കടലൂർ മത്സ്യബന്ധന തുറമുഖത്ത് വ്യാപാരം ആരംഭിക്കുമ്പോൾ അവർക്ക് വെറും 17 വയസ്സായിരുന്നു. അവരുടെ കൈയിൽ ഉണ്ടായിരുന്നത് 1,800 രൂപയാണ് – ബിസിനസ് തുടങ്ങാനായി അമ്മ നൽകിയ മൂലധനം. ഇന്ന് 62-കാരിയായ വേണി വിജയിയായ ഒരു ലേലക്കാരിയും തുറമുഖത്തെ കച്ചവടക്കാരിയുമാണ്. വലിയ ബുദ്ധിമുട്ട് സഹിച്ചുകൊണ്ട് അവർ അഭിമാനപൂർവ്വം പണിത വീട് പോലെ തന്റെ ബിസിനസും അവർ “ഘട്ടം ഘട്ടമായി” നിർമ്മിച്ചു.
മദ്യത്തിനടിമയായിരുന്ന ഭർത്താവ് വിട്ടുപോയതിനു ശേഷം ഒറ്റയ്ക്കാണ് വേണി 4 മക്കളെ വളർത്തിയത്. അവരുടെ പ്രതിദിന വരുമാനം കുറവായിരുന്നു, കഴിഞ്ഞുകൂടാൻ അത് കഷ്ടിച്ചേ തികയുമായിരുന്നുള്ളൂ. റിംഗ് സെയിൻ മത്സ്യബന്ധനത്തിന്റെ (ring seine fishing) വരവോടുകൂടി ലക്ഷങ്ങൾ വായ്പ എടുത്ത് അവർ ബോട്ടിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിൽ നിന്ന് ലഭിച്ച വരവ് കൊണ്ട് അവർക്ക് മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാനും വീട് നിർമ്മിക്കാനും സാധിച്ചു.
1990-കളുടെ അവസാനം മുതൽ കടലൂർ തീരത്ത് റിംഗ് സെയിൻ മത്സ്യബന്ധനം പ്രചരിച്ചിരുന്നു. പക്ഷെ 2004-ലെ സുനാമിക്ക് ശേഷം ഇതിന്റെ ഉപയോഗം വളരെ വേഗം വർദ്ധിച്ചു. മത്തി, അയല, നെത്തോലി എന്നിങ്ങനെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കടൽ മത്സ്യങ്ങളെ പിടിക്കാൻ റിംഗ് സെയിൻ സംവിധാനത്തിന്റെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.
വലിയ മൂലധന നിക്ഷേപത്തിന്റെയും തൊഴിലിന്റെയും ആവശ്യകത ചെറുകിട മത്സ്യത്തൊഴിലാളികളെ ചിലവും ആദായവും പങ്കിടുന്ന ഓഹരി ഉടമകളുടെ സംഘങ്ങളാക്കുന്നു. ഇങ്ങനെയാണ് വേണിയൊരു നിക്ഷേപകയായതും അവരുടെ ബിസിനസ് വളർന്നതും. ലേലംവിളിക്കാരും വിൽപനക്കാരും മീൻ ഉണക്കുന്നവരുമായി റിംഗ് സെയിൻ ബോട്ടുകൾ സ്ത്രീകൾക്ക് അവസരം തുറന്നു നൽകി. “റിംഗ് സെയിനിന് നന്ദി, സമൂഹത്തിൽ എന്റെ പദവി ഉയർന്നു”, വേണി പറഞ്ഞു. “ഞാനൊരു ധീരയായ സ്ത്രീയായി മാറി, അങ്ങനെ ഞാൻ ഉയർന്നു വന്നു.”
ബോട്ടുകൾ പുരുഷന്മാരുടെ മാത്രം ഇടമാകുമ്പോൾ തന്നെ അവ തുറമുഖത്തടുക്കുമ്പോൾ സ്ത്രീകൾ കൈയേറുന്നു - പിടിച്ച മത്സ്യങ്ങൾ ലേലത്തിൽ പിടിക്കുന്നതു മുതൽ അവ വിൽക്കുന്നതു വരെയും, മീൻ മുറിക്കുകയും ഉണങ്ങുകയും ചെയ്യുന്നതു മുതൽ അവശിഷ്ടങ്ങൾ കളയുന്നതു വരെയും, ഐസ് മുതൽ ചായയും പാചകം ചെയ്ത ഭക്ഷണവും വിൽക്കുന്നതു വരെയും. മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ പൊതുവെ മീൻകച്ചവടക്കാരാണെങ്കിലും അത്രയും എണ്ണം തന്നെ സ്ത്രീകൾ വിൽപനക്കാരുമായുള്ള പങ്കാളിത്തത്തോടെ മത്സ്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. പക്ഷെ മത്സ്യബന്ധന മേഖലയ്ക്ക് സ്ത്രീകൾ നൽകുന്ന സംഭാവനകളുടെ മൂല്യങ്ങൾക്കും വൈവിധ്യങ്ങൾക്കും കാര്യമായ അംഗീകാരമൊന്നും ലഭിക്കുന്നില്ല.