കാട്ടിലെ രാജാവിനെ കാത്തിരുത്തിക്കാൻ നിങ്ങൾക്ക് പറ്റില്ല
സിംഹങ്ങൾ വരുന്നു. അങ്ങ് ഗുജറാത്തിൽനിന്ന്. അവയുടെ പ്രവേശനം സുഗമമാക്കാൻ എല്ലാവരും മാറിയേ മതിയാവൂ.
അത് നല്ലൊരു കാര്യമായി തോന്നി. ഇതെങ്ങിനെ നടപ്പാവുമെന്നതിനെക്കുറിച്ച് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഗ്രാമങ്ങൾക്ക് ഉറപ്പില്ലായിരുന്നുവെങ്കിലും.
“വലിയ മൃഗങ്ങൾ വന്നാൽ, ഈ പ്രദേശം പ്രസിദ്ധമാവും. ഞങ്ങൾക്കെല്ലാം ഗൈഡുമാരായി ജോലി കിട്ടും. ഈ ഭാഗത്ത് കടകളും ഭക്ഷണശാലകളും നടത്താൻ കഴിയും. ഞങ്ങളുടെ കുടുംബങ്ങൾ രക്ഷപ്പെട്ടുപോവും”, കുനോ ദേശീയോദ്യാനത്തിന് പുറത്തുള്ള അഗാര ഗ്രാമത്തിലെ 70 വയസ്സായ രഘുലാൽ ജാദവാണ് ഞങ്ങളോടിത് പറയുന്നത്.
“ജലസേചനമുള്ള ഭൂമിയും, നല്ല റോഡുകളും, വൈദ്യുതിയും, മറ്റ് സൌകര്യങ്ങളുമൊക്കെ ഗ്രാമത്തിന് കിട്ടും”, രഘുലാൽ പറയുന്നു.
“അതാണ് സർക്കാർ ഞങ്ങൾക്ക് തന്ന ഉറപ്പ്”, അയാൾ തുടരുന്നു.
അങ്ങിനെ പൈരയിലെ ആളുകളും 24 ഗ്രാമങ്ങളിലായി 1,600-ഓളം കുടുംബങ്ങളും കുനോ ദേശീയോദ്യാനത്തിലെ തങ്ങളുടെ വീടുകൾ ഒഴിഞ്ഞുകൊടുത്തു. പ്രധാനമായും സഹാരിയ ആദിവാസികളും ദളിതുകളും മറ്റ് പിന്നാക്കജാതികളുമായിരുന്നു ആ മനുഷ്യർ. ധൃതിപിടിച്ചുള്ള ഇറങ്ങിപ്പോക്കായിരുന്നു അവരുടേത്.
ട്രാക്ടറുകൾ കൊണ്ടുവന്ന്, തലമുറകളായിട്ടുള്ള സമ്പാദ്യം മുഴുവൻ അതിലിട്ട് ആ വനവാസികൾ ധൃതിയിൽ വീടുകൾ വിട്ട് ഇറങ്ങിപ്പോയി. തലമുറകളായി പണിയെടുത്തിരുന്ന വയലുകളും, പ്രാഥമിക വിദ്യാലയങ്ങളും കിണറുകളും കൈകൊണ്ട് പ്രവർത്തിക്കുന്ന കുടിവെള്ളപമ്പുകളും എല്ലാം ഉപേക്ഷിച്ചു. മേയാൻ ആവശ്യത്തിനുള്ള കാടുകളില്ലാതെ കന്നുകാലികളെ കൊണ്ടുപോകുന്നത് ഭാരമായിത്തീരുമെന്ന് കരുതി അവയെപ്പോലും ഉപേക്ഷിച്ചു.
ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം, അവരിപ്പോഴും സിംഹങ്ങൾക്കുവേണ്ടി കാത്തിരിക്കുകയാണ്.
“സർക്കാർ ഞങ്ങളോട് നുണ പറഞ്ഞു”, മകന്റെ വീട്ടുമുറ്റത്തെ ചൂരൽക്കിടക്കയിലിരുന്നുകൊണ്ട് രഘുലാൽ പറയുന്നു. ദേഷ്യം പോലും വറ്റിയിരിക്കുന്നു അയാൾക്ക്. നൽകിയ വാഗ്ദാനം സർക്കാർ പാലിക്കുന്നതും നോക്കിയിരുന്ന് അയാൾ ക്ഷീണിതനായിരിക്കുന്നു. ദളിതനായ രഘുലാലിനെപ്പോലെത്തന്നെ, സമൂഹത്തിന്റെ പുറമ്പോക്കിലുള്ള ദരിദ്രരായ ആയിരക്കണക്കിന് മനുഷ്യർക്ക് അവരുടെ ഭൂമിയും വീടുകളും ഉപജീവനമാർഗ്ഗങ്ങളും നഷ്ടമായിരിക്കുന്നു.
പക്ഷേ രഘുലാലിന്റെ നഷ്ടംകൊണ്ട് കുനോ ദേശീയോദ്യാനം ഒന്നും നേടിയതുമില്ല. ആർക്കും സിംഹഭാഗം കിട്ടിയില്ല. സിംഹങ്ങൾക്കുപോലും. അവ വന്നതുപോലുമില്ല.
*****
ഒരുകാലത്ത്, ഇന്ത്യയുടെ മധ്യ, വടക്കൻ, പശ്ചിമഭാഗങ്ങളിൽ സിംഹങ്ങൾ വിഹരിച്ചിരുന്നു. എന്നാലിന്ന്, ഏഷ്യാറ്റിക്ക് സിംഹങ്ങളെ (പാന്തെറ ലിയോലിയോ) ഗിർ വനത്തിൽ മാത്രമേ കാണാൻ കഴിയൂ. പിന്നെ, അതിനോട് ചേർന്ന സൌരാഷ്ട്ര പെനിൻസുലയിൽപ്പെട്ട 3000 ചതുരശ്ര കിലോമീറ്ററുകളിലെ ഭൂഭാഗങ്ങളിലും. അതിന്റെ ആറുശതമാനത്തിലും താഴെ വരുന്ന ഭാഗം മാത്രമാണ് – 1,883 ചതുരശ്രകിലോമീറ്റർ - അവയുടെ ഇന്ന് ബാക്കിയിരിപ്പുള്ള സംരക്ഷിതവനം. വന്യജീവി, സസ്യശാസ്ത്രജ്ഞർക്കും വനസംരക്ഷണ പ്രവർത്തകർക്കും നെഞ്ചിടിപ്പുണ്ടാക്കിയേക്കും ഈ അറിവ്.
സൌരാഷ്ട്ര പെനിൻസുലയിൽ കണ്ടെത്തിയിട്ടുള്ളത് 674 ഏഷ്യാറ്റിക്ക് സിംഹങ്ങളെയാണ്. ലോകത്തെ പ്രമുഖ വനസംരക്ഷണ സംഘടനയായ ഐ.യു.സി.എൻ. അവയെ വംശനാശത്തിന്റെ വക്കിലുള്ള ജീവികളായി കണക്കാക്കിയിട്ടുമുണ്ട്. പതിറ്റാണ്ടുകളായി ഇവിടെ പ്രവർത്തിക്കുന്ന വന്യജീവി ഗവേഷകനായ ഡോ. ഫയാസ് എ. ഖുദ്‌സർ നൽകുന്ന സന്ദേശം വളരെ കൃത്യവും ഭീഷണവുമായ ഒന്നാണ്. “എണ്ണത്തിൽ തീരെ ചെറുതായ ഒരു ജീവിവർഗ്ഗം ഒരൊറ്റ പ്രദേശത്തുമാത്രമായി ഒതുക്കപ്പെട്ടാൽ, അവ വിവിധ രീതിയിലുള്ള വംശനാശഭീഷണി നേരിടുമെന്ന് സസ്യ, വനജീവി സംരക്ഷകർ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്”, അദ്ദേഹം പറയുന്നു.
സിംഹങ്ങൾ നേരിടുന്ന ബഹുമുഖമായ ഭീഷണിയെക്കുറിച്ചാണ് ഡോ. ഖുദ്‌സർ സൂചിപ്പിക്കുന്നത്. ഇതിൽ, അവയെ ബാധിക്കുന്ന അണുബാധ, കാട്ടുതീ, കാലാവസ്ഥാ വ്യതിയാനം, പ്രാദേശികമായ പ്രതിരോധങ്ങൾ തുടങ്ങി പലതും ഉൾപ്പെടാം. അത്തരം അപകടങ്ങൾ ഈ ജീവിവർഗ്ഗങ്ങളെ വളരെ പെട്ടെന്നുതന്നെ ഇല്ലാതാക്കിക്കളയും. ഔദ്യോഗിക ചിഹ്നങ്ങളിലും മുദ്രകളിലും സിംഹങ്ങൾ പ്രത്യക്ഷപ്പെടുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ദുസ്വപ്നസമാനമായ ഒരവസ്ഥയാണ്.
കുനോ അല്ലാതെ, സിംഹങ്ങൾക്ക് പറ്റിയ മറ്റൊരു ബദലിടം ഇല്ലെന്ന് ഖുദ്സർ പറയുന്നു. “സിംഹങ്ങളുടെ ജനിതകമായ മനോബലം പ്രോത്സാഹിപ്പിക്കാൻ അവയുടെ ചരിത്രപരമായ ഭൂഭാഗങ്ങളിൽ മുഴുവൻ പുതിയ സിംഹങ്ങളെ പുനരവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്”, അദ്ദേഹം പറയുന്നു.
ആശയം കുറേ പഴയതാണെങ്കിലും 1993-95-കളിലാണ് മാറ്റിപ്പാർപ്പിക്കൽ രൂപരേഖ തയ്യാറായത്. അതിൻപ്രകാരം, ചില സിംഹങ്ങളെ ഗിർ വനത്തിൽനിന്ന് 1,000 കിലോമീറ്റർ അകലെയുള്ള കുനോയിലേക്ക് മാറ്റിപ്പാർപ്പിക്കും. അതിനുതകുന്ന ഒമ്പത് സ്ഥലങ്ങളിൽവെച്ച് ഏറ്റവും അനുയോജ്യമായത് കുനോവാണെന്ന് കണ്ടെത്തിയെന്ന് വൈൽഡ് ലൈഫ് ഇൻസ്റ്റിട്യൂറ്റ് ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.ഐ.ഐ.) ഡീനായ ഡോ. യാദവേന്ദ്ര ഝാല പറയുന്നു
പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ (എം.ഒ.ഇ.എഫ്.സി.സി) സാങ്കേതികവിഭാഗമാണ് ഡബ്ല്യു.ഐ.ഐ. ബാന്ധവ്ഗറിലെ സരിസ്ക, പന്ന, ഗൌർ എന്നിവിടങ്ങളിലേക്കും, സത്പുരയിലെ ബാരസിംഘയിലേക്കും കടുവകളെ പുന:പ്രവേശിപ്പിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് അവരായിരുന്നു.
“കുനോയുടെ മൊത്തം വലിപ്പവും (തുടർച്ചയുള്ള 6,800 ചതുരശ്രകിലോമീറ്റർ), താരതമ്യേന മനുഷ്യവാസമില്ലായ്മയും, ഇടയിലൂടെ ദേശീയപാതകൾ ഇല്ലാത്തതും എല്ലാം, അതിനെ ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി എന്ന് പരിസ്ഥിതി സംരക്ഷക ശാസ്ത്രജ്ഞനായ ഡോ. രവി ചെല്ലം പറയുന്നു. നാല് പതിറ്റാണ്ടായി ഈ വലിയ മൃഗങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളാണ് അദ്ദേഹം.
മറ്റ് അനുകൂല ഘടകങ്ങൾ: “വൈവിദ്ധ്യമുള്ളതും ഗുണമേന്മയുള്ളതുമായ പരിസരങ്ങൾ - പുൽമേടുകൾ, മുളങ്കൂട്ടങ്ങൾ, നനവാർന്ന പ്രദേശങ്ങൾ എന്നിവയാണ്. മാത്രമല്ല, കാലാകാലമായി ചംബലിലേക്ക് ഒഴുകുന്ന വലിയ നദീകൈവഴികളും ജീവിവർഗ്ഗങ്ങളുടെ വൈവിദ്ധ്യവും. കുനോ ദേശീയോദ്യാനം സിംഹങ്ങൾക്ക് അനുയോജ്യമായ വന്യജീവിസങ്കേതമായതിന് ഈ ഘടകങ്ങളെല്ലാം സഹായിച്ചിട്ടുണ്ട്”, അദ്ദേഹം പറയുന്നു.
പക്ഷേ ഇതിനാദ്യം വേണ്ടത്, ആയിരക്കണക്കിനാളുകളെ കുനോ വന്യജീവിസങ്കേതത്തിൽനിന്ന് മാറ്റുകയാണ്. ഇത്രകാലം ഈ കാടുകളെ ആശ്രയിച്ചിരുന്ന ആളുകളെ ഒഴിപ്പിച്ച് ദൂരത്തേക്ക് മാറ്റിപ്പാർപ്പിച്ചത് ഏതാനും ചില വർഷങ്ങൾക്കുള്ളിലായിരുന്നു.
ഇരുപത്തിമൂന്ന് വർഷം കഴിഞ്ഞിട്ടും പക്ഷേ, സിംഹങ്ങൾ എത്തിയില്ല.
*****
താമസസ്ഥലം ഒഴിഞ്ഞുപോകേണ്ടിവരുമെന്ന വാർത്ത കുനോവിലെ 24 ഗ്രാമങ്ങളിലെ ആളുകൾ ആദ്യം കേട്ടത് 1998-ലായിരുന്നു. ഈ വന്യജീവിസങ്കേതത്തെ, തീരെ ആൾപ്പാർപ്പില്ലാത്ത ഒരു ദേശീയോദ്യാനമാക്കാനുള്ള പദ്ധതി നടക്കുന്നുണ്ടെന്ന് ഫോറസ്റ്റ് റേഞ്ചർമാരിൽനിന്നാണ് അവർ ആദ്യം മനസ്സിലാക്കിയത്.
“ഞങ്ങൾ പണ്ടും സിംഹങ്ങളുടെ കൂടെയായിരുന്നു സഹവസിച്ചിരുന്നത്. കടുവകളും മറ്റ് മൃഗങ്ങളുമൊക്കെ ഉണ്ടായിരുന്നുതാനും. പിന്നെ ഇപ്പോൾ എന്തിനാണ് ഞങ്ങൾ മാറുന്നത്?”, മംഗു ആദിവാസി ചോദിക്കുന്നു. 40 വയസ്സുള്ള ഒരു സഹാരിയ ആദിവാസിക്കാരനായിരുന്നു അദ്ദേഹം. വീടൊഴിയേണ്ടിവന്നവരിൽ ഒരാൾ.
ഗ്രാമീണരെ പറഞ്ഞുബോദ്ധ്യപ്പെടുത്താനൊന്നും ശ്രമിക്കാതെ, 1999-ന്റെ ആദ്യകാലത്ത് വനംവകുപ്പ് കുനോ അതിർത്തിയുടെ പുറത്തുള്ള സ്ഥലം വെട്ടിവെളുപ്പിക്കാൻ തുടങ്ങി. മരങ്ങൾ മുറിക്കുകയും ജെ.സി.ബി. ഉപയോഗിച്ച് ഭൂമി നിരപ്പാക്കുകയും ചെയ്യാൻ തുടങ്ങി.
“മാറ്റിത്താമസിപ്പിക്കൽ സ്വമനസ്സാലെയായിരുന്നു. ഞാൻ വ്യക്തിപരമായി അതിന് മേൽനോട്ടം നൽകി”, ജെ.എസ്. ചൌഹാൻ പറയുന്നു. 1999-ൽ അയാൾ കുനോവിലെ ജില്ലാ ഫോറസ്റ്റ് ഓഫീസറായിരുന്നു. ഇപ്പോൾ മധ്യപ്രദേശിന്റെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും വൈൽഡ് ലൈഫ് വാർഡനുമാണ് ചൌഹാൻ.
കുടിഴൊഴിപ്പിക്കലിന്റെ കയ്പ്പ് മാറ്റാൻ, ഓരോ കുടുബയൂണിറ്റിനും രണ്ട് ഹെക്ടർ ഉഴുത, ജലസേചനമുള്ള ഭൂമി കിട്ടുമെന്ന് ഉറപ്പ് കൊടുത്തു. 18 വയസ്സ് കഴിഞ്ഞ ആൺകുട്ടികൾക്കും ഇതിന് അർഹതയുണ്ടാകുമെന്ന് പറഞ്ഞു. പുതിയ വീട് പണിയാൻ ഓരോരുത്തർക്കും 38,000 രൂപയും, സാധനങ്ങൾ മാറ്റാൻ 2,000 രൂപയും വാഗ്ദാനം നൽകി. എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഗ്രാമത്തിലുണ്ടാവുമെന്ന് ഉറപ്പും കൊടുത്തു.
പിന്നീട് പാൽപുർ പൊലീസ് സ്റ്റേഷൻ നിർത്തലാക്കി. “അത് അപകടസാധ്യത ഉയർത്തി, കാരണം, ആ പ്രദേശത്തുള്ള കവർച്ചക്കാർക്ക് അത് സൌകര്യപ്രദമാകുമെന്നതിനാൽ”, 43 വയസ്സുള്ള സയിദ് മിരാജുദ്ദീൻ പറഞ്ഞു. ആ പ്രദേശത്ത് അക്കാലത്ത് പ്രവർത്തിച്ചിരുന്ന ഒരു യുവ സാമൂഹികപ്രവർത്തകനായിരുന്നു അദ്ദേഹം.
ഈ
ഗ്രാമങ്ങളിലുള്ളവരോട് ഇതിനെക്കുറിച്ച് ചോദിക്കുകയോ ഇവർക്ക് എന്തെങ്കിലും
നഷ്ടപരിഹാരം നൽകുകയോ ഒന്നുമുണ്ടായില്ല. ഇപ്പോൾ നിരപ്പാക്കിയ വനങ്ങളിലേക്ക്
പ്രവേശനം നിരോധിച്ചതുകൊണ്ടുണ്ടായ നഷ്ടത്തിനും പരിഹാരം കിട്ടിയില്ല അവർക്ക്
അങ്ങിനെ 1999-ലെ വേനൽക്കാലമെത്തി. അടുത്ത കൃഷിയിറക്കാൻ തയ്യാറായപ്പോഴാണ് കുനോവിലെ ജനങ്ങൾക്ക് കുടിയിറങ്ങേണ്ടിവന്നത്. അവർ അഗാരയിലും ചുറ്റുവട്ടത്തുമായി എത്തി, പോളിത്തീൻ ഷീറ്റുകൾകൊണ്ടുള്ള വീടുകൾ കെട്ടി. അടുത്ത 2-3 വർഷം അവർ ഇതിലായിരിക്കും ജീവിക്കുക.
“പുതിയ താമസക്കാരെ റെവന്യൂ വകുപ്പ് ആദ്യം അംഗീകരിച്ചില്ല. അതിനാൽ രേഖകളും നൽകിയില്ല. ആരോഗ്യ, വിദ്യാഭ്യാസ, ജലസേചന വകുപ്പുകൾ പ്രവർത്തനം തുടങ്ങാൻ 7-8 വർഷമെടുത്തു”, മിരാജുദ്ദീൻ പറയുന്നു. ആദർശില ശിക്ഷാ സമിതിയുടെ സെക്രട്ടറിയായി പിന്നീടയാൾ. സ്ഥാനഭ്രംശം വന്ന് അഗാര ഗ്രാമത്തിലേക്കെത്തിയ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുകയും അവർക്കുവേണ്ടി സ്കൂൾ നടത്തുകയും ചെയ്യുന്ന സന്നദ്ധസംഘടനയാണ് അത്.
“ഗ്രാമങ്ങളെ പുനരധിവസിപ്പിക്കുക എന്നത് വനംവകുപ്പിന്റെ ജോലിയല്ല. സർക്കാരിന്റെ ചുമതലയാണത്. എന്നാലേ കുടിയിറങ്ങേണ്ടിവന്നവർക്ക് മുഴുവൻ നഷ്ടപരിഹാരവും കിട്ടൂ”, ഇരുപത്തിമൂന്ന് വർഷങ്ങൾക്കുശേഷം ചൌഹാൻ സമ്മതിക്കുന്നു. “എല്ലാ വകുപ്പുകളും ആളുകളിലേക്ക് ചെല്ലണം. അത് നമ്മുടെ ഉത്തരവാദിത്തമാണ്”, നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങളെക്കുറിച്ച് ചോദിച്ചതിന് മറുപടി പറയുകയയായിരുന്നു അദ്ദേഹം.
കുടിയിറങ്ങേണ്ടിവന്ന 24 ഗ്രാമങ്ങളിൽനിന്നുള്ള ആയിരക്കണക്കിനാളുകൾ (അഠായീസ്, അഥവാ, 28 എന്നാണ് നാട്ടുകാർ അവരെ വിളിക്കുന്നത്) ഷിയോപുർ ജില്ലയിലെ വിജയ്പുർ തെഹ്സിലിലുള്ള ഉമ്രി, അഗാര, അറോഡ്, ചെന്തികേഡ, ഡിയോരി എന്നീ ഗ്രാമങ്ങളിലേക്ക് എത്തിച്ചേർന്നു. ഈ ഗ്രാമങ്ങളിലുള്ളവരോട് ഇതിനെക്കുറിച്ച് ചോദിക്കുകയോ ഇവർക്ക് എന്തെങ്കിലും നഷ്ടപരിഹാരം നൽകുകയോ ഒന്നുമുണ്ടായില്ല. ഇപ്പോൾ നിരപ്പാക്കിയ വനങ്ങളിലേക്ക് പ്രവേശനം നിരോധിച്ചതുകൊണ്ടുണ്ടായ നഷ്ടത്തിനും പരിഹാരം കിട്ടിയില്ല അവർക്ക്.
രാം ദയാൽ ജാദവും കുടുംബവും 1999 ജൂണിന് അഗാരയുടെ പുറത്തുള്ള പൈര ജാദവ് ഊരിലേക്ക് താമസം മാറ്റി. കുനോ പാർക്കിലെ ശരിക്കുള്ള പഴയ പൈരയിൽനിന്ന് വന്ന ആ 50 വയസ്സുകാരൻ ഇപ്പോഴും ആ തീരുമാനത്തെക്കുറിച്ച് പശ്ചാത്തപിക്കുന്നു. “ആ പുനരധിവാസം ഞങ്ങൾക്ക് ഗുണം ചെയ്തില്ല. ധാരാളം പ്രശ്നങ്ങൾ നേരിട്ടു. ഇപ്പോഴും നേരിടുന്നു. ഇപ്പോഴും ഞങ്ങളുടെ കിണറുകളിൽ വെള്ളമോ, പാടങ്ങൾക്ക് വേലിയോ ഇല്ല. അടിയന്തിര ചികിത്സാവശ്യങ്ങൾ വന്നാൽ ചിലവ് താങ്ങാൻ ബുദ്ധിമുട്ടാണ്. തൊഴിൽ കിട്ടാനും എളുപ്പമല്ല. ഇതിനുപുറമേ, മറ്റ് ധാരാളം പ്രശ്നങ്ങളുമുണ്ട്” അയാൾ പറയുന്നു. “അവർ മൃഗങ്ങൾക്ക് മാത്രമാണ് പ്രയോജനം നൽകിയത്, ഞങ്ങൾക്കൊന്നും കിട്ടിയില്ല”, രാം ദയാലിന്റെ ശബ്ദം നേർത്തുവന്നു.
ഏറ്റവും വലിയ പ്രഹരം സ്വത്വത്തിനുണ്ടായ നഷ്ടമാണെന്ന് രഘുലാൽ ജാദവ് പറയുന്നു. “23 വർഷമാവുന്നു ഇപ്പോൾ. വാഗ്ദാനം നൽകിയതൊന്നും തന്നില്ലെന്ന് മാത്രമല്ല, ഞങ്ങൾക്കുണ്ടായിരുന്ന സ്വതന്ത്രമായ ഗ്രാമസഭകൾപോലും ഇവിടെയുള്ളതുമായി ലയിപ്പിക്കുകയാണ് ചെയ്തത്”.
തന്റെ സ്വന്തം ഗ്രാമമായ പൈര അടക്കം 24 ഗ്രാമങ്ങളെ പട്ടികയിൽനിന്ന് പുറത്താക്കിയതിനെതിരേ പൊരുതുകയാണ് രഘുലാൽ. 2008-ൽ പുതിയ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ചപ്പോൾ റെവന്യൂ ഗ്രാമം എന്ന പദവി പൈരയ്ക്ക് നഷ്ടമായെന്ന് അദ്ദേഹം പറയുന്നു. അതിലുണ്ടായിരുന്ന ആളുകളെ പുതിയ പഞ്ചായത്തിലെ നാല് ഊരുകളിൽ ചേർക്കുകയായിരുന്നു. “അങ്ങിനെയാണ് ഞങ്ങൾക്ക് ഞങ്ങളുടെ പഞ്ചായത്തുപോലും നഷ്ടപ്പെട്ടത്”, രഘുലാൽ പറയുന്നു.
ഈ വേദന പരിഹരിക്കാൻ താൻ ശ്രമം നടത്തിയിട്ടുണ്ടെന്ന് പി.സി.സി.എഫ് ചൌഹാൻ പറയുന്നു. “അവർക്ക് അവരുടെ പഞ്ചായത്ത് തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ സർക്കാരിലെ നിരവധിയാളുകളെ സമീപിച്ചിരുന്നു. ഞാനവരോട് (സംസ്ഥാന സർക്കാരിന്റെ വകുപ്പുകളോട്) പറഞ്ഞു, ‘നിങ്ങളിത് ചെയ്യാൻ പാടില്ലായിരുന്നു’ എന്ന്. ഈ വർഷവും ഞാനത് സൂചിപ്പിച്ചു“.
സ്വന്തം പഞ്ചായത്തുകളില്ലാതായതോടെ, കുടിയിറങ്ങിയവർക്ക് ഇനി അവരുടെ ശബ്ദം കേൾപ്പിക്കാൻ സങ്കീർണ്ണമായ നിയമ, രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തേണ്ടിവരും.
*****
കുടിയിറക്കിയതിനുശേഷം “വനം അടച്ചു. പണ്ട് ഞങ്ങൾ പുല്ലരിഞ്ഞ് കാലിത്തീറ്റയായി വിറ്റിരുന്നു. ഇപ്പോൾ ഒരു പശുവിന് കൊടുക്കാനുള്ള പുല്ലുപോലും കിട്ടുന്നില്ല” എന്ന് മംഗു ആദിവാസി പറയുന്നു. മേച്ചിൽപ്പുറങ്ങളുടേയും വിറകിന്റേയും മരങ്ങളൊഴിച്ചുള്ള മറ്റ് വനവിഭവങ്ങളുടേയും നഷ്ടം ഇതിനൊക്കെ പുറമേയാണ്.
സാമൂഹ്യശാസ്ത്രജ്ഞയായ പ്രൊഫസ്സർ അസ്മിത കബ്ര ഇതിലെ വൈരുദ്ധം ചൂണ്ടിക്കാട്ടുന്നു. “സിംഹങ്ങൾ വരുന്നതോടെ, കന്നുകാലികൾ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടതുകൊണ്ടാണ് വനംവകുപ്പ് ആളുകളോട് വീടുകളൊഴിയാൻ ആവശ്യപ്പെട്ടത്. പക്ഷേ ഇപ്പോൾ, പുറത്ത് മേയാൻ സ്ഥലമില്ലാത്തതുകൊണ്ട് കന്നുകാലികളെ അവിടെത്തന്നെ ഉപേക്ഷിച്ച് പോരേണ്ടിവന്നു“.
കൃഷിക്കുവേണ്ടി ഭൂമി വെട്ടിവെളിപ്പിച്ചതോടെ, കാട് ദൂരെയായി. “ഇപ്പോൾ വിറക് കിട്ടാൻ ഞങ്ങൾക്ക് 30 - 40 കിലോമീറ്ററുകൾ പോകേണ്ടിവരുന്നു. ഭക്ഷണമുണ്ട്, പക്ഷേ പാകം ചെയ്യാൻ വിറകില്ല”, 23 വയസ്സുള്ള അദ്ധ്യാപകൻ കേദാർ ആദിവാസി പറയുന്നു. കുടിയിറങ്ങിയ സഹാരിയകളെ പാർപ്പിച്ചിട്ടുള്ള ഗ്രാമങ്ങളിലൊന്നായ അഹർവാണിയിലെ താമസക്കാരനാണ് അദ്ദേഹം.
വിവാഹം കഴിച്ച് ഷിയോപുരിലെ കരഹാൽ തെഹ്സിലിൽനിന്ന് കുനോവിലെ വന്യജീവിസങ്കേതത്തിലെത്തുമ്പോൾ ഇന്ന് 50 വയസ്സ് കഴിഞ്ഞ ഗീതയും 60-കളിലെത്തിയ ഹർജനീയയും വളരെ ചെറുപ്പമായിരുന്നു. “ഇപ്പോൾ മലയിൽ പോയി വേണം ഞങ്ങൾക്ക് വിറക് ശേഖരിക്കാൻ. ഒരു ദിവസം മുഴുവൻ വേണം ഇപ്പോൾ അതിന്. പോരാത്തതിന് വനംവകുപ്പുകാർ ഇടയ്ക്കിടയ്ക്ക് തടയുകയും ചെയ്യും. അതുകൊണ്ട് രഹസ്യമായിട്ടാണ് ഇപ്പോൾ വിറക് ശേഖരിക്കുന്നത്”, ഗീത പറയുന്നു.
കാര്യങ്ങൾ ഒതുക്കിത്തീർക്കാനുള്ള വെപ്രാളത്തിൽ, വിലപിടിപ്പുള്ള മരങ്ങളും കുറ്റിച്ചെടികളുമൊക്കെ വനംവകുപ്പ് പിഴുതുമാറ്റിയെന്ന് പ്രൊഫ. കബ്ര പറയുന്നു. “ജൈവവൈവിധ്യത്തിന്റെ നഷ്ടം കണക്കാക്കിയതേയില്ല” എന്ന് പറയുന്നു, കുനോയുടെ ചുറ്റുമുള്ളവരുടെ സ്ഥാനഭ്രംശവും ദാരിദ്ര്യവും ഉപജീവന പരിരക്ഷയും തന്റെ പി.എച്ച്.ഡി. വിഷയമാക്കിയ ഈ സാമൂഹ്യശാസ്ത്രജ്ഞ. സംരക്ഷണ കുടിയിറക്കലുകളെക്കുറിച്ച് ഏറ്റവും ആധികാരികമായ വൈദഗ്ദ്ധ്യമുള്ളയാളാണ് അവർ.
ചിർ മരങ്ങളും (ഒരുതരം കാറ്റാടിമരം) മറ്റ് മരങ്ങളും പ്രാപ്യമല്ലാതായതോടെ, മരക്കറകളും മറ്റും ശേഖരിക്കാൻ കഴിയാതെ വന്നത് മറ്റൊരു പ്രഹരമായി. ചിർ മരങ്ങളുടെ പശ കമ്പോളത്തിൽ വിറ്റിരുന്നത് 200 രൂപയ്ക്കായിരുന്നു. മിക്ക കുടുംബങ്ങളും 4-5 കിലോഗ്രാംവരെ ശേഖരിക്കാറുണ്ടായിരുന്നു പണ്ട്. ഗോണ്ടിൽനിന്നുള്ള പശയും, ബീഡിയിലകളായ തെൻഡു ഇലകളും ധാരാളമുണ്ടായിരുന്നു. ബീൽ, അചാർ, മഹുവ, തേൻ, വേരുകൾ എന്നീ ഫലവർഗ്ഗങ്ങളും സമൃദ്ധമായി കിട്ടിയിരുന്നു. ഞങ്ങളുടെ ഭക്ഷണത്തിനും വസ്ത്രത്തിനും പറ്റുന്ന സാധനങ്ങളായിരുന്നു ഇതൊക്കെ. ഒരു കിലോഗ്രാം ഗോണ്ട് കൊടുത്താൽ അഞ്ച് കിലോഗ്രാം അരി കിട്ടിയിരുന്നുവെന്ന് കേദാർ പറയുന്നു.
മഴകൊണ്ടുമാത്രം നനയ്ക്കുന്ന അല്പം കൃഷിയിടങ്ങളുള്ള കേദാറിന്റെ അമ്മ കുംഗയ് ആദിവാസിയെപ്പോലുള്ള പലരും വർഷംതോറും പണിക്കായി മൊറീന, ആഗ്ര തുടങ്ങിയ നഗരങ്ങളിലേക്ക് പോകാൻ നിർബന്ധിതരായി. എല്ലാ വർഷവും കുറച്ച് മാസങ്ങൾ അവർ നിർമ്മാണത്തൊഴിലാളികളായി പണിയെടുക്കുന്നു. “ഇവിടെ കൃഷിപ്പണിയൊന്നുമില്ലാത്ത പഞ്ഞമാസങ്ങളിൽ ഞങ്ങൾ 10-ഉം 20-ഉം ആളുകൾ ഒരുമിച്ച് പോവും”, 50 വയസ്സുള്ള കുംഗയ് പറയുന്നു.
*****
2021-ലെ ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽനിന്ന് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പ്രൊജക്ട് ലയൺ ‘ പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. ഇത് “രാജ്യത്തിലെ ഏഷ്യാറ്റിക്ക് സിംഹങ്ങളുടെ ഭാവി സുരക്ഷിതമാക്കും“.
സിംഹങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 2013-ൽ പരിസ്ഥിതി, വന, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തോട് (എം.ഒ.ഇ.എഫ്.സി.സി.) സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോൾ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഇന്നുമുതൽ 6 മാസത്തിനുള്ളിൽ അത് നടപ്പാക്കണമെന്ന്” കോടതി ആവശ്യപ്പെട്ടു. ചെങ്കോട്ടയിലെ പ്രസംഗത്തിൽ പ്രഖ്യാപിച്ച അതേ കാരണത്തിനായിരുന്നു അങ്ങിനെ ആവശ്യപ്പെട്ടതും. അതായത്, രാജ്യത്തിലെ ഏഷ്യാറ്റിക്ക് സിംഹങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ. ആ ഉത്തരവ് നടപ്പാക്കി സിംഹങ്ങളെ കുനോയിലേക്ക് കൊണ്ടുപോകുന്നതിൽ വീഴ്ച വരുത്തിയതിന് അന്നും ഇന്നും ഗുജറാത്ത് സർക്കാർ ഒരു സമാധാനവും പറഞ്ഞിട്ടില്ല.
ഈ മാറ്റിപ്പാർപ്പിക്കലിനെക്കുറിച്ച് ഗുജറാത്ത് വനംവകുപ്പിന്റെ വെബ്സൈറ്റും നിശ്ശബ്ദത പാലിക്കുകയാണ്. മാത്രമല്ല, എം.ഒ.ഇ.എഫ്.സി.സിയുടെ 2019-ലെ പത്രപ്രസ്താവനയിൽ ‘ഏഷ്യാറ്റിക്ക് ലയൺ കൺസർവേഷൻ പ്രോജക്ടിന്’ 97.85 കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പക്ഷേ ഗുജറാത്ത് സംസ്ഥാനം മാത്രം എന്നായിരുന്നു അതിൽ സൂചിപ്പിച്ചിരുന്നത്.
2006-ൽ ദില്ലി ആസ്ഥാനമായ ഒരു സംഘടന നൽകിയ പൊതുതാത്പര്യ ഹരജിക്കുള്ള പ്രതികരണമായി സുപ്രീം കോടതി പുറപ്പെടുവിച്ച ആ വിധി വന്നിട്ട് ഇപ്പോൾ 9 വർഷമായിരിക്കുന്നു. “ഏതാനും ഏഷ്യാറ്റിക്ക് അഭിമാന സിംഹങ്ങളെ കുനോയുമായി പങ്കുവെക്കാൻ ഗുജറാത്ത് സർക്കാരിന് നിർദ്ദേശം കൊടുക്കണം’ എന്നായിരുന്നു ആ പൊതുതാത്പര്യ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.
“2013-ലെ സുപ്രീം കോടതി വിധിക്കുശേഷം, കുനോയിലേക്ക് സിംഹങ്ങളെ പുനരവതരിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഒരു വിദഗ്ദ്ധസമിതിക്ക് രൂപം കൊടുക്കുകയുണ്ടായി. എന്നാൽ കഴിഞ്ഞ രണ്ടരക്കൊല്ലമായി വിദഗ്ദ്ധസമിതി ഒരിക്കലും സമ്മേളിച്ചിട്ടില്ല. ഗുജറാത്ത് സർക്കാർ ഈ കർമ്മപദ്ധതിയെ അംഗീകരിച്ചിട്ടുമില്ല”, ഡബ്ല്യു.ഐ.ഐ.യുടെ ഡോ. ഝാല പറയുന്നു.
എന്നാൽ, ഈ വർഷം ആഫ്രിക്കൻ പുള്ളിപ്പുലികൾ എത്തുന്ന സ്ഥലമായി കുനോവിനെ സൂചിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ അതേ വിധിയിൽ “ആഫ്രിക്കൻ പുള്ളിപ്പുലികളെ കുനോവിലേക്ക് കൊണ്ടുവരാനുള്ള എം.ഒ.ഇ.എഫ്.സി.സി.യുടെ കല്പന നിയമത്തിന്റെ മുമ്പിൽ അസാധുവും റദ്ദാക്കപ്പെടേണ്ടതുമാണ്” എന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നുകൂടി ഓർക്കുക.
കൺസർവേഷനിസ്റ്റുകളുടെ ശക്തമായ മുന്നറിയിപ്പുകൾ ശരിവെക്കുന്നതാണ് പ്രൊജക്ട് ലയണിന്റെ 2020-ലെ റിപ്പോർട്ട്. ഡബ്ല്യു.ഐ.ഐയും ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകളും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് നിലവിലുള്ള സ്ഥിതിയെകുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. “ഗിർ വനത്തിൽ ഈയടുത്ത് പൊട്ടിപ്പുറപ്പെട്ട ബാബെസിയോസിസും സി.ഡി.വി.യും (കാനൈൻ ഡിസ്റ്റംബർ വൈറസ്) മൂലം, കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ചുരുങ്ങിയത് 60-ലേറെ സിംഹങ്ങൾക്കെങ്കിലും ജീവഹാനി ഉണ്ടായിട്ടുള്ളതായി” റിപ്പോർട്ട് സൂചിപ്പിക്കുന്നു.
“മനുഷ്യന്റെ അഹങ്കാരം മാത്രമാണ് ഈ മാറ്റിപ്പാർപ്പിക്കലിനെ തടയുന്നത്”, ഡോ. രവി ചെല്ലം എന്ന വന്യജീവി ശാസ്ത്രജ്ഞൻ പറയുന്നു. മാറ്റിപ്പാർപ്പിക്കലിനെക്കുറിച്ച് തീരുമാനിക്കാൻ പരമോന്നത കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിൽ വിദഗ്ദ്ധ ശാസ്ത്രീയോപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. പരിരക്ഷണ ശാസ്ത്രജ്ഞനും മെറ്റാ സ്ട്രിംഗ് ഫൌണ്ടേഷന്റെ സി.ഇ.ഒ.യുമായ ഡോ. ചെല്ലമാണ് സിംഹങ്ങളുടെ ഈ മാറ്റിപ്പാർപിക്കലിനെ നിരീക്ഷിച്ചിരുന്നതും അതിനുവേണ്ടി കാത്തിരുന്നതും.
“വലിയ അപകടസാധ്യതയുടെ കാലഘട്ടത്തിലൂടെയാണ് സിംഹങ്ങൾ കടന്നുപോയത്. ഇപ്പോൾ അവയുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. പക്ഷേ പരിരക്ഷണത്തിന്റെ കാര്യത്തിൽ നിങ്ങൾക്കൊരിക്കലും അലംഭാവം കാട്ടാൻ സാധിക്കില്ല. പ്രത്യേകിച്ചും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കാര്യത്തിൽ - കാരണം, ആ ഭീഷണി എപ്പോഴും നിലനിൽക്കുന്നുണ്ട്. നിതാന്തജാഗ്രത ആവശ്യമുള്ള ഒരു ശാസ്ത്രമാണ് ഇത്” ബയോഡൈവേഴ്സിറ്റി കൊളാബൊറേറ്റീവിലെ അംഗമായ ഡോ. ചെല്ലം പറയുന്നു.
“മനുഷ്യരെ വേട്ടയാടി പുറത്താക്കി, പക്ഷേ സിംഹങ്ങൾ വന്നില്ല”
കുനോവിലെ വീട് നഷ്ടപ്പെട്ടതിനെക്കുറിച്ച് മംഗു ആദിവാസി തമാശ പറഞ്ഞുവെങ്കിലും അയാളുടെ ശബ്ദത്തിൽ ചിരിയുണ്ടായിരുന്നില്ല. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ഇല്ലെങ്കിൽ തിരിച്ചുപോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ ഒരു പ്രതിഷേധപ്രകടനത്തിൽ അയാളുടെ തലയ്ക്ക് പരിക്കുകളും പറ്റിയിരുന്നു. “തിരിച്ചുപോകാൻ പറ്റുമെന്ന് പലപ്പോഴും ഞങ്ങൾ വിചാരിച്ചു”.
അർഹമായ നഷ്ടപരിഹാരം മേടിച്ചെടുക്കാനുള്ള അവസാനവട്ട ശ്രമമായിരുന്നു 2008 ഓഗസ്റ്റ് 15-ലെ പ്രതിഷേധം. “ഞങ്ങൾക്ക് നൽകിയ സ്ഥലം ഉപേക്ഷിക്കാനും ഞങ്ങളുടെ പഴയ സ്ഥലം ആവശ്യപ്പെടാനും അന്ന് ഞങ്ങൾ തീരുമാനിച്ചു. കുടിയിറങ്ങി 10 കൊല്ലം കഴിഞ്ഞാൽ തിരിച്ചുപോകാൻ അനുവദിക്കുന്ന നിയമമുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു”, രഘുലാൽ പറയുന്നു.
ആ അവസരം നഷ്ടമായപ്പോൾ രഘുലാൽ തന്റെ എല്ലാ സമ്പാദ്യവും സമയവും അത് നേടിയേടുക്കുന്നതിന് ചിലവഴിച്ചു. പല തവണ അയാൾ ജില്ലാ, തെഹ്സിൽ ഓഫീസുകളിലേക്ക് പോയി. പഞ്ചായത്തിന്റെ കാര്യത്തിൽ വാദിക്കാൻ ഭോപ്പാലിലെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുപോലും അയാൾ പോയി. അതുകൊണ്ടൊന്നും ഒരു ഫലവുമുണ്ടായില്ല.
രാഷ്ട്രീയമായ ശബ്ദമില്ലാത്തവരായതിനാൽ, കുടിയിറങ്ങിയ ആ മനുഷ്യരെ അവഗണിക്കാനും നിശ്ശബ്ദരാക്കാനും എളുപ്പമായിരുന്നു. “ആരും ഞങ്ങളോട്, ഞങ്ങളുടെ സ്ഥിതി എന്താണെന്നോ, എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നൊന്നും ചോദിച്ചിട്ടില്ല. ആരും ഇവിടെ വരാറുമില്ല. ഫോറസ്റ്റ് ഓഫീസിലേക്ക് പോയാൽ അവിടെ ആരെയും കാണാനും കഴിയാറില്ല”, പൈരയിലെ താമസക്കാരനായ രാം ദയാൽ പറയുന്നു. “അവരെ കണ്ടുമുട്ടിയാൽ, എല്ലാം ശരിയാക്കിത്തരാമെന്ന് അവർ ഉറപ്പ് പറയും. എന്നിട്ടും 23 വർഷമായി ഒന്നും ചെയ്തിട്ടില്ല”.
കവർച്ചിത്രം: പൈരയിലെ തന്റെ കുടുംബത്തിന്റെ പഴയ വീടുണ്ടായിരുന്ന സ്ഥലത്ത് ഇരിക്കുന്ന സുൽത്താൻ ജാദവ്.
ഈ കഥയെക്കുറിച്ച് ഗവേഷണം നടത്താനും പരിഭാഷ ചെയ്യാനും നിസ്സീമമായ സഹായം ചെയ്തുതന്ന സൌരഭ് ചൌധുരിയോടുള്ള നന്ദി റിപ്പോർട്ടർ അറിയിക്കുന്നു
പരിഭാഷ: രാജീവ് ചേലനാട്ട്