ശ്മശാനങ്ങള്‍ ഉരുകിക്കൊണ്ടിരിക്കുന്ന, ആശുപത്രികളില്‍ ഓക്സിജന്‍ തീര്‍ന്നുകൊണ്ടിരിക്കുന്ന നാട്ടിലാണ് അവള്‍ ജീവിച്ചത്. ഓ ഇസ്മായേല്‍, ശ്വസിക്കാന്‍ അയാള്‍ എത്രമാത്രം ബുദ്ധിമുട്ടി! ഡോക്ടര്‍മാരെ ജയിലില്‍ അടയ്ക്കുന്ന, കര്‍ഷകരെ തീവ്രവാദികളായി കാണുന്ന നാട്ടിലാണ് അവള്‍ ജീവിച്ചത്. സ്നേഹഭാജനങ്ങളായ നസിയയും സൊഹ്രാബും... ഓ! അരുമയായ അയ്‌ലീന്‍... അവള്‍ ഇനി എങ്ങനെ അവരെ ഊട്ടും? മനുഷ്യജീവികളെ നിസ്സാരരായും പശുക്കളെ വിശുദ്ധരായും കാണുന്ന നാട്ടിലാണ് അവള്‍ ജീവിച്ചത്. ഭര്‍ത്താവിനു മരുന്ന് വാങ്ങാനായി, ഉണ്ടായിരുന്ന ഒരു തുണ്ടുഭൂമി വിറ്റ അവള്‍ ഇനി എവിടെ അഭയം തേടും?
പ്രതിമകളും കക്കൂസുകളും വ്യാജ പൗരത്വവും വാഗ്ദാനം ചെയ്‌താല്‍ പീഡനങ്ങളെ ന്യായീകരിക്കാന്‍ പറ്റുന്ന നാട്ടിലാണ് അവള്‍ ജീവിച്ചത്. ശ്മശാനത്തിലെ അവസാനിക്കാത്ത വരികളില്‍ കാത്തുനിന്ന് കടന്നുകൂടാനായെങ്കിലും ശവക്കുഴി വെട്ടുന്നവര്‍ക്ക് അവള്‍ എന്തു നല്‍കും? കണ്ണട ധരിച്ച ബാബുമാരും ബീബിമാരും കാപ്പിച്ചിനോയും കഴിച്ച് വ്യവസ്ഥിതി തകര്‍ന്നോ അതോ വീണ്ടും തുടങ്ങാനുള്ള കൗശലങ്ങളായിരുന്നോ എന്നിങ്ങനെയുള്ള അഭിപ്രായങ്ങളെക്കുറിച്ച് അവസാനിക്കാത്ത തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട നാട്ടിലാണ് അവള്‍ ജീവിച്ചത്.
സൊഹ്രാബിനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. നസിയ കല്ല് പോലെ ആയിരുന്നു. അയ്‌ലീന്‍ അമ്മയുടെ ദുപ്പട്ടയുടെ അരികുകളില്‍ പിടിച്ചുകൊണ്ട് ചിരിച്ചു. ആംബുലന്‍സുകാരന്‍ 2,000 രൂപ അധികം പണം ആവശ്യപ്പെട്ടു. ഭര്‍ത്താവിന്‍റെ ശരീരത്തില്‍ തൊടരുതെന്ന് അയല്‍വാസികള്‍ അവള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രാത്രിയില്‍ ആരോ അവളുടെ വീടിന്‍റെ വാതിലില്‍ കട്വ സാല എന്നെഴുതിയിരുന്നു. ആളുകള്‍ രണ്ടാം ലോക്ക്ഡൗണിനെപ്പറ്റി അടക്കം പറഞ്ഞു.
അമ്പത് ചാക്ക് അരി പൂഴ്ത്തിവച്ചതിന് ഇന്നലെ റേഷന്‍ വ്യാപാരി പിടിയിലായി. സൊഹ്രാബ് ബോധംകെട്ടു വീണു. നസിയ അവളുടെ അച്ഛനെ മൂടിയിരുന്ന തുണിയുടെ അറ്റത്ത് ശക്തമായി പിടിച്ചു. അവളുടെ വിരലുകളില്‍ രക്തം പൊടിഞ്ഞു. വെളുപ്പിനോട് വിട പറയാന്‍ അഞ്ചുതുള്ളി കടുംചുവപ്പ്. അയ്‌ലീന്‍ ഉറങ്ങി. ഏറ്റവും ഉയര്‍ന്ന വിലയില്‍ ലേലം പിടിക്കുന്നയാള്‍ക്ക് എല്ലാം – റയില്‍വേ മുതല്‍ വാക്സിന്‍ വരെ, മന്ത്രിമാര്‍ മുതല്‍ കൈക്കുഞ്ഞുങ്ങള്‍ വരെ - വിറ്റ ഒരു നാട്ടിലാണ് അവള്‍ ജീവിച്ചത്.
അവള്‍ക്ക് കൃഷിഭൂമി നഷ്ടപ്പെട്ടു, എന്നിരിക്കിലും ഫോളിഡോളിന്‍റെ ഒരു കുപ്പി മാത്രം ഷെഡില്‍ അവശേഷിച്ചു. അവിടെയായിരുന്നു ഇസ്മയേല്‍ തന്‍റെ വെണ്മയുള്ള ജുബ്ബ തൂക്കിയിരുന്നത്. അദ്ദേഹം ഗ്രാമത്തിലെ മുവസിന്‍ [ഉസ്താദ്] ആയിരുന്നു. അവള്‍ക്ക് ഈ പുതിയ അസുഖം മൂലം അമ്മയേയും സഹോദരനേയും ഭര്‍ത്താവിനേയും ഒന്നിനു പുറകെ ഒന്നായി നഷ്ടപ്പെട്ടു. എന്നിരിക്കിലും മൂന്നു കുട്ടികള്‍ അവളുടെ ജീവിതത്തിന്‍റെ മിഹ് റാബും ഖിബ്ലായും ആയി അവശേഷിച്ചു. 9 വയസ്സുകാരിയായ നസിയയും 13 വയസ്സുകാരിയായ സൊഹ്രാബും കഷ്ടിച് 6 മാസം പ്രായമുള്ള അയ്‌ലീനും. എല്ലാത്തിനുമൊടുവില്‍ അവളുടെ തിരഞ്ഞെടുപ്പ് ലളിതമായിരുന്നു.
കുഞ്ഞേ
നോക്കൂ,
അമ്പിളിക്കലയിലൊരു
ഹൃദയമുണ്ട്.
അതിൽ തവിട്ട് നിറത്തിൽ
കാക്കത്തൊള്ളായിരം
വിള്ളലുകളുണ്ട്.
പൊടി
പടലങ്ങൾ
ആഘോഷക്കൂട്ടമാകുന്നു,
പൊടിപടലങ്ങൾ
നെടുവീർപ്പാകുന്നു,
പൊടിപടലങ്ങൾ
കർഷകന്‍റെ ചുവന്ന
താരാട്ട് പാട്ടാകുന്നു.
കുഞ്ഞേ, നീ
നിശബ്ദയാവുക,
ധീരയാവാൻ പഠിക്കുക,
തീച്ചൂള പോലെ ഉറങ്ങുക,
കല്ലറകൾ പോലെ പാടുക.
ഈ
നാട് വെണ്ണീരായിരിക്കുന്നു,
ദാഹിക്കുന്ന കുഴൽ.
ഓട്ടക്കലത്തിന്‍റെ
സ്വപ്നത്തിൽ
പെട്ടു പോയ കണ്ണാടിപോലെ.
നമ്മൾ കണക്കുകൾ
മാത്രമാകുന്നു,
ഒരു പനിനീർപൂവ് പോലെയോ
അതുമല്ലെങ്കിൽ
ഒരു കഴുകനെപ്പോലെയോ
വിശക്കുന്ന നവംബർ.
ദൈവം
വാക്സിനാകുന്നു,
ദൈവം ഗുളികയാകുന്നു,
ദൈവം ശവദാഹത്തിന്
നല്‍കാനില്ലാത്ത പണമാകുന്നു.
അന്നത്തിന്‍റെ
വീരഗാഥ,
അതല്ലെങ്കിൽ മുറിപ്പാടിലെ
ആകാശം.
മുന്നോട്ടാഞ്ഞ് നീങ്ങുകയാണ്.
ചുവപ്പൊരു
പ്രതിരോധമാകുന്നു,
ചുവപ്പൊരു കല്ലറയാകുന്നു,
ചുവപ്പ് തൊഴിലാളിയുടെ
നേർത്ത ഗർഭാവരണമാകുന്നു.
ദരിദ്രന്‍റെ
ആകാശം നിറയെ
അനുസരണയുടേയും
കീഴടങ്ങലിന്‍റേയും
മേഘങ്ങൾ.
ഒരു മൊട്ടുസൂചി മതി,
അവൻ മനോഹരമായി മൂടിയ ശവമാവാൻ.
മരണം
ഒരു നൃത്തമാകുന്നു,
കുഞ്ഞേ, നീ
നിശബ്ദമായി
തീ നാളങ്ങളിലേക്ക് നോക്കൂ,
നിഴലുകൾ നാണത്താൽ
ചുവക്കുന്നു.
**********
പദസഞ്ചയം
ഫിലോഡോള്‍
: കീടനാശിനി
ഘൂമാര്‍
: പരമ്പരാഗത രാജസ്ഥാനി നാടോടി നൃത്തം
ജുബ്ബ
: നീണ്ട കൈകളുള്ള അയഞ്ഞ ഉടയാട, വളരെ
അയഞ്ഞ കുര്‍ത്ത പോലെയുള്ള ഒന്ന്
കഫാന്‍
: ശവം മൂടുന്ന തുണി
മെഹ്ഫില്‍
: ആഘോഷക്കൂട്ടം
മെഹ്റൂണ്‍
: തവിട്ട് കലര്‍ന്ന ചുവപ്പ് നിറം
മിഹ് റാബ്:
മുസ്ലിം പള്ളിയില്‍ അര്‍ദ്ധവൃത്താകൃതിയില്‍
സ്ഥാപിച്ചിട്ടുള്ള
ഖിബ്ല
മുവസിന്‍
: മുസ്ലിം പള്ളിയില്‍ പ്രാര്‍ത്ഥന
വിളിക്കുന്നയാള്‍ (ഉസ്താദ്)
നയി ബിമാരി
: പുതിയ അസുഖം
നുസ്ര അത്
: വിജയം, സഹായം, പ്രതിരോധം
ഖിബ്ല
: കഅ്ബയിലേക്കുള്ള ദിശ
തഹ്സിന്‍
: സൗന്ദര്യവത്കരിക്കുക,
സമ്പന്നമാക്കുക
തസ്ലീം
: സമര്‍പ്പണം, വണക്കം
പരിഭാഷ (കവിത): അഖിലേഷ് ഉദയഭാനു
പരിഭാഷ (വിവരണം): റെന്നിമോന്‍ കെ. സി.