മൂന്ന് ദശാബ്ദം മുൻപ്, സഞ്ജയ് കാംബ്ലെ എന്ന യുവാവിനെ മുള കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാൻ ആർക്കും താത്പര്യമുണ്ടായിരുന്നില്ല. ഇന്നാകട്ടെ, വേരറ്റുപോകുന്ന ഈ കരവിരുത് ആളുകളിലേക്ക് പകർന്നുനൽകാൻ അദ്ദേഹം ആഗ്രഹിക്കുമ്പോഴും, അത് അഭ്യസിക്കാൻ ആരും മുന്നോട്ട് വരുന്നില്ല. 'കാലത്തിന്റെ പോക്ക് വളരെ വിചിത്രമാണ്," ആ 50 വയസ്സുകാരൻ പറയുന്നു.

തന്റെ ഒരേക്കർ കൃഷിയിടത്തിൽ വളരുന്ന മുളകളുപയോഗിച്ച് കാംബ്ലെ പ്രധാനമായും ഇർലകളാണ് നിർമ്മിക്കുന്നത്; പടിഞ്ഞാറൻ മഹാരാഷ്ട്രയിലുള്ള ഈ പ്രദേശത്തെ നെൽക്കർഷകർ ഉപയോഗിക്കുന്ന ഒരു തരം മഴക്കോട്ടാണ് ഇർല. "ഏതാണ്ട് ഇരുപത് വർഷം മുൻപുവരെ ഞങ്ങളുടെ ഷാഹുവാഡി താലൂക്കയിൽ നല്ല മഴ ലഭിച്ചിരുന്നതിനാൽ, പാടത്ത് പണിയെടുക്കുന്ന കർഷകർ എല്ലാവരും ഇർലകൾ ഉപയോഗിച്ചിരുന്നു," കെർലെ ഗ്രാമവാസിയായ കാംബ്ലെ പറയുന്നു. കാംബ്ലെയും സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോൾ ഇർല ധരിച്ചിരുന്നു. മുളകൊണ്ടുള്ള ഈ മഴക്കോട്ട് കുറഞ്ഞത് ഏഴുവർഷം ഈട് നിൽക്കുമെന്ന് മാത്രമല്ല, "അതിനുശേഷം എന്തെങ്കിലും കേട് സംഭവിച്ചാലും, അത് എളുപ്പത്തിൽ നേരെയാക്കാനാകും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാൽ സ്ഥിതിഗതികൾ മാറിമറിഞ്ഞിരിക്കുന്നു.

കഴിഞ്ഞ 20 വർഷത്തിനിടെ, ജൂലൈക്കും സെപ്റ്റംബറിനുമിടയിൽ കൊൽഹാപൂർ ജില്ലയിൽ ലഭിക്കുന്ന മഴ കുറഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ കാണിക്കുന്നത് - 2003-ൽ ഈ കാലയളവിൽ 1,308 മില്ലിമീറ്റർ മഴ ലഭിച്ചയിടത്ത് 2023-ൽ 973 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.

"മഴയുടെ കുറവ് മൂലം എന്റെ കല നശിച്ചുപോകുന്ന കാലം വരുമെന്ന് ആരറിഞ്ഞു?" ഇർല നിർമ്മാതാവായ സഞ്ജയ് കാംബ്ലെ ചോദിക്കുന്നു.

"ഈ പ്രദേശങ്ങളിൽ പ്രധാനമായും മഴയെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത് എന്നതുകൊണ്ടുതന്നെ ജൂൺമുതൽ സെപ്റ്റംബർവരെയുള്ള മാസങ്ങളിൽ മാത്രമാണ് ഞങ്ങൾ കൃഷിപ്പണികൾ ചെയ്യാറുള്ളത്," കാംബ്ലെ പറയുന്നു. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ മഴ പ്രവചനാതീതമായതോടെ ഗ്രാമീണരിൽ മിക്കരും മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരായിരിക്കുകയാണ്. അവിടത്തെ ഭക്ഷണശാലകളിൽ തൊഴിലാളികളായും സ്വകാര്യ ബസുകളിൽ കണ്ടക്ടർമാരായും കൽ‌പ്പണിക്കാരായും ദിവസവേതന തൊഴിലാളികളായും തെരുവുകച്ചവടക്കാരായുമെല്ലാം അവർ ജോലി ചെയ്യുന്നു;  ഇതിനുപുറമേ,  ഇവിടെനിന്നുള്ളവർ മഹാരാഷ്ട്രയിലുടനീളമുള്ള കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നുമുണ്ട്.

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: മഹാരാഷ്ട്രയിലെ കെർലെ ഗ്രാമത്തിൽ താമസിക്കുന്ന സഞ്ജയ് കാംബ്ലെ, കൃഷിക്കാർ പാടത്തിറങ്ങുമ്പോൾ ഉപയോഗിക്കുന്ന, മുളകൊണ്ടുള്ള മഴക്കോട്ടായ ഇർല നിർമ്മിക്കുന്നതിൽ വിദഗ്ധനാണ്. 'ഉയർന്ന ഗുണമേന്മയുള്ള ഇർല നിർമ്മിക്കാനായി, നല്ലയിനം മുള തിരിച്ചറിയാനും പഠിക്കേണ്ടതുണ്ട്,' തന്റെ കൃഷിയിടത്തിലെ മുള പരിശോധിക്കുന്നതിനിടെ സഞ്ജയ് പറയുന്നു

മഴ കുറഞ്ഞതോടെ, ഈ ഗ്രാമത്തിലെ ശേഷിക്കുന്ന കർഷകർ നെൽകൃഷി ഉപേക്ഷിച്ച് കരിമ്പ് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. "സ്വന്തമായി കുഴൽക്കിണറുള്ള കർഷകർ, കൃഷി ചെയ്യാൻ താരതമ്യേന എളുപ്പമായ കരിമ്പ് വളർത്താൻ തുടങ്ങിയിരിക്കുകയാണ്," കാംബ്ലെ പറയുന്നു. ഏതാണ്ട് ഏഴുവർഷം മുൻപാണ് ഈ മാറ്റം തുടങ്ങിയത്.

ആവശ്യത്തിന് മഴ ലഭിക്കുന്ന മൺസൂൺ മാസങ്ങളിൽ കാംബ്ലെ ഏതാണ്ട് 10 ഇർലകൾ വിൽക്കാറുണ്ടെങ്കിലും 2023-ൽ ഒന്നാകെ അദ്ദേഹത്തിന് മൂന്ന് ഇർലകൾ മാത്രമാണ് കച്ചവടമായത്. "ഈ വർഷം മഴ തീരെ കുറവായിരുന്നു. പിന്നെ ആരാണ് ഇർല വാങ്ങുക?" അംബ, മാഷ്നോളി, തലൗഡെ, ചാന്ദോളി എന്നീ സമീപഗ്രാമങ്ങളിൽനിന്നുള്ളവരാണ് കാംബ്ലെയിൽനിന്ന് ഇർല വാങ്ങിച്ചത്.

കർഷകർ കരിമ്പ് കൃഷിയിലേക്ക് തിരിഞ്ഞതും കാംബ്ലെയ്ക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. "പൊക്കം കുറവായ വിളകൾ വളർത്തുന്ന കൃഷിയിടങ്ങളിൽ മാത്രമേ  ഇർല ധരിക്കാനാകൂ. നല്ല വലിപ്പമുള്ള ഇർല, കരിമ്പിന്റെ തണ്ടുകളിൽ തട്ടുമെന്നതിനാൽ, കരിമ്പ് തോട്ടത്തിൽ ഇർല ധരിച്ച് നടക്കാനാകില്ല," ദളിത് സമുദായത്തിൽനിന്നുള്ള ബുദ്ധമത വിശ്വാസിയായ കാംബ്ലെ വിശദീകരിക്കുന്നു. കർഷകന്റെ ഉയരത്തിനനുസരിച്ചാണ് ഇർലയുടെ വലിപ്പവും നിശ്ചയിക്കുന്നത്. "ഒരു ചെറിയ വീട് പോലെയാണ് ഇർലയുടെ ഘടന," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വില കുറഞ്ഞ പ്ലാസ്റ്റിക്ക് മഴക്കോട്ടുകൾ ഗ്രാമത്തിൽ സുലഭമായി ലഭ്യമായതോടെ ഇർല ഏതാണ്ട് ഉപയോഗശൂന്യമായിരിക്കുകയാണ്. ഇരുപതുവർഷം മുൻപ്, കാംബ്ലെ ഒരു ഇർല 200-300 രൂപയ്ക്കാണ് വിറ്റിരുന്നത്; എന്നാൽ ജീവിതച്ചിലവുകൾ കൂടിയതോടെ, അദ്ദേഹത്തിന് ഒരു ഇർലയുടെ വില 600 രൂപയായി വർധിപ്പിക്കേണ്ടിവന്നു.

*****

കാംബ്ലെയുടെ പിതാവ്, പരേതനായ ചന്ദ്രപ്പ, കൃഷിക്കാരനും ഫാക്ടറി തൊഴിലാളിയുമായിരുന്നു. കാംബ്ലെ ജനിക്കുന്നതിന് മുൻപേ മരണപ്പെട്ട അദ്ദേഹത്തിന്റെ മുത്തച്ഛൻ, പരേതനായ ജോതിബ, ഇർലകൾ നിർമ്മിച്ചിരുന്നു - അക്കാലത്ത് അവരുടെ ഗ്രാമത്തിൽ പ്രബലമായിരുന്ന ഒരു തൊഴിലായിരുന്നു അത്.

30 വർഷംമുമ്പുപോലും ഇർലകൾക്ക് ഏറെ ആവശ്യക്കാർ ഉണ്ടായിരുന്നതിനാലാണ്, തന്റെ വരുമാനം മെച്ചപ്പെടുത്താനായി മുളകൊണ്ടുള്ള കൈപ്പണി അഭ്യസിക്കാമെന്ന് കൃഷിക്കാരനായ കാംബ്ലെ തീരുമാനിച്ചത്. "എനിക്ക് വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല," അദ്ദേഹം പറയുന്നു. "കുടംബം പോറ്റാൻ എനിക്ക് പണം സമ്പാദിക്കണമായിരുന്നു."

PHOTO • Sanket Jain
PHOTO • Sanket Jain

മുള അളക്കാൻ സഞ്ജയ് സ്‌കെയിലോ അളവ് ടേപ്പൊ ഉപയോഗിക്കാറില്ല. പാർലി (ഇടത്) എന്ന ഒരു തരം അരിവാൾകൊണ്ട് അദ്ദേഹം ദ്രുതഗതിയിൽ ഒരു മുള (വലത്) തുല്യപകുതികളാക്കി മുറിക്കുന്നു

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: നല്ല മൂർച്ചയുള്ള ഉപകരണങ്ങളായ പാർലികൾ ഇർല നിർമ്മാതാക്കൾക്ക് പലപ്പോഴും അപകടഭീഷണി സൃഷ്ടിക്കാറുണ്ട്. വലത്: സഞ്ജയ് മുള പകുക്കുന്നു

മുളകൊണ്ടുള്ള കൈപ്പണി പഠിക്കാൻ തീരുമാനിച്ചതിനുപിന്നാലെ, കെർലെയിലെ കാംബ്ലെവാഡി വസാത്തിലുള്ള (പ്രദേശം) പരിചയസമ്പന്നനായ ഒരു ഇർല നിർമ്മാതാവിനെ കാംബ്ലെ സമീപിച്ചു. "എന്നെ പഠിപ്പിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് കേണപേക്ഷിച്ചെങ്കിലും വലിയ തിരക്കിലായിരുന്ന അദ്ദേഹം എന്നെ നോക്കിയതുപോലുമില്ല," കാംബ്ലെ ഓർത്തെടുക്കുന്നു. എന്നാൽ പിൻവാങ്ങാൻ തയ്യാറാകാതെ അദ്ദേഹം നിത്യേന രാവിലെ ആ കൈപ്പണിക്കാരനെ നിരീക്ഷിക്കുകയും ക്രമേണ ആ കരവിരുത് സ്വയം പഠിച്ചെടുക്കുകയും ചെയ്തു.

വട്ടത്തിലുള്ള ചെറിയ ടോപ്‌ലികൾ (കൊട്ടകൾ) നിർമ്മിച്ചാണ് കാംബ്ലെ മുളയിലുള്ള തന്റെ പരീക്ഷണങ്ങൾ തുടങ്ങിയത്; അതിനുവേണ്ടുന്ന അടിസ്ഥാനപാഠങ്ങൾ ഒരാഴ്ചകൊണ്ടുതന്നെ അദ്ദേഹം സ്വായത്തമാക്കിയിരുന്നു. രാവിലെ തുടങ്ങി കൊട്ടയുടെ ഘടന ശരിയാകുന്നതുവരെ അദ്ദേഹം മണലിന്റെ നിറമുള്ള മുളനാരുകൾ നെയ്യുന്നത് തുടരും.

"ഇപ്പോൾ എന്റെ കൃഷിയിടത്തിൽ ഏകദേശം 1,000 മുളകളുണ്ട്," കാംബ്ലെ പറയുന്നു. "മുളകൊണ്ട് പലതരത്തിലുള്ള കരകൗശല വസ്തുക്കൾ മെനയുന്നതിന് പുറമേ ഞാൻ അവ മുന്തിരിത്തോട്ടങ്ങളിലേക്കും വിതരണം ചെയ്യുന്നുണ്ട് [മുന്തിരിവള്ളികൾക്ക് താങ്ങ് കൊടുക്കാൻ മുള ഉപയോഗിക്കുന്നു]." വിപണിയിൽനിന്ന് ചിവ (പ്രാദേശിക മുളയിനം) വാങ്ങാനാണെങ്കിൽ, സഞ്ജയ് മുള ഒന്നിന് 50 രൂപവെച്ച് നൽകേണ്ടതായി വരും.

ഏതാണ്ട് ഒരു വർഷമെടുത്താണ് സഞ്ജയ് ഇർല നിർമ്മിക്കുന്ന കഠിനമായ പ്രവൃത്തി പഠിച്ചെടുത്തത്.

ഇർല നിർമ്മിക്കാൻ അനുയോജ്യമായ മുള കണ്ടുപിടിക്കുക എന്നതാണ് ആദ്യപടി. നല്ല ബലവും ഈടുമുള്ള ചിവ കൊണ്ടുള്ള ഇർലകളാണ് ഗ്രാമീണർക്ക് പ്രിയം. കാംബ്ലെ തന്റെ കൃഷിയിടത്തിലെ മുളകൾ സൂക്ഷമായി പരിശോധിച്ച്, 21 അടി നീളമുള്ള ഒരു മുള തിരഞ്ഞെടുക്കുന്നു. അടുത്ത അഞ്ചുനിമിഷംകൊണ്ട് അദ്ദേഹം ആ മുളയുടെ രണ്ടാമത്തെ നോഡിന് മുകളിൽവെച്ച് മുറിച്ച്, അത് ചുമലിലേറ്റും.

PHOTO • Sanket Jain
PHOTO • Sanket Jain

ഇർല നെയ്യാനായി നേർത്ത മുളനാരുകൾ (ഇടത്) തിരശ്ചീനമായി അടുക്കിവെച്ചിരിക്കുന്നു (വലത്)

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: ഇർലയുടെ ഘടന തീർക്കാനായി മുളനാരുകൾ വളച്ചെടുക്കുന്നത് ഒരുപാട് സമയവും അധ്വാനവും ആവശ്യമുള്ള പ്രവൃത്തിയാണ്. വലത്: ഒരു ചെറിയ പിഴവുപോലും ഈ പ്രക്രിയയുടെ താളം തെറ്റിക്കുമെന്നതിനാൽ ഏറെ ശ്രദ്ധയോടെ വേണം അദ്ദേഹം അത് പൂർത്തിയാക്കാൻ

ഇർല നിർമ്മിക്കാനായി മുറിച്ചെടുത്ത മുളയുമായി കാംബ്ലെ തന്റെ വീട്ടിലേയ്ക്ക് തിരികെ നടക്കുന്നു. ചിറ (വെട്ടുകല്ല്) കൊണ്ട് നിർമ്മിച്ച, ഒരു മുറിയും അടുക്കളയുമുള്ള ആ വീടിന്റെ മുറ്റത്തുള്ള തന്റെ പണിസ്ഥലത്ത് അദ്ദേഹം ആ മുള ഇറക്കിവെക്കുന്നു. ഒരു പാർലി (ഒരു തരം അരിവാൾ) ഉപയോഗിച്ച് മുളയുടെ വ്യത്യസ്ത ആകൃതിയിലുള്ള രണ്ടറ്റങ്ങൾ വെട്ടി സമാനമാക്കുകയാണ് അടുത്ത പടി. അടുത്തതായി അദ്ദേഹം ആ മുളയെ രണ്ടായി പകുക്കുകയും ദ്രുതഗതിയിൽ ഓരോ പകുതിയും തന്റെ പാർലി കൊണ്ട് ലംബമായി പൊളിച്ച് വീണ്ടും രണ്ടു പകുതികളാക്കുകയും ചെയ്യുന്നു.

പിന്നീടദ്ദേഹം പാർലി ഉപയോഗിച്ച്, മുളയുടെ പുറത്തെ പ്രതലത്തിലുള്ള, പച്ചനിറത്തിലുള്ള പാളി നേരിയ നാരുകളാക്കി ഉരിച്ചെടുക്കുന്നു. ഏകദേശം മൂന്ന് മണിക്കൂറെടുത്ത് തയ്യാറാക്കുന്ന ഇത്തരത്തിലുള്ള അനേകം നാരുകൾകൊണ്ടാണ് അദ്ദേഹം പിന്നീട് ഇർല നെയ്യുന്നത്.

"ഇർലയുടെ വലിപ്പം നാരുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും," അദ്ദേഹം വിശദീകരിക്കുന്നു. ഓരോ ഇർല നിർമ്മിക്കാനും 20 അടി വീതം നീളമുള്ള, ഏകദേശം മൂന്ന് മുളകൾ ആവശ്യമാണ്.

മുളനാരുകൾ തയ്യാറാക്കിയശേഷം കാംബ്ലെ അവയിൽ 20 എണ്ണം ആറ് സെന്റിമീറ്റർ അകലത്തിൽ തിരശ്ചീനമായി നിരത്തിവെക്കുന്നു. അതിനുശേഷം കുറച്ച് നാരുകൾ അവയ്ക്ക് മേൽ ലംബമായി അടുക്കിവെക്കുകയും രണ്ടും തമ്മിൽ പിണച്ച് നെയ്തുതുടങ്ങുകയും ചെയ്യുന്നു. ചട്ടായി (പായ) നെയ്യുന്നതിനോട് വളരെയേറെ സാമ്യമുള്ള ഒരു പ്രവൃത്തിയാണിത്.

സ്‌കെയിലോ അളവ് ടേപ്പോ ഒന്നും ഉപയോഗിക്കാതെ, തന്റെ കൈപ്പത്തികൊണ്ട് അളവെടുത്താണ് വിദഗ്ധനായ ഈ കൈപ്പണിക്കാരൻ മുളനാരുകൾ ഉണ്ടാക്കുന്നത്. "ഞാൻ എടുക്കുന്ന അളവുകൾ കൃത്യമായതിനാൽ നാര് ഒട്ടുംതന്നെ പാഴായി പോകാറില്ല," അദ്ദേഹം ഒരു പുഞ്ചിരിയോടെ പറയുന്നു.

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: ഒരു ഇർലയുടെ ഘടനയുടെ ചെറുരൂപം സഞ്ജയ് എടുത്തുകാണിക്കുന്നു. വലത്: ഇർലയുടെ നിർമ്മാണം പൂർത്തിയായശേഷം അത് ഒരു ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടിവയ്ക്കുന്നു. 2023-ൽ ഈ പ്രദേശത്ത് മഴ കുറവായിരുന്നതിനാൽ സഞ്ജയ്‌ക്ക് ഇർലകൾ നിർമ്മിക്കാൻ വളരെ കുറച്ച് ഓർഡറുകൾ മാത്രമാണ് ലഭിച്ചത്

"ഇർലയുടെ ചട്ടക്കൂട് നിർമ്മിച്ചശേഷം, അടുത്ത പടിയായി അതിന്റെ വശങ്ങൾ വളയ്ക്കാൻ ഒരുപാട് ബലം പ്രയോഗിക്കേണ്ടതായുണ്ട്," അദ്ദേഹം തുടരുന്നു. ഇർലയുടെ ഘടന തയ്യാറായിക്കഴിഞ്ഞാൽ, പിന്നെ ഒരു മണിക്കൂർ മുളനാരുകൾ വളയ്ക്കുന്നതിനായാണ് അദ്ദേഹം ചെലവിടുന്നത്; ഓരോ നാരിന്റെയും മുകളിലെ അറ്റം കൂർപ്പിച്ചിരിക്കും. ഒരു ഇർല നിർമ്മിക്കാൻ മൊത്തം എട്ടുമണിക്കൂർ എടുക്കുമെന്ന് അദ്ദേഹം പറയുന്നു.

ഇർലയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ, പിന്നെ അതിനെ വെള്ളം തങ്ങിനിൽക്കാത്ത, വലിയ ഒരു നീല ടാർപോളിൻ ഷീറ്റുകൊണ്ട് പൊതിയും. ഇർലയുടെ കൂർത്ത അറ്റത്തിൽ കോർത്തിടുന്ന ഒരു പ്ലാസ്റ്റിക് കയറുപയോഗിച്ചാണ് അത് ധരിക്കുന്ന ആളുടെ ശരീരത്തിൽ കെട്ടിയിടുന്നത്. ഇത്തരത്തിൽ ഒന്നിലേറെ അറ്റങ്ങളിൽ തീർക്കുന്ന കെട്ടുകൾ ഉപയോഗിച്ച് ഇർല അഴിഞ്ഞുപോകാതെ ഉറപ്പിക്കാനാകും. സമീപത്തുള്ള പട്ടണങ്ങളായ അംബയിൽനിന്നും മൽകാപൂരിൽനിന്നുമാണ് ഷീറ്റ് ഒന്നിന് 50 രൂപ നിരക്കിൽ കാംബ്ലെ ടാർപോളിൻ ഷീറ്റുകൾ വാങ്ങുന്നത്.

*****

ഇർലകൾ ഉണ്ടാക്കുന്നത് കൂടാതെ കാംബ്ലെ തന്റെ നിലത്ത് നെല്ല് കൃഷി ചെയ്യുന്നുമുണ്ട്. അതിൽനിന്ന് ലഭിക്കുന്ന വിളവിൽ ഭൂരിഭാഗവും വീട്ടിലെ ആവശ്യങ്ങൾക്കുതന്നെ ചിലവാകും. കാംബ്ലെയുടെ ഭാര്യ, 40-കളുടെ മധ്യത്തിൽ പ്രായമുള്ള മാലാഭായി സ്വന്തം ഭൂമിയിലും മറ്റുള്ളവരുടെ കൃഷിയിടങ്ങളിലും കള പറിക്കാനും നെല്ലും കരിമ്പും നടാനും കൊയ്ത്തിനുമെല്ലാം പോകാറുണ്ട്.

"ഇർല ഉണ്ടാക്കാൻ വേണ്ടത്ര ഓർഡറുകൾ ലഭിക്കുന്നില്ല എന്നതിനാലും നെൽകൃഷിയിൽനിന്നുള്ള വരുമാനം കൊണ്ടുമാത്രം ജീവിക്കാനാകില്ല എന്നതിനാലുമാണ് ഞാൻ പാടത്ത് പണിക്ക് പോകുന്നത്," അവർ പറയുന്നു. അവരുടെ മൂന്ന് പെണ്മക്കൾ, 20-കൾ കഴിയാറായ കരുണ, കാഞ്ചൻ, ശുഭാംഗി എന്നിവർ വിവാഹിതരും വീട്ടമ്മമാരുമാണ്. അവരുടെ മകനായ സ്വപ്നിൽ മുംബൈയിൽ പഠിക്കുകയാണ്; അവൻ ഒരിക്കൽപ്പോലും ഇർല നെയ്യുന്നത് പഠിക്കാൻ തയ്യാറായിട്ടില്ല. "ഇവിടെ വരുമാനമാർഗം ഒന്നുമില്ലാത്തതിനാൽ അവൻ നഗരത്തിലേക്ക് താമസം മാറുകയായിരുന്നു," സഞ്ജയ് പറയുന്നു.

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: തന്റെ വരുമാനം മെച്ചപ്പെടുത്താനായി സഞ്ജയ്, കാരണ്ട -മത്സ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന മുളങ്കൊട്ട - ഉൾപ്പെടെയുള്ള മറ്റ് മുളയുത്പ്പന്നങ്ങളും കൈകൊണ്ടുണ്ടാക്കാൻ പഠിച്ചെടുത്തിട്ടുണ്ട്. വലത്: ഇടതുവശത്തുള്ളത് ഒരു ഖുരുഡും (കോഴികളെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത്) വലതുവശത്തുള്ളത് ഒരു ടോപ്‌ലിയുമാണ് (ചെറിയ കൊട്ട); സഞ്ജയ് നിർമ്മിച്ചവയാണവ

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: ഇർല നെയ്യുമ്പോൾ അനുപാതം തെറ്റാതിരിക്കാൻ സഞ്ജയ് ശ്രദ്ധിക്കുന്നു. വലത്: കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ ഒരാൾപോലും തന്റെ തൊഴിൽ പഠിക്കാൻ തന്നെ സമീപിച്ചിട്ടില്ലെന്ന് സഞ്ജയ് പറയുന്നു

തന്റെ വരുമാനം മെച്ചപ്പെടുത്താനായി സഞ്ജയ്, ഖുരുഡ് (കോഴികളെ സംരക്ഷിക്കാനുള്ള വേലി), കാരണ്ട (മത്സ്യങ്ങളെ സംരക്ഷിക്കാനുള്ള വേലി) ഉൾപ്പെടെയുള്ള മറ്റു മുളയുത്പന്നങ്ങൾ കൈകൊണ്ട് നിർമ്മിക്കാനുള്ള വൈദഗ്ധ്യം നേടിയെടുത്തിട്ടുണ്ട്. ഓർഡർ ലഭിക്കുന്നതനുസരിച്ച് നിർമ്മിക്കുന്ന ഈ ഉത്പന്നങ്ങൾ ഉപഭോക്താക്കൾ സഞ്ജയുടെ വീട്ടിൽ നേരിട്ടെത്തി കൊണ്ടുപോകുകയാണ് പതിവ്. ഒരു ദശാബ്ദം മുൻപുവരെ അദ്ദേഹം ടോപ്‌ല അഥവാ കങ്കി - പരമ്പരാഗതമായി അരി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ - നിർമ്മിച്ചിരുന്നു. എന്നാൽ പത്രാച്ച ഡബ്ബകൾ (തകരപ്പെട്ടികൾ) സുലഭമായി ലഭ്യമാകാൻ തുടങ്ങിയതോടെ, അതിന് ആവശ്യക്കാർ ഇല്ലാതായി. ഇപ്പോൾ സ്വന്തം വീട്ടാവശ്യങ്ങൾക്കുള്ള ടോപ്‌ലകൾ മാത്രമേ കാംബ്ലെ നിർമ്മിക്കാറുള്ളൂ.

"ആർക്കാണ് ഈ കൈപ്പണി പഠിക്കാൻ താത്പര്യം?" താൻ ഉണ്ടാക്കിയ ഉത്പന്നങ്ങളുടെ ചിത്രങ്ങൾ തന്റെ ഫോണിൽ കാണിച്ചുതരുന്നതിനിടെ കാംബ്ലെ ചോദിച്ചു. "അതിന് ആവശ്യക്കാർ ഇല്ലെന്ന് മാത്രമല്ല അതിൽനിന്ന് വരുമാനവും കുറവാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ, ഈ കരവിരുത് അപ്രത്യക്ഷമാകും."

ഗ്രാമീണ കരകൗശലവിദഗ്ദ്ധരെക്കുറിച്ച് സങ്കേത് ജെയിൻ ചെയ്യുന്ന പരമ്പരയിലെ ഒരു ഭാഗമാണ് ഈ ലേഖനം. മൃണാളിനി മുഖർജി ഫൌണ്ടേഷനാണ് ഇതിനാവശ്യമായ പിന്തുണ നൽകുന്നത്

പരിഭാഷ: പ്രതിഭ ആര്‍. കെ .

Sanket Jain

రిపోర్టర్: సంకేత్ జైన్ మహారాష్ట్రలోని కొల్హాపూర్‌కు చెందిన జర్నలిస్టు. ఆయన 2022 PARI సీనియర్ ఫెలో, 2019 PARI ఫెలో.

Other stories by Sanket Jain
Editor : Shaoni Sarkar

శావుని సర్కార్ కొల్‌కతాకు చెందిన స్వతంత్ర పాత్రికేయురాలు.

Other stories by Shaoni Sarkar
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.