ഒരു പോലീസ് സ്റ്റേഷന് മുന്നില്‍വച്ച് ഭാര്യയെ ആക്രമിക്കുന്നത് അയാള്‍ക്ക് പ്രശ്നമേ ആയിരുന്നില്ല. ഹൗസാബായിയുടെ മദ്യപനായ ഭര്‍ത്താവ് അവരെ നിര്‍ദ്ദയം മര്‍ദ്ദിക്കാന്‍ തുടങ്ങി. “അടിയെല്ലാംകൊണ്ട് എന്‍റെ പുറം വേദനിക്കാന്‍ തുടങ്ങി”, അവര്‍ ഓര്‍മ്മിച്ചു. “ഇത് നടന്നത് ഭവാനിനഗറിലെ [സാംഗ്ലിയില്‍] ചെറിയ പോലീസ് സ്റ്റേഷന് മുന്‍പില്‍ വച്ചായിരുന്നു.” പക്ഷെ പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാരില്‍ രണ്ടുപേര്‍ മാത്രമെ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. “രണ്ടുപേര്‍ ഉച്ചഭക്ഷണത്തിനു പോയിരുന്നു.” ലഹരിയിലായിരുന്ന അവരുടെ ഭര്‍ത്താവ് പിന്നെ “വലിയൊരു കല്ലെടുത്ത് ‘ഇപ്പോള്‍ നിന്നെ ഈ കല്ലുകൊണ്ട് ഞാന്‍ കൊല്ലും’ എന്നലറി”.
അത് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ പുറത്തേക്ക് ഓടിയെത്തുന്നതിനു കാരണമായി. “അവര്‍ ഞങ്ങളുടെ വഴക്കില്ലാതാക്കാന്‍ നോക്കി.” മോശമായി പെരുമാറുന്ന ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ താല്‍പ്പര്യമില്ല എന്ന് അപ്പോഴവിടെ ഉണ്ടായിരുന്ന തന്‍റെ സഹോദരനോട് ഹൗസാബായ് വിശദീകരിക്കാന്‍ ശ്രമിച്ചു. “ഞാന്‍ പറഞ്ഞു, ഞാന്‍ പോകില്ല, ഞാന്‍ പോകില്ല. ഞാനിവിടെ തങ്ങും. നിന്‍റെ വീടിനടുത്ത് ചെറിയൊരിടം തരപ്പെടുത്തുക. മരണം ഉറപ്പിച്ച് ഭര്‍ത്താവിനൊപ്പം പോകുന്നതിനുപകരം കിട്ടുന്നത് തൃപ്തിപ്പെട്ടുകൊണ്ട് ഞാനിവിടെ കഴിഞ്ഞോളാം.” പക്ഷെ സഹോദരന്‍ അവരുടെ അപേക്ഷ തള്ളിക്കളഞ്ഞു.
പോലീസുകാര്‍ കുറച്ചേറെ സമയം ആ ദമ്പതികളെ ഉപദേശിച്ചു. അവസാനം അനുരഞ്ജനപ്പെട്ട ആ ദമ്പതികളെ പോലീസുകാര്‍ ചേര്‍ന്ന് ഗ്രാമത്തിലേക്കുള്ള ട്രെയിന്‍ കയറ്റിവിട്ടു. “അവര്‍ ഞങ്ങള്‍ക്കുള്ള ടിക്കറ്റ് പോലുമെടുത്ത് എന്‍റെ കൈയില്‍ തന്നു. പോലീസുകാര്‍ ഭര്‍ത്താവിനോട് പറഞ്ഞു – ‘ഭാര്യ കൂടെ വേണമെന്നുണ്ടെങ്കില്‍ അവരോട് നന്നായി പെരുമാറുക, അവരെ പരിപാലിക്കുക, വഴക്കുണ്ടാക്കരുത്’.”
ഈ സമയംകൊണ്ട് ഹൗസാബായിയുടെ കൂട്ടാളികള്‍ പോലീസ് സ്റ്റേഷന്‍ കൊള്ളയടിച്ച് അവിടെയുണ്ടായിരുന്ന നാല് തോക്കുകളും പിടിച്ചെടുത്തു. ഇതായിരുന്നു അവരും അവരുടെ വ്യാജ ‘ഭര്‍ത്താവും’ ‘സഹോദരനും’ ചേര്‍ന്ന് പോലീസുകാരുടെ മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ വേദനാജനകമായ നാടകം കളിക്കാനും പോലീസുകാരുടെ ശ്രദ്ധ തിരിക്കാനുമുണ്ടായ കാരണം. ഇത് 1943-ലായിരുന്നു. വിവാഹിതയായിട്ട് മൂന്ന് വര്‍ഷമായ 17 വയസ്സുണ്ടായിരുന്ന അവര്‍ക്ക് സുഭാഷ് എന്നുപേരുള്ള ഒരു കുഞ്ഞുമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണ വിരുദ്ധ ദൗത്യങ്ങള്‍ക്കായി ഇറങ്ങിയപ്പോള്‍ അവര്‍ അവനെ ആന്‍റിയുടെ അടുത്താക്കിയിരുന്നു. വാസ്തവമാണെന്ന് തോന്നിക്കുന്നതിനായി ശക്തമായി തന്നെ അടിച്ച വ്യാജ ഭര്‍ത്താവ് അടി, ഏതാണ്ട് 74 വര്‍ഷങ്ങള്‍ക്കുശേഷം, ഇപ്പോഴും അവരെ അലോസരപ്പെടുത്തുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ വിട എന്ന സ്ഥലത്തുവച്ച് ഇപ്പോള്‍ 91 വയസ്സുള്ള അവര്‍ ഞങ്ങളോട് കഥകള്‍ പറയുകയാണ്. “എന്‍റെ കണ്ണുകളും കാതുകളും എനിക്കൊരു വെല്ലുവിളിയാകുന്നു [ഈ പ്രായത്തില്‍], പക്ഷെ ഞാന്‍തന്നെ എല്ലാ കാര്യങ്ങളും പറയാം.”
പെട്ടിയില്‍ എനിക്ക് ജാഗ്രതയോടെ കിടക്കേണ്ടിവന്നു. പെട്ടി മുങ്ങുന്നത് അനുവദിക്കാന്‍ പറ്റില്ലായിരുന്നു. കിണറ്റിലെനിക്ക് നീന്താന്‍ പറ്റുമായിരുന്നു, പക്ഷെ ഈ നദി ഒഴുകുന്നതായിരുന്നു. മാണ്ഡവി നദി ചെറുതല്ല
ഹൗസാബായ് പാട്ടീല്‍ രാജ്യത്തിന്‍റെ സ്വാതന്ത്യത്തിനുവേണ്ടി പൊരുതി. മേല്‍പ്പറഞ്ഞ നാടകത്തിലുണ്ടായിരുന്ന അവരും സഹപ്രവര്‍ത്തകരും തൂഫാന്‍ സേന യുടെ (ചുഴലിക്കാറ്റ് അഥവാ ചക്രവാത സൈന്യം) ഭാഗമായിരുന്നു. 1943-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സാത്താരയിലെ പ്രതിസര്‍ക്കാരിന്‍റെ അല്ലെങ്കില്‍ താത്കാലികമായി, ഒളിവില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിന്‍റെ സായുധ വിഭാഗമായിരുന്നു സേന. ആസ്ഥാനകേന്ദ്രം കുണ്ഡല്‍ ആയിരുന്ന പ്രതിസര്‍ക്കാര്‍ അതിന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഏതാണ്ട് 600 (അല്ലെങ്കില്‍ അതിലധികം) ഗ്രാമങ്ങളില്‍ സര്‍ക്കാരായി പ്രവര്‍ത്തിച്ചു. ഹൗസാബായിയുടെ അച്ഛന്‍ ഐതിഹാസികനായിരുന്ന നാനാ പാട്ടീല്‍ ആയിരുന്നു പ്രതിസര്‍ക്കാരിന്‍റെ തലവന്‍.
ബ്രിട്ടീഷ് ട്രയിനുകള്‍ ആക്രമിക്കുകയും പോലീസ് ആയുധപ്പുരകള്‍ കൊള്ളയടിക്കുകയും തപാല്‍ ബംഗ്ലാവുകള്‍ക്ക് തീ വയ്ക്കുകയും ചെയ്ത വിപ്ലവകാരികളുടെ സംഘങ്ങളുടെ ഭാഗമായിരുന്നു 1943 മുതല്‍ 1946 വരെയുള്ള കാലഘട്ടത്തില്‍ ഹൗസാബായ് (ഹൗസാതായ് എന്നായിരുന്നു അവരെ കൂടുതലായും വിളിച്ചിരുന്നത്; ‘തായ്’ എന്നത് മാറാഠിയില്‍ മുതിര്‍ന്ന സ്ത്രീകളെ ബഹുമാനപൂര്‍വ്വം വിളിക്കുന്ന പേരാണ്). (ആ കാലങ്ങളില്‍ ഇവ പോസ്റ്റ് ഓഫീസുകളും ഔദ്യോഗിക യാത്രികര്‍ക്കുള്ള വിശ്രമ കേന്ദ്രങ്ങളും, ചിലപ്പോള്‍ താത്കാലിക കോടതി മുറികള്‍ പോലുമായിരുന്നു). പാതിരാത്രിയില്‍ മാണ്ഡവി നദിക്കു കുറുകെ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു തടിപ്പെട്ടിയില്‍ ഒഴുകിക്കൊണ്ട് 1944-ല്‍, അന്ന് പോര്‍ച്ചുഗീസ് ഭരണത്തിലായിരുന്ന, ഗോവയില്‍ ഒളിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകപോലും ചെയ്തു. പക്ഷെ അവര്‍ ഊന്നിപ്പറഞ്ഞത് “[എന്‍റെ ബന്ധുവായ] ബാപു ലാഡിനൊപ്പം സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ചില ചെറിയ കാര്യങ്ങള്‍മാത്രം ചെയ്തു. ഞാന്‍ വലിയ, മഹത്തായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല” എന്നാണ്.
“എനിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു”, അവര്‍ പറഞ്ഞു. “എന്‍റെ അച്ഛന്‍ നേരതെതന്നെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തില്‍ പ്രചോദിതനായിരുന്നു. മുന്‍കാലങ്ങളില്‍ അദ്ദേഹം ജ്യോതിബ ഫൂലെയുടെ ആശയങ്ങളിലും ആകൃഷ്ടനായിരുന്നു. തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെ ആശയങ്ങളാലും. തലാഠി [വില്ലേജ് അക്കൗണ്ടന്‍റ് ] ജോലി ഉപേക്ഷിച്ച് അദ്ദേഹം സമരത്തില്‍ ചേര്‍ന്നു [മുഴുവന്‍ സമയം]... നമ്മുടേതായ സര്‍ക്കാര്‍ കൊണ്ടുവരികയായിരുന്നു ഉദ്ദേശ്യം. കൂടാതെ ബ്രിട്ടീഷ് സര്‍ക്കാരിന് [ശക്തമായ] ക്ഷതമേല്‍പ്പിക്കുക എന്നതും. അങ്ങനെയെങ്കില്‍ നമുക്ക് അതില്‍നിന്നും സ്വതന്ത്രമാകാന്‍ കഴിയും.”
നാനാ പാട്ടീലിനും അദ്ദേഹത്തിന്‍റെ കൂട്ടാളികള്‍ക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചു. “അവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ഒളിവില്‍ ചെയ്യേണ്ടിവന്നു.” അപ്പോള്‍ ജനങ്ങളെ വിപ്ലവത്തിനു പ്രേരിപ്പിക്കുന്ന ശക്തമായ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ട് നാനാ പാട്ടീല്‍ ഗ്രാമങ്ങള്‍തോറും സഞ്ചരിച്ചു. “[പിന്നീട്] അദ്ദേഹം വീണ്ടും ഒളിവില്‍ പോകുമായിരുന്നു. അദ്ദേഹത്തോടൊപ്പം ഏകദേശം 500 ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ എല്ലാവരുടെയും പേരുകളില്‍ വാറണ്ടുമുണ്ടായിരുന്നു.”
അത്തരം സാഹസങ്ങള്‍ക്ക് വിലകൊടുക്കേണ്ടിവന്നു. നാനാ പാട്ടീലിന്‍റെ പാടവും സ്വത്തുക്കളും ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടി. അദ്ദേഹം ഒളിവിലായിരുന്നപ്പോള്‍ കുടുംബം ഒരുപാട് സഹിക്കേണ്ടിവന്നു.
“സര്‍ക്കാര്‍ പിന്നീട് ഞങ്ങളുടെ വീടിന് മുദ്രവച്ചു. അവര്‍ വന്നപ്പോള്‍ ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു - അടുപ്പത്ത് ഭാക്രിയും (വട്ടത്തിലുള്ള റൊട്ടി) വഴുതനങ്ങയും ഉണ്ടായിരുന്നു. ഒരു മുറി മാത്രമായിരുന്നു ഞങ്ങള്‍ക്കുവേണ്ടി നീക്കിവച്ചത്. എന്‍റെ മുത്തശ്ശിയും ഞാനും ആന്‍റിയും... ഞങ്ങളൊരുപാടുപേര്‍ അവിടെ താമസിച്ചു.”
ബ്രിട്ടീഷുകാര്‍ ഹൗസാബായിയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലത്തില്‍ വില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ വാങ്ങാനായി ആരെയും കണ്ടെത്താന്‍ പറ്റിയില്ല. അവര്‍ ഓര്‍മ്മിക്കുന്നു: “എല്ലാദിവസവും രാവിലെയും വൈകുന്നേരവും അവിടെ ഒരു ദവണ്ഡി - ഗ്രാമത്തില്‍ പൊതു പ്രഖ്യാപനങ്ങള്‍ നടത്താന്‍ നിയോഗിക്കപ്പെട്ട വ്യക്തി – ഉണ്ടാകുമായിരുന്നു. ‘നാനാ പാട്ടീലിന്‍റെ പാടം ലേലത്തിനു വച്ചിരിക്കുന്നു’ എന്ന് അയാള്‍ വിളിച്ചു പറയുമായിരുന്നു. [പക്ഷെ] ആളുകള്‍ പറയുമായിരുന്നു, ‘നമ്മളെന്തിന് നമ്മുടെ നാനായുടെ പാടം എടുക്കണം? അയാള്‍ ഒന്നും മോഷ്ടിച്ചിട്ടുമില്ല, ആരെയും കൊന്നിട്ടുമില്ല’.”
എന്നിരിക്കിലും, “ഞങ്ങള്‍ക്ക് ആ ഭൂമിയില്‍ കൃഷി ചെയ്യാന്‍ പറ്റില്ലായിരുന്നു... [അതുകൊണ്ട്] ജീവിക്കാനായി ഞങ്ങള്‍ക്ക് വേറെ തൊഴില്‍ നോക്കേണ്ടി വന്നു. തൊഴില്‍ എന്നതുകൊണ്ട് ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് നിങ്ങള്‍ക്കു മനസ്സിലായോ? മറ്റുള്ളവര്‍ക്കുവേണ്ടി ഞങ്ങള്‍ പണിയെടുക്കണമായിരുന്നു എന്നാണ് അതിനര്‍ത്ഥം. പക്ഷെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള പ്രത്യാഘാതം മറ്റുള്ളവര്‍ ഭയന്നിരുന്നു. “അതുകൊണ്ട് ഗ്രാമത്തില്‍ ഒരുജോലിയും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.” പിന്നീട് അവരുടെ അമ്മാവന്‍ അവര്‍ക്ക് ഒരുജോഡി കാളകളെയും വണ്ടിയും നല്‍കി. “അങ്ങനെ കാളവണ്ടി വാടകയ്ക്കു നല്‍കി എന്തെങ്കിലുമൊക്കെ ഞങ്ങള്‍ ഒപ്പിച്ചു.”
“ഞങ്ങള്‍ ശര്‍ക്കരയും നിലക്കടലയും മണിച്ചോളവും കൊണ്ടുപോകുമായിരുന്നു. യേഡെ മച്ഛിന്ദ്രയില്‍ നിന്നും [നാനായുടെ ഗ്രാമം] 12 കിലോമീറ്റര്‍ അകലെയുള്ള താകാരി ഗ്രാമത്തിലേക്കു പോയാല്‍ ഞങ്ങള്‍ക്ക് 3 രൂപ കിട്ടുമായിരുന്നു. കരാഡ് വരെയാണ് [20 കിലോമീറ്ററിലധികം അകലെ] പോകുന്നതെങ്കില്‍ 5 രൂപ കിട്ടുമായിരുന്നു. അത്രയുമെ ഉണ്ടായിരുന്നുള്ളൂ [ഞങ്ങള്‍ക്ക് വാടകയില്‍നിന്നും കിട്ടുന്നത്].”
“എന്‍റെ മുത്തശ്ശി പാടങ്ങളില്‍നിന്നും എന്തെങ്കിലുമൊക്കെ കുഴിച്ചെടുക്കുമായിരുന്നു. എന്‍റെ ആന്‍റിയും ഞാനുമാണ് കാളകളെ തീറ്റിയിരുന്നത്. ഞങ്ങളുടെ വണ്ടിയും [ജീവിതവും] അവയെയാണ് ആശ്രയിച്ചിരുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്കവയെ നന്നായി തീറ്റണമായിരുന്നു. ഗ്രാമവാസികള്‍ ഞങ്ങളോട് സംസാരിക്കുമായിരുന്നില്ല. ‘മറ്റെവിടെങ്കിലും പോയി വാങ്ങ്’ എന്നുപറഞ്ഞുകൊണ്ട് പലവ്യഞ്ജനക്കാരന്‍ ഞങ്ങള്‍ക്ക് ഉപ്പ് പോലും തരുമായിരുന്നില്ല. ചിലപ്പോഴൊക്കെ ഞങ്ങള്‍ ചില ആളുകള്‍ക്കുവേണ്ടി, വിളിച്ചില്ലെങ്കില്‍പോലും, ധാന്യങ്ങള്‍ കുത്തിനല്‍കാന്‍ പോകുമായിരുന്നു - രാത്രിയില്‍ എന്തെങ്കിലും കഴിക്കാന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍. ഞങ്ങള്‍ക്ക് ഉമ്പരാച്യ ദോഡ്യ [ഇന്ത്യന്‍ അത്തിയുടെ ഫലം] കിട്ടുമായിരുന്നു. അതുകൊണ്ട് കറിയും ഉണ്ടാക്കുമായിരുന്നു.”
ഒളിവില്‍ ഹൗസാബായിയുടെ പ്രധാന ജോലി വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുകയായിരുന്നു. അവരും മറ്റുള്ളവരും വാംഗിയില്‍ (ഇന്നത്തെ സാത്താര ജില്ലയില്‍) നടന്നതുപോലുള്ള ആക്രമണങ്ങള്‍ക്കുവേണ്ട വിവരങ്ങള്‍ ശേഖരിച്ചു. വാംഗിയില്‍ ഒരു തപാല്‍ ബംഗ്ലാവിന് തീവച്ചിരുന്നു. “കണ്ടുപിടിക്കുക എന്നതായിരുന്നു അവരുടെ ജോലി - എത്ര പോലീസുകാരുണ്ട്, അവര്‍ എപ്പോള്‍ വരും, പോകും എന്നിങ്ങനെയുള്ള വിവരങ്ങള്‍”, അവരുടെ മകനായ സുഭാഷ് പാട്ടീല്‍ പറഞ്ഞു. “ബംഗ്ലാവുകള്‍ക്ക് തീ വയ്ക്കുന്ന പരിപാടി മറ്റുള്ളവരായിരുന്നു ചെയ്തത്.” അത്തരം ധാരാളം എണ്ണം ആ പ്രദേശത്തുണ്ടായിരുന്നു. “അവര്‍ അവയെല്ലാം കത്തിച്ചു.”
ഹൗസാബായിയെപ്പോലെ വേറെ സ്ത്രീകളും ഒളിവിലുണ്ടായിരുന്നോ? ഉണ്ടായിരുന്നു, അവര്‍ പറഞ്ഞു. “ശാലു തായ്, ലീല തായ് പാട്ടീല്‍, ലക്ഷ്മിബായ് നായകവഡി, രാജമതി പാട്ടീല്‍ - [എന്നിവര്‍] ചില സ്ത്രീകളായിരുന്നു.”
ഹൗസാബായിയുടെ സാഹസങ്ങളില്‍ പലതും ‘ശേലാര്‍ മാമ’യുടെയും ഐതികഹാസിക വിപ്ലവകാരിയായ ജി. ഡി. ബാപു ലാഡിന്‍റെയും കമ്പനിയിലായിരുന്നു. ‘ശേലാര്‍ മാമ’ എന്നത് അവരുടെ കൂട്ടാളിയായ കൃഷ്ണ സാലുങ്കിയുടെ ഇരട്ടപ്പേരായിരുന്നു. (17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു മറാത്ത യോദ്ധാവാണ് യഥാര്‍ത്ഥ ശേലാര്‍ മാമ).
പ്രതിസര്‍ക്കാരിന്‍റെയും തൂഫാന്‍ സേനയുടെയും ഉന്നത നേതാക്കളിലൊരാളായിരുന്ന ബാപു ലാഡ് “എന്‍റെ ബന്ധുവായിരുന്നു, എന്‍റെ അമ്മയുടെ സഹോദരിയുടെ മകനായിരുന്നു”, അവര്‍ പറഞ്ഞു. “ബാപു എനിക്ക് എപ്പൊഴും സന്ദേശങ്ങള്‍ അയയ്ക്കുമായിരുന്നു – ‘വീട്ടില്‍ ഇരിക്കരുത്!’ അദ്ദേഹവും ഞാനും സഹോദരനും സഹോദരിയുമായി പ്രവര്‍ത്തിച്ചു. സംശയങ്ങള്‍ ഉയര്‍ത്താനുള്ള അവസരം ആളുകള്‍ പാഴാക്കിയില്ല. പക്ഷെ എന്‍റെ ഭര്‍ത്താവിന് അറിയാമായിരുന്നു ബാപുവും ഞാനും യഥാര്‍ത്ഥ സഹോദരനെയും സഹോദരിയും പോലെയാണെന്ന്. [കൂടാതെ] എന്‍റെ ഭര്‍ത്താവിന്‍റെ പേരില്‍ ഒരു വാറണ്ടും ഉണ്ടായിരുന്നു. ഗോവയ്ക്ക് പോയപ്പോള്‍ ഞാനും ബാപുവും മാത്രമെ ഉണ്ടായിരുന്നുള്ളു.”
ഗോവയില്‍ നിന്നും ആയുധങ്ങള്‍ സാത്താരയിലേക്ക് കടത്തുന്ന സമയത്ത് പോര്‍ച്ചുഗീസ് പോലീസ് അറസ്റ്റ് ചെയ്ത ഒരു കൂട്ടാളിയെ വിട്ടുകിട്ടാനായിരുന്നു ഗോവയിലെ സാഹസം നടത്തിയത്. “ആയുധങ്ങള്‍ കടത്തുന്ന സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ട ബാല്‍ ജോഷി എന്ന പ്രവര്‍ത്തകന്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെ തൂക്കിക്കൊല്ലുമായിരുന്നു. ബാപു പറഞ്ഞു, ‘ജയിലില്‍നിന്നും അദ്ദേഹത്തെ വിട്ടുകിട്ടുന്നതുവരെ നമുക്ക് നമുക്ക് പോരാന്‍ കഴിയില്ല’.”
ഹൗസാബായ് ജയിലില്‍ ജോഷിയെ കണ്ടുമുട്ടി- അദ്ദേഹത്തിന്‍റെ ‘സഹോദരി’യായി നടിച്ചുകൊണ്ട്. രക്ഷപെടാനുള്ള പദ്ധതി “[ചെറിയൊരു] കടലാസില്‍ എഴുതി ഞാന്‍ മുടിക്കെട്ടില്‍ ഒളിപ്പിച്ചു.” എന്നിരിക്കിലും പോലീസിന്‍റെ കൈകളില്‍ എത്തപ്പെടാതിരുന്ന ആയുധങ്ങള്‍കൂടി സേനയ്ക്കുവേണ്ടി അവര്‍ക്ക് എടുക്കണമായിരുന്നു. തിരിച്ചുപോക്ക് അപകടം നിറഞ്ഞതായിരുന്നു.
“പോലീസുകാരെല്ലാം എന്നെ കാണുകയും മനസ്സിലാക്കുകയും ചെയ്തതാണ്.” അതുകൊണ്ടവര്‍ റയില്‍വേക്കു പകരം റോഡ് മാര്‍ഗ്ഗം തിരഞ്ഞെടുത്തു. “പക്ഷെ മാണ്ഡവി നദി – അവിടെ ബോട്ടൊന്നും ഇല്ലായിരുന്നു, ചെറിയൊരു മത്സ്യബന്ധനബോട്ട് പോലും. പിന്നെ ഞങ്ങള്‍ മനസ്സിലാക്കി കുറുകെ നീന്തേണ്ടി വരുമെന്ന്. അല്ലെങ്കില്‍ ഞങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാം. പക്ഷെ എങ്ങനെ അക്കരയ്ക്ക് പോകും? ഒരു മത്സ്യബന്ധന വലയ്ക്കകത്ത് സൂക്ഷിച്ചിരുന്ന വലിയൊരു പെട്ടി [ഞങ്ങള്‍ കണ്ടു].” പെട്ടിക്കുമുകളില്‍ വയര്‍ ചേര്‍ത്ത് കിടന്ന്, കൂടെ നീന്തുന്ന കൂട്ടാളികളുടെ സഹായത്താല്‍, ഹൗസാബായ് നദിക്കു കുറുകെ ഒഴുകിനീങ്ങി.
“പെട്ടിയില്‍ എനിക്ക് ജാഗ്രതയോടെ കിടക്കേണ്ടിവന്നു. പെട്ടി മുങ്ങുന്നത് അനുവദിക്കാന്‍ പറ്റില്ലായിരുന്നു. കിണറ്റിലെനിക്ക് നീന്താന്‍ പറ്റുമായിരുന്നു, പക്ഷെ ഈ നദി ഒഴുകുന്നതായിരുന്നു. മാണ്ഡവി നദി ചെറുതല്ല. നീന്തുകയായിരുന്ന മറ്റുള്ളവരും ഉണ്ടായിരുന്നു [ഞങ്ങളുടെ കൂട്ടത്തില്‍]... ഉണങ്ങിയ തുണികള്‍ അവര്‍ തലയില്‍ ചുറ്റിയിരുന്നു – പിന്നെ ധരിക്കുന്നതിനായി.” അങ്ങനെയവര്‍ നദി കടന്നു.
“[പിന്നെ] ഞങ്ങള്‍ കാട്ടിലൂടെ നടന്നു... രണ്ടു ദിവസം. എങ്ങനെയൊക്കെയൊ ഞങ്ങള്‍ വനത്തിനു പുറത്തുകടന്നു. തിരികെ നാട്ടിലെത്താന്‍ ഞങ്ങള്‍ 15 ദിവസമെടുത്തു.”
ബാപുവിനും ഹൗസാബായിക്കും ആയുധങ്ങള്‍ നേരിട്ട് ശേഖരിക്കാനായില്ല. പക്ഷെ അവ കടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ഒരുപാട് ദിവസങ്ങള്‍ക്കുശേഷം ജോഷി വിജയകരമായി ജയില്‍ചാടി.
കൂടിക്കാഴ്ച അവസാനിക്കുന്ന സമയത്ത് ദീപ്തമായ കണ്ണുകളോടെ ഹൗസാബായ് പാരി സംഘത്തോട് ചോദിച്ചു: “അപ്പോള്‍, നിങ്ങള്‍ എന്നെ കൂട്ടാന്‍ പോവുകയാണോ?”
“പക്ഷെ എങ്ങോട്ടാണ് ഹൗസാബായ്?”
“നിങ്ങളുടെയൊക്കെക്കൂടെ പ്രവര്‍ത്തിക്കുന്നതിനായി”, ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു.
പരിഭാഷ: റെന്നിമോന്‍ കെ. സി.