“ഒരു രൂപപോലും എവിടെനിന്നും വന്നില്ല. ഞങ്ങൾ എന്ത് ഭക്ഷിക്കും? എങ്ങിനെ ജീവിക്കും?”, മുംബൈയിൽ കുടുങ്ങിപ്പോയ 27 വയസ്സായ ഒരു ബിഹാരി തൊഴിലാളി, ഏപ്രിൽ മാസത്തിൽ എന്നോട് ചോദിച്ചു.
ഞാൻ സന്നദ്ധസേവനം ചെയ്യുന്ന ദുരിതാശ്വാസ ഹെൽപ്പ്ലൈനിലേക്ക് അയാൾ ഫോൺ വിളിച്ചപ്പോഴാണ് ആദ്യമായി അയാളോട് സംസാരിച്ചത്. തന്റെ പ്രയാസങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞ അയാൾ, ഒരു സിനിമയ്ക്കുവേണ്ടിയുള്ള അഭിമുഖത്തിന് ഇരുന്നുതരാനും തയ്യാറായി. തന്റെ പേരോ വിശദാംശങ്ങളോ പുറത്ത് വിടരുതെന്ന ഒരേയൊരു നിബന്ധനയിൽ.
മേയിൽ ഞങ്ങൾ സിനിമ ചെയ്യാൻ തയ്യാറെടുക്കുമ്പോൾ, ഏതുവിധേനയും തന്റെ ഗ്രാമത്തിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു അയാൾ. കുടിയേറ്റത്തൊഴിലാളികൾക്കുവേണ്ടി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒന്നും ചെയ്യാത്തതിൽ ക്ഷുഭിതനായിരുന്നു അയാൾ. “തീവണ്ടി കയറാനുള്ള അപേക്ഷകൾ പൂരിപ്പിക്കുകയായിരുന്നു ഞങ്ങൾ. കൈയ്യിലുണ്ടായിരുന്ന പൈസ മുഴുവൻ അതിൽ തീർന്നു” അയാൾ പറഞ്ഞു. വീട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ശരിയാക്കുക എന്നാൽ, സങ്കീർണ്ണവും ഉറപ്പില്ലാത്തതുമായ ഒരു അപേക്ഷ തയ്യാറാക്കുന്ന പ്രക്രിയയായിരുന്നു അയാൾക്ക്. കൈയ്യിലുള്ള തുച്ഛമായ പണം മുഴുവൻ അതിന് ചിലവായി.
തിരഞ്ഞെടുക്കാൻ, സമാന്തരമായ മാർഗ്ഗങ്ങൾ - സ്വകാര്യ ഗതാഗതം – ഒന്നും ഉണ്ടായിരുന്നില്ല. “പണമീടാക്കാതെ വേണമായിരുന്നു സർക്കാർ ആളുകളെ തിരിച്ചയക്കാൻ. ഭക്ഷണവും പണവുമില്ലാത്ത പാവപ്പെട്ട ആളുകൾ എങ്ങിനെയാണ് സ്വകാര്യ ട്രക്കുകൾക്ക് പൈസ കൊടുക്കുക”, ക്ഷോഭത്തോടെ അയാൾ ചോദിച്ചു. അധികം താമസിക്കാതെ, അയാളേയും സുഹൃത്തുക്കളേയും ബിഹാറിലേക്ക് കൊണ്ടുപോകാൻ തയ്യാറായ ഒരു സ്വകാര്യ ടാക്സി കണ്ടെത്തി. മുംബൈയിൽനിന്ന് ബിഹാറിലേക്ക് 2000 കിലോമീറ്ററാണ് ദൂരം.
പക്ഷേ ഓഗസ്റ്റിൽ അയാൾ വീണ്ടും മുംബൈയിലെത്തി. നാട്ടിൽ തൊഴിലൊന്നുമുണ്ടായിരുന്നില്ല. എന്തെങ്കിലും വരുമാനം ആവശ്യവുമായിരുന്നു അയാൾക്ക്.
2020 മേയ് മുതൽ സെപ്റ്റംബർ വരെ പല സമയത്തായി എടുത്ത ഈ അഭിമുഖങ്ങളിൽ, ലോക്ക്ഡൗൺ കാലത്തെ മാസങ്ങൾ നീണ്ട തന്റെ അനിശ്ചിതാവസ്ഥയെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും ഈ തൊഴിലാളി വിവരിക്കുന്നു. സമകാലിക ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഒരു വരുമാനമുണ്ടാക്കുന്നതിന് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് അയാൾ സംസാരിച്ചു. “അതിജീവിക്കാൻ മാത്രം കഴിയുന്ന ഒരു അവസ്ഥയിലാണെങ്കിലും, ജീവിതം ജീവിച്ചുതീർക്കാൻ എനിക്കാവുന്നില്ല“.
താക്കൂർ ഫാമിലി ഫൗണ്ടേഷന്റെ പിന്തുണയോടെ നിർമ്മിച്ചതാണ് ഈ സിനിമ.
പരിഭാഷ: രാജീവ് ചേലനാട്ട്