കാൽക്കീഴിൽ പച്ചപ്പുല്ലുകൾ, മുകളിൽ നീലാകാശം, ചുറ്റിലും മരങ്ങൾ, സമീപത്തുള്ള കാട്ടിലൂടെ ശാന്തമാഴൊകുന്ന ഒരു അരുവി – മഹാരാഷ്ട്രയിലെ ഏതൊരു ഗ്രാമത്തിലേതുമാകാം ഈ രംഗം.
പക്ഷേ ഒരു നിമിഷം, ഗീതയ്ക്ക് മറ്റെന്തോകൂടി പറയാനുണ്ട്. അരുവിയിലേക്ക് ചൂണ്ടിക്കൊണ്ട് അവൾ പറയുന്നു. “ഞങ്ങൾ സ്ത്രീകൾ ഇടതുഭാഗത്തേക്കും പുരുഷന്മാർ വലതുഭാഗത്തേക്കും പോവുന്നു”. ഈ വിധത്തിലാണ് അവളുടെ കോളനിയിലെ താമസക്കാർ പ്രഭാതകൃത്യം തീർക്കാൻ പോവുന്നത്”.
“ഞെരിയാണി ഉയരത്തിൽ വെള്ളത്തിൽ ഇരിക്കണം. മഴയാണെങ്കിൽ കുടയും പിടിച്ച്. ഇനി ആർത്തവകാലംകൂടിയാണെങ്കിൽ പിന്നെ ഞാനെന്ത് പറയാനാണ്?
പൂനെ ജില്ലയിലെ ശിരൂർ താലൂക്കിലെ കുരുളി ഗ്രാമത്തിന്റെ പുറത്തുള്ള അവളുടെ കോളനിയിൽ 50-ഓളം വീടുകളുണ്ട്. ഭിൽ, പർധി സമുദായങ്ങളാണ് താമസക്കാർ. സംസ്ഥാനത്തിലെ ഏറ്റവും ദരിദ്രരും പാർശ്വവത്കൃതരുമായ ഇവർ മഹാരാഷ്ട്രയിൽ പട്ടികഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്.
വെളിമ്പ്രദേശത്ത് വിസർജ്ജനം ചെയ്യേണ്ടിവരുന്ന തന്റെ ദുരിതാനുഭവത്തെക്കുറിച്ച് ഭിൽ സമുദായക്കാരിയായ ഗീത തുറന്നുപറയുന്നു. “പുല്ലിലിരുന്നാൽ കാലുവേദനിക്കും. കൊതുകുകടിയും കൊള്ളണം. പിന്നെ, പാമ്പുകടി ഏൽക്കുമോ എന്ന പേടിയും എപ്പോഴുമുണ്ട്”.
ഓരോ ചുവടിലും നിരവധി വെല്ലുവിളികളാണ് കോളനിയിലെ താമസക്കാർ നേരിടുന്നത്. പ്രത്യേകിച്ചും പെണ്ണുങ്ങൾ. കാട്ടിലേക്ക് പോവുന്ന വഴിക്ക് ആക്രമിക്കപ്പെടാനുള്ള സാധ്യതയും അവർ നേരിടുന്നു.
“രാവിലെ നാലുമണിക്ക് ഞങ്ങൾ സംഘമായിട്ടാണ് പോവാറുള്ളത്. എന്നാലും, ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങളെന്ത് ചെയ്യും”, ഭിൽ സമുദായക്കാരിയായ 22 വയസ്സുള്ള സ്വാതി ചോദിക്കുന്നു.
ഗ്രാമത്തിൽനിന്ന് 2 കിലോമീറ്റർ അകലെയുള്ള കോളനി, കുരുളി ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് വരുന്നത്. പ്രാദേശികാധികാരികൾക്ക് നിരവധി അപേക്ഷ കൊടുത്തിട്ടും, കോളനിയിൽ ഇപ്പോഴും വൈദ്യുതിയോ, ശുദ്ധജലമോ, ശൌചാലയമോ ഇല്ല. “അവർ (പഞ്ചായത്തധികൃതർ) ഒരിക്കലും ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാറില്ല”, അറുപതിന്റെ അവസാനത്തിലെത്തിയ വിതഭായ് പറയുന്നു.
സംസ്ഥാനത്ത്, ശൌചാലയസംവിധാനം ലഭ്യമല്ലാത്ത 39 ശതമാനം പട്ടികഗോത്രവിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്, കോളനിയിലെ ഈ മനുഷ്യർ. 2019-21-ലെ ദേശീയ കുടുംബാരോഗ്യസർവേപ്രകാരം ( എൻ.എഫ്.എച്ച്.എസ്-5 ), മഹാരാഷ്ട്രയിലെ 23 ശതമാനം വീടുകളിൽ “ശൌചാലയസൌകര്യങ്ങളില്ല. അവർ തുറസ്സുകളും പാടങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്”.
എന്നാൽ, “100 ശതമാനം ഗ്രാമീണ ശുചിത്വമെന്ന, അസാധ്യമെന്ന് തോന്നിച്ച ലക്ഷ്യം (ഗ്രാമീണ) സ്വച്ഛ് ഭാരത് മിഷൻ കൈവരിക്കുകയും, 2014-19-ലെ ഒന്നാം ഘട്ടത്തിലൂടെ, സമയബന്ധിതമായി ഇന്ത്യയെ വെളിയിടവിസർജ്ജനമുക്തമാക്കുകയും ചെയ്തു’ എന്നായിരുന്നു എസ്.ബി.എം,.(ജി) നാടകീയമായി പ്രസ്താവിച്ചത് !
കുരുളിയുടെ പുറമ്പോക്കിലെ കോളനിയിലാണ് വിതഭായ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. അവിടെയുള്ള ഒരു വൃക്ഷം ഞങ്ങൾക്ക് കാണിച്ചുതന്ന് അവർ പറയുന്നു: “ഞാൻ നട്ടുപിടിപ്പിച്ചതാണ് അത്. ഇനി നിങ്ങൾ എന്റെ വയസ്സ് കണക്കാക്കിനോക്കൂ. കക്കൂസ് പോകാൻ എത്രകാലമായി ഞാൻ അവിടേക്ക് പോവുന്നുവെന്നും കൂട്ടിനോക്കൂ”
പരിഭാഷ: രാജീവ് ചേലനാട്ട്