കൃഷ്ണ ഗാവഡെയുടെ വളർച്ച പെട്ടെന്നായിരുന്നു. ഗ്രാമത്തിലെ മറ്റ് കുട്ടികൾ സ്കൂളിൽ ചേർന്നപ്പോൾ 200 രൂപ ദിവസക്കൂലിക്ക് കൃഷിപ്പണിയുമായി മല്ലിടേണ്ടിവന്നവനാണ് അവൻ. അവന്റെ കൂട്ടുകാർ ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുമ്പോൾ, ജോലിയന്വേഷിച്ച് അവൻ കെട്ടിടനിർമ്മാണസ്ഥലങ്ങളിൽ കാത്തുനിന്നു. അഞ്ച് വർഷം മുൻപ് 13 വയസ്സിൽ തന്നേക്കാൾ മൂന്ന് വയസ്സുമാത്രം മൂപ്പുള്ള സഹോദരൻ മഹേഷിന്റെ കൂടെ അവന് അവരുടെ ആറംഗ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടിവന്നു.
മാനസിക വെല്ലുവിളി നേരിടുന്നതിനാൽ തൊഴിലെടുക്കാനാവാത്ത അച്ഛൻ പ്രഭാകരനും നിത്യരോഗിയായ അമ്മയുമാണ് അവനുള്ളതെന്ന്, അവന്റെ 80 വയസ്സുള്ള മുത്തച്ഛൻ രഘുനാഥ് ഗാവഡെ പറഞ്ഞു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ നവ്ഗൻ രജൂരി ഗ്രാമത്തിലെ വീടിന്റെ വെളിയിൽ ഒരു കൽപ്പലകയിൽ ഇരിക്കുകയായിരുന്നു രഘുനാഥ്. “എനിക്കും ഭാര്യയ്ക്കും പ്രായമായി. ജോലിയൊന്നും ചെയ്യാനാവില്ല. അതിനാൽ, എന്റെ പ്രായം തികയാത്ത കൊച്ചുമക്കളാണ് കുടുംബത്തിന്റെ ഭാരം ചുമക്കുന്നത്. അവരുടെ വരുമാനം കൊണ്ടാണ് കഴിഞ്ഞ നാലഞ്ച് കൊല്ലമായി കുടുംബം പട്ടിണിയില്ലാതെ മുന്നോട്ട് പോവുന്നത്”, അയാൾ പറഞ്ഞു.
പരമ്പരാഗതമായി ഇടയവൃത്തി ചെയ്യുന്ന ധന്ഗര് സമുദായക്കാരാണ് ഗാവഡെമാർ. മഹാരാഷ്ട്രയിലെ വിമുക്ത ജാതി, നാടോടി ഗോത്രവിഭാഗത്തിലാണ് അവർ ഉൾപ്പെടുന്നത്. നവഗണ് രാജുരിയിൽ കുടുംബത്തിന് ഒരു തുണ്ട് സ്ഥലമുണ്ട്. ഒരേക്കറിന് താഴെ. അതിൽ, വീട്ടാവശ്യത്തിനുള്ള ചോളവും റാഗിയും കൃഷി ചെയ്യുന്നു അവർ.
കൃഷ്ണയുടേയും മഹേഷിന്റെയും വരുമാനംകൊണ്ടുവേണം – മാസത്തിൽ 6000-ത്തിനും 8000-ത്തിനുമിടയിൽ- കുടുംബത്തിന്റെ ചിലവുകൾ കഴിയാൻ. ഈയൊരു നേർത്ത സന്തുലിതാവസ്ഥപോലും തകർത്തുകളഞ്ഞിരിക്കുന്നു കോവിഡ് 19. 2020 മാർച്ചിൽ തുടങ്ങിയ അടച്ചുപൂട്ടലിൽ ഇരുസഹോദരന്മാർക്കും ജോലിയില്ലാതായി.
“സർക്കാരും സന്നദ്ധപ്രവർത്തകരും തരുന്ന സൗജന്യറേഷൻ കൊണ്ടാണ് ഞങ്ങൾ ജീവൻ നിലനിർത്തിയത്”, കൃഷ്ണന്റെയും മഹേഷിന്റെയും അമ്മൂമ്മ, 65 വയസ്സുള്ള സുന്ദർബായ് പറയുന്നു. “പക്ഷേ എണ്ണയും പച്ചക്കറിയും വാങ്ങാൻ വീട്ടിൽ പണമുണ്ടായിരുന്നില്ല. അടച്ചുപൂട്ടൽ തുടങ്ങി ആദ്യത്തെ മൂന്ന് മാസം നരകമായിരുന്നു”
2020 ജൂണിൽ അടച്ചുപൂട്ടലിന്റെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞപ്പോൾ, സ്ഥിതി കുറേയൊക്കെ മെച്ചപ്പെട്ടുവെങ്കിലും ബീഡിൽ ദിവസത്തൊഴിലൊന്നും കിട്ടാനുണ്ടായിരുന്നില്ല. “അതുകൊണ്ട് മഹേഷ് പുണെയ്ക്ക് പോയി”, രഘുനാഥ് പറഞ്ഞു. വീട്ടിലേക്ക് അയയ്ക്കാനുള്ള പണമൊന്നും അവന് കിട്ടിയിരുന്നില്ല. കൃഷ്ണ നാട്ടിൽത്തന്നെ നിന്ന് ജോലിയന്വേഷിക്കാൻ തുടങ്ങി”.
തിരിഞ്ഞുനോക്കുമ്പോൾ അതൊരു തെറ്റായ തീരുമാനമായിരുന്നു.
ആ ഉത്തരവാദിത്തം കൃഷ്ണയ്ക്ക് താങ്ങാവുന്നതിലും വലുതായിരുന്നു. 17 വയസ്സുകാരന്റെ മാനസികനിലയിൽ ആ അവസ്ഥ വരുത്തിവെച്ച പ്രത്യാഘാതവും അതിൽനിന്നുണ്ടായ അവന്റെ വിഷാദരോഗവും പരിഭ്രാന്തിയും കുടുംബം നേരിൽക്കണ്ടു. “തൊഴിലൊന്നുമുണ്ടായിരുന്നില്ല”, രഘുനാഥ് പറഞ്ഞു. “അവൻ വല്ലാതെ അസ്വസ്ഥനായി. ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചാൽപ്പോലും അവൻ കയർക്കാൻ തുടങ്ങി. മറ്റുള്ളവരുമായി ഇടപഴകുന്നത് അവർ നിർത്തി. ജോലിയില്ലാത്ത സമയത്ത് ധാരാളം ഉറങ്ങി സമയം കഴിച്ചുകൂട്ടി”.
അത് ആ വിധത്തിൽ അവസാനിക്കുമെന്ന് ആരും കരുതിയില്ല. ഒരുച്ചയ്ക്ക്, ജൂലായ് മാസത്തിലെ മൂന്നാമത്ത ആഴ്ച, സുന്ദർബായ് കൃഷ്ണയുടെ മുറിയിലെത്തിയപ്പോൾ കണ്ടത്, ഫാനിൽ തൂങ്ങിയാടുന്ന അവന്റെ ദേഹമാണ്.
“മഹേഷ് ഇവിടെയുള്ളപ്പോൾ, അവന് ഒരു ധൈര്യമൊക്കെ ഉണ്ടായിരുന്നു”, സുന്ദർബായ് പറഞ്ഞു. “തന്നെ നോക്കാൻ ആരോ ഉണ്ടെന്ന ഒരു തോന്നലുണ്ടായിരുന്നു അവന്. മഹേഷ് പുണെയിൽ പോയപ്പോൾ, ഒറ്റയ്ക്കായതുപോലെയും കുടുംബത്തിന്റെ ഭാരം മുഴുവൻ തന്റെ ചുമലിലായതുപോലെയും അവന് തോന്നിക്കാണണം. തനിക്ക് ആ കടമ നിർവ്വഹിക്കാൻ കഴിയില്ലെന്നും തോന്നിയിട്ടുണ്ടാകും”.
കൃഷ്ണയുടെ ആത്മഹത്യയ്ക്കുശേഷം 21 വയസ്സുള്ള മഹേഷ് തിരിച്ചുവന്നു. ബീഡിൽ ദിവസവേതനത്തിന് പണിയെടുക്കുന്നു. അതായത്, ജോലി ലഭ്യമായ ദിവസങ്ങളിൽ. ഇന്ന്, കുടുംബത്തിന്റെ ഏക അത്താണിയാണ് അയാൾ.
2020 മാർച്ചിനുശേഷം, കൃഷ്ണയുടേതുപോലുള്ള നിരവധി കുടുംബങ്ങളെ, മഹാവ്യാധി ദുരിതത്തിലേക്ക് തള്ളിവിട്ടു. 2021 മാർച്ചിലെ പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ടുപ്രകാരം “കോവിഡ് ഉളവാക്കിയ സാമ്പത്തികമാന്ദ്യം മൂലം, ഇന്ത്യയിലെ ദരിദ്രരുടെ (ദിവസത്തിൽ 2 ഡോളറോ അതിനുതാഴെയോ വരുമാനമുള്ളവരുടെ) എണ്ണത്തിൽ 75 ദശലക്ഷത്തിന്റെ വളർച്ചയുണ്ടായിട്ടുണ്ട്.” വർഷങ്ങളായി വരൾച്ചയിലും കടത്തിലും മുങ്ങിക്കിടക്കുന്ന ബീഡ് എന്ന കാർഷികജില്ലയുടെ ഗ്രാമീണജീവിതത്തെ ഈ സാമ്പത്തികമാന്ദ്യം കൂടുതൽ ദുരിതത്തിലാക്കി.
തങ്ങളുടെ ചുറ്റുമുള്ള മുതിർന്നവർക്ക് ചുമക്കേണ്ടിവരുന്ന സാമ്പത്തികഭാരം കുട്ടികളേയും ചെറുപ്പക്കാരേയും ബാധിക്കുകയും ചെയ്തു. വർത്തമാനകാലത്തിലെ പ്രതിസന്ധി കുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന്, ബാലാവകാശ പ്രവർത്തകനും, മഹാരാഷ്ട്രയിലെ ബാലവകാശ സംരക്ഷണ കമ്മീഷൻ മുൻ അംഗവുമായ സന്തോഷ് ഷിൻഡെ പറയുന്നു. “വിശേഷാവകാശങ്ങളൊന്നുമില്ലാത്ത വീടുകളിലെ കുട്ടികൾക്ക്, ചെറുപ്രായത്തിൽത്തന്നെ സാമ്പത്തികമായി കുടുംബത്തെ പോറ്റേണ്ടിവരുന്നത്, അവർക്ക് താങ്ങാനാകാത്ത സമ്മർദ്ദങ്ങളുണ്ടാക്കുന്നു. ചുറ്റുമുള്ളവരെല്ലാം, ദിവസത്തിൽ രണ്ടുനേരമെങ്കിലും ഭക്ഷണം കഴിക്കാനുള്ള തത്രപ്പാടിൽ കഴിയുമ്പോൾ, മാനസികാരോഗ്യം ചർച്ച ചെയ്യാനുള്ള സമയവും സൗകര്യവുമൊന്നും കിട്ടില്ലല്ലോ”, സന്തോഷ് പറയുന്നു.
ജോലിചെയ്യേണ്ടി വരാത്ത കുട്ടികളെയും വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകളും മാനസികസമ്മർദ്ദങ്ങളും സാരമായി ബാധിക്കുകയും, മുതിർന്നവർതമ്മിലുള്ള വഴക്കുകളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. “കുട്ടികളുടെ മാനസികാരോഗ്യത്തെ ഈയൊരു ഘടകവും ഗുരുതരമാക്കുന്നു. കോവിഡിന് മുൻപ് കുട്ടികൾക്ക് പുറത്തുപോയി കളിക്കുകയോ അടുത്തുള്ള ഗ്രാമത്തിലേക്ക് പോവുകയോ ഒക്കെ ചെയ്യാമായിരുന്നു. സ്കൂളുകൾ പൂട്ടിയതോടെ, വീട്ടിലെ ചുറ്റുപാടുകളിൽനിന്ന് അവർക്കും രക്ഷപ്പെടാൻ കഴിയാതായി.
പക്ഷേ 14 വയസ്സുള്ള സഞ്ജന ബിരാജ്ദാർ പോവുകതന്നെ ചെയ്തു. 2021 ജൂണിൽ, ബീഡിലെ പരലി പട്ടണത്തിലെ തന്റെ ഒറ്റമുറി വീട്ടിൽനിന്ന് രക്ഷപ്പെട്ട് അവൾ 220 കിലോമീറ്റർ അകലെയുള്ള ഔറംഗബാദിലേക്ക് ഓടിപ്പോയി. 11 വയസ്സും 9 വയസ്സുമുള്ള സമർത്ഥ്, സപ്ന എന്നീ സഹോദരങ്ങളെയും അവൾ കൂടെ കൊണ്ടുപോയി. “സഹിക്കാവുന്നതിലും അപ്പുറമായിരുന്നു വീട്ടിലെ സ്ഥിതി. വീട്ടിൽനിന്ന് രക്ഷപ്പെട്ടാൽ മതി എന്നുമാത്രമേ എനിക്കുണ്ടായിരുന്നുള്ളു”, സങ്കോചത്തോടെ സഞ്ജന പറഞ്ഞു.
അഞ്ച് വീടുകളിൽ വീട്ടുപണി ചെയ്ത് മാസത്തിൽ 2,500 രൂപയാണ് സഞ്ജനയുടെ അമ്മ മംഗൾ സമ്പാദിക്കുന്നത്. അച്ഛൻ റാം ടെമ്പോ ഡ്രൈവറാണ്. “അടച്ചുപൂട്ടലിനെത്തുടർന്ന് അദ്ദേഹത്തിന് തൊഴിൽ നഷ്ടപ്പെട്ടു. എന്റെ സഹോദരനും ഞങ്ങളുടെ കൂടെ താമസിക്കുന്നുണ്ട്. അയാൾക്കും തൊഴിലില്ലാതായി. ജീവിക്കാൻ ബുദ്ധിമുട്ടുകയാണ് ഞങ്ങൾ” മംഗൾ പറഞ്ഞു. അവരുടെ കുടുംബത്തിന് സ്വന്തമായി കൃഷിസ്ഥലവുമില്ല.
സഞ്ജന വീട് വിട്ടുപോകുന്ന കാലത്ത് 35 വയസ്സുള്ള മംഗളും 40 വയസ്സുള്ള റാമും തമ്മിൽ ദിവസേന പണത്തെച്ചൊല്ലി വഴക്കുണ്ടാകാറുണ്ടായിരുന്നു. ചിലപ്പോൾ വഴക്ക് അതിരുവിടും. “ഭക്ഷണം തീരെ കിട്ടാത്ത ദിവസങ്ങൾപോലും ഉണ്ടായിരുന്നു. അപ്പോൾ ഞങ്ങൾ വെള്ളം കുടിച്ച് വിശപ്പടക്കും”, മംഗൾ പറയുന്നു. “വല്ലാതെ ദേഷ്യം വരുമ്പോൾ ചിലപ്പോൾ വീട്ടിലെ കുട്ടികളിലാണ് നമ്മളത് തീർക്കുക. വീട്ടിൽ കുട്ടികളുടെ സ്ഥിതി മോശമായിരുന്നുവെന്ന് എനിക്ക് ബോദ്ധ്യമുണ്ട്”, അവർ പറഞ്ഞു.
മംഗളിന്റെ സഹോദരന്റെ സ്വഭാവത്തിലും മാറ്റം വന്നിരുന്നു. ജോലിയൊന്നും കിട്ടാതായപ്പോൾ അയാൾ മദ്യത്തിന് അടിമയായി. “അവൻ നല്ലവണ്ണം മദ്യപിക്കാറുണ്ടായിരുന്നു. കുടിച്ച് വന്ന് എന്നെ തല്ലും”, മംഗൾ പറഞ്ഞു. “വീട്ടിലെ പാത്രങ്ങളൊക്കെ എടുത്ത് എന്റെ തലയിലടിക്കും. ദേഹത്ത് മുഴുവൻ മുറിവുകളായിരുന്നു. ഞാൻ അവന് ഭക്ഷണം കൊടുക്കുന്നില്ലെന്നായിരുന്നു അവന്റെ പരാതി. എന്താണ് ഞാൻ അവനോട് പറയുക. വീട്ടിൽ കഴിക്കാൻ ഒന്നുമില്ലാത്തപ്പോൾ എവിടെനിന്ന് എടുത്ത് കൊടുക്കും ഞാൻ?”
കുട്ടികൾ ഇതൊക്കെ കാണുന്നുണ്ടെന്നതൊന്നും മംഗളിന്റെ സഹോദരനെ അലട്ടിയതേയില്ല. “അവരുടെ മുമ്പിലിട്ട് എന്നെ തല്ലും. അതുകൊണ്ട് അവൻ കുടിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കുമ്പോൾ അവർ പുറത്തേക്ക് പോവും”, മംഗള് പറഞ്ഞു. “പക്ഷേ അവർ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എല്ലാം അവർക്ക് മനസ്സിലാവുന്നുമുണ്ടായിരുന്നു. എന്റെ മോൾ ഓടിപ്പോയത് എന്തുകൊണ്ടാണെന്ന് എനിക്ക് നന്നായിട്ടറിയാം”.
വീട്ടിലെ അന്തരീക്ഷം ശ്വാസം മുട്ടിച്ചതുകൊണ്ടാണ് രക്ഷപ്പെടുക മാത്രമേ വഴിയുള്ളു എന്ന് തനിക്ക് തോന്നിയതെന്ന് സഞ്ജന പറയുന്നു. പക്ഷേ സഹോദരരോടൊത്ത് പരലിയിൽനിന്ന് തീവണ്ടി കയറിയപ്പോൾ പിന്നെ എന്തുചെയ്യണമെന്ന് അവൾക്ക് നിശ്ചയമില്ലാതായി. ടിക്കറ്റൊന്നുമില്ലാതെയാണ് അവർ യാത്ര ചെയ്തത്. ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല. “ഔറംഗബാദിൽ എന്തിന് ഇറങ്ങി എന്ന് എനിക്കറിയില്ല. കുറച്ചുനേരം ട്രെയിനിൽത്തന്നെ ഇരുന്നു. റെയിൽവേ പൊലീസ് വന്ന് ഞങ്ങളെ കുട്ടികളുടെ ഹോസ്റ്റലിലാക്കി”, അവൾ പറഞ്ഞു.
രണ്ട് മാസത്തോളം അവർ മൂന്നുപേരും ഹോസ്റ്റലിൽ താമസിച്ചു. 2021 ഓഗസ്റ്റ് അവസാനത്തെ ആഴ്ചവരെ. ഒടുവിൽ തങ്ങളുടെ സ്ഥലം ഏതാണെന്ന് സഞ്ജന ഹോസ്റ്റൽ അധികൃതരോട് തുറന്ന് പറഞ്ഞു. ഔറംഗബാദിലെയും ബീഡ് ജില്ലയിലെയും ശിശുക്ഷേമ സമിതിയിലെ പ്രവർത്തകരുടെ സഹായത്തോടെ കുട്ടികളെ വീട്ടുകാരുടെ അടുത്തെത്തിച്ചു.
പക്ഷേ തിരിച്ചെത്തിയപ്പോഴും വീട്ടിലെ സ്ഥിതിയിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല.
സ്കൂൾ പുനരാരംഭിക്കാൻ കാത്തിരിക്കുകയാണ് സഞ്ജന. “എനിക്ക് സ്കൂളിൽ പോകാൻ ഇഷ്ടമാണ്. കൂട്ടുകാരെ കാണാൻ തോന്നുന്നു”, വലുതായാൽ പൊലീസ് ഉദ്യോഗസ്ഥയാകാൻ ആഗ്രഹിക്കുന്ന ആ പെൺകുട്ടി പറഞ്ഞു. “സ്കൂൾ തുറന്നിരുന്നെങ്കിൽ ഞാൻ ഓടിപ്പോവില്ലായിരുന്നു”.
മഹാവ്യാധി ഉളവാക്കിയ ഉത്കണ്ഠകളുമായി മല്ലിട്ടുകൊണ്ടാണ് മഹാരാഷ്ട്രയിലെ കുട്ടികൾ കോവിഡുകാലത്തെ താണ്ടുന്നത്. ഈ വർഷം ആദ്യത്തെ ഏഴ് മാസങ്ങൾക്കുള്ളിൽ ജില്ലയിലെ 18 വയസ്സിനുതാഴെയുള്ള കുട്ടികളിൽ 25 പേർ ആത്മഹത്യ ചെയ്തതായി ബീഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രജാപത്ര എന്ന മറാത്തി ഭാഷാ പത്രത്തിന്റെ 2021 ഓഗസ്റ്റ് 8-ലെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
“സ്വയം വിനോദങ്ങളിൽ ഏർപ്പെടാനോ, സൃഷ്ടിപരമായ കാര്യങ്ങളിൽ മുഴുകാനോ സൗകര്യം കിട്ടിയില്ലെങ്കിൽ കുട്ടികളുടെ മനസ്സിനെ വളരെ വേഗം ശൂന്യത കൈയ്യടക്കും. മാത്രമല്ല, അതുവരെ പിന്തുടർന്നുപോന്നിരുന്ന ജീവിതശൈലി തകരുന്നതിൽ അവർ സാക്ഷികളും പങ്കാളികളും ആവുകയും ചെയ്യുന്നു. അവരിലെ വിഷാദരോഗത്തിന്റെ കാരണങ്ങൾ ഇവയൊക്കെയാണ്”, ഡോ. ആനന്ദ് നാഡ്കർണി പറയുന്നു. സാമൂഹിക മാനസികാരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന, താനെ ആസ്ഥാനമായ ഇൻസ്റ്റിട്യൂറ്റ് ഫോർ സൈക്കളോജിക്കൽ ഹെൽത്ത് എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകയാണ് അവർ.
മഹാരാഷ്ട്രയിലെ കുട്ടികൾ മഹാവ്യാധി ഉളവാക്കിയ ഉത്കണ്ഠകളുമായി മല്ലിടുന്നു. ഈ വർഷം ആദ്യത്തെ ഏഴ് മാസങ്ങൾക്കുള്ളിൽ ജില്ലയിലെ 18 വയസ്സിനുതാഴെയുള്ള കുട്ടികളിൽ 25 പേർ ആത്മഹത്യ ചെയ്തതായി ബീഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രജാപത്ര എന്ന മറാത്തി ഭാഷാ പത്രത്തിന്റെ 2021 ഓഗസ്റ്റ് 8-ലെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു
കോവിഡ് 19-ന്റെ വരവോടെ കുട്ടികളിലും കൗമാരപ്രായക്കാരിലുമുള്ള വിഷാദരോഗം വർദ്ധിച്ചിട്ടുണ്ടെന്ന് നാഡ്കർണി പറയുന്നു. “‘പ്രച്ഛന്ന വിഷാദം’ എന്നാണ് അതിനെ വിളിക്കുക“ അയാൾ പറഞ്ഞു. “മുതിർന്നവർ കാണുന്നതുപോലെയല്ല കുട്ടികളിൽ അതുണ്ടാവുക. വീട്ടുകാർക്ക് ഒരു ലക്ഷണവും കാണാനാവില്ല. വൈകാരിക വിക്ഷോഭത്തിന്റെ ഒരു സൂചനയും മുതിർന്നവർക്ക് കുട്ടികളിൽ കാണാൻ കഴിഞ്ഞില്ലെന്നുവരും. കുട്ടികൾക്ക് അത് പ്രകടിപ്പിക്കാനും അറിയില്ല. ശ്രദ്ധിക്കപ്പെടാതെ, ചികിത്സിക്കപ്പെടാതെ, പരിഹരിക്കപ്പെടാതെ അത് വളരും”.
തന്റെ കുട്ടിയിൽ അസാധാരണമായതൊന്നും കാണാൻ രാമേശ്വറിന് കഴിഞ്ഞില്ല.
2021 ഫെബ്രുവരി 28-ന് രാമേശ്വറിന്റെ മകൻ 15 വയസ്സുള്ള ആവിഷ്ക്കാറിനെ കാണാതായി. ബീഡ് ജില്ലയിലെ മാജ്ലെഗാംവ് (മാഞ്ച്ലെഗാംവ് എന്നും പേരുണ്ട്) താലൂക്കിലെ ദിണ്ഡരൂഡ് ഗ്രാമത്തിലായിരുന്നു അവരുടെ വീട്. ഒരാഴ്ചയ്ക്കുശേഷം ആവിഷ്ക്കാറിന്റെ ശരീരം അവന്റെ സ്കൂളിൽനിന്ന് കണ്ടെത്തി. “ദുരൂഹതയൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ അടഞ്ഞുകിടക്കുകയായിരുന്നു. പക്ഷേ വാതിലിന്റെ അടിയിൽ ഒരു വലിയ വിടവുണ്ടായിരുന്നു. അവൻ അതുവഴി നൂണ്ട് അകത്തുകയറി തൂങ്ങുകയായിരുന്നു”.
സ്കൂൾ അടച്ചിരുന്നതിനാൽ, കണ്ടെത്താൻ വൈകി. “ഞങ്ങൾ എല്ലായിടവും തിരഞ്ഞു. സ്കൂൾ പരിസരത്ത് കുറച്ച് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. പന്ത് ജനലിലൂടെ അകത്ത് വീണപ്പോൾ ഒരു ആൺകുട്ടി വാതിലിനിടയിലൂടെ അകത്ത് കടന്നു. അപ്പോഴാണ് കണ്ടത്”.
ആ കടുംകൈ ചെയ്യാൻ തന്റെ മകനെ പ്രേരിപ്പിച്ചത് എന്താണെന്ന് രാമേശ്വറിന് അറിയില്ല. “അവൻ ഒന്നും പറഞ്ഞില്ല. സഹോദരനുമായി നല്ല സ്നേഹത്തിലായിരുന്നു. എന്നിട്ടുപോലും അവനും ഒന്നും അറിഞ്ഞില്ല”, അയാൾ പറഞ്ഞു. കാണാതായ ദിവസം കടയുടെ വാതിൽ തുറന്ന് ഉച്ചയ്ക്ക് ഊണ് കഴിഞ്ഞുവരാമെന്ന് പറഞ്ഞ് പോയതാണ് അവൻ. പിന്നെ ഒരിക്കലും തിരിച്ചുവന്നില്ല”.
വിത്തുകളും വളവും കീടനാശിനികളും മറ്റ് കൃഷിയുത്പന്നങ്ങളും വിൽക്കുന്ന കൃഷി സേവാ കേന്ദ്രം എന്ന സ്വന്തം കട നടത്തുകയാണ് രാമേശ്വർ. “അടച്ചുപൂട്ടൽ കാലത്ത് എല്ലാവരും അനുഭവിച്ച ദുരിതം ഞങ്ങൾക്കും അനുഭവിക്കേണ്ടിവന്നു. അതാണോ കാരണം എന്നറിയില്ല. സത്യമായും എനിക്കറിയില്ല. അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായേനേ എന്ന് തോന്നുന്നു”.
റിപ്പോർട്ടർക്ക് പുലിറ്റ്സർ സെന്റർ നൽകുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിനുള്ള ധനസഹായത്തോടെ എഴുതിയ പരമ്പരയിലെ ഒരു കഥയാണ് ഇത്.
പരിഭാഷ: രാജീവ് ചേലനാട്ട്