കോലാപ്പുർ ജില്ലയിലുള്ള രാജാറാം ഷുഗർ ഫാക്ടറിയിലെ ചൂടുള്ള, ശാന്തമായ ഒരു ഫെബ്രുവരി മദ്ധ്യാഹ്നം. ഫാക്ടറിയുടെ വളപ്പിൽ സ്ഥിതി ചെയ്യുന്ന നൂറുകണക്കിന് കരിമ്പുകർഷകരുടെ ഓലക്കുടിലുകൾ അധികവും ഒഴിഞ്ഞുകിടക്കുന്നു. ഇവിടെനിന്ന് ഒരുമണിക്കൂർ നടന്നാലെത്തുന്ന വാഡാനഗെ ഗ്രാമത്തിൽ കരിമ്പുവെട്ടാൻ പോയതാണ് ആ കുടിയേറ്റത്തൊഴിലാളികൾ.

ദൂരത്തായി, ലോഹപ്പാത്രങ്ങളുടെ ശബ്ദം കേട്ടപ്പോൾ ചില തൊഴിലാളികൾ വീട്ടിലുണ്ടാവുമെന്ന് തോന്നി. ശബ്ദത്തെ പിന്തുടർന്ന് പോയപ്പോൾ 12 വയസ്സുള്ള ഒരു പെൺകുട്ടി, സ്വാതി മഹർനോർ കുടുംബത്തിനുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നു. വിളർത്ത് ക്ഷീണിച്ച അവർ കുടിലിന്റെ ഉമ്മറത്തിരിക്കുന്നത് കണ്ടു. ഒറ്റയ്ക്ക്. ചുറ്റും വീട്ടുപാത്രങ്ങൾ നിരന്നുകിടപ്പുണ്ടായിരുന്നു.

“ഞാൻ രാവിലെ 3 മണിക്ക് എഴുന്നേറ്റതാന്”, കോട്ടുവായ ഇട്ടുകൊണ്ട് അവൾ പറഞ്ഞു.

ആ ചെറിയ പെൺകുട്ടി, അതിരാവിലെ, അച്ഛനമ്മമാരുടേയും അനിയന്റെയും മുത്തച്ഛന്റേയും കൂടെ, കരിമ്പ് വെട്ടാൻ പോയതായിരുന്നു. മഹാരാഷ്ട്രയിലെ ബാവ്ഡ താലൂക്കിൽ. ദിവസവും 25 കെട്ട് കരിമ്പ് വെട്ടണം അവർക്ക്. വീട്ടിലെ എല്ലാവരും ചേർന്നാലേ അത്രയും കരിമ്പ് വെട്ടാനാക്കൂ. ഉച്ചയ്ക്ക് കഴിക്കാനായി, തലേന്ന് രാത്രിയിൽ തയ്യാറാക്കിയ ആട്ടിറച്ചിയും വഴുതനങ്ങ സബ്ജിയുമുണ്ടായിരുന്നു.

ഉച്ചയ്ക്ക് 1 മണിക്കാണ് അവൾ തിരിച്ചുവന്നത്. ആറ് കിലോമീറ്റർ നടന്ന് ഈ ഫാക്ടറി വളപ്പിലേക്ക്. “മുത്തച്ഛൻ എന്നെ ഇവിടെയാക്കി തിരിച്ചുപോയി”. 15 മണിക്കൂർ പണിയെടുത്ത് വൈകീട്ട് ക്ഷീണീച്ച് തളർന്ന് വരുന്ന കുടുംബത്തിനുള്ള അത്താഴം തയ്യാറാക്കാനാണ് അവൾ തിരിച്ചുവന്നത്. “രാവിലെ ഞങ്ങൾ ഒരു കപ്പ് ചായ മാത്രമാണ് കുടിച്ചത്”, അവൾ പറയുന്നു.

കരിമ്പുപാടത്തിനും വീടിനുമിടയിലുള്ള യാത്രയും, കരിമ്പുവെട്ടലും, പാചകവും അവൾ ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് മാസമാവുന്നു. ബീഡ് ജില്ലയിലെ സകുണ്ട്‌വാഡി ഗ്രാമത്തിൽനിന്ന് കോലാപ്പൂർ ജില്ലയിലേക്ക് കുടുംബം കുടിയേറിയത് 2022 നവംബറിലായിരുന്നു. ഫാക്ടറി വളപ്പിലുള്ള ഈ സ്ഥലത്താണ് അവർ ജീവിക്കുന്നത്. ടർപാളിൻ കൊണ്ട് മേഞ്ഞ താത്ക്കാലിക കുടിലുകളുടെ കോളണികളിലാണ് മഹാരാഷ്ട്രയിലെ കുടിയേറ്റത്തൊഴിലാളികൾ അധികവും താമസിക്കുന്നതെന്ന് 2020-ൽ ഓക്സ്ഫാം പുറത്തിറക്കിയ ഹ്യൂമൻ കോസ്റ്റ് ഓഫ് ഷുഗർ എന്ന റിപ്പോർട്ടിൽ പറയുന്നു.

Khopyas (thatched huts) of migrant sugarcane workers of Rajaram Sugar Factory in Kolhapur district
PHOTO • Jyoti Shinoli

കോലാപ്പുർ ജില്ലയിലെ രാജാറാം ഷുഗർ ഫാക്ടറിയുടെ വളപ്പിലെ കരിമ്പുപണിക്കാരുടെ ഓലക്കുടിലുകൾ

“എനിക്ക് കരിമ്പ് വെട്ടുന്ന പണി ഇഷ്ടമല്ല”, സ്വാതി പറയുന്നു. “എനിക്ക് ഗ്രാമത്തിൽ താമസിക്കുന്നതാണ് ഇഷ്ടം. അവിടെയാവുമ്പോൾ എനിക്ക് സ്കൂളിൽ പോകാം”. പട്ടോഡ താലൂക്കിലെ സകുണ്ട്‌വാഡി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് മിഡിൽ സ്കൂളിലെ 7-ആം ക്ലാസ് വിദ്യാർത്ഥിനിയാണ് അവൾ. അതേ സ്കൂളിൽ 3-ആം ക്ലാസ്സിലാണ് അവളുടെ അനിയൻ കൃഷ്ണ പഠിക്കുന്നത്.

സ്വാതിയുടെ അച്ഛനമ്മമാരെയും മുത്തച്ചനെയും‌പോലെ, കരിമ്പിന്റെ വിളവെടുപ്പ് കാലത്ത്, രാജാറാം ഷുഗർ ഫാക്ടറിയിൽ കരാർ പണിക്ക് 500-ൽ‌പ്പരം കുടിയേറ്റത്തൊഴിലാളികളാണ് വരുന്നത്. അവരുടെയെല്ലാം കൂടെ കുട്ടികളുമുണ്ട്. “2022 മാർച്ചിൽ ഞങ്ങൾ സാംഗ്ലിയിലായിരുന്നു”, അവൾ പറയുന്നു. വർഷത്തിൽ അഞ്ചുമാസത്തോളം അവളുടേയും അനിയൻ കൃഷ്ണയുടേയും പഠിപ്പ് ഈ വിധത്തിൽ പതിവായി മുടങ്ങാറുണ്ട്.

“പരീക്ഷയിൽ പങ്കെടുക്കാനായി മുത്തച്ഛൻ ഞങ്ങളെ എല്ലാ കൊല്ലവും മാർച്ചിൽ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോവും. അത് കഴിഞ്ഞാലുടൻ, അച്ഛനമ്മമാരെ സഹായിക്കാൻ ഞങ്ങൾ ഇങ്ങോട്ടുതന്നെ പോരും”, സർക്കാർ സ്കൂളിലെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അവൾ.

നവംബർ മുതൽ മാർച്ചുവരെ സ്കൂളിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നതിനാൽ വർഷാവസാനപ്പരീക്ഷ ജയിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട് അവർക്ക്. “മറാത്തിയും ചരിത്രവും ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടില്ല. എന്നാൽ കണക്ക് മനസ്സിലാക്കാനാണ് വിഷമം”, സ്വാതി പറയുന്നു. നാട്ടിലുള്ള കൂട്ടുകാർ ചിലർ പഠനത്തിൽ സഹായിക്കാറുണ്ടെങ്കിലും, സ്കൂളിൽ പോകാത്ത ദിവസങ്ങളിലെ ക്ലാസ്സുകൾ പഠിച്ചെടുക്കാൻ പറ്റാറില്ല.

“ഞങ്ങൾക്കെന്ത് ചെയ്യാൻ പറ്റും? അച്ഛനമ്മമാർക്ക് ജോലി ചെയ്യണ്ടേ?”, സ്വാതി ചോദിക്കുന്നു.

കുടിയേറ്റമില്ലാത്ത മാസങ്ങളിൽ (ജൂൺ മുതൽ ഒക്ടോബർവരെ) സ്വാതിയുടെ അച്ഛൻ 45 വയസ്സുള്ള ഭാവുസാഹേബും അമ്മ, 35 വയസ്സുള്ള വർഷയും സകുണ്ട്‌വാഡിക്ക് ചുറ്റുമുള്ള കൃഷിയിടങ്ങളിൽ കർഷകത്തൊഴിലാളികളായി ജോലിചെയ്യും. “മഴക്കാലമ മുതൽ വിളവെടുപ്പുവരെ നാട്ടിൽ, ആഴ്ചയിൽ 4-5 ദിവസം ഞങ്ങൾക്ക് പണി കിട്ടാറുണ്ട്”, വർഷ പറയുന്നു.

മഹാരാഷ്ട്രയിൽ നാടോടി ഗോത്രമായി അടയാളപ്പെടുത്തിയിട്ടുള്ള ധംഗാർ സമുദായക്കാരാണ് ഈ കുടുംബം. ദിവസത്തിൽ 350 രൂപ സമ്പാദിക്കുന്നു. വർഷ 150 രൂപയും ഭാവുസാഹേബ് 200 രൂപയും. ഗ്രാമത്തിൽ തൊഴിലൊന്നുമില്ലാതെ വരുമ്പോൾ അവർ കരിമ്പുവെട്ട് ജോലിക്കായി പുറം‌നാടുകളിലേക്ക് പോവുന്നു.

Sugarcane workers transporting harvested sugarcane in a bullock cart
PHOTO • Jyoti Shinoli

വിളവെടുത്ത കരിമ്പുകൾ കാളവണ്ടിയിൽ കൊണ്ടുപോവുന്ന കരിമ്പ് പണിക്കാർ

*****

“ആറുവയസ്സിനും 14 വയസ്സിനുമിടയിലുള്ള കുട്ടികൾക്ക് സൌജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതാണ് 2009-ലെ സൌജന്യവും നിർബന്ധിതവുമാ‍യ വിദ്യാഭ്യാസത്തിനായുള്ള കുട്ടികളുടെ അവകാശനിയമം  (ആർ.ടി.ഇ) . എന്നാൽ, സ്വാതിയേയും കൃഷ്ണയേയും പോലെയുള്ള, കുടിയേറ്റക്കാരായ കരിമ്പുകൃഷിക്കാരുടെ 0.13 ദശലക്ഷം കുട്ടികക്ക് (6നും 15-നും ഇടയിൽ പ്രായമുള്ളവർ) അച്ഛനമ്മമാരുടെകൂടെ മറ്റിടങ്ങളിലേക്ക് പോവുമ്പോൾ സ്കൂൾ വിദ്യാഭ്യാസം പ്രാപ്യമാവുന്നില്ല.

സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിന് മഹാരാഷ്ട്ര സർക്കാർ  എഡ്യുക്കേഷൻ ഗ്യാരന്റി കാർഡുകൾ (ഇ.ജി.സി.) അവതരിപ്പിച്ചിട്ടുണ്ട്. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിനനുകൂലമായി 2015-ൽ പാസ്സാക്കിയ പ്രമേയമനുസരിച്ചാണ് ഇ.ജി.സി. പ്രാബല്യത്തിൽ വന്നത്. തടസ്സമൊന്നുമില്ലാതെ പുതിയ സ്ഥലത്ത് വിദ്യാഭ്യാസം തുടരുന്നത് ഉറപ്പുവരുത്തുക എന്നതാണ് ആ കാർഡിന്റെ ലക്ഷ്യം. സ്വന്തം ഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപകർ നൽകുന്നതും വിദ്യാർത്ഥിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നതുമായ ഒന്നാണ് ഇത്.

“പുതിയ സ്ഥലത്തേക്ക് പോകുമ്പോൾ കുട്ടികൾ ഈ കാർഡ് കൈയ്യിൽ കരുതണം”, ബീഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹികപ്രവർത്തകൻ അശോക് ടാംഗ്ഡെ പറയുന്നു. പുതിയ സ്കൂളിൽ ഈ കാർഡ് കാണിച്ചുകഴിഞ്ഞാൽ, “രക്ഷിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ ചേർക്കുന്ന പ്രക്രിയ ഒഴിവാക്കാനും കുട്ടിക്ക് തടസ്സമില്ലാതെ അതേ ക്ലാസ്സിൽത്തന്നെ പഠിക്കാനും സാധിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, “ഒരൊറ്റ ഇ.ജി.സി. കാർഡുപോലും ഇതുവരെയായി കുട്ടികൾക്ക് നൽകിയിട്ടില്ലെന്നതാണ്“ പരമാർത്ഥം, അശോക് പറയുന്നു. കുറച്ചുകാലത്തേക്ക് അന്യസ്ഥലങ്ങളിലേക്ക് പോകേണ്ടിവരുന്ന കുട്ടികൾക്ക് ഇത് നൽകേണ്ടത്, ആ കുട്ടിയെ ചേർക്കുന്ന സ്കൂളുകളാണ്.

“ജില്ലാ പരിഷത്ത് മിഡിൽ സ്കൂളിലെ ഞങ്ങളുടെ ടീച്ചർ എനിക്കോ എന്റെ കൂട്ടുകാർക്കോ ഇത്തരത്തിൽ ഒരു കാർഡും നൽകിയിട്ടില്ല”, മാസങ്ങളോളം സ്കൂൾ പഠനം നിർത്തേണ്ടിവരുന്ന സ്വാതി പറയുന്നു.

ഷുഗർ ഫാക്ടറി നിൽക്കുന്ന സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെമാത്രമാണ് ആ സ്ഥലത്തെ ജില്ലാ പരിഷത്ത് സ്കൂൾ. എന്നാൽ കാർഡ് കൈവശമില്ലാത്തതിനാൽ സ്വാതിക്കോ കൃഷ്ണയ്ക്കോ സ്കൂളിൽ ചേരാൻ പറ്റുന്നില്ല.

2009-ലെ ആർ.ടി.ഇ. നിലവിലുണ്ടായിട്ടുപോലും, കുടിയേറ്റക്കാരായ കരിമ്പുതൊഴിലാളികളെ അനുഗമിക്കേണ്ടിവരുന്ന 0.13 ദശലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസം പ്രാപ്യമല്ല

വീഡിയോ കാണാം: കുടിയേറ്റക്കാരുടെ മക്കൾക്ക് സ്കൂൾ നഷ്ടമാകുന്നു

പുണെയിലെ പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ പറയുന്നത്, “ഈ പദ്ധതി സജീവമാണ്, കുടിയേറുന്ന വിദ്യാർത്ഥികൾക്ക് സ്കൂളധികൃതർ കാർഡുകൾ നൽകുന്നുണ്ട്” എന്നാണ്. ഇതുവരെയായി അത്തരം കാർഡുകൾ ലഭിച്ചിട്ടുള്ള മൊത്തം കുട്ടികളുടെ കണക്ക് ചോദിച്ചപ്പോൾ “ആ സർവ്വേ നടന്നുകൊണ്ടിരിക്കുന്നു, ഇ.ജി.സി.യെക്കുറിച്ചുള്ള സ്ഥിതിവിവരങ്ങൾ ഞങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്” എന്നായിരുന്നു.

*****

“എനിക്കിവിടെ തീരെ ഇഷ്ടമല്ല”, അർജുൻ രജപുത് പറയുന്നു. കോലാപ്പുർ ജില്ലയിലെ ജാദവ്‌വാഡി മേഖലയിലെ രണ്ടേക്കർ ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്ന കുടുംബത്തോടൊപ്പം താമസിക്കുകയാണ് ആ 14-കാരൻ.

ഔറംഗബാദ് ജില്ലയിലെ വാഡ്ഗാം ഗ്രാമത്തിൽനിന്ന് കോലാപ്പുർ-ബെംഗളൂ‍രു ഹൈവേയിലുള്ള ചൂളയിൽ ജോലിചെയ്യാനെത്തിയതാണ് അവനുൾപ്പെടുന്ന ഏഴംഗങ്ങളുള്ള കുടുംബം. എപ്പോഴും തിരക്കുള്ള ആ ചൂളയിൽ, ദിവസവും ശരാശരി 25,000 ഇഷ്ടികകൾ നിർമ്മിക്കുന്നു. ഉയർന്ന താപനിലമൂലം ഏറ്റവും അരക്ഷിതമായ തൊഴിൽ‌സാഹചര്യവും ചുരുങ്ങിയ വേതനത്തിന് കഠിനമായി തൊഴിലെടുപ്പിക്കുന്നതുമായ ഇത്തരം ചൂളകളിൽ 10 മുതൽ 23 ദശലക്ഷം ആളുകൾവരെ ഇന്ത്യയൊട്ടാകെ തൊഴിലെടുക്കുന്നു. അർജ്ജുനന്റെ കുടുംബത്തെപ്പോലെ. തൊഴിലന്വേഷിക്കുന്ന ആളുകൾ നിവൃത്തിയില്ലാതെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു തൊഴിലിടമാണ് ഇഷ്ടികച്ചൂളകൾ.

രക്ഷിതാക്കളോടൊപ്പം തൊഴിൽ‌സ്ഥലത്തെത്തിയ അർജുന് നവംബർ മുതൽ മേയ്‌വരെ സ്കൂളിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നു. “ഞാൻ എന്റെ ഗ്രാമത്തിലെ ജില്ലാപരിഷത്ത് സ്കൂളിൽ 8-ആം ക്ലാസ്സിലാണ് പഠിക്കുന്നത്”. ശ്വാസം‌മുട്ടിക്കുന്ന പൊടി പറത്തിക്കൊണ്ട് ജെ.സി.ബി. യന്ത്രങ്ങൾ സമീപത്തുകൂടി പായുമ്പോൾ അർജുൻ പറയുന്നു.

Left: Arjun, with his mother Suman and cousin Anita.
PHOTO • Jyoti Shinoli
Right: A brick kiln site in Jadhavwadi. The high temperatures and physically arduous tasks for exploitative wages make brick kilns the last resort of those seeking work
PHOTO • Jyoti Shinoli

ഇടത്ത്: അർജുൻ, തന്റെ അമ്മ സുമനും ബന്ധത്തിലുള്ള സഹോദരി അനിതയോടുമൊപ്പം. വലത്ത്: ജാദവ്‌വാഡിയിലെ ഒരു ഇഷ്ടികച്ചൂള. ഉയർന്ന താപനിലയുള്ളതും തുച്ഛമായ വേതനത്തിന് കഠിനമായ ശാരീരികാദ്ധ്വാനം ആവശ്യവുമായ ഇഷ്ടികച്ചൂളകൾ, തൊഴിലന്വേഷകരുടെ അവസാനത്തെ അശ്രയമാണ്

സ്വദേശമായ വാഡ്ഗാംവിൽ, അർജുന്റെ രക്ഷിതാക്കളായ സുമനും അബസാഹേബും ഗ്രാമത്തിലും ജോലി ചെയ്യുന്നത്, ചുറ്റുമുള്ള കൃഷിയിടങ്ങളിൽ കർഷകത്തൊഴിലാളികളായിട്ടാണ്. ഗംഗാപുർ താലൂക്കിലാണ് അവരുടെ ഗ്രാമം. മാസത്തിൽ കഷ്ടി 20 ദിവസം, കൃഷിയും വിളവെടുപ്പ് ജോലിയുമൊക്കെയായി, ദിവസത്തിൽ 250-300 രൂപവെച്ച് അവർക്ക് സമ്പാദിക്കുന്നു. ഈ മാസങ്ങളിൽ അർജുന് ഗ്രാമത്തിലെ സ്കൂളിൽ പഠിക്കാൻ സാധിക്കും.

കഴിഞ്ഞ വർഷം അവന്റെ രക്ഷിതാക്കർ, അവരുടെ ഓലപ്പുറയ്ക്ക് സമീപം ഒരു അടച്ചുറപ്പുള്ള വീട് പണിയാനായി ‘ഉചൽ’ എന്ന് പേരുള്ള മുൻ‌കൂർ വായ്പയെടുത്തു. “ഞങ്ങൾ 1.5 ലക്ഷം രൂപ മുൻ‌കൂറായി പണം വാങ്ങി ഈ വീടിന്റെ അസ്തിവാരം തീർത്തു”, സുമൻ പറയുന്നു. “ഈ കൊല്ലം ഞങ്ങൾ വീണ്ടും ഒരുലക്ഷം രൂപ വാങ്ങി, ചുമരുകൾ പണിതു”.

“വേറൊരു രീതിയിലും ഞങ്ങൾക്ക് ഒരുവർഷത്തിൽ ഒരുലക്ഷം രൂപ സമ്പാദിക്കാൻ കഴിയില്ല. ഇഷ്ടികച്ചൂളയിലെ പണിക്കായുള്ള ഈ കുടിയേറ്റം മാത്രമേ ഒരു മാർഗ്ഗമുള്ളു”. ആ സ്ത്രീ പറഞ്ഞു. “വീട് പ്ലാസ്റ്റർ ചെയ്യാനുള്ള പൈസ ഒപ്പിക്കാൻ” അടുത്ത കൊല്ലവും തങ്ങൾക്ക് ഇവിടേക്ക് വരേണ്ടിവരുമെന്ന് അവർ കൂട്ടിച്ചേർത്തു.

വീട് പണിയാൻ രണ്ടുവർഷമെടുത്തു. ഇനിയും രണ്ടുവർഷമെടുക്കും തീർക്കാൻ. അതിനിടയ്ക്ക് അർജുന്റെ പഠിപ്പ് തടസ്സപ്പെട്ടു. സുമന്റെ അഞ്ച് മക്കളിൽ നാലുപേരും സ്കൂൾ പഠനം നിർത്തി, 20 വയസ്സാവുന്നതിനുമുൻപ് വിവാഹിതരായി. തന്റെ കുട്ടിയുടെ ഭാവിയോർത്ത് ആശങ്കപ്പെടുന്ന അവർ പറയുന്നു: “എന്റെ പൂർവ്വികർ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്നു. അതിനുശേഷം എന്റെ അച്ഛനമ്മമാരും. ഇപ്പോൾ ഞാനും ഈ പണി ചെയ്യുന്നു. കുടിയേറ്റത്തിന്റെ ഈ ചക്രം എപ്പോൾ തീരുമെന്ന് എനിക്കറിയില്ല”.

ഇപ്പോഴും പഠിക്കുന്നത് അർജുൻ മാത്രമാണ്. പക്ഷേ, “ആറുമാസം സ്കൂൾ വിട്ടുനിൽക്കേണ്ടിവരുന്നതുകൊണ്ട്, വീട്ടിൽ തിരിച്ചെത്തിയാലും എനിക്ക് സ്കൂളിൽ പോകാൻ തോന്നുന്നില്ല” എന്നാണ് അവൻ പറയുന്നത്.

എല്ലാ ദിവസവും ആറ് മണിക്കൂർ അവനും, അവന്റെ ബന്ധത്തിലുള്ള സഹോദരി അനിതയും ഇഷ്ടികക്കളത്തിൽ സ്ഥിതി ചെയ്യുന്ന ആവനി എന്ന് പേരായ ഒരു സർക്കാരേതര സംഘടന നടത്തുന്ന പകൽകേന്ദ്രത്തിലാണ് കഴിയുന്നത്. കോലാപ്പുരും സംഗ്ലിയിലുമുള്ള 20 ഇഷ്ടികച്ചൂളകളിലും ഏതാനും കരിമ്പുപാടങ്ങളിലും പകൽകേന്ദ്രങ്ങൾ നടത്തുന്നുണ്ട് ആവനി. പ്രത്യേകമായ അവശത അനുഭവിക്കുന്ന വിഭാഗത്തിൽ‌പ്പെട്ട (പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ് – പി.വി.ടി.ജി), (ബെൽദാർ എന്നും വിശേഷിപ്പിക്കപ്പെടുന്നു) നാടോടിവിഭാഗമായി രേഖകളിൽ അടയാളപ്പെടുത്തപ്പെട്ട കട്കരി സമുദായക്കാരാണ് മിക്ക വിദ്യാർത്ഥികളും. 800-ഓളം രജിസ്റ്റർ ചെയ്യപ്പെട്ട ഇഷ്ടികച്ചൂളകൾ പ്രവർത്തിക്കുന്ന കോലാപ്പുർ, കുടിയേറ്റത്തൊഴിലാളികളുടെ പ്രധാന ആകർഷണകേന്ദ്രമാണെന്ന് ആവനിയിലെ പ്രോഗ്രാം കോ‍‌ഓർഡിനേറ്ററായ സത്തപ്പ മോഹിതെ പറയുന്നു.

Avani's day-care school in Jadhavwadi brick kiln and (right) inside their centre where children learn and play
PHOTO • Jyoti Shinoli
Avani's day-care school in Jadhavwadi brick kiln and (right) inside their centre where children learn and play
PHOTO • Jyoti Shinoli

ജാദവ്‌വാഡി ഇഷ്ടികച്ചൂളയിലെ ആവനിയുടെ പകൽകേന്ദ്ര സ്കൂളും (വലത്ത്) കുട്ടികൾ പഠിക്കുകയും കളിക്കുകയും ചെയ്യുന്ന അതിന്റെ ഉൾവശവും

“ഇവിടെ (പകൽകേന്ദ്ര സ്കൂളിൽ) ഞാൻ 4-ആം ക്ലാസ്സിലെ പുസ്തകങ്ങളൊന്നും വായിക്കുന്നില്ല. കളിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കും”, പുഞ്ചിരിച്ചുകൊണ്ട് അനിത പറയുന്നു.3 വയസ്സിനും 14 വയസ്സിനുമിടയിലുള്ള 25 കുടിയേറ്റവിദ്യാർത്ഥികൾ ഇവിടെയുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ, കളിക്കാനും കഥ കേൾക്കാനും അവർക്ക് അവിടെ സാധിക്കുന്നു.

പകൽകേന്ദ്രത്തിലെ ദിവസം അവസാനിച്ചാൽ, “അച്ഛനെ ഇഷ്ടികയുണ്ടാക്കാൻ സഹായിക്കും” എന്ന് അല്പം ശങ്കിച്ച് അവൻ പറഞ്ഞു.

പകൽകേന്ദ്രത്തിലെ മറ്റ് കുട്ടികളിലൊരാളാണ് ഏഴ് വയസ്സുള്ള രാജേശ്വരി നയ്നെഗെലി. “ചിലപ്പോൾ അമ്മയോടൊപ്പം രാത്രി ഇഷ്ടികയുണ്ടാക്കാൻ ഞാൻ കൂടും”, അവൾ പറയുന്നു. കർണ്ണാടകയിലെ തന്റെ ഗ്രാമത്തിൽ 2-ആം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞ് രാജേശ്വരി ജോലിയിൽ സമർത്ഥയാണ്. “അമ്മയും അച്ഛനും ഉച്ചയ്ക്ക് കളിമണ്ണ് കുഴച്ചുവെക്കും. രാത്രി ഇഷ്ടികയുണ്ടാക്കും. അവർ ചെയ്യുന്നത് ഞാനും ചെയ്യും”, ഇഷ്ടികചട്ടക്കൂടിനകത്ത് കളിമണ്ണ് നിറച്ച് അവൾ തുടർച്ചയായി അതിൽ അടിച്ചുപരത്തിക്കൊണ്ടിരുന്നു. ആ കൊച്ചുകുഞ്ഞിന് അത് ചുമക്കാൻ പറ്റാത്തതുകൊണ്ട് അച്ഛനോ അമ്മയോ അത് പുറത്തെടുക്കും.

“ഞാൻ എത്ര ഇഷ്ടിക ഉണ്ടാക്കാറുണ്ടെന്ന് എനിക്കറിയില്ല. ക്ഷീണിക്കുമ്പോൾ ഞാനുറങ്ങും. അമ്മയും അച്ഛനും അപ്പോഴും ജോലി ചെയ്യുന്നുണ്ടാവും”, രാജേശ്വരി പറയുന്നു.

കോലാപ്പുരിലേക്ക് കുടിയേറിയതിനുശേഷം പഠനം തുടരാനുള്ള ഇ.സി.ജി. കാർഡുകൾ ആവനിയിലെ ആ 25 കുട്ടികളിൽ ഒരാൾക്കുപോലും – മിക്കവരും മഹാരാഷ്ട്രയിൽനിന്നുള്ളവരുമാണ് – ഇല്ല. മാത്രമല്ല, ചൂളയുടെ ഏറ്റവുമടുത്തുള്ള സ്കൂൾ അഞ്ച് കിലോമീറ്റർ അകലെയാണ്.

“സ്കൂൾ അത്ര ദൂരെയാണ്. ആരാണ് ഞങ്ങളെ കൊണ്ടുപോകാനുള്ളത്”, അർജുൻ ചോദിക്കുന്നു.

ഏറ്റവുമടുത്ത സ്കൂൾ ഒരു കിലോമീറ്ററിനപ്പുറത്താണെങ്കിൽ, “മേഖലയിലെ വിദ്യാഭ്യാസ വകുപ്പോ, ജില്ലാ പരിഷത്തോ, മുനിസിപ്പൽ കോർപ്പറേഷനോ കുടിയേറ്റ വിദ്യാർത്ഥികൾക്കായുള്ള ക്ലാസ്സുമുറികളും ഗതാഗതസൌകര്യവും ഒരുക്കുമെന്നാണ്” ഈ കാർഡ്, രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകുന്ന ഉറപ്പ്.

എന്നാൽ, “ഈ ഉറപ്പൊക്കെ കടലാസ്സിൽ മാത്രമേയുള്ളൂ എന്ന്, 20 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന അനുരാധ ഭോസ്‌ലെ പറയുന്നു. ആവനി എന്ന എൻ.ജി.ഒ.യുടെ സ്ഥാപകയും ഡയറക്ടറുമാണ് അവർ.

Left: Jadhavwadi Jakatnaka, a brick kiln site in Kolhapur.
PHOTO • Jyoti Shinoli
Right: The nearest state school is five kms from the site in Sarnobatwadi
PHOTO • Jyoti Shinoli

കോലാപ്പുരിലെ ജാദവ്‌വാഡി ജകാട്ട്‌നക എന്ന പേരുള്ള ഇഷ്ടികച്ചൂള. വലത്ത്: സർനോബത്‌വാഡിയിലെ സൈറ്റിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരത്താണ് ഏറ്റവുമടുത്തുള്ള സ്കൂൾ

അഹമ്മദ്നഗർ ജില്ലയിൽനിന്നുള്ള ആർതി പവാർ കോലാപ്പുരിലെ ഇഷ്ടികച്ചൂളയിലാണ് തൊഴിലെടുക്കുന്നത്. “2018-ൽ അച്ഛനമ്മമാർ എന്നെ വിവാഹം ചെയ്തുകൊടുത്തു”, 7-ആം ക്ലാസ്സിൽ പഠിപ്പ് നിർത്തേണ്ടിവന്ന ആ 23 വയസ്സുകാരി പറയുന്നു.

“ഞാൻ സ്കൂളിൽ പോയിരുന്ന ആളാണ്. ഇപ്പോൾ ഇഷ്ടികച്ചൂളയിൽ പോവുന്നു”, ആർതി പറയുന്നു.

*****

“രണ്ടുവർഷം ഞാൻ ഒന്നും പഠിച്ചില്ല. ഞങ്ങൾക്ക് സ്മാർട്ട്ഫോണൊന്നുമില്ല”, വിദ്യാഭ്യാസം പൂർണ്ണമാ‍യും ഓൺ‌ലൈൻ വഴിയായ 2020 മാർച്ച് മുതൽ 2021 ജൂൺ‌വരെയുള്ള കാലത്തെക്കുറിച്ച് അർജുൻ പറയുന്നു.

“പല മാസങ്ങളും സ്കൂളിൽ പോകാനാകാത്തതുകൊണ്ട് കൊറോണക്ക് മുമ്പുതന്നെ, പരീക്ഷയിൽ ജയിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. 5-ആം ക്ലാസ്സിൽ തുടർന്ന് പഠിക്കേണ്ടിവന്നു”, ഇപ്പോൾ 8-ആം ക്ലാസ്സിൽ പഠിക്കുന്ന അർജുൻ പറയുന്നു. മഹാരാഷ്ട്രയിലെ മറ്റ് പല കുട്ടികളേയും‌പോലെ, സ്കൂളിൽ പോയില്ലെങ്കിലും, മഹാവ്യാധിയുടെ കാലത്ത്, രണ്ടുതവണ അർജുന് ക്ലാസ്സ്കയറ്റം കിട്ടി (6-ലും 7-ലും)

“രാജ്യത്തിനകത്ത് കുടിയേറ്റം നടത്തുന്ന ആളുകളുടെ എണ്ണം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ (2011-ലെ സെൻസസ് പ്രകാരം) 37 ശതമാനമാണ് (450 ദശലക്ഷം). അതിൽ ധാരാളം കുട്ടികളുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിനാൽ, ഫലവത്തായ നയങ്ങളും അവയുടെ കാര്യക്ഷമമായ നടത്തിപ്പും അടിയന്തിരമായി ആവശ്യമാണ്. കുടിയേറ്റത്തൊഴിലാളികളുടെ മക്കൾക്ക് തടസ്സമില്ലാതെ വിദ്യാഭ്യാസം ഉറപ്പ് വരുത്തണമെന്നത്, 2020-ൽ അന്താരാഷ്ട്ര തൊഴിൽ‌സംഘടനയുടെ (ഐ.എൽ.ഒ) റിപ്പോർട്ടിൽ നിർദ്ദേശിച്ച അടിയന്തിരപ്രാധാന്യമുള്ള ഒരു കർമ്മനയമാണ്.

“കുടിയേറ്റക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നയങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാനതലത്തിലായാലും കേന്ദ്രതലത്തിലായാലും ശരി ഗൌരവപൂർണ്ണമായ നടപടികൾ ഉണ്ടാവുന്നില്ല”, അശോക് ടാംഗ്ഡെ പറയുന്നു. ഈ അലംഭാവം, വിദ്യാഭ്യാസം ലഭിക്കാനുള്ള ഈ കുട്ടികളുടെ അവകാശത്തെ ഇല്ലാതാക്കുന്നു എന്നുമാത്രമല്ല, ഏറ്റവും അരക്ഷിതമായ ചുറ്റുപാടുകളിൽ ജീവിക്കാൻ അവരെ നിർബന്ധിതരാക്കുകകൂടി ചെയ്യുന്നു.

ഒഡിഷയിലെ ബർഘർ ജില്ലയിലുള്ള സുനലരംഭ ഗ്രാമത്തിലെ ഗീതാഞ്ജലി സുന എന്ന പെൺകുട്ടി, രക്ഷിതാക്കളുടേയും സഹോദരിയുടേയും കൂടെ, 2022 നവംബറിലാണ് കോലാപ്പുരിലെ ഇഷ്ടികച്ചൂളയിലേക്ക് പോയത്. യന്ത്രങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിൽ, 10 വയസ്സുള്ള ആ പെൺകുട്ടി ആവനിയിലെ മറ്റ് കുട്ടികളോടൊപ്പം കളിയിലേർപ്പെട്ടിരിക്കുന്നു. കോലാപ്പുരിലെ ഇഷ്ടികച്ചൂളയിലെ പൊടിനിറഞ്ഞ അന്തരീക്ഷത്തിൽ, കുറച്ചുനേരത്തേക്ക് കുട്ടികളുടെ കളിചിരികൾ മുഴങ്ങിക്കേട്ടു.

പരിഭാഷ: രാജീവ് ചേലനാട്ട്

Jyoti Shinoli

جیوتی شنولی پیپلز آرکائیو آف رورل انڈیا کی ایک رپورٹر ہیں؛ وہ پہلے ’می مراٹھی‘ اور ’مہاراشٹر۱‘ جیسے نیوز چینلوں کے ساتھ کام کر چکی ہیں۔

کے ذریعہ دیگر اسٹوریز جیوتی شنولی
Illustration : Priyanka Borar

پرینکا بورار نئے میڈیا کی ایک آرٹسٹ ہیں جو معنی اور اظہار کی نئی شکلوں کو تلاش کرنے کے لیے تکنیک کا تجربہ کر رہی ہیں۔ وہ سیکھنے اور کھیلنے کے لیے تجربات کو ڈیزائن کرتی ہیں، باہم مربوط میڈیا کے ساتھ ہاتھ آزماتی ہیں، اور روایتی قلم اور کاغذ کے ساتھ بھی آسانی محسوس کرتی ہیں۔

کے ذریعہ دیگر اسٹوریز Priyanka Borar
Editors : Dipanjali Singh

دیپانجلی سنگھ، پیپلز آرکائیو آف رورل انڈیا کی اسسٹنٹ ایڈیٹر ہیں۔ وہ پاری لائبریری کے لیے دستاویزوں کی تحقیق و ترتیب کا کام بھی انجام دیتی ہیں۔

کے ذریعہ دیگر اسٹوریز Dipanjali Singh
Editors : Vishaka George

وشاکھا جارج، پاری کی سینئر ایڈیٹر ہیں۔ وہ معاش اور ماحولیات سے متعلق امور پر رپورٹنگ کرتی ہیں۔ وشاکھا، پاری کے سوشل میڈیا سے جڑے کاموں کی سربراہ ہیں اور پاری ایجوکیشن ٹیم کی بھی رکن ہیں، جو دیہی علاقوں کے مسائل کو کلاس روم اور نصاب کا حصہ بنانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہے۔

کے ذریعہ دیگر اسٹوریز وشاکا جارج
Video Editor : Sinchita Parbat

سنچیتا ماجی، پیپلز آرکائیو آف رورل انڈیا کی سینئر ویڈیو ایڈیٹر ہیں۔ وہ ایک فری لانس فوٹوگرافر اور دستاویزی فلم ساز بھی ہیں۔

کے ذریعہ دیگر اسٹوریز Sinchita Parbat
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat