അപ്പോൾ സമയം രാത്രി രണ്ടുമണിയായിരുന്നു. ചുറ്റും കൂരിരുട്ട്. ‘യന്ത്രവത്കൃത ബോട്ട്’ എന്ന് അഭിമാനകരമായി വിളിക്കുന്ന ഒന്നിലായിരുന്നു ഞങ്ങള്‍ - തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയുടെ (പലപ്പോഴും നാട്ടുഭാഷയില്‍ രാമനാട് എന്ന് പറയും) തീരത്തുനിന്ന് കടലിലേക്ക്.
‘യന്ത്രവത്കൃത ബോട്ട്’ യഥാര്‍ത്ഥത്തില്‍ ലെയ്‌ലാൻഡ് ബസിന്‍റെ എഞ്ചിന്‍ (1964-ല്‍ പൊളിച്ച്, പിന്നീട് ഇതിനു ചേരുന്നവിധത്തില്‍ പുതുക്കിപ്പണിതത് – ഞാന്‍ ഈ യാത്ര നടത്തിയ 1993-ലും അത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു) ഘടിപ്പിച്ച പഴകിപ്പൊളിഞ്ഞ ഒരു വള്ളമായിരുന്നു. ഞങ്ങള്‍ കൃത്യമായി എവിടെയായിരുന്നുവെന്ന് തദ്ദേശവാസികളായിരുന്ന മീന്‍പിടുത്തക്കാര്‍ക്കല്ലാതെ എനിക്ക് ഒരു സൂചനയും ഇല്ലായിരുന്നു. എനിക്ക് ഏറ്റവും നന്നായി പറയാന്‍ കഴിയുന്നകാര്യം ബംഗാള്‍ ഉള്‍ക്കടലില്‍ എവിടെയോ ആയിരുന്നുവെന്നാണ്.
ചെറിയ കുഴപ്പങ്ങളൊക്കെ നേരിട്ടുകൊണ്ട് 16 മണിക്കൂറുകളായി ഞങ്ങള്‍ കടലില്‍ തന്നെയായിരുന്നു. പക്ഷെ ഒന്നുംതന്നെ അഞ്ചംഗ സംഘത്തിന്‍റെ പുഞ്ചിരിയെ ബാധിച്ചില്ല. എല്ലാവര്‍ക്കും ‘ഫെര്‍ണാണ്ടോ’ എന്ന പൊതുവായ പേരുണ്ടായിരുന്നു - അവിടുത്തെ മത്സ്യബന്ധന സമുദായത്തിന്‍റെയിടയില്‍ വളരെ സാധാരണയായുള്ള പേര്.
‘യന്ത്രവത്കൃത ബോട്ടിന്’ മറ്റൊരു പ്രകാശ സ്രോതസ്സുമില്ലായിരുന്നു - ഫെര്‍ണാണ്ടോമാരിലൊരാള്‍ കൈയിലേന്തിയ ഒരു കമ്പിന്‍റെയറ്റത്ത് മണ്ണെണ്ണയില്‍ മുക്കിയ തിരി കത്തുന്ന വെട്ടമല്ലാതെ. അതെന്നെ ആശങ്കാകുലനാക്കി. എങ്ങനെ ആ ഇരുട്ടില്‍ ഞാന്‍ ഫോട്ടൊ എടുക്കാന്‍?
മത്സ്യം പ്രശ്നം പരിഹരിച്ചു.
ഫോസ്ഫൊറെസെന്‍സിനാല്‍ (മറ്റെന്തെങ്കിലുമാണോയെന്ന് എനിക്കുറപ്പില്ല) തിളങ്ങുന്ന വലകളില്‍ അവ എത്തിയപ്പോള്‍ ബോട്ടില്‍ അവയുണ്ടായിരുന്ന ഭാഗം തെളിഞ്ഞു. ഫ്ലാഷ് അവയില്‍ പ്രതിഫലിച്ച് ബാക്കിയുള്ള കാര്യങ്ങള്‍ നടന്നു. ഫ്ലാഷ് ഉപയോഗിക്കാതെപോലും കുറച്ച് ഫോട്ടോകള്‍ എടുക്കാന്‍ എനിക്കു കഴിയുമായിരുന്നു (എപ്പോഴും ഞാന്‍ ഫ്ലാഷ് ഇഷ്ടപ്പെട്ടിരുന്നില്ല).
ഒരുമണിക്കൂര്‍ കഴിഞ്ഞശേഷം ഇതുവരെ കഴിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും ശുദ്ധമായ മീന്‍ എനിക്കു ലഭിച്ചു. പഴയ വലിയൊരു തകരത്തിന്‍റെ ദ്വാരങ്ങളിട്ട അടിഭാഗം മുകളിലാക്കി അതിന്മേലാണ് മീന്‍ പാചകം ചെയ്തത്. തകരത്തിന്‍റെ അകത്തും അടിഭാഗത്തും അവര്‍ എങ്ങനെയോ തീ കത്തിച്ചു. രണ്ടുദിവസമായി ഞങ്ങള്‍ കടലില്‍ ആയിരുന്നു. രാമനാട് തീരത്തുനിന്ന് കടലിലേക്ക് 1993-ല്‍ ഞാന്‍ നടത്തിയ അത്തരം മൂന്ന് യാത്രകളില്‍ ഒന്നായിരുന്നു അത്.
ഞങ്ങളെ പരിശോധിച്ച കോസ്റ്റ് ഗാര്‍ഡ് രണ്ടുതവണ ഞങ്ങളോട് പരുഷമായി സംസാരിച്ചു - അത് എല്‍.റ്റി.റ്റി.ഇ.യുടെ കാലമായിരുന്നു, ശ്രീലങ്ക ഏതാനും കിലോമീറ്റര്‍ അകലെയും. കോസ്റ്റ് ഗാര്‍ഡ് വലിയ താല്‍പ്പര്യമില്ലാതെ എന്‍റെ തെളിവുകള്‍ സ്വീകരിച്ചു. രാമനാട് കളക്ടറുടെ പക്കല്‍ നിന്നുള്ള ഒരേയൊരു കത്തായിരുന്നു അത്. ഞാന്‍ ഒരു യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍ ആണെന്ന കാര്യത്തില്‍ അദ്ദേഹം തൃപ്തനായിരുന്നു എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.
ഈ തീരത്തെ മിക്ക മത്സ്യത്തൊഴിലാളികളും കടബാദ്ധ്യതയുള്ളവരാണ്. പണമായും ഉല്‍പന്നങ്ങളായും ലഭിക്കുന്ന വളരെ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരാണവര്‍. ഞാനവര്‍ക്കിടയില്‍ കണ്ടുമുട്ടിയ ഏറ്റവും വിദ്യാഭ്യാസം കൂടിയവ്യക്തി 6-ാം വരെയാണ് പഠിച്ചത്. അവര്‍ നേരിടുന്ന വലിയ അപകടത്തിന് ചെറിയ പ്രതിഫലമാണ് ലഭിക്കുന്നത്. അവര്‍ പിടിക്കുന്ന ചെമ്മീനിന് (ഉദാഹരണത്തിന്) ജപ്പാനില്‍ വലിയ വിലയാണ് ഉള്ളതെങ്കിലും. ഇത്തരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ബോട്ട് ഉപയോഗിക്കുന്നരും ഇവരുമായി പ്രശ്നമുണ്ടാകാവുന്ന പരമ്പരാഗതമായ യന്ത്രവത്കൃതമല്ലാത്ത വള്ളങ്ങള്‍ അഥവാ സാധാരണ വള്ളങ്ങള്‍ ഉപയോഗിക്കുന്നവരും തമ്മില്‍ വര്‍ഗ്ഗപരമായി വലിയ വ്യത്യാസമില്ല.
രണ്ടുകൂട്ടരും ദരിദ്രരാണ്. കുറച്ചുപേര്‍ക്കെ ബോട്ടുകളുള്ളൂ. ‘യന്ത്രവത്കൃത’ ബോട്ട് യഥാര്‍ത്ഥത്തില്‍ ആര്‍ക്കുംതന്നെ ഇല്ലെന്നു പറയാം. അതിരാവിലെ ഞങ്ങള്‍ ഒരുതവണകൂടി കടലില്‍നിന്നും മീന്‍ പിടിച്ചു – പിന്നീട് കരയിലേക്ക് നീങ്ങി. ഫെര്‍ണാണ്ടോമാര്‍ ചിരിക്കുകയായിരുന്നു. അമ്പരന്ന എന്‍റെ മുഖം അവരുടെ നിലനില്‍പ്പിന്‍റെ സാമ്പത്തികശാസ്ത്രം മനസ്സിലാക്കാന്‍ ശ്രമിച്ചതിനാല്‍ ഈ സമയത്ത് ഉല്ലാസഭരിതമായിരുന്നു.
ഇത് ലളിതമാണ്, അവരിലൊരാള്‍ പറഞ്ഞു: “മറ്റേതോ ഒരാളെ ലക്ഷാധിപതിയാക്കാന്‍ ഞങ്ങള്‍ പണിയെടുക്കുന്നു.”
ഈ കുറിപ്പിന്‍റെ ചെറിയൊരു പതിപ്പ് 1996 ജനുവരി 19-ന് ദി ഹിന്ദു ബിസിനസ്സ് ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പരിഭാഷ: റെന്നിമോന്‍ കെ. സി.