“ഈ നിയമത്തിനു കീഴിൽ അല്ലെങ്കിൽ അതിനു കീഴിൽ നിർമ്മിച്ച ഏതെങ്കിലും ചട്ടങ്ങൾക്കോ ഉത്തരവുകൾക്കോ കീഴിൽ നടക്കുന്നതോ അല്ലെങ്കിൽ നടപ്പാക്കാനുദ്ദേശിക്കുന്നതോ ആയ നല്ല വിശ്വാസത്തിലുള്ള എന്തുകാര്യത്തെയും സംബന്ധിച്ച ഒരു ഹർജിയും, അന്യായവും അല്ലെങ്കിൽ നിയമ നടപടികളും കേന്ദ്ര സർക്കാരിനോ അഥവാ സംസ്ഥാന സർക്കാരിനോ, അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്‍റെയോ അഥവാ സംസ്ഥാന സർക്കാരിന്‍റെയോ ഓഫീസർക്കോ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്കോ എതിരെ നിലനിൽക്കില്ല.”

കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമത്തിന്‍റെ സെക്ഷൻ 13 -ലേക്കു സ്വാഗതം (എ.പി.എം.സി.കൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കാർഷികോത്പന്ന വിപണന കമ്മിറ്റികളെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ളത്).

പുതിയ നിമങ്ങൾ കർഷകരെക്കുറിച്ചു മാത്രമുള്ളതാണെന്ന് നിങ്ങൾ വിചാരിച്ചോ? നിയമപരമായ കർത്തവ്യങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സിവിൽ ഉദ്യോഗസ്ഥരെ നിയമ നടപടികളിൽ നിന്നും ഒഴിവാക്കുന്ന വേറെയും നിയമങ്ങള്‍ തീർച്ചയായും ഉണ്ട്. പക്ഷേ ഇത് എല്ലാത്തിനും മീതെയാണ്. എന്തു കാര്യത്തെക്കുറിച്ചും ‘നല്ല വിശ്വാസ’ത്തോടെ എന്തു ചെയ്താലും ചെയ്യുന്നവരെയെല്ലാം ബാദ്ധ്യതയില്‍ നിന്നൊഴിവാക്കുമെന്നു പറയുന്നത് വിശദാംശങ്ങള്‍ പരിഗണിക്കാതെയുള്ള പൊതുപ്രസ്താവനയാണ്. ‘നല്ല വിശ്വാസ’ത്തിന്‍റെ പേരിൽ അവർ ഉത്തരവാദിയാകുന്ന കുറ്റങ്ങളുടെ പേരിൽ അവരെ കോടതിയിൽ എത്തിക്കാൻ പറ്റില്ലെന്നതു മാത്രമല്ല – ഇനിയും അവർ ഉത്തരവാദിയാകാൻ ഇരിക്കുന്ന കുറ്റങ്ങളിൽ നിന്നുകൂടി അവർക്കു നിയമ സംരക്ഷണം നല്കുന്നു (തീർച്ചയായും നല്ല വിശ്വാസ’ത്തിന്‍റെ പേരിൽത്തന്നെ.

പറഞ്ഞതിന്‍റെ സാരാംശം - കോടതിയിൽ നിയമപരമായ സഹായം തേടാനുള്ള അവകാശം ഇല്ലെന്ന കാര്യം - നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ സെക്ഷൻ 15 അതു വിശദീകരിക്കുന്നു:

"എന്തെങ്കിലും കാര്യത്തെ സംബന്ധിച്ച ഹർജിയോ വ്യവഹാരമോ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമാധികാരങ്ങൾ ഒരു സിവിൽ കോടതിക്കും ഇല്ല, ഈ നിയമപ്രകാരം അല്ലെങ്കിൽ അതിന്‍റെ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾ പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള അധികാരിക്കു മാത്രമേ അതുമായി ബന്ധപ്പെടുന്ന വ്യവഹാരങ്ങളിൽ തീർപ്പു കൽപ്പിക്കാൻ കഴിയൂ.”

ആരാണ് ‘നല്ല വിശ്വാസ’ത്തിൽ കാര്യങ്ങളൊക്കെ ചെയ്യുന്ന, നിയമപരമായി നേരിടാൻ പറ്റാത്ത 'മറ്റേതെങ്കിലുമൊരു വ്യക്തി’? സൂചന: സമരം ചെയ്യുന്ന കർഷകർ ഉരുവിട്ടു കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ പേരുകൾ കേൾക്കൂ. ഇത് ബിസിനസ്സ് സൗകര്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് – വളരെ വലിയ ബിസിനസ്സ്.

"ഒരു കേസും പ്രോസിക്യൂഷനും, മറ്റു നിയമ നടപടി ക്രമങ്ങളും നില നിൽക്കില്ല……” കർഷകർക്കു മാത്രമല്ല ഹർജി കൊടുക്കാൻ പറ്റാത്തത്. ആർക്കും പറ്റില്ല. ഇതു പൊതു താത്പര്യ ഹർജികൾക്കും ബാധകമാണ്. ലാഭ രഹിത സംഘങ്ങൾക്കും, കർഷക യൂണിയനുകൾക്കും, മറ്റൊരു പൗരനും (നല്ലതോ മോശമോ ആയ വിശ്വാസത്താൽ നയിക്കപ്പെടുന്നവർ ആണെങ്കിലും) ഇടപെടാൻപറ്റില്ല.

1975-77 അടിയന്തിരാവസ്ഥ കാലത്തെ നിയമത്തിനു ശേഷം നിയമസഹായം തേടാനുള്ള ഒരു പൗരന്‍റെ അവകാശത്തെ ഏറ്റവും പൊതുവായ രീതിയില്‍ ഒഴിവാക്കുന്നവയാണ് ഈ നിയമങ്ങൾ (എല്ലാ മൗലികാവകാശങ്ങളും നമ്മൾ നിസ്സാരമായി റദ്ദു ചെയ്തപ്പോൾ).

The usurping of judicial power by an arbitrary executive will have profound consequences
PHOTO • Q. Naqvi

ഒരു സ്വേച്ഛാ കാര്യ നിർവ്വഹണ വിഭാഗം നീതിന്യായ അധികാരങ്ങൾ പിടിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന പരിണത ഫലം വലുതായിരിക്കും.

എല്ലാ ഇന്ത്യക്കാരേയും ഇവ ബാധിക്കുന്നു. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഈ നിയമങ്ങളുടെ നയാമിക ഭാഷ (താഴെ തട്ടിലുള്ള) കാര്യ നിർവ്വഹണ വിഭാഗത്തെ നീതി ന്യായ വ്യവസ്ഥയായി പരിവർത്തനപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍ ജഡ്ജിയോ, ജൂറിയോ, ശിക്ഷ നടപ്പാക്കുന്ന ആളോ ഒക്കെയായി.  കർഷകർക്കും ഭീമന്മാരായ കോർപ്പറേഷനുകൾക്കും ഇടയിൽ നേരത്തേ തന്നെ ഉണ്ടായിരുന്ന ഏറ്റവും അനീതി നിറഞ്ഞ അധികാരത്തിന്‍റെ അസന്തുലിതാവസ്ഥയെ ഇത് വർദ്ധിപ്പിക്കുന്നു.

അപകടം മനസ്സിലാക്കിയ ബാർ കൗൺസിൽ ഓഫ് ഡൽഹി പ്രധാനമന്ത്രി നരേന്ദ്രാ മോദിയോട് ഒരു കത്തിൽ ചോദിച്ചു : “എങ്ങനെയാണ് സിവിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഹർജികളില്‍ തീർപ്പു കൽപ്പിക്കുന്നതിനായി, നിയമ നിർവ്വഹണ അധികാരികളാൽ നടത്തപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ഭരണപരമായ ഏജൻസികളെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഘടനകളെ അത്തരം ഹര്‍ജ്ജികള്‍ ഏല്‍പ്പിക്കുന്നത്?”

(നിയമ നിർമ്മാണ അധികാരികളുടെ - സബ്-ഡിവിഷണൽ മജിസ്ട്രേറ്റുമാർ ജില്ലാ മജിസ്ട്രേറ്റുമാർ എന്നു വായിക്കുക – ഇടയിലുള്ളവരെല്ലാവരും, എല്ലാ ഇന്ത്യക്കാർക്കും അറിയാവുന്നതു പോലെ, സ്വാതന്ത്ര്യത്തിനും നല്ല വിശ്വാസത്തിനും നല്ല ഉദ്ദേശ്യങ്ങൾക്കും പേരു കേട്ടവരാണ്). നീതി ന്യായ അധികാരങ്ങൾ കാര്യ നിർവ്വഹണ വിഭാഗത്തിനു കൈമാറുന്നതിനെ ബാർ കൗൺസിൽ ഓഫ് ഡൽഹി പറയുന്നത് “അപകടകരവും മണ്ടത്തരവുമെന്നാണ്.“ കൂടാതെ നിയമ പ്രൊഫഷനുമേൽ അതിന്‍റെ ആഘാതത്തെക്കുറിച്ചും പറയുന്നു: "ജില്ലാ കോടതികളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ച് ഗണ്യമായ കോട്ടമുണ്ടാക്കുകയും അഭിഭാഷകരുടെ ഉന്മൂലനാശത്തിനു കാരണമാവുകയും ചെയ്യും.”

ഇപ്പോഴും ചിന്തിക്കുന്നുണ്ടോ നിയമങ്ങൾ കർഷകരെ സംബന്ധിക്കുന്നതാണെന്ന്?

അത്തരത്തിൽ നീതിന്യായാധികാരം കൂടുതലായി കാര്യ നിർവ്വഹണ വിഭാഗത്തിനു കൈ മാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കരാറുകളെക്കുറിച്ചുള്ള നിയമത്തിൽ പറയുന്നുണ്ട് – വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം.

സെക്ഷൻ 18 “നല്ല വിശ്വാസത്തിൽ” വാദം ആവർത്തിക്കുന്നു.

സെക്ഷൻ 19 പറയുന്നു: "ഈ നിയമo മുഖേനയോ അല്ലെങ്കിൽ നിയമത്തിൻ കീഴിലോ ഒരു സബ്-ഡിവിഷണൽ അധികാരിയാലോ അപ്പീലധികാരിയാലോ തീരുമാനമെടുക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും തർക്കത്തെ സംബന്ധിച്ച ഹർജിയോ നിയമ നടപടി ക്രമങ്ങളോ പ്രോത്സാഹിപ്പിക്കാൻ ഒരു സിവിൽ കോടതിക്കും നിയമാധികാരം ഉണ്ടായിരിക്കുകയുമില്ല. ഈ നിയമത്തിൻ കീഴിലോ നിയമത്താലോ അല്ലെങ്കിൽ അതിൻ പ്രകാരം നിർമ്മിച്ചിട്ടുള്ള ചട്ടങ്ങൾക്കു കീഴിലോ ചട്ടങ്ങളാലോ കല്പ്പിച്ചു നൽകിയിരിക്കുന്ന അധികാരത്തെ പിന്തുടർന്ന് എടുക്കപ്പെട്ടിട്ടുള്ള അല്ലെങ്കിൽ എടുക്കാൻ പോകുന്ന നടപടികളുടെ കാര്യത്തിൽ ഏതെങ്കിലും കോടതിക്ക് അല്ലെങ്കിൽ അധികാരിക്ക് ഒരു നിരോധനോത്തരവും പുറപ്പെടുവിക്കാൻ [ഊന്നൽ ലേഖകന്‍റേതാണ്] കഴിയുകയുമില്ല.

ഇന്ത്യൻ ഭരണഘടനയുടെ 19-ാം വകുപ്പ് സംസാരിക്കാനും ആശയം പ്രകടിപ്പിക്കാനും, സമാധാനപരമായി യോഗം ചേരാനും, യാത്ര ചെയ്യാനും, സംഘടനകളും യൂണിയനുകളുമുണ്ടാക്കാനുള്ള അവകാശത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ളതാണെന്ന് ഓർക്കുക....

ഈ കാർഷിക നിയമത്തിന്‍റെ സെക്ഷൻ 19-ന്‍റെ സാരം ഭരണഘടനാപരമായ പരിഹാരo (നിയമ നടപടി) തേടാനുള്ള അവകാശം ഉറപ്പു നല്കുന്ന ഇന്ത്യൻ ഭരണഘടനയുടെ 32-ാം വകുപ്പ് നീക്കം ചെയ്യുന്ന ഫലമാണുണ്ടാക്കുന്നത്. 32-ാം വകുപ്പ് ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന്‍റെ ഭാഗമാണ്.

ഉറപ്പായും ‘മുഖ്യധാരാ’ മാദ്ധ്യമങ്ങൾക്ക് (70 ശതമാനം ജനതയെ ഒഴിവാക്കി ഉള്ളടക്കങ്ങൾ തയ്യാറാക്കുന്ന വേദികൾക്കു പറയുന്ന വിചിത്രമായ പേര്) ഈ പുതിയ കാർഷിക നിയമങ്ങളുടെ ഇന്ത്യൻ ജനാധിപത്യത്തിനുമേലുളള വിവക്ഷയെക്കുറിച്ച് അവബോധിതരല്ലാതായിരിക്കാൻ കഴിയില്ല. പക്ഷേ ജനാധിപത്യ തത്വങ്ങളെക്കുറിച്ചോ പൊതു താത്പര്യത്തെക്കുറിച്ചോ ഉള്ള ധാരണയേക്കാൾ ലാഭേച്ഛയാണ് അവയെ നയിക്കുന്നത്.

Protestors at Delhi’s gates were met with barricades, barbed wire, batons, and water cannons – not a healthy situation at all
PHOTO • Q. Naqvi
Protestors at Delhi’s gates were met with barricades, barbed wire, batons, and water cannons – not a healthy situation at all
PHOTO • Q. Naqvi

ഡല്‍ഹി അതിര്‍ത്തികളിലെ സമരക്കാര്‍ നേരിട്ടത് ബാരിക്കേഡുകളും , മുള്ളു കമ്പികളും, കുറുവടികളും, ജല പീരങ്കികളുമാണ് – ഒട്ടും തന്നെ ആരോഗ്യകരമായ ഒരു അവസ്ഥയല്ല ഇത്.

താത്പര്യ സംഘട്ടനങ്ങളെക്കുറിച്ചുള്ള എല്ലാ മിഥ്യാബോധങ്ങളും കളയേണ്ടതുണ്ട്. ഈ മാദ്ധ്യമങ്ങളും കോർപ്പറേഷനുകൾ ആണ്. ഏറ്റവും വലിയ ഇന്ത്യൻ കോർപ്പറേഷനുകളുടെ ബിഗ് ബോസ് രാജ്യത്തെ ഏറ്റവും സമ്പന്നനും വലിയവനുമായ മാദ്ധ്യമ ഉടമയുമാണ്. ഡൽഹി അതിർത്തികളിലെ കർഷകർ അവരുടെ മുദ്രാവാക്യങ്ങളിൽ പറയുന്ന പേരുകളിൽ ഒന്നാണ് ‘അംബാനി’ എന്നത്. മറ്റു തലങ്ങളിൽ, താഴത്തേതുള്‍പ്പെടെ, വളരെക്കാലമായി നമുക്ക് നാലാം എസ്റ്റേറ്റും റിയൽ എസ്റ്റേറ്റും തമ്മിൽ യഥാർത്ഥത്തിൽ വേർതിരിച്ചറിയാൻ പറ്റിയിട്ട്. ‘മുഖ്യധാരാ’ മാദ്ധ്യമങ്ങൾ കോർപ്പറേഷനുകളുടെ താൽപ്പര്യങ്ങൾക്കു മേൽ പൗരന്മാരുടെ (കർഷകർ മാത്രം) താത്പര്യം അവതരിപ്പിക്കുന്നു.

അവരുടെ പത്രങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ റിപ്പോർട്ടുകളിൽ (ചില ബുദ്ധിപൂർവ്വവും അസാധാരണവുമായ അപവാദങ്ങളൊഴിച്ചാൽ) കർഷകരെ സ്ഥിരമായി, നിരന്തരമായി, മോശമായി ചിത്രീകരിക്കുന്നു - സമ്പന്ന കർഷകർ, പഞ്ചാബിൽ നിന്നു മാത്രമുള്ളവർ, ഖാലിസ്ഥാനികൾ, കാപട്യക്കാർ, കോൺഗ്രസ്സ് ഗൂഢാലോചനക്കാർ, അങ്ങനെ പലതും.

എന്നിരിക്കിലും വലിയ മാദ്ധ്യമങ്ങളുടെ മുഖപ്രസംഗങ്ങൾ വ്യത്യസ്തമായൊരു പാത സ്വീകരിക്കുന്നു. മുതല സ്നേഹം. അടിസ്ഥാനപരമായി, സർക്കാർ ഇതു നന്നായി കൈകാര്യം ചെയ്യണമായിരുന്നു എന്നവര്‍ പറയുന്നു. ഇവരെല്ലാം ശരിയായ വിവരങ്ങള്‍ ലഭിക്കാത്ത സാധാരണക്കാരാണ്. അവർക്ക് കാണാൻ പറ്റില്ല, പക്ഷേ പ്രമുഖ സാമ്പത്തിക വിദഗ്ദരുടെയും പ്രധാനമന്ത്രിയുടെയും പ്രതിഭയെക്കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയും. അവർ കർഷകർക്കും വിപുലമായ സമ്പദ് വ്യവസ്ഥയ്ക്കും വളരെ പ്രധാനപ്പെട്ട ശ്രദ്ധയുള്ള തരത്തിലുള്ള നിയമങ്ങൾ നിർമ്മിച്ചിരിക്കുന്നു. അവര്‍ ഉറപ്പിച്ചു പറയുന്നു: ഈ നിയമങ്ങൾ പ്രധാനപ്പെട്ടതും അത്യന്താപേക്ഷിതവും നടപ്പാക്കേണ്ടതുമാണ്.

"ഈയൊരു മുഴുവൻ പരമ്പരയിലെയും വീഴ്ച കിടക്കുന്നത് പരിഷ്കരണങ്ങളിലല്ല , [ഊന്നൽ ലേഖകന്റേതാണ്] മറിച്ച് നിയമങ്ങൾ പാസ്സാക്കിയ രീതിയിലും, സർക്കാരിന്‍റെ വിനിമയ തന്ത്രങ്ങളിലും, അല്ലെങ്കിൽ അതിന്‍റെ അഭാവത്തിലുമാണ്” ഇൻഡ്യൻ എക്സ്പ്രസ്സിന്‍റെ മുഖ പ്രസംഗം പറയുന്നു. കൈകാര്യശേഷിക്കുറവ് മറ്റു കുലീന പദ്ധതികളെയും മുറിപ്പെടുത്തുമെന്നാണ് എക്സ്പ്രസ്സ് ആശങ്കപ്പെടുന്നത്. "മൂന്നു കാർഷിക നിയമങ്ങൾ പോലെ ഇന്ത്യൻ കാർഷിക രംഗത്തിന്‍റെ ശേഷിയെ നേടിയെടുക്കാൻ ആവശ്യമായ പരിഷ്കാരങ്ങൾ” പോലുള്ളവയാണ് ഈ പദ്ധതികൾ.

എല്ലാ ഭരണകൂടങ്ങളുടെയും മുമ്പിലുള്ള പ്രാഥമിക കർത്തവ്യം എന്താണെന്നു വച്ചാൽ, ടൈംസ് ഓഫ് ഇൻഡ്യ അതിന്‍റെ മുഖപ്രസംഗത്തിൽ പറയുന്നു, "എം.എസ്.പി. വാഴ്ചയുടെ ആസന്നമായ നാശത്തെക്കുറിച്ചു കർഷകർക്കിടയിലുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക ...." എന്നതാണ്. എല്ലാത്തിനും ശേഷം ഇങ്ങനെയും പറയുന്നു, "കേന്ദ്രത്തിന്‍റെ പരിഷ്കരണ പാക്കേജ് കാർഷിക വ്യാപാരത്തിൽ സ്വകാര്യ പങ്കാളിത്തത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ആത്മാർത്ഥമായ പരിശ്രമമാണ്. ശൈശവ ദശയിലുള്ള ഈ പരിഷ്കാരങ്ങളുടെ വിജയത്തിലാണ് കാർഷിക വരുമാനം ഇരട്ടിക്കുന്നതിലുള്ള പ്രതീക്ഷകൾ ഇരിക്കുന്നത്.....” ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ "ഇന്ത്യയിലെ ഭക്ഷ്യ വിപണിയിലെ ഹാനികരമായ അപഭ്രംശത്തെ തിരുത്തുകയും ചെയ്യുo.”

PHOTO • Q. Naqvi

ഡല്‍ഹി കവാടങ്ങളിലെ കർഷകർ അനീതി നിറഞ്ഞ മൂന്നു നിയമങ്ങളും പിൻവലിക്കുക എന്നതിനേക്കാൾ കുറച്ചു കൂടി വലിയ കാരണത്തിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്നു . നമ്മുടെ എല്ലാവരുടെയും അവകാശങ്ങൾക്കു വേണ്ടിയാണ് അവർ പൊരുതിക്കൊണ്ടിരിക്കുന്നത്.

"ഈ നീക്കത്തിനു [പുതിയ നിയമങ്ങൾ] പിന്നിൽ ശക്തമായൊരു യുക്തിയുണ്ട്”, ഹിന്ദുസ്ഥാൻ ടൈംസിലെ ഒരു മുഖപ്രസംഗം പറയുന്നു. കൂടാതെ "നിയമങ്ങളുമായി ബന്ധപ്പെട്ട യാഥാർത്ഥ്യം മാറില്ല എന്നത് കർഷകർ അംഗീകരിക്കേണ്ടതുണ്ട്.” ഇതും സംവേദനക്ഷമമായിരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി വിലപിക്കുന്നു. കർഷകരെ ഉപയോഗിച്ച് "കടുത്ത സ്വത്വ പ്രശ്നങ്ങൾ വച്ച് അപകടകരമായി കളിക്കുന്നതു”പോലെയും തീവ്ര വാചാടോപങ്ങളും പ്രവർത്തനങ്ങളുമായി ഐക്യപ്പെടുന്നതു പോലെയും ഇതിനെ കാണാം.

ഗൂഢാലോചന നടത്തുന്ന ഏതു വിഭാഗങ്ങളെയാണ് കർഷകർ അറിയാതെ പ്രതിനിധീകരിക്കുന്നത്, ആരുടെ നിർദ്ദേശ പ്രകാരമാണ് അവർ പ്രവർത്തിക്കുന്നത്, എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി സർക്കാർ മല്ലു പിടിക്കുകയാവാം. തങ്ങൾ ആരെ യാണ് പ്രതിനിധീകരിക്കുന്നതെന്ന് പത്രാധിപ എഴുത്തുകാർക്ക് വളരെ വ്യക്തയുണ്ട്. തങ്ങളെ ഊട്ടുന്ന കോർപ്പറേറ്റുകളെ തിരിച്ചു കടിക്കുമെന്ന അപകടവും അവരുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല.

ഏറ്റവും മികച്ച അർത്ഥത്തിൽ നോക്കിയാൽ പോലും, താരതമ്യേന ഏറ്റവും കുറവു മുൻവിധിയുള്ള ടെലിവിഷൻ ചാനലുകളിൽ, ചർച്ചയിലെ ചോദ്യങ്ങൾ എല്ലായ്പ്പോഴും സ്ഥാപനത്തിന്‍റെയും അതിന്‍റെ നിയന്ത്രണത്തിൽ നിൽക്കുന്ന വിദഗ്ദരുടെയും ബുദ്ധിജീവികളുടെയും ചട്ടക്കൂടിലുള്ളതായിരിക്കും.

ഒരിക്കൽ പോലും ചില ചോദ്യങ്ങളിൽ ഗൗരവതരമായ ശ്രദ്ധ പതിയുന്നില്ല: എന്തുകൊണ്ടിപ്പോൾ? അത്ര തിടുക്കപ്പെട്ടു പൂർത്തിയാക്കുകയാണെങ്കിൽ തൊഴിൽ നിയമങ്ങളെന്തിന്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ. അവസാന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രാ മോദി വൻ ഭൂരിപക്ഷം നേടി. കുറഞ്ഞത് 2-3 വർഷം ആ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ടാവും. ഈ നിയമങ്ങളൊക്കെ പൂർത്തിയാക്കാൻ പറ്റിയ സമയം മഹാമാരിയുടെ ഉച്ചാവസ്ഥയാണെന്ന് ഭാരതീയ ജനതാ പാർട്ടി സർക്കാരിന് തോന്നിയത് എന്തുകൊണ്ടായിരിക്കും?- മഹാമാരിയുടെ സമയത്ത് കൂടുതൽ ശ്രദ്ധയാവശ്യമായ ആയിരക്കണക്കിന് മറ്റു കാര്യങ്ങൾ ഉള്ളപ്പോൾ.

കർഷകരും തൊഴിലാളികളും കോവിഡ്-19-ന്‍റെ മുമ്പിൽ കീഴടങ്ങി, മഹാമാരിയുടെ മുമ്പിൽ സ്തംഭിച്ച് സംഘടിക്കാനോ പ്രതിരോധിക്കാനോ പ്രാപ്തിയില്ലാതെ നിൽക്കുന്ന ഈ സമയമാണ് ഏറ്റവും നല്ല സമയമെന്നു കണക്കു കൂട്ടിയതു തന്നെയാണ്. ചുരുക്കത്തിൽ ഇതു നല്ല സമയമല്ല, ഏറ്റവും നല്ല സമയമായിരുന്നു. അവരുടെ വിദഗ്ദർ ചേർന്നാണ് ഇത് ചെയ്യാൻ പ്രേരിപ്പിച്ചത്. അവരിൽ കുറച്ചുപേർ ‘ഒരു രണ്ടാം 1991-നുള്ള സന്ദർഭം’ ഈയൊരവസ്ഥയിൽ കണ്ടെത്തി; ധാർമ്മിക ച്യുതിയും, ദുരിതങ്ങളും, തകർച്ചയും മുതലാക്കി സമൂലമായ പരിഷ്കരണങ്ങൾക്കുള്ള ഒരു സന്ദർഭം. പ്രമുഖരായ പത്രാധിപന്മാർ ഭരണകൂടത്തോടു യാചിച്ചു, "നല്ലൊരു പ്രതിസന്ധി ഒരിക്കലും പാഴാക്കരുത്.” ഇന്ത്യയുടെ “അമിതമായ ജനാധിപത്യം” ശല്യമായി തോന്നിയ ആയോഗിന്‍റെ തലവനും അതു തന്നെ ചോദിച്ചു.

നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ചുകൊണ്ട് വളരെ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയരുമ്പോൾ ഉപരിപ്ലവവും ആത്മാർത്ഥതയില്ലാത്തതുമായ ക്ഷണികമായ പ്രസ്താവനകൾക്കപ്പുറം ഒന്നും സംഭവിക്കുന്നില്ല. കേന്ദ്രം ഒരു സംസ്ഥാന വിഷയത്തിൽ നിയമ നിർമ്മാണം നടത്തി, അങ്ങനെ ചെയ്യാനുള്ള അവകാശം ഇല്ലാത്തപ്പോൾ തന്നെ.

PHOTO • Binaifer Bharucha

2018 നവംബറില്‍ 22 സംസ്ഥാനങ്ങളിൽ നിന്നും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള കർഷകർ - പഞ്ചാബിൽ നിന്നുള്ളവർ മാത്രമല്ല – നിലവിലെ സമരക്കാരുടേതിനു സമാനമായ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിലെ പാർലമെന്‍റിലേക്കു ജാഥ നടത്തിയിരുന്നു.

എന്തുകൊണ്ടാണ് ക്രമേണ എല്ലാം ഇല്ലാതാക്കാമെന്ന സർക്കാരിന്‍റെ വാഗ്ദാനം കർഷകർ പുച്ഛത്തോടെ തള്ളിക്കളഞ്ഞതെന്ന് മുഖപ്രസംഗങ്ങളിലൊന്നും വലിയ ചർച്ചയുണ്ടായില്ല. രാജ്യത്തുടനീളമുള്ള എല്ലാ കർഷകരും അറിയുന്ന, നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന, ഒരു റിപ്പോർട്ട് ഉണ്ടെങ്കിൽ അത് കർഷകർക്കു വേണ്ടിയുള്ള ദേശീയ കമ്മീഷന്‍റേതാണ് (National Commission on Farmers) - അവർ അതിനെ ‘സ്വാമിനാഥൻ റിപ്പോർട്ട്’ എന്നു വിളിക്കുന്നു. കോൺഗ്രസ് 2004 മുതലും ബി.ജെ.പി. 2014 മുതലും അതു കുഴിച്ചു മൂടാൻ മത്സരിച്ചു കൊണ്ടിരിക്കുന്നു, അതിന്മേൽ നടപടിയെടുക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോൾ തന്നെ.

കൂടാതെ, 2018 നവംബറിൽ ഒരു ലക്ഷത്തിലധികം കർഷകർ ആ റിപ്പോർട്ടിലെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പാർലമെന്‍റിനടുത്ത് കൂടിച്ചേർന്നിരുന്നു. കടം എഴുതിത്തള്ളൽ, മിനിമം താങ്ങു വില, മറ്റു പലവിധ ആവശ്യങ്ങൾ - കാർഷിക പ്രതിസന്ധിയെപ്പറ്റി ചർച്ച ചെയ്യാൻ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വേണമെന്ന ആവശ്യം ഉൾപ്പെടെയുള്ളവ – ഒക്കെ അവർ ഉന്നയിച്ചു. ചുരുക്കത്തിൽ ഇപ്പോൾ കർഷകർ വെല്ലു വിളിച്ചു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും ദില്ലി ദർബാർ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അവർ 22 സംസ്ഥാനങ്ങളിൽ നിന്നും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവരായിരുന്നു, പഞ്ചാബിൽ നിന്നുമാത്രമായിരുന്നില്ല.

കർഷകർ - സർക്കാരിൽ നിന്നും ഒരു കപ്പു ചായ പോലും സ്വീകരിക്കാൻ വിസമ്മതിച്ചു കൊണ്ട് - ചെയ്തത് തങ്ങളെ ഭയപ്പെടുത്തി, സ്തംഭിപ്പിച്ച്, ഒതുക്കി കൂട്ടാമെന്നുള്ള സർക്കാരിന്‍റെ കണക്കു കൂട്ടലുകൾ തെറ്റാണെന്നു നമ്മളെ കാണിക്കുകയായിരുന്നു. അവരുടെ (നമ്മളുടെയും) അവകാശങ്ങൾക്കു വേണ്ടി നിൽക്കാനും സ്വയം ജീവിതം കഷ്ടത്തിലാക്കിക്കൊണ്ട് ഈ നിയമങ്ങളെ പ്രതിരോധിക്കാനും അവർ തയ്യാറായിരുന്നു, ഇപ്പോഴുമാണ്.

‘മുഖ്യധാരാ മാദ്ധ്യമങ്ങൾ’ അവഗണിക്കുന്ന ചില കാര്യങ്ങളും അവർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഭക്ഷണത്തിന്‍റെ കോർപ്പറേറ്റു നിയന്ത്രണം രാജ്യത്തെ എങ്ങനെ ബാധിക്കുമെന്നും അവർ നമുക്ക് മുന്നറിയിപ്പു തന്നു കൊണ്ടിരിക്കുന്നു. അതെക്കുറിച്ച് എന്തെങ്കിലും മുഖപ്രസംഗങ്ങൾ അടുത്ത സമയത്തു കണ്ടിട്ടുണ്ടോ?

മൂന്നു നിയമങ്ങൾ പിൻവലിക്കുന്നതിനും, തങ്ങൾക്കോ പഞ്ചാബിനോ വേണ്ടി നിലനിൽക്കുന്നതിനും ഉപരിയായി, തങ്ങൾ സമരം ചെയ്യുന്നത് വലിയ ചില കാര്യങ്ങൾക്കാണെന്ന് അവരിൽ കുറച്ചു പേർക്കറിയാം. നമ്മൾ എവിടെയായിരുന്നോ – അതത്ര നല്ല സ്ഥലമൊന്നും ആയിരുന്നില്ല - അവിടേക്കു നമ്മളെ തിരിച്ചെത്തിക്കുന്നതിലുപരി നിയമങ്ങൾ പിൻവലിക്കുന്നതുകൊണ്ട് കൂടുതലൊന്നും അർത്ഥമാക്കുന്നില്ല. ഭീകരവും ഇപ്പോഴും തുടരുന്നതുമായ കാർഷിക പ്രതിസന്ധിയിലേക്കാണ്‌ നാമെത്തുന്നത്. പക്ഷേ ഇത് കാർഷിക രംഗത്തെ ദുരിതങ്ങളിലേക്ക് പുതിയ പ്രശ്നങ്ങൾ കടന്നുവരുന്നത് തടയുകയും അല്ലെങ്കിൽ അത് മന്ദഗതിയിലാക്കുകയും ചെയ്യും. അതെ, ‘മുഖ്യധാരാ മാദ്ധ്യമങ്ങ’ളിൽ നിന്നും വ്യത്യസ്തമായി, നിയമപരമായ സഹായം തേടുന്നതിനുള്ള പൗരന്മാരുടെ അവകാശത്തെ തകർക്കുന്നതിലും നമ്മുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നതിലും ഈ നിയമങ്ങൾക്കുള്ള പ്രാധാന്യം കർഷകർ കാണുന്നു. അവർ അതിനെ ആ രീതിയിൽ കാണുകയോ അങ്ങനെ ആവിഷ്കരിക്കാൻ ശ്രമിക്കുകയോ ഇല്ലെങ്കിൽ പോലും – അവരുടെ പരിശ്രമങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിനെയും, ജനാധിപത്യത്തെത്തന്നെയും പ്രതിരോധിക്കലാണ്.

കവർ ചിത്രീകരണം : പുതിയ രൂപത്തിലുള്ള അർത്ഥവും ആവിഷ് ‌കാരവും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ കൊണ്ട് പരീക്ഷണം ചെയ്യുന്ന ഒരു പുതിയ മീഡിയ ആർട്ടിസ്റ്റാണ് പ്രിയങ്ക ബോറാര്‍ . പഠനങ്ങള്‍ക്കും കളികള്‍ക്കുമായി അനുഭവങ്ങൾ രൂപകൽപന ചെയ്യുന്ന, സംവേദനാത്മക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന, പ്രിയങ്ക പരമ്പരാഗതമായ രീതിയിൽ പേപ്പറും പേനയും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.

ലേഖനത്തിന്‍റെ ഒരു പതിപ്പ് 2020 ഡിസംബര്‍ 9-ന് ‘ദി വയര്‍’ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ വന്നിരുന്നു.

പരിഭാഷ - റെന്നിമോന്‍ കെ. സി.

پی سائی ناتھ ’پیپلز آرکائیو آف رورل انڈیا‘ کے بانی ایڈیٹر ہیں۔ وہ کئی دہائیوں تک دیہی ہندوستان کے رپورٹر رہے اور Everybody Loves a Good Drought اور The Last Heroes: Foot Soldiers of Indian Freedom کے مصنف ہیں۔

کے ذریعہ دیگر اسٹوریز پی۔ سائی ناتھ
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.