മീന ഏതു സമയത്തും വിവാഹിതയാവാം. അതുകൊണ്ടാണ് കുറച്ചു മാസങ്ങൾക്കുമുമ്പ് അവൾ പറഞ്ഞത് "ഞാൻ ഒരു പ്രശ്നമായി തീർന്നിരിക്കുന്നു” എന്ന്. മീന ‘പ്രശ്നകാരിയായ’ പദവി ആർജ്ജിച്ച് പല ആഴ്ചകൾക്കുശേഷം അവളുടെ മാതൃ സഹോദരീ പുത്രിയായായ സോനുവും അതേ പദവി ആർജ്ജിച്ച് വിവാഹത്തിന്റെ പാതയിലാണ്. ‘പ്രശ്നങ്ങൾ’ എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് അവളെപ്പോലുള്ള പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്ന അവസ്ഥയാണ്.
മീനയും (14) സോനുവും (13) കമ്പികൾ വലിച്ചുകെട്ടിയുണ്ടാക്കിയ കട്ടിലിൽ അടുത്തടുത്തിരിക്കുകയാണ്. സംസാരിക്കുമ്പോൾ പരസ്പരം നോക്കുകയായിരുന്ന അവർ, സംഭവിച്ച മാറ്റത്തെപ്പറ്റി (ആർത്തവത്തെപ്പറ്റി) അപരിചിതയായ വ്യക്തിയോട് സംസാരിക്കുന്ന കാര്യത്തിൽ കുറച്ച് ലജ്ജയോടെ, കൂടുതൽ സമയവും മീനയുടെ വീടിന്റെ മണൽ നിറഞ്ഞ തറയിലേക്കു നോക്കിയിരിക്കുകയായിരുന്നു. മുറിയിൽ അവർക്ക് പിന്നിൽ ചെറിയൊരു ആട്ടിൻകുട്ടിയെ ചെറിയൊരു കുറ്റിയിൽ കെട്ടിയിരുന്നു. ഉത്തർപ്രദേശിലെ കോറാവ് ബ്ലോക്കിലെ ബൈഠക്വ എന്ന ഗ്രാമത്തില്‍ പതിയിരിക്കുന്ന വന്യമൃഗങ്ങളെ ഭയന്ന് അതിനെ അഴിച്ചുവിടാൻ പറ്റില്ലായിരുന്നു. അതുകൊണ്ടാണത് വീടിനകത്തു കഴിയുന്നതെന്നവർ പറഞ്ഞു. പ്രസ്തുത പ്രദേശത്തെ നിരവധി വീടുകളാൽ ചുറ്റപ്പെട്ടതാണ് ഈ വീട്.
തങ്ങൾ ലജ്ജിതരാവേണ്ട എന്തോ ആണെന്ന തരത്തിൽ ആർത്തവം എന്താണെന്ന് ആ പെൺകുട്ടികൾ മനസ്സിലാക്കിയതേയുള്ളൂ. അവർക്ക് ഭയവുമുണ്ട് – അതവർക്ക് മാതാപിതാക്കളിൽ നിന്ന് കിട്ടിയതാണ്. സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട താത്പര്യങ്ങളും ഒരു പെൺകുട്ടി പക്വതയെത്തിക്കഴിഞ്ഞാലുണ്ടാകാവുന്ന വിവാഹപൂർവ്വ ഗർഭധാരണ സാദ്ധ്യതകളെക്കുറിച്ചുള്ള ആശങ്കകളുമാണ് പ്രയാഗ്രാജ് ജില്ലയിലെ (മുൻപ് അലഹാബാദ്) ഈ ദളിത് ഗ്രാമത്തിലെ കുടുംബങ്ങളെ തങ്ങളുടെ പെൺകുട്ടികളെ ചെറുപ്രായത്തിൽ - പലപ്പോഴും 12-ാം വയസ്സിൽ - വിവാഹം കഴിച്ചയയ്ക്കാൻ നിർബന്ധിതരാക്കുന്നത്.
"ഗർഭിണിയാകാനുള്ള പ്രായമായാൽ നമ്മുടെ പെൺകുട്ടികളെ എങ്ങനെയാണ് നമ്മൾ സുരക്ഷിതരായി സൂക്ഷിക്കേണ്ടത്?", മീനയുടെ അമ്മ 27-കാരിയായ റാണി ചോദിച്ചു. റാണിയും ചെറുപ്രായത്തിൽ വിവാഹിതയായി 15-ാം വയസ്സിൽ അമ്മയായ സ്ത്രീയാണ്. ഇപ്പോൾ ഏതാണ്ട് 27 വയസ്സുള്ള സോനുവിന്റെ അമ്മ ചമ്പയും മകൾക്ക് ഇപ്പോഴുള്ള പ്രായത്തിൽ (13 വയസ്സ്) താൻ വിവാഹിതയായതിനെക്കുറിച്ച് ഓർമ്മിക്കുന്നു. ഞങ്ങൾക്കു ചുറ്റുംകൂടിയ ആറു സ്ത്രീകൾ പറഞ്ഞത് 13-14 വയസ്സിൽ വിവാഹിതയാകുന്നത് ഇവിടെ ഒരു അപവാദമെന്നതിനേക്കാള് കീഴ്വഴക്കമാണ് എന്നാണ്. “ഹമാരാ ഗാംവ് ഏക് ദൂസരാ സാംമ്നാ മേം രഹ്താ ഹേ [ഞങ്ങളുടെ ഗ്രാമം മറ്റൊരു യുഗത്തിലാണ് ജീവിക്കുന്നത്]. ഞങ്ങൾക്ക് മറ്റു മാർഗ്ഗമില്ല. ഞങ്ങൾ നിസ്സഹായരാണ്", റാണി പറഞ്ഞു.
ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളുടെ വടക്ക്-മദ്ധ്യ ഭാഗങ്ങളിലുള്ള നിരവധി ജില്ലകളിൽ ശൈശവവിവാഹം വ്യാപകമായി നടക്കുന്നുണ്ട്. ഇന്റനാഷണൽ സെന്റർ ഫോർ റിസർച്ച് ഓൺ വിമൻ, യൂണിസെഫ് എന്നിവ സംയുക്തമായി നടത്തിയ 2015-ലെ ഒരു ജില്ലാതല പഠനം പറയുന്നത് "ഈ സംസ്ഥാനങ്ങളിലെ ഏതാണ്ട് മൂന്നിൽ രണ്ട് ജില്ലകളിലെ 50 ശതമാനത്തിലധികം സ്ത്രീകളും നിയമപരമായ പ്രായം എത്തുന്നതിനുമുൻപ് വിവാഹിതരാവുന്നു” എന്നാണ്.
2006-ലെ ശൈശവ വിവാഹ നിരോധന നിയമം, 21 വയസ്സ് പൂർത്തിയാകാത്ത ആൺകുട്ടികളുടെയും യും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടികളുടെയും വിവാഹം നിരോധിച്ചിരിക്കുന്നു. അത്തരം വിവാഹങ്ങൾ അവൾ പ്രോത്സാഹിപ്പിക്കുന്നതിനും അനുവദിക്കുന്നതിനും നൽകുന്ന ശിക്ഷ രണ്ടുവർഷം വരെ കഠിനതടവും ഒരുലക്ഷം രൂപവരെ പിഴയുമാണ്.
"എന്തെങ്കിലും നിയമവിരുദ്ധമായി ചെയ്തു എന്ന കാരണത്താൽ പിടിക്കപ്പെടുമെന്ന ഒരു പ്രശ്നമേ ഉണ്ടാകുന്നില്ല, കാരണം അന്വേഷണത്തിനായി ജനന സർട്ടിഫിക്കറ്റില്ല”, ഗ്രാമത്തിൽനിന്നുള്ള അംഗൻവാടി പ്രവർത്തകയായ നിർമലാ ദേവി (47) പറഞ്ഞു. അവർ പറഞ്ഞത് ശരിയാണ്. ഉത്തർപ്രദേശിലെ ഗ്രാമപ്രദേശങ്ങളിൽ ജനിച്ച 42 ശതമാനം കുട്ടികളുടെയും ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എഫ്.എച്.എസ്.-4, 2015-16) പറയുന്നു. പ്രയാഗ്രാജ് ജില്ലയിലെ അവസ്ഥ കുറച്ചുകൂടി ഉയർന്നതാണ് – 57 ശതമാനം.
"ആളുകൾക്ക് ആശുപത്രിയിൽ പോകാൻ കഴിയുന്നില്ല”, അവർ കൂട്ടിച്ചേർത്തു. "നേരത്തെ വെറുമൊരു ഫോൺവിളി കൊണ്ട് 30 കിലോമീറ്റർ അകലെയുള്ള കോറാവ് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നിന്നും [Community Health Centre - CHC] ഞങ്ങൾക്ക് ആംബുലൻസ് ലഭിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ ഞങ്ങളൊരു മൊബൈൽ ആപ്പ് (108) ഉപയോഗിക്കണം. അതിന് 4 ജി കണക്റ്റിവിറ്റി ആവശ്യമാണ്. പക്ഷെ ഇവിടെ നെറ്റ്വർക്ക് ഇല്ല, നിങ്ങൾക്ക് പ്രസവത്തിനായി സി.എച്.സി.യിൽ പോകാനും കഴിയില്ല”, അവർ വിശദീകരിച്ചു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ആപ്പിലേക്കുള്ള മാറ്റം അവസ്ഥ കൂടുതൽ മോശമാക്കി.
സോനുവിനേയും മീനയേയും പോലെ ഓരോ വർഷവും 15 ലക്ഷം ബാലിക വധുക്കൾ ഉണ്ടാകുന്ന രാജ്യത്ത് നിയമത്തിനു മാത്രമായി കുടുംബങ്ങളെ ഈ പ്രവൃത്തി തുടരുന്നതിൽ നിന്നും ഭയപ്പെടുത്തി നിർത്താൻ കഴിയില്ല. എൻ.എഫ്.എച്.എസ്.-4 പറയുന്നത് യു.പി.യിൽ അഞ്ചിലൊന്ന് സ്ത്രീകളും നിയമപരമായ പ്രായമെത്തുന്നതിനു മുൻപ് വിവാഹിതരാവുന്നുവെന്നാണ്.
" ഭഗാ ദേത്തെ ഹേ [അവരെന്നെ ഓടിച്ചു]”, താൻ ബന്ധപ്പെടാൻ ശ്രമിച്ച രക്ഷിതാക്കളെപ്പറ്റി ബൈഠക്വയുടെയും സമീപ ഗ്രാമങ്ങളുടെയും ചുമതലയുള്ള 30-കാരിയായ ആശ പ്രവർത്തക (അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തക - Accredited Social Health Activist - ASHA) സുനിത ദേവി പട്ടേൽ പറഞ്ഞു. "കുട്ടികൾ വളരുന്നതിനായി കാത്തിരിക്കാൻ ഞാനവരോട് അപേക്ഷിച്ചു. ഇത്ര ചെറുപ്രായത്തിൽ ഗർഭവതികളാവുന്നത് അവർക്കപകടമാണെന്ന് ഞാനവരോടു പറഞ്ഞു. ഒന്നുമവർ ശ്രദ്ധിക്കാതെ എന്നോട് പോകാൻ പറഞ്ഞു. അടുത്ത തവണ ഞാനവിടെ പോകുമ്പോൾ, ഒരുപക്ഷേ ഒരു മാസം കഴിഞ്ഞ്, അല്ലെങ്കിൽ പിന്നീട്, പെൺകുട്ടി വിവാഹിതയായിട്ടുണ്ടാവും!"
പക്ഷെ, ആശങ്കപ്പെടാനായി രക്ഷിതാക്കൾക്ക് അവരുടേതായ കാരണങ്ങളുണ്ട്. "വീട്ടിൽ കക്കൂസില്ല”, മീനയുടെ അമ്മ റാണി പറഞ്ഞു. "പലപ്പോഴും അതിനായി അവർ പുറത്ത് സ്ഥലങ്ങളിൽ പോകുന്നു, 50-100 മീറ്റർ ദൂരെവരെ. അല്ലെങ്കിൽ കാലികളെ മേയ്ക്കാനായി പുറത്തു പോകുമ്പോൾ അവർക്കെന്തെങ്കിലും മോശമായി സംഭവിക്കുമോയെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു.” യു.പി.യിലെ ഹാഥ്റസ് ജില്ലയിൽ 2020 സെപ്തംബറിൽ 19-കാരിയായ ഒരു ദളിത് പെൺകുട്ടി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട കാര്യം അവർ ഓർമ്മിച്ചു. " ഹമേം ഹാഥ്റസ് കാ ഡർ ഹമേശാ ഹേ [ഹാഥ്റസിൽ സംഭവിച്ചതുപോലെ എന്തെങ്കിലും സംഭവിക്കുമോയെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു].”
കോറാവിൽ (ജില്ല ഭരണസിരാകേന്ദ്രം) നിന്നും ബൈഠക്വയിലേക്കുള്ള വിജനമായ റോഡ് 30 കിലോമീറ്റർ ദൂരം തുറന്ന കുറ്റിക്കാടുകളിലൂടെയും പാടങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. കാടുകൾക്കും കുന്നുകൾക്കുമിടയിലൂടെയുള്ള 5 കിലോമീറ്റർ ദൂരം പ്രത്യേകിച്ച് വിജനവും അപകടം പിടിച്ചതുമാണ്. പ്രദേശവാസികൾ പറയുന്നത് വെടിയുണ്ടകളാൽ മുറിവേറ്റ ശരീരങ്ങൾ കുറ്റിക്കാടുകൾക്കിടയിൽ എറിഞ്ഞിട്ടിരിക്കുന്നത് അവർ കണ്ടിട്ടുണ്ടെന്നാണ്. മെച്ചപ്പെട്ട റോഡുകൾ പോലെ ഒരു പോലീസ് പോസ്റ്റ് ഉണ്ടെങ്കിൽ അത് സഹായകരമായിരിക്കുമെന്ന് അവർ പറഞ്ഞു. കാലവർഷ സമയത്ത് ബൈഠക്വയുടെ ചുറ്റുവട്ടത്തുള്ള 30 ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിലാകുന്നു, ചിലപ്പോൾ ആഴ്ചകളോളം.
ഗ്രാമത്തിന് ചുറ്റും തവിട്ടു നിറത്തിൽ വരണ്ടുകിടക്കുന്ന, മുള്ളുകളുള്ള കുറ്റിച്ചെടികൾ നിറഞ്ഞ, വിന്ധ്യാചൽ മലകൾ ഒരുവശത്ത് ഉയർന്നു നിൽക്കുകയും സംസ്ഥാനത്തിന്റെ മദ്ധ്യപ്രദേശുമായുള്ള അതിർത്തിയെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഭാഗികമായി ടാർ ചെയ്ത ഒരു റോഡിന്റെ ഇരുവശങ്ങളിലും കോൽ ജാതിയിൽ പെട്ടവരുടെ വീടുകളും ഭൂരിപക്ഷവും ഓ.ബി.സി. കുടുംബങ്ങളുടേതായ പാടങ്ങളും (ദളിതർക്ക് കുറച്ച് ചെറിയ സ്ഥലങ്ങൾ മാത്രമേയുള്ളൂ) ചിതറിക്കിടക്കുന്നു.
എല്ലാവരും കോൽ ജാതിയിൽപ്പെട്ട 500 പട്ടികജാതി കുടുംബങ്ങളും ഇരുപതോളം ഓ.ബി.സി.ക്കാരുടെ വീടുകളും ഉൾപ്പെടുന്ന ഈ ഗ്രാമത്തില്‍ ഭയം വ്യാപിച്ചിരിക്കുന്നു. “കുറച്ചു മാസങ്ങൾക്കുമുമ്പ് ഞങ്ങളുടെയൊരു പെൺകുട്ടി ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു. അപ്പോൾ കുറച്ച് ആൺകുട്ടികൾ [ഉയർന്ന ജാതിയിൽ പെട്ടവർ] നിർബന്ധിച്ച് അവളെ ബൈക്കിൽ കയറ്റുകയും അവളേയുംകൊണ്ട് നീങ്ങുകയും ചെയ്തു. എങ്ങനെയോ അവൾ വണ്ടിയിൽ നിന്നും ചാടുകയും എഴുന്നേറ്റു വീട്ടിലേക്കോടുകയും ചെയ്തു”, റാണി പറഞ്ഞു. അവരുടെ ശബ്ദത്തിൽ ഉത്കണ്ഠയുണ്ടായിരുന്നു.
2021 ജൂൺ 12-ന് കാണാതായ 14-കാരിയായ ഒരു കോൽ പെൺകുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അവളുടെ കുടുംബം പറയുന്നത് അവർ പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ.) ഫയൽ ചെയ്തുവെന്നാണ്. പക്ഷെ അത് ഞങ്ങളെ കാണിക്കാൻ അവര്‍ തയ്യാറായില്ല. തങ്ങളുടെ നേർക്കുതന്നെ ശ്രദ്ധ ആകർഷിക്കാനും പോലീസിനെ ദേഷ്യം പിടിപ്പിക്കാനും അവർ ഭയന്നു. മറ്റുളവർ പറഞ്ഞത് സംഭവം നടന്ന് രണ്ടാഴ്ചകൾ കഴിഞ്ഞാണ് പോലീസ് അന്വേഷിക്കാൻ എത്തിയതെന്നാണ്.
"ഒരു നിശ്ചിത പദവി [പട്ടിക ജാതി] മാത്രമുള്ള പാവങ്ങളാണ് ഞങ്ങൾ. നിങ്ങൾ പറയൂ, പോലീസ് ശ്രദ്ധിക്കുമോ? ആരെങ്കിലും ശ്രദ്ധിക്കുമോ? ആ ഭയവും അപമാനവുമായി [ബലാൽസംഗത്തെക്കുറിച്ചും തട്ടികൊണ്ടു പോകുന്നതിനെക്കുറിച്ചും] ഞങ്ങൾ ജീവിക്കുന്നു”, ശബ്ദം താഴ്ത്തിക്കൊണ്ട് നിർമല ദേവി പറഞ്ഞു.
കോൽജാതിക്കാരി തന്നെയായ നിർമല ആ ഗ്രാമത്തിൽ നിന്നും ബി. എ. ബിരുദം നേടിയ അപൂർവ്വം വ്യക്തികളിലൊരാളാണ്. കർഷകനായ മുരാരിലാലിനെ വിവാഹം ചെയ്തശേഷമാണ് അവർ പഠിച്ചത്. 4 ആൺകുട്ടികളുടെ അമ്മയാണവർ. മിർസാപൂർ ജില്ലയിൽ അവർ താമസിക്കുന്നതിനടുത്തുള്ള ഡ്രമണ്ഡ്ഗഞ്ജ് പട്ടണത്തിലെ ഒരു സ്വകാര്യ സ്ക്കൂളിൽ പഠിക്കുന്ന അവരെ നിർമ്മല സ്വന്തം വരുമാനത്തിൽ നിന്നും സഹായിക്കുന്നു. "എന്റെ മൂന്നാമത്തെ ഗർഭധാരണത്തിനു ശേഷമാണ് ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയത്”, പതറിയ ഒരു ചിരിയോടെ അവർ പറഞ്ഞു. "എനിക്കെന്റെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമായിരുന്നു”, അതാണെന്നെ നയിച്ച ശക്തി. പ്രയാഗ്രാജ് നഗരത്തിൽ ഓക്സിലിയറി നഴ്സ് മിഡ്വൈഫായി (എ.എൻ.എം.) പഠിക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്ന തന്റെ മരുമകളായ ശ്രീദേവിയെയും നിർമല സാമ്പത്തിമായി സഹായിക്കുന്നു. 18 വയസ്സ് പൂർത്തിയായപ്പോഴാണ് ശ്രീദേവി നിർമലയുടെ മകനെ വിവാഹം കഴിച്ചത്.
പക്ഷെ, ഗ്രാമത്തിലുള്ള മറ്റു രക്ഷിതാക്കൾ കൂടുതൽ ഭീതിയിലാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പറയുന്നതനുസരിച്ച് ഉത്തര്‍പ്രദേശ് സംസ്ഥാനം 2019-ല്‍ സ്ത്രീകള്‍ക്കെതിരെ 59,853 കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത് . അതായത് എല്ലാ ദിവസവും ഏകദേശം 164 കുറ്റകൃത്യങ്ങൾ വീതം. പ്രായപൂർത്തിയാകാത്തവരും ആയവരുമായ പെൺകുട്ടികളെയും സ്ത്രീകളെയും ബലാൽസംഗം ചെയ്യുകയും പണത്തിനായും അല്ലാതെയും തട്ടിക്കൊണ്ടുപോവുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്യുന്നതുൾപ്പെടെയുള്ള കണക്കാണിത്.
"പെൺകുട്ടികൾ [ആണുങ്ങളാൽ] ശ്രദ്ധിക്കപ്പെടുന്ന സമയമാകുമ്പോൾ അവരെ സുരക്ഷിതമായി സൂക്ഷിക്കാൻ ബുദ്ധിമുട്ടായി തീരുന്നു”, സോനുവിന്റെയും മീനുവിന്റെയും ബന്ധുമായ മിഥിലേഷ് പറഞ്ഞു. “ഇവിടുത്തെ ദളിതർക്ക് ഒരാഗ്രഹമേയുള്ളൂ: പേരും അന്തസ്സും സൂക്ഷിക്കുക. പെൺകുട്ടികളെ നേരത്തെ വിവാഹം കഴിച്ചയയ്ക്കുന്നതിലൂടെ അതുറപ്പാക്കാൻ പറ്റും.”
9, 8 എന്നീ പ്രായങ്ങളിലുള്ള മകനേയും മകളേയും വിട്ടിട്ടാണ് ഇഷ്ടിക ചൂളകളിലെ ജോലിയും മണൽഖനന ജോലിയും ലഭിക്കുമ്പോൾ മിഥിലേഷ് മറ്റു ദേശങ്ങളിലേക്ക് കുടിയേറുന്നത്.
അദ്ദേഹത്തിന്റെ മാസവരുമാനം ഏകദേശം 5,000 രൂപയാണ്. വിറക് വിറ്റും വിളവെടുപ്പ് കാലത്ത് മറ്റുള്ളവരുടെ പാടങ്ങളിൽ പണിയെടുത്തും അദ്ദേഹത്തിന്റെ ഭാര്യ നേടുന്ന വരുമാനത്തിനു പുറമെയാണിത്. അവരുടെ ഗ്രാമത്തിന് ചുറ്റുപാടും കൃഷിക്ക് സാദ്ധ്യതയൊന്നുമില്ല. “വന്യമൃഗങ്ങൾ തിന്നുന്നത് കാരണം ഞങ്ങൾക്കൊന്നും വളർത്താൻ പറ്റില്ല. കാട്ടുപന്നികൾ ഞങ്ങളുടെ പറമ്പിൽ വരെയെത്തും, കാരണം ഞങ്ങൾ കാടിനടുത്താണ് താമസിക്കുന്നത്”, മിഥിലേഷ് പറഞ്ഞു.
ബൈഠക്വ ഗ്രാമം സ്ഥിതി ചെയ്യുന്ന ദേവ്ഘാട്ട് ഗ്രാമത്തിലെ ജനസംഖ്യയുടെ 61 ശതമാനവും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് 2011-ലെ സെൻസസ് പറയുന്നു. "എല്ലാ വീട്ടിൽ നിന്നും ഒരു പുരുഷൻ ദിവസവേതന തൊഴിലിനുവേണ്ടി കുടിയേറും”, മിഥിലേഷ് പറഞ്ഞു. അവർ അലഹാബാദ്, സൂറത്ത്, മുംബൈ എന്നിവിടങ്ങളിലേക്ക് ഇഷ്ടിക ചൂളകളിലും മറ്റു മേഖലകളിലും പ്രതിദിനം 200 രൂപയ്ക്ക് പണിയെടുക്കാൻ പോകുന്നുവെന്നും മിഥിലേഷ് കൂട്ടിച്ചേർത്തു.
"പ്രയാഗ്രാജ് ജില്ലയിലെ 21 ബ്ലോക്കുകളിൽ ഏറ്റവും അവഗണിക്കപ്പെട്ടത് കോറാവ് ആണ്”, ഡോ. യോഗേഷ് ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു. പ്രയാഗ്രാജിലെ സേം ഹിഗിൻബോടം കൃഷി, സാങ്കേതിക, ശാസ്ത്ര സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനാണ് അദ്ദേഹം. ഈ പ്രദേശത്ത് 25 വർഷങ്ങളായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്യുന്നു. “ജില്ലയിലെ ആകമാന കണക്കുകൾ ഇവിടുത്തെ മോശം അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു. "ഏതെങ്കിലും ഒരു ഘടകം എടുക്കുക – വിളവെടുപ്പ് തുടങ്ങി സ്ക്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, കുറഞ്ഞ വരുമാനമുള്ള ജോലി തേടിയുള്ള കുടിയേറ്റം, ദാരിദ്ര്യം, ശൈശവ വിവാഹം, ശിശുമരണം എന്നിവ വരെയുള്ള ഏതെങ്കിലും – പ്രത്യേകിച്ച് കോറാവിന്റെ കാര്യം വികസിച്ചിട്ടില്ല.”
വിവാഹിതരായി കഴിഞ്ഞാൽ സോനുവും മീനയും 10 കിലോമീറ്ററുകൾ അകലെയുള്ള അവരുടെ ഭർത്താക്കന്മാരുടെ വീടുകളിലേക്ക് പോകും. "ഞാൻ ഇതുവരെ അയാളെ [വരനെ] കണ്ടിട്ടില്ല", സോനു പറഞ്ഞു. "പക്ഷേ ഞാനയാളുടെ മുഖം പിതൃ സഹോദരന്റെ മൊബൈൽഫോണിൽ കണ്ടിട്ടുണ്ട്. ഞാൻ പലപ്പോഴും അയാളോട് സംസാരിക്കാറുണ്ട്. അയാൾക്ക് എന്നെക്കാൾ കുറച്ചുകൂടി പ്രായമുണ്ട്, ഏകദേശം 15 വയസ്സ്. സൂറത്തിൽ ഒരു പാചകശാലയിൽ സഹായിയായി ജോലി ചെയ്യുന്നു.
ഈ ജനുവരിയിൽ ബൈഠക്വ സർക്കാർ മിഡിൽ സ്ക്കൂളിലെ പെൺകുട്ടികൾക്ക് സ്ക്കൂളിലെത്തിയ ഒരു എൻ.ജി.ഓ.യുടെ വകയായി പാഡുകളും, അതിന്റെ കൂടെ ഒരു ബാർ സോപ്പും കൈലേസും, സൗജന്യമായി ലഭിക്കാനും ആർത്തവ സമയത്തെ ശുചിത്വവുമായി ബന്ധപ്പെട്ട് പ്രദർശിപ്പിച്ച ഒരു വീഡിയോ കാണാനുമുള്ള അവസരമുണ്ടായിരുന്നു. കൂടാതെ കേന്ദ്രസർക്കാരിന്റെ കിശോരി സുരക്ഷ യോജന യുടെ കീഴിൽ 6 മുതൽ 12 വരെ ക്ലാസ്സുകളിലുള്ള കുട്ടികൾ സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ ലഭിക്കുന്നതിനും അർഹരാണ്. ഉത്തർപ്രദേശിൽ ഈ പദ്ധതി തുടങ്ങിയത് 2015-ൽ അന്നത്തെ മുഖ്യമന്ത്രിയായ അഖിലേഷ് യാദവാണ്.
പക്ഷെ, സോനുവോ മീനയോ ഇനി സ്ക്കൂളിൽ പോകില്ല. "ഞങ്ങൾ സ്ക്കൂളിൽ പോകുന്നില്ല, അതുകൊണ്ട് ഞങ്ങൾക്കിതേക്കുറിച്ച് അറിയില്ല”, സോനു പറഞ്ഞു. ഇപ്പോൾ ഉപയോഗിക്കുന്ന തുണിക്കു പകരം സൗജന്യമായി സാനിറ്ററി പാഡുകൾ ലഭിക്കുന്നത് രണ്ടുപേർക്കും ഇഷ്ടമാകുമായിരുന്നു.
വിവാഹിതരാകാറായെങ്കിലും രണ്ടു പെൺകുട്ടികൾക്കും ലൈംഗികതയെക്കുറിച്ചോ ഗർഭധാരണത്തെക്കുറിച്ചോ ആർത്തവ ശുചിത്വത്തെക്കുറിച്ചോപോലും മതിയായ അറിവില്ല. "എന്റെ ഭാഭിയോട് (ബന്ധുവായ ചേച്ചിയോട്) ഇതേപ്പറ്റി ചോദിക്കാൻ അമ്മ എന്നോടു പറഞ്ഞു. ഇനിമുതൽ [കുടുംബത്തിലെ] ഒരു പുരുഷന്റെയും സമീപം കിടക്കരുതെന്നും അങ്ങനെ ചെയ്താൽ അത് വലിയൊരു പ്രശ്നമായിത്തീരുമെന്നും എന്റെ ഭാഭി എന്നോടു പറഞ്ഞു”, ശബ്ദം താഴ്ത്തിക്കൊണ്ട് സോനു പറഞ്ഞു. മൂന്നു പെൺകുട്ടികളുള്ള കുടുംബത്തിലെ മൂത്തയാൾ എന്നനിലയിൽ ഏഴാം വയസ്സിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ ഇളയ സഹോദരിമാരെ നോക്കാനായി അവൾ പഠനം അവസാനിപ്പിച്ചതാണ്.
പിന്നീടവൾ തന്റെയമ്മയായ ചമ്പ പാടത്ത് കൃഷിപ്പണിക്കായി പോകുമ്പോൾ അവരുടെകൂടെ പോകാൻ തുടങ്ങി. കൂടാതെ അമ്മയുടെ കൂടെ തന്റെ വീടിന്റെ പിന്നിലുള്ള കാട് നിറഞ്ഞ മലകളിലേക്ക് വിറക് ശേഖരിക്കാൻ പോകാനും തുടങ്ങി - കുറച്ച് വിറകുകൾ സ്വന്തം ആവശ്യത്തിനും കുറച്ചു വിറകുകൾ വിൽക്കാനും. രണ്ട് ദിവസം തേടിനടന്നാൽ ഇവിടുത്തെ സ്ത്രീകൾക്ക് 200 രൂപയ്ക്കുള്ള വിറകുകൾ ലഭിക്കും. "കുറച്ചു ദിവസത്തേക്ക് എണ്ണയും ഉപ്പും മേടിക്കാനുള്ള പണമായി”, മീനയുടെ അമ്മ റാണി പറഞ്ഞു. കുടുംബവക 8-10 ആടുകളെ മേയ്ക്കാനും സോനു സ്ഥിരമായി സഹായിക്കുമായിരുന്നു. ഈ ജോലികളൊന്നും കൂടാതെ അവൾ തന്റെയമ്മയെ ഭക്ഷണം പാകം ചെയ്യാനും എല്ലാത്തരം വീട്ടുജോലികൾ ചെയ്യാനും സഹായിക്കുമായിരുന്നു.
സോനുവിന്റെയും മീനയുടെയും മാതാപിതാക്കൾ കർഷകത്തൊഴിലാളികളായി ജോലി ചെയ്യുന്നു. ഈ പ്രദേശത്തെ ദിവസവേതനം പുരുഷന്മാർക്ക് ഏകദേശം 200-ഉം സ്ത്രീകൾക്ക് ഏകദേശം 150-ഉം രൂപയാണ്. അതായത്, പണിയുള്ളപ്പോൾ, ഏറ്റവും നല്ല സമയങ്ങളിൽ, മാസത്തിൽ 10-12 പണികൾ ലഭിക്കും. 2020 അവസാനം ക്ഷയരോഗം പിടിപെട്ട് മരിക്കുന്നിടംവരെ സോനുവിന്റെ അച്ഛൻ രാംസ്വരൂപ് അടുത്തുള്ള പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും, ചിലപ്പോൾ പ്രയാഗ്രാജിലേക്കുവരെ, ജോലിയന്വേഷിച്ച് പോകുമായിരുന്നു.
"ഏകദേശം 20,000 രൂപ ഞങ്ങൾ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ചിലവഴിച്ചു – കുടുംബത്തിലുള്ളവരോടും മറ്റുള്ളവരോടും എനിക്ക് കടംവാങ്ങേണ്ടി വന്നു”, ചമ്പ പറഞ്ഞു. "അദ്ദേഹത്തിന്റെ ആരോഗ്യം വഷളാവുകയും ഞങ്ങൾക്ക് കൂടുതൽ പണം വേണ്ടിവരികയും ചെയ്തപ്പോൾ ഞാനൊരാടിനെ 2,000-2,500 രൂപയ്ക്ക് വിൽക്കുമായിരുന്നു. ഇത് മാത്രമെ അവസാനം അവശേഷിച്ചുള്ളൂ”, മുറിയിൽ അവർക്കു പിന്നിൽ കെട്ടിയിട്ടിരുന്ന ഒരാട്ടിൻകുട്ടിയെ ചൂണ്ടിക്കാട്ടിക്കൊണ്ടർ പറഞ്ഞു.
"അച്ഛൻ മരിച്ചതിനു ശേഷമാണ് അമ്മയെന്നോട് എന്റെ വിവാഹത്തെപ്പറ്റി സംസാരിക്കാൻ തുടങ്ങിയത്”, തന്റെ കൈകളിലെ മങ്ങിവരുന്ന മെഹന്ദിയിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് സോനു ശാന്തയായി പറഞ്ഞു.
സോനുവിന്റെയും മീനയുടെയും അമ്മമാർ - ചമ്പയും റാണിയും - സഹോദരിമാരാണ്. രണ്ട് സഹോദരന്മാരെയാണ് അവർ വിവാഹം കഴിച്ചിരിക്കുന്നതും. 25 പേര് ഒരുമിച്ചു താമസിക്കുന്ന അവരുടെ കുടുബം പ്രധാൻ മന്ത്രി ആവാസ് യോജന ഭവന പദ്ധതിയിന്‍കീഴില്‍ 2017-ൽ പണിത രണ്ടു മുറികളുള്ള വീട്ടിലാണ് താമസിക്കുന്നത്. സിമന്റ് മേൽക്കൂരയുള്ള വീടിന്റെ ഭിത്തിയിലെ ഇഷ്ടികകളൊക്കെ പുറത്തു കാണാം. മണ്ണുകൊണ്ടുണ്ടാക്കിയ, സാധാരണ മേൽക്കൂരയുള്ള, അവരുടെ പഴയവീട് തൊട്ടു പിറകിലുണ്ട്. അവിടെയാണവർ ഭക്ഷണം പാകം ചെയ്യുന്നത്. കുറച്ചുപേർ അവിടെത്തന്നെ ഉറങ്ങുകയും ചെയ്യുന്നു.
മീനയ്ക്കാണ് രണ്ടു സഹോദരീ പുത്രിമാരിൽ ആദ്യം ആർത്തവമുണ്ടായത്. അവൾക്കായി കണ്ടെത്തിയ ആൺകുട്ടിക്ക് ഒരു സഹോദരൻ ഉണ്ടെന്നുള്ളത് അവർക്ക് സഹായമായി. സോനുവിനെയും അതേ വീട്ടിലേക്കു തന്നെ വിവാഹം ചെയ്തയയ്ക്കാനായി ബന്ധമുറപ്പിച്ചു. അമ്മമാർക്ക് ആശ്വാസമുണ്ടാക്കുന്ന ഒരുകാര്യമായിരുന്നു അത്.
മീനയാണ് അവളുടെ കുടുംബത്തിലെ ഏറ്റവും മൂത്ത കുട്ടി. അവൾക്ക് രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. ഒരു വർഷം മുൻപ് അവൾ 7-ാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. "എനിക്കെപ്പോഴും വയറുവേദന ഉണ്ടാകുമായിരുന്നു. മിക്കദിവസങ്ങളിലും ഞാൻ വീട്ടിൽ കിടക്കുമായിരുന്നു. അമ്മ പാടത്ത് പണിയായിരിക്കും. അച്ഛൻ കോറാവിൽ ദിവസ വേതന തൊഴിലിലായിരിക്കും. ആരുമെന്നെ സ്ക്കൂളിൽ പോകാൻ നിർബന്ധിച്ചില്ല. അതുകൊണ്ട് ഞാൻ പോയില്ല”, അവൾ പറഞ്ഞു. പിന്നീടവൾക്ക് മൂത്രത്തിൽ കല്ലാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയ്ക്ക് വലിയ ചിലവായിരുന്നു. 30 കിലോമീറ്റർ അകലെയുള്ള ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്ക് നിരവധി തവണ പോകേണ്ടിവന്നു. അങ്ങനെ അതിനുള്ള പദ്ധതി ഉപേക്ഷിച്ചു. അതോടെ അവളുടെ വിദ്യാഭ്യാസത്തിന്റെ കാര്യവും അങ്ങനെയായി.
ഇപ്പോഴും അവൾക്ക് അടിവയറ്റിൽ ഇടയ്ക്ക് വേദന അനുഭവപ്പെടാറുണ്ട്.
അവരുടെ തുച്ഛമായ വരുമാനത്തിൽ നിന്നും പെൺമക്കളുടെ വിവാഹദിവസത്തേക്കുളള പണം മാറ്റിവയ്ക്കാൻ കോൽ കുടുംബങ്ങൾ പാടുപെടുകയാണ്. "ഏകദേശം 10,000 രൂപ ഞങ്ങൾ അവരുടെ വിവാഹത്തിനായി സമ്പാദിച്ചിട്ടുണ്ട്. ഞങ്ങൾ 100-150 ആളുകൾക്ക് ഭക്ഷണം - പൂരി, സബ്ജി, മധുര പലഹാരങ്ങൾ എന്നിവ - നൽകണം”, റാണി പറഞ്ഞു. പദ്ധതിയെന്തെന്നാൽ രണ്ടു പെൺകുട്ടികളേയും ഒരേദിവസം, ഒരൊറ്റ പരിപാടിയിൽ, രണ്ട് സഹോദരൻമാർക്ക് വിവാഹം കഴിച്ചു കൊടുക്കുക എന്നുള്ളതാണ്.
രക്ഷിതാക്കൾ വിശ്വസിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നുവെന്നും പെണ്‍കുട്ടികളുടെ ബാല്യം കഴിയുന്നുവെന്നുമാണ്. സോനുവിനും മീനയ്ക്കും അവരുടെ സാഹചര്യങ്ങളാലും സാമൂഹ്യാവസ്ഥകളാലും രൂപപ്പെടുത്തപ്പെട്ട, അവരുടേതായ, യുക്തിയുണ്ട്. " ഖാനാ കം ബനാന പണ്ഡേ ഗ . ഹം തോ ഏക് സമസ്യാ ഹേം ” , അവർ പറഞ്ഞു. "കുറച്ചാളുകൾക്ക് ഭക്ഷണം നൽകിയാൽ മതി. ഞങ്ങളിപ്പോൾ ഒരു പ്രശ്നമാണ്.”
മീനയ്ക്കാണ് രണ്ടു സഹോദരീ പുത്രിമാരിൽ ആദ്യം ആർത്തവമുണ്ടായത്. അവൾക്കായി കണ്ടെത്തിയ ആൺകുട്ടിക്ക് ഒരു സഹോദരൻ ഉണ്ടെന്നുള്ളത് അവർക്ക് സഹായമായി. സോനുവിനെയും അതേ വീട്ടിലേക്കു തന്നെ വിവാഹം ചെയ്തയയ്ക്കാനായി ബന്ധമുറപ്പിച്ചു
പ്രസവസമയത്തെയും ഗർഭധാരണ സമയത്തെയും സങ്കീർണ്ണതകളെത്തുടർന്നുള്ള മരണം മൂലം ശൈശവ വിവാഹം പെൺകുട്ടികളുടെ ജീവിതത്തെ കടുത്ത അപകടത്തിലാക്കുന്നുവെന്ന് യൂണിസെഫ് (UNICEF) ചൂണ്ടിക്കാട്ടുന്നു. ഇവിടെയുള്ള പെൺകുട്ടികളെ തീരെച്ചെറിയ പ്രായത്തിൽ വിവാഹം ചെയ്തയയ്ക്കുന്നതു മൂലം "ഇരുമ്പിന്റെ സാന്നിദ്ധ്യം പരിശോധിക്കുന്നതിനോ ഫോളിക് അമ്ല ഗുളികകൾ നൽകുന്നതിനോ ഉള്ള അവസരങ്ങളില്ല” എന്ന് ആശ പ്രവർത്തകയായ സുനിത ദേവി പറഞ്ഞു. പുതുതായി അമ്മമാരാകാൻ പോകുന്നവർക്ക് എന്തൊക്കെ നൽകണമെന്നുള്ള അംഗീകൃത നിബന്ധനകളെപ്പറ്റി (Standard Protocol) പരാമർശിക്കുകയായിരുന്നു അവർ. ഉത്തർപ്രദേശിലെ ചെറുപ്പക്കാരായ അമ്മമാരിൽ 22 ശതമാനം പേര്‍ക്ക് മാത്രമെ പ്രസവത്തിനു മുൻപുള്ള പരിശോധനകള്‍ ലഭിക്കുന്നുള്ളൂ - രാജ്യത്തെ ഏതൊരു സംസ്ഥാനത്തെ കണക്കുമായി താരതമ്യപ്പെടുത്തിയാലും ഏറ്റവും കുറവ്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. യു.പി.യിൽ 15 മുതൽ 49 വയസ്സുവരെ പ്രായത്തിലുള്ള പകുതിയിലധികം സ്ത്രീകളും - 52 ശതമാനം - വിളർച്ച ബാധിതരാണെന്നും റിപ്പോർട്ട് പറയുന്നു. ഇത് ഗർഭധാരണ സമയത്ത് അവരുടെ ആരോഗ്യം ഏറ്റവും അപകടത്തിലാകാൻ കാരണമാകുന്നു - അവർ ഗർഭം ധരിച്ചിരിക്കുന്ന കുഞ്ഞുഞ്ഞുങ്ങളുടെ കാര്യം പോലെതന്നെ. കൂടാതെ, യു.പി.യിലെ 5 വയസ്സിൽ താഴെയുള്ള 49 ശതമാനം ഗ്രാമീണ കുട്ടികൾ വളർച്ച മുരടിപ്പ് ഉള്ളവരും 62 ശതമാനം പേർ വിളർച്ച ബാധിതരുമാണ്. ഇതൊക്കെ അവരുടെ അനാരോഗ്യവുംഅതുമായി ബന്ധപ്പെട്ട അപകടങ്ങളും തുടർച്ചയായി നിലനിർത്തുന്നു.
"പെൺകുട്ടികളുടെ പോഷകാഹാരാവശ്യങ്ങൾക്ക് ഒരുതരത്തിലുള്ള മുൻഗണനയും ലഭിക്കുന്നില്ല. വിവാഹം ഉറപ്പിച്ച പെൺകുഞ്ഞുങ്ങൾക്ക് പാൽ നൽകുന്നത് നിർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട് - അവർ വീട് വിട്ടുപോകും എന്ന കാരണത്താൽ. ഏതുതരത്തിലുള്ള സമ്പാദ്യത്തിനും അവര്‍ മുതിരുന്നു - അത്രയ്ക്കാണ് അവർ നിർബന്ധിക്കപ്പെടുന്നത്”, സുനിത നിരീക്ഷിച്ചു.
എന്നിരിക്കിലും റാണിയുടെയും ചമ്പയുടെയും മനസ്സുകൾ ഈ സമയത്ത് മറ്റെവിടെയോ ആണ്.
“ഞങ്ങൾ സ്വരൂപിച്ചു വച്ച പണം വിവാഹത്തിനു മുൻപ് മോഷ്ടിക്കപ്പെടുമോയെന്ന ആശങ്ക ഞങ്ങൾക്കുണ്ട്. ആളുകൾക്കറിയാം ഞങ്ങളുടെ കൈയിൽ പണമുണ്ടെന്ന്”, റാണി പറഞ്ഞു. "ഏകദേശം 50,000 രൂപ എനിക്ക് വായ്പ എടുക്കുകയും വേണം.” അതോടെ തങ്ങളെ അലട്ടുന്ന ‘പ്രശ്നം’ “ഇല്ലാതാകും” എന്ന് അവർ വിശ്വസിക്കുന്നു.
അലഹാബാദിലെ എസ്.എച്.യു . എ.റ്റി.എസിലെ എക്സറ്റൻഷൻ സർവ്വീസിന്റെ ഡയറക്ടറായ പ്രൊഫ . ആരിഫ് എ . ബ്രോഡ്വേ നൽകിയ വിലപ്പെട്ട സഹായങ്ങൾക്കും വിവരങ്ങൾക്കും റിപ്പോർട്ടർ നന്ദി പറയുന്നു.
ഈ ലേഖനത്തിലെ കുറച്ചാളുകളുടെ പേരുകൾ അവരുടെ സ്വകാര്യത മാനിക്കുന്നതിന്റെ ഭാഗമായി മാറ്റിയാണ് നൽകിയിരിക്കുന്നത്
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: റെന്നിമോന്‍ കെ. സി.