“പശ്ചിമ ബംഗാളിലെ ആളുകൾക്ക് ദുലി ഉണ്ടാക്കാനറിയില്ല.”
നെല്ല് സംഭരിച്ചുവെക്കുന്നതിനുള്ള ആറടിപ്പൊക്കവും നാലടി വീതിയുമുള്ള വലിയ കൊട്ടകൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ ബബൻ മഹാതോ ഗൌരവത്തോടെ പറയുന്നു.
കേട്ടത് ശരിയാണോയെന്ന് നമ്മൾ സംശയിക്കുമ്പോൾ ബിഹാറിൽനിന്നുള്ള ആ കൈവേലക്കാരൻ വീണ്ടും ആവർത്തിക്കുന്നു, ‘ദുലി ഉണ്ടാക്കുന്നത് അത്ര എളുപ്പമല്ല.” അദ്ദേഹം അതിന്റെ ഓരോ ഘട്ടങ്ങൾ വിവരിക്കാൻ തുടങ്ങി. “ഇതിൽ ധാരാളം പണിയുണ്ട് തലങ്ങനെയും വിലങ്ങനെയും മുളനാരുകൾ വെക്കുക, വട്ടത്തിലുള്ള ചട്ടക്കൂടുണ്ടാക്കുക, കുത്തനെ നിൽക്കുന്ന വിധത്തിലാക്കുക, നെയ്ത്ത് മുഴുവനാക്കുക, അവസാനമിനുക്കുപണി നൽകുക, എന്നിങ്ങനെ.
നാല് പതിറ്റാണ്ടായി ഈ ജോലി ചെയ്യുകയാന് 52 വയസ്സുൾല ബബൻ. “കുട്ടിക്കാലം തൊട്ട് എന്നെ അച്ഛനമ്മമാർ ഇതുണ്ടാക്കാൻ പഠിപ്പിച്ചു. അവർ ഈ ജോലി മാത്രമാണ് ചെയ്തിരുന്നത്. എല്ലാ ബീന്ദ് മനുഷ്യരും ദുലി നെയ്യുന്നു. ചെറിയ കുട്ടകളുണ്ടാക്കുകയും (ടൊക്കിർ), മീൻ പിടിക്കുകയും വഞ്ചി തുഴയുകയും ചെയ്യുന്നവരാണ് ഞങ്ങൾ.”
ബിഹാറിൽ, ഏറ്റവും പിന്നാക്കവർഗ്ഗമായി (എക്സ്ട്രീമിലി ബാക്ക്വേഡ് ക്ലാസ് – ഇ.ബി.സി) പട്ടികപ്പെടുത്തപ്പെട്ടവരാണ് ബീന്ദ് സമുദായക്കാർ (2022-2023-ലെ ജാതി സെൻസസ്). ദുലി നെയ്യുന്നവരിൽ ഭൂരിഭാഗവും ബീന്ദ് സമുദായക്കാരാണെങ്കിലും, കാനു, ഹൽവായ് സമുദായക്കാരും (അവരും ഏറ്റവും പിന്നാക്കജാതിക്കാരാണ്) ഈ ജോലി ചെയ്യാറുണ്ടെന്ന് അദ്ദേഹം പറയുന്നു. പതിറ്റാണ്ടുകളായി ബീന്ദ് സമുദായക്കാരുടെ സമീപത്ത് താമസിച്ച് ജീവിച്ചതിലൂടെ അവർ നേടിയെടുത്തതാണത്രെ ഈ കഴിവ്.
“ഞാൻ കൈയ്യിന്റെ കണക്കിലാണ് ഈ ജോലി ചെയ്യുന്നത്. കണ്ണടച്ചാലും, പുറത്ത് ഇരുട്ടാണെങ്കിലും എന്റെ കൈയ്യിന്റെ ‘ബുദ്ധിശക്തി‘കൊണ്ട് ഈ ജോലി ചെയ്യാൻ എനിക്ക് സാധിക്കും,” അദ്ദേഹം അവകാശപ്പെട്ടു
മുളയുടെ വിലങ്ങനെയുള്ള ഒരു പരിച്ഛേദം മുറിക്കാൻ തുടങ്ങിയ അദ്ദേഹം അതിനെ 104 നാരുകളായി, സൂക്ഷിച്ച് മുറിച്ചു. പിന്നീട്, കൃത്യമായ കണക്കുകളോടെ, വട്ടത്തിലുള്ള ചട്ടക്കൂട് അളന്നെടുത്തു. ‘ആളുകളുടെ ആവശ്യത്തിനനുസരിച്ച്, 9-ഉം 10-ഉം അടി വീതിയുണ്ടാവും‘ അവയ്ക്ക്. ‘ഹാഥ്’ എന്നാൽ, നടുവിരലിന്റെ അറ്റം മുതൽ കൈമുട്ടുവരെയുള്ള വലിപ്പമാണ്. ഇന്ത്യയിലെ കൈവേലക്കാരെല്ലാം പൊതുവെ ഉപയോഗിക്കുന്ന ഒരു അളവാണ് അത്. ഏകദേശം 18 ഇഞ്ച് നീളമുണ്ട് അതിന്.
അലിപുർദ്വാർ ജില്ലയിൽവെച്ച് (മുമ്പ് ജൽപയ്ഗുരി) ബാബനോട് സംസാരിക്കുകയായിരുന്നു പാരി. ബിഹാറിലെ ഭഗ്‌വാനി ചാപ്രയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് 600 കിലോമീറ്റർ അകലെ, പശ്ചിമ ബംഗാളിന്റെ വടക്കൻ സമതലത്തിലുള്ള ഈ സ്ഥലത്തേക്ക് എല്ലാ വർഷവും അദ്ദേഹം യാത്ര ചെയ്യുന്നു. ഖാരിഫ് നെൽക്കൃഷി വിളവെടുക്കാൻ തയ്യാറാവുന്ന കാർത്തിക മാസത്തിലാണ് (ഒക്ടോബർ-നവംബർ) അദ്ദേഹം ഇവിടെ എത്തുക. അടുത്ത രണ്ട് മാസക്കാലം, ദുലികൾ നെയ്തും വിറ്റും ഈ സ്ഥലത്ത് താമസിക്കും.
അദ്ദേഹം ഒറ്റയ്ക്കല്ല. പശ്ചിമ ബംഗാളിലെ അലിപുർദ്വാർ, കൂച്ച് ബെഹാർ ജില്ലകളിലെ എല്ലാ ആഴ്ചച്ചന്തകളിലും ഞങ്ങളുടെ ഭഗ്‌വാനി ചാപ്ര ഗ്രാമത്തിലെ ദുലി നെയ്ത്തുകാരുണ്ടാവും,” എന്ന് പുരൺ ഷാ പറയുന്നു. ബിഹാറിൽനിന്ന് കൂച്ച് ബെഹാറിലെ ഖഗ്രാബാരി പട്ടണത്തിലെ ദോഡിയാർ ചന്തയിലേക്ക് വർഷംതോറും വരുന്ന ആളാണ് പുരൺ ഷാ. ഈ ജോലിക്കായി വരുന്നവരെല്ലാവരും അഞ്ചും പത്തും പേരടങ്ങുന്ന സംഘങ്ങളായിട്ടാന് ജോലിയെടുക്കുന്നത്. അവർ ഒരു ചന്ത തിരഞ്ഞെടുത്ത്, അതിനടുത്ത് താത്ക്കാലിക കൂടാരം കെട്ടി, അവിടെയിരുന്ന് ജോലി ചെയ്യും.
13 വയസ്സുള്ളപ്പോഴാണ് ആദ്യമായി ബബൻ പശ്ചിമ ബംഗാളിലെത്തിയത്. തന്റെ ഗുരുവായ രാം പർബേഷ് മഹാത്തോവിന്റെ കൂടെയായിരുന്നു ബാബന്റെ വരവ്. “15 വർഷത്തോളം ഞാൻ എന്റെ ഗുരുവിനെ അദ്ദേഹത്തിന്റെ യാത്രകളിൽ അനുഗമിച്ചു. ഒരു ദുലി ഉണ്ടാക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ അപ്പോഴേ എനിക്ക് കഴിഞ്ഞുള്ളു,” ദുലി നെയ്ത്തുകാരുടെ കുടുംബത്തിൽനിന്നുള്ള ബബൻ പറയുന്നു.
*****
തീകൂട്ടിക്കൊണ്ടാണ് ബബൻ തന്റെ ദിവസം ആരംഭിക്കുന്നത്. താത്ക്കാലിക കൂടാരങ്ങൾക്കകത്തെ തണുപ്പിൽ ഉറങ്ങാൻ സാധിക്കില്ല. അതിനാൽ പുറത്തെ റോഡരുകിലുള്ള തീക്കൂനയ്ക്കരികിലാണ് ഞാനിരിക്കുക. “ദിവസവും രാവിലെ 3 മണിക്ക് ഞാൻ എഴുന്നേൽക്കും. രാത്രി നല്ല തണുപായതിനാൽ, ഞാൻ എഴുന്നേറ്റ്, വെളിയിൽ തീ കത്തിച്ച്, അതിന്റെയടുത്തിരിക്കും. ഒരു മണിക്കൂർ കഴിഞ്ഞാൽ, അയാൾ ജോലി ആരംഭിക്കും. അപ്പോഴും പുറത്ത് ഇരുട്ടായിരിക്കും. എന്നാലും ആ വെളിച്ചം മതി, അയാൾക്ക് ജോലി ചെയ്യാൻ.
ശരിയായ പാകത്തിലുള്ള മുള തിരഞ്ഞെടുക്കുക എന്നത്, കൊട്ടനിർമ്മാണത്തിന്റെ അവിഭാജ്യഘടകമാണ്. “മൂന്ന് വർഷം പഴക്കമുള്ള മുളയാണ് ഇതിനേറ്റവും പറ്റിയത്. കാരണം, അത് വേഗത്തിൽ പൊളിക്കാൻ പറ്റും. ആവശ്യത്തിന് ഘനവുമുണ്ടാവും,” ബബൻ പറയുന്നു.
കൃത്യമായ അളവുപയോഗിച്ച്, കൊട്ടയുടെ വൃത്താകൃതിയിലുള്ള അടിഭാഗത്തിന്റെ ചട്ടക്കൂടുണ്ടാക്കുക ബുദ്ധിമുട്ടുള്ള ജോലിയാണ്. അരിവാളുപോലെയുള്ള ഒരു ഉപകരണമാണ് അതിനായി ഉപയോഗിക്കുന്നത്. അടുത്ത 15 മണിക്കൂറിനിടയിൽ, ഊണ് കഴിക്കാനും ബീഡി വലിക്കാനും മാത്രമേ അയാൾ പണി നിർത്തൂ.
ഒരു സാധാരണ കൊട്ടയ്ക്ക് 5 അടി ഉയരവും 4 അടി വ്യാസവുമുണ്ടാകും. മകന്റെ സഹായത്തോടെ, ദിവസവും രണ്ട് മുളങ്കൊട്ടകൾ ഉണ്ടാക്കി, അലിപുർദ്വാർ ജില്ലയിലെ മഥുര ചന്തയിൽ തിങ്കളാഴ്ചകളിൽ കൊണ്ടുപോയി വിൽക്കും. “ചന്തയിൽ പോകുമ്പോൾ ഞാൻ വിവിധ വലിപ്പത്തിലുള്ള കൊട്ടകൾ കൊണ്ടുപോകും. 10-ഉം 15-ഉം, 20-ഉം, 25-ഉം മന്ന് നെല്ല് നിറയ്ക്കാവുന്ന കൊട്ടകൾ. ആളുകളുടെ ആവശ്യത്തിനനുസരിച്ചുള്ള അളവിലാണ് ബബൻ കൊട്ടകളുണ്ടാക്കുന്നത്. 5 മുതൽ 8 അടി വരെ വിവിധ വലിപ്പത്തിലുള്ള കൊട്ടകളാണ് അയാൾ ഉണ്ടാക്കുന്നത്.
എന്റെ കുട്ടിക്കാലത്ത് അച്ഛനമ്മമാർ ദുലി ഉണ്ടാക്കാൻ എന്നെ പഠിപ്പിച്ചു. അവരും ഈ ജോലി മാത്രമാണ് ചെയ്തിരുന്നത്
“വിളവെടുപ്പ് കാലമായാൽ, ഞങ്ങൾക്ക് ഒരു കൊട്ടയ്ക്ക് 600 മുതൽ 800 രൂപവരെ കിട്ടും. സീസൺ അവസാനിച്ചാൽ, ആവശ്യക്കാർ കുറയും അപ്പോൾ വില കുറച്ചും വിൽക്കും. 60 രൂപ അധികം തന്നാൽ ഞാൻതന്നെ കൊണ്ടുപോയി കൊടുക്കുകയും ചെയ്യും,” അയാൾ പറയുന്നു.
ഒരു കൊട്ടയ്ക്ക് എട്ടുകിലോഗ്രാംവരെ ഭാരമുണ്ടാവും. ബബൻ മൂന്ന് കൊട്ടകൾവരെ (25 കിലോവരെ) തലയിൽ ചുമക്കും. “25 കിലോഗ്രാമൊക്കെ എനിക്ക് ചിലപ്പോൾ തലയിൽ ചുമക്കാൻ പറ്റില്ലേ?” അയാൾ ചോദിക്കുന്നു.
തന്റെ താത്ക്കാലിക കട സ്ഥാപിച്ച ചന്തയിലൂടെ നടക്കുമ്പോൾ ബബൻ, ബിഹാറിലെ തന്റെ ഗ്രാമത്തിൽനിന്നുള്ള ചങ്ങാതിമാരെ നോക്കി പരിചയഭാവത്തിൽ തല കുലുക്കുകയും, തന്റെ സമുദായക്കാരുടെ കടകളേയും അവരെ സഹായിക്കുന്ന നാട്ടിലുള്ള ബംഗാളികളേയും ചൂണ്ടിക്കാണിച്ചുതരികയും ചെയ്തു. “എല്ലാവരും പരിചയക്കാരാണ്,” അയാൾ പറയുന്നു. “കൈയ്യിൽ ഒരു നയാപൈസ ഇല്ലെങ്കിലും, ചോറോ, കറിയോ, റൊട്ടിയോ എന്തുവേണമെങ്കിലും അവർ എനിക്ക് തരും,” അയാൾ തുടരുന്നു.
നാടോടിജീവിതംകൊണ്ട്, തന്റെ ഭോജ്പുരിക്ക് പുറമേ മറ്റ് ഭാഷകളും അദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്. ഹിന്ദി, ബംഗാളി, അസമീസ് ഭാഷകൾ സംസാരിക്കുന്ന അയാൾക്ക് മേച്ചിയ ഭാഷയും മനസ്സിലാക്കും. അലിപുർദുവർ ജില്ലയുടെ സമീപത്തുള്ള ദക്ഷിൺ ചകൊവഖേതിയിൽ (മുമ്പ് ജൽപയ്ഗുരി ജില്ല) താമസിക്കുന്ന മേച്ച് സമുദായക്കാരുടെ ഭാഷയാണത്.
ദിവസം 10 രൂപയ്ക്കുള്ള രണ്ട് കവിൾ മദ്യം വാങ്ങാറുണ്ടെന്ന് അദ്ദേഹം പറയുന്നു. “ദിവസം മുഴുവൻ അദ്ധ്വാനിച്ച് ശരീരം വേദനിക്കും. മദ്യം കുടിച്ചാൽ വേദനയെ മരവിപ്പിക്കും.”
സ്വന്തം നാട്ടുകാരായ ബിഹാറികളെല്ലാവരും ഒരുമിച്ചാണ് താമസമെങ്കിലും ഒറ്റയ്ക്ക് കഴിയാനാണ് ബാബന് താത്പര്യം. “50 രൂപയ്ക്ക് ഭക്ഷണം കഴിക്കേണ്ടിവന്നാൽ, ചുറ്റുമുള്ളവർ ‘ഞങ്ങളുടെ പങ്ക് ഞങ്ങൾക്ക് താ’ എന്ന് പറയും. അതുകൊണ്ടാണ് ഒറ്റയ്ക്ക് കഴിയാനും ഭക്ഷണം കഴിക്കാനും ഞാൻ ഇഷ്ടപ്പെടുന്നത്. ഇങ്ങനെയാവുമ്പോൾ എനിക്കിഷ്ടപ്പെട്ടത് എനിക്ക് മാത്രമായി കഴിക്കാം. എനിക്ക് കിട്ടുന്ന പണം എനിക്ക് സമ്പാദിക്കാം.”
ബിഹാറിൽ ബീന്ദ് സമുദായക്കാർക്ക് ചുരുക്കം ചില ഉപജീവനമാർഗ്ഗങ്ങളേ ഉള്ളൂവെന്ന് അയാൾ പറയുന്നു. അതുകൊണ്ടാണ് അവർക്ക് തലമുറകളായി ഈ വിധത്തിൽ കുടിയേറേണ്ടിവരുന്നത്. ബാബന്റെ മകൻ 30 വയസ്സുള്ള അർജുൻ മഹാതോവും ചെറുപ്പത്തിൽ അച്ഛന്റെ കൂടെ സഞ്ചരിച്ചിരുന്നു. ഇപ്പോൾ അയാൾ മുംബൈയിൽ ഒരു പെയിന്ററായി ജോലി ചെയ്യുന്നു. “ഞങ്ങളുടെ സ്വദേശമായ ബിഹാറിൽ, നല്ലൊരു വരുമാനം കിട്ടുന്ന ജോലിയൊന്നുമില്ല. ആകെയുള്ളത്, മണൽ ഖനനം മാത്രമാണ്. ബിഹാറിലെല്ലാവർക്കും അതുകൊണ്ട് ജീവിക്കാനാവില്ലല്ലോ.”
ഈ വർഷം (2023-ൽ), ബാബന്റെ എട്ടുമക്കളിൽ ഏറ്റവും ഇളയ മകൻ ചന്ദനാണ് കൂടെ വന്നിട്ടുള്ളത്. ചായത്തോട്ടങ്ങളെ കടന്ന്, പശ്ചിമ ബംഗാളിൽനിന്ന് അസമിലേക്ക്, പോകുന്ന ദേശീയ പാത – 17-ന്റെ സമീപത്താണ് അവർ കുടിൽ വെച്ചുകെട്ടിയിരിക്കുന്നത്. മൂന്ന് ഭാഗത്തും ടർപോളിൻ അയച്ചുകെട്ടി, തകരത്തിന്റെ മേൽക്കൂരയും, മണ്ണുകൊണ്ടുള്ള ഒരടുപ്പും, ഒരു കട്ടിലും, കൊട്ടകൾ വെക്കാനുള്ള സ്ഥലവും ചേർന്നതാന് അവരുടെ കുടിൽ.
ഹൈവേയുടെ അരികുകളിലുള്ള തുറസ്സായ പ്രദേശത്താണ് അച്ഛനും മകനും കക്കൂസിൽ പോവുകയും കുളിക്കുകയുമൊക്കെ ചെയ്യുന്നത്. അടുത്തുള്ള ഒരു ഹാൻഡ് പമ്പിൽനിന്ന് വെള്ളവുമെടുക്കും അവർ. “ഈ സാഹചര്യത്തിൽ ജീവിക്കുന്നതിന് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. ഞാൻ എപ്പോഴും എന്റെ ജോലിയുടെ താളത്തിൽ മുഴുകി ജീവിക്കും,” ബബൻ പറയുന്നു. കൊട്ടകൾ വീടിന്റെ പുറത്തിരുന്നാണ് ഉണ്ടാക്കുന്നത്. പാചകവും ഉറക്കവും കുടിലിന്റെ അകത്തും.
നാട്ടിലേക്ക് തിരിച്ചുപോകാനുള്ള സമയമാകുമ്പോൾ വേദന തോന്നുമെന്ന് ആ കൈവേലക്കാരൻ പറയുന്നു. “എന്റെ വീട്ടുടമയായ അമ്മ എനിക്ക് നാട്ടിലേക്ക് കൊണ്ടുപോകാൻ വീട്ടിലെ തോട്ടത്തിൽ വളർത്തിയ കറുവ ഇലയുടെ ഒരു കെട്ട് പൊതിഞ്ഞുതന്നിരുന്നു.”
*****
നെല്ല് സൂക്ഷിക്കാനുള്ള പ്ലാസ്റ്റിക്ക് ചാക്കുകളുടെ വരവും, നെല്ല് ശേഖരണത്തിന്റെ രീതികളിൽ വന്നിട്ടുള്ള മാറ്റവും എല്ലാം ചേർന്ന്, കൊട്ടനെയ്ത്തുകാരുടെ ജീവിതത്തെ മാറ്റിമറിക്കുന്നുണ്ട്. “നാട്ടിൽ, അരിമില്ലുകൾ വന്നതിനാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങളുടെ തൊഴിലിന് ഇടിവ് വന്നിട്ടുണ്ട്. നെല്ല് സൂക്ഷിക്കുന്നതിനുപകരം, കർഷകർ നേരിട്ട് അത് മില്ലുകാർക്ക് കൊടുക്കുകയാണ്. നെല്ല് സൂക്ഷിക്കാൻ ആളുകൾ പ്ലാസ്റ്റിക്ക് ചാക്കുകളും ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞു,” ബിഹാറിൽനിന്നുള്ള ഒരു സംഘം കൊട്ട നെയ്ത്തുകാർ പാരിയോട് പറഞ്ഞു.
ചെറിയ കൊട്ടകൾ (ടൊക്രി) ഉണ്ടാക്കുന്നത് വേണമെങ്കിൽ നല്ലൊരു പരിഹാരമാർഗ്ഗമാണ്. പക്ഷേ നാട്ടുകാർ അത് ആവശ്യത്തിന് ഉണ്ടാക്കുന്നതിനാൽ അവരുമായി സംഘർഷത്തിലേർപ്പെടാൻ ബിഹാറികൾ താത്പര്യപ്പെടുന്നില്ല. ‘സഹോദരാ, നിങ്ങൾ ദയവുചെയ്ത് ചെറിയ കൊട്ടകൾ ഉണ്ടാക്കി ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്. നിങ്ങൾ വലിയ കൊട്ടകൾ ഉണ്ടാക്കിയാൽ മതി’ എന്ന് നാട്ടുകാർ പറഞ്ഞിട്ടുണ്ടെന്ന് ബിഹാറികൾ സൂചിപ്പിക്കുന്നു.
കൂച്ച് ബെഹാർ, അലിപുർദുവാർ ജില്ലകളിലെ ചന്തകളിൽ, പ്ലാസ്റ്റിക്ക് ചാക്കുകൾക്ക് 20 രൂപയാണ് വില. അതേസമയം, ഒരു വലിയ മുളങ്കൊട്ടക്ക് 600 മുതൽ 1,000 രൂപവരെ വിലവരും. ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ 40 കിലോഗ്രാം നെല്ല് കൊള്ളുമെങ്കിൽ, ഒരു സാധാരണ കൊട്ടയിൽ 500 കിലോഗ്രാംവരെ നിറയ്ക്കാനാവും.
കൊട്ടകൾ താത്പര്യപ്പെടുന്ന ഒരു നെൽക്കർഷകനാണ് സുശീലാ റായ്. അലിപുർദുവാറിലെ ദക്ഷിൺ ചാകോയഖേതിയിൽനിന്നുള്ള ആ 50 വയസ്സുകാരൻ പറയുന്നത്, “നെല്ല് പ്ലാസ്റ്റിക്ക് ചാക്കിൽ നിറച്ചാൽ, കറുത്ത പ്രാണികൾ അതിൽ വരും. അതുകൊണ്ട് ഞങ്ങൾ വലിയ മുളങ്കൊട്ടകൾ ഉപയോഗിക്കുന്നു. ഈ വർഷം, സ്വന്തമാവശ്യത്തിന് ഞങ്ങൾ കുറേയധികം നെല്ല് സൂക്ഷിച്ചുവെച്ചിട്ടുണ്ട്” എന്നാണ്.
രാജ്യത്ത് ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ (രാജ്യത്തിന്റെ മൊത്തം നെല്ലുത്പാദനത്തിന്റെ 13 ശതമാനം). 2021-22-ൽ 16.76 ദശലക്ഷം ടൺ നെല്ലാണ് രാജ്യത്ത് ഉത്പാദിപ്പിച്ചതെന്ന്, കൃഷി, കർഷകക്ഷേമ വകുപ്പിന്റെ ഈ റിപ്പോർട്ട് പറയുന്നു.
*****
ഒക്ടോബർ പകുതി മുതൽ ഡിസംബർവരെ ബബൻ പശ്ചിമ ബംഗാളിൽ സമയം ചിലവഴിച്ച് ചെറിയൊരു അവധിക്ക് ബിഹാറിലേക്ക് മടങ്ങും. ഫെബ്രുവരിയിൽ അയാൾ അസമിലെ ചായത്തോട്ടങ്ങളിലേക്ക് യാത്രയാകും. അടുത്ത ആറോ എട്ടോ മാസം ചായയിലകൾ പറിച്ച് അവിടെ കഴിയും. “അസമിൽ ഞാൻ പോകാത്ത സ്ഥലങ്ങളില്ല. ദിബ്രുഗർ, തേജ്പുർ, തിൻസുകിയ, ഗോലഘറ്റ്, ജോർഹത്ത്, ഗുവഹത്തി,”. അയാൾ പറയുന്നു.
അസമിൽ അയാളുണ്ടാക്കുന്ന മുളങ്കൊട്ടയ്ക്ക് ധോക എന്നാണ് പേര്. ദുലിയുമായി തട്ടിച്ചുനോക്കിയാൽ, ധോക്കോ ചെറുതാണ്. മൂന്നടി വലിപ്പം മാത്രം. ചായയിലകൾ നുള്ളിയിടാനാണ് അതുപയോഗിക്കുന്നത്. ഒരു മാസം 400 കൊട്ടകൾവരെ അയാൾ ഉണ്ടാക്കും. താമസസൌകര്യവും മുളയും നൽകുന്ന ചായത്തോട്ടങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് അയാൾ കൊട്ടകൾ നിർമ്മിക്കുക.
“ഞാൻ മുളകൊണ്ട് പണി ചെയ്യും, കളിമണ്ണുകൊണ്ട് ചെയ്തിട്ടുണ്ട്, ചാണകമുപയോഗിച്ചും പണിയെടുത്തിട്ടുണ്ട്. കൃഷി ചെയ്യലും, ഐസ്ക്രീം വിൽക്കലുമൊക്കെ ഞാൻ ചെയ്തുനോക്കിയിട്ടുണ്ട്, ജീവിക്കാനായി,” സകലകലാവല്ലഭനായ ബബൻ താൻ ചെയ്തുശീലിച്ച ജോലികളെക്കുറിച്ച് വാചാലനായി.
അസമിൽ കൊട്ടകൾക്ക് അധികം ആവശ്യക്കാരില്ലെങ്കിൽ അയാൾ രാജസ്ഥാനിലേക്കും ദില്ലിയിലേക്കുമൊക്കെ യാത്രയാകും. തെരുവിൽ ഐസ്ക്രീം വിൽക്കുന്ന ജോലി ചെയ്യാൻ. ഇതേ പണി ചെയ്യുന്ന സ്വന്തം ഗ്രാമക്കാർ അവിടങ്ങളിലുമുണ്ട്. ‘രാജസ്ഥാൻ, ദില്ലി, അസം, ബംഗാൾ - എന്റെ ജീവിതം മുഴുവൻ ഈ സ്ഥലങ്ങളിലായി ചിലവഴിക്കപ്പെടുന്നു,” അയാൾ പറയുന്നു.
കൈവേലക്കാരനായി ദശാബ്ദങ്ങൾ ജോലി ചെയ്തിട്ടും ബബൻ രജിസ്റ്റർ ചെയ്തിട്ടില്ല. മിനിസ്ട്രി ഓഫ് ടെക്സ്റ്റൈൽസിന്റെ കീഴിലുള്ള ഡെവലപ്പ്മ്ന്റ് കമ്മീഷണർ ഓഫ് ഹാൻഡിക്രാഫ്റ്റ്സ് ഓഫീസ് നൽകുന്ന ആർട്ടിസാൻ ഐഡന്റിറ്റി കാർഡും (പെഹ്ചാൻ കാർഡ്) അദ്ദേഹത്തിന് കിട്ടിയിട്ടില്ല. അത് കിട്ടിയാൽ, ഒരു കൈവേലക്കാരന് സർക്കാരിന്റെ വിവിധ പദ്ധതികൾ ഉപയോഗപ്പെടുത്താൻ സാധിക്കും. വായ്പ, പെൻഷൻ, പുരസ്കാരങ്ങൾ എന്നിവയ്ക്ക് അർഹതയും പ്രാപ്യമാകും. തന്റെ തൊഴിൽ ചെയ്യാനും അത് നവീകരിക്കാനുമുള്ള അടിസ്ഥാനസൌകര്യങ്ങളും ലഭിക്കും.
“ഞങ്ങളെപ്പോലെയുള്ള നിരവധി കൈവേലക്കാരുണ്ട്. പാവപ്പെട്ടവരുടെ കാര്യത്തിൽ ആർക്കാണ് ശ്രദ്ധ? എല്ലാവരും സ്വന്തം പോക്കറ്റിന്റെ കാര്യത്തിലാണ് ശ്രദ്ധ”, ബാങ്ക് അക്കൌണ്ടുപോലുമില്ലാത്ത അയാൾ പറയുന്നു. “ഞാൻ എന്റെ എട്ട് കുട്ടികളെ വളർത്തി വലുതാക്കി. ഇനി എനിക്കാവുന്നിടത്തോളം കാലം ജോലി ചെയ്ത് സമ്പാദിക്കുകയും തിന്നുകയും ചെയ്യും. അതിനേക്കാൾ കൂടുതലായി എന്തുവേണം? വേറെ എന്താണ് ഒരാൾക്ക് ചെയ്യാൻ കഴിയുക?”
മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പോടെ ചെയ്ത റിപ്പോർട്ട്
പരിഭാഷ: രാജീവ് ചേലനാട്ട്