ബേൽദാoഗയിൽനിന്നും കൊൽക്കൊത്തയിലേക്കുള്ള ഹസർദുവാരി എക്സ്പ്രസ്സ്‌ പ്ലാസ്സിയിലൂടെ കടക്കുമ്പോൾ, ഒരു ഏക്താരയുടെ സ്വരം കമ്പാർട്മെന്റിൽ നിറയുന്നു. സഞ്ജയ് ബിശ്വാസിന്റെ കൈയിലുള്ള കൂടയിൽ നിറച്ചും, അദ്ദേഹം മരം കൊണ്ടുണ്ടാക്കിയ കരകൗശലവസ്തുക്കളാണ്. ഒറ്റക്കമ്പിയുള്ള ഏക്താര മുതൽ ചർക്ക, ടേബിൾ-ലാമ്പ്, കാർ, ബസ്, അങ്ങനെയുള്ളവയെല്ലാം അക്കൂട്ടത്തിൽ കാണാം.

വളരെയധികം നൈപുണ്യത്തോടെ നിർമ്മിച്ചിരിക്കുന്ന ഈ വസ്തുക്കൾ, അവിടെ വിൽക്കപ്പെടുന്ന മറ്റു ചൈനീസ്-നിർമിത വസ്തുക്കളിൽനിന്നും വേറിട്ടുനിൽക്കുന്നു. കളിപ്പാട്ടങ്ങൾ, താക്കോൽവളയങ്ങൾ, കുടകൾ, ടോർച്ചുകൾ, ലൈറ്ററുകൾ, മറ്റ് കച്ചവടക്കാർ വിൽക്കുന്ന കർച്ചീഫുകൾ, പഞ്ചാംഗങ്ങൾ, മൈലാഞ്ചിപ്പുസ്തകങ്ങൾ, ജാൽമുരി, പുഴുങ്ങിയ മുട്ട, ചായ, കടല, മിനറൽ വെള്ളം എന്നിവയിൽനിന്നെല്ലാം വ്യത്യസ്തമാണ് ഇവ. അവയെല്ലാം ഇവിടെ ലഭ്യമാണ്. ഈ ട്രെയിനുകളിലെ ഓരോ കച്ചവടക്കാരനും അവരവരുടേതായ ഒരു സഞ്ചാരപാതയും കമ്പാർട്മെന്റും ഉണ്ട്.

നല്ല ലാഭത്തിൽ കിട്ടാനായി യാത്രക്കാർ കാര്യമായി വിലപേശാറുണ്ട്. മുർഷിദാബാദ് ജില്ലയിലെ ബെഹറാംപുർ സബ്ഡിവിഷനിലുള്ള ബെൽദാoഗ മുതൽ 100 കിലോമീറ്റർ ദൂരത്തുള്ള രണഘട്ട് വരെ എത്താനെടുക്കുന്ന 2 മണിക്കൂറിനുള്ളിൽ, വിൽപ്പനക്കാർ ചുറുചുറുക്കോടെ തങ്ങളുടെ കച്ചവടം നടത്തും. പ്രധാന റെയിൽവേ ജംഗ്ഷനുകളായ, രണഘട്ടിൽ അവർ മിക്കവരും ഇറങ്ങും, ചിലർ കൃഷ്ണനഗറിലും. അവിടെനിന്ന് ലോക്കൽ വണ്ടികളിൽ കയറി തങ്ങളുടെ ടൗണുകളിലേക്കും ഗ്രാമങ്ങളിലേക്കും അവർ മടങ്ങും.

ഒരാൾ ഏക്താരയുടെ വില ചോദിക്കുന്നു. 300 രൂപയെന്ന് സഞ്ജയ്. അതുകേട്ടതോടെ അവർ വാങ്ങാൻ മടിച്ചുനിൽക്കുന്നതായി തോന്നി. "ഇത് ഞാനേറെ അധ്വാനിച്ചു സസൂക്ഷ്മം ഉണ്ടാക്കിയതാണ്, സാധാരണ വിലക്കുറവിൽ കിട്ടാറുള്ളവയെപ്പോലല്ല." സഞ്ജയ് പറയുന്നു. "ഏറ്റവും ഗുണമേന്മയുള്ള സാമഗ്രികൾവെച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഈ ഏക്താരയുടെ അടിയിൽ കാണുന്നത് നല്ല അസ്സൽ തുകലാണ്” സഞ്ജയ് പറഞ്ഞപ്പോൾ “ഇതിലും കുറഞ്ഞ വിലയ്ക്ക് ഞങ്ങളുടെ ചന്തകളിൽ ഇതൊക്കെ കിട്ടാറുണ്ടല്ലോ." എന്ന് മറ്റൊരു യാത്രക്കാരൻ. അതിനും സഞ്ജയ്‌ക്ക് മറുപടിയുണ്ട് "സാധാരണ ചന്തകളിൽ വിലക്കുറവിൽ കിട്ടുന്ന സാധനമല്ലയിത്, ഞാൻ ആരെയും പറ്റിക്കുന്ന കച്ചടടം ചെയ്യാറുമില്ല".

തന്റെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചുകൊണ്ട് അദ്ദേഹം ഇടനാഴിയിലൂടെ മുന്നോട്ടുനീങ്ങുന്നു, ചെറിയ ചില സാധനങ്ങൾ വിറ്റുപോവുന്നുമണ്ട്. "വേണ്ടവർക്ക് ഇത് കയ്യിലെടുത്തുനോക്കാം, എന്റെ കരവിരുതുകൾ കാണാൻ ആരും പൈസ തരേണ്ടതില്ല." കുറച്ചുനേരം കഴിഞ്ഞപ്പോൾ, ഉത്സുകരായ ഒരു ദമ്പതിമാർ ഒട്ടും വിലപേശാതെതന്നെ ഒരു ഏക്താര വാങ്ങിക്കുകയുണ്ടായി. സഞ്ജയുടെ മുഖം പ്രകാശപൂരിതമാവുന്നു. "ഒട്ടേറെ അധ്വാനം ഇതിന്റെ നിർമാണത്തിന് പുറകിലുണ്ട് - ഇതിന്റെ ഈണം ഒന്ന് കേട്ടുനോക്കൂ."

Man selling goods in the train
PHOTO • Smita Khator
Man selling goods in the train
PHOTO • Smita Khator

‘നാട്ടിലെ ചന്തകളിൽ കിട്ടുന്ന വിലക്കുറവുള്ള സാധനമല്ല ഇത്. ഞാൻ കച്ചവടത്തിൽ ആരെയും പറ്റിക്കാറുമില്ല’

എവിടെനിന്നാണീ കരവിരുത് പഠിച്ചെടുത്തതെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. "സ്വയം പഠിച്ചത് തന്നെയാണ്. എന്റെ പഠനമൊക്കെ എട്ടാം ക്ലാസ്സിൽ പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾത്തന്നെ അവസാനിച്ചു." 47 വയസ്സുള്ള സഞ്ജയ് പറയുന്നു. "കാൽനൂറ്റാണ്ടോളം ഞാൻ ഹാർമോണിയങ്ങൾ നേരെയാക്കിയാണ് ജീവിച്ചത്. പക്ഷെ എനിക്കാ ജോലി മടുത്തുതുടങ്ങി. കഴിഞ്ഞ ഒന്നരകൊല്ലമായി എനിക്കീ ജോലിയാണ് ഹരം. ഇപ്പോഴും ചിലപ്പോഴൊക്കെ ആളുകൾ അവരുടെ ഹാർമോണിയങ്ങളുമായി വരുമ്പോൾ ഞാനവ നന്നാക്കിക്കൊടുക്കാറുണ്ട്, പക്ഷേ ഇപ്പോഴെന്റെ തൊഴിൽ ഇതാണ്. ഇതിനുള്ള പണിയായുധങ്ങൾപോലും ഞാനെന്റെ കൈകൊണ്ട് ഉണ്ടാക്കുന്നവയാണ്. എന്റെ വീട്ടിലേക്ക് വന്നാൽ ഞാനുണ്ടാക്കിവച്ചിട്ടുള്ള സൃഷ്ടികൾ കണ്ട് നിങ്ങൾ ഉറപ്പായും അത്ഭുതപ്പെടും." തന്റെ കരവിരുതിലുള്ള അഭിമാനം അദ്ദേഹം മറച്ചുവെക്കുന്നില്ല.

പ്ലാസ്സി (/പലാശി) മുതൽ കൃഷ്ണനഗർവരെയാണ് സഞ്ജയുടെ സ്ഥിരമായ യാത്രാപഥം. "ഞാൻ ആഴ്ചയിൽ മൂന്ന് ദിവസമാണ് വില്പന നടത്താറുള്ളത്. മറ്റു ദിവസങ്ങളെല്ലാം എന്റെയീ കലാശില്പങ്ങൾ ഉണ്ടാക്കാനായി മാറ്റിവച്ചിരിക്കുകയാണ്. ഇത് വളരെ സൂക്ഷ്മതയോടെ, സാവധാനം ചെയ്യേണ്ട ജോലിയാണ്. മരംകൊണ്ടുള്ള ഈ ബസ്സ് ഉണ്ടാക്കിയെടുക്കാൻ ഏറെ സമയമെടുത്തു. ഇതാ, നിങ്ങൾ കൈയ്യിലെടുത്തു നോക്കിക്കോളൂ." ഇതും പറഞ്ഞ് എന്റെ കൈയിലേക്ക് ആ മിനി-ബസ് വെച്ചുതന്നു.

ഇതിൽനിന്ന് എത്ര വരുമാനം കിട്ടാറുണ്ട്? "ഇന്നെന്റെ കയ്യിൽനിന്ന് 800 രൂപയ്ക്കുള്ള സാധനങ്ങൾ വിറ്റുപോയിട്ടുണ്ട്. ലാഭത്തിന്റെ തോതൊക്കെ വളരെ കുറവാണ്. എന്തെന്നാൽ ഇതിനുവേണ്ട അസംസ്‌കൃത വസ്തുക്കളെല്ലാംതന്നെ നല്ല വിലപിടിപ്പുള്ളതാണ്. ഞാൻ തരം കുറഞ്ഞ മരം ഉപയോഗിക്കാറുമില്ല. ഇതിനായി തേക്കിന്റെ തടിയോ, അല്ലെങ്കിൽ ബർമ തേക്കിന്റെയോ, ഷിരിഷ് മരത്തിന്റെയോ ഒക്കെ തടികൾ വേണം. ഞാനവ തടിവ്യാപരികളിൽനിന്ന് നേരിട്ട് വാങ്ങിക്കുകയാണ് പതിവ്. നല്ല ഗുണമേന്മയുള്ള പെയിന്റുകളും സ്പിരിറ്റുകളും കൊൽക്കൊത്തയിലെ ബൊഡാബസാറിൽനിന്നോ ചൈനീസ്ബസാറിൽനിന്നോ വാങ്ങിക്കും. കച്ചവടത്തിലൂടെ മറ്റുള്ളവരെ ചതിക്കാനോ പറ്റിക്കാനോ ഞാൻ പഠിച്ചിട്ടില്ല, ഞാൻ മിക്കപ്പോഴും പണിത്തിരക്കിലായിരിക്കും. എന്റെ വീട്ടിലേക്ക് വന്നുനോക്കിയാൽ ഞാൻ രാപ്പകൽ അധ്വാനിക്കുന്നത് കാണാൻ കഴിയും. തടി മിനുസപ്പെടുത്താനായി ഞാൻ യന്ത്രങ്ങളൊന്നും ഉപയോഗിക്കാറില്ല. എന്റെ കൈകൊണ്ടുതന്നെയാണ് എല്ലാം ചെയ്യാറുള്ളത്, അതാണ് ഇത്രയും ഭംഗി.

40 രൂപമുതൽ (ഒരു ശിവലിംഗത്തിന്) 500 രൂപവരെ (ഒരു മിനി ബസ്സിന്) വിലവരുന്ന സാധനങ്ങളാണ് അധികവും അദ്ദേഹത്തിന്റെ കൈയ്യിലുള്ളത്. "പറയൂ, ഈ മിനി-ബസ്സിന് നിങ്ങളുടെ മാളുകളിൽ എത്ര വിലയുണ്ടാവും?", സഞ്ജയ് ചോദിക്കുന്നു. പല യാത്രക്കാരും ഇവയ്ക്കുവേണ്ടി കാര്യമായി വിലപേശാറുണ്ട്, ഇതിന്റെ പിറകിലുള്ള ആത്മാർത്ഥമായ പ്രയത്നം പലപ്പോഴുമവർ കാണാറില്ല. ഞാൻ വളരെ കഷ്ടിച്ചാണ് ജീവിച്ചുപോകുന്നത്. ചിലപ്പോൾ, ഏതെങ്കിലുമൊരു നാൾ അവരെന്റെ കലയെ വിലമതിക്കുമായിരിക്കും."

ട്രെയിൻ കൃഷ്ണനഗറിൽ നിർത്തുമ്പോഴേക്കും, സഞ്ജയ് തന്റെ കൂടയുമായി ഇറങ്ങാൻ തയ്യാറായി. ഇനിയിവിടെനിന്നും നദിയ ജില്ലയിലുള്ള ബദ്കുള്ള പട്ടണത്തിലെ ഗോഷ്പര തെരുവിലുള്ള തന്റെ വീട്ടിലേക്ക് യാത്രയാവും. ഹാർമോണിയങ്ങൾ നന്നാക്കുകയും മനോഹരമായ ഏക്താരകൾ നിർമിക്കുകയും ചെയ്യുന്ന അദ്ദേഹം പാടാറുണ്ടോ എന്ന് ഞാൻ ചോദിച്ചു. "ഉണ്ട്, വല്ലപ്പോഴുമൊക്കെ, ഞങ്ങളുടെ നാടൻപാട്ടകൾ”, പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പരിഭാഷ: ആർദ്ര ജി. പ്രസാദ്

Smita Khator

اسمِتا کھٹور، پیپلز آرکائیو آف رورل انڈیا (پاری) کے ہندوستانی زبانوں کے پروگرام، پاری بھاشا کی چیف ٹرانسلیشنز ایڈیٹر ہیں۔ ترجمہ، زبان اور آرکائیوز ان کے کام کرنے کے شعبے رہے ہیں۔ وہ خواتین کے مسائل اور محنت و مزدوری سے متعلق امور پر لکھتی ہیں۔

کے ذریعہ دیگر اسٹوریز اسمیتا کھٹور
Editor : Sharmila Joshi

شرمیلا جوشی پیپلز آرکائیو آف رورل انڈیا کی سابق ایڈیٹوریل چیف ہیں، ساتھ ہی وہ ایک قلم کار، محقق اور عارضی ٹیچر بھی ہیں۔

کے ذریعہ دیگر اسٹوریز شرمیلا جوشی
Translator : Ardra G. Prasad

Ardra is a graduate in Economics from Calicut University, Kerala. She is currently pursuing a postgraduate degree, and is interested in music, stories, films, research and art.

کے ذریعہ دیگر اسٹوریز Ardra G. Prasad