“ഞാനതിനെ വടികൊണ്ട് അടിച്ചു. പക്ഷെ അതെന്റെ നേര്‍ക്ക് ചാടി കഴുത്തിലും കൈകളിലും നഖങ്ങള്‍കൊണ്ട് മാന്തി. ഞാന്‍ 4 കിലോമീറ്റര്‍ വനത്തിനുള്ളിലായിരുന്നു. എന്റെ വസ്ത്രങ്ങള്‍ രക്തത്തില്‍ മുങ്ങി. വീട്ടിലേക്ക് നടക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി.” പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും സുഖം പ്രാപിച്ചുകൊണ്ട് അടുത്ത രണ്ടാഴ്ച വിശാല്‍റാം മര്‍കാം ആശുപത്രിയില്‍ ചിലവഴിച്ചു. പക്ഷെ തന്റെ എരുമകള്‍ക്ക് ഒന്നും സംഭവിച്ചില്ല എന്ന കാര്യത്തില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. “പുള്ളിപ്പുലി എന്റെ പട്ടികളെപ്പോലും ആക്രമിച്ചു. അവ ഓടിപ്പോയി”, അദ്ദേഹം പറഞ്ഞു.
2005-ലാണ് ആക്രമണം നടന്നത്. അതിനും മുന്‍പും ശേഷവും ഹിംസ്ര മൃഗങ്ങളെ വളരെയടുത്ത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ മര്‍കാം ഇപ്പോള്‍ ആക്രമണത്തെ ചിരിച്ചു തള്ളുന്നു. വിശന്നു വലഞ്ഞ പുള്ളിപ്പുലികളെ കൂടാതെ കടുവ, ചെന്നായ, കുറുനരി, കാട്ടുനായ, കുറുക്കന്, കാട്ടുപന്നി പിന്നെ മ്ലാവും പുള്ളിമാനും വരെ ഛത്തീസ്ഗഢിലെ ജബര്‍റ വനത്തിലുണ്ട്. വേനല്‍ കാലത്ത് വനത്തിലെ വിരളമായ ജലസ്രോതസ്സുകള്‍ അന്വേഷിച്ച് മൃഗങ്ങള്‍ നീങ്ങുമ്പോള്‍ വിശക്കുന്ന ഹിംസ്ര മൃഗങ്ങളെ കണ്ടുമുട്ടാനുള്ള സാദ്ധ്യത ഇരട്ടിയാണ്. ചിലപ്പോള്‍ അത് മൂന്നിരട്ടിയുമാകുന്നു.
“എന്റെ എരുമകള്‍ കാട്ടില്‍ തനിയെ അലഞ്ഞു നടക്കും. അവ തിരിച്ചു വരുന്നില്ലെങ്കില്‍ മാത്രമെ ഞാന്‍ അന്വേഷിച്ചു പോകൂ”, മര്‍കാം പറഞ്ഞു. “ചിലപ്പോള്‍ എന്റെ മൃഗങ്ങള്‍ രാവിലെ 4 മണിവരെ തിരിച്ചുവരില്ല. ഞാനൊരു ഡബിള്‍ [ശക്തിയേറിയ] ടോര്‍ച്ചെടുത്ത് രാത്രിയില്‍ കാട്ടില്‍ അവയെ തപ്പും.” അദ്ദേഹം തന്റെ പാദം ഞങ്ങളെ കാണിച്ചു. നഗ്നപാദനായി കാട്ടില്‍ പലതവണ നടന്നതിന്റെ ഫലമായുണ്ടായ മുറിവുകളും പരുവുമൊക്കെ പാദത്തില്‍ ഉണ്ടായിരുന്നു.
സ്വതന്ത്രമായി വിഹരിക്കുന്ന അദ്ദേഹത്തിന്റെ എരുമകള്‍ എല്ലാ ദിവസവും മേച്ചല്‍ പുറങ്ങള്‍ തേടി വനത്തിനുള്ളിലേക്ക് 9-10 കിലോമീറ്റര്‍ സഞ്ചരിക്കും. ധംതരി ജില്ലയിലെ നഗ്രി തഹ്സീലിലെ ജബര്‍റ ഗ്രാമത്തിനടുത്താണ് വനം. “വേനല്‍ക്കാലത്ത് ഭക്ഷണമന്വേഷിച്ച് അവ ഇരട്ടിദൂരം സഞ്ചരിക്കുന്നു. ഇനി കാടിനെ ആശ്രയിക്കുക ബുദ്ധിമുട്ടാണ്. മൃഗങ്ങള്‍ വിശന്ന് ചാകുന്നു”, മര്‍കാം പറഞ്ഞു.
“ഞാനവയ്ക്ക് തിന്നാനായി വൈക്കോല്‍ വാങ്ങുന്നു. പക്ഷെ അവയ്ക്കിഷ്ടം കാട്ടില്‍ ചുറ്റിനടന്ന് കാട്ടുപുല്ലുകള്‍ തിന്നാനാണ്”, തന്നിഷ്ടക്കാരായ കുട്ടിക്കൂട്ടത്തെപ്പോലെ തന്റെ കാലിക്കൂട്ടങ്ങളെ കണക്കാക്കി മര്‍കാം പറഞ്ഞു. കൂടാതെ, എല്ലാ രക്ഷാകര്‍ത്താക്കളെയും പോലെ അവയെ തിരിച്ചു വരുത്തുന്നതിനായി അദ്ദേഹത്തിന് ചില സൂത്രപ്പണികള്‍ ഉണ്ടായിരുന്നു – അവയ്ക്ക് ഇഷ്ടമുള്ള ഉപ്പ് നക്കാന്‍ നല്‍കുക. ഇത് അവയെ എല്ലാ ദിവസവും രാത്രി 8 മണിയോടെ വീട്ടിലെത്തിക്കുന്നു. യജമാനന്റെ ഇഷ്ടികകളും മണ്ണുംകൊണ്ടുണ്ടാക്കിയ വീടിനോട് ചേര്‍ന്ന് വേലികെട്ടിത്തിരിച്ച വലിയൊരു മുറ്റമായിരുന്നു കന്നുകാലികളുടെ ‘വീട്’.
ജബര്‍റയിലെ 117 വീടുകളില്‍ ഭൂരിപക്ഷവും ഗോണ്ഡ്, കമര്‍ ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവരും കുറച്ചുപേര്‍ യാദവരുമാണ് (യാദവരെ സംസ്ഥാനത്ത് മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ പെടുത്തിയിരിക്കുന്നു). ഗോണ്ഡ് ആദിവാസിയായ മര്‍കാമിന് 5,352 ഹെക്ടര്‍ വരുന്ന ആ കാടിനെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയാം. ഇതിന്റെ പരിസരത്താണ് 50 വര്‍ഷത്തോളം വരുന്ന തന്റെ ആയുസിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗവും അദ്ദേഹം ചിലവഴിച്ചത്. “പ്രദേശത്തെ ഒരു സ്ക്കൂളില്‍ ഞാന്‍ 5-ാം ക്ലാസ്സ് വരെ പഠിച്ചു, പിന്നെ ഇവിടെ കൃഷി ചെയ്യാന്‍ തുടങ്ങി”, അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢിന്റെ കിഴക്കേകോണിലുള്ള ധംതരി ജില്ലയുടെ 52 ശതമാനവും സംരക്ഷിത പ്രദേശമായി നീക്കി വച്ചിരിക്കുന്നുവെന്നും അതിന്റെ പകുതിയോളം നിബിഡ വനമാണെന്നും 2019-ലെ ഫോറസ്റ്റ് സര്‍വെ ഓഫ് ഇന്‍ഡ്യയുടെ ഒരു റിപ്പോര്‍ട്ട് പറയുന്നു. ധാരാളമായി കാണപ്പെടുന്ന കൈമരുത്, തേക്ക് എന്നീ മരങ്ങള്‍ കൂടാതെ കരിമരുത്, മരുത്, കടുക്ക, താന്നി, ടിന്‍സ , വേങ്ങ, പേഴ്, മഹുവ എന്നീ മരങ്ങളും അവിടെയുണ്ട്.
വര്‍ഷങ്ങളായി മഴ കുറഞ്ഞുവരുന്നതും മരത്തിന്റെ ശാഖകള്‍ മുറിക്കുന്നതും മൃഗങ്ങളുടെ മേച്ചല്‍പ്പുറങ്ങള്‍ കുറയ്ക്കുന്നു. തന്റെ കാലിക്കൂട്ടങ്ങളുടെ എണ്ണം 90-ല്‍ നിന്നും 60-70 എരുമകളായി കുറച്ചിട്ടുണ്ടെന്നും അവയില്‍ തന്നെ 15 എണ്ണം കുഞ്ഞുങ്ങളാണെന്നും മര്‍കാം പറഞ്ഞു. “എരുമകള്‍ക്ക് കാട്ടില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു വരുന്നു. മരങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കുകയാണെങ്കില്‍ ഒരുപക്ഷെ അത് വര്‍ദ്ധിക്കുമായിരിക്കും”, അദ്ദേഹം പറഞ്ഞു. എന്റെ കാലികള്‍ക്ക് വൈക്കോല്‍ വാങ്ങാനായി 10,000 രൂപയിലധികം ഞാന്‍ [2009-ല്‍] ചിലവഴിച്ചു. ഓരോ ട്രാക്റ്റര്‍ ലോഡിനും 600 രൂപ വീതം ചിലവായി. കര്‍ഷകരില്‍ നിന്നും അവ വാങ്ങുന്നതിനായി എനിക്ക് ഇരുപതിലധികം ട്രിപ്പുകള്‍ വേണ്ടിവന്നു.
വേനല്‍ കാലത്ത് വനത്തിലെ വിരളമായ ജലസ്രോതസ്സുകള്‍ അന്വേഷിച്ച് മൃഗങ്ങള്‍ നീങ്ങുമ്പോള്‍ വിശക്കുന്ന ഹിംസ്ര മൃഗങ്ങളെ കണ്ടുമുട്ടാനുള്ള സാദ്ധ്യത ഇരട്ടിയാണ്. ചിലപ്പോള്‍ അത് മൂന്നിരട്ടി പോലുമാകുന്നു
2006-ലെ വനാവകാശ നിയമത്തിന് കീഴില്‍ ജബര്‍റ ഗ്രാമസഭയ്ക്ക് 2019 ഓഗസ്റ്റില്‍ നല്കിയ ‘സാമൂഹ്യ വനവിഭവ നിയമം’ നടപ്പിലാക്കുന്നതിലൂടെ മേച്ചല്‍ പ്രദേശങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാമെന്ന് മര്‍കാമിന് പ്രതീക്ഷിക്കാം. സമുദായം പരമ്പരാഗതമായി സംരക്ഷിച്ചു കൊണ്ടിരിക്കുന്ന വനവിഭവങ്ങള്‍ “സംരക്ഷിക്കാനും പുനരുല്പാദിപ്പിക്കാനും പരിപാലിക്കാനും അല്ലെങ്കില്‍ നിര്‍വഹിക്കാനുമുള്ള അവകാശം” സമുദായത്തിനുണ്ട്. ഈ നിയമങ്ങളുള്ള ഛത്തീസ്ഗഢിലെ ആദ്യത്തെ ഗ്രാമമാണ് ജബര്‍റ.
“ഏതൊക്കെ മരങ്ങള്‍ സംരക്ഷിക്കുകയും നടുകയും ചെയ്യണം; ഏതൊക്കെ മൃഗങ്ങളെ മേയാന്‍ വിടണം; ആര്‍ക്കൊക്കെ വനത്തില്‍ പ്രവേശിക്കാം; ചെറിയ കുളങ്ങളുടെ നിര്‍മ്മാണം; മണ്ണൊലിപ്പ് തടയുന്നതിനുള്ള നടപടികള്‍ - ഈ വിഷയങ്ങളിന്മേലുള്ള തീരുമാനങ്ങളൊക്കെ നിലവില്‍ ഗ്രാമസഭകളാണ് എടുക്കേണ്ടത്”, പ്രഖര്‍ ജയിന് പറഞ്ഞു. ജബര്റയില് പഞ്ചായത്ത് (എക്സ്റ്റന്‍ഷന്‍ റ്റു ഷെഡ്യൂള്‍ഡ് ഏരിയാസ്) ആക്റ്റ്, അല്ലെങ്കില്‍ പെസ (Panchayat (Extension to Scheduled Areas) Act അല്ലെങ്കില്‍ PESA) നടപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള ജില്ല കോഓര്‍ഡിനേറ്ററാണ് അദ്ദേഹം.
നിയമ വ്യവസ്ഥകളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മര്‍കാം പുറത്തുനിന്നുള്ള നിരവധിപേര്‍ കാട്ടിലേക്ക് വന്ന് അതിന് ദോഷമുണ്ടാക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. “പുറത്തു നിന്നുള്ളവര്‍ മീന്‍ പിടിക്കാന്‍ ജലസ്രോതസ്സുകളില്‍ കീടനാശിനികള്‍ തളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വലിയ മൃഗങ്ങളെ പിടിക്കാന്‍ വിഷം ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു. “അവര്‍ ഞങ്ങളുടെ ആളുകളല്ല.”
കുറഞ്ഞു കൊണ്ടിരിക്കുന്ന പുല്ലിന്റെ പ്രശ്നം അടുത്ത ഗ്രാമസഭാ യോഗത്തില്‍ താന്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇതുവരെ ഞാനത് ചെയ്തിട്ടില്ല, കാരണം എനിക്ക് അതിനുള്ള സമയം ഇല്ലായിരുന്നു. രാത്രി വളരെ വൈകുന്നിടംവരെ ഞാന്‍ ചാണകം ശേഖരിക്കുകയായിരിക്കും. പിന്നെ ഞാനെങ്ങനെ യോഗത്തില്‍ പങ്കെടുക്കും?”, താനിക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. “വനനശീകരണത്തിനെതിരെ ഞങ്ങളുടെ ആളുകള്‍ ഒന്നിക്കേണ്ടതുണ്ട്. വനം സംരക്ഷിച്ചാല്‍ ഞങ്ങളുടെ അതിജീവനോപാധികള്‍ സുരക്ഷിതമായിരിക്കും. വനം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങളുടെ കരങ്ങളിലാണ്.”
വനത്തിന്റെ ഓരത്ത് സ്ഥിതിചെയ്യുന്ന മൂന്ന് മുറികളുള്ള മര്കാമിന്റെ ഇടത്തരം വീടിന്റെ മുന്‍വശത്തുള്ള വലിയ മുറ്റത്താണ് രാത്രിയില്‍ അദ്ദേഹം എരുമക്കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നത്. അതിനടുത്തുള്ള തുറന്ന പ്രദേശത്ത് വലിയ മൃഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്നു.
രാവിലെ 6:30-ന് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോള്‍ സൂര്യന് ഉദിച്ചു വരികയായിരുന്നു. തണുത്ത രാത്രിയില്‍ അദ്ദേഹം കത്തിച്ച വിറകിന്റെ കനലുകള്‍ അപ്പോഴും ജ്വലിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ അന്തരീക്ഷം വിശ്രമമില്ലാത്ത എരുമകളുടെയും അസ്വസ്ഥരായ എരുമക്കുഞ്ഞുങ്ങളുടെയും ചെറിയ മുരള്‍ച്ചയുടെ ശബ്ദങ്ങള്‍ കൊണ്ട് നിറഞ്ഞു. ധംതരി പട്ടണത്തിലെ വ്യാപാരികള്‍ക്ക് പാല് നല്കിക്കഴിഞ്ഞിരുന്നതിനാല് മുറ്റത്തുണ്ടായിരുന്ന വലിയ പാല് പാത്രങ്ങള്‍ ഉണങ്ങാന്‍ തുടങ്ങിയിരുന്നു. നല്ലൊരു ദിവസം 35-40 ലിറ്റര്‍ പാല് അദ്ദേഹം വില്‍ക്കും. ഒരു ലിറ്ററിന് ഏകദേശം 35 രൂപ ലഭിക്കും. ചാണകവും വില്‍ക്കും. “എല്ലാ ദിവസവും [മുളകൊണ്ടുണ്ടാക്കിയ] 50-70 കുട്ടകളില്‍ ഞാന്‍ ചാണകം ശേഖരിക്കും. നഴ്സറി തോട്ടങ്ങള്‍ അവ വാങ്ങും. ഒരു ട്രാക്ടര്‍ ട്രോളിയില്‍ കൊള്ളാവുന്നത്രയും ചാണകം മാസത്തില്‍ 1,000 രൂപയ്ക്ക് എനിക്ക് വില്ക്കാന് പറ്റും”, അദ്ദേഹം പറഞ്ഞു.
ഞങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, എരുമക്കുഞ്ഞുങ്ങള് വിട്ടുപോകാതിരിക്കാനായി, അദ്ദേഹം രണ്ട് വേലിക്കമ്പുകള്ക്ക് കുറുകെ ഒരു നീണ്ട കമ്പ് സ്ഥാപിച്ചു. മേയാന്‍ വിട്ടിരിക്കുന്ന വലിയ എരുമകളോട് കുഞ്ഞുങ്ങള്‍ ചേരാതിരിക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. “അവ ചെറുതാണ്. വീട്ടില്‍നിന്നും ഒരുപാട് അകലെ അവയെ വിടാന്‍ എനിക്ക് കഴിയില്ല, വിട്ടാല്‍ അവയെ തട്ടിയെടുത്ത് തിന്നും”, അദ്ദേഹം പറഞ്ഞു. തടഞ്ഞതിനോടുള്ള പരാതിയെന്ന നിലയില്‍ ഒച്ചയുണ്ടാക്കുകയും ഉന്തിത്തള്ളുകയും ചെയ്യുന്ന എരുമക്കഞ്ഞുങ്ങളുടേതിനേക്കാള് ഉയര്‍ന്ന ശബ്ദത്തിലാണ് അദ്ദേഹം സംസാരിച്ചത്.
മൃഗങ്ങളെ മേയിക്കുന്നത് കൂടാതെ അദ്ദേഹം തന്റെ ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുകയും ചെയ്യുന്നു. നെല്ലാണ് അദ്ദേഹം നടുന്നത്. ഒരുവര്‍ഷം ഏകദേശം 75 കിലോയാണ് അദ്ദേഹം ഉല്പാദിപ്പിക്കുന്നു. അത് മുഴുവന്‍ അദ്ദേഹവും കുടുംബവും ഉപയോഗിക്കുന്നു. “കൃഷിയാണ് [അതുമാത്രം] ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. പിന്നെ ഞാന്‍ 200 രൂപയ്ക്ക് ഒരു എരുമയെ വാങ്ങി. അത് 10 കുഞ്ഞുങ്ങളെ പ്രസവിച്ചു”, എങ്ങനെയാണ് കാലിവളര്‍ത്തല്‍ രംഗത്ത് എത്തിപ്പെട്ടതെന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ജബര്‍റയിലെ ഏകദേശം 460 പേര് വരുന്ന ജനസംഖ്യയുടെ ഭൂരിഭാഗവും ചെറിയ സ്ഥലത്ത് നെല്ല്, മുതിര, ഉഴുന്ന് ചെടി എന്നിവയൊക്കെ കൃഷി ചെയ്യുകയും, മഹുവപ്പൂക്കളോ തേനോ പോലെയുള്ള തടിയേതര വനവിഭവങ്ങള്‍ ശേഖരിക്കുകയും, കാലികളെ വളര്‍ത്തുകയും ചെയ്യുന്നു.
മര്‍കാം തന്റെ ഭാര്യ കിരണ്‍ ബായിയോടൊപ്പമാണ് ജീവിക്കുന്നത്. മൃഗങ്ങളെ പരിപാലിക്കുന്ന കാര്യത്തില്‍ അവര്‍ അദ്ദേഹത്തെ സഹായിക്കുന്നു. സ്പെഷ്യല്‍ പോലീസ് ഓഫീസറായിരുന്ന മൂത്ത മകനെ തീവ്രവാദികളുമായുള്ള ‘ഏറ്റുമുട്ടലില്‍’ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. മറ്റൊരു മകന് പാമ്പ് കടിയേറ്റാണ് മരിച്ചത്. വിവാഹിതരായ അവശേഷിക്കുന്ന രണ്ട് പെണ്മക്കള് കുറച്ചകലെയാണ് താമസിക്കുന്നത്.
2020 മാര്‍ച്ച് മുതലുള്ള കോവിഡ്-19 ലോക്ക്ഡൗണുകളുടെ സമയത്ത് മര്‍കാമിന് കുറച്ച് നഷ്ടങ്ങള്‍ സംഭവിച്ചു. കാരണം ധംതരിയിലെ വിപണിയില്‍ എരുമകളുടെ പാല് എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. “ഭക്ഷണശാലകളും കടകളുമെല്ലാം അടച്ചു. അത് ഞങ്ങളുടെ പാല് വിതരണ സംവിധാനത്തെ ബാധിച്ചു”, അദ്ദേഹം പറഞ്ഞു. അദ്ദേഹം നെയ്യ് ഉല്പാദന രംഗത്തേക്ക് തിരിഞ്ഞു. നെയ്യ് വളരെക്കാലം അലമാരയില്‍ സൂക്ഷിക്കാന്‍ പറ്റും. തിളയ്ക്കുന്ന പാലും പാല്‍പ്പാടയും ഇളക്കാന്‍ കിരണ്‍ ബായ് അദ്ദേഹത്തെ സഹായിക്കുമായിരുന്നു.
കമര്‍ ആദിവാസിയായ കിരണ്‍ ബായ് മര്കാമിന്റെ രണ്ടാമത്തെ ഭാര്യയാണ്. ഛത്തീസ്ഗഢിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ ഗോണ്ഡ് സമുദായത്തില്‍ പെടുന്ന അദ്ദേഹത്തിന് അവരെ വിവാഹം കഴിക്കാന്‍ വില നല്‍കേണ്ടിവന്നു. “[സമുദായത്തിന്] പുറത്തുനിന്നും വിവാഹം കഴിച്ചതിനാല്‍ ശിക്ഷയെന്ന നിലയില്‍ ഏകദേശം ഒന്നരലക്ഷം രൂപ സദ്യയ്ക്കായി എനിക്ക് മുടക്കേണ്ടി വന്നു”, അദ്ദേഹം പറഞ്ഞു.
തന്റെ ജോലി ചെയ്യാന്‍ പിന്‍ഗാമികള്‍ ഇല്ലാത്തതിനാല്‍ തനിക്കുശേഷം മൃഗങ്ങളുടെ കാര്യം എന്താവുമെന്നോര്‍ത്ത് മര്‍കാം ദുഖിഃതനാണ്. “ഞാനില്ലാത്തപ്പോള്‍ എന്റെ മൃഗങ്ങള്‍ അലഞ്ഞുതിരിഞ്ഞു നടക്കും. ഞാന്‍ മരിക്കുകയാണെങ്കില്‍ എന്റെ മൃഗങ്ങളെ അഴിച്ചുവിടണം, കാരണം അവയെ നോക്കാന്‍ ആരുമില്ല”, അദ്ദേഹം പറഞ്ഞു. “അവയെ പരിപാലിക്കുന്ന ഈ ജോലിയില്‍ ഞാന്‍ പെട്ടുപോയി. മരിക്കുമ്പോള്‍ മാത്രമെ ഞാനവയെ പിരിയുകയുള്ളൂ.”
പാരി 2020 സെപ്റ്റംബര്‍ 22-ന് പ്രസിദ്ധീകരിച്ച മാറുന്ന കാലാവസ്ഥയില്‍ പ്രാണികളുടെ യുദ്ധങ്ങള്‍ എന്ന വീഡിയോയില്‍ വിശാല്‍റാം മര്‍കാം കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കുക.
പരിഭാഷ: റെന്നിമോന്‍ കെ. സി.