“ഇതെന്റെ സംഗീതോപകരണമല്ല” ഭാര്യ ബാബുദി ഭോപിയോടൊപ്പം ഏതാനും നിമിഷങ്ങൾക്കുമുമ്പ് മാത്രം താൻ നിർമ്മിച്ച രാവണഹട്ട എന്ന സംഗീതോപകരണം ഉയർത്തിപ്പിടിച്ച് കിഷൻ ഭോപ്പ പറയുന്നു.
“ശരിയാണ്, ഞാനത് വായിക്കുന്നുവെന്ന് മാത്രം. പക്ഷേ ഇത് എന്റേതല്ല. ഇത് രാജസ്ഥാന്റെ അഭിമാനമാണ്”, കിഷൻ പറയുന്നു.
മുളകൊണ്ടുണ്ടാക്കുന്ന ഒരു വീണയും നേർത്ത തണ്ടുമാണ് രാവണഹട്ട. തലമുറകളായി ഈ ഉപകരണമുണ്ടാക്കുന്നവരാന് കിഷന്റെ കുടുംബം. ഹൈന്ദവപുരാണമായ രാമായണത്തോളം പിന്നിലേക്ക് ഇതിന്റെ ചരിത്രം നീണ്ടുപോകുന്നു എന്ന് കിഷൻ അവകാശപ്പെടുന്നു. ലങ്കയുടെ അധിപനായ രാവണനിൽനിന്നാണ് ആ പേരിന്റെ ഉത്ഭവം എന്ന് അയാൾ സൂചിപ്പിക്കുന്നു. ചരിത്രകാരന്മാരും എഴുത്തുകാരും അതിനോട് യോജിക്കുന്നുണ്ട്. ശിവനെ പ്രീതിപ്പെടുത്താനും അനുഗ്രഹം തേടാനുമായി രാവണൻ ഉണ്ടാക്കിയ ഉപകരണമാണ് ഇതെന്ന് അവർ കൂട്ടിച്ചേർക്കുന്നു.
2008-ൽ പ്രസിദ്ധീകരിക്കപ്പെട്ട, എപ്പിക് ജേണി ഓഫ് ആൻ ഇൻസ്ട്രുമെന്റ് ഇൻ രാജസ്ഥാൻ ( രാജസ്ഥാനിലെ ഒരു സംഗീതോപകരണത്തിന്റെ ഇതിഹാസയാത്ര) എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവായ ഡോ. സുനീര കസ്ലിവാൾ പറയുന്നു. “വില്ലുപകരണങ്ങളിൽ ഏറ്റവും പ്രാചീനമായതാണ് രാവണഹട്ട”. വയലിന്റെ അതേ രീതിയിൽത്തന്നെ വായിക്കപ്പെടുന്നതായതിനാൽ, വയലിന്റെയും സെല്ലോവിന്റേയും മുൻഗാമിയാണ് ഈ സംഗീതോപകരണമെന്നും അവർ സൂചിപ്പിക്കുന്നു.
കിഷനെയും ബാബുദിയെയും സംബന്ധിച്ചിടത്തോളം ഈ സംഗീതോപകരണത്തിന്റെ നിർമ്മാണം അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഉദയ്പുർ ജിലയിലെ ഗിർവ തെഹ്സിലിലെ ബാർഗാവ് ഗ്രാമത്തിലുള്ള വീട്ടിൽ നിറയെ മരച്ചീന്തുകളും ചിരട്ടയും ആട്ടിൻതോലും കമ്പികളുമാണ്. രാവണഹട്ട നിർമ്മിക്കാനാവശ്യമായ സാമഗ്രികളാണ് അവ. രാജസ്ഥാനിൽ പട്ടികജാതിയിൽപ്പെട്ട നായക് സമുദായാംഗങ്ങളാണ് അവരിരുവരും.
40 വയസ്സ് കഴിഞ്ഞ ആ ദമ്പതിമാർ എന്നും രാവിലെ 9 മണിയോടെ ഗ്രാമത്തിൽനിന്നിറങ്ങി ഉദയ്പുർ നഗരത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഗംഗാവുർ ഘട്ടിലെത്തി ജോലി തുടങ്ങും. രാവണഹട്ട വായിക്കുന്ന കിഷന്റെ അരികിലിരുന്ന് ബാബുദി ആഭരണങ്ങൾ വിൽക്കുന്നു. വൈകീട്ട് 7 മണിയോടെ സാധനങ്ങൾ കെട്ടിപ്പെറുക്കി അവർ വീട്ടിലേക്ക് മടങ്ങുന്നു. അഞ്ച് മക്കളുടെ അടുത്തേക്ക്.
രാവണഹട്ട നിർമ്മിക്കുന്നതിനെക്കുറിച്ചും, ഈ സംഗീതോപകരണം അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയതിനെക്കുറിച്ചും, ഈ കല നിലനിർത്താൻ അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഈ സിനിമയിൽ കിഷനും ബാബുദിയും സംസാരിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്