“ഇത് കർഷകരുടെ മാത്രമല്ല, കർഷകത്തൊഴിലാളികളുടെയും കൂടി സമരമാണ്,” രേഷവും ബിയന്ത് കൗറും പറയുന്നു. “ഈ കാർഷികനിയമങ്ങൾ നടപ്പാക്കിയാൽ അതു കർഷകരെ മാത്രമല്ല ഉപജീവനത്തിന് കൃഷിയെ ആശ്രയിക്കുന്ന തൊഴിലാളികളെയും ബാധിക്കും.”

അതുകൊണ്ട് കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനായി ജനുവരി 7-ന് ഉച്ചതിരിഞ്ഞ് പഞ്ചാബിലെ മുക്ത്സർ ജില്ലയിൽ നിന്നും ദേശീയ തലസ്‌ഥാനത്തിന്‍റെ പരിസരങ്ങളിലേക്ക് ഈ സഹോദരിമാർ യാത്ര തിരിച്ചു.

പഞ്ചാബ് ഖേത് മസ്ദൂർ യൂണിയൻ ഏർപ്പെടുത്തിയ 20 ബസുകളെങ്കിലും ഏകദേശം 1500 ആളുകളുമായി കാർഷിക നിയമങ്ങൾക്കെതിരെ സമരം നടക്കുന്ന പല വേദികളിലൊന്നായ പശ്ചിമഡൽഹിയിലെ ടിക്രിയിൽ അന്നുരാത്രി എത്തിച്ചേർന്നു. ബട്ടിന്‍ഡ, ഫരീദ്കോട്ട്, ജലന്ധർ, മോഗാ, മുക്ത്സർ, പട്യാല, സംഗ്രൂർ എന്നിവിടങ്ങളിൽ നിന്നാണ് അവർ എത്തിയത്. രേഷവും ബിയന്തും മുക്ത്സർ ജില്ലയിലെ അവരുടെ ഗ്രാമമായ ചന്നുവിനടുത്തു നിന്നാണ് ഈ ബസ്സുകളിലൊന്നില്‍ കയറിയത്.

ടിക്രിയിലും ഡൽഹിയുടെ പരിസരങ്ങളിലുള്ള പല സമര സ്‌ഥലങ്ങളിലും അനേകം കർഷകർ നവംബർ 26 മുതൽ താമസിക്കുന്നു. മറ്റുചിലര്‍  കുറച്ചു ദിവസം താമസിച്ച ശേഷം ഗ്രാമത്തിലേക്കു തിരിച്ചുപോയി അവിടെയുള്ളവരോട് ഇവിടെ നടക്കുന്ന സമരങ്ങളെക്കുറിച്ച് പറയുന്നു. “ഞങ്ങളുടെ ഗ്രാമത്തിലെ പലർക്കും ഈ പുതിയ നിയമങ്ങൾ തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ല”, 24-കാരിയായ രേഷം പറഞ്ഞു. “വാസ്തവത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ സംപ്രേഷണം ചെയ്യുന്ന വാര്‍ത്താ ചാനലുകളെല്ലാം പറയുന്നത് ഈ നിയമങ്ങൾ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പ്രയോജനപ്രദമായിരിക്കും എന്നാണ്. ഇവ നിലവിൽ വന്നാൽ തൊഴിലാളികൾക്ക് ഭൂമിയും മെച്ചപ്പെട്ട സൗകര്യങ്ങളും ലഭിക്കുമെന്ന് അവർ പറയുന്നു.”

2020 ജൂണ്‍ അഞ്ചിന് ഈ നിയമങ്ങൾ ആദ്യം ഓർഡിനൻസുകളായാണ് പാസ്സാക്കപ്പെട്ടത്. പിന്നീട് അവ കാർഷികബില്ലുകളായി സെപ്തംബർ പതിനാലിനു പാർലമെന്‍റിൽ അവതരിപ്പിക്കുകയും അതേ മാസം ഇരുപതിനു തന്നെ ധൃതി പിടിച്ചു നിയമങ്ങള്‍ ആക്കുകയുമായിരുന്നു. വിലഉറപ്പാക്കുന്നതും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാർ നിയമം, 2020 ; കാര്‍ഷിക വിള വിപണനവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച നിയമം 2020 ; അവശ്യ  സാധന (ഭേദഗതി) നിയമം, 2020 എന്നിവയാണ് പാസാക്കിയ പുതിയ നിയമങ്ങൾ. ഭരണഘടനയുടെ 32-ാം വകുപ്പിനെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് പൗരന്മാരുടെ നിയമപരമായ സഹായം തേടാനുള്ള അവകാശം അസാധുവാക്കുന്നതിനാല്‍ എല്ലാ ഭാരതീയരെയും ബാധിക്കുന്നവയാണ്  ഈ നിയമങ്ങൾ എന്നതരത്തിലും വിമര്‍ശനമുണ്ട്.

Resham (left) and Beant: 'If farmers' land is taken away by these laws, will our parents find work and educate their children?'
PHOTO • Sanskriti Talwar

രേഷവും (ഇടത്ത്) ബിയന്തും: 'ഈ നിയമങ്ങൾ മൂലം കർഷകർക്കു  ഭൂമി നഷ്ടമായാൽ ഞങ്ങളുടെ മാതാപിതാക്കൾക്ക് മറ്റു ജോലി കണ്ടെത്താനും മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാനും പറ്റുമോ?‘

ഈ മൂന്നു നിയമങ്ങളെ എല്ലാ കർഷകരും കാണുന്നത് തങ്ങളുടെ ഉപജീവനമാർഗത്തെ നശിപ്പിക്കുന്നവയായിട്ടാണ്. എന്തുകൊണ്ടെന്നാൽ വൻകിട കോർപറേറ്റുകളുടെ വ്യാപ്തി വർദ്ധിപ്പിച്ച്‌ അവയ്ക്ക്  കൃഷിയുടെയും കൃഷിക്കാരുടെയും മേൽ വലിയ അധികാരം ഈ നിയമങ്ങൾ നൽകുമെന്ന് അവർ വിശ്വസിക്കുന്നു. മാത്രമല്ല, കർഷകരുടെ സംരക്ഷണത്തിനുതകുന്ന പ്രധാനപ്പെട്ട വ്യവസ്ഥകളായ മിനിമം താങ്ങു വില (എം.എസ്.പി.), കാർഷിക ഉത്പന്ന വിപണന സമിതികൾ (എ.പി.എം.സി.കൾ), ഭക്ഷ്യധാന്യങ്ങളുടെ സംസ്‌ഥാന സംഭരണം, എന്നിങ്ങനെ പലതിനെയും ഈ മൂന്നു നിയമങ്ങൾ അട്ടിമറിക്കുന്നു.

രേഷവും ബിയന്തും ബൗരിയ എന്ന ദളിത് വിഭാഗത്തിൽ പെട്ടവരാണ്. ചന്നു ഗ്രാമത്തിലെ 6259 നിവാസികളില്‍ ഏകദേശം 58 ശതമാനവും പട്ടികജാതികളിൽ പെടുന്നു. കൂലിപ്പണി ചെയ്താണ് ഇവരുടെ കുടുംബം ജീവിക്കുന്നത്. ഇവരുടെ അമ്മ പരംജീത് കൗർ, 45, കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നു. അച്ഛൻ ബൽവീർ  സിംഗ്, 50, ട്രോളികളും മെറ്റൽ ഗേറ്റുകളൂം ഉണ്ടാക്കുന്ന ഒരു വർക്-ഷോപ്പ് ഗ്രാമത്തിൽ നടത്തുന്നു. പത്താം ക്ലാസ്സുവരെ പഠിച്ച വിവാഹിതനായ അവരുടെ സഹോദരൻ, 20-കാരനായ ഹർദീപ്, അച്ഛന്‍റെ കൂടെ ജോലി ചെയ്യുന്നു.

ചരിത്രത്തിൽ എം.എ. ബിരുദം നേടിയ രേഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുവരെ ഒരു സ്വകാര്യസ്കൂളിൽ 3000 രൂപ മാസ ശമ്പളത്തിൽ പഠിപ്പിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ മുതല്‍ ട്യൂഷൻ ക്ലാസ്സുകളെടുത്തു പ്രതിമാസം 2000 രൂപ സമ്പാദിക്കുന്നു. ബി.എ. ബിരുദം നേടിയ 22-കാരിയായ ബിയന്ത് ഇൻവെന്‍ററി ക്ലാർക് ജോലിക്ക് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നു. ഈ സഹോദരിമാർ വീട്ടിൽ തുന്നൽ പണിയും ചെയ്യുന്നുണ്ട്. സൽവാർ-കമീസ് സെറ്റുകൾ ഒന്നിന് 300 രൂപയ്ക്ക് തയ്ച്ചു കൊടുക്കുന്നു. പലപ്പോഴും തുന്നലിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് അവർ കോളേജ് ഫീസ് അടച്ചിട്ടുണ്ട്.

“ഞങ്ങൾ ജനിച്ചത് കർഷകതൊഴിലാളികളുടെ കുടുംബത്തിലാണ്”, രേഷം പറയുന്നു. കർഷകതൊഴിലാളി വളർത്തുന്ന ഓരോ കുട്ടിക്കും എങ്ങനെ അദ്ധ്വാനിക്കണമെന്ന് അറിയാം. എന്‍റെ സ്ക്കൂൾ അവധിക്കാലത്ത് ഞാനും എന്‍റെ മാതാപിതാക്കളോടൊപ്പം ദിവസം 250-300 രൂപയ്ക്ക് വയലുകളിൽ ജോലി ചെയ്തിരുന്നു.”

“ഞങ്ങൾ അവധിദിവസങ്ങളിൽ ഒരിക്കലും വെറുതെയിരിക്കാറില്ല. മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തമായി പഠിപ്പില്ലാത്ത സമയങ്ങളില്‍ ഞങ്ങൾ പുറത്തു പോവുകയോ വിനോദയാത്രകൾക്കു പോവുകയോ ചെയ്യാറില്ല. ഞങ്ങൾ കൃഷിയിടങ്ങളിൽ അദ്ധ്വാനിക്കുന്നു”, കർഷകത്തൊഴിലാളികളുടെ കുട്ടികളെ പരാമർശിച്ചുകൊണ്ട് അവർ കൂട്ടിച്ചേർത്തു.

ഈ പുതിയ നിയമങ്ങൾ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്ന കാര്യത്തില്‍ കര്‍ഷകത്തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയേയുള്ളൂ എന്ന് അവർ കൂട്ടിച്ചേർത്തു. “എന്തായാലും തൊഴിലാളികളുടെ കുട്ടികൾ തൊഴിലാളികൾ തന്നെയാകാനുള്ളവരാണെന്നു പൊതുവെ കരുതപ്പെടുന്നു. ഈ നിയമങ്ങൾ മൂലം കർഷകർക്ക്  അവരുടെ ഭൂമി നഷ്ടമായാൽ ഞങ്ങളുടെ മാതാപിതാക്കൾ മറ്റു ജോലി കണ്ടെത്തി മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുമോ? ജോലിയും ഭക്ഷണവും വിദ്യാഭ്യാസവുമില്ലാതെ പാവപ്പെട്ടവരെ ഒന്നുമല്ലാതാക്കിത്തീർക്കാന്‍ സർക്കാർ ശ്രമിക്കുന്നു.”

Many farmers have been camping at Tikri and other protest sites in and around Delhi since November 26, while others join in for a few days, then return to their villages and inform people there about the ongoing agitation
PHOTO • Sanskriti Talwar
Many farmers have been camping at Tikri and other protest sites in and around Delhi since November 26, while others join in for a few days, then return to their villages and inform people there about the ongoing agitation
PHOTO • Sanskriti Talwar

ടിക്രിയിലും ഡൽഹിയുടെ പരിസരങ്ങളിലുള്ള പല സമര സ്‌ഥലങ്ങളിലും അനേകം കർഷകർ നവംബർ 26 മുതൽ താമസിക്കുന്നു. മറ്റുചിലര്‍  കുറച്ചു ദിവസം താമസിച്ച ശേഷം ഗ്രാമത്തിലേക്കു തിരിച്ചുപോയി അവിടെയുള്ളവരോട് ഇവിടെ നടക്കുന്ന സമരങ്ങളെക്കുറിച്ച് പറയുന്നു.

ജനുവരി 9-ന് ഉച്ചയോടെ മറ്റു യൂണിയൻ അംഗങ്ങളോടൊപ്പം ഈ സഹോദരിമാർ ടിക്രിയിൽനിന്ന് ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘു സമരസ്‌ഥലത്തേക്കു തിരിച്ചു. ബസുകൾ ഏകദേശം മൂന്നു കിലോമീറ്റർ അകലെ നിർത്തി ഇവർ പ്രധാന വേദിക്കു മുമ്പില്‍ ഇരിക്കാന്‍ തയ്യാറാക്കിയ സ്‌ഥലത്തേക്ക്‌ പ്ലയൂണിയന്‍റെ പ്ലക്കാര്‍ഡുകളും കൊടികളുമായി നടന്നു. രേഷം പിടിച്ചിരുന്ന പ്ലക്കാർഡിൽ ഇങ്ങനെ എഴുതിയിരുന്നു: ‘ഖജനാവുകൾ ജനങ്ങൾക്കായി തുറക്കുക, ചോര കുടിക്കുന്ന കോർപ്പറേറ്റുകൾക്കു വേണ്ടിയല്ല’.

ബിയന്ത് ജ്യേഷ്ഠത്തിയേക്കാൾ കൂടുതൽ തവണ യൂണിയൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ ഇവര്‍ ഏഴു വർഷങ്ങളായി പഞ്ചാബ് ഖേത് മസ്ദൂർ യൂണിയന്‍റെ ഭാഗമായി പ്രവർത്തിക്കുമ്പോള്‍, രേഷം അംഗമായിട്ട്  മൂന്നു വർഷങ്ങളെ ആയിട്ടുള്ളൂ. ബിയന്ത് ഇതിനു കാരണമായി പറഞ്ഞത്, ഒരു പെൺകുട്ടിയെ വേണമെന്ന ആഗ്രഹത്തോടെ കുട്ടിയായിരിക്കുമ്പോൾ തന്നെ ദത്തെടുത്ത ഖുന്ദേ ഹലാൽ ഗ്രാമത്തിലെ (ചന്നുവിൽ നിന്നും ഏകദേശം 50  കിലോമീറ്റർ അകലെ) അമ്മാവനും അമ്മായിയും യൂണിയനിൽ അംഗങ്ങളായിരുന്നു എന്നതാണ്. “അങ്ങനെ ഞാനും നേരത്തേ തന്നെ ഒരംഗമായി,” അവർ പറഞ്ഞു. (മൂന്നു വർഷങ്ങള്‍ക്കു മുൻപ് ബിരുദപപഠനത്തിനായി ചന്നുവിലെ ജന്മഗൃഹത്തിലേക്കു തിരിച്ചു വന്നതാണ് ബിയന്ത്.)

അയ്യായിരം അംഗങ്ങളുള്ള പഞ്ചാബ് ഖേത് മസ്ദൂർ യൂണിയൻ ദളിതരുടെ ഉപജീവനം, ഭൂഅവകാശങ്ങൾ, ജാതി വിവേചനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. “കാർഷികനിയമങ്ങൾക്കെതിരായി കർഷകർ നടത്തുന്ന ഈ പ്രക്ഷോഭങ്ങൾ ഭൂമിക്കുവേണ്ടിയും മിനിമം താങ്ങു വിലയെച്ചൊല്ലിയുമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ കർഷകത്തൊഴിലാളികൾക്ക്  ഇത് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പൊതുവിതരണ സംവിധാനത്തെക്കുറിച്ചുള്ള സമരമാണ്,” യൂണിയന്‍റെ ജനറൽ സെക്രട്ടറി ലച്മൺ സിംഗ് സെവെവാല പറയുന്നു.

“ഞങ്ങളുടെ ഗ്രാമത്തിൽ കർഷകത്തൊഴിലാളികളുടെ യൂണിയനുകളില്ല, കർഷക യൂണിയനുകൾ മാത്രമേയുള്ളൂ. അതുകൊണ്ടാണ് അവിടെയുള്ള ചില കര്‍ഷകത്തൊഴിലാളികൾക്ക് തങ്ങളുടെമേല്‍ (ഈ നിയമങ്ങളാൽ) സംഭവിച്ചു കൊണ്ടിരിക്കുന്ന അന്യായം ബോദ്ധ്യപ്പെടാത്തത്”, ബിയന്ത് കൂട്ടിച്ചേർത്തു. “എന്നാൽ ഞങ്ങൾക്കു ബോദ്ധ്യമുണ്ട്. ഞങ്ങൾ ഡൽഹിയിൽ വന്നതുകൊണ്ടു ഈ സമരത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം ഗ്രാമത്തിലുള്ളവര്‍ക്കു നല്‍കാനും, കർഷകരെ മാത്രമല്ല കര്‍ഷകത്തൊഴിലാളികളെയും ഈ നിയമങ്ങള്‍ എങ്ങനെ ബാധിക്കുന്നുവെന്നു അവരെ പറഞ്ഞു മനസ്സിലാക്കാനും സാധിക്കും”, രേഷം പറഞ്ഞു.

ഈ സഹോദരിമാർ ജനുവരി 10-ന് തിരികെ വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. രണ്ടു ദിവസം സമരത്തില്‍ പങ്കെടുത്തതുകൊണ്ട് ഗ്രാമവാസികളെ അറിയിക്കാൻ ധാരാളം കാര്യങ്ങളുണ്ടെന്ന് ബിയന്ത് പറഞ്ഞു. “പുറമെ നിന്നുള്ളവർ കർഷകരുടെ ഭൂമി ഏറ്റെടുത്താൽ തൊഴിലാളികൾ എന്തു ചെയ്യും? മണ്ഡി ബോർഡ് ഇല്ലാതാക്കുകയും സർക്കാർ ഏജൻസികളെ പരാജയപ്പെടുത്തുകയും ചെയ്‌താൽ ദരിദ്രർക്ക് എവിടെനിന്നു റേഷൻ ലഭിക്കും?", പഞ്ചാബ് സ്റ്റേറ്റ് അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിംഗ് ബോർഡി നെ പരാമർശിച്ചുകൊണ്ട് അവര്‍ ചോദിച്ചു. “പാവപ്പെട്ടവർ മരണത്തിലേക്കു തള്ളപ്പെടും. ഞങ്ങൾ വിഡ്‌ഢികളാണെന്നാണ് ഈ സർക്കാർ കരുതുന്നത്. എന്നാൽ അങ്ങനെയല്ല. നീതിക്കായി പോരാടാൻ ഞങ്ങൾക്കറിയാം, ഞങ്ങൾ  നിത്യേന കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുന്നു.”

പരിഭാഷ - പി എസ്‌ സൗമ്യ

Sanskriti Talwar

سنسکرتی تلوار، نئی دہلی میں مقیم ایک آزاد صحافی ہیں اور سال ۲۰۲۳ کی پاری ایم ایم ایف فیلو ہیں۔

کے ذریعہ دیگر اسٹوریز Sanskriti Talwar
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

کے ذریعہ دیگر اسٹوریز P. S. Saumia