"ഓ, നമ്മുടെ “ഗസ്റ്റ്ഹൗസ്സിനെ" കുറിച്ച് അന്വേഷിക്കാനാണ് ഇവർ ഇവിടെ വന്നിരിക്കുന്നത്," റാണി തന്‍റെ സഹവാസിയായ ലാവണ്യയോട് പറഞ്ഞു. ഞങ്ങളുടെ വരവിന്‍റെ ഉദ്ദേശ്യം മനസ്സിലാക്കിയപ്പോൾ രണ്ടുപേർക്കും ആശ്വാസമായതായി തോന്നി.

ജനുവരിയുടെ തുടക്കത്തിൽ സന്ദർശനത്തിനിടെ ഞങ്ങൾ ആദ്യമായി ഈ ഗസ്റ്റ്ഹൗസ്സിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മധുര ജില്ലയിലെ ടി. കല്ലുപ്പട്ടി ബ്ലോക്കിലെ കൂവളപുരം ഗ്രാമത്തിലെ തെരുവുകളിൽ ഭീതി പടർന്നു. പതുങ്ങിയ ശബ്ദത്തിൽ സംസാരിച്ച പുരുഷന്മാർ ഞങ്ങൾക്ക് രണ്ടു സ്ത്രീകളെ ചൂണ്ടിക്കാണിച്ചു തന്നു. ചെറുപ്പക്കാരികളായ ആ അമ്മമാർ തെല്ലകലെ ഒരു പൂമുഖത്ത് ഇരിക്കുകയായിരുന്നു.

"അത് അപ്പുറത്താണ്, നമുക്ക് പോകാം," ഇതു പറഞ്ഞ് ആ സ്ത്രീകൾ ഞങ്ങളെ ഗ്രാമത്തിന്‍റെ ഒരു മൂലയിലേക്കു നയിച്ചു. ഏകദേശം അര കിലോമീറ്റർ ദൂരത്തായിരുന്നു ആ ഇടം. രണ്ട് ഒറ്റപ്പെട്ട മുറികൾ മാത്രമായിരുന്നു ഈ "ഗസ്റ്റ്ഹൗസ്സ്" എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം. ഞങ്ങൾ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നതായി തോന്നിയില്ല. എന്നാൽ, ആ രണ്ടു ചെറിയ കെട്ടിടങ്ങൾക്കിടയിൽ നിന്നിരുന്ന ഒരു വേപ്പ് മരത്തിന്‍റെ ശിഖരങ്ങളിൽ ചാക്കുകൾ തൂക്കിയിട്ടിരിക്കുന്നത് ഞങ്ങളെ അമ്പരപ്പിച്ചു.

ഗസ്റ്റ്ഹൗസ്സിലെ "അതിഥികൾ” ആർത്തവമുള്ള സ്ത്രീകളാണ്. ആരുടെയെങ്കിലും ക്ഷണപ്രകാരമോ അല്ലെങ്കിൽ സ്വന്തം ഇഷ്ടത്തോടെയോ അല്ല അവർ ഇവിടെ എത്തിയിരിക്കുന്നത്.  മധുര നഗരത്തിൽ നിന്നും ഏകദേശം അമ്പതു കിലോമീറ്റർ അകലെ മൂവായിരം ആൾക്കാർ വസിക്കുന്ന ഈ ഗ്രാമത്തിൽ കാർക്കശ്യത്തോടെ അനുഷ്ഠിക്കുന്ന സാമുദായിക ചട്ടങ്ങൾ മൂലമാണ് അവർ ഇവിടെ താമസിക്കാൻ നിർബന്ധിതരാകുന്നത്. ഗസ്റ്റ്ഹൗസ്സിൽ ഞങ്ങൾ കണ്ടുമുട്ടിയ രണ്ടുസ്ത്രീകൾ, റാണിയും ലാവണ്യയും (അവരുടെ ശരിയായ പേരുകൾ അല്ല), ഇവിടെ അഞ്ചു ദിവസം വരെ കഴിയേണ്ടി വരും. എന്നാൽ, ഋതുമതികളായ പെൺകുട്ടികൾ ഇവിടെ ഒരു മാസം മുഴുവനും തങ്ങേണ്ടി വരും. അതു പോലെ പ്രസവശേഷം സ്ത്രീകൾ അവരുടെ നവജാതശിശുക്കൾക്കൊപ്പം ഇവിടെ ഒരു മാസം വസിക്കണം.

"ഞങ്ങളുടെ ചാക്കുകൾ ഒപ്പം മുറിയിൽ വയ്ക്കും," റാണി വിശദീകരിച്ചു. ആർത്തവസമയത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന പാത്രങ്ങളാണ് ആ ചാക്കുകളിൽ. ഇവിടെ ഭക്ഷണം പാകം ചെയ്യാറില്ല. മിക്കവാറും അയൽക്കാർ തയ്യാറാക്കിയ ഭക്ഷണം ഈ പാത്രങ്ങളിലാക്കി അവരവരുടെ വീടുകളിൽ നിന്നും ഈ സ്ത്രീകൾക്ക് എത്തിച്ചു കൊടുക്കും. ദേഹത്ത് തൊടുന്നത് ഒഴിവാക്കാൻ ആ പാത്രങ്ങൾ ചാക്കുകളിലാക്കി വേപ്പ് മരത്തിൽ തൂക്കും. ഒരേ കുടുംബത്തിൽ നിന്നാണെങ്കിൽക്കൂടി ഓരോ സ്ത്രീകൾക്കും പ്രത്യേകം കൂട്ടം പാത്രങ്ങൾ ഉണ്ട്. എന്നാൽ ഇവിടെ രണ്ടു മുറികളെ ഉള്ളു, അതിനാൽ ഒരുമിച്ചു കഴിയണം.

Left: Sacks containing vessels for the menstruating women are hung from the branches of a neem tree that stands between the two isolated rooms in Koovalapuram village. Food for the women is left in these sacks to avoid physical contact. Right: The smaller of the two rooms that are shared by the ‘polluted’ women
PHOTO • Kavitha Muralidharan
Left: Sacks containing vessels for the menstruating women are hung from the branches of a neem tree that stands between the two isolated rooms in Koovalapuram village. Food for the women is left in these sacks to avoid physical contact. Right: The smaller of the two rooms that are shared by the ‘polluted’ women
PHOTO • Kavitha Muralidharan

ഇടത്: ആർത്തവമുള്ള സ്ത്രീകൾക്ക് വേണ്ടിയുള്ള പാത്രങ്ങളടങ്ങിയ ചാക്കുകൾ കൂവളപുരം ഗ്രാമത്തിലെ ഒറ്റപ്പെട്ട ആ രണ്ടു മുറികൾക്കിടയിൽ നിൽക്കുന്ന വേപ്പ് മരത്തിന്‍റെ ചില്ലകളിൽ തൂക്കിയിട്ടിരിക്കുന്നു. ദേഹത്തു തൊടുന്നത് ഒഴിവാക്കാൻ ആ സ്ത്രീകൾക്കുള്ള ഭക്ഷണം ഈ ചാക്കുകളിലാക്കുന്നു. വലത്: 'അശുദ്ധിയുള്ള' സ്ത്രീകൾ  പങ്കിട്ടെടുക്കുന്ന രണ്ടു മുറികളിൽ ചെറുത്

കൂവളപുരത്ത് റാണി, ലാവണ്യ എന്നിവരെ പോലെ മറ്റു സ്ത്രീകൾക്കും ആർത്തവമുള്ളപ്പോൾ ഈ മുറികളിൽ താമസിക്കുകയല്ലാതെ വേറൊരു വഴിയുമില്ല - ഇതിൽ  ആദ്യത്തെ മുറി ഏകദേശം രണ്ടു പതിറ്റാണ്ടുകൾക്ക്  മുൻപ് ഗ്രാമവാസികൾ ഒരുമിച്ചു പണം മുടക്കി പണിയിച്ചതാണ്. ഇരുപത്തിമൂന്ന് വയസ്സുള്ള ഈ രണ്ടു സ്ത്രീകളും വിവാഹിതരാണ്. ലാവണ്യക്കു രണ്ടു കുട്ടികളും റാണിക്ക് ഒരു കുട്ടിയുമാണുള്ളത്. രണ്ടുപേരുടെയും ഭർത്താക്കന്മാർ കൃഷിത്തോഴിലാളികളാണ്.

"ഇപ്പോൾ, ഇവിടെ ഞങ്ങൾ രണ്ടുപേർ മാത്രമാണുള്ളത്. ചിലസമയത്ത്‌ എട്ടോ ഒമ്പതോ സ്ത്രീകളുണ്ടാകും. അപ്പോൾ തിരക്കായിരിക്കും ഇവിടെ," ലാവണ്യ പറഞ്ഞു. അതൊരു പതിവായപ്പോൾ ഗ്രാമത്തിലെ മുതിർന്നവർ ഉദാരമായി രണ്ടാമത് ഒരു മുറി വാഗ്ദാനം ചെയ്തു. ഒരു യുവജനക്ഷേമ സംഘടന അതിനായി പണംപിരിക്കുകയും 2019 ഒക്ടോബറിൽ അത് പണിയിക്കുകയും ചെയ്തു.

അവിടെ അപ്പോൾ അവർ രണ്ടുപേർ മാത്രമാണെങ്കിലും, റാണിയും ലാവണ്യയും പുതിയ മുറിയിലാണ് കഴിയുന്നത്. അത് വലുതും കൂടുതൽ വായുസഞ്ചാരമുള്ളതും തെളിച്ചമുള്ളതുമാണ്. സ്ത്രീകളെ പിന്നോട്ട് നയിക്കുന്ന ഒരു ആചാരത്തിനുവേണ്ടി പണികഴിപ്പിച്ച ഈ ചെറിയ സ്ഥലത്ത് ഒരു ലാപ്ടോപ്പ് ഇരിക്കുന്നത് വിരോധാഭാസമായി തോന്നി. സ്കൂൾ അധ്യയനകാലത്ത്‌ ലാവണ്യക്ക് സംസ്ഥാനസർക്കാരിൽ നിന്നും ലഭിച്ചതാണത്.  "ഞങ്ങൾ പിന്നെങ്ങനെയാണ് ഇവിടെയിരുന്ന് സമയം കളയുക? ഞങ്ങൾ എന്‍റെ ലാപ്ടോപ്പിൽ പാട്ടുകൾ കേൾക്കുകയോ സിനിമകൾ കാണുകയോ ചെയ്യും. വീട്ടിൽ പോകുമ്പോൾ ഞാൻ ഇത് തിരിച്ചു കൊണ്ടുപോകും," അവൾ പറഞ്ഞു.

'അശുദ്ധി'യുള്ള സ്ത്രീകൾക്കുള്ള മുട്ടുത്തുറൈ എന്നയിടത്തിന്‍റെ ഒരു വിളിപ്പേരാണ് 'ഗസ്റ്റ്ഹൗസ്സ്'. "ഞങ്ങളൾ കുട്ടികളുടെ മുന്നിൽ അതിനെ ഗസ്റ്റ്ഹൗസ്സ് എന്നാണ് വിളിക്കാറുള്ളത്. അത് ശരിക്കും എന്തിനുള്ളതാണെന്ന് അവർ തിരിച്ചറിയാതിരിക്കാൻ," റാണി വിശദീകരിച്ചു. "മുട്ടുത്തുറൈയിലാണ് എന്ന് പറയുന്നത് നാണക്കേടാണ് - പ്രത്യേകിച്ചും അമ്പലങ്ങളിൽ ഉത്സവമോ അല്ലെങ്കിൽ പൊതുപരിപാടികളോ ഉള്ളപ്പോൾ. പിന്നെ, ഞങ്ങൾക്ക് ഈ ഗ്രാമത്തിനു പുറത്തു ബന്ധുക്കളുണ്ട്. അവർക്ക് ഈ ആചാരം പരിചിതമല്ല." മധുര ജില്ലയിൽ ആർത്തവസമയത്തു സ്ത്രീകൾ മാറി താമസിക്കണം എന്ന ആചാരമനുഷ്ഠിക്കുന്ന അഞ്ച് ഗ്രാമങ്ങളി ലൊന്നാണ് കൂവളപുരം. ഈ ചിട്ട പാലിക്കുന്ന മറ്റു ഗ്രാമങ്ങൾ പുതുപ്പട്ടി, ഗോവിന്ദനല്ലൂർ, സപ്ത്തൂർ അളഗാപുരി, ചിന്നയ്യാപുരം എന്നിവയാണ്.

ഈ ഒറ്റപ്പെടുത്തൽ പലപ്പോഴും അപമാനമായി മാറും. നിശ്ചയിക്കപ്പെട്ട സമയത്ത് അവിവാഹിതരായ യുവതികൾ ഗസ്റ്റ്ഹൗസ്സിൽ എത്തിയില്ലെങ്കിൽ ഗ്രാമവാസികൾ അപവാദം പറയാൻ തുടങ്ങും. "എന്‍റെ ആർത്തവചക്രം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അവർക്കു മനസ്സിലാകില്ല. എന്നാൽ എല്ലാ മുപ്പതു ദിവസത്തിൽ ഞാൻ മുട്ടുത്തുറയിൽ പോയില്ലെങ്കിൽ ആൾക്കാർ പറയും എന്നെ സ്കൂളിൽ വിടരുതെന്ന്," പതിനാല് വയസ്സുള്ള ഭാനു എന്ന ഒൻപതാം ക്ലാസ്സ് വിദ്യാത്ഥിനി പറഞ്ഞു (ശരിയായ പേരല്ല).

ചിത്രീകരണം: പ്രിയങ്ക ബോറാർ

"ഇതിൽ അത്ഭുതപ്പെടാനില്ല," പുതുച്ചേരിയിലെ ഫെമിനിസ്റ്റ് എഴുത്തുകാരി സാലൈ സെൽവം പറഞ്ഞു. അവർ ആർത്തവത്തോടനുബന്ധിച്ച വിലക്കുകളെ ശക്തമായി എതിർത്തു സംസാരിക്കുന്നു. "ലോകം ഒരു സ്ത്രീയെ ഇകഴ്ത്താനാണ് എപ്പോഴും ശ്രമിക്കുന്നത്. അവളെ ഒരു രണ്ടാംകിട പൗരയായി കാണുന്നു. സംസ്ക്കാരത്തിന്‍റെ പേരിലുള്ള ഇത്തരം വിലക്കുകൾ സ്ത്രീകളുടെ മൗലികമായ അവകാശങ്ങളെ നിഷേധിക്കാനുള്ള ഒരു അവസരമാണ്. ഫെമിനിസ്റ്റായ ഗ്ലോറിയ സ്റ്റെയ്നെം അവരുടെ  [‘If Men Could Menstruate’] എന്ന പ്രസിദ്ധമായ പ്രബന്ധത്തിൽ ചോദിക്കുന്നതു പോലെ, പുരുഷന്മാർക്ക് ആർത്തവമുണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാകുമായിരുന്നില്ലേ?"

സംസ്കാരത്തിന്‍റെ മറവിൽ വിവേചനത്തെ ഒളിച്ചു വയ്ക്കുകയാണെന്ന് സാലൈ പറഞ്ഞതിനെ കൂവളപുരത്തും സപ്ത്തൂർ അളഗാപുരിയിലും ഞാൻ കണ്ടുമുട്ടിയ മിക്ക സ്ത്രീകളും പിന്തുണച്ചു. റാണിയും ലാവണ്യയും പന്ത്രണ്ടാം ക്ലാസ്സിനുശേഷം പഠിപ്പ് അവസാനിപ്പിക്കുവാൻ നിർബന്ധിതരായി. അവരെ വേഗത്തിൽ കല്യാണം കഴിപ്പിച്ചയക്കുക്കയും ചെയ്തു. "എനിക്ക് പ്രസവസമയത്ത്‌ ബുദ്ധിമുട്ടുണ്ടായി, സിസേറിയൻ ചെയ്യേണ്ടി വന്നു. പ്രസവത്തിനുശേഷം എനിക്ക് ആർത്തവം കൃത്യമല്ല. എന്നാൽ, മുട്ടുത്തുറയിൽ പോകാൻ വൈകിയാൽ, അപ്പോഴേക്കും ആൾക്കാർ ഞാൻ വീണ്ടും ഗർഭിണിയായോ എന്ന് ചോദിക്കും. എന്‍റെ പ്രശ്നം അവർക്കു മനസ്സിലാകുന്നതേയില്ല," റാണി പറഞ്ഞു.

റാണി, ലാവണ്യ എന്നിവരെപ്പോലെ കൂവളപുരത്തെ മറ്റു സ്ത്രീകൾക്കും ഈ ആചാരം എപ്പോഴാണ് ഉത്ഭവിച്ചതെന്ന് അറിയില്ല. എന്നാൽ ലാവണ്യ പറഞ്ഞു, "ഞങ്ങളുടെ അമ്മമാമാരും, അമ്മൂമ്മമാരും, വലിയമ്മൂമ്മമാരും ഇതുപോലെ മാറി താമസിച്ചിട്ടുണ്ട്. അപ്പോൾ ഞങ്ങൾ വ്യത്യസ്‌തരല്ല."

ചെന്നൈയിലെ ആരോഗ്യപ്രവർത്തകനും ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്‍റെ വക്താവുമായ ഡോ. ഏഴിലൻ നാഗനാഥൻ ഈ ആചാരത്തിന് വിചിത്രമെന്നും, അതേസമയം യുക്തിപൂർണമെന്നും, തോന്നുന്ന ഒരു വിശദീകരണം തന്നു. "ഇത് നമ്മൾ നായാടികളായിരുന്ന കാലത്ത്‌ ഉത്ഭവിച്ചതാകണം," അദ്ദേഹം അങ്ങനെ വിശ്വസിക്കുന്നു.

"'വീട്ടുക്ക്  തൂരം' [വീട്ടിൽ നിന്നകലെ - ആർത്തവമുള്ള സ്ത്രീകളെ അകറ്റിനിറുത്തിയിരുന്നതിന്‍റെ വിളിപ്പേര്] എന്ന തമിഴ് വാക്യം ശരിക്കും 'കാട്ടുക്ക് തൂരം' [കാട്ടിൽ നിന്നകലെ] എന്നായിരുന്നു. ആർത്തവം, പ്രസവം, ഋതുമതിയാകുക തുടങ്ങിയ പ്രക്രിയകളിലെ രക്തത്തിന്‍റെ മണം വന്യജീവികളെ ആകർഷിക്കുമെന്നും, അവരെ വേട്ടയാടാൻ പ്രേരിപ്പിക്കുമെന്നും വിശ്വസിച്ചിരുന്നതിനാൽ സ്ത്രീകൾ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറി താമസിച്ചിരുന്നു. പിന്നീട് ഈ പതിവ് സ്ത്രീകളെ അടിച്ചമർത്താൻ ഉപയോഗിക്കുകയായിരുന്നു."

കൂവളപുരത്തെ ഐതിഹ്യം അത്ര യുക്തിക്കു നിരക്കുന്നതല്ല. തങ്കമുടി സാമി എന്ന സിദ്ധനോടുള്ള ആദരസൂചകമായി എടുത്ത ഒരു പ്രതിജ്ഞയാണ് ഈ ആചാരമെന്നാണ് നാട്ടുകാർ പറയുന്നത്. അത് ഈ ഗ്രാമത്തിനും, അടുത്തുകിടക്കുന്ന മറ്റു നാല് ഗ്രാമങ്ങൾക്കും ബാധകമാണ്. "ആ സിദ്ധൻ നമ്മുടെയിടയിൽ  ജീവിച്ചിരുന്ന ആളാണ്. ശക്തിശാലിയായ അദ്ദേഹം ഒരു ദൈവമായിരുന്നു," അറുപത് വയസ്സുള്ള എം. മുത്തു പറഞ്ഞു. തങ്കമുടി സാമിയുടെ പ്രതിഷ്ഠയുള്ള കൂവളപുരത്തെ അമ്പലത്തിന്‍റെ മുഖ്യഭാരവാഹിയാണ് അദ്ദേഹം. "ഞങ്ങളുടെ ഗ്രാമവും പുതുപ്പട്ടി, ഗോവിന്ദനല്ലൂർ, സപ്ത്തൂർ അളഗാപുരി, ചിന്നയ്യാപുരം എന്ന ഗ്രാമങ്ങളും സിദ്ധന്‍റെ ഭാര്യമാരാണെന്നാണ് ഞങ്ങളുടെ വിശ്വാസം. ആ വാക്ക് ലംഘിക്കാനുള്ള എന്തെങ്കിലും ശ്രമം ഈ ഗ്രാമങ്ങളുടെ നാശത്തിലേക്കു നയിക്കും."

Left: C. Rasu, a resident of Koovalapuram, believes that the muttuthurai practice does not discriminate against women. Right: Rasu's 90-year-old sister Muthuroli says, 'Today's girls are better off, and still they complain. But we must follow the system'
PHOTO • Kavitha Muralidharan
Left: C. Rasu, a resident of Koovalapuram, believes that the muttuthurai practice does not discriminate against women. Right: Rasu's 90-year-old sister Muthuroli says, 'Today's girls are better off, and still they complain. But we must follow the system'
PHOTO • Kavitha Muralidharan

ഇടത്: കൂവളപുരം നിവാസിയായ സി. രാസു മുട്ടുത്തുറൈ ആചാരം സ്ത്രീകൾക്കെതിരെയുള്ള വിവേചനമല്ല എന്നാണ് വിശ്വസിക്കുന്നത്. വലത്: "ഇന്ന് പെൺകുട്ടികൾ നല്ല നിലയിലാണ്, എന്നിട്ടും അവർക്കു പരാതിയാണ്. എന്നാൽ നമ്മൾ ഈ വ്യവസ്ഥ പാലിക്കുക തന്നെ വേണം," രാസുവിന്‍റെ തൊണ്ണൂറു വയസ്സുള്ള സഹോദരി മുത്തുറോളി പറയുന്നു

എന്നാൽ, ജീവിതത്തിന്‍റെ ഭൂരിഭാഗവും കൂവളപുരത്തു കഴിഞ്ഞ എഴുപതു വയസ്സുള്ള സി. രാസു ഇതിൽ എന്തെങ്കിലും വിവേചനമുണ്ടെന്ന വസ്തുത നിഷേധിക്കുന്നു. "ഈ ആചാരം ദൈവത്തോടുളള ഒരു ആദരവാണ്. സ്ത്രീകൾക്ക് അവിടെ ഒരു ഉറപ്പുള്ള മുറി, ഫാനുകൾ, പിന്നെ ഒരു സാമാന്യം ഭേദപ്പെട്ടയിടം എന്നിങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും നൽകിയിട്ടുണ്ട്."

ഇവയൊന്നും രാസുവിന്‍റെ ഏകദേശം തൊണ്ണൂറു വയസ്സുള്ള സഹോദരി മുത്തുറോളിക്ക് അവരുടെ കാലത്ത് "ആസ്വദിക്കാൻ" കഴിഞ്ഞില്ല. "ഞങ്ങൾക്ക് വെറും ഒരു ഓല മേഞ്ഞ പുരയാണുണ്ടായിരുന്നത്. വൈദ്യുതിയുമുണ്ടായിരുന്നില്ല. ഇന്നത്തെ പെൺകുട്ടികൾ നല്ല നിലയിലാണ്. എന്നാലുമവർക്കു പരാതിയാണ്. എന്നാൽ നമ്മൾ ഈ വ്യവസ്ഥ പാലിക്കുക തന്നെവേണം," അവർ ഉറപ്പിച്ചു പറഞ്ഞു. "അല്ലെങ്കിൽ, നമ്മൾ മണ്ണടിയും."

മിക്ക സ്ത്രീകളും ഈ കാല്പനിക കഥയെ ഉൾക്കൊള്ളുകയാണ്. ഒരിക്കൽ തന്‍റെ ആർത്തവത്തെ ഒളിപ്പിച്ചുവയ്ക്കാൻ ശ്രമിച്ച സ്ത്രീ പിന്നീട് പലവട്ടം പാമ്പുകളെ സ്വപ്നത്തിൽ കാണുകയുണ്ടായി. താൻ മുട്ടുത്തുറയിൽ പോകാതെ ആചാരം ലംഘിച്ചതിനു ദൈവങ്ങൾ തന്നോട് കോപിച്ചിരിക്കുന്നതിന്‍റെ സൂചനയാണതെന്ന്  അവർ വിചാരിച്ചു.

ഈ സംഭാഷണങ്ങൾക്കിടയിൽ പറയാതെ പോകുന്നത്  ഗസ്റ്റ്ഹൗസ്സിലെ "സൗകര്യങ്ങളിൽ" ശൗചാലയങ്ങൾ ഉൾപ്പെടുന്നില്ല എന്ന വസ്തുതയാണ്. "ഞങ്ങൾ ദൂരെ പാടങ്ങളിലാണ് പ്രാഥമികാവശ്യങ്ങൾ  സാധിക്കുന്നതും നാപ്കിൻസ് മാറുന്നതും," ഭാനു പറഞ്ഞു. ഗ്രാമത്തിലെ സ്കൂൾ വിദ്യാർത്ഥിനികളായ പെൺകുട്ടികൾ സാനിറ്ററി നാപ്കിൻസ് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. അവ ഉപയോഗത്തിനു ശേഷം കുഴിച്ചുമൂടുകയോ കത്തിച്ചു കളയുകയോ അല്ലെങ്കിൽ ഗ്രാമാതിർത്തിക്കു പുറത്ത് ഉപേക്ഷിക്കുകയോ ചെയ്യും. മുതിർന്ന സ്ത്രീകളിപ്പോഴും തുണിയാണ് ഉപയോഗിക്കുന്നത്. അവർ അത് കഴുകിയുണക്കി പിന്നെയും ഉപയോഗിക്കും.

മുട്ടുത്തുറയിലുള്ളവർക്കു വേണ്ടി തുറസ്സായ സ്ഥലത്ത് ഒരു വെള്ളത്തിന്‍റെ ടാപ്പുണ്ട്. മറ്റു ഗ്രാമീണരാരും അത് തൊടില്ല. "ഞങ്ങൾ ഒപ്പം കൊണ്ടുവരുന്ന വസ്ത്രങ്ങളും പുതപ്പുകളും കഴുകാതെയല്ലാതെ ഞങ്ങൾക്ക്‌ ഗ്രാമത്തിൽ പ്രവേശനമില്ല," റാണി വിശദീകരിച്ചു.

Left: The small, ramshackle muttuthurai in Saptur Alagapuri is located in an isolated spot. Rather than stay here, women prefer camping on the streets when they are menstruating. Right: The space beneath the stairs where Karpagam stays when she menstruates during her visits to the village
PHOTO • Kavitha Muralidharan
Left: The small, ramshackle muttuthurai in Saptur Alagapuri is located in an isolated spot. Rather than stay here, women prefer camping on the streets when they are menstruating. Right: The space beneath the stairs where Karpagam stays when she menstruates during her visits to the village
PHOTO • Kavitha Muralidharan

ഇടത്: സപ്ത്തൂർ അളഗാപുരിയിലെ പൊട്ടിപ്പോളിഞ്ഞ ചെറിയ മുട്ടുത്തുറൈ വിജനമായ സ്ഥലത്താണ്. ആർത്തവകാലത്ത് അവിടെ താമസിക്കാതെ തെരുവിൽ കഴിയാനാണ് സ്ത്രീകൾ താൽപര്യപ്പെടുന്നത്. വലത്: ഗ്രാമത്തിലേക്കുള്ള സന്ദർശനങ്ങൾക്കിടയിൽ ആർത്തവമുള്ളപ്പോൾ കർപ്പഗം കഴിയുന്ന കോണിച്ചുവട്

സെഡാപ്പട്ടി ബ്ലോക്കിലെ ഏകദേശം 600 ആൾക്കാർ വസിക്കുന്ന ഒരു ഗ്രാമമാണ് കൂവളപുരത്തിനടുത്തുള്ള സപ്ത്തൂർ അളഗാപുരി. അവിടെ സ്ത്രീകൾ വിശ്വസിക്കുന്നത് ഈ ആചാരം ലംഘിച്ചാൽ ആർത്തവം നിന്നു പോകുമെന്നാണ്. മുപ്പത്തിരണ്ട് വയസുള്ള കർപ്പഗം [ശരിയായ പേരല്ല] ചെന്നൈയിൽ നിന്നാണ്.  ഈ ഒറ്റപ്പെടുത്തുന്ന ആചാരം അവരെയാദ്യം അമ്പരപ്പിച്ചു. "എന്നാൽ ഞാൻ അത് സംസ്കാരത്തിന്‍റെ ഭാഗമാണെന്നു മനസ്സിലാക്കി. അത് എനിക്ക് ലംഘിക്കാൻ കഴിയില്ല. ഞാനും ഭർത്താവും ഇപ്പോൾ തിരുപ്പൂരിലാണ് ജോലി ചെയ്യുന്നത്. അവധിക്കാലത്ത് മാത്രമേ ഞങ്ങൾ ഇവിടെ വരാറുള്ളൂ." തന്‍റെ വീട്ടിലെ കോണിച്ചുവട്ടിലെ ഒരു ചെറിയ സ്ഥലം കർപ്പഗം കാണിച്ചുതന്നു. ആർത്തവമുള്ളപ്പോൾ അവർ കഴിയുന്നതവിടെയാണ്.

സപ്ത്തൂർ അളഗാപുരിയിലെ പൊട്ടിപ്പോളിഞ്ഞ ചെറിയ മുട്ടുത്തുറൈ വിജനമായ സ്ഥലത്താണ്. ആർത്തവകാലത്ത് അവിടെ താമസിക്കാതെ തെരുവിൽ കഴിയാനാണ് സ്ത്രീകൾ താൽപര്യപ്പെടുന്നത്. "മഴയില്ലാത്തപ്പോൾ," നാൽപത്തിയൊന്ന് വയസ്സുള്ള ലത [ശരിയായ പേരല്ല] പറഞ്ഞു. മഴയുള്ളപ്പോൾ സ്ത്രീകൾ മുട്ടുത്തുറയിൽ കഴിയും.

കൂവളപുരത്തും സപ്ത്തൂർ അളഗാപുരിയിലും ഏകദേശം എല്ലാ വീടുകളിലും ശൗചാലയങ്ങളുണ്ട് എന്നതാണ് വിരോധാഭാസം. ഏഴ് വർഷങ്ങൾക്ക് മുൻപ് സംസ്ഥാന സർക്കാർ പദ്ധതികളുടെ ഭാഗമായി പണിതതാണ് അവ. ചെറുപ്പക്കാരായ ഗ്രാമവാസികൾ അവ ഉപയോഗിക്കും. സ്ത്രീകളുൾപ്പെടയുള്ള മുതിർന്ന ഗ്രാമീണർ ഇപ്പോഴും പാടത്ത് പോകാനാണ് താൽപര്യപ്പെടുന്നത്. എന്നാൽ, ഈ രണ്ടു ഗ്രാമങ്ങളിലും മുട്ടുത്തുറയിൽ ശൗചാലയങ്ങളില്ല.

"ആർത്തവമായാൽ ഞങ്ങൾക്ക് പ്രധാനപാതയിലൂടെ നടന്നു മുട്ടുത്തുറയിലെത്താൻ പാടില്ല," ഇരുപത് വയസ്സുള്ള മൈക്രോബയോളജി ബിരുദവിദ്യാർത്ഥിനിയായ ശാലിനി [ശരിയായ പേരല്ല] പറഞ്ഞു. "ഞങ്ങൾ ചുറ്റിവളഞ്ഞ, മിക്കവാറും വിജനമായ, ഒരു പാതയിലൂടെയാണ് അവിടെ എത്തുന്നത്." "ഈ രഹസ്യം" വെളിപ്പെടുമോ എന്ന ഭയത്താൽ മധുരയിലെ തന്‍റെ കോളേജിലെ സഹപാഠികളോട് ശാലിനി ആർത്തവത്തെക്കുറിച്ചു ചർച്ച ചെയ്യാറില്ല. "നമുക്ക് അഭിമാനം തോന്നുന്ന ഒന്നല്ലല്ലോ ഇത്," അവൾ പറഞ്ഞു.

നാൽപ്പത്തിമൂന്ന് വയസുള്ള ടി. സെൽവക്കനി സപ്ത്തൂർ അളഗാപുരിയിലെ ഒരു ജൈവകർഷകനാണ്. അദ്ദേഹം ഈ വിലക്കിനെക്കുറിച്ചു ഗ്രാമീണരോട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്. "നമ്മൾ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും വരെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു, എന്നാൽ 2020-ലും നമ്മൾ സ്ത്രീകളെ [ആർത്തവസമയത്ത്] അകറ്റി നിർത്തുന്നു?" അദ്ദേഹം ചോദിക്കുകയാണ്. യുക്തിപൂർണമായി ചിന്തിക്കാനുള്ള അപേക്ഷകളൊന്നും ഫലപ്രദമാകുന്നില്ല. "ഇവിടെ ജില്ലാ കളക്ടർ വരെ ഈ നിയമം പാലിക്കണം," ലത ശഠിക്കുന്നു. "ഇവിടെ, ക്ലിനിക്കുകളിലും ആസ്പത്രികളിലും ജോലി ചെയ്യുന്ന നഴ്സുമാരും [മറ്റു വിദ്യാസമ്പന്നരും ഉദ്യോഗവതികളുമായ സ്ത്രീകളും] ആർത്തവമുള്ളപ്പോൾ പുറത്താണ് കഴിയുന്നത്," അവർ പറഞ്ഞു. "നിങ്ങളുടെ ഭാര്യയാണെങ്കിൽക്കൂടി. ഇത് ഒരു വിശ്വാസത്തിന്‍റെ കാര്യമാണ്," അവർ സെൽവക്കനിയോട് പറഞ്ഞു.

ചിത്രീകരണം: പ്രിയങ്ക ബോറാർ

സ്ത്രീകൾ പൊതുവെ ഇവിടെ അഞ്ചു ദിവസം കഴിയേണ്ടി വരും. എന്നാൽ, ഋതുമതികളായ പെൺകുട്ടികളും, പ്രസവശേഷം അമ്മമാരും ഒരു മാസം വസിക്കണം

"മധുരയിലും തേനിയിലും നിങ്ങൾക്ക് ഇത്തരം മറ്റു "ഗസ്റ്റ് ഹൗസ്സുകൾ" കാണാം. അവർക്കു മറ്റു ചില അമ്പലങ്ങളെ അനുസരിക്കണം, വ്യത്യസ്‌ത കാരണങ്ങളും," സാലൈ സെൽവം പറഞ്ഞു. "ഇതൊരു വിശ്വാസത്തിന്‍റെ കാര്യമായതിനാൽ ഞങ്ങൾ എത്ര പറഞ്ഞിട്ടും ആളുകൾ ചെവിക്കൊള്ളുന്നില്ല. ഇത് മാറ്റണമെങ്കിൽ ഒരു നയപരമായ തീരുമാനമാണ് ഇനി ആവശ്യം. എന്നാൽ, അധികാരത്തിലിരിക്കുന്നവർ ഗസ്റ്റ്ഹൗസ്സിനെ ആധുനികവൽക്കരിക്കാനും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമുള്ള വാഗ്‌ദാനങ്ങളാണ് വോട്ട് തേടി വരുമ്പോൾ തരുന്നത്.

അധികാരത്തിലുള്ളവർ ഇത്തരം ഗസ്റ്റ്ഹൗസ്സുകളെ ഉന്മൂലനം ചെയ്യുവാൻ മുന്നോട്ടു വരണമെന്നാണ് സാലൈ സെൽവം വിചാരിക്കുന്നത്. "ഇതൊരു വിശ്വാസത്തിന്‍റെ ഭാഗമായതിനാൽ അത് ബുദ്ധിമുട്ടാണെന്നാണ് അവർ പറയുന്നത്. എന്നാൽ എത്ര കാലം നമുക്ക് ഇത്തരം തൊട്ടുകൂടായ്മയെ അനുവദിക്കാൻ കഴിയും? സർക്കാർ ഒരു കർശന നിലപാടെടുത്താൽ തീർച്ചയായും ഒരു തിരിച്ചടിയുണ്ടാകും - എന്നാൽ ഇത് അവസാനിക്കുക തന്നെ വേണം. ജനം ഇതിനെ പെട്ടെന്ന് മറക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."

ആർത്തവത്തോടനുബന്ധിച്ചുള്ള വിലക്കുകളും കളിയാക്കലുകളും തമിഴ്നാട്ടിൽ അസാധാരണമല്ല. പട്ടുക്കോട്ടൈ ബ്ലോക്കിൽ ആനയ്ക്കാട് ഗ്രാമത്തിലെ പതിനാല് വയസ്സുകാരി എസ്. വിജയക്ക് ഈ വിലക്ക് കാരണം തന്‍റെ ജീവൻ നഷ്ടപ്പെട്ടു. 2018 നവംബറിൽ തഞ്ചാവൂർ ജില്ലയിൽ ഗജ ചുഴലിക്കാറ്റ് അടിച്ച സമയത്ത് ഋതുമതിയായ ആ പെൺകുട്ടിയെ വീടിനരികിലെ ഒരു ഓലമേഞ്ഞ കൂരയിലാണ് ഒറ്റയ്ക്ക് താമസിപ്പിച്ചിരുന്നത്. (വീടിനുള്ളിൽ ഉണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങൾ രക്ഷപെട്ടു)

"ഈ വിലക്ക് തമിഴ്നാട്ടിൽ മിക്കയിടത്തും ഉണ്ട്, കാഠിന്യത്തിൽ വ്യത്യാസമുണ്ട് എന്ന് മാത്രം," ഡോക്യൂമെൻറ്ററി നിർമ്മാതാവായ ഗീത ഇളങ്കോവൻ പറഞ്ഞു. അവർ 2012-ൽ നിർമ്മിച്ച മാതവിഡൈ (ആർത്തവം) എന്ന പേരുള്ള ഡോക്യൂമെൻറ്ററി ആർത്തവത്തോടനുബന്ധിച്ചുള്ള വിലക്കുകളെക്കുറിച്ചുള്ളതാണ്. ഒറ്റ പ്പെടുത്തലിന്‍റെ വകഭേദങ്ങൾ നഗരപ്രദേശങ്ങളിൽ കുറച്ചു രഹസ്യമയമായിരിക്കും, എന്നാൽ അത് ഇപ്പോഴും പ്രചാരത്തിലുണ്ട്. "ഒരു സർക്കാർ ഉദ്യോഗസ്ഥന്‍റെ എന്നോട് പറഞ്ഞു ആർത്തവമുള്ള മൂന്ന് ദിവസം അവർ തന്‍റെ മകളെ അടുക്കളയിൽ കയറ്റാറില്ല. ആ സമയം അവൾക്കു വിശ്രമിക്കാനുള്ളതാണ്. ശരിയാണ്, നിങ്ങൾക്ക് ഇതിനെ പല വാക്കുകൾകൊണ്ട് വിളിക്കാം, എന്നാൽ ഒടുക്കം അത് വിവേചനം തന്നെയാണ്."

വിവിധ മതങ്ങളിലും സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിലും ആർത്തവത്തോടനുബന്ധിച്ചുള്ള അപമാനിക്കൽ സാധാരണമാണ്, എന്നാൽ വ്യത്യസ്ത രീതികളിലാണെന്ന് ഗീത പറയുന്നു. " അമേരിക്കയിലെ ഒരു നഗരത്തിലേക്ക് താമസംമാറിയ ഒരു സ്ത്രീയോട് എന്‍റെ ഡോക്യൂമെൻറ്ററിക്കു വേണ്ടി ഞാൻ സംസാരിച്ചു. അവരിപ്പോഴും ആർത്തവസമയത്ത് ഒറ്റപ്പെട്ടു കഴിയുന്നത് തുടരുകയാണ്. അത് തന്‍റെ വ്യക്തിപരമായ താൽപര്യമാണെന്നാണ് അവരുടെ വാദം. ഉയർന്ന വർഗ്ഗത്തിലും ഉയർന്ന ജാതിയിലുമുള്ള സ്ത്രീകളുടെ വ്യക്തിപരമായ താൽപര്യങ്ങൾ ശബ്‌ദിക്കാൻ കഴിയാത്ത സ്ത്രീകളുടെ മേൽ സാമൂഹിക സമ്മർദമാകും. വളരെ പുരുഷാധിപത്യമുള്ള ഒരു സാമൂഹിക വ്യവസ്ഥയിൽ അതിനെ എതിർക്കാൻ അവർക്കു ശക്തിയില്ല."

Left: M. Muthu, the chief executive of the temple in Koovalapuram dedicated to a holy man revered in village folklore. Right: T Selvakani (far left) with his friends. They campaign against the 'iscriminatory 'guesthouse' practice but with little success
PHOTO • Kavitha Muralidharan
Left: M. Muthu, the chief executive of the temple in Koovalapuram dedicated to a holy man revered in village folklore. Right: T Selvakani (far left) with his friends. They campaign against the 'iscriminatory 'guesthouse' practice but with little success
PHOTO • Kavitha Muralidharan

ഇടത്: എം. മുത്തു. ഗ്രാമീണ ഐതിഹ്യത്തിലെ സിദ്ധനായി സമർപ്പിച്ച കൂവളപുരത്തെ അമ്പലത്തിന്‍റെ മേലധികാരി. വലത്: ടി. സെൽവക്കനി തന്‍റെ കൂട്ടുകാരോടൊപ്പം. അവർ ഈ വിവേചനപരമായ 'ഗസ്റ്റ് ഹൗസ്സ്' ആചാരത്തെ എതിർത്തു പ്രചാരം നടത്തുന്നു. എല്ലാം നിഷ്ഫലം

"ഈ ശുദ്ധിയുടെ സംസ്ക്കാരം ഉയർന്ന ജാതിക്കാരുടെയാണെന്നതും നമ്മൾ ഓർക്കണം," ഗീത പറഞ്ഞു. എന്നിട്ടും അത് സമൂഹത്തെ മുഴുവനും ബാധിക്കുന്നു. കൂവളപുരത്തെ ജനസമൂഹം മിക്കവാറും ദളിതാണ്. "ഡോക്യൂമെൻറ്ററി ലക്ഷ്യം വച്ചിരുന്നത് പുരുഷന്മാരായ പ്രേക്ഷകരെയാണ്. അവർക്ക് ഈ പ്രശ്നം മനസ്സിലാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നയനിർമ്മാതാക്കൾ മിക്കപ്പോഴും ആണുങ്ങളാണല്ലോ. നമ്മൾ വീടുകളിൽ ഇതിനെക്കുറിച്ച് ചർച്ച തുടങ്ങിയില്ലെങ്കിൽ, സംവാദങ്ങൾ ഉണ്ടായില്ലെങ്കിൽ, ഇതിൽ മാറ്റം വരുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ല."

മാത്രമല്ല, "കൃത്യമായി വെള്ളം ലഭിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാതെ സ്ത്രീകളെ ഒറ്റയ്ക്ക് പാർപ്പിക്കുന്നതു ധാരാളം ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും," ചെന്നൈയിലെ സ്ത്രീരോഗ വിദഗ്ദ്ധയായ ഡോ. ശാരദ ശക്തിരാജൻ പറഞ്ഞു. "കുതിർന്ന പാഡുകൾ ദീർഘനേരം ഉപയോഗിക്കുന്നതും വൃത്തിയുള്ള വെള്ളത്തിന്‍റെ ദൗർലഭ്യവും മൂത്രനാളിയിലോ ജനനേന്ദ്രിയങ്ങളിലോ അണുബാധയുണ്ടാകാം. ഇത്തരം അണുബാധ സ്ത്രീകളുടെ ഭാവിയിലെ പ്രത്യുൽപ്പാദനക്ഷമതയെ നശിപ്പിക്കാം, പിന്നെ വസ്തിപ്രദേശത്ത് കഠിന വേദന പോലുള്ള ദീർഘകാല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കാം. ശുചിത്വമില്ലായ്മയും (പഴയ തുണിയുടെ പുനരുപയോഗം) അത് മൂലമുണ്ടാകുന്ന അണുബാധയും ഗർഭാശയമുഖ ക്യാൻസറിലേക്കു നയിക്കുന്ന മുഖ്യഘടകങ്ങളാണ്," അവർ പറഞ്ഞു.

2018-ൽ ദി ഇൻറ്റർനാഷണൽ ജേർണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് എന്ന പ്രസിദ്ധീകരണത്തിൽ വന്ന ഒരു റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ, സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന അർബുദങ്ങളിൽ രണ്ടാമത്തെതാണ് ഗർഭാശയമുഖ ക്യാൻസർ.

എന്നാൽ കൂവളപുരത്തെ ഭാനുവിന് മുഖ്യമായ മറ്റു കാര്യങ്ങളുണ്ട്. "നിങ്ങൾ എത്ര കിണഞ്ഞു ശ്രമിച്ചാലും, ഈ ആചാരത്തെ മാറ്റാൻ കഴിയുകയില്ല," അവൾ എന്നെ മാറ്റി നിറുത്തി പറഞ്ഞു. "ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും നിങ്ങൾക്ക് ചെയ്യാൻ കഴിയുമെങ്കിൽ, അത് മുട്ടത്തുറയിൽ ശൗചാലയങ്ങൾ നേടിത്തരുക എന്നതാണ്. ഞങ്ങളുടെ ജീവിതം അത്രയും സുഗമമാകും."

കവർ ചിത്രീകരണം: പ്രിയങ്ക ബോറാർ സാങ്കേതികവിദ്യയിലൂടെ അർത്ഥങ്ങൾക്കും ഭാവങ്ങൾക്കും പുതിയ ആവിഷ്കാരങ്ങൾ കണ്ടുപിടിക്കുന്നതിൽ മുഴുകിയിരിക്കുന്ന ഒരു നവമാധ്യമ കലാകാരിയാണ്. അവർ വിനോദത്തിനും വിജ്ഞാനത്തിനുമുള്ള അനുഭവങ്ങൾ രചിക്കുന്നു, പാരസ്പര്യ മാധ്യമങ്ങൾ ഉപയോഗിച്ച് ജാലവിദ്യ കാണിക്കുന്നു. പരമ്പരാഗത മാധ്യമങ്ങളായ പേനയും പേപ്പറും അനായാസേന പ്രയോഗിക്കുന്നു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരപ്രായത്തിലുള്ള പെൺകുട്ടികളെയും യുവതികളെയും അനുബന്ധിച്ചു പരിയും കൗണ്ടർമീഡിയ ട്രസ്റ്റും ഒരുമിച്ചു ചെയ്യുന്ന ദേശവ്യാപകമായ പത്രപ്രവർത്തന പദ്ധതി പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയുള്ള ഒരു സംരംഭമാണ്. സാധാരണക്കാരുടെ മൊഴികളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും ഈ നിർണ്ണായകമായ, എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ട, വിഭാഗത്തിന്‍റെ സ്ഥിതി നിരീക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണോ? ദയവായി [email protected], ഒരു കോപ്പി [email protected], എന്ന അഡ്രസിലേക്കു മെയിൽ അയക്കുക.

പരിഭാഷ: ജ്യോത്സ്ന വി

Kavitha Muralidharan

کویتا مرلی دھرن چنئی میں مقیم ایک آزادی صحافی اور ترجمہ نگار ہیں۔ وہ پہلے ’انڈیا ٹوڈے‘ (تمل) کی ایڈیٹر تھیں اور اس سے پہلے ’دی ہندو‘ (تمل) کے رپورٹنگ سیکشن کی قیادت کرتی تھیں۔ وہ پاری کے لیے بطور رضاکار (والنٹیئر) کام کرتی ہیں۔

کے ذریعہ دیگر اسٹوریز کویتا مرلی دھرن
Illustration : Priyanka Borar

پرینکا بورار نئے میڈیا کی ایک آرٹسٹ ہیں جو معنی اور اظہار کی نئی شکلوں کو تلاش کرنے کے لیے تکنیک کا تجربہ کر رہی ہیں۔ وہ سیکھنے اور کھیلنے کے لیے تجربات کو ڈیزائن کرتی ہیں، باہم مربوط میڈیا کے ساتھ ہاتھ آزماتی ہیں، اور روایتی قلم اور کاغذ کے ساتھ بھی آسانی محسوس کرتی ہیں۔

کے ذریعہ دیگر اسٹوریز Priyanka Borar
Series Editor : Sharmila Joshi

شرمیلا جوشی پیپلز آرکائیو آف رورل انڈیا کی سابق ایڈیٹوریل چیف ہیں، ساتھ ہی وہ ایک قلم کار، محقق اور عارضی ٹیچر بھی ہیں۔

کے ذریعہ دیگر اسٹوریز شرمیلا جوشی
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

کے ذریعہ دیگر اسٹوریز جیوتسنا وی۔