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപ്പാളയം താലൂക്കിലെ തലൈ‌മലൈ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചോറും സാമ്പാറുമാണ്  അവരുടെ ഉച്ചഭക്ഷണം. ആഴ്ചയിൽ ചില ദിവസങ്ങളിൽ മുട്ടക്കറിയുമുണ്ടാവും.

2021-22 മുതൽ 2025-26 വരെ പി.എം.പോഷണിന് വകയിരുത്തിയിട്ടുള്ളത് 130,794 കോടിയാണ്. കേന്ദ്രവും സംസ്ഥാനവും പങ്കിടേണ്ടതാണ് ഈ തുക. ഫണ്ട് വിതരണത്തിലും ധാന്യങ്ങൾ കൈമാറ്റം ചെയ്യുന്നതിലും – ആറ് ലക്ഷം മെട്രിക് ടൺ ധാന്യം – കാലതാമസം സംഭവിക്കുന്നതുകൊണ്ട്, ടീച്ചർമാർക്കും പാചകക്കാർക്കും കമ്പോളത്തിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങേണ്ടിവരുന്നു. ഹരിയാനയിലെ ഇഗ്രാ ഗ്രാമത്തിലെ, സർക്കാർ ഉടമസ്ഥതയിലുള്ള ശഹീദ് ഹവൽദാർ രാജ്കുമാർ ആർ.വി.എം. വിദ്യാലയത്തിലെ ഒരു ടീച്ചർ പാരി യോട് പറയുന്നു, “ഇങ്ങനെ സംഭവിക്കുമ്പോൾ കുട്ടികൾ വിശന്നിരിക്കാതിരിക്കാൻ ഞങ്ങൾ അദ്ധ്യാപകരും സംഭാവന ചെയ്യുന്നു”. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഈ സ്കൂളിൽ, പുലാവും, ചോറും പരിപ്പും, രാജ്മ ചോറും കുട്ടികൾക്ക് നൽകുന്നു. മരം‌വെട്ടുകാരുടേയും ദിവസക്കൂലിക്കാരുടേയും ഇഷ്ടികച്ചൂളത്തൊഴിലാളികളുടേയും മറ്റും മക്കളാണ് ഇവിടെയുള്ളത്.

ഇന്ത്യയിലെ പാവപ്പെട്ട കുട്ടികൾക്കായുള്ള ഭക്ഷണപദ്ധതി വൈകിയാണെത്തിയത്. 2019-21-ലെ ദേശീയ കുടുംബാരോഗ്യ സർവേ ( എൻ.എഫ്.എച്ച്.എസ്-5 ) പ്രകാരം, അഞ്ചുവയസ്സിന് താഴെയുള്ള 32 ശതമാനം കുട്ടികൾ ഭാരക്കുറവ് അനുഭവിക്കുന്നു. രാജ്യത്തിലെ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് 69 ശതമാനം കാരണം പോഷകാഹാരക്കുറവാണെന്ന്, 2019-ലെ ഒരു യൂണിസെഫ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

PHOTO • Ritayan Mukherjee
PHOTO • Ritayan Mukherjee

ദീപാവലി  അവധിക്കുപോലും  ഓണ്ടുൽ പോട്ട ഗ്രാമത്തിലെ കുട്ടികൾ (ഇടത്ത്) ഉച്ചഭക്ഷണം വാങ്ങാൻ നോർത്ത് 24 പർഗാന ജില്ലയിലെ ബസീർഹട്ടിലെ ധോപാബേരിയ ശിശു ശിക്ഷാ കേന്ദ്രത്തിൽ എത്തുന്നു. തനിക്കുള്ള കിച്ച്ഡി വാങ്ങാനാണ് റോണി സിംഘ (വലത്ത്) അവിടെ എത്തിയത്

അവധിദിവസമായിട്ടുപോലും എട്ടുവയസ്സുള്ള റോണി സിംഘ, തനിക്കുള്ള കിച്ചഡി വാങ്ങാൻ, അമ്മയോടൊപ്പം, പശ്ചിമബംഗാളിലെ ഓണ്ടുൽ പോട്ട ഗ്രാമത്തിലെ ധോപാബേരിയ ശിശു ശിക്ഷാകേന്ദ്രത്തിൽ എത്തിയതിന്റെ പിന്നിലുള്ളത് ഈ ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. നാട്ടുകാർ ആ സ്കൂളിനെ ‘കിച്ചഡി സ്കൂൾ’ എന്നാണ് വിളിക്കുന്നത്. 70 കുട്ടികളാന് ഹാജർപുസ്തകത്തിലുള്ളത്. ഒക്ടോബർ അവസാനം പാരി സംഘം അവിടെയെത്തിയപ്പോൾ ദീപാവലി അവധിക്ക് സ്കൂൾ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നിട്ടും, അവരുടെ ദൈനംദിന ഉച്ചഭക്ഷണം വാങ്ങാൻ കുട്ടികൾ വരുന്നുണ്ടായിരുന്നു.

അടിസ്ഥാനസൌകര്യങ്ങളില്ലാത്ത സംവിധാനങ്ങളിൽനിന്ന് വരുന്നവരാണ് ഭൂരിഭാഗം കുട്ടികളും. അവരുടെ രക്ഷിതാക്കളാകട്ടെ, പ്രദേശത്തുള്ള ഒരു മത്സ്യഫാക്ടറിയിൽ ജോലി ചെയ്യുന്നു. റോണിയുടെ അമ്മ (അവർ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ചു) പറയുന്നു, “കൊറോണക്കാലത്ത് ദിവസവും കൃത്യമായി ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തിരുന്നതിനാൽ സ്കൂൾ ഞങ്ങൾക്ക് വലിയൊരു സഹായമായിരുന്നു”.

2020 മാർച്ചിൽ കോവിഡ്-19 ആഞ്ഞടിച്ചപ്പോൾ, നിരവധി സംസ്ഥാനങ്ങളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി തടസ്സപ്പെട്ടു. സ്കൂളുകൾ അടച്ചത് ലക്ഷക്കണക്കിന് കുട്ടികളെ ബാധിച്ചു. വിദ്യാഭ്യാസത്തിനുള്ള മൌലികാവകാശവുമായി ഉച്ചഭക്ഷണത്തിന് പ്രത്യക്ഷമായ ബന്ധമുണ്ടെന്ന് കർണ്ണാടകയിലെ ഹൈക്കോടതി വിധിന്യായത്തിൽ പ്രസ്താവിച്ചു

തെലങ്കാനയിലെ ഗാച്ചിബൌളിക്കടുത്തുള്ള താഴ്ന്നവരുമാനക്കാരുടെ താമസസ്ഥലമായ പി. ജനാർധൻ റെഡ്ഡി നഗറിലെ ഒരു പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഐശ്വര്യ. രംഗ റെഡ്ഡി ജില്ലയിലെ നിർമ്മാണ സൈറ്റുകളിൽ ദിവസക്കൂലിക്ക് ജോലിചെയ്യുകയാണ് അവളുടെ അച്ഛൻ. അമ്മ വീടുകളിൽ ജോലിക്ക് പോവുന്നു. പട്ടിണി അനുഭവിക്കുന്ന ആ ഒമ്പതുവയസ്സുകാരി പറയുന്നത് കേൾക്കുക: “ദിവസവും സ്കൂളിൽ മുട്ട വിളമ്പിയിരുന്നെങ്കിൽ നന്നായിരുന്നു. എല്ലാ ദിവസവും ഒന്നിൽക്കൂടുതൽ മുട്ട അവർ തന്നിരുന്നെങ്കിൽ എത്ര നന്നായേനേ എന്ന് എനിക്ക് തോന്നുന്നു”.

കുട്ടികളുടെ സമൂഹത്തെ ഊട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്ന പദ്ധതിയായിട്ടും, ഉച്ചഭക്ഷണപദ്ധതിയിൽ അഴിമതിയും, മായം ചേർക്കലും, ഗുണ-വൈവിദ്ധ്യനിലവാരമില്ലായ്മയും, ജാതീയമായ വിവേചനവും നിലനിൽക്കുന്നു. ഒരു ദളിതൻ പാചകം ചെയ്ത ഭക്ഷണം ഉപരിവർഗ്ഗത്തിലുള്ള കുട്ടികൾ ബഹിഷ്കരിക്കുന്ന സംഭവം കഴിഞ്ഞ വർഷം ഗുജറാത്തിലും ഉത്തരാഖണ്ഡിലും ഉണ്ടായി. ഒരു സ്കൂളിലെ ദളിത് പാചകക്കാരനെ പിരിച്ചുവിട്ടതായുള്ള ആരോപണത്തിലേക്കും അത് നയിച്ചു.

PHOTO • Amrutha Kosuru
PHOTO • M. Palani Kumar

ഇടത്ത്: സ്കൂളിൽ ഇടയ്ക്കിടയ്ക്ക് മുട്ട വിളമ്പിയിരുന്നെങ്കിലെന്ന് തെലങ്കാനയിലെ സെരിലിംഗം‌പള്ളി മണ്ഡൽ പ്രൈമറി സ്കൂളിലെ ഐശ്വര്യ ആഗ്രഹിക്കുന്നു. വലത്ത്: തമിഴ്നാട്ടിലെ സത്യമംഗലം വനമേഖലയിലുള്ള തലയ്‌മലൈ ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നു

2015-16-ൽനിന്ന്, 2019-20-ലേക്ക് എത്തിയപ്പോൾ കർണ്ണാടകയിലെ അഞ്ചുവയസ്സിന് താഴെയുള്ള വളർച്ചാമുരടിപ്പുള്ള കുട്ടികളുടെ എണ്ണം കേവലം ഒരു ശതമാനം മാത്രമാണ് കുറഞ്ഞത്. 36 ശതമാനത്തിൽനിന്ന് 35 ശതമാനത്തിലേക്ക് ( എൻ.എഫ്.എച്ച്.എസ്-5 ). പോരാത്തതിന്, 2020-ലെ ഒരു സർക്കാർ റിപ്പോർട്ട് , കുടക്, മൈസൂർ ജില്ലയിലെ കുട്ടികളുടെ പോഷകാഹാരക്കുറവിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ, ഉച്ചഭക്ഷനത്തിൽ വിളമ്പുന്ന മുട്ട സസ്യാഹാരമാണോ അല്ലേ എന്ന ചർച്ചയിലാണ് അവിടുത്തെ രാഷ്ട്രീയപ്പാർട്ടികൾ.

രാജ്യത്തിലെ പോഷകാഹാര പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, മഹാരാഷ്ട്രയിലെ സ്കൂളുകൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നത് അത്ഭുതകരമായി തോന്നാം. പോഷകാഹാരക്കുറവുള്ള 6.16 ലക്ഷം കുട്ടികളാണ് ആ സംസ്ഥാനത്തുള്ളത്. രാജ്യത്തിലെ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന മൊത്തം കുട്ടികളുടെ അഞ്ചിലൊന്ന്. അഹമ്മദ്‌നഗർ ജില്ലയിലെ ഗുണ്ടെഗാംവ് ഗ്രാമത്തിലെ അത്തരമൊരു സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പർധി സമുദായത്തിൽനിന്നുള്ളവരാണ്. സംസ്ഥാനത്തിലെ ഏറ്റവും അവശതയനുഭവിക്കുന്നവരും ദരിദ്രരുമായ ഒരു ഡീനോട്ടിഫൈഡ് ഗോത്രമാണ് പർധികൾ .

“സ്കൂളുകൾ അടച്ചുപൂട്ടിയാൽ ഈ കുട്ടികൾ സ്കൂളുകളിൽനിന്ന് കൊഴിഞ്ഞുപോവുമെന്ന് മാത്രമല്ല, അവർക്ക് പോഷകാഹാരവും നഷ്ടമാവും. ഇത്, പോഷകാഹാരക്കുറവ് വർദ്ധിപ്പിക്കുകയും, സ്കൂളുകളിൽനിന്ന് ഗോത്രവിദ്യാർത്ഥികളും, ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളും കൂടുതലായി കൊഴിഞ്ഞുപോവുന്നതിനും കാരണമാവും” എന്ന്, പൌട്കാവസ്തി ഗുണ്ടെഗാംവ് പ്രൈമറി ജില്ലാ പരിഷദ് സ്കൂളിന്റെ പ്രിൻസിപ്പൽ കുശാൽകർ ഗ്യാൻ‌ദേവ് ഗംഗാറാം പറയുന്നു.

ഇവിടെയുള്ള 15 പർധി വിദ്യാ‍ർത്ഥികളിലൊരുവളാണ് മഞ്ജുർ ഭോസ്ലെയുടെ എട്ടുവയസ്സുള്ള മകൾ ഭക്തി. “സ്കൂളില്ല, ഭക്ഷണമില്ല. കൊറോണയുടെ മൂന്ന് വർഷം മഹാ മോശം”, മഞ്ജുർ പറയുന്നു. “സ്കൂളുകൾ വീണ്ടും അടച്ചാൽ, എങ്ങിനെയാണ് ഞങ്ങളുടെ കുട്ടികൾ മുന്നോട്ട് പോവുക?”

PHOTO • Jyoti Shinoli
PHOTO • Jyoti Shinoli

മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ പൌട്കാവസ്തി  ഗുണ്ടെഗാംഗ് പ്രൈമറി ജില്ലാ പരിഷദ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഭക്തി ഭോസ്ലെ (ഇടത്ത്). സ്കൂൾ അടച്ചുപൂട്ടുന്നതിനാൽ, ഭക്തിക്കും അവളെപ്പോലുള്ള മറ്റ് കുട്ടികൾക്കും ഉച്ചഭക്ഷണം മുടങ്ങും

PHOTO • Jyoti Shinoli

‘സ്കൂളുകൾ അടച്ചുപൂട്ടിയാൽ കുട്ടികൾ കൊഴിഞ്ഞുപോവുമെന്ന് മാത്രമല്ല, അവരുടെ പോഷകാഹാരവും നഷ്ടമാവും’ ഗുണ്ടെഗാംവ് സ്കൂളിലെ പ്രിൻസിപ്പൽ ഗ്യാൻ‌ദേവ് ഗംഗാറം അദ്ദേഹത്തിന്റെ വിദ്യാർത്ഥികളോടൊപ്പം


PHOTO • Amir Malik

ഹരിയാനയിലെ ജിന്ദ് ജില്ലയിൽ, സ്കൂളിലെ ഭക്ഷണത്തിനുള്ള ഫണ്ടുവിതരണം വൈകിയപ്പോൾ ഇഗ്രാ ഗ്രാമത്തിലെ ശഹീദ് ഹവൽദാർ രാജ്കുമാർ ആർ.വി.എം. വിദ്യാലയത്തിലെ അദ്ധ്യാപകർ,  കുട്ടികൾ വിശന്നിരിക്കാതിരിക്കാൻ സ്വന്തം കൈയ്യിൽനിന്ന് പൈസയെടുത്ത് സഹായിക്കുന്നു


PHOTO • Amir Malik

ഇഗ്രയിലെ ശഹീദ് ഹവൽദാർ രാജ്കുമാർ ആർ.വി.എം. വിദ്യാലയത്തിലെ ശിവാനി നഫ്രിയ അവളുടെ ഉച്ചഭക്ഷണം കാണിക്കുന്നു


PHOTO • Amir Malik

ശഹീദ് ഹവൽദാർ രാജ്കുമാർ ആർ.വി.എം. വിദ്യാലയത്തിലെ കുട്ടികൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു


PHOTO • Purusottam Thakur

ചത്തീസ്ഗഢിലെ മാത്തിയ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ യാഷ്, കുനാൽ, ജഗേഷ് എന്നിവർ അവരുടെ ഉച്ചഭക്ഷണത്തിഉശേഷം


PHOTO • Purusottam Thakur

മാത്തിയ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾ ഭക്ഷണത്തിനുശേഷം ക്ലാസ്സിലേക്ക് തിരിച്ചുനടക്കുന്നു


PHOTO • Purusottam Thakur

മാത്തിയയിലെ ഉച്ചയൂണിന് ചോറ്, പരിപ്പ്, പച്ചക്കറികൾ എന്നിവയാണുള്ളത്


PHOTO • Purusottam Thakur

ചത്തീസ്ഗഢിലെ മാത്തിയ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ പഖിയും (ക്യാമറയിലേക്ക് നോക്കുന്ന കുട്ടി) അവളുടെ സഹപാഠികളും, ഭക്ഷണത്തിനുശേഷം പ്ലേറ്റുകൾ കഴുകുന്നു


PHOTO • Purusottam Thakur

ചത്തീസ്ഗഢിലെ ധം‌താരി ജില്ലയിലുള്ള ഫൂത്തമുദ ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ, ഉച്ചഭക്ഷണത്തിനായി കാത്തിരിക്കുന്നു


PHOTO • Purusottam Thakur

ഫൂത്തമുദ ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ഉച്ചഭക്ഷണം വിളമ്പുന്നു


PHOTO • Purusottam Thakur

ഫൂത്തമുദയിലെ പ്രൈമറി വിദ്യാലയത്തിലെ കുട്ടികൾ ഭക്ഷണം കഴിക്കുന്നു


PHOTO • Amrutha Kosuru
PHOTO • Haji Mohammed

തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ സെരിലിംഗം‌പള്ളിയിലുള്ള മണ്ഡൽ പരിഷദ് പ്രൈമറി സ്കൂളിലെയും (ഇടത്ത്), ഹരിയാനയിലെ ജിന്ദ് ജില്ലയിലുള്ള രാജകീയ പ്രാഥമിക് വിദ്യാലയത്തിലെയും (വലത്ത്) ചുമരുകളിൽ ഉച്ചയ്ക്കുള്ള ഭക്ഷണത്തിന്റെ വിഭവങ്ങൾ എഴുതിവെച്ചിരിക്കുന്നു


PHOTO • Amrutha Kosuru

സെരിലിംഗം‌പള്ളിയിലെ മണ്ഡൽ സ്കൂളിലെ ഭക്ഷണം പാകം ചെയ്യുന്ന അടുക്കള


PHOTO • S. Senthalir

എസ്. സഞ്ജന ബെംഗളൂരുവിലെ സർക്കാർ ലോവർ പ്രൈമറി സ്കൂളിലാണ് പഠിക്കുന്നത്. സ്വാദിഷ്ഠമായ ബിസി ബെലെ ഊണാണ് അവൾക്കിഷ്ടം. ഉച്ചയ്ക്കുള്ള ഊണിന് അവളത് രണ്ട് തവണ വാങ്ങി കഴിക്കുകയും ചെയ്യും


PHOTO • S. Senthalir

ബെംഗളൂരുവിലെ പട്ടൺഗെരെയിലുള്ള നമ്മൂര സർക്കാർ ലോവർ പ്രൈമറി സ്കൂളിലെ ഐശ്വര്യ ചെന്നപ്പയും എസ്. അലിജയും സഹപാഠികളും അയൽക്കാരുമാണ്

PHOTO • Pinku Kumar Das

ഇടത്തുനിന്ന് വലത്തേക്ക്: അസമിലെ നൽ‌ബാരി ജില്ലയിലുള്ള 858 നമ്പർ നിസ് ഖഗാത്ത എൽ.പി.സ്കൂളിലെ ആനിഷ, റൂബി, ആയിഷ, സഹ്നായി എന്നിവർ ഉച്ചഭക്ഷണം കഴിക്കുന്നു


PHOTO • Haji Mohammed

രാജസ്ഥാനിലെ ഭിൽ‌വാര ജില്ലയിലെ കരേദ ബ്ലോക്കിലുള്ള ജോധ്ഗഢ് ഗ്രാമത്തിലെ രാജകീയ പ്രാഥമിക വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു


PHOTO • M. Palani Kumar

ഈറോഡ് ജില്ലയിലെ തലയ്‌മലയ് ട്രൈബൽ റസിഡൻഷ്യൽ സ്കൂളിലെ 160 കുട്ടികളിൽ മിക്കവരും സൊളിഗ, ഇരുള സമുദായത്തിൽനിന്നുള്ളവരാണ്


ചത്തീസ്ഗഢിൽനിന്ന് പുരുഷോത്തം താക്കൂർ, കർണ്ണാടകയിൽനിന്ന് എസ്. സെന്തളിൽ, തെലങ്കാനയിലെ അമൃത കോസുരു, തമിഴ്നാട്ടിലെ എം. പളനി കുമാർ, ഹരിയാനയിലെ അമീർ മാലിക്, അസമിലെ പിങ്കു കുമാർ ദാസ്, പശ്ചിമബംഗാളിലെ റിതായൻ മുഖർജി, മഹാരാഷ്ട്രയിലെ ജ്യോതി ഷിനോലി, രാജസ്ഥാനിൽനിന്നുള്ള ഹാജി മൊഹമ്മദ്, എന്നിവർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട്. പ്രീതി ദേവിഡും വിനുത മല്യയും എഡിറ്റ് ചെയ്ത ലേഖനത്തിൽ എഡിറ്റോറിയൽ സപ്പോർട്ട് നൽകിയത് സാൻ‌വിതി അയ്യർ. ഫോട്ടോകൾ എഡിറ്റ് ചെയ്തത് ബിനായ്ഫർ ഭറൂച്ച.

കവർച്ചിത്രം: എം. പളനി കുമാർ

പരിഭാഷ: രാജീവ് ചേലനാട്ട്

PARI Team
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat