ഞാന്‍ അവിസ്മരണീയമായ സംഭാഷണങ്ങൾ നടത്തിയിട്ടുള്ള ഒരു വിളക്കുകാൽ മധുരയിലുള്ള ഞങ്ങളുടെ വീടിന്‍റെ മുൻപിൽ ഉണ്ടായിരുന്നു. ആ വഴിവിളക്കുമായി എനിക്കൊരു പ്രത്യേക ബന്ധമാണുള്ളത്. ഒരുപാട് വർഷങ്ങളോളം, ഞാൻ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ, ഞങ്ങളുടെ വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. 2006-ൽ വൈദ്യുതി കിട്ടിയപ്പോൾ ഞങ്ങൾ 8x8 അടി വലിപ്പമുള്ള ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ഒരു ഒറ്റമുറിയിൽ ഞങ്ങൾ അഞ്ചു പേരായിരുന്നു. അതെന്നെ വീണ്ടും ആ വഴിവിളക്കിനോട് അടുപ്പിച്ചു.

ഞങ്ങൾ എപ്പോഴും വീടുകൾ മാറിയിരുന്നു. കുട്ടിക്കാലത്ത് കുടിലിൽ നിന്നും മൺ വീട്ടിലേക്ക്, പിന്നെ ഒരു വാടകവീട്ടിലേക്ക്, പിന്നീട് ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന 20x20 അടി വലിപ്പമുള്ള വീട്ടിലേക്ക്. 12 വർഷങ്ങൾ കൊണ്ട് പടിപടിയായി എന്‍റെ മാതാപിതാക്കൾ ഉണ്ടാക്കിയ വീട്. എന്നിരിക്കിലും എന്‍റെ മാതാപിതാക്കൾ ഒരു മേസ്തിരിയെ കൂലിക്ക് വിളിക്കുകയും സ്വന്തം അദ്ധ്വാനം വിനിയോഗിക്കുകയും ചെയ്തു. നിർമാണം നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ആ വീട്ടിലേക്ക് ഞങ്ങൾ മാറി. ഞങ്ങളുടെ എല്ലാ വീടുകളും ആ വിളക്ക് കാലിനോട് അടുത്തായിരുന്നു, അല്ലെങ്കിൽ അതിനെ ചുറ്റിപ്പറ്റിയായിരുന്നു. അതിന്‍റെ വെളിച്ചത്തിൽ ഇരുന്ന് ഞാൻ ചെഗുവേരയുടെയും നെപ്പോളിയന്‍റെയും സുജാതയുടെയും മറ്റു പലരുടേയും പുസ്തകങ്ങൾ വായിച്ചു.

ഇപ്പോഴും ആ വഴിവിളക്ക് ഞാൻ തയ്യാറാക്കി കൊണ്ടിരിക്കുന്ന ഈ കുറിപ്പിന് സാക്ഷ്യം വഹിക്കുന്നു.

*****

കൊറോണയ്ക്ക് നന്ദി, ഒരുപാട് നാളുകൾക്കു ശേഷം എന്‍റെ അമ്മയോടൊത്ത് കുറച്ച് നല്ല ദിവസങ്ങൾ ചിലവഴിക്കുന്നത് ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞു. 2013-ൽ പുതിയ ക്യാമറ വാങ്ങിയതിൽ പിന്നെ വീട്ടിൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ഞാൻ ചിലവഴിച്ചിട്ടുള്ളൂ. സ്ക്കൂൾ കാലഘട്ടത്തിൽ എന്‍റെ മനസ്സ് മറ്റൊരു തരത്തിലായിരുന്നു. ക്യാമറ ലഭിച്ചു കഴിഞ്ഞതിനുശേഷം എന്‍റെ മനസ്സ് തികച്ചും മറ്റൊരു വിധത്തിലായി മാറി. പക്ഷെ മഹാമാരിയുടെയും കോവിഡ് ലോക്ക്ഡൗണുകളുടെയും ഈ കാലത്ത് മാസങ്ങളോളം വീട്ടിൽ അമ്മയോടൊപ്പം ഞാൻ താമസിച്ചു. അവരോടൊപ്പം അത്രയും സമയം മുൻപൊരിക്കലും ഞാൻ ചെലവഴിച്ചിട്ടില്ല.

My mother and her friend Malar waiting for a bus to go to the Madurai Karimedu fish market.
PHOTO • M. Palani Kumar
Sometimes my father fetches pond fish on his bicycle for my mother to sell
PHOTO • M. Palani Kumar

ഇടത്: മധുരയിലെ കരിമേട്‌ മീന്‍ചന്തയില്‍ പോകാനായി എന്‍റെ അമ്മയും സുഹൃത്ത് മലരും ബസ് കാത്ത് നില്‍ക്കുന്നു. വലത്: ചില സമയത്ത് അമ്മയ്ക്ക് വില്‍ക്കാനായി എന്‍റെ അച്ഛന്‍ കുളത്തില്‍ നിന്നും മീന്‍ പിടിച്ച് സൈക്കിളില്‍ എത്തിക്കുന്നു

അമ്മ ഒരിക്കലും ഒരു സ്ഥലത്ത് ഇരുന്നു കണ്ടിട്ടുള്ള ഓർമ്മ എനിക്കില്ല. അവർ എല്ലായ്പ്പോഴും ഒന്ന് അല്ലെങ്കിൽ മറ്റൊരു ജോലി ചെയ്യുകയായിരുന്നു. പക്ഷെ ഒരു വർഷത്തിന് മുൻപ് സന്ധിവാതം തുടങ്ങിയപ്പോൾ മുതൽ അവർക്ക് നടപ്പ് വളരെ ബുദ്ധിമുട്ടായി തുടങ്ങി. ഇത് എനിക്ക് വലിയ പ്രശ്നമായി. ഇത്തരത്തിൽ ഞാനൊരിക്കലും അമ്മയെ കണ്ടിട്ടുണ്ടായിരുന്നില്ല.

ഇത് അവരെയും ഒരുപാട് അലട്ടി. "ഈ പ്രായത്തിലുള്ള എന്‍റെ അവസ്ഥ നോക്കൂ. എന്‍റെ കുട്ടികളെ ഇനി ആരു നോക്കും?", "കുമാർ, എന്‍റെ കാലുകൾ പഴയതുപോലെ ശരിയാക്കൂ” എന്ന് അവർ പറയുമ്പോഴൊക്കെ എനിക്ക് കുറ്റബോധം തോന്നുമായിരുന്നു. അമ്മയെ വേണ്ടവിധം നോക്കാൻ പറ്റിയിട്ടില്ല എന്ന് എനിക്ക് തോന്നി.

എന്‍റെ അമ്മയെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. ഞാനൊരു ഫോട്ടോഗ്രാഫർ ആയത്, ഞാൻ കണ്ടുമുട്ടുന്ന ആളുകൾ, എന്‍റെ നേട്ടങ്ങൾ - അങ്ങനെ ഓരോന്നിന്‍റെയും പിന്നിൽ എന്‍റെ മാതാപിതാക്കളുടെ കഠിനാദ്ധ്വാനം ഞാൻ കാണുന്നു - പ്രത്യേകിച്ച് എന്‍റെ അമ്മയുടെ. അവരുടെ സംഭാവന വളരെ വലുതാണ്.

അമ്മ രാവിലെ മൂന്നുമണിക്ക് ഉണർന്ന് മീൻ വിൽക്കാൻ പോകുമായിരുന്നു. അസമയത്ത് വിളിച്ചുണർത്തി അമ്മ എന്നോട് പഠിക്കാൻ പറയും. അതവർക്ക് ബുദ്ധിമുട്ടുള്ള ഒരു പണിയായിരുന്നു. അവർ പോകുന്നതുവരെ വഴി വിളക്കിന്‍റെ വെളിച്ചത്തിൽ ഇരുന്നു ഞാൻ പഠിക്കും. കാഴ്ചയിൽ നിന്ന് മറഞ്ഞാൽ തിരിച്ച് വന്നുകിടന്ന് ഉറങ്ങും. ഒരുപാട് തവണ എന്‍റെ ജീവിതത്തിലെ സംഭവങ്ങൾക്ക് ഈ വഴിവിളക്ക് സാക്ഷിയായിട്ടുണ്ട്.

My mother carrying a load of fish around the market to sell.
PHOTO • M. Palani Kumar
My mother selling fish by the roadside. Each time the government expands the road, she is forced to find a new vending place for herself
PHOTO • M. Palani Kumar

ഇടത്: വില്‍ക്കാനുള്ള മീന്‍ ചുമടുമായി എന്‍റെ അമ്മ ചന്തയ്ക്കരികെ. വലത്: റോഡരികത്ത് എന്‍റെ അമ്മ മീന്‍ വില്‍ക്കുന്നു. ഓരോ സമയത്തും സര്‍ക്കാര്‍ റോഡിന് വീതി കൂട്ടുമ്പോള്‍ പുതിയ വില്‍പ്പനസ്ഥലം കണ്ടെത്താന്‍ അവര്‍ നിര്‍ബന്ധിതയാകുന്നു

എന്‍റെ അമ്മ മൂന്നു തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. മൂന്നുതവണയും അവർ രക്ഷപ്പെട്ടു എന്നുള്ളത് ഒരു സാധാരണ കാര്യമല്ല.

ഒരു സംഭവം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ കുട്ടിയായിരുന്നപ്പോൾ എന്‍റെ അമ്മ തൂങ്ങിമരിക്കാൻ ശ്രമിച്ചു. ആ സമയത്ത് ഞാൻ ഉറക്കെ കരഞ്ഞു. എന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടു. അമ്മ തൂങ്ങാൻ ശ്രമിക്കുന്നത് കണ്ട അവർ അമ്മയെ രക്ഷപ്പെടുത്തി. എന്‍റെ അമ്മയുടെ നാക്ക് പുറത്തേക്ക് വന്നിരുന്നു എന്ന് ചിലർ പറഞ്ഞു. "നീ കരഞ്ഞില്ലായിരുന്നെങ്കിൽ ആരും വന്ന് എന്നെ രക്ഷിക്കില്ലായിരുന്നു”, ഇപ്പോഴും അവർ പറയും.

ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരുപാട് അമ്മമാരുടെ (എന്‍റെ അമ്മയെ പോലെ) കഥകൾ ഞാൻ കേട്ടിട്ടുണ്ട്. എന്നിരിക്കലും എങ്ങനെയോ ധൈര്യം സംഭരിച്ച് അവർ തങ്ങളുടെ മക്കൾക്കായി ജീവിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് പറയുമ്പോഴൊക്കെ അമ്മയുടെ കണ്ണു നിറയും.

ഒരിക്കൽ അവർ അടുത്തുള്ള ഒരു ഗ്രാമത്തിൽ ഞാറ് പറിച്ചുനടാൻ പോയി. അവിടെ അടുത്തുള്ള ഒരു മരത്തിൽ തൊട്ടിൽ കെട്ടി എന്നെ അതിൽ ഉറങ്ങാൻ കിടത്തി. എന്‍റെ അച്ഛൻ അവിടെയെത്തി അമ്മയെ ഉപദ്രവിച്ച ശേഷം എന്നെ തൊട്ടിലിൽ നിന്ന് എടുത്തെറിഞ്ഞു. കുറച്ച് ദൂരെയായി പച്ചപ്പ് നിറഞ്ഞ പാടത്തിന്‍റെ ഓരത്ത് ചെളിയിൽ ഞാൻ വീണു. എന്‍റെ ശ്വാസം നിലച്ചതുപോലെ തോന്നി.

എനിക്ക് ബോധം തെളിയാൻ അമ്മ ആവുന്നതെല്ലാം ചെയ്തു. പക്ഷെ അവർക്കതിനു കഴിഞ്ഞില്ല. അമ്മയുടെ ഇളയ സഹോദരി എന്നെ തലകീഴായി തൂക്കി പിടിച്ചു പുറത്ത് ഇടിച്ചു. പെട്ടെന്ന് തന്നെ എനിക്ക് ശ്വാസം കിട്ടിയെന്നും ഞാൻ കരയാൻ തുടങ്ങിയെന്നും അവർ പറഞ്ഞു.

My mother spends sleepless nights going to the market to buy fish for the next day’s sale in an auto, and waiting there till early morning for fresh fish to arrive.
PHOTO • M. Palani Kumar
She doesn’t smile often. This is the only one rare and happy picture of my mother that I have.
PHOTO • M. Palani Kumar

ഇടത്: എന്‍റെ അമ്മ അടുത്ത ദിവസം വില്‍ക്കാനുള്ള മീന്‍ വാങ്ങാനായി രാത്രി ഉറങ്ങാതെ ഒരു ഓട്ടോയില്‍ ചന്തയില്‍ പോവുകയും പുതിയ മീന്‍ എത്താനായി രാവിലെ വരെ കാത്തിരിക്കുകയും ചെയ്യുന്നു. വലത്: പലപ്പോഴും അവര്‍ പുഞ്ചിരിക്കാറില്ല. അമ്മയെ സന്തോഷവതിയായി കാണുന്ന എന്‍റെ പക്കലുള്ള ഒരേയൊരു അപൂര്‍വ്വ ചിത്രം ഇതാണ്

*****

എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ അമ്മ പാടത്തെ പണിയിൽനിന്നും മീൻ വിൽക്കുന്നതിലേക്ക് തിരിഞ്ഞു. അത് അവരുടെ പ്രധാന വരുമാന സ്രോതസ്സായി മാറുകയും അതിൽ തുടരുകയും ചെയ്തു. കഴിഞ്ഞവർഷം മാത്രമാണ് വരുമാനമുണ്ടാക്കുന്ന കുടുംബാംഗമായി ഞാൻ മാറിയത്. അതുവരെ അമ്മ മാത്രമായിരുന്നു ഞങ്ങളുടെ കുടുംബത്തിന്‍റെ ഏക ഏക വരുമാന സ്രോതസ്സ്. സന്ധിവാതം ഉണ്ടായതിനു ശേഷവും ഗുളിക കഴിച്ചിട്ട് അവർ മീൻ വിൽപന തുടർന്നു. അവർ എല്ലാ സമയത്തും കഠിനാദ്ധ്വാനി ആയിരുന്നു.

തിരുമായി എന്നായിരുന്നു അമ്മയുടെ പേര്. നാട്ടുകാർ അവരെ കുപ്പി എന്ന് വിളിച്ചു. കുപ്പിയുടെ മകൻ എന്നാണ് എന്നെ പൊതുവെ അഭിസംബോധന ചെയ്തിരുന്നത്. കള പറിക്കുക, നെല്ലു കൊയ്യുക, കുഴി കുത്തുക: നാലുവർഷത്തോളം അവർക്ക് ലഭിച്ച ജോലി ഇവയൊക്കെ ആയിരുന്നു. എന്‍റെ മുത്തച്ഛൻ കുറച്ചു ഭൂമി പാട്ടത്തിന് എടുത്തപ്പോൾ അമ്മ ഒറ്റയ്ക്ക് ചാണകം തളിച്ച് നിലം തയ്യാറാക്കി. എന്‍റെ അമ്മ ചെയ്തിരുന്നതുപോലെ കഠിനമായി ജോലി ചെയ്യുന്ന ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്‍റെ മുത്തശ്ശി പറയുമായിരുന്നു കഠിനാദ്ധ്വാനത്തിന്‍റെ പര്യായമാണ് എന്‍റെ അമ്മ എന്ന്. എങ്ങനെ ഒരാൾക്ക് അത്രമാത്രം കഠിനാദ്ധ്വാനം ചെയ്യാൻ പറ്റുമെന്ന് എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു.

ദിവസ വേതനക്കാരും തൊഴിലാളികളും ഒരുപാട് അദ്ധ്വാനിക്കുന്നു എന്നത് – പ്രത്യേകിച്ച് സ്ത്രീകൾ - പൊതുവെ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. എന്‍റെ അമ്മ ഉൾപ്പെടെ മുത്തശ്ശിക്ക് ഏഴ് മക്കൾ ഉണ്ടായിരുന്നു – അഞ്ച് പെണ്ണുങ്ങളും രണ്ട് ആണുങ്ങളും. എന്‍റെ അമ്മയായിരുന്നു ഏറ്റവും മൂത്തത്. മുത്തശ്ശൻ മദ്യപൻ ആയിരുന്നു. സ്വന്തം വീട് വിറ്റ് മദ്യപിക്കുന്നതിനായി ചിലവാക്കിയ ആൾ. എന്‍റെ മുത്തശ്ശിയാണ് എല്ലാം ചെയ്തത്: ജീവിക്കാനുള്ള മാർഗ്ഗം കണ്ടെത്തി, മകളെ വിവാഹം കഴിപ്പിച്ചു, കൂടാതെ കൊച്ചുമക്കളെയും നോക്കി.

എന്‍റെ അമ്മയിലും ജോലിയോടുള്ള അതേ സമർപ്പണം ഞാൻ കാണുന്നു. അമ്മയുടെ ഇളയ സഹോദരി താൻ പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ അമ്മ ധൈര്യപൂർവ്വം കാര്യങ്ങൾ നീക്കി വിവാഹത്തിന് സഹായം നൽകി. ഒരിക്കൽ ഞങ്ങൾ താമസിച്ചിരുന്ന കുടിലിന് തീ പിടിച്ചു. അമ്മ എന്നെയും ഇളയ സഹോദരനെയും സഹോദരിയെയും ചേർത്തുപിടിക്കുകയും ഞങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തു. അമ്മ എല്ലായ്പ്പോഴും ഭയരഹിത യായിരുന്നു. അമ്മമാർക്ക് മാത്രമെ മക്കളെപ്പറ്റി ആദ്യം ചിന്തിക്കാൻ കഴിയൂ, തങ്ങളുടെ ജീവൻ അപകടത്തിൽ ആയിരിക്കുമ്പോഴും.

Amma waits outside the fish market till early in the morning to make her purchase.
PHOTO • M. Palani Kumar
From my childhood days, we have always cooked on a firewood stove. An LPG connection came to us only in the last four years. Also, it is very hard now to collect firewood near where we live
PHOTO • M. Palani Kumar

ഇടത്: അടുത്ത ദിവസത്തെ മീന്‍ വാങ്ങാന്‍ മീന്‍ചന്തയുടെ പുറത്ത് അതിരാവിലെവരെ അമ്മ കാത്തിരിക്കുന്നു. വലത്: എന്‍റെ കുട്ടിക്കാലം മുതല്‍ ഒരു വിറകടുപ്പിലാണ് ഞങ്ങള്‍ ഭക്ഷണം പാകം ചെയ്തിട്ടുള്ളത്. കൂടാതെ, ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നതിനടുത്തു നിന്നും വിറക് ശേഖരിക്കുക വളരെ ബുദ്ധിമുട്ടാണ്

അവർ വീടിനുപുറത്ത് വിറകടുപ്പിൽ പനിയാരം ഉണ്ടാക്കുമായിരുന്നു. ആളുകൾ ചോദിക്കാനായി വരും. കുട്ടികൾ കഴിക്കാൻ ചോദിക്കും. "എല്ലാവർക്കും കൊടുക്കൂ”, അവർ എപ്പോഴും പറയും. അടുത്തുള്ള കുട്ടികൾക്ക് ഞാൻ കൈനിറയെ കൊടുക്കുമായിരുന്നു.

അവർക്ക് മറ്റുള്ളവരോടുള്ള താല്പര്യം പലരീതിയിലാണ് പ്രതിഫലിച്ചത്. ഞാൻ മോട്ടോർബൈക്ക് സ്റ്റാർട്ട് ആകുമ്പോഴൊക്കെ അവർ പറയും: "നിനക്ക് മുറിവേറ്റാലും കുഴപ്പമില്ല, ദയവ് ചെയ്ത് മറ്റുള്ളവർക്ക് ഒന്നും വരുത്തരുത്..."

അമ്മ കഴിച്ചോ എന്ന് അച്ഛൻ ഒരിക്കലും ചോദിച്ചിട്ടില്ല. അവർ ഒരിക്കലും സിനിമയ്ക്കോ അമ്പലത്തിലോ ഒരുമിച്ച് പോയിട്ടില്ല. അവർ എല്ലാ സമയത്തും അദ്ധ്വാനിച്ചു. "നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എത്രയോ കാലം മുമ്പ് മരിക്കുമായിരുന്നു”, അവർ എന്നോട് പറഞ്ഞിരുന്നു.

ക്യാമറ വാങ്ങിയ ശേഷം കഥകൾ അന്വേഷിക്കാൻ ഞാൻ പോകുന്ന സമയത്ത് കണ്ടുമുട്ടുന്ന സ്ത്രീകളൊക്കെ എന്നോട് എല്ലായ്പ്പോഴും പറഞ്ഞു "മക്കൾക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചിരിക്കുന്നത്.” ഇപ്പോൾ 30-ാം വയസ്സിൽ ഞാൻ മനസ്സിലാക്കുന്നു അത് തികച്ചും ശരിയായിരുന്നുവെന്ന്.

*****

എന്‍റെ അമ്മ മീൻ വിൽക്കാൻ പോയ വീടുകളിലൊക്കെ അവിടുത്തെ കുട്ടികൾ നേടിയ കപ്പുകളും മെഡലുകളുമൊക്കെ പ്രദർശനത്തിന് വച്ചിരുന്നു. തന്‍റെ മക്കളും വീട്ടിൽ ട്രോഫികൾ കൊണ്ടു വരാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പക്ഷെ എന്‍റെ അമ്മയെ കാണിക്കാനായി ഇംഗ്ലീഷ് പേപ്പറിന്‍റെ ‘പരാജയപ്പെട്ട മാർക്കുകൾ’ മാത്രമെ എനിക്കുണ്ടായിരുന്നുള്ളൂ. അന്നത്തെ ദിവസം അവർ എന്നോട് ദേഷ്യപ്പെട്ട് പ്രശ്നത്തിൽ ആയിരിക്കും. "സ്വകാര്യ സ്ക്കൂളിൽ ഞാൻ ഫീസ് അടയ്ക്കുന്നു, നീ ഇംഗ്ലീഷിന് പരാജയപ്പെടുന്നു”, അവർ ദേഷ്യത്തോടെ പറഞ്ഞു.

My mother waiting to buy pond fish.
PHOTO • M. Palani Kumar
Collecting her purchase in a large bag
PHOTO • M. Palani Kumar

ഇടത്: കുളത്തില്‍ നിന്നും ശേഖരിക്കുന്ന മീന്‍ വാങ്ങാനായി എന്‍റെ അമ്മ കാത്തിരിക്കുന്നു. വലത്: വാങ്ങിയതൊക്കെ വലിയൊരു സഞ്ചിയില്‍ ശേഖരിക്കുന്നു

എന്തിലെങ്കിലും വിജയിക്കണം എന്നുള്ള എന്‍റെ നിശ്ചയദാർഢ്യത്തിന് അവരുടെ ദേഷ്യം ഒരു ഒരു വിത്തായി മാറി. ആദ്യ വിജയം ഉണ്ടായത് ഫുട്ബോളിൽ ആണ്. ഞാൻ വളരെ ഇഷ്ടപ്പെട്ട കായിക ഇനത്തിന്‍റെ സ്ക്കൂൾ ടീമിൽ ചേരാനായി രണ്ടു വർഷം കാത്തു നിന്നു. ഞങ്ങളുടെ ടീമിനോടൊത്തുള്ള എന്‍റെ ആദ്യത്തെ കളിയിൽ ഞങ്ങൾ ഒരു ടൂർണമെൻറ് കപ്പ് നേടി. ആ ദിവസം വളരെയധികം ആത്മാഭിമാനത്തോടെ കൂടി വീട്ടിലെത്തി ഞാൻ കപ്പ് അമ്മയ്ക്ക് നൽകി.

ഫുട്ബോള്‍ എനിക്ക് പഠനത്തിലും സഹായകരമായി. ഹൊസൂരിലെ ഒരു എൻജിനീയറിങ് കോളേജിൽ സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയാണ് ഞാൻ ബിരുദം നേടിയത്. എന്നിരിക്കലും ഫോട്ടോഗ്രാഫിക്ക് വേണ്ടി ഞാൻ എൻജിനീയറിംഗ് ഉപേക്ഷിക്കുകയായിരുന്നു. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ ഞാൻ എന്താണോ അതെല്ലാം എന്‍റെ അമ്മ കാരണമാണ്.

കുട്ടിയായിരുന്നപ്പോൾ അമ്മ വാങ്ങി തരുമായിരുന്ന പരുത്തിപാൽ പനിയാരം കഴിക്കാനായി ഞാൻ എപ്പോഴും അമ്മയോടൊപ്പം ചന്തയിൽ പോകുമായിരുന്നു.

ചന്തയിൽ പുതിയ മീൻ വരുന്നതും കാത്ത് റോഡിന്‍റെ വശത്തെ പ്ലാറ്റ്ഫോമുകളിൽ കൊതുകിന്‍റെ കുത്തേറ്റ് ഉറക്കമില്ലാത്ത കിടന്ന ആ രാത്രികളും മീൻ വാങ്ങുന്നതിനായി അതിരാവിലെ എഴുന്നേറ്റതുമൊക്കെ ഇപ്പോൾ എന്നെ വളരെയധികം വൈകാരികം ആക്കുന്നു. പക്ഷെ അന്നിത് തികച്ചും സാധാരണ കാര്യം ആയിരുന്നു. ചെറിയൊരു ലാഭം ഉണ്ടാക്കുന്നതിനായി അവസാനത്തെ തരി മീനും ഞങ്ങൾക്ക് വിൽക്കണമായിരുന്നു.

My father and mother selling fish at one of their old vending spots in 2008.
PHOTO • M. Palani Kumar
During the Covid-19 lockdown, we weren’t able to sell fish on the roadside but have now started again
PHOTO • M. Palani Kumar

ഇടത്: എന്‍റെ അച്ഛനും അമ്മയും 2008-ലെ പഴയൊരു വില്‍പ്പന സ്ഥലത്ത് മീന്‍ വില്‍ക്കുന്നു. വലത്: കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത് റോഡരികില്‍ മീന്‍ വില്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. പക്ഷെ ഇപ്പോള്‍ വീണ്ടും തുടങ്ങി

മധുര കരിമേട് മീന്‍ചന്തയിൽ നിന്നും അമ്മ 5 കിലോഗ്രാം മീൻ വാങ്ങുമായിരുന്നു. കൂടെയുള്ള ഐസിന്‍റെ കൂടി ഭാരം ചേർത്തായിരുന്നു അത്. അതിനാൽ ഒരു ചെറു കച്ചവടക്കാരിയെന്ന നിലയിൽ മധുരയിലെ തെരുവുകളിൽ മീൻ തലയിലേറ്റി നടന്ന് വിൽക്കുമ്പോഴേക്കും ഐസ് ഉരുകുന്നതു മൂലം അവർക്ക് ഒരു കിലോ നഷ്ടമാകും.

25 വർഷങ്ങൾക്കു മുൻപ് അവർ ഇത് തുടങ്ങിയപ്പോൾ പ്രതിദിനം 50 രൂപയിലധികം അവർക്ക് ലഭിച്ചിരുന്നില്ല. പിന്നീടത് 200-300 രൂപയായി. ഈ സമയംകൊണ്ട് നടന്നു വിൽക്കുന്ന പണിയിൽ നിന്നു മാറി റോഡരികിൽ സ്വന്തം സ്റ്റാളിൽ മീൻ വിൽക്കാൻ തുടങ്ങി. ഇപ്പോൾ അവർക്ക് പ്രതിമാസം 12,000 രൂപയ്ക്കടുത്ത് മാസ വരുമാനമുണ്ട്.

അമ്മ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 1,000 രൂപവീതം മീൻ വാങ്ങാനായി കരിമേട്ടിൽ ചിലവാക്കുമായിരുന്നെന്ന്  വലുതായപ്പോൾ ഞാൻ മനസ്സിലാക്കി - അതിൽ നിന്ന് എന്ത് ലഭിച്ചാലും. ആഴ്ചാവസാനങ്ങളിലായിരുന്നു അവർക്ക് ഏറ്റവും കച്ചവടം ലഭിച്ചിരുന്നത്. അതുകൊണ്ട് അപ്പോള്‍ അവർ 2,000 മുടക്കാൻ തയ്യാറാകുമായിരുന്നു. ഇപ്പോഴവർ സാധാരണ ദിവസങ്ങളില്‍ 1,500 രൂപയും ആഴ്ചാവസാനങ്ങളിൽ 5-6,000 മുടക്കുന്നു. പക്ഷെ അമ്മ ചെറിയ ലാഭം മാത്രമേ ഉണ്ടാക്കുകയുള്ളൂ കാരണം അവർ ഉദാരമതിയാണ്. തൂക്കത്തിന്‍റെ കാര്യത്തിൽ അവർ കുറവു കാണിക്കില്ല, വാങ്ങാൻ വരുന്നവർക്ക് അവസാനം കൂടുതൽ നൽകും.

കരിമേട്ടിൽ നിന്ന് മീൻ വാങ്ങാനായി എന്‍റെ അമ്മ ചിലവഴിക്കുന്ന പണം പ്രദേശത്തെ ഒരു വായ്പ ദാതാവിൽ നിന്നും വാങ്ങുന്നതായിരുന്നു. അടുത്തദിവസം അവർ അത് തിരിച്ചു നൽകണം. ഒരു പ്രവൃത്തി ദിവസം അവർ 1,500 രൂപ വാങ്ങുകയാണെങ്കിൽ 24 മണിക്കൂറിനുശേഷം അവർ 1,600 രൂപ മടക്കി നൽകണം – അതായത് ഒരു ദിവസം 100 രൂപ. എല്ലാ ഇടപാടുകളും ഒരാഴ്ചയിൽ തന്നെ തീർക്കുന്നതിനാൽ വാർഷിക കണക്ക് മറയ്ക്കപ്പെടുന്നു. അതായത് 2,400 രൂപയിലുമധികം പലിശ.

These are the earliest photos that I took of my mother in 2008, when she was working hard with my father to build our new house. This photo is special to me since my journey in photography journey began here
PHOTO • M. Palani Kumar
PHOTO • M. Palani Kumar

അമ്മയുടെയും (ഇടത്) അച്ഛന്‍റെയും (വലത്) ഞാനെടുത്ത ഏറ്റവും ആദ്യത്തെ ഫോട്ടൊ. 2008-ല്‍ ഞങ്ങളുടെ പുതിയ വീട് പണിയാന്‍ അവര്‍ കഠിനാദ്ധ്വാനം ചെയ്യുന്ന സമയത്താണ് ഇതെടുത്തത്. ഈ രണ്ട് ഫോട്ടോകളും എനിക്കു പ്രത്യേകതകള്‍ ഉള്ളതാണ്. കാരണം ഇവിടെയാണ്‌ എന്‍റെ ഫോട്ടോഗ്രഫി യാത്ര തുടങ്ങിയത്

ആഴ്ചാവസാനം മീൻ വാങ്ങുന്നതിനായി 5,000 രൂപ വാങ്ങുകയാണെങ്കിൽ താങ്കളാഴ്ച അവർ അയാൾക്ക് 5,200 രൂപ തിരിച്ചു നൽകണം. ഏത് കാര്യത്തിലായാലും, അതായത് പ്രവൃത്തി ദിവസങ്ങളിലുള്ള വായ്പ ആണെങ്കിലും ആഴ്ചാവസാനത്തെ വായ്പയാണെങ്കിലും, ഒരുദിവസം വൈകിയാൽ 100 രൂപ കൂടുതൽ നൽകണം. ആഴ്ചാവസാനത്തെ വായ്പ വാർഷിക പലിശ നിരക്കിൽ നോക്കുകയാണെങ്കിൽ 730 രൂപയാണ്.

മീൻചന്തയിലേക്കുള്ള എന്‍റെ സന്ദർശനം ഒരുപാട് കഥകൾ കേൾക്കാനുള്ള അവസരങ്ങൾ എനിക്ക് നൽകി. ചിലതെന്നിൽ അമ്പരപ്പുണ്ടാക്കി. ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന സമയത്ത് കേൾക്കുന്ന കഥകൾ, ജലസേചനത്തിനുള്ള കനാലുകളിൽ മീൻ പിടിക്കാൻ അച്ഛന്‍റെയൊപ്പം പോകുമ്പോൾ കേട്ടിരുന്നവ എന്നിവയൊക്കെ എന്നിൽ സിനിമയെക്കുറിച്ചും കാഴ്ചയെക്കുറിച്ചുള്ള താൽപര്യം ജനിപ്പിച്ചു. എന്‍റെ അമ്മ ആഴ്ചതോറും നൽകിയിരുന്ന പോക്കറ്റ്മണി കൊണ്ട് ഞാൻ ചെഗുവേരയുടെയും നെപ്പോളിയന്‍റെയും സുജാതയുടെയും പുസ്തകങ്ങൾ വാങ്ങി. അതെന്നെ വിളക്ക് കാലിനോട് കൂടുതൽ അടുപ്പിച്ചു.

*****

ചില ഘട്ടത്തിൽ എന്‍റെ അച്ഛനും നന്നായി വരുമാനം നേടാൻ തുടങ്ങി. കൂടാതെ, വിവിധ ദിവസ വേതന ജോലികൾ ചെയ്യുന്നതിനൊപ്പം അവര്‍ ആടുകളെ വളർത്തുകയും ചെയ്തു. നേരത്തെ അദ്ദേഹം പ്രതിവാരം 500 രൂപ ഉണ്ടാക്കുമായിരുന്നു. പിന്നീടദ്ദേഹം ഹോട്ടലുകളിലും സെസ്റ്റോറന്റുകളിലും ജോലി ചെയ്യാൻ പോയി. ഇപ്പോൾ അദ്ദേഹം പതിദിനം 250 രൂപ ഉണ്ടാക്കുന്നു. 2008-ൽ മുഖ്യമന്ത്രിയുടെ ഭവന ഇൻഷൂറൻസ് പദ്ധതി പ്രകാരം എന്‍റെ മാതാപിതാക്കൾ വായ്പ എടുക്കുകയും ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട് ഉണ്ടാക്കാൻ തുടങ്ങുകയും ചെയ്തു. ഇത് ജവഹർലാൽ പുരത്താണ്. ഒരിക്കൽ മധുരയുടെ പ്രാന്തപ്രദേശമായിരുന്ന ഈ ഗ്രാമം ഇപ്പോൾ നഗരം വികസിക്കാൻ തുടങ്ങിയതോടെ നഗര പ്രാന്തമായി തീർന്നു.

ഞങ്ങളുടെ വസതി നിർമ്മിക്കാൻ എന്‍റെ മാതാപിതാക്കൾക്ക് 12 വർഷം വേണ്ടി വന്നു. പണിയുടെ എല്ലാ സമയത്തും അവര്‍ വെല്ലുവിളികൾ നേരിട്ടു. വസ്ത്രങ്ങൾക്ക് നിറം കൊടുക്കുന്ന ഫാക്ടറികൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്തും കാലി മേയ്ച്ചും അതുപോലുള്ള പല പണികൾ ചെയ്തും എന്‍റെ അച്ഛൻ കുറച്ചു കുറച്ചായി സമ്പാദിച്ചിരുന്നു. തങ്ങളുടെ സമ്പാദ്യം കൊണ്ട് അവർ എന്നെയും സഹോദരങ്ങളെയും സ്ക്കൂളിൽ അയയ്ക്കുകയും പടിപടിയായി വീട് നിർമ്മിക്കുകയും ചെയ്തു. അവർ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ച ഞങ്ങളുടെ വീട് അവരുടെ അക്ഷീണ പ്രയത്നത്തിന്‍റെ അടയാളമാണ്.

The house into which my parents put their own hard labour came up right behind our old 8x8 foot house, where five of us lived till 2008.
PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: 2008 വരെ ഞങ്ങള്‍ 5 പേര്‍ താമസിച്ച 8x8 അടി വലിപ്പമുള്ള വീടിന്‍റെ പിറകിലാണ് എന്‍റെ അച്ഛനും അമ്മയും കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. വലത്: എന്‍റെ അമ്മയും മുത്തശ്ശിയും (ഇടത്) ആന്‍റിയും (വലത്) പുതിയ വീടിനായി മണ്ണുകൊണ്ടുള്ള ഓട് ഇടുന്നു. പണി നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ആ വീട്ടിലേക്ക് മാറിയത്

എന്‍റെ അമ്മയ്ക്ക് ഗർഭപാത്രത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അവർ ഒരു സർക്കാർ ആശുപത്രി ശസ്ത്രക്രിയയ്ക്ക് വിധേയയായി. അതിന് 30,000 രൂപയോളം ചിലവായി. അപ്പോഴും ഒരു ബിരുദ വിദ്യാർത്ഥിയായിരുന്ന എനിക്ക് അവരെ സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ല. അമ്മയുടെ കാര്യങ്ങൾ നോക്കാനായി നിയോഗിക്കപ്പെട്ട നഴ്സ് അവരെ നന്നായി നോക്കിയില്ല. കുറച്ചുകൂടി മികച്ച ഒരു ആശുപത്രിയിൽ അവരെ പ്രവേശിപ്പിക്കാൻ കുടുംബം ആലോചിച്ചപ്പോൾ എനിക്ക് അവരെ സഹായിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ പാരിയിൽ ജോലി ചെയ്യാൻ തുടങ്ങിയ ഉടനെ ആ അവസ്ഥ മാറാൻ തുടങ്ങി.

എന്‍റെ സഹോദരന് ശസ്ത്രക്രിയ വേണ്ടി വന്നപ്പോൾ ചിലവുകൾ നോക്കുന്ന കാര്യത്തിൽ പോലും പാരി സഹായിച്ചു. ശമ്പളമായി ലഭിക്കുന്ന മാസ വരുമാനം അമ്മയ്ക്ക് നൽകാൻ എനിക്കു കഴിഞ്ഞു. എനിക്ക് പല സമ്മാനങ്ങളും ലഭിച്ചപ്പോൾ (വികടൻ അവാർഡ് പോലെയുള്ളവ) തന്‍റെ മകൻ അവസാനം എന്തോ നല്ല അവസ്ഥയിൽ എത്തിച്ചേർന്നു എന്ന പ്രതീക്ഷ അവർക്കുണ്ടായി. എന്‍റെ അച്ഛൻ അപ്പോഴും പറയുമായിരുന്നു: "നിനക്ക് അവാർഡുകളൊക്കെ കിട്ടുമായിരിക്കും, പക്ഷെ മോശമല്ലാത്ത പണം വീട്ടിൽ കൊണ്ടുവരാൻ നിനക്ക് സാധിക്കുമോ?"

അച്ഛൻ പറഞ്ഞത് ശരിയായിരുന്നു. സുഹൃത്തുക്കളുടെയും അമ്മാവന്‍റെയും പക്കൽനിന്നും ഒന്നും മൊബൈൽഫോൺ വായ്പ വാങ്ങി 2008-ൽ ഞാൻ ഫോട്ടോഗ്രാഫുകൾ എടുക്കാൻ തുടങ്ങിയതാണെങ്കിലും സാമ്പത്തിക ആവശ്യത്തിനായി കുടുംബത്തെ ആശ്രയിക്കുന്നത് നിർത്തിയത് 2014-ല്‍ മാത്രമാണ്. അതുവരെ ഞാൻ ഹോട്ടലിൽ പാത്രങ്ങൾ കഴുകുകയും വിവാഹച്ചടങ്ങുകൾക്കും മറ്റു പരിപാടികൾക്കും ഭക്ഷണം വിളമ്പുകയും അതുപോലുള്ള മറ്റു പല ജോലികൾ ചെയ്യുകയും ചെയ്യുമായിരുന്നു.

മോശമല്ലാത്ത പണം അമ്മയുടെ കൈയ്യിൽ എത്തിക്കാൻ എനിക്ക് പത്തു വർഷം വേണ്ടിവന്നു. കഴിഞ്ഞ ദശകത്തിൽ ഞങ്ങൾ ഒരുപാട് വെല്ലുവിളികൾ നേരിട്ടു. എന്‍റെ സഹോദരിയും അസുഖബാധിതയായി. അവൾക്കും എന്‍റെ അമ്മയ്ക്കും അസുഖങ്ങൾ മാറിമാറി വന്ന് ആശുപത്രി ഞങ്ങളുടെ രണ്ടാമത്തെ വീടായി. അമ്മയുടെ ഗർഭപാത്രത്തിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അവസ്ഥകൾ ഒരുപാട് മെച്ചമാണ്. ഇപ്പോൾ ഞാൻ വിശ്വസിക്കുന്നത് അച്ഛനും അമ്മയ്ക്കും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ എനിക്ക് കഴിയുമെന്നാണ്. ഒരു ഫോട്ടോ ജേർണലിസ്റ്റ് എന്ന നിലയിൽ തൊഴിലാളിവർഗ്ഗങ്ങളെക്കുറിച്ച് ഞാൻ കഥകൾ ചെയ്യുന്നത് അവരുടെ ജീവിതം കാണുകയും അത് പങ്ക് വയ്ക്കുകയും ചെയ്യുന്നതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ്. അവരുടെ അക്ഷീണ പ്രയത്നമാണ് എന്‍റെ പഠനം. വിളക്കുകാൽ ഇപ്പോഴും അറിവ് തെളിക്കുന്നു.

PHOTO • M. Palani Kumar

എന്‍റെ അമ്മ മൂന്ന് തവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ്. മൂന്ന് തവണയും അവര്‍ രക്ഷപെട്ടു എന്നുള്ളത് ഒരു സാധാരണ കാര്യമല്ല


PHOTO • M. Palani Kumar

അമ്മ ഒരിക്കലും ഒരു സ്ഥലത്ത് ഇരുന്നു കണ്ടിട്ടുള്ള ഓർമ്മ എനിക്കില്ല . അവർ എല്ലായ്പ്പോഴും ഒന്ന് അല്ലെങ്കിൽ മറ്റൊരു ജോലി ചെയ്യും . തന്‍റെ ജോലി പൂര്‍ത്തിയാക്കിയ ശേഷം അവര്‍ അരുവിയില്‍ ഒരു അലൂമിനിയം പാത്രം കഴുകുന്നു


PHOTO • M. Palani Kumar

ഒരു കര്‍ഷകയാവണമെന്നതായിരുന്നു അമ്മ എപ്പോഴും ആഗ്രഹിച്ചത്. പിന്നീടവര്‍ മീന്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞു. പക്ഷെ കൃഷിയിലുള്ള താല്‍പ്പര്യം കുറഞ്ഞില്ല. വീടിന്‍റെ പിറകില്‍ 10 വാഴകള്‍ ഞങ്ങള്‍ നടുന്നു. അതില്‍ ഒന്നുമാത്രമാണ് കുലയ്ക്കുന്നതെങ്കില്‍ പോലും അമ്മ സന്തോഷിക്കുകയും പ്രാര്‍ത്ഥനകളും മധുര പൊങ്കലും കൊണ്ട് അത് ആഘോഷിക്കുകയും ചെയ്യുന്നു


PHOTO • M. Palani Kumar

ചില ഘട്ടങ്ങളില്‍ എന്‍റെ അച്ഛന്‍ ആടുകളെ വളര്‍ത്താന്‍ തുടങ്ങിയിരുന്നു. അമ്മ തന്നെയാണ് ആട്ടിന്‍കൂട് കഴുകുന്നത്


PHOTO • M. Palani Kumar

അച്ഛന് മൃഗങ്ങളും പക്ഷികളും ചുറ്റുമുണ്ടാകുന്നത് ഇഷ്ടമാണ്. വെറും 5 വയസുള്ളപ്പോള്‍ ഉപജീവനത്തിനായി ആടുകളെ മേയ്ക്കാന്‍ തുടങ്ങിയതാണ്‌ അദ്ദേഹം


PHOTO • M. Palani Kumar

അമ്മയ്ക്ക് സൈക്കിളും മോട്ടോര്‍ ബൈക്കും ഓടിക്കാന്‍ ഇഷ്ടമാണ്. പക്ഷെ ഓടിക്കാന്‍ അറിയില്ല


PHOTO • M. Palani Kumar

അത് ഞാനാണ്, അമ്മയെ മീന്‍ വില്‍ക്കാന്‍ സഹായിക്കുന്നു


PHOTO • M. Palani Kumar

സന്ധിവാതം മൂലം അമ്മ കടുത്ത വേദന അനുഭവിക്കുന്നു. നടക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. പക്ഷെ ഇപ്പോഴും പാചകത്തിനായി വിറക് ശേഖരിക്കും. എങ്കിലും വിറക് കൂടുതല്‍ കൂടുതല്‍ അപൂര്‍വ്വ വസ്തുവായി മാറിക്കൊണ്ടിരിക്കുന്നു


PHOTO • M. Palani Kumar

സന്ധിവാതത്തിന് ഗുളിക വാങ്ങാനായി എല്ലാ മാസവും അവര്‍ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കുന്നു. അതിന്‍റെ സഹായത്താലാണ് അവര്‍ മുന്നോട്ട് നീങ്ങുന്നത്. “കുമാർ , എന്‍റെ കാലുകൾ പഴയതുപോലെ ശരിയാക്കൂ എന്ന് അവര്‍ പറയുമ്പോഴൊക്കെ എനിക്ക് കുറ്റബോധം തോന്നും


PHOTO • M. Palani Kumar

15 വര്‍ഷങ്ങളായി എന്‍റെ അച്ഛന് വൃക്കയ്ക്ക് പ്രശ്നമുണ്ട്. പക്ഷെ ശസ്ത്രക്രിയ നടത്താന്‍ ഞങ്ങളുടെ കൈയില്‍ പണമില്ലായിരുന്നു. പാരിയില്‍ ജോലി കിട്ടിയതിനു ശേഷമാണ് ശസ്ത്രക്രിയ നടത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചത്


PHOTO • M. Palani Kumar

ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന വീട് ഇതാണ്. അത് പണിയാന്‍ 12 വര്‍ഷങ്ങളെടുത്തു. പക്ഷെ അവസാനം എന്‍റെ അമ്മയുടെ സ്വപ്നം സഫലമായി


PHOTO • M. Palani Kumar

മീന്‍ കൊണ്ടുനടന്ന പാത്രങ്ങള്‍ കഴുകിയ ശേഷം അമ്മ വീട്ടിലേക്ക് വരുന്നു. ആകാശത്തെപ്പോലാണ് അവരെക്കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിക്കുന്നത്. ചിന്തകളെ സ്വാഗതം ചെയ്യുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. അവരൊരിക്കലും അവരെപ്പറ്റി ചിന്തിക്കുന്നില്ല


പരിഭാഷ : റെന്നിമോന്‍ കെ. സി.

M. Palani Kumar

ایم پلنی کمار پیپلز آرکائیو آف رورل انڈیا کے اسٹاف فوٹوگرافر ہیں۔ وہ کام کرنے والی خواتین اور محروم طبقوں کی زندگیوں کو دستاویزی شکل دینے میں دلچسپی رکھتے ہیں۔ پلنی نے ۲۰۲۱ میں ’ایمپلیفائی گرانٹ‘ اور ۲۰۲۰ میں ’سمیُکت درشٹی اور فوٹو ساؤتھ ایشیا گرانٹ‘ حاصل کیا تھا۔ سال ۲۰۲۲ میں انہیں پہلے ’دیانیتا سنگھ-پاری ڈاکیومینٹری فوٹوگرافی ایوارڈ‘ سے نوازا گیا تھا۔ پلنی تمل زبان میں فلم ساز دویہ بھارتی کی ہدایت کاری میں، تمل ناڈو کے ہاتھ سے میلا ڈھونے والوں پر بنائی گئی دستاویزی فلم ’ککوس‘ (بیت الخلاء) کے سنیماٹوگرافر بھی تھے۔

کے ذریعہ دیگر اسٹوریز M. Palani Kumar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.