‘റോഡു തടയുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്യുമ്പോൾ സമരക്കാരെ ക്രിമിനലുകളായി ചിത്രീകരിക്കാറുണ്ട്. എന്നാൽ സർക്കാർ അപ്രകാരം ചെയ്യുമ്പോഴോ? ഞങ്ങളെ വിളിക്കുന്ന അതേ പേരല്ലേ അപ്പോൾ അവരെയും വിളിക്കേണ്ടത്?’ പഞ്ചാബിലെ മോഗ ജില്ലയിലെ മെഹ്നാ ഗ്രാമത്തിൽ നിന്നുമുള്ള എഴുപതുകാരനായ ഹരീന്ദർ സിംഗ് ലഖാ എന്ന കർഷകൻ ചോദിക്കുന്നു.
പഞ്ചാബിൽ നിന്നും ദില്ലിയിലേക്ക് മാർച്ചു ചെയ്യുന്ന കർഷകരെ തടയാനായി റോഡിൽ പത്തടി ആഴത്തിൽ അധികൃതർ കുഴിച്ചിരിക്കുന്ന കിടങ്ങുകളെ പറ്റിയാണ് ലഖാ പറയുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പഞ്ചാബിൽ നിന്നുള്ളവർക്കൊപ്പം, ഉത്തർ പ്രദേശ്, ഹരിയാന എന്നിവടങ്ങളിൽ നിന്നുമുള്ള പതിനായിരത്തോളം കർഷകർ, രാജ്യത്തിന്റെ തലസ്ഥാനനഗരിയിലേക്കുള്ള പ്രവേശനാവകാശത്തിനായി പോലീസിനോടും മറ്റു സേനാവിഭാഗങ്ങളോടും ശക്തമായ പോരാട്ടം നടത്താൻ നിർബന്ധിതരായി തീർന്നിരിക്കുകയാണ്.
മൂന്ന് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിൽ ദില്ലി പോലീസ് അയഞ്ഞെങ്കിലും, ഹരിയാന സർക്കാർ സമരക്കാരെ ഇപ്പോഴും സംസ്ഥാനാതിർത്തിയിൽ തടഞ്ഞുകൊണ്ടിരിക്കുകയാണ്. ദില്ലിയിലേക്ക് കടക്കാൻ കേന്ദ്ര സർക്കാർ ഔദ്യോഗികാനുവാദം നൽകിയെങ്കിലും, പ്രായോഗികതലത്തിൽ സമരക്കാർക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമല്ല. ‘പ്രവേശനാനുമതി’ നിലനിൽക്കുമ്പോൾ തന്നെ കിടങ്ങുകളും, മുൾവേലികളും, ബാരിക്കേഡുകളും അവിടെ അതുപോലെ തന്നെയുണ്ട്. കണ്ണീർവാതക ഷെല്ലുകളും, ജലപീരങ്കികളും സംഹാരത്തിന്റെ ബാക്കിപത്രം അവശേഷിപ്പിച്ചിരിക്കുന്നു.
ഈ വർഷം സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാനാണ് ഈ കർഷകർ അണിനിരന്നിട്ടുള്ളത്. പരിമിതമായ രീതിയിലാണെങ്കിലും ഫലപ്രദമായി നടന്നുപോരുന്ന മണ്ഡി സമ്പ്രദായം Agricultural Produce Marketing Committees (APMC/ എ. പി. എം. സി.)യെ സംബന്ധിക്കുന്ന നിയമം നശിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. താങ്ങുവില വ്യവസ്ഥയെ തകർക്കുന്നതോടൊപ്പം വൻകിട കച്ചവട ശൃംഖലകളും, കോർപറേറ്റുകളും വില നിയന്ത്രിക്കുന്ന അവസ്ഥ വരും. ഈ മൂന്ന് നിയമങ്ങൾ താങ്ങുവിലയെ നയപരിധിയിൽ കൊണ്ടുവരുന്നില്ല എന്ന് മാത്രമല്ല, സ്വാമിനാഥൻ (National Commission for Farmers) കമ്മീഷൻ റിപ്പോർട്ടുകളെ പറ്റി പരാമർശിക്കുന്നു പോലുമില്ല. കരാറുകളെ സംബന്ധിക്കുന്ന Farmers (Empowerment And Protection) Agreement On Price Assurance And Farm Services Act, 2020 എന്ന രണ്ടാമത്തെ നിയമം സ്വകാര്യ കച്ചവടക്കാർക്കും, ഭീമൻ കോർപറേറ്റുകൾക്കും ക്രമാതീതമായ പരിഗണന നൽകുന്നു. ഭേദഗതി ചെയ്യപ്പെട്ട Essential Commodities Act ആകട്ടെ വൻകിട കമ്പനികളുടെ സംഭരണം, പൂഴ്ത്തിവെയ്പ്പ് എന്നിവ പ്രോത്സാഹിപ്പിക്കുകയും, കൂട്ടായ വിലപേശൽ നടത്താനുള്ള കർഷകരുടെ ശേഷിയെ അമർച്ച ചെയ്യുകയും ചെയ്യുന്നു.
ഈ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് പ്രക്ഷോഭകർ ഉന്നയിക്കുന്നത്.
‘ഇത് [എ. പി. എം. സി.യെ സംബന്ധിക്കുന്ന നിയമം] ഒരു മരണ വാറണ്ടാണ്.’, ഹരിയാനയിലെ കർണാൽ ജില്ലയിലെ ബഹോലാ ഗ്രാമത്തിൽ നിന്നും വരുന്ന സുർജീത് മൻ പറയുന്നു. അവിടെ രണ്ടരയേക്കറിൽ അദ്ദേഹം ഗോതമ്പും, നെല്ലും കൃഷി ചെയ്യുന്നുണ്ട്. [ഞാൻ സമരത്തിൽ പങ്കെടുക്കുന്ന വകയിൽ] വിളനാശം സംഭവിക്കുകയാണെങ്കിൽ ഇത്തവണ അങ്ങനെയാകട്ടെ. എന്നാലും നമ്മുടെ വരാനിരിക്കുന്ന തലമുറകൾ സഹിക്കേണ്ടി വരരുത്.’
ഈ നിയമങ്ങളുടെ പിൻബലത്തിൽ രാജ്യത്തെ കാർഷികമേഖലയിൽ നിയന്ത്രണമുറപ്പിക്കാൻ കെൽപ്പുള്ള സ്വകാര്യ കമ്പനികളെ കർഷകർ ഭയാശങ്കകളോടെയാണ് കാണുന്നത്. ‘അദാനിമാരെയും, അംബാനിമാരെയും ഞങ്ങൾ പഞ്ചാബിലേക്ക് കയറ്റില്ല.’, പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ കോട്ട് ബുദ്ധ ഗ്രാമത്തിൽനിന്നുള്ള എഴുപത്തിരണ്ടുകാരനായ ബൽദേവ് സിംഗ് പറയുന്നു. അഞ്ഞൂറ് കിലോമീറ്ററുകൾ താണ്ടി അനേകം ബാരിക്കേഡുകൾ കടന്നാണ് അദ്ദേഹമിവിടെ എത്തിചേർന്നത്. ജീവിതകാലം മുഴുവനും ഭക്ഷ്യവിളകൾ കൃഷി ചെയ്ത ബൽദേവ് ഇപ്പോൾ തന്റെ കുടുംബത്തിന്റെ പന്ത്രണ്ട് ഏക്കർ നിലത്താണ് ഇപ്പോൾ ഉണ്ടാവേണ്ടത്. പക്ഷെ, അദ്ദേഹം പറയുന്നു, ‘ജീവിതസായാഹ്നത്തിൽ, അനിശ്ചിതത്വത്തിന്റെ കരിനിഴലിൽ, നടുറോഡിൽ ആണ് ഞാനിപ്പോൾ.’
കോട്ട് ബുദ്ധ ഇന്ത്യാ-പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും അകലെയല്ല. ‘ഞാൻ മുൾവേലികൾ കണ്ടിട്ടുണ്ട്.’, സിംഗ് പറയുന്നു. ‘പക്ഷെ ഒരു ദിവസം അത് നേരിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. അതും എന്റെ രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന്.’
‘ഇത് കേന്ദ്രസർക്കാരുമായുള്ള ഒരു നേർയുദ്ധമാണ്.’, ജ്വലിക്കുന്ന കണ്ണുകളോടെ ഭിം സിംഗ് പറയുന്നു. ഹരിയാനയിലെ സോണിപ്പാട് ജില്ലയിലെ ഖാൻപുർ കലൻ ഗ്രാമത്തിൽ ഒന്നരയേക്കർ ഭൂമിയിൽ കൃഷി ചെയ്യുന്നു ഈ അറുപത്തെട്ടുകാരൻ. ഒന്നുകിൽ സർക്കാർ ഈ മൂന്ന് നിയമങ്ങൾ തിരിച്ചെടുക്കുക, ഇല്ലെങ്കിൽ താനും, തന്റെ കൂട്ടരും മറ്റുള്ളവർക്കു വേണ്ടി ഭക്ഷണം കൃഷി ചെയ്യുന്നത് നിർത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കർഷകർക്കുവേണ്ടി ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ സർ ഛോട്ടൂ റാമിനെ അദ്ദേഹം സ്മരിച്ചു. ‘ഒരു ക്വിന്റൽ ധാന്യത്തിന് 25-50 പൈസ വില ബ്രിട്ടീഷുകാർ തന്നുകൊണ്ടിരുന്ന സമയത്താണ് സർ ഛോട്ടൂ റാം ഏകദേശം പത്തുരൂപ ആവശ്യപ്പെട്ടത്. അധിനിവേശശക്തികൾക്കു മുന്നിൽ തല കുനിക്കുന്നതിനേക്കാൾ ഭേദം വിളകൾ കത്തിച്ചു കളയുകയാണെന്ന് അദ്ദേഹം പറഞ്ഞു.’, ഭിം സിംഗ് പറയുന്നു. ‘മോദി സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾക്ക് ചെവി തരുന്നില്ലെങ്കിൽ അത് തന്നെ ചെയ്യേണ്ടി വരും.’
സർ ഛോട്ടൂ റാമിന്റെ പൈതൃകവും, സന്ദേശവും ഒരു സംസ്ഥാനത്തിന്റേത് മാത്രമായി ചുരുക്കി രാജ്യത്തിന് തന്നെ നഷ്ടം വരുത്തി വച്ചു എന്നാണ് 2018 ഒക്ടോബറിൽ അദ്ദേഹത്തിന്റെ പ്രതിമ റോഹ്ത്തക്കിൽ അനാച്ഛാദനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ഇപ്പോൾ, ഭിം സിംഗ് പറയുന്നു, ‘മോദിയുടെ സർക്കാർ ഈ നിയമങ്ങൾ കൊണ്ട് ഞങ്ങളുടെ സർ ഛോട്ടൂ റാമിനെ അപമാനിക്കുകയാണ്.’
‘എന്റെ രാജ്യം പട്ടിണി കൊണ്ട് മരിക്കുന്നത് കാണാൻ വയ്യ.’, പഞ്ചാബ് മോഗ ജില്ലയിലെ മെഹ്നാ സ്വദേശിയും, അഞ്ചേക്കർ കർഷകനുമായ എഴുപതുകാരൻ ഹരീന്ദർ സിംഗ് പറയുന്നു. ‘[ഈ നിയമങ്ങൾ മൂലം] കാർഷികോല്പന്നങ്ങൾ സർക്കാർ വാങ്ങുമെന്നതിന് ഒരുറപ്പുണ്ടാകില്ല എന്ന് മാത്രമല്ല, പൊതുവിതരണ സംവിധാനം ആകെ താറുമാറാകും.’
കോർപറേറ്റുകൾ ദരിദ്രരെ തീറ്റിപോറ്റുമോ? ഞാൻ ചോദിച്ചു. ‘ദരിദ്രരെ തീറ്റിപോറ്റുമെന്നോ? കോർപറേറ്റുകൾ ദരിദ്രരെ ചൂഷണം ചെയ്താണ് വീർക്കുന്നത്.’, അദ്ദേഹം പറയുന്നു. ‘അവർ അപ്രകാരം ചെയ്യുന്നില്ലായിരുന്നെങ്കിൽ നിങ്ങളുടെ ഈ ചോദ്യത്തിന് മറുപടി പറയാൻ സാധിക്കുമായിരുന്നു.’
കർഷകർ സമരം തുടങ്ങിയിട്ട് മാസങ്ങളായി. പല നിലയിലുള്ള അധികൃതരുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടില്ല. ‘കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമാറുമായി ഇനിയൊരു സംഭാഷണമുണ്ടാകില്ല. ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മാത്രമേ സംവാദമുണ്ടാകുകയുള്ളൂ.’, കർണാലിലെ ബാഹോള ഗ്രാമത്തിൽ നിന്നുമുള്ള സുർജീത് മൻ മറയുന്നു.
‘ദില്ലിയിൽ ആദ്യം [പാർലമെന്റ് സമ്മേളനം നടക്കുന്ന സമയം] ഒരു സംഭാഷണത്തിന് വന്നിരുന്നു. അന്ന് ഞങ്ങളെ അപമാനിച്ചു. അതുകൊണ്ടു ഞങ്ങൾ വീണ്ടും വരുകയാണ്. ഇത്തവണ മർദനമായിരുന്നു ഞങ്ങളെ എതിരേറ്റത്.’, കോട്ട് ബുദ്ധ ഗ്രാമത്തിലെ ബൽദേവ് സിംഗ് പറയുന്നു. ‘ആദ്യം ഉപ്പു തേക്കുന്നു, പിന്നെ മുറിവേൽപ്പിക്കുന്നു.’
‘ഞങ്ങളുടെ കണ്ണ് നനയിപ്പിക്കുകയാണ് സർക്കാർ, രാജ്യത്തെ പട്ടിണിയിൽ നിന്നും രക്ഷിക്കുന്നതിനുള്ള പ്രത്യുപകാരം.’ ബൽദേവ് സിംഗും, ഹരീന്ദർ സിംഗും പറയുന്നു.
പഞ്ചാബിലെ മോഗ സ്വദേശിയായ, പന്ത്രണ്ടേക്കർ ഭൂമിയിൽ കൃഷിചെയ്യുന്ന അറുപത്തിരണ്ടുകാരൻ ജോഗ് രാജ് സിംഗ് പറയുന്നു, ‘കോൺഗ്രസ് ആയാലും, ബിജെപിയായാലും, പ്രാദേശികകക്ഷിയായ അകാലി ദൾ ആയാലും, എല്ലാ പാർട്ടികളും ചേർന്ന് പഞ്ചാബ് കൊള്ളയടിക്കാൻ ഗൂഢാലോചന നടത്തിയിരിക്കുകയാണ്. ആം ആദ്മി പാർട്ടിയും അവരുടെ വഴിയാണ് സ്വീകരിക്കുന്നത്.’
ദേശീയ മാദ്ധ്യമങ്ങളും കർഷകരുടെ ക്ഷോഭത്തിന് പാത്രമായി തീർന്നിരിക്കുകയാണ്. ‘ഞങ്ങളെ മോശമായാണവർ ചിത്രീകരിക്കുന്നത്. മാദ്ധ്യമപ്രവർത്തകർ ഞങ്ങളോട് ഒന്നും വിശദമായി ചോദിച്ചറിയുന്നില്ല.’, ജോഗ് രാജ് സിംഗ് കൂട്ടിച്ചേർക്കുന്നു. ‘ഇതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ഞങ്ങളോട് സംസാരിക്കാതെ എങ്ങനെയാണ് അവർക്ക് ഈ പ്രശനത്തെ മനസ്സിലാക്കാൻ സാധിക്കുക? അവർ
സത്യം ആണ് കാണിക്കേണ്ടേയിരുന്നത് - അതായത് സർക്കാർ ഞങ്ങൾക്കായി ഒരുക്കി വെച്ചിട്ടുള്ള മരണവാറണ്ട്. സർക്കാരിന് ഞങ്ങളുടെ കൃഷിഭൂമികൾ പിടിച്ചുപറിക്കണമെങ്കിൽ ആവാം, പക്ഷെ ആദ്യം ഞങ്ങളെ നുറുക്കിയരിഞ്ഞിട്ടു മതി. ഇതൊക്കെയാണ് അവർ കാണിക്കേണ്ടിയിരുന്നത്.’
അപ്പോൾ അനേകം ശബ്ദങ്ങൾ ഉയർന്നു:
‘കോൺട്രാക്ട് കൃഷി വർദ്ധിക്കും. ആദ്യം അവർ നല്ല വില തരുമായിരിക്കും, പക്ഷെ അത് സൗജന്യ ജിയോ സിം കാർഡ് വാഗ്ദാനത്തിന് തുല്യമായിരിക്കും. ക്രമേണ അവർ ഞങ്ങളുടെ ഭൂമി കൈക്കലാക്കും.”
‘കരാർ പ്രകാരം ഞങ്ങളുടെ ഭൂമിയിൽ അവർക്ക് നിർമ്മാണപ്രവർത്തനങ്ങൾ നടത്താം, അതിനു വായ്പയും കിട്ടുമായിരിക്കും. പക്ഷെ നല്ല വിളവുണ്ടായില്ലെങ്കിൽ, അല്ലെങ്കിൽ എന്തെങ്കിലും കരാർ ലംഘനങ്ങൾ ഉണ്ടായാൽ അവർ ഓടി മറയും. വായ്പ അടക്കേണ്ടത് പിന്നെ ഞങ്ങളുടെ ഉത്തരവാദിത്തമായിത്തീരും, അല്ലെങ്കിൽ ഭൂമി ജപ്തി ചെയ്യപ്പെടും.’
‘[സമരമുഖത്ത് വിന്യസിക്കപ്പെട്ട] പോലീസുകാർ ഞങ്ങളുടെ കുട്ടികളാണ്. സർക്കാർ കർഷകരെ ദ്രോഹിക്കുകയാണെന്ന് അവരും മനസ്സിലാക്കുന്നുണ്ട്. ഞങ്ങളെ തമ്മിലടിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഞങ്ങളെ ലാത്തി ചാർജ് ചെയ്താണ് അവർക്ക് ശമ്പളം കിട്ടുന്നതെങ്കിൽ ഇതാ ഞങ്ങളുടെ ശരീരം. രണ്ട് തരത്തിൽ നോക്കിയാലും ഞങ്ങളാണ് അവരെ പോറ്റുന്നത്.’
വിവർത്തനം: ഗ്രീഷ്മ ജസ്റ്റിൻ ജോൺ