മാർച്ച് 27 അതിരാവിലെ ഒരുമണിയായി, ഹീര മുകാനെ, താനെ ജില്ലയിലുള്ള ഷഹാപൂർ താലൂക്കിലെ തന്‍റെ ദൽഖാൻ ഗ്രാമത്തിന്‍റെ അടുത്തെത്തിയപ്പോൾ. ഹീരയും, മകൻ മനോജും മരുമകൾ ഷാലുവും നടന്നുതീർത്തത് 104 കിലോമീറ്ററാണ്. ഒരുമിനിറ്റുപോലും വിശ്രമിക്കാതെ. പാൽഘർ ജില്ലയിലെ ദഹാനു താലൂക്കിലെ ഗഞ്ചാഡ് ഗ്രാമത്തിലുള്ള ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യാൻ പോയവരായിരുന്നു അവർ.
“വണ്ടികളൊന്നും കിട്ടിയില്ല. അതുകൊണ്ട് പകലന്തിയോളം നടന്നു. സാധാരണയായി ഗഞ്ചാഡിൽനിന്നുള്ള സർക്കാർ വണ്ടി ഷഹാപൂരിലേക്ക് പോവാറുണ്ട്”, 45 വയസ്സുള്ള ഹീര പറഞ്ഞു. മാർച്ച് 26-ന് രാവിലെ 4 മണിക്കാണ് പുറപ്പെട്ടത്. ഒരു കെട്ട് തുണികളും വീട്ടുസാധനങ്ങളും ഹീരയും ഷാലുവും തലയിൽ ചുമന്നു. 12 കിലോഗ്രാം അരി തലച്ചുമടായും 8 കിലോഗ്രാം റാഗി കൈയ്യിലും തൂക്കിയാണ് നീണ്ട 21 മണിക്കൂർ മനോജ് യാത്ര ചെയ്തത്. സർക്കാർ വണ്ടി എല്ലായ്പ്പോഴുമൊന്നും ഉണ്ടാവാറില്ലാത്തതിനാൽ ദീർഘദൂരം നടക്കുന്നത് പതിവാണ്. അതിനാൽ കാലൊന്നും വേദനിച്ചില്ല. പക്ഷേ ഒന്നും സമ്പാദിക്കാൻ കഴിയാത്തതാണ് കൂടുതൽ വേദനിപ്പിക്കുന്നത്” ഹീര കൂട്ടിച്ചേർത്തു.
മാർച്ച് 2-ന് 27 വയസ്സുള്ള മനോജിന്റെയും 25 വയസ്സുള്ള ഷാലുവിന്റെയുമൊപ്പം ഇഷ്ടികച്ചൂളയിലേക്ക് ഹീര പോവുമ്പോൾ ഈ വർഷം മേയിൽ തിരിച്ചുവരാനായിരുന്നു വിചാരിച്ചിരുന്നത്. “മാർച്ചിനും മേയ്ക്കുമിടയിൽ ചുരുങ്ങിയത് 50,0000 രൂപ സമ്പാദിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചു”, ഹീര എന്നോട് ഫോണിൽ പറഞ്ഞു. “പണി നിർത്തി തിരിച്ചുപോകാൻ ഉടമസ്ഥൻ പറഞ്ഞു. മൂന്നാഴ്ചത്തേക്ക് 8,000 രൂപമാത്രമാണ് തന്നത്”.
അങ്ങിനെ, അപ്രതീക്ഷിതമായി ആ മൂന്നുപേരും മാർച്ച് അവസാനം ദൽഖാനിലേക്ക് തിരിച്ചെത്തിയപ്പോൾ ഹീരയുടെ ഭർത്താവ്, 52 വയസ്സുള്ള വിത്തലും, 15 വയസ്സുള്ള മകൾ സംഗീതയും ഒരുപോലെ അത്ഭുതപ്പെട്ടു. തിരിച്ചുവരുന്നതിനെക്കുറിച്ച് ഫോണിൽ പറയാൻ ഹീരയ്ക്ക് സാധിച്ചിരുന്നില്ല. ഭാര്യയും മകനും മരുമകളും ഗഞ്ചാഡിലേക്ക് പണിക്ക് പോയപ്പോൾ അരിവാൾ രോഗം മൂലം ശാരീരികമായി അദ്ധ്വാനിക്കാൻ സാധിക്കാത്ത വിത്തൽ മകളോടൊപ്പം വീട്ടിൽ കഴിയുകയായിരുന്നു.
2018 ജൂലായിലാണ് ഞാൻ ഹീരയെ ദൽഖാനിൽവെച്ച് കണ്ടത്. രാത്രിയിലെ അത്താഴത്തിന് തോട്ടത്തിൽനിന്ന് പച്ചക്കറികൾ പറിക്കുകയായിരുന്നു അപ്പോളവർ. കട്കാരി ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ് അവർ. മഹാരാഷ്ട്രയിലെ, സാമൂഹികമായി ഏറ്റവും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ആദിവാസിസമൂഹമാണ് കട്കാരി ഗോത്രം.
വീട് വിട്ട് ഇഷ്ടികച്ചൂളയിൽ ജോലിക്ക് പോകാനുള്ള തീരുമാനം ഹീരയുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വലുതായിരുന്നു. കാരണം അതുവരെ, അത്തരമൊരു ജോലിക്ക് ശ്രമിച്ചിരുന്നില്ല. അടുത്തകാലം വരെ, കർഷകത്തൊഴിലാളികളായി ഉപജീവനം കഴിക്കുകയായിരുന്നു അവർ. മുംബൈ-നാഗ്പൂർ എക്സ്പ്രസ്സ്‌വേക്കുവേണ്ടി കൃഷിയുടമകൾ സർക്കാരിന് സ്ഥലം വിൽക്കാൻ തുടങ്ങിയപ്പോൾ അത് ആ കുടുംബത്തിന്റെ ജീവനോപാധിയെ ബാധിച്ചു.
“കഴിഞ്ഞ ഒരുകൊല്ലമായി പാടത്ത് അധികം പണിയൊന്നും കിട്ടിയിരുന്നില്ല. അതിനാൽ ഇഷ്ടികച്ചൂളയിലേക്ക് പോകാൻ തീരുമാനിച്ചു. പക്ഷേ ഞങ്ങൾക്ക് ഭാഗ്യമുണ്ടായില്ല. ഈ രോഗം മൂലം നേരത്തേ തിരിച്ചുപോരേണ്ടിവന്നു“. ഹീര പറഞ്ഞു.
കൃഷിപ്പണിയിൽനിന്ന് കിട്ടുന്ന പൈസകൊണ്ടാണ് ഹീരയും, മനോജും, ഷാലുവും വീട്ടിലെ ചിലവുകളെല്ലാം നടത്തിയിരുന്നത്. കൃഷിയും കൊയ്യലുമായി മാസത്തിൽ കഷ്ടിച്ച് ഇരുപത് ദിവസം പണിയുണ്ടാവും. 100 രൂപ ദിവസക്കൂലി വെച്ച് മൂന്നുപേർക്കും കൂടി 5,000 മുതൽ 6,000 രൂപവരെയാണ് ലഭിക്കുക. വിളവെടുപ്പ് കഴിഞ്ഞാൽ രണ്ടുമാസം മനോജ്, താനെയിലോ കല്യാണിലോ, മുംബൈയിലോ കെട്ടിടനിർമ്മാണ ജോലിക്ക് പോവും. “ഒരു രണ്ട് മാസം പണിക്ക് പോയി, നടീലിന്‍റെ സമയമാവുമ്പോഴേക്കും തിരിച്ചുവരും. സിമന്‍റ് ജോലിയേക്കാൾ എനിക്കിഷ്ടം കൃഷിപ്പണിയാണ്” 2018-ൽ മനോജ് എന്നോട് പറഞ്ഞു.
അരിയും എണ്ണയും ഉപ്പും വാങ്ങാനും വിത്തലിന്‍റെ ചികിത്സയ്ക്കും, ഓലമേഞ്ഞ ഒറ്റമുറി മൺവീടിന്‍റെ കറന്‍റ് ബില്ല് അടയ്ക്കാനുമാണ് കുടുംബത്തിന്‍റെ വരുമാനം ഉപയോഗിക്കുന്നത്. മാസത്തിൽ രണ്ടുതവണ ഷഹാപുർ സബ് ജില്ലാ ആശുപത്രിയിൽ വിത്തലിന് രക്തം മാറ്റിവെക്കണം. വൈദ്യപരിശോധനകൾ വേറെയും. ആശുപത്രിയിൽ മരുന്ന് കിട്ടാതാവുമ്പോൾ, മാസത്തിൽ 300-400 രൂപ കൊടുത്ത് ഗുളികകളും വാങ്ങണം.
കോവിഡ്-19 ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടർന്ന് താനെയിലെയും പാൽഘറിലെയും ഇഷ്ടികച്ചൂളകൾ പൂട്ടിയപ്പോൾ 38 വയസ്സുള്ള സഖി മൈത്രേയയ്ക്കും (മുകളിലെ കവർച്ചിത്രത്തിൽ) അവരുടെ കുടുംബത്തിനും ദഹാനു താലൂക്കിലെ ചിഞ്ചലെ ഗ്രാമത്തിലുള്ള രണ്ടോൾപാഡ ചേരിയിലേക്ക് തിരിച്ചുപോരേണ്ടിവന്നു. ഫെബ്രുവരി മുതൽ ജോലി ചെയ്തിരുന്ന താനെ ജില്ലയിലെ, ഭിവണ്ടി താലൂക്കിലുള്ള ഗണേഷ്പുരി ഗ്രാമത്തിലെ ഇഷ്ടികച്ചൂളയിൽനിന്ന് 70 കിലോമീറ്റർ താണ്ടിയിട്ടാണ് കാൽനടയായി അവർ തിരിച്ചെത്തിയത്.
രണ്ടോൾപാഡയിൽ താമസിക്കുന്ന 20 വൊർളി ആദിവാസി കുടുംബങ്ങളിലൊന്നാണ് സഖിയും, അവരുടെ 47 വയസ്സുള്ള ഭർത്താവ് റിഷിയയും, 17 വയസ്സുള്ള മകൾ സരികയും, 14 വയസ്സുള്ള മകൻ സുരേഷും അടങ്ങുന്ന കുടുംബം.
2014-ൽ പ്രത്യേക ജില്ലയാവുന്നതിന് മുമ്പ് താനെ ജില്ലയുടെ ഭാഗമായിരുന്നപ്പോൾ പാൽഘറിലെ പട്ടികവർഗ്ഗത്തിന്‍റെ മൊത്തം ജനസംഖ്യ 1,542,451 ആയിരുന്നു. ആകെ ജനസംഖ്യയുടെ 13.95 ശതമാനം (2011-ലെ സെൻസസ്). ഈ ഇരുജില്ലകൾക്കകത്തും ചുറ്റുവട്ടത്തുമായി കിടക്കുന്ന വനത്തിലെ 330,000 ഹെക്ടറിലാണ് മാ താക്കൂർ, കട്കരി, വൊർളി, മൽഹാർകോളി തുടങ്ങിയ ആദിവാസി ഗോത്രങ്ങൾ താമസിക്കുന്നത്.
മഴക്കാലത്ത് നടത്തുന്ന കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞാൽ, നവംബറോടെ, എല്ലാ വർഷവും, താനെയിലെയും പാൽഘറിലെയും ആദിവാസി കർഷകത്തൊഴിലാളികൾ പലായനം ചെയ്യാൻ തുടങ്ങും. അടുത്ത മഴക്കാലംവരെ അവർ ഇഷ്ടികച്ചൂളകളിൽ തൊഴിലെടുക്കും.
ഇഷ്ടികച്ചൂളയിൽ ഒരു കൊല്ലം പണിയെടുത്ത് സഖിയുടെ കുടുംബം 60,000 മുതൽ 70,000 രൂപവരെ സമ്പാദിക്കും. “കഴിഞ്ഞ കൊല്ലം, ഭൂകമ്പമുണ്ടാവുമെന്ന് പേടിച്ച് ഞങ്ങൾക്ക് പോകാൻ കഴിഞ്ഞില്ല. ഞങ്ങൾ വീട് നോക്കാൻ ഇവിടെത്തന്നെ നിന്നു” എന്ന് സഖി എന്നോട് ഫോണിൽ പറഞ്ഞു.
2019 മാർച്ചിൽ ഞാൻ അവരെ കാണുമ്പോൾ അസ്ബസ്റ്റോസിന്‍റെ മേൽക്കൂരയുള്ള അവരുടെ ഇഷ്ടികവീടിന് ഭൂകമ്പത്തിൽ വിള്ളൽ വീണിരുന്നു. 2018 നവംബർ മുതൽ പാൽഘർ ജില്ലയിലെ ദഹാനു, തൽസാരി താലൂക്കുകളിൽ ആയിരത്തോളം ചെറിയ ഭൂമികുലുക്കങ്ങൾ ഉണ്ടായി. അതിൽ ശക്തികൂടിയ ഒന്ന് – ഭൂകമ്പമാപിനിയിൽ 4.2 രേഖപ്പെടുത്തിയത് – ആ മാസം ദഹാനുവിലായിരുന്നു. അതുകൊണ്ട് രണ്ടോൾപാഡയിലെ വൊർളി കുടുംബങ്ങൾ 2019-ൽ ഇഷ്ടികച്ചൂളകളിലേക്ക് പോകാതെ വീടുകളിൽത്തന്നെ തങ്ങി.
ഈ വർഷം സഖിയും കുടുംബവും ഫെബ്രുവരിയിൽ ഇഷ്ടികച്ചൂളയിലേക്ക് പോയെങ്കിലും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ രണ്ട് മാസത്തിനുള്ളിൽ അവർക്ക് മടങ്ങേണ്ടിവന്നു. മാർച്ച് 27-ന് സൂര്യനുദിക്കുന്നതിനുമുൻപ് വസ്ത്രങ്ങളും വീട്ടുസാമഗ്രികളും 10 കിലോഗ്രാം അരിയുമൊക്കെ തലയിലേറ്റി ഗണേഷ്പുരിയിൽനിന്ന് അവർ മടക്കയാത്ര തുടങ്ങി. “ഇഷ്ടികച്ചൂളയുടെ ഉടമസ്ഥൻ ചൂള പൂട്ടി, ജോലി ചെയ്ത ഏഴ് ആഴ്ചയുടെ പൈസ തന്ന് ഞങ്ങളെ പറഞ്ഞയച്ചു. പക്ഷേ ഇതുകൊണ്ട് ഞങ്ങൾക്കെന്താകാനാണ്? കഴിഞ്ഞകൊല്ലവും ഒന്നും സമ്പാദിക്കാൻ പറ്റിയില്ല. ഒരു കൊല്ലത്തേക്ക് 20,000 രൂപ കിട്ടിയിട്ട് എങ്ങിനെ ജീവിക്കും?” ഉടമസ്ഥൻ പോകാൻ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയാമോ എന്ന് ഞാനവരോട് ചോദിച്ചു. “എന്തോ വൈറസാണത്രെ. എല്ലാവരും തമ്മിൽത്തമ്മിൽ അകലം പാലിക്കണമെന്നും”. സഖി പറഞ്ഞു.
മഴക്കാലത്ത് നടത്തുന്ന കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞാൽ, നവംബറോടെ, എല്ലാ വർഷവും, താനെയിലെയും പാൽഘറിലെയും ആദിവാസി കർഷകത്തൊഴിലാളികൾ പലായനം ചെയ്യും. അടുത്ത മഴക്കാലംവരെ അവർ ഇഷ്ടികച്ചൂളകളിൽ തൊഴിലെടുക്കും.
2019 ഓഗസ്റ്റിലെ കനത്ത മഴയിൽ തകർന്ന തങ്ങളുടെ വീടുകൾ പുനർനിർമ്മിക്കാൻ ഒരുങ്ങുകയായിരുന്നു പാൽഘറിലെ വിക്രംഗഢ് താലൂക്കിലെ ബൊറാൻഡെ ഗ്രാമത്തിലെ 48 വയസ്സായ ബാല വാഗും കട്കരി ഗോത്രത്തിലെ മറ്റുള്ളവരും. വൈതരണ നദി കരകവിഞ്ഞ് ഗ്രാമത്തിലെ നിരവധി വീടുകൾ തകർന്നിരുന്നു. വെള്ളപ്പൊക്കത്തിനുശേഷം ബാലയടക്കം കുടുംബത്തിലെ ആറുപേരും – 36 വയസ്സുള്ള ഭാര്യ ഗൗരിയും, കൌമാരപ്രായക്കാരായ മൂന്ന് പെൺമക്കളും ഒമ്പത് വയസ്സുള്ള മകനും- തകർന്ന വീടിന്‍റെ മുകളിൽ പ്ലാസ്റ്റിക്ക് ഷീറ്റുകൾകൊണ്ട് മേൽക്കൂര കെട്ടിയാണ് താമസിച്ചിരുന്നത്.
വീട് കെട്ടാനുള്ള പണം സമ്പാദിക്കാമെന്ന മോഹത്തിലാണ് അവർ ഷഹാപുർ താലൂക്കിലുള്ള തെംഭാരെ ഗ്രാമത്തിലെ ഇഷ്ടികച്ചൂളയിലേക്ക് പോയത്. “മാർച്ച് 11-ന് ഞങ്ങൾ അങ്ങോട്ട് പോയി. മാർച്ച് 25-ന് മടങ്ങിപ്പോരേണ്ടിവന്നു” ബാല ഫോണിൽ പറഞ്ഞു. വീട്ടിലേക്കുള്ള 58 കിലോമീറ്റർ കാൽനടയായി തിരിച്ചുവരുമ്പോൾ അവരുടെ കൈയ്യിലുണ്ടായിരുന്നത്, ആ രണ്ടാഴ്ച ജോലിചെയ്തുണ്ടാക്കിയ 5,000 രൂപയായിരുന്നു.
“എല്ലാം തീർന്നു”, ബാല പറഞ്ഞു. കുടുംബത്തെക്കുറിച്ചുള്ള ആശങ്കയും നിരാശയും അയാളുടെ ശബ്ദത്തിൽ ഘനീഭവിച്ചിരുന്നു. “ആശ തായ് (ആശ പ്രവര്‍ത്തക) വന്ന് ഞങ്ങളോട് കൈ സോപ്പിട്ട് കഴുകാനും അകലം പാലിക്കാനും പറഞ്ഞു. മര്യാദയ്ക്കൊരു വീടുപോലും ഇല്ലെങ്കിൽപ്പിന്നെ എങ്ങനെയാണതൊക്കെ സാധ്യമാവുക? ഇതിലും ഭേദം മരിക്കുകയാണ്”.
കോവിഡ്-19-ന്‍റെ സഹായനിധിയുടെ ഭാഗമായി പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയുടെ കീഴിൽ പൈസ നേരിട്ട് ബാങ്ക് അക്കൌണ്ടിലെത്തുന്നതിനെക്കുറിച്ച് മാർച്ച് 26-ന് ധനമന്ത്രി പ്രഖ്യാപിച്ചത് ബാലയ്ക്ക് ചെറിയൊരു പ്രതീക്ഷ നൽകിയിട്ടുണ്ട്. “ഗ്രാമത്തിലെ ആരോ എന്നോട് അതിനെക്കുറിച്ച് പറഞ്ഞു” ബാല പറഞ്ഞു. “എന്തെങ്കിലും പൈസ കിട്ടുമോ? എനിക്ക് ബാങ്ക് അക്കൗണ്ടൊന്നുമില്ല”.
പരിഭാഷ: രാജീവ് ചേലനാട്ട്