“എന്‍റെ അഞ്ചുവയസ്സുകാരി മകള്‍ക്ക് നല്ല പനിയുണ്ട്”, ഷക്കീല നിസാമുദ്ദീന്‍ പറഞ്ഞു. “പക്ഷെ [അവളെ ഡോക്ടര്‍മാരുടെ അടുത്തെത്തിക്കുന്നതില്‍ നിന്നും] പോലീസ് എന്‍റെ ഭര്‍ത്താവിനെ തടഞ്ഞു. അദ്ദേഹം ഭയന്ന് തിരിച്ചുവന്നു. കോളനിയില്‍ നിന്നും പുറത്തുകടക്കാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല, ആശുപത്രിയിലേക്കുപോലും.”

അഹമ്മദാബാദ് നഗരത്തിലെ സിറ്റിസണ്‍ നഗര്‍ റിലീഫ് കോളനിയിലാണ് 30 കാരിയായ ഷക്കീല ജീവിക്കുന്നത്. വീട്ടില്‍ പട്ടങ്ങള്‍ ഉണ്ടാക്കി ബുദ്ധിമുട്ടിയാണ് അവര്‍ ജീവിക്കുന്നത്. അവരും ദിവസ വേതനക്കാരനായ ഭര്‍ത്താവും വരുമാനത്തോടൊപ്പം സ്വപ്നങ്ങളും ചെറുതായി വരുന്നത് ലോക്ക്ഡൗണ്‍ സമയത്ത് കാണുന്നു. “ക്ലിനിക് അടച്ചിരിക്കുന്നു”, അവര്‍ എന്നോട് വീഡിയോ കോളില്‍ പറഞ്ഞു. “അവര്‍ ഞങ്ങളോട് പറയുന്നത് ‘പോയി വീട്ടില്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ തേടുക’ എന്നാണ്. ആശുപത്രിയില്‍ പോകണമെങ്കില്‍ പോലീസ് ഞങ്ങളോട് ഫയലുകളും രേഖകളുമൊക്കെ ചോദിക്കുന്നു. അതൊക്കെ ഞങ്ങള്‍ക്ക് എവിടെ കിട്ടാനാണ്‌”

2002-ലെ വിനാശകരമായ വര്‍ഗ്ഗീയ കലാപത്തില്‍ നിരാശ്രയരായ അമ്പതിനായിരത്തിലധികം ആളുകളെ അധിവസിപ്പിക്കുന്നതിനായി ഗുജറാത്തിലെ ജീവകാരുണ്യ സംഘടനകള്‍ 2004-ല്‍ സ്ഥാപിച്ച 81 കോളനികളിലൊന്നാണിത്. ലോക്ക്ഡൗണില്‍ ഈ കോളനിയിലെ ജനങ്ങള്‍  പേടിസ്വപ്ന സമാനമായ ഒരവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

കൂടാതെ, അവരിലൊരാള്‍ പറഞ്ഞതുപോലെ, ഇന്ത്യയിലുടനീളം പുതിയ കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി എല്ലാവരോടും ഒരുമിച്ചു വരാന്‍ അമിതാഭ് ബച്ചന്‍ ടെലിവിഷന്‍ സ്ക്രീനില്‍ ആവശ്യപ്പെടുന്നത് അവര്‍ കാണുകയും ചെയ്യുന്നു.

“വീടുകളില്‍ കൈയും കെട്ടിയിരിക്കുകയാണ് ഞങ്ങള്‍ ചെയ്യേണ്ടതെങ്കില്‍ എന്തിന് ഞങ്ങള്‍ കൈകള്‍ കഴുകണം”, രേശ്മ സയ്യദ് ചോദിച്ചു. സ്നേഹപൂര്‍വ്വം എല്ലാവരും രേശ്മ ആപാ എന്നുവിളിക്കുന്ന അവര്‍ സിറ്റിസണ്‍ നഗര്‍ കോളനിയിലെ സമുദായ നേതാവാണ്‌. 2002-ലെ കലാപത്തില്‍ ഇരകളായ നരോദപാട്യയില്‍ നിന്നുള്ളവരെ പുനരധിവസിപ്പിക്കാന്‍ അഹമ്മദാബാദില്‍ സ്ഥാപിച്ച 15 കോളനികളില്‍ ഒന്നാണിത്. കോളനിയുടെ കവാടത്തിലുള്ള ശിലാഫലകത്തില്‍ നിന്നും മനസ്സിലാകുന്നത് 2004-ല്‍ കേരള സ്റ്റേറ്റ് മുസ്ലിം റിലീഫ് കമ്മിറ്റിയുടെ സഹായത്തോടെയാണ് ഇത് നിലവില്‍ വന്നതെന്നാണ്. തങ്ങളുടെ എല്ലാ വസ്തുവകകളും ചാരമായി മാറിയതിനു സാക്ഷ്യം വഹിച്ചവരിലെ ആദ്യത്തെ 40 കുടുംബങ്ങള്‍ ഇവിടെ എത്തിയതോടെയാണ്‌ കോളനി തുടങ്ങിയത്.

In Citizen Nagar, the threat the coronavirus brings is not just that infection, but also a heightened hunger and lack of access to medical help
PHOTO • Nijammuddin Saiyed
In Citizen Nagar, the threat the coronavirus brings is not just that infection, but also a heightened hunger and lack of access to medical help
PHOTO • Nijammuddin Saiyed
In Citizen Nagar, the threat the coronavirus brings is not just that infection, but also a heightened hunger and lack of access to medical help
PHOTO • Nijammuddin Saiyed

സിറ്റിസണ്‍ നഗറില്‍ കൊറോണ വൈറസ് മൂലമുണ്ടായിട്ടുള്ളത് അണുബാധയുടെ ഭീഷണി മാത്രമല്ല, പട്ടിണി വര്‍ദ്ധിക്കുന്നത്തിന്‍റെയും വൈദ്യസഹായം ലഭ്യമാകാത്തതിന്‍റെയും കൂടിയാണ്.

ഇപ്പോള്‍ ഇവിടെ ഏകദേശം 120 മുസ്ലിം കുടുംബങ്ങള്‍ ഉണ്ട്. തൊട്ടടുത്തുള്ള മുബാറക് നഗറിലും ഘാസിയ മസ്‌ജിദ്‌ പ്രദേശത്തും നൂറിലധികം കുടുംബങ്ങള്‍ ഉണ്ട്. ഇവയെല്ലാം തന്നെ 2002-ന് മുന്‍പേയുള്ള ചേരി പ്രദേശങ്ങള്‍ ആണ്. ഏതാണ്ട് സിറ്റിസണ്‍ നഗര്‍ നിലവില്‍ വന്ന അതേസമയത്തുതന്നെ ഈ പ്രദേശങ്ങളില്‍ വസിക്കുന്നവരുടെ എണ്ണവും കലാപ അഭയാര്‍ത്ഥികള്‍ മൂലം വര്‍ദ്ധിച്ചു.

കുപ്രസിദ്ധമായ പിരാനാ ‘മാലിന്യ കുന്നി’ന്‍റെ താഴ്വരയിലാണ് സിറ്റിസണ്‍ നഗര്‍ കോളനി. ഈ പ്രദേശം 1982 മുതല്‍

അഹമ്മദാബാദിലെ പ്രധാന മാലിന്യ കൂമ്പാരമാണ്. 75 മീറ്ററിലധികം ഉയരമുള്ളവയുള്‍പ്പെടെ നിരവധി മാലിന്യക്കൂനകള്‍ ചേര്‍ന്നതാണ് 84 ഹെക്ടറിലധികം വ്യാപിച്ചുകിടക്കുന്ന ഈ സ്ഥലം. പിരാനയില്‍ 85 ലക്ഷം മെട്രിക് ടണ്ണിലധികം മാലിന്യങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. നഗരത്തിനുമേല്‍ പലപ്പോഴും ഇവിടെനിന്നും വിഷപ്പുക പടരാറുമുണ്ട്.

ഒരുവര്‍ഷത്തിനകം മാലിന്യങ്ങള്‍ നീക്കണമെന്ന അന്ത്യശാസനം അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന് (എ.എം.സി.) ദേശീയ ഹരിത ട്രൈബ്യൂണല്‍ നല്‍കിയിട്ട് 7 മാസം ആയതേയുള്ളൂ. അന്ത്യശാസനം തീരാന്‍ കഷ്ടിച്ച് 150 ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു ട്രാമല്‍ മെഷീന്‍ (മാലിന്യങ്ങള്‍ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഉപകരണം) മാത്രമാണ് - 30 എണ്ണം ഉണ്ടാകേണ്ടപ്പോള്‍ - അവിടെ പ്രവര്‍ത്തിക്കുന്നതായി കാണുന്നത്.

അതേസമയം വലിയ പുകപടലം ഉണ്ടാക്കിക്കൊണ്ട് ചെറു അഗ്നിപര്‍വ്വത സ്ഫോടനങ്ങളില്‍ (mini-volcanic eruptions) നിന്നും എല്ലായ്പ്പോഴും തീ പുറപ്പെടുന്നു. അത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കോളനിയില്‍ ജീവിക്കുന്ന ആളുകളുടെ അവസ്ഥകള്‍ വിവരിക്കുന്ന കഥകള്‍ പെട്ടെന്ന് മാദ്ധ്യമങ്ങളില്‍ നിറയുന്നു. പക്ഷെ ‘പുനരധിവസിപ്പിക്കപ്പെട്ട്’ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ വീടുകളില്‍ പത്രങ്ങളില്ല. ഈ നഗറിലെ പൗരന്‍മാര്‍ 15 വര്‍ഷത്തിലധികമായി തൊട്ടടുത്തുനിന്നുള്ള വിഷവാതകം ശ്വസിച്ചു കൊണ്ടിരിക്കുന്നു.

“ഒരുപാട് രോഗികള്‍ വില്ലന്‍ചുമയും തണുപ്പിന്‍റെ പ്രശ്നങ്ങളുമായി വരുന്നു”, ഡോ: ഫാര്‍ഹിന്‍ സയ്യദ് പറഞ്ഞു. ജീവകാരുണ്യ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും സമുദായത്തിനു വേണ്ടി നടത്തുന്ന തൊട്ടടുത്തുള്ള രഹാത് സിറ്റിസണ്‍ ക്ലിനിക്കില്‍ സേവനം ചെയ്യുകയാണ് ഇദ്ദേഹം. “അന്തരീക്ഷ മലിനീകരണവും അന്തരീക്ഷത്തില്‍ എല്ലായ്പ്പോഴും വ്യാപിച്ചുകാണുന്ന ആപത്കരങ്ങളായ വാതകങ്ങളും കാരണം ശ്വസന പ്രശ്നങ്ങളും ശ്വാസകോശ അണുബാധയും ഈ പ്രദേശത്ത് വളരെ സാധാരണമാണ്. കോളനിയില്‍ ധാരാളം ക്ഷയരോഗികളും ഉണ്ട്”, സയ്യദ് പറഞ്ഞു. ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ ക്ലിനിക് അടച്ചിടേണ്ടി വന്നു.

രേശ്മ ആപാ യെപ്പോലുള്ള നിവാസികള്‍ പറയുന്നത് എപ്പോഴും കൈകള്‍ കഴുകാന്‍ ഉപദേശിക്കുന്ന കോവിഡ്-19 ശുചിത്വ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സിറ്റിസണ്‍ നഗര്‍ കോളനിയിലെ ജനങ്ങളുടെ നിസ്സഹായാവസ്ഥയെ പരിഹസിക്കുന്നതാണെന്നാണ്. എന്തുകൊണ്ടെന്നാല്‍ വൃത്തിയുള്ള വെള്ളം ഒട്ടുംതന്നെ അവിടെ ലഭിക്കുന്നില്ല.

Around 120 families live in Citizen Nagar, a relief colony for 2002 riot victims at the foothills of the Pirana landfill in Ahmedabad
PHOTO • Nijammuddin Saiyed
Around 120 families live in Citizen Nagar, a relief colony for 2002 riot victims at the foothills of the Pirana landfill in Ahmedabad
PHOTO • Nijammuddin Saiyed

2002-ലെ കലാപങ്ങളില്‍ ഇരകളായവര്‍ക്കുവേണ്ടി അഹമ്മദാബാദിലെ പിരാന മാലിന്യ കൂമ്പാരത്തിന്‍റെ താഴ്വരയില്‍ സ്ഥാപിച്ച റിലീഫ് കോളനിയിയായ സിറ്റിസണ്‍ നഗറില്‍ ഏകദേശം 120 കുടുംബങ്ങള്‍ താമസിക്കുന്നു

കൊറോണ വൈറസ് മൂലം സിറ്റിസണ്‍ നഗറില്‍ ഉണ്ടായിട്ടുള്ള ഭീഷണി മരണത്തിന്‍റെയൊ അണുബാധയുടെയൊ അസുഖത്തിന്‍റെയൊ മാത്രമല്ല - അവയൊക്കെ നേരത്തേതന്നെ അവിടുള്ളതാണ്. പരിപൂര്‍ണ്ണമായ ലോക്ക്ഡൗണിന്‍റെ സാഹചര്യത്തില്‍ പട്ടിണി വര്‍ദ്ധിക്കുന്നതും വൈദ്യസഹായം ലഭിക്കാത്തതും ഭീഷണികള്‍ തന്നെയാണ്.

“ചുറ്റുവട്ടത്തുള്ള ചെറു ഫാക്ടറികളിലാണ് – പ്ലാസ്റ്റിക്, ഡെനിം, പുകയില - ഞങ്ങള്‍ സ്ത്രീകളില്‍ ഭൂരിപക്ഷവും ജോലി ചെയ്യുന്നത്”, 45-കാരിയായ രെഹന മിര്‍സ പറഞ്ഞു. “ഫാക്ടറികളുടെ കാര്യങ്ങള്‍ ഒരുതരത്തിലും പ്രവചിക്കാന്‍ പറ്റില്ല. അവിടെ പണിയുണ്ടെങ്കില്‍ അവര്‍ നിങ്ങളെ വിളിക്കും, ഇല്ലെങ്കില്‍ പറഞ്ഞുവിടും.” തൊട്ടടുത്തുള്ള പുകയില ഫാക്ടറിയില്‍ ദിവസും 8 മുതല്‍ 10 മണിക്കൂര്‍ വരെ 200 രൂപ കൂലിക്കാണ് വിധവയായ രെഹന ജോലി ചെയ്യുന്നത്. ലോക്ക്ഡൗണിന് രണ്ടാഴ്ച മുന്‍പ് ആ ജോലി നിന്നു. ലോക്ക്ഡൗണ്‍ നീക്കുന്നതുവരെ ഒരുജോലിയും കിട്ടുമെന്ന പ്രതീക്ഷയില്ല. ഭക്ഷണം വാങ്ങാന്‍ അവരുടെ കൈയില്‍ പണവുമില്ല.

“ഇവിടെ പച്ചക്കറിയില്ല, പാലില്ല, തേയിലയില്ല”, രേശ്മ ആപാ പറഞ്ഞു. “ഒരാഴ്ചയായി പലര്‍ക്കും ഭക്ഷണമില്ല. പുറത്തുനിന്നും പച്ചക്കറി ലോറികള്‍ വരാന്‍പോലും അവര്‍ [അധികാരികള്‍] അനുവദിക്കുന്നില്ല. അടുത്ത പ്രദേശത്തെ പലവ്യഞ്ജനക്കടകള്‍ തുറക്കാനും അവര്‍ അനുവദിക്കുന്നില്ല. ഇവിടെയുള്ളവരൊക്കെ വഴിയോര കച്ചവടക്കാരും ഓട്ടോ ഡ്രൈവര്‍മാരും ആശാരിപ്പണി ചെയ്യുന്നവരും ദിവസ വേതനത്തൊഴിലാളികളുമാണ്. അവര്‍ക്ക് പുറത്തുപോയി സമ്പാദിക്കാന്‍ പറ്റില്ല. അകത്തേക്ക് പണമൊന്നും വരുന്നില്ല. ഞങ്ങള്‍ എന്ത് ഭക്ഷിക്കും? ഞങ്ങള്‍ എന്തുചെയ്യാനാണ്?”

“ദിവസം 300 രൂപ വാടകയ്ക്കാണ് എനിക്ക് ഓട്ടോ കിട്ടുന്നത്. പക്ഷെ എനിക്ക് നിശ്ചിത വരുമാനമില്ല. നല്ല ഓട്ടം ഇല്ലാത്ത ദിവസങ്ങളിലും ഞാന്‍ വാടക നല്‍കണം. ചില ദിവസങ്ങളില്‍ പണത്തിനായി ഫാക്ടറിയിലും ഞാന്‍ പണിയെടുക്കുന്നു”, കോളനിയിലെ പല ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ ഒരാളായ ഫറൂഖ് ശേയ്ഖ് പറഞ്ഞു. ദിവസവും 15 മണിക്കൂര്‍ ഓട്ടോ ഓടിച്ച് ശരാശരി 600-700 രൂപ അദ്ദേഹം സമ്പാദിച്ചിരുന്നു, പക്ഷെ 50 ശതമാനമോ അതില്‍ താഴെയോ മാത്രമായിരുന്നു കൈയില്‍ കിട്ടിയിരുന്നത്.

ആറുപേരുള്ള കുടുംബത്തിലെ ഏക വരുമാനക്കാരനായ ഫറൂഖ് ലോക്ക്ഡൗണും പ്രദേശത്ത് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കര്‍ഫ്യൂവും സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നു. “ഞങ്ങള്‍ ദിവസേന പണിയെടുത്ത് ഭക്ഷണം കഴിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് പുറത്തുപോയി സമ്പാദിക്കാന്‍ പറ്റില്ല. പോലീസ് ഞങ്ങളെ അടിക്കും”, അദ്ദേഹം പറഞ്ഞു. “ചില ആളുകള്‍ക്ക് വീട്ടില്‍ വെള്ളം പോലും ഇല്ല. പിന്നെയെന്ത് സാനിറ്റൈസര്‍? എന്ത് മാസ്ക്? ഞങ്ങള്‍ പാവപ്പെട്ടവരാണ്. അത്തരം ഭ്രമിപ്പിക്കുന്ന സാധനങ്ങളൊന്നും ഞങ്ങള്‍ക്കില്ല. എങ്ങനെ ആയാലും മാലിന്യം എല്ലാ ദിവസവും ഉണ്ട്. അങ്ങനെതന്നെ അസുഖങ്ങളുടെ കാര്യവും.”

Left: 'Many are without food for a week now', says community leader Reshma aapa. Centre: Farooq Sheikh with his rented auto; he is feeling the heat of the lockdown. Right: Even the Rahat Citizen Clinic has been shut for the lockdown (file photo)
PHOTO • Nijammuddin Saiyed
Left: 'Many are without food for a week now', says community leader Reshma aapa. Centre: Farooq Sheikh with his rented auto; he is feeling the heat of the lockdown. Right: Even the Rahat Citizen Clinic has been shut for the lockdown (file photo)
PHOTO • Nijammuddin Saiyed
Left: 'Many are without food for a week now', says community leader Reshma aapa. Centre: Farooq Sheikh with his rented auto; he is feeling the heat of the lockdown. Right: Even the Rahat Citizen Clinic has been shut for the lockdown (file photo)
PHOTO • Nijammuddin Saiyed

ഇടത്: ‘ഒരാഴ്ചയായി പലര്‍ക്കും ഭക്ഷണമില്ല’, സമുദായ നേതാവായ രേഷ്മ ആപാ പറയുന്നു. മദ്ധ്യത്തില്‍: വാടകയ്ക്കെടുത്ത ഓട്ടോയുമായി ഫറൂഖ് ശേയ്ഖ്. ലോക്‌ഡൗണിന്‍റെ ബുദ്ധിമുട്ട് അദ്ദേഹം മനസ്സിലാക്കുന്നു. ലോക്‌ഡൗണ്‍ മൂലം രഹാത് സിറ്റിസണ്‍ ക്ലിനിക് പോലും പൂട്ടിയിരിക്കുന്നു (ഫയല്‍ ഫോട്ടോ)

ആവര്‍ത്തിച്ചപേക്ഷിച്ചിട്ടും വളരെ മോശമായ സാഹചര്യങ്ങളും ആരോഗ്യ പ്രശ്നങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം പോലും നിര്‍മ്മിച്ചിട്ടില്ല. 2017-ല്‍ മാത്രമാണ് രഹാത് സിറ്റിസണ്‍ ക്ലിനിക് ഇവിടെ തുറന്നത്. പൂര്‍ണ്ണമായും സ്വകാര്യ സംഭാവനകളിലൂടെയും അഹമ്മദാബാദ് സര്‍വ്വകലാശാലയില്‍ നിന്നുള്ള യുവ പ്രൊഫസര്‍ ആയ അബ്രാര്‍ അലിയെപ്പോലുള്ള വ്യക്തികളുടെ പരിശ്രമങ്ങളാലുമാണ് ഇത് നിലവില്‍ വന്നത്. സമുദായത്തിന്‍റെ ആരോഗ്യ-വിദ്യാഭ്യാസ പ്രശ്നങ്ങളെപ്പറ്റി പഠിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. പക്ഷെ ക്ലിനിക് നടത്തുക എളുപ്പമായിരുന്നില്ല. നല്ല ഡോക്ടര്‍മാരേയും സാമ്പത്തിക ദാദാക്കളേയും ഉദാരമായി ഭൂമി സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവരേയും കണ്ടെത്താന്‍ അലി നന്നായി ബുദ്ധിമുട്ടി. ഇപ്പോള്‍ ഈ ക്ലിനിക് പോലും നഗരവ്യാപകമായ ലോക്ക്ഡൗണില്‍ അടച്ചുപൂട്ടി.

സിറ്റിസണ്‍ നഗര്‍ സ്ഥിതിചെയ്യുന്നത് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ പരിധിയില്‍ ആണെങ്കിലും മുനിസിപ്പല്‍ ജല വിതരണം അവിടെയില്ല. 2009-ല്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതുവരെ സ്വകാര്യ ടാങ്കര്‍ ലോറികളെയായിരുന്നു ജനങ്ങള്‍ ആശ്രയിച്ചത്. പക്ഷെ കുഴല്‍ക്കിണര്‍ ജലം ഒരിക്കലും കുടിക്കാന്‍ പറ്റാത്തതായിരുന്നു. അഹമ്മദാബാദിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്  നടത്തിയ പഠനം അനുസരിച്ച് ലവണങ്ങള്‍, ലോഹങ്ങള്‍, ക്ലോറൈഡ്‌, സള്‍ഫേറ്റ്, മഗ്നീഷ്യം എന്നിവ ഉയര്‍ന്ന അളവില്‍ ഈ ജലത്തില്‍ അടങ്ങിയിരിക്കുന്നു. നിലവില്‍, 6 മാസം മുന്‍പ് കുഴിച്ച മറ്റൊരു കുഴല്‍ക്കിണര്‍ കോളനിയിലെ ആവശ്യങ്ങള്‍ ഭാഗികമായി നിറവേറ്റുന്നു. പക്ഷെ ജലജന്യ രോഗങ്ങളും വയറ്റിലെ അണുബാധയും കടുത്ത രീതിയില്‍ തുടരുന്നു. മലിനജലത്തില്‍ പണിയെടുക്കുന്നതും അത് ഉപയോഗിക്കുന്നതും മൂലം സ്ത്രീകളിലും കുട്ടികളിലും പല തരത്തിലുള്ള ത്വക്ക് രോഗങ്ങളും ഫംഗസ് ബാധയും ഉണ്ടാകുന്നു.

വളരെമുമ്പു മുതല്‍ സര്‍ക്കാര്‍ തങ്ങളില്‍ നിന്നും സാമൂഹ്യാകലം പാലിച്ചു വരുന്നതായി സിറ്റിസണ്‍ നഗറിലെ ജനങ്ങള്‍ കരുതുന്നു. നേരത്തെതന്നെ ദുരിതത്തിലായിരുന്ന അഹമ്മദാബാദിലെ സിറ്റിസണ്‍ നഗര്‍ കോളനിയിലെ ജനതയുടെ മേലുള്ള അവസാന അടിയായിരുന്നു കോവിഡ്-19 മഹാമാരിയും ലോക്ക്ഡൗണും. “വാക്കുകള്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം, അവര്‍ക്ക് വോട്ട് മാത്രം മതി”, കോളനിയില്‍ വസിക്കുന്ന പ്ലമ്പര്‍ ജോലിചെയ്യുന്ന മുഷ്താഖ് അലി (പേര് മാറ്റിയിരിക്കുന്നു) പറഞ്ഞു. “ഞങ്ങള്‍ ഇതുവരെ എങ്ങനെയാണ് ജീവിച്ചതെന്നറിയാനായി ഞങ്ങളുടെ പ്രദേശം സന്ദര്‍ശിക്കാന്‍ ഒരു നേതാവും ഒരു താത്പര്യവും കാണിച്ചിട്ടില്ല. അത്തരം സര്‍ക്കാരിനെക്കൊണ്ട് എന്തു പ്രയോജനം? [ഇവിടെയുള്ള] ജനങ്ങള്‍ക്കും അവരുടെ കളികള്‍ മനസ്സിലാവും.”

മുഷ്താഖിന്‍റെ ഒറ്റമുറി വീട്ടിലെ ടെലിവിഷനില്‍, തിങ്ങിനിറഞ്ഞ ഈ കോളനിയിലെ മറ്റുള്ളവരുടെ ടെലിവിഷനിലും, അമിതാഭ് ബച്ചന്‍റെ പരിചിതമായ ശബ്ദം ഇങ്ങനെ ആഹ്വാനം ചെയ്യുന്നു: “...നിങ്ങളുടെ കണ്ണുകളിലോ മൂക്കിലോ വായിലോ അനാവശ്യമായി സ്പര്‍ശിക്കരുത്... ഈ പറയുന്ന രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ ഡോക്ടറെ ഉടന്‍ സന്ദര്‍ശിക്കുക...”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Pratishtha Pandya

پرتشٹھا پانڈیہ، پاری میں بطور سینئر ایڈیٹر کام کرتی ہیں، اور پاری کے تخلیقی تحریر والے شعبہ کی سربراہ ہیں۔ وہ پاری بھاشا ٹیم کی رکن ہیں اور گجراتی میں اسٹوریز کا ترجمہ اور ایڈیٹنگ کرتی ہیں۔ پرتشٹھا گجراتی اور انگریزی زبان کی شاعرہ بھی ہیں۔

کے ذریعہ دیگر اسٹوریز Pratishtha Pandya
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

کے ذریعہ دیگر اسٹوریز Rennymon K. C.