ഗുസ്തിക്കാരനായ രവി ദഹിയ ഒളിമ്പിക് വെള്ളി മെഡൽ വാങ്ങാനായി ഓഗസ്റ്റ് 5-ന് ജപ്പാനിലെ വേദിയിൽ നിൽക്കുമ്പോൾ ഋഷികേശ് ഘാഡ്ഗെ വൈകാരികമായി. കുറച്ചു നാളുകൾ കൂടിയാണ് അദ്ദേഹത്തിന് ഇത്രയ്ക്കും തികഞ്ഞ സന്തോഷം അനുഭവപ്പെട്ടത്.
2020 മാർച്ചിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള 18 മാസങ്ങൾ മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ നിന്നുള്ള ഗുസ്തിക്കാരനായ 20-കാരൻ ഋഷികേശിനെ സംബന്ധിച്ചിടത്തോളം നിരാശ നിറഞ്ഞ മാസങ്ങളായിരുന്നു. ഈ അവസ്ഥ അടുത്ത സമയത്തെങ്ങും മാറുമെന്ന് തോന്നുന്നില്ല. "ഇത് വിഷാദകരമാണ്”, അദ്ദേഹം പറഞ്ഞു. "സമയം തീരുന്നതുപോലെ എനിക്ക് തോന്നി.”
വിഷമം നിറഞ്ഞ ചിരിയോടെ അദ്ദേഹം പ്രശ്നങ്ങൾ ചൂണ്ടികാണിച്ചു: "ഒരേ സമയം നിങ്ങൾക്കെങ്ങനെയാണ് ഗുസ്തിയും ശാരീരിക അകലവും പാലിക്കാൻ പറ്റുന്നത്?"
ഉന്മേഷവാനാകുന്നതിനായി ഉസ്മാനാബാദ് നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഹാത്‌ലായി കുസ്തി സങ്കുൾ എന്ന ഒരു റെസ്റ്റ്ലിംഗ് അക്കാദമിയിൽ ഋഷികേശ് തന്‍റെ സുഹൃത്തുക്കളോടൊത്ത് 2020-ലെ ടോക്യോ ഒളിമ്പിക്സ് കാണുകയായിരുന്നു. ഓഗസ്റ്റ് 8-ന് മത്സരങ്ങൾ സമാപിക്കുമ്പോൾ ഇന്ത്യ അതിന്‍റെ എക്കാലത്തേയും ഏറ്റവും കൂടിയ എണ്ണമായ 7 ഒളിമ്പിക് മെഡലുകൾ നേടി - അതിൽ രണ്ടെണ്ണം ഗുസ്തിക്കായിരുന്നു.
ദഹിയയുടെ വെള്ളി മെഡലും ബജ്‌രംഗ് പുനിയയുടെ വെങ്കലവും (യഥാക്രമം പുരുഷന്മാരുടെ 57, 65 കിലോഗ്രാം വീതമുള്ള ഫ്രീസ്റ്റൈൽ വിഭാഗങ്ങളിൽ) ഋഷികേശിനെപ്പോലെ സാധാരണ കുടുംബങ്ങളിൽ നിന്നു വരുന്ന ഗുസ്തിക്കാർക്ക് പ്രചോദനമായി. തന്‍റെ വിജയത്തിന് ശേഷം ടോക്യോയിൽ വച്ച് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇൻഡ്യയോട് സംസാരിക്കുമ്പോൾ ഹരിയാനയിലെ നാഹ്‌രി ഗ്രാമത്തിലെ ഒരു കുടികിടപ്പ് കർഷകന്‍റെ മകനായ 23-കാരൻ ദഹിയ പറഞ്ഞത് തന്നെ വിജയിയായി കാണുന്നതിനു വേണ്ടി കുടുംബം ഒരുപാട് ബുദ്ധിമുട്ടിയെന്നാണ്. പക്ഷെ, മൂന്ന് ഒളിമ്പ്യന്മാരെ വളർത്തിയ അദ്ദേഹത്തിന്‍റെ ഗ്രാമം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതായിരുന്നു. "ഇവിടെ എല്ലാം ആവശ്യമുണ്ട്, നല്ല സ്ക്കൂളുകളും അതുപോലെ തന്നെ കായിക സൗകര്യങ്ങളും”, അദ്ദേഹം പറഞ്ഞു.
ദഹിയ എന്താണ് പറയുന്നതെന്ന് ഋഷികേശിന് അറിയാം. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഗുസ്തിയോടുള്ള അഭിനിവേശം മൂലം അദ്ദേഹം ലാത്തൂരിലെ താകാ ഗ്രാമത്തിലെ വീട് വിട്ടതാണ്. "നാട്ടിലെ വീട്ടിൽ സൗകര്യങ്ങളൊന്നുമില്ല”, എന്തുകൊണ്ട് 65 കിലോമീറ്റർ അകലെയുള്ള ഉസ്മാനാബാദിലേക്ക് കുടിയേറി എന്നത് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "ഉസ്മാനാബാദിൽ മികച്ച പരിശീലകരുണ്ട്. എനിക്കിവിടെ മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുന്നുണ്ട് [വിജയിയായ ഒരു ഗുസ്തിക്കാരൻ എന്ന നിലയിൽ].”
കോലി സമുദായത്തിൽ പെടുന്ന ഋഷികേശിനെ സംബന്ധിച്ചിടത്തോളം മറ്റൊരു സ്ഥലത്തേക്ക് മാറാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല. അദ്ദേഹത്തിന്‍റെ അച്ഛൻ തൊഴിൽ രഹിതനായിരുന്നു. എംബ്രോയിഡറി ജോലി ചെയ്ത് അമ്മ പ്രതിമാസം ഉണ്ടാക്കുന്ന 7,000-8,000 രൂപ കൊണ്ടാണ് കുടുംബം കഴിഞ്ഞു കൂടിയത്. "ഭാഗ്യത്തിന് ഞാനിവിടെ ഒരു പരിശീലകനെ കണ്ടെത്തി. അദ്ദേഹം എന്നെ റെസ്റ്റ്ലിംഗ് അക്കാദമിയുടെ ഹോസ്റ്റലിൽ സൗജന്യമായി താമസിപ്പിച്ചു”, ഋഷികേശ് പറഞ്ഞു. "അതുകൊണ്ട് എന്‍റെ ചിലവിനായി ചെറിയൊരു തുക മാത്രമാണ് [2,000-3,000 രൂപ] അമ്മയ്ക്ക് അയച്ചു തരാൻ കഴിഞ്ഞത്. കാര്യങ്ങൾ നന്നായി പോവുകയായിരുന്നു.”
ഉസ്മാനാബാദിലേക്ക് നീങ്ങിയ ശേഷം ഋഷികേശ് വലിയ സമർപ്പണബോധവും ഉറപ്പും കാണിച്ചെന്ന് അദ്ദേഹത്തിന്‍റെ പരിശീലകനും ഹാത്‌ലായി കുസ്തി സങ്കുൽ നടത്തുകയും ചെയ്യുന്ന 28-കാരനായ കിരൺ ജവാൽഗെ പറഞ്ഞു. "ജില്ലാതല ടൂർണമെന്‍റുകളിൽ അവൻ നല്ല പ്രകടനം കാഴ്ച വച്ചു. അവന്‍റെ അടുത്ത പടി ദേശീയതലമാണ്”, അദ്ദേഹം പറഞ്ഞു. "ഈ ടൂർണമെന്‍റുകളിൽ നീ നന്നായി ചെയ്താൽ സ്പോർട്സ് ക്വാട്ടയിലൂടെ സർക്കാർ ജോലി തരപ്പെടാനുള്ള സാദ്ധ്യതയുണ്ട്.”
പക്ഷെ മഹാമാരി ജീവിതം വഴിമുട്ടിച്ചു. ഋഷികേശിന്‍റെ അമ്മയ്ക്ക് ജോലി നഷ്ടമായി. ഗുസ്തി ടൂര്‍ണമെന്‍റ് (അതിലൂടെ അദ്ദേഹം കുറച്ച് പണം ഉണ്ടാക്കുമായിരുന്നു) നിർത്തുകയും ചെയ്തു. "മഹാമാരിയുടെ സമയത്ത് നിരവധി ഗുസ്തിക്കാർ രംഗത്ത് നിന്നും കൊഴിഞ്ഞു പോവുകയും സാധാരണ തൊഴിലിലേക്ക് മാറുകയും ചെയ്തു”, ജവാൽഗെ പറഞ്ഞു. "അവർക്ക് മുന്നോട്ടുള്ള [പരിശീലനം] തുടരുന്നത് താങ്ങാൻ കഴിയില്ല.”
ആരോഗ്യകരമായ ഒരു ഭക്ഷണക്രമം നിലനിർത്തുകയെന്നത് ഒരു ഗുസ്തിക്കാരനെ സംബന്ധിച്ച് വളരെ പ്രധാനമാണ്, ഒപ്പം ചിലവേറിയതുമാണ്. "ഒരു ഗുസ്തിക്കാരൻ പ്രതിമാസം 4 കിലോ ബദാം കഴിക്കുന്നു”, ജവാൽഗെ പറഞ്ഞു. "അതോടൊപ്പം അയാൾക്ക് 1.5 ലിറ്റർ പാലും 8 മുട്ടകളും ആവശ്യമുണ്ട്. ഭക്ഷണക്രമത്തിന് മാത്രം മാസം 5,000 രൂപ വേണം. എന്‍റെ നിരവധി വിദ്യാർത്ഥികൾ ഇപ്പോൾ ഗുസ്തി ഉപേക്ഷിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ അവർക്ക് ഭക്ഷണക്രമം താങ്ങാൻ കഴിയുന്നില്ല.” അദ്ദേഹത്തിന്‍റെ അക്കാദമിയിലെ 80 വിദ്യാർത്ഥികളിൽ 20 പേർ മാത്രമാണ് പരിശീലകന്‍റെയടുത്ത് ഇപ്പോൾ വരുന്നത്.
പ്രതീക്ഷ നഷ്ടപ്പെടാത്ത വിദ്യാർത്ഥികളിലൊരാളാണ് ഋഷികേശ്.
നിലനിന്നു പോകുന്നതിനായി റെസ്റ്റ്ലിംഗ് അക്കാദമിക്ക് അടുത്തുള്ള ഒരു തടാകത്തിൽ നിന്നും അദ്ദേഹം മീൻ പിടിക്കുകയും അവ അടുത്തുള്ള ഭക്ഷണ ശാലകളിൽ വിൽക്കുകയും ചെയ്യുന്നു. "ഉസ്മാനാബാദിലെ ഒരു വസ്ത്രനിർമ്മാണ ഫാക്ടറിയിൽ ഞാൻ പാർട് ടൈം ജോലി നോക്കുകയും ചെയ്യുന്നു. മൊത്തത്തിൽ ഞാൻ പ്രതിമാസം 10,000 രൂപ ഉണ്ടാക്കുന്നു”, 5,000 താൻ സൂക്ഷിമെന്നും ബാക്കി വീട്ടിലേക്കയയ്ക്കുമെന്നും കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഉസ്മാനാബാദിലെ മകാനി ഗ്രാമത്തിലെ ഭാരത് വിദ്യാലയയിൽ രണ്ടാം വർഷ ബി. എ. വിദ്യാർത്ഥി കൂടിയാണ് അദ്ദേഹം. സ്വന്തമായി സ്മാർട് ഫോൺ ഇല്ലായിരുന്നതിനാൽ സുഹൃത്തുക്കളുടെ ഫോണുകളിലായിരുന്നു അദ്ദേഹം ഓൺലൈൻ ക്ലാസ്സുളിൽ പങ്കെടുത്തു കൊണ്ടിരുന്നത്.
ഋഷികേശിന്‍റെ അമ്മയ്ക്ക് മകന്‍റെ ഈ ബുദ്ധിമുട്ടുകളൊന്നും അറിയില്ല. "ടൂർണമെന്‍റൊന്നും നടക്കാത്തതിനാൽ അമ്മ എന്‍റെ ഭാവിയെക്കുറിച്ചോർത്ത് നേരത്തതന്നെ ആശങ്കാകുലയാണ്. അത് കൂട്ടണമെന്ന് എനിക്കില്ല”, ഋഷികേശ് പറഞ്ഞു. "എന്‍റെ സ്വപ്നം നിലനിർത്താൻ എന്തു ചെയ്യാനും ഞാൻ ഒരുക്കമാണ്. എല്ലാദിവസവും ഞാൻ പരിശീലിക്കുന്നു. അതിനാൽ മഹാമാരി അവസാനിക്കുമ്പോൾ ഞാൻ ഇതുമായുള്ള ബന്ധം വിടുന്നില്ല.”
ഗ്രാമീണ മഹാരാഷ്ട്രയിലങ്ങോളമുള്ള ഗുസ്തിക്കാരും (മിക്കവരും കർഷകരുടെയും കർഷക തൊഴിലാളികളുടെയും മക്കളാണ്) ഋഷികേശിനെപ്പോലെ ഗുസ്തിയോട് അഭിനിവേശമുള്ളവരാണ്. സംസ്ഥാനത്ത് ഇത് ജനകീയമായ ഒരു കായിക വിനോദമാണ്. അവിടെ ആയിരക്കണക്കിന് ആളുകൾ, ചിലപ്പോള്‍ ലക്ഷങ്ങള്‍ , ഗുസ്തിക്കാരുടെ പോരാട്ടം ഗോദയിൽ കാണുന്നു.
പരമ്പരാഗത ജിംനേഷ്യങ്ങൾ എല്ലാവർഷവും നവംബർ മുതൽ മാർച്ച് വരെ വിവിധ പ്രായത്തിലുള്ളവർക്കായി ഗുസ്തി ടൂർണമെന്‍റുകൾ സംഘടിപ്പിക്കുന്നു. "ആ 6 മാസങ്ങളിൽ നല്ല പ്രകടനം നടത്തുകയാണെങ്കിൽ ലക്ഷക്കണക്കിന് രൂപ നിങ്ങൾക്ക് സമ്മാന തുകയായി നേടാൻ കഴിയും”, ജവാൽഗെ പറഞ്ഞു. "ഇത് ചിലവേറിയ ഭക്ഷണക്രമം നോക്കുന്നതിന് സഹായകവുമാകുന്നു.” പക്ഷെ കോവിഡ്-19 മുതൽ ഗുസ്തിക്കാരുടെ പ്രധാന വരുമാന സ്രോതസ്സിന് ഇടിവ് തട്ടിയിരിക്കുന്നു. "പ്രശ്നമെന്തെന്നാൽ നമുക്ക് ക്രിക്കറ്റിൽ മാത്രമേ താത്പര്യമുള്ളൂ, ചെറിയൊരളവോളം ഹോക്കിയിലും. ഗുസ്തി, ഖോ-ഖോ എന്നിവ പോലുള്ള ചില പരമ്പരാഗത മത്സരങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെടുന്നു”, പരിശീലകൻ കൂട്ടി ചേർത്തു.
ദേശീയ ഖോ-ഖോ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അന്തർ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാനായി പോയപ്പോൾ ഉസ്മാനാബാദ് നഗരത്തിൽ നിന്നുള്ള 29-കാരിയായ സരിക കാലേക്ക് തീവണ്ടികളിൽ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യേണ്ടിയും കമ്മ്യൂണിറ്റി ഹാളുകളിൽ താമസിക്കേണ്ടിയും വന്നിട്ടുണ്ട്. "യാത്ര ചെയ്യുമ്പോൾ ഞങ്ങൾ സ്വന്തം ഭക്ഷണം കരുതുമായിരുന്നു. ചില സമയങ്ങളിൽ തീവണ്ടികളിൽ ശൗചാലയത്തിനടുത്തായി ഇരിക്കേണ്ടിയും വരുമായിരുന്നു – കാരണം ഞങ്ങൾക്ക് ടിക്കറ്റ് കാണുമായിരുന്നില്ല”, അവർ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ആരംഭിച്ച ഒരു കായിക ഇനമായ ഖോ-ഖോ പരമ്പരാഗത ഇന്ത്യൻ മത്സരങ്ങൾക്കിടയിലെ ജനകീയമായ ഒന്നാണ്. 2016-ൽ ആസാമിലെ ഗുവാഹാത്തിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ സരിക ഇന്ത്യൻ ഖോ-ഖോ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. 2018-ൽ ലണ്ടനിൽ നടന്ന ദ്വിരാഷ്ട്ര ടൂർണമെന്‍റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീമിനു വേണ്ടി അവർ കളിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റിൽ ഇന്ത്യ ഗവൺമെന്‍റ് അവർക്ക് അർജുന അവാർഡ് നൽകി. "കഴിഞ്ഞ ദശകത്തിൽ കൂടുതൽ കൂടുതൽ പെൺകുട്ടികൾ ഖോ-ഖോയിൽ പങ്കെടുക്കാൻ തുടങ്ങി”, സരിക പറഞ്ഞു.
ഇപ്പോൾ താലൂക്ക് സ്പോർട്സ് ഓഫീസറായ സരിക ചെറുപ്പക്കാരായ കളിക്കാർക്ക് പരിശീലനം നൽകുകയും അവരുടെ ഉപദേശകയായി പ്രവർത്തിക്കുകയും ചെയ്യുന്നു. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷം കളിക്കാർ ക്രമേണ പരിശീലനത്തിൽ നിന്നും കൊഴിഞ്ഞു പോകുന്നത് അവർ കണ്ടു. "ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് മിക്കവരും”, അവർ പറഞ്ഞു. “ഗ്രാമങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ കായിക രംഗത്ത് പ്രോത്സാഹിപ്പിക്കുന്നില്ല. “കായിക രംഗത്തു നിന്നും കുട്ടികളെ നിരുത്സാഹപ്പെടുത്താൻ മഹാമാരി രക്ഷിതാക്കൾക്ക് ഒരു ഒഴികഴിവ് നൽകി.”
മഹാമാരിയുടെ സമയത്ത് പരിശീലനം നഷ്ടപ്പെടുക എന്നത് ചെറുപ്പക്കാരായ താരങ്ങളുടെ വളർച്ചയെ സംബന്ധിച്ചിടത്തോളം ഗുരുതരമാണെന്ന് സരിക പറഞ്ഞു. "2020 മാർച്ചിന് ശേഷം 5 മാസക്കാലത്തേക്ക് പരിശീലനം പൂർണ്ണമായും നിലച്ചു”, അവർ പറഞ്ഞു. "കുറച്ച് കളിക്കാർ തിരിച്ചെത്തിയപ്പോൾ അവരുടെ ശാരീരികാരോഗ്യനില താഴേക്ക് പോയെന്നത് നിങ്ങൾ കണ്ടു കഴിഞ്ഞു. പിന്നീട്, ആദ്യം മുതൽ ഞങ്ങൾ പരിശീലനം ആരംഭിച്ചപ്പോൾ രണ്ടാം തരംഗം എത്തി. വീണ്ടും കുറച്ച് മാസങ്ങൾ ഞങ്ങൾക്ക് പരിശീലനം നടത്താൻ കഴിഞ്ഞില്ല. ജൂലൈയിൽ [2021] ആണ് പിന്നീട് ഞങ്ങൾ തുടങ്ങിയത്. നിർത്തിയും വീണ്ടും തുടങ്ങിയുള്ള ഇത്തരം പരിശീലന വേളകൾ നല്ലതല്ല.”
വിവിധ പ്രായവിഭാഗത്തിലുള്ള ടൂർണമെന്‍റുകളിൽ മത്സരിക്കുന്ന കളിക്കാർ മതിയായ പരിശീലനം ലഭിക്കാതെ പരാജിതരാകുന്നു. "14 വയസ്സിൽ താഴെയുള്ള ഒരു മത്സരാർത്ഥി 17-ൽ താഴെയുള്ള വിഭാഗത്തിൽ പെട്ടവരുടെ മത്സരത്തിന് പോകുന്നത് ഒരു കളിപോലും കളിക്കാതെയാണ്”, സരിക പറഞ്ഞു. "വിലപ്പെട്ട വർഷങ്ങളാണ് അവർക്കിങ്ങനെ നഷ്ടപ്പെടുന്നത്. ഖോ-ഖോ കളിക്കുന്ന ഒരു വ്യക്തിയുടെ പ്രകടനം അതിന്‍റെ ഉന്നതിയിലെത്തുന്നത് 21 മുതൽ 25 വയസ്സു വരെയുള്ള പ്രായത്തിലാണ്. ഏറ്റവും ഉയർന്ന തലത്തിലേക്ക് [ദേശീയതലം] അവരെ തിരഞ്ഞെടുക്കുന്നത് പ്രായ ഗ്രൂപ്പ് തലത്തിലുള്ള അവരുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ്.”
മഹാമാരി മൂലമുള്ള അനിശ്ചിതമായ ഭാവി ഗ്രാമീണ മഹാരാഷ്ട്രയിലെ കായിക താരങ്ങൾ ഉണ്ടാക്കിയെടുത്ത മുന്നേറ്റങ്ങളെ ഇല്ലാതാക്കിക്കൊണ്ട് പ്രതിഭകളുടെ സാദ്ധ്യതകളുടെമേൽ നിഴൽ വീഴ്ത്തുന്നു.
ഏകദേശം രണ്ട് ദശകങ്ങൾക്ക് മുമ്പ് ഖോ-ഖോ കളിക്കാൻ തുടങ്ങിയപ്പോൾ മാതാപിതാക്കൾ വിസമ്മതിക്കുമെന്ന കാരണത്താൽ സരികയ്ക്ക് അക്കാര്യം അവരിൽ നിന്നും മറച്ചു പിടിക്കേണ്ടി വന്നു. "സ്ഥാപനപരമായ പിന്തുണ വളരെ കുറവായിരുന്നു. മഹാരാഷ്ട്രയുടെ ഗ്രാമപ്രദേശങ്ങളിൽ വലിയ സൗകര്യങ്ങളും ഇല്ലായിരുന്നു”, അവർ പറഞ്ഞു. "കുടുംബങ്ങൾക്ക് ആവശ്യം അവരുടെ മക്കളുടെ സുരക്ഷിതമായ ഭാവിയായിരുന്നു – എന്‍റെ അച്ഛനും എന്‍റെ കാര്യത്തിൽ അങ്ങനെ തന്നെയായിരുന്നു. ഞാൻ വളർന്ന സമയത്ത് ഞങ്ങളുടെ വീട്ടിൽ ആവശ്യത്തിന് ഭക്ഷണം പോലും ഇല്ലായിരുന്നു.” അവരുടെ അച്ഛൻ കർഷക തൊഴിലാളിയും അമ്മ വീട്ടുജോലിക്കാരിയും ആയിരുന്നു.
കായിക രംഗത്തേക്ക് കടന്നുവരിക എന്നത് പെൺകുട്ടികൾക്ക് കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സരിക പറയുന്നു. "അതിന്‍റെ കാരണം ഒരു പെൺകുട്ടി കുട്ടികളെ നോക്കേണ്ടവളും അടുക്കള കാര്യങ്ങൾ ചെയ്യേണ്ടവളുമാണെന്ന ചിന്താഗതിയാണ്. കായിക താരങ്ങൾ ധരിക്കുന്ന ഷോർട്സ് ഒരു പെൺകുട്ടി ധരിക്കുക എന്നത് ഒരു കുടുംബത്തിന് ദഹിക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ 10 വയസ്സുള്ളപ്പോൾ ആദ്യമായി ഖോ-ഖോ കളി കണ്ടതിനു ശേഷം, പ്രസ്തുത കളിയിൽ നിന്നും സരികയെ ഭയപ്പെടുത്തി മാറ്റിനിർത്താൻ ഒന്നിനും കഴിഞ്ഞില്ല. "അതിൽ ആകൃഷ്ടയായത് ഞാൻ ഓർമ്മിക്കുന്നു”, അവർ പറഞ്ഞു. "എന്നെ പിന്തുണയ്ക്കുന്ന ഒരു നല്ല പരിശീലകനെ ഞാൻ കണ്ടെത്തി.”
അവരുടെ പരിശീലകൻ ചന്ദ്രജിത് ജാധവ് ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ ജോയിന്‍റ് സെക്രട്ടറിയാണ്. ഉസ്മാനാബാദ് നിവാസിയായ അദ്ദേഹം അവിടെ ഈ കായിക ഇനം വളർത്തുന്നതിലും അതിനെ ഒരു ഖോ-ഖോ കേന്ദ്രമാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉസ്മാനാബാദ് നഗരത്തിൽ രണ്ട് പരിശീലന കേന്ദ്രങ്ങൾ ഉണ്ട്. കൂടാതെ ഈ കളി പ്രോത്സാഹിപ്പിക്കുന്ന നൂറോളം സ്ക്കൂളുകളും ഉണ്ട്. "കഴിഞ്ഞ രണ്ട് ദശകങ്ങളായി ഉസ്മാനാബാദിൽ നിന്നും വിവിധ പ്രായ വിഭാഗങ്ങളിലുള്ള 10 കളിക്കാർ ദേശീയ തലത്തിൽ ഈ ഇനത്തിലെ ഏറ്റവും മികച്ച കായിക താരത്തിന് നൽകുന്ന അവാർഡ് നേടിയിട്ടുണ്ട്. നാല് സ്ത്രീകൾ സംസ്ഥാന സർക്കാരിന്‍റെ ശിവ് ഛത്രപതി അവാർഡ് നേടിയിട്ടുണ്ട്. എനിക്ക് കായിക പരിശീലക എന്ന നിലയ്ക്കുള്ളതും ലഭിച്ചിട്ടുണ്ട്. അർജുന അവാർഡ് നേടിയ ഒരാളും ഞങ്ങൾക്കുണ്ട്.
ഗ്രാമത്തിലുള്ള ആളുകൾ നിലവിൽ കായികരംഗത്തെ ( ക്രിക്കറ്റും ഹോക്കിയും ഒഴികെ) എങ്ങനെ കരുതുന്നുവെന്ന കാര്യത്തിൽ ശ്രദ്ധേയമായ ഒരു മാറ്റം സരിക നിരീക്ഷിച്ചിട്ടുണ്ട്. "കുറച്ച് ആളുകൾ ഇതിനെ സമയം പാഴാക്കലായി കാണുന്നു”, അവർ പറഞ്ഞു.
പ്രധാനമായും ആദിവാസികൾ വസിക്കുന്ന മഹാരാഷ്ട്രയിലെ ജില്ലയായ നന്ദുർബാറിൽ നിന്നും 600 കിലോമീറ്റർ താണ്ടി ചെറുപ്പക്കാരായ 19 ആളുകൾ ഖോ-ഖോ പരിശീലനത്തിനായി ഉസ്മാനാബാദിലേക്ക് നീങ്ങി എന്നതിൽ നിന്ന് പുരോഗതി പ്രകടമാണ്. അവരിലൊരാൾ ഭിൽ ആദിവാസി സമുദായത്തിൽ നിന്നുള്ള 15-കാരനായ രവി വസാവെയാണ്. “വീട്ടിലെ സാഹചര്യം കായിക മത്സരങ്ങൾക്ക് പറ്റിയതല്ല”, അവൻ പറഞ്ഞു. ഉസ്മാനാബാദ് നിരവധി ഖോ-ഖോ ചാമ്പ്യൻമാരെ സൃഷ്ടിച്ചിട്ടുണ്ട്. എനിക്ക് അവരിലൊരാളാവണം.”
മഹാമാരി ഇല്ലായിരുന്നെങ്കിൽ 2020-ൽ ദേശീയ തലത്തിൽ രവിക്ക് കളിക്കാൻ പറ്റുമായിരുന്നു എന്നതിൽ സരികയ്ക്ക് ഒരു സംശയവും ഇല്ല. "എന്‍റെ കഴിവ് തെളിയിക്കാൻ എനിക്കൊരുപാട് സമയമില്ല”, അവൻ പറഞ്ഞു. "എന്‍റെ മാതാപിതാക്കൾക്ക് തരിശു കിടക്കുന്ന അഞ്ചേക്കർ കൃഷി ഭൂമിയുണ്ട്. ദിവസ വേതനക്കാരായി പണിയെടുത്താണ് അവർ ജീവിത മാർഗ്ഗം കണ്ടെത്തുന്നത്. എന്‍റെ താൽപര്യം പിന്തുടരാൻ എന്നെ അനുവദിക്കുക വഴി അവർ വലിയൊരു അപകട സാദ്ധ്യതയാണ് വരുത്തി വച്ചത്.”
തനിക്കെന്താണോ ഏറ്റവും നല്ലത് അതാണ് തന്‍റെ മാതാപിതാക്കൾക്ക് വേണ്ടതെന്ന് രവി പറഞ്ഞു. ഉസ്മാനാബാദിലെ ഡയറ്റ് കോളേജ് ക്ലബ്ബിലാണ് (Diet College Club) അവൻ പരിശീലനം നേടുന്നത്. പക്ഷെ സാഹചര്യം ഇങ്ങനെ തുടർന്നാൽ അവൻ എവിടെയെങ്കിലും എത്തുമോയെന്ന് അവർ ശങ്കിക്കുന്നു. "എനിക്കൊരു ടൂർണമെന്‍റിൽ പങ്കെടുക്കാൻ കഴിയാതെ വരുമ്പോൾ അവർക്ക് തോന്നുന്നത് ഇങ്ങനെ മാറി നിൽക്കുന്നതുകൊണ്ട് കൊണ്ട് കാര്യമൊന്നുമില്ലെന്നാണ്”, അവൻ പറഞ്ഞു. “എന്‍റെ പരിശീലകർ ഈയൊരു സമയത്തേക്ക് അവർക്ക് ഉറപ്പു കൊടുത്തിട്ടുണ്ട്. പക്ഷെ ടൂർണമെന്‍റുകൾ ഉടൻ തുടങ്ങുന്നില്ലെങ്കിൽ അവർ ആശങ്കാകുലരാകുമെന്ന് എനിക്കറിയാം. എനിക്ക് ഖോ-ഖോയിൽ മികവ് പുലർത്തണം, എം.പി.എസ്.സി. (സംസ്ഥാന സിവിൽ സർവീസ്) പരീക്ഷകൾ എഴുതണം, സ്പോർട്സ് ക്വാട്ടയിൽ ജോലിയും നേടണം.”
രവിക്ക് സരികയുടെ കാലടികൾ പിന്തുടരണം. ഗ്രാമീണ മഹാരാഷ്ട്രയിലെമ്പാടുമുള്ള ചെറുപ്പക്കാരായ ഖോ-ഖോ കളിക്കാർക്ക് സരിക ഒരു ആദർശ മാതൃകയാണ്. ഖോ-ഖോ കളിക്കാരുടെ ഒരു തലമുറയ്ക്ക് താൻ പ്രചോദനമായിട്ടുണ്ടെന്ന് അറിയാവുന്ന സരിക മഹാമാരി കായിക രംഗത്ത് ആഘാതമുണ്ടാക്കുമോ എന്ന് ഭയപ്പെടുന്നു. "മഹാമാരി കഴിയുന്നതു വരെ കാത്തിരിക്കാനുള്ള ഒരു അവസ്ഥ മിക്ക കുട്ടികൾക്കും ഇല്ല”, അവർ കൂട്ടിച്ചേർത്തു. "അതുകൊണ്ട് താഴേക്കിടയിൽ നിന്നുളള പ്രതിഭയുള്ള കുട്ടികൾക്ക് കായികരംഗത്ത് പിടിച്ചു നിൽക്കാൻ സഹായമാകുമെന്ന പ്രതീക്ഷയിൽ ഞാൻ അവരെ സാമ്പത്തികമായി സഹായിക്കുന്നു.”
റിപ്പോർട്ടർക്ക് പുലിറ്റ്സർ സെന്‍റർ നൽകുന്ന സ്വതന്ത്ര മാദ്ധ്യമപ്രവർത്തന ഗ്രാന്‍റിന്‍റെ സഹായത്തിൽ തയ്യാറാക്കിയ ഒരു പരമ്പരയുടെ ഭാഗമാണിത് .
പരിഭാഷ: റെന്നിമോന്‍ കെ. സി.